23 December Monday

കൈത്താങ്ങാകാൻ 
കെഎഫ്‌സി - ധനമന്ത്രി കെ എൻ ബാലഗോപാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

 

കേരളത്തിന്റെ സ്റ്റാർട്ടപ് മേഖല സമാനതകളില്ലാത്ത മുന്നേറ്റമാണ്‌ നടത്തുന്നതെന്ന്‌ വ്യക്തമാക്കുന്ന ആഗോള സ്റ്റാർട്ടപ് ആവാസവ്യവസ്ഥാ റിപ്പോർട്ട് കേരളീയർക്കാകെ അഭിമാനം നൽകുന്നതാണ്‌. ആഗോളതലത്തിൽ സ്റ്റാർട്ടപ് ആവാസവ്യവസ്ഥയുടെ ശരാശരി മൂല്യവർധന 46 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 254 ശതമാനമാണെന്നാണ്‌ റിപ്പോർട്ട്‌ വിലയിരുത്തുന്നത്‌. അഫോർഡബിൾ ടാലന്റ് ഇൻഡക്‌സിൽ ഏഷ്യയിലെ നാലാംസ്ഥാനവും കേരളത്തിനാണ്‌. സ്റ്റാർട്ടപ് ജീനോം, ഗ്ലോബൽ ഓണ്‍ട്രപ്രണർഷിപ് നെറ്റ്‌വർക്ക് എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടതും  മറ്റൊരു അംഗീകാരമാണ്‌. ലോകമാകെയുള്ള ബിസിനസ് ഇൻക്യുബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യുബിഐ ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിലാണ് സ്റ്റാർട്ടപ് മിഷൻ ഈ നേട്ടം കൈവരിച്ചത്. അയ്യായിരത്തിൽപ്പരം സ്‌റ്റാർട്ടപ്പുകളുടെ തുടക്കത്തിന്‌ കളമൊരുക്കിയ പ്രവർത്തനങ്ങളാണ്‌ അംഗീകരിക്കപ്പെടുന്നത്‌.

രാജ്യത്തെതന്നെ ഏറ്റവും മികച്ച മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടത്‌ കേരളത്തിൽനിന്നുള്ള ജെൻ റോബോട്ടിക്‌സാണ്‌. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലാണ് എഐ ഗെയിം ചേഞ്ചേഴ്സ് വിഭാഗത്തിൽ ജെൻ റോബോട്ടിക്സ് ഈ നേട്ടം കൈവരിച്ചത്‌. മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി ബാൻഡിക്യൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് അത്ഭുതം സൃഷ്ടിച്ച ജെൻ  റോബോട്ടിക്സ് 2018ൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടുകൂടിയാണ് സ്റ്റാർട്ടപ്‌ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളിൽ ഒന്നായി ജെൻ റോബോട്ടിക്സ്. നവീനാശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനുള്ള സ്ഥലവും വർക്‌ഷോപ്പിനുള്ള സ്ഥലവും  നൽകിയത് സർക്കാരാണ്.

യുവജനതയ്‌ക്ക് നാട്ടിൽത്തന്നെ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ കഴിവുകൾ കേരളത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുക എന്നീ നയങ്ങളിൽ ഊന്നിയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനം. അതിന്റെ ഭാഗമായി സ്റ്റാർട്ടപ് മേഖലയുടെ വളർച്ച സാധ്യമാക്കാനായിരുന്നു ശ്രമം.
ഒരു പുതിയ ആശയം വിജയകരമായി പ്രവർത്തനപഥത്തിൽ എത്തിക്കുന്നതിന്‌ നിലവിൽ സംരംഭകർക്ക്‌ വേണ്ടത്‌ മതിയായ സാമ്പത്തിക പിന്തുണയാണ്‌. ബാങ്കുകൾ അടക്കമുള്ള ധനസ്ഥാപനങ്ങളിൽനിന്ന്‌ സാമ്പത്തിക പിന്തുണ ഉറപ്പാക്കുക വളരെ പ്രയാസകരമാണ്‌. ഈട്‌ രഹിത വായ്‌പ നൽകാൻ ബാങ്കുകൾ പലപ്പോഴും തയ്യാറാകുന്നില്ല. ഉയർന്ന പലിശ നിരക്കും.  ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫിനാൻഷ്യൽ കോർപറേഷനോട്‌ (കെഎഫ്‌സി) ഇടപെടാൻ സർക്കാർ നിർദേശിച്ചത്‌. കെഎഫ്‌സി വലിയ ദൗത്യമാണ്‌ ഏറ്റെടുത്തത്‌. സാങ്കേതികവിദ്യാധിഷ്ഠിത ആശയങ്ങളായിരുന്നു നവസംരംഭകരുടെ മൂലധനം. അവർക്ക് എളുപ്പത്തിൽ ധനലഭ്യത ഉറപ്പാക്കുക എന്ന സർക്കാർ നയം കോർപറേഷൻ നടപ്പാക്കി. ഇതിനകം 61 സ്റ്റാർട്ടപ്പുകൾക്ക് കെഎഫ്‌സിയുടെ സാമ്പത്തിക പിന്തുണ എത്തി. 78.52 കോടി രൂപയാണ്‌ വായ്‌പയായി വിതരണം ചെയ്‌തത്‌.


 

കുറഞ്ഞ പലിശ നിരക്കാണ്‌ ഈ വായ്‌പകളുടെ പ്രത്യേകത. ഈടില്ലാതെ പത്തുകോടിരൂപവരെ വായ്‌പയായി സ്‌റ്റാർട്ടപ്പുകൾക്ക്‌ ലഭ്യമാക്കാൻ നിലവിൽ പദ്ധതിയുണ്ട്‌. 5.6 ശതമാനമാണ്‌ പലിശ നിരക്ക്‌. മൂന്നു ശതമാനം പലിശഭാരം സർക്കാർ ഏറ്റെടുക്കുന്നു. ഈ തുക സബ്‌സിഡിയായി നൽകുന്നു. അതിന്‌ ആവശ്യമായ പണം ബജറ്റിൽത്തന്നെ ഉറപ്പാക്കി. സബ്‌സിഡി ഉറപ്പാക്കിയതോടെ വായ്‌പയുടെ പലിശനിരക്ക്‌ സംരംഭകന്‌ താങ്ങാൻ കഴിയുന്നു. അതുമൂലം തിരിച്ചടവിലും പ്രയാസമുണ്ടാകുന്നില്ല.

ഈ വർഷം നൂറ് സ്റ്റാർട്ടപ്പുകൾക്കെങ്കിലും സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ്‌ കോർപറേഷന്റെ ലക്ഷ്യം. ഒപ്പം മറ്റ്‌ ചില മാറ്റങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ടെന്നാണ്‌ സംരംഭകരുമായുള്ള ആശയവിനിമയത്തിൽ മനസ്സിലാക്കാനായത്‌. നിലവിൽ രണ്ടു കോടി രൂപ വായ്‌പാ പരിധി മൂന്നു കോടി രൂപയാക്കണമെന്നും, 10 കോടി വരെ വായ്‌പാ പരിധി നിശ്ചയിച്ചിട്ടുള്ളത്‌ 15 കോടിയാക്കണമെന്നും അഭിപ്രായമുണ്ട്.  അത്‌ ഗൗരവമായി പരിഗണിക്കും. ഒപ്പം, കുറഞ്ഞത്‌ നൂറ്‌ പുതിയ സ്‌റ്റാർട്ടപ് സംരംഭങ്ങൾക്ക്‌ ഈ വർഷം വായ്‌പ ഉറപ്പാക്കാനും കെഎഫ്‌സി തീരുമാനിച്ചിട്ടുണ്ട്‌. കൂടുതൽ സ്‌റ്റാർട്ടപ്പുകൾക്കുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിലുണ്ട്‌. അതിനുതകുന്ന നിലയിലുള്ള നയ പരിപാടി കെഎഫ്‌സിക്കും ആവശ്യമാണ്‌. കമ്പനിയുടെ വായ്‌പാ പോർട്ട്‌ഫോളിയോയിലെ മുഖ്യഘടകങ്ങളിൽ ഒന്നായി സ്‌റ്റാർട്ടപ് വായ്‌പാ ഘടകത്തെ മാറ്റാനുള്ള ശ്രമത്തിലാണ്‌ സർക്കാർ.

കെഎഫ്‌സിയെ പ്രധാന പൊതുമേഖലാ ധനസ്ഥാപനമായി  മെച്ചപ്പെടുത്തിക്കൊണ്ടുതന്നെയാണ്‌ ഇത്തരം ചുമതലകളും ഏൽപ്പിക്കുന്നത്‌. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് ഇതര ധനസ്ഥാപനമായി കെഎഫ്‌സി മാറി.  കമ്പനിയുടെ സാമ്പത്തിക പിന്തുണയോടെ ഒട്ടേറെ സ്ഥാപനങ്ങൾ  മികച്ചനിലയിൽ പ്രവർത്തിക്കുന്നു. ഇവയിൽ 700 മുതൽ -800 കോടി രൂപവരെ വിറ്റുവരവുള്ള വ്യവസായ സ്ഥാപനങ്ങളുമുണ്ടെന്നത്‌ പൊതുവിൽ ശ്രദ്ധിക്കപ്പെടാത്ത കാര്യമാണ്‌. കെഎഫ്സിയെ നിക്ഷേപക സൗഹൃദമാക്കാൻ  സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്‌തു. കടുത്ത സാമ്പത്തിക പ്രയാസം അഭിമുഖീകരിക്കുമ്പോഴും  മൂലധന നിക്ഷേപം 50 കോടിയിൽനിന്ന്‌ 300 കോടി രൂപയിലേക്ക്‌ ഉയർത്തി. സംസ്ഥാന സർക്കാരിന്റെ ഏജൻസി സ്ഥാപനമായി പ്രഖ്യാപിച്ചു. പണവിപണിയിൽ  ഉയർന്ന റേറ്റിങ്ങുള്ള സ്ഥാപനമായി. ധന സമാഹരണ പ്രവർത്തനങ്ങൾക്ക്‌ അത്‌ വലിയ സഹായമായി. വായ്പകളുടെ പലിശനിരക്ക് കുറയ്‌ക്കുക വഴി സംരംഭകർക്കും വലിയ ആശ്വാസം ഉറപ്പാക്കാനായി. പൊതുമേഖലാ ബാങ്കുകളെക്കാൾ കുറഞ്ഞ നിരക്കിലുള്ള സംരംഭക വായ്‌പകൾ നൽകാനാകുന്നു. 50 കോടി രൂപവരെയാണ്‌ സംരംഭക വായ്പ. നിലവിൽ 7368 കോടി വിതരണം ചെയ്‌തു.


 

ജനസാന്ദ്രതയേറിയ സംസ്ഥാനം എന്ന നിലയിലും പരിസ്ഥിതിയുടെയും ഭൂമിശാസ്ത്രത്തിന്റെയും പരിമിതികൾ മൂലവും മോട്ടോർ മേഖല അടക്കമുള്ള വൻകിട വ്യവസായങ്ങൾ വ്യാപകമായി കേരളത്തിൽ ആരംഭിക്കാനാകില്ലെന്നത്‌ യാഥാർഥ്യമാണ്. എന്നാലും പരിമിതികൾക്കുള്ളിൽ  ഉൽപ്പാദന മേഖലയിലടക്കം നിരവധി വ്യവസായങ്ങൾ പുതുതായി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹ്യാന്തരീക്ഷവും സമാധാനവും ഐടി മേഖലയിലെയും മറ്റും നിരവധി കമ്പനികളെ  ആകർഷിക്കുന്നുണ്ട്.  ഗ്രാമങ്ങളെപ്പോലും  പ്രവർത്തന കേന്ദ്രങ്ങളാക്കാൻ ബഹുരാഷ്‌ട്ര കമ്പനികൾ തയ്യാറാകുന്നുണ്ട്‌. അതിന്‌ ഉദാഹരണമാണ്‌ സോഹോ കോർപറേഷൻ അവരുടെ ആർ ആൻഡ്‌ ഡി സെന്റർ കൊട്ടാരക്കരയിൽ ഐഎച്ച്‌ആർഡി ക്യാമ്പസിൽ തുറന്നത്‌. അവിടെ ആദ്യ ബാച്ച്‌ പരിശീലനം പൂർത്തിയാക്കി. രണ്ടാം ബാച്ചിന്റെ പരിശീലനം തുടങ്ങി.  തമിഴ്നാട്ടിലും അമേരിക്ക അടക്കം വിദേശ രാജ്യങ്ങളിലും  പ്രവർത്തിക്കുന്ന സോഹോ കോർപറേഷൻ നാട്ടിൻപുറത്തെ സ്‌കൂൾവിദ്യാർഥികൾ മുതലുള്ളവർക്ക് പരിശീലനത്തിലൂടെ അവസരങ്ങൾ ഉറപ്പാക്കുന്നതിന്‌ ഊന്നൽ നൽകുന്നു.

ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസിന്റെ കേരളത്തിലെ ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങിയത്‌ കൊട്ടാരക്കരയിലെ കുളക്കട പഞ്ചായത്തിലാണ്‌. അമേരിക്കൻ സ്ഥാപനങ്ങളുടെ അക്കൗണ്ടിങ്‌ ജോലികൾ ഏറ്റെടുക്കുന്ന എൻറോൾഡ്‌ ഏജന്റുമാരുടെ ഒരു കേന്ദ്രമാണ്‌ ജിആർ 8 അഫിനിറ്റി ഇവിടെ തുറന്നത്‌. കേരളത്തിലെ അനന്ത സാധ്യതകളിലേക്കാണ്‌ ഇത്തരം സംരംഭങ്ങൾ വിരൽചൂണ്ടുന്നത്‌. നവസംരംഭകരെ പ്രോത്സാഹിപ്പിക്കൽ, വ്യവസായങ്ങളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യൽ, പുതിയ സാങ്കേതികവിദ്യകളുടെ ഗുണഫലം ആദ്യം തന്നെ ഉപയോഗപ്പെടുത്തൽ തുടങ്ങി വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ ദൃഢീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്‌. പുതിയ തലമുറയ്‌ക്ക് അവരുടെ ആശയങ്ങൾ കേരളത്തിൽത്തന്നെ നടപ്പാക്കാനാകും വിധമുള്ള സ്റ്റാർട്ടപ് വ്യവസ്ഥയും ഇതിനൊപ്പം രൂപപ്പെടുത്തി. സ്‌റ്റാർട്ടപ്പുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും വളർച്ചയും വിജ്ഞാന സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ വലിയ പിന്തുണ ഉറപ്പാക്കാൻ ഉതകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top