ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ രാജ്യങ്ങളും പൗരന്മാരുടെ അടിസ്ഥാനാവകാശമായി പ്രഖ്യാപിക്കണമെന്ന് യുഎൻ നിർദേശമുണ്ട്. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം ഇന്റർനെറ്റ് ലഭ്യതയും ഉൾപ്പെടുത്തണം. വികസിതരാജ്യങ്ങളോട് കിടപിടിക്കുംവിധം, സാങ്കേതിക സൗകര്യങ്ങളുടെ ഗുണഫലങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിലേക്കും എത്തിച്ചേരണമെന്ന കേരള സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടിന്റെ ഫലമാണ് കെ -ഫോൺ അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്.
കെ -ഫോൺ നെറ്റ്‌വർക്ക് പൂർണസജ്ജമാണെന്ന് ഇപ്പോൾത്തന്നെ പറയാനാകും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ നെറ്റ്‌വർക്ക് സജ്ജീകരണത്തിൽ ചെറിയ വേഗക്കുറവുണ്ടെങ്കിലും 3153 കിലോ മീറ്റർ പൂർത്തിയാക്കി. ഐഎസ്‌പി ലൈസൻസും കെ -ഫോണിനുണ്ട്. ഒപ്പം ഐപി ഇൻഫ്രാസ്ട്രക്ചർ ലൈസൻസും എൻഎൽഡി ലൈസൻസും കെ -ഫോണിന് സ്വന്തമാണ്. കൊച്ചി ഇൻഫോപാർക്കിൽ സജ്ജമാക്കിയ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററാണ് കെ ഫോണിന്റെ തലച്ചോറെന്ന് വിശേഷിപ്പിക്കാവുന്ന സെന്റർ ഹബ്ബ്. ഇവിടെനിന്ന് 375 കെഎസ്ഇബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങൾ വഴിയാണ് കേരളത്തിലുടനീളം വിവിധ സ്ഥലങ്ങളിലേക്ക് ഇന്റർനെറ്റ് ലഭ്യമാകുന്നത്. നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററിൽനിന്ന് 14 കോർ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് 94 റിങ് അഗ്രിഗേഷൻ നെറ്റ്‌വർക്കുവഴി 186 പ്രീ അഗ്രിഗേഷൻ റിങ് നെറ്റ്‌വർക്കിലേക്കും അവിടെനിന്ന് 81 സ്പർ കേബിൾ കണക്‌ഷൻ കേന്ദ്രങ്ങളിലേക്കും വിന്യസിച്ച നെറ്റ്‌വർക്ക് സിസ്റ്റം വഴിയാണ് കെ ഫോൺ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നത്.
നിലവിൽ 30,438 സർക്കാർ സ്ഥാപനങ്ങളിൽ കണക്ടിവിറ്റി സജ്ജമാക്കി. 23,642 സർക്കാർ ഓഫീസുകളിൽ കെ ഫോൺ കണക്‌ഷൻ ഉപയോഗിക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥാപനങ്ങളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡാർക് ഫൈബർ, ഇന്റർനെറ്റ് ഫൈബർ ടു ദ ഹോം, ഇന്റർനെറ്റ് ലീസ് ലൈൻ എന്നിങ്ങനെയുള്ള മോണിറ്റൈസേഷൻ പ്രവർത്തനങ്ങളും കെ ഫോൺ പ്രോജക്ടിൽ ഉൾപ്പെടുന്നു. ദൈനംദിന പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമുള്ള തുക കണ്ടെത്തുന്നത് ഇവ മുഖേനയാണ്. കൊമേഴ്‌സ്യൽ എഫ്ടിടിഎച്ച് കണക്‌ഷനുകൾ 39,878 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ 5236 സൗജന്യ കണക്‌ഷനും ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ 103 ഇന്റർനെറ്റ് ലീസ് ലൈൻ കണക്‌ഷനും 223 എസ്എംഇ ബ്രോഡ്ബാൻഡ് കണക്‌ഷനും നിലവിലുണ്ട്. 6307 കിലോമീറ്റർ ഡാർക്ക് ഫൈബർ വാണിജ്യ അടിസ്ഥാനത്തിൽ എട്ട് ഉപയോക്താക്കൾക്കായി നൽകി. ആകെ 69,016 സബ്‌സ്‌ക്രൈബേഴ്‌സാണ് കെ -ഫോണിനുള്ളത്. 3558 ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരാണ് കരാറിൽ ഏർപ്പെട്ട് പ്രവർത്തിക്കുന്നത്.
കിഫ്ബിക്ക് നൽകേണ്ട 100 കോടി, കെഎസ്ഇബിക്കുള്ള 15 കോടി, ബാൻഡ് വിഡ്തിനുള്ള ചെലവ് എന്നിങ്ങനെ ചെലവുകൾ ഏറെയുണ്ട്. മൂലധന നിക്ഷേപത്തിൽ മാത്രമൂന്നി മുന്നോട്ടുപോകാൻ സാധിക്കുകയില്ല. മേൽപ്പറഞ്ഞ ചെലവുകളെല്ലാം അഭിമുഖീകരിക്കണമെങ്കിൽ വർഷം ചുരുങ്ങിയത് 225 മുതൽ 250 കോടി രൂപയെങ്കിലും വരുമാനമുണ്ടാകണം. ഇപ്പോൾ പ്രതിമാസം മൂന്നുമുതൽ അഞ്ചു കോടി രൂപവരെയാണ് പരമാവധി വരുമാനം. അതായത്, വർഷം ശരാശരി 60 കോടി രൂപയോളം. കണക്കുകൾ നോക്കുകയാണെങ്കിൽ നമുക്കിനിയും കടമ്പകളുണ്ട്. എന്നാൽ, പ്രവർത്തനഗതി വിലയിരുത്തുമ്പോൾ പരമാവധി ഒരു വർഷത്തിനുള്ളിൽ ഇതും നേടിയെടുക്കാനാകാവുന്നതേയുള്ളൂ.
സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യനിരക്കിൽ ഇന്റർനെറ്റ് കണക്‌ഷനുകൾ സംസ്ഥാന സർക്കാർ കെ -ഫോൺ മുഖേന നൽകിവരുന്നുണ്ട്. ഇതിനുപുറമെ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ട്രൈബൽ മേഖലയിലെ കുടുംബങ്ങൾക്കായി സൗജന്യ ഇന്റർനെറ്റ് നൽകുന്ന കണക്ടിങ് ദ അൺകണക്ടഡ് എന്ന പദ്ധതിയും കെ ഫോണിന്റെ ഭാഗമായി നടപ്പാക്കിവരുന്നു. നിലവിൽ ഈ പദ്ധതി മുഖേന കോട്ടൂരിൽ 103 കുടുംബത്തിലും അട്ടപ്പാടിയിൽ 300 കുടുംബത്തിലും കണക്ടിവിറ്റി നൽകി.
ഫണ്ടിങ്ങിലുണ്ടായ ചെറിയ കാലതാമസം ഒഴിവാക്കിയാൽ കെ ഫോൺ പൂർണാർഥത്തിൽ പ്രവർത്തനപഥത്തിലെത്തിയെന്ന് പറയാനാകും. സംസ്ഥാനത്തുടനീളം 31,000 കിലോമീറ്ററിനു മുകളിൽ നെറ്റ്‌വർക്ക് സജ്ജമാണ്. സംസ്ഥാനത്ത് 25 ലക്ഷം കുടുംബത്തിനു മാത്രമാണ് ഫൈബർ കണക്‌ഷനുള്ളത്. 50 ലക്ഷത്തോളം കുടുംബങ്ങൾ ഇനിയുമുണ്ട്. സാമ്പത്തികമായി തീരെ പിന്നിൽനിൽക്കുന്ന കുടുംബങ്ങളെക്കൂടി ഭാഗമാക്കാനാണ് കെ ഫോൺ ലക്ഷ്യമിടുന്നത്.
കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കെ ഫോൺ ഉറപ്പുനൽകുന്നത്. 99.9 ശതമാനമാണ് ലഭ്യതാനിരക്ക് കണക്കാക്കിയിരിക്കുന്നത്. നെറ്റ്‌വർക്കിൽ തടസ്സം സംഭവിച്ചാൽ പരമാവധി നാലു മണിക്കൂറിനുള്ളിൽ കണക്ടിവിറ്റി റീ സ്റ്റോർ ചെയ്യും. വൻകിട കുത്തക കമ്പനികളേക്കാളും ഒട്ടും പുറകിലല്ല കെ ഫോണിന്റെ സേവനങ്ങൾ. സേവനങ്ങളിൽ തടസ്സങ്ങളുണ്ടാകുന്നത് ഒഴിവാക്കാൻ റിഡന്റൻസി സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. നിയമസഭ, സെക്രട്ടറിയറ്റ്, കലക്ടറേറ്റുകൾ എന്നിങ്ങനെ സംസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങളെല്ലാം കെ ഫോൺ കണക്ടിവിറ്റിയാണ് ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും കണക്ടിവിറ്റി സൗകര്യം ലഭ്യമാക്കാനുള്ള നെറ്റ്‌വർക്ക് ശേഷി കെ ഫോണിനുണ്ട്. അതിനാവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ധ്യമുള്ള ജീവനക്കാർ തുടങ്ങിയവയെല്ലാം കെ ഫോണിൽ പൂർണ സജ്ജമാണ്.
(പ്രിൻസിപ്പൽ സെക്രട്ടറി ആൻഡ് കെ ഫോൺ
മാനേജിങ് ഡയറക്ടറാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..