23 December Monday

സംവരണത്തിലെ പാര്‍ടിനയം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday Oct 30, 2020

മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത്‌ ശതമാനം  സംവരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തിപകരുന്നതാണ്. സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമനങ്ങളിൽ പത്ത്‌ ശതമാനം നിയമനം ഇനി കിട്ടും.  പട്ടികവിഭാഗത്തിലോ പിന്നോക്കവിഭാഗത്തിലോ ഉൾപ്പെടുന്നവർക്കാണ് ഇതുവരെ സംവരണം കിട്ടിയത്. അത് സംരക്ഷിച്ചുകൊണ്ടുതന്നെ മുന്നോക്ക സമുദായത്തിലെയും ക്രിസ്ത്യൻ ഉൾപ്പെടെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗങ്ങളിലെയും ഒരു ജാതിയിലും ഇല്ലാത്തവരിലെയും  സാമ്പത്തികമായി പിന്നോക്കക്കാരായവർക്കാണ് സംവരണം കിട്ടുക.  അതായത്, മുന്നോക്കസമുദായക്കാർക്ക് മാത്രമല്ല, സംവരണേതര വിഭാഗത്തിലെ സാമ്പത്തിക പിന്നോക്കക്കാർക്കും ഉദ്യോഗനിയമനത്തിലും വിദ്യാഭ്യാസസ്ഥാപന പ്രവേശനത്തിലും സംവരണം ലഭിക്കും.

ചിലർ തെറ്റിദ്ധാരണ പരത്തുന്നു
സർക്കാർ നിലപാട് സംവരണവിഭാഗത്തെ ചതിക്കുന്നതാണെന്ന് ഒരുവിഭാഗം ആരോപിക്കുമ്പോൾ, സാമ്പത്തിക സംവരണ ഉത്തരവിൽ വിപുലീകരണം വേണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെടുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്ന സംഘടനകളും കക്ഷികളും വ്യക്തികളുമെല്ലാം ഒരേ മനോഭാവമുള്ളവരല്ല. ഇവരിൽ ഒരു കൂട്ടർ മുറുകെ പിടിക്കുന്നത് എൽഡിഎഫ് വിരുദ്ധതയാണ്. പിന്നോക്ക സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെതിരെ സംവരണ സംരക്ഷണപ്രക്ഷോഭത്തിന് യുഡിഎഫിലെ മുഖ്യകക്ഷിയായ മുസ്ലിംലീഗ് ഇറങ്ങിയിരിക്കുകയാണ്. യുഡിഎഫിലേക്ക് പുതുതായി ചേർത്തിരിക്കുന്ന വെൽഫയർ പാർടിയുടെ സ്രഷ്ടാവായ ജമാ അത്തെ ഇസ്ലാമിയാണ് സംവരണത്തിന്റെ പേരിലെ എൽഡിഎഫ് സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത്. ജാതിമത കലാപത്തിലേക്ക് തള്ളിവിടാനുള്ള ഹീന നീക്കമാണിത്. കോൺഗ്രസ് ഉൾപ്പെടെയുള്ള യുഡിഎഫിലെ ഘടകകക്ഷികൾ ഇതിന് ചൂട്ടുപിടിക്കുകയാണോ മാപ്പുസാക്ഷിയാകുകയാണോ എന്ന് പരസ്യമായി വ്യക്തമാക്കണം. സാമ്പത്തിക സംവരണത്തിനുള്ള സർക്കാർ ഉത്തരവിനെ മുന്നണി എന്ന നിലയിൽ യുഡിഎഫ് തള്ളുമോ കൊള്ളുമോ? അത് വ്യക്തമാക്കാനുള്ള ബാധ്യത ഉണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലെ  യുഡിഎഫ് പ്രകടനപത്രികയിൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുന്നതിന് നിർദേശിച്ചിരുന്നു. മുസ്ലിംലീഗ് അന്ന് അതിനെ അനുകൂലിച്ചു. എന്നാൽ, ഇന്ന് മുന്നണിയിലേക്ക് ജമാഅത്തെ ഇസ്ലാമിയും അവരുടെ കക്ഷിയും പങ്കാളിയായതുകൊണ്ടാകണം പഴയ നിലപാട് തിരസ്കരിക്കുന്നത്. 


 

സാമ്പത്തികസംവരണ വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് ലീഗ് ഉൾപ്പെടെ ചില സംഘടനകളുടെ വാദം. അത് അർഥശൂന്യമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 15ഉം 16ഉം വകുപ്പുകൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സമുദായങ്ങൾക്കും പ്രത്യേക നിയമംവഴി സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നതാണ്. ഇപ്രകാരം പട്ടികജാതി പട്ടികവർഗ സമുദായങ്ങൾക്കും(എസ്‌സി–-എസ്‌ടി) മറ്റ് പിന്നോക്കവിഭാഗങ്ങൾക്കും (ഒബിസി) ഈ സംവരണാനുകൂല്യം ഉണ്ട്. എന്നാൽ, പാർലമെന്റ് 2019 ജനുവരി 14ന് പാസാക്കിയ 103–-ാം ഭരണഘടനാഭേദഗതിയിലൂടെ ആർട്ടിക്കിൾ 15നും 16നും ഭേദഗതി വരുത്തി. ഭേദഗതിവഴി സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അനുമതി ലഭിച്ചു. ഇതുപ്രകാരമാണ് കേരള സർക്കാർ സാമ്പത്തിക സംവരണം പത്ത്‌ ശതമാനം ഏർപ്പെടുത്തി 2020 ഒക്ടോബർ 23ന് ഉത്തരവിറക്കിയത്. അതിനാൽ ഈ നടപടി നിയമവിരുദ്ധമല്ല.

പാർലമെന്റിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിന് അനുകൂലമായി ബിജെപി മാത്രമല്ല, കോൺഗ്രസും യുഡിഎഫിലെ മറ്റ് കക്ഷികളും വോട്ടുചെയ്തു. സിപിഐ എം നിലവിലുള്ള സംവരണം സംരക്ഷിച്ചുകൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത്‌ ശതമാനത്തിൽ കൂടാത്ത സംവരണം നൽകുന്നതിന് മുമ്പുകാലം മുതലേ അനുകൂലിച്ചതാണ്. അതിനാൽ, സ്വാഭാവികമായി ബില്ലിനെ പിന്തുണച്ചു. ഇടതുപക്ഷകക്ഷികളും. എന്നാൽ, പാർലമെന്റ് പാസാക്കിയ ഈ ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ഇറക്കിയ സാമ്പത്തിക സംവരണ ഉത്തരവിൽ പ്രതിഷേധിക്കുന്ന മുസ്ലിംലീഗ് നിർദിഷ്ട ഭരണഘടനാഭേദഗതി ബില്ലിന്റെ ആദ്യവായനയിൽ പാർലമെന്റിൽ എതിർത്തിരുന്നില്ല.

103–-ാം ഭരണഘടനാ ഭേദഗതി പൊടുന്നനെ ഉണ്ടായതല്ല. മണ്ഡൽ കമീഷൻ റിപ്പോർട്ടും  അതേത്തുടർന്നുള്ള പ്രക്ഷോഭവും കഴിഞ്ഞാണ് 1991 മെയ് 15ന് കേന്ദ്രസർക്കാർ, അന്നുവരെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പൊതുനിയമനങ്ങളിൽ പത്ത്‌ ശതമാനം സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ഉത്തരവിറക്കി. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് "ഇന്ദിരാ സാഹ്നി' കേസിൽ 1992ൽ സുപ്രീംകോടതി വിധിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാരുടെ വിഷയം പഠിക്കാൻ 2004ൽ ഒന്നാം യുപിഎ സർക്കാർ എസ് ആർ സിൻഹോ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. സാമ്പത്തിക സംവരണത്തിന്റെ ആവശ്യകത 2010 ജൂലൈയിൽ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ കമീഷൻ ചൂണ്ടിക്കാട്ടി. അതിനുശേഷമാണ് 2019 ജനുവരി 14ന് പാർലമെന്റിൽ ഭരണഘടനാ ഭേദഗതി പാസാക്കി മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും പത്ത്‌ ശതമാനം സംവരണം ഏർപ്പെടുത്താൻ അനുമതി നൽകിയത്.

സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ചുവടുവയ്‌പ്‌
ഭരണഘടനാഭേദഗതി നിലവിൽ വന്നതിനെത്തുടർന്ന് സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ച് കേന്ദ്രസർക്കാർ 2019 ജൂലൈ 17നും ഉത്തരവ് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ കേരള സർക്കാർ ഈ സംസ്ഥാനത്ത് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഒരു കമീഷനെ 2019 മാർച്ചിൽ നിയോഗിച്ചു. റിട്ട. ജഡ്ജി കെ ശശിധരൻനായർ ചെയർമാനും അഡ്വ. രാജഗോപാലൻനായർ അംഗവുമായ കമീഷൻ വിവിധ സംഘടനകളുമായും  മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്ത് മാനദണ്ഡങ്ങൾ ശുപാർശ ചെയ്തു. കുടുംബവരുമാന പരിധി നാല്‌ ലക്ഷം രൂപയാക്കി. കുടുംബത്തിന്റെ മൊത്തം വസ്തു പഞ്ചായത്തിൽ 2.5 ഏക്കറും മുനിസിപ്പാലിറ്റിയിൽ 78 സെന്റും കോർപറേഷനിൽ 50 സെന്റും കവിയരുതെന്നും നിർദേശിച്ചു. ഇത് അംഗീകരിച്ച് 2020 ഫെബ്രുവരി 12ന് സർക്കാർ ഉത്തരവിറക്കി. അതുപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ യൂണിവേഴ്സിറ്റികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകി. നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ കേരള സർവീസ് റൂളും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് റൂളും ഭേദഗതി ചെയ്യാനുള്ള തീരുമാനവും എടുത്തു. ഇതിനെല്ലാം ശേഷമാണ് ഉദ്യോഗനിയമനത്തിലെ സാമ്പത്തിക സംവരണത്തിനുള്ള വിജ്ഞാപനം 2020 ഒക്ടോബർ 23ന് സർക്കാർ പുറപ്പെടുവിച്ചത്.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള തോതിൽ സംവരണം തുടരുമെന്ന നയത്തിൽ എൽഡിഎഫ് ഉറച്ചുനിൽക്കുന്നു

ഇക്കാര്യത്തിൽ അനാവശ്യ ധൃതിയോ ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയ കൗശലമോ അല്ല, സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ചുവടുവയ്പാണ് ഉണ്ടായിരിക്കുന്നത്. 2016ലെ എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്തത്. എൽഡിഎഫ് പ്രകടനപത്രികയിൽ ഇപ്രകാരം പറഞ്ഞു: ‘പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള തോതിൽ സംവരണം തുടരുമെന്ന നയത്തിൽ എൽഡിഎഫ് ഉറച്ചുനിൽക്കുന്നു. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്ത്‌ ശതമാനം സംവരണം ഏർപ്പെടുത്തുകയും വേണം.'' ഇങ്ങനെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പേ എൽഡിഎഫ് ജനങ്ങൾക്കു മുന്നിൽ സമർപ്പിച്ച വാഗ്ദാനമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. അതിനാൽ, ഏതെങ്കിലും വിഭാഗങ്ങളെ പ്രീണിപ്പിക്കാനോ മറ്റേതെങ്കിലും വിഭാഗങ്ങളെ ദ്രോഹിക്കാനോ ഉള്ള നടപടിയല്ല സാമ്പത്തിക സംവരണ ഉത്തരവ്. 

ഉദ്യോഗനിയമനങ്ങളിൽ 50 ശതമാനം സംവരണം നിലവിലുള്ളത് അതേപടി തുടരും. അതിനുപുറത്ത് പത്ത്‌ ശതമാനം സാമ്പത്തിക സംവരണം വരുന്നത് പൊതുവിഭാഗത്തിൽ നിന്നാണ്. അതിനർഥം സംവരണം ലഭിക്കുന്ന ആർക്കും ദോഷം സംഭവിക്കുന്നില്ല എന്നാണ്. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ പ്രവേശനത്തിനും ഉദ്യോഗനിയമനത്തിനും  സംവരണം ലഭിച്ചുവന്ന ഏതെങ്കിലും വിഭാഗത്തിൽ ഒരുതരത്തിലും കുറവ് സംഭവിക്കാൻ പാടില്ലായെന്നതാണ് സർക്കാർ താൽപ്പര്യം. അപാകങ്ങൾ ഏതെങ്കിലും വിഭാഗം നേരിടുന്നുവെങ്കിൽ അത് പരിഹരിക്കാൻ നടപടിയെടുക്കും.

ഏതെങ്കിലും സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെ സുപ്രീംകോടതി വിലക്കിയിട്ടില്ല. അതിനാൽ, കേരള സർക്കാർ നടപടി തികച്ചും നിയമവിധേയമാണ്

സാമ്പത്തിക സംവരണം ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന അഭിപ്രായം മുസ്ലിംലീഗും മറ്റും ഉന്നയിക്കുന്നു. ഈ വാദം നിലനിൽക്കുന്നതല്ല. ഭരണഘടനാ ഭേദഗതി വന്നതിനെത്തുടർന്ന് നിരവധി സംസ്ഥാനങ്ങൾ പ്രത്യേകമായി മാനദണ്ഡങ്ങൾ നിശ്ചയിച്ച് സാമ്പത്തിക സംവരണം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചു. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാന തുടങ്ങിയവ ഇക്കൂട്ടത്തിൽ വരും. ഭരണഘടനാ ഭേദഗതി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ 28 റിട്ട് ഹർജി ഫയൽചെയ്യപ്പെട്ടു. അതിൽ എസ്ഡിപിഐ, പീപ്പിൾസ് പാർടി ഓഫ് ഇന്ത്യ ഡെമോക്രാറ്റിക്, ദേശീയ മക്കൾ കക്ഷി എന്നീ സംഘടനകൾ ഉണ്ട്. ഇപ്പോൾ സാമ്പത്തിക സംവരണത്തിനെതിരെ ‘ജിഹാദ്' മുഴക്കുന്ന മുസ്ലിംലീഗ് കേസ് ഫയൽ ചെയ്തിട്ടുമില്ല. റിട്ട് ഹർജികൾ വിശാല ഭരണഘടനാ ബെഞ്ചിൽ വാദം കേൾക്കുന്നതിന് നിശ്ചയിച്ച് സുപ്രീംകോടതി 2020 ഒക്ടോബർ അഞ്ചിന് ഉത്തരവായിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെ സുപ്രീംകോടതി വിലക്കിയിട്ടില്ല. അതിനാൽ, കേരള സർക്കാർ നടപടി തികച്ചും നിയമവിധേയമാണ്.

സംവരണം വോട്ടു തട്ടാനുള്ള ഉപായമാക്കിയിരിക്കുന്നു എൽഡിഎഫ് സർക്കാർ എന്ന ദോഷൈകവീക്ഷണം ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. അത് ദുരുപദിഷ്ടവും ചരിത്രനിഷേധവുമാണ്. സംവരണത്തെ വോട്ടു കായ്ക്കുന്ന മരമായി കണ്ട് ഭരണനടപടികൾ സ്വീകരിച്ച് നാട്ടിൽ കലാപം കുത്തിയിളക്കിയതും കൈപൊള്ളിയതും യുഡിഎഫിനാണ്. സംവരണം സജീവ ചർച്ചാവിഷയമാകുമ്പോൾ 25 വർഷംമുമ്പ് കേരള നിയമസഭ പാസാക്കിയ സംവരണ സംരക്ഷണ ബില്ലിന്റെ ഗതിയും ആ ബിൽ കൊണ്ടുവന്ന കോൺഗ്രസ്, ലീഗ് നേതൃമുന്നണിയെ ജനങ്ങൾ ശിക്ഷിച്ചതും മറക്കേണ്ട. ‘സംവരണ സംരക്ഷണ ബിൽ' എ കെ ആന്റണി നിയമസഭയിൽ പാസാക്കിയത് 1995 ആഗസ്ത്‌ 31ന് ആണ്. സർക്കാർ നിയമനങ്ങളിൽ സംവരണം നൽകുമ്പോൾ പിന്നോക്കക്കാരിലെ മേൽത്തട്ടുകാരെ ഒഴിവാക്കണമെന്ന മണ്ഡൽ കമീഷൻ കേസിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള സൂത്രവിദ്യയായിരുന്നു ബിൽ. തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ടുതട്ടാനുള്ള തന്ത്രമായിരുന്നു അത്. എന്നാൽ, സുപ്രീംകോടതിയുടെ ശക്തമായ പ്രഹരവും പ്രാദേശിക ഭരണതെരഞ്ഞെടുപ്പിലെ തോൽവിയും ഏറ്റുവാങ്ങുകയായിരുന്നു യുഡിഎഫ്. അതോടെ ‘സംവരണ സംരക്ഷണ ബിൽ’ തള്ളപ്പെട്ടു.

മറ്റ് പാർടികളിൽനിന്ന്‌ വ്യത്യസ്തമായി സംവരണപ്രശ്നത്തെ വർഗസമരത്തിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റ് പാർടി കാണുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും മുതലാളിത്ത സാമൂഹ്യവ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. സംവരണം കൊണ്ടുമാത്രം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകില്ല. പരമ്പരാഗതമായി സാമൂഹ്യ പിന്നോക്കാവസ്ഥയിലായിട്ടുള്ള വിഭാഗങ്ങളെ മുന്നണിയിലേക്ക് കൊണ്ടുവരാൻ സംവരണം ആവശ്യമാണ്. പിന്നോക്കദളിത് വിഭാഗങ്ങളെ ഉൾപ്പെടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഭൂപരിഷ്കരണം പ്രധാനമാണെന്നും പാർടി കണ്ടെത്തി. 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ അത് നടപ്പാക്കിയത് ഇതുകൂടി മനസ്സിലാക്കിയാണ്. പിന്നോക്കവിഭാഗക്കാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് പാർടി കണ്ടു. അതിനാൽ, മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെ പിന്നോക്കവിഭാഗത്തോടൊപ്പം അണിനിരത്തുന്നത് അനിവാര്യമാണെന്നും വിലയിരുത്തി. അതുപ്രകാരം സംവരണ കാര്യത്തിൽ മൂന്ന് അടിസ്ഥാന നിലപാട് പാർടി സ്വീകരിച്ചു.

1) പട്ടികജാതി പട്ടിക വർഗക്കാർക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരുക.

2) പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കുള്ള സംവരണത്തിൽ പ്രഥമ പരിഗണന ആ വിഭാഗത്തിലെ പാവപ്പെട്ടവർക്ക് നൽകണം. അർഹരായ പാവപ്പെട്ടവരില്ലെങ്കിൽ ആ വിഭാഗത്തിലെ തന്നെ സമ്പന്ന വിഭാഗത്തെ പരിഗണിക്കണം. ഇത് അതത് സമുദായത്തിന് ലഭിച്ചുവരുന്ന സംവരണം നിലനിർത്തുന്നതിനു വേണ്ടിയാണ്.

3) മുന്നോക്കക്കാരിലെ പിന്നോക്കവിഭാഗങ്ങൾക്ക് 10 ശതമാനത്തിൽ കവിയാത്ത സംവരണം നൽകണം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം.

ഈ നയത്തിന് അനുസൃതമായ നിലപാടുകളാണ് സിപിഐ എം ദേശീയമായും എൽഡിഎഫ് സർക്കാർ ഇവിടെയും സ്വീകരിച്ചിട്ടുള്ളത്. നെട്ടൂർ കമീഷൻ, നരേന്ദ്രൻ കമീഷൻ തുടങ്ങിയവയുടെ റിപ്പോർട്ടുകളിൽ സംവരണത്തെ സംബന്ധിച്ച് ഇത്തരം സുതാര്യമായ നയം സിപിഐ എം സ്വീകരിച്ചു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത്‌ ശതമാനം സംവരണം നൽകണമെന്നും അതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നും 1990 നവംബർ നാലിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. സംവരണം സംബന്ധിച്ച് ഞങ്ങൾ പൊടുന്നനെ എന്തോ പുതിയ നയം രൂപപ്പെടുത്തിയിരിക്കുന്നു എന്ന പ്രചാരണത്തിന്റെ അർഥശൂന്യത ഓർമപ്പെടുത്താനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സംവരണനയത്തിൽ കേരളം മാതൃക
നയപരമായ ഉൾക്കാഴ്ച എൽഡിഎഫിന് ഉള്ളതുകൊണ്ടാണ്, കേന്ദ്രസർക്കാരിന്റെ ഭരണഘടനാ ഭേദഗതി വരുന്നതിനു മുമ്പുതന്നെ 2017ൽ ദേവസ്വംബോർഡുകളിൽ പുതിയ സംവരണനയം പിണറായി വിജയൻ സർക്കാർ നടപ്പാക്കിയത്. പട്ടികജാതി, വർഗ, പിന്നോക്കാദി സമുദായങ്ങൾക്ക് സംവരണം ഏർപ്പെടുത്തുകയും ഒപ്പം മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് പത്ത്‌ ശതമാനം സംവരണം നൽകുകയും ചെയ്തു. പട്ടികജാതി–-വർഗ പിന്നോക്കാദി ജനവിഭാഗങ്ങൾക്ക് ദേവസ്വം നിയമനങ്ങളിൽ സംവരണം നിലവിൽ വന്ന ആദ്യസംസ്ഥാനമായി കേരളം. ഇതിനൊപ്പം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത്‌ ശതമാനം സംവരണം നടപ്പാക്കുന്നതിലും നമ്മുടെ സംസ്ഥാനം മാതൃകയായി. കൂടുതൽ സ്ഥാപനങ്ങളെ പിഎസ്‌സി നിയമനത്തിന്റെ പരിധിയിൽ കൊണ്ടുവന്നതിലൂടെ എൽഡിഎഫ് സർക്കാർ സംവരണനിയമനങ്ങളുടെ അവസരം വർധിപ്പിച്ചു. സാമ്പത്തിക സംവരണത്തിനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം എല്ലാവിഭാഗത്തിലെയും പാവപ്പെട്ടവരുടെ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനാണ്. ദുരിതം അനുഭവിക്കുന്ന ജനങ്ങളെയാകെ യോജിപ്പിക്കുന്നതിനുപകരം അവർക്കിടയിൽ സംഘർഷമുണ്ടാക്കി എൽഡിഎഫ് വിരുദ്ധത വളർത്താനുള്ള വർഗീയശക്തികളുടെയും നിക്ഷിപ്ത രാഷ്ട്രീയമുന്നണികളുടെയും നീക്കങ്ങളെയും പ്രക്ഷോഭങ്ങളെയും നാട് തള്ളിക്കളയും.

കോൺഗ്രസ്‌‐ ബിജെപി നയങ്ങൾ
സംവരണത്തിൽ എൽഡിഎഫിനും വിശിഷ്യാ സിപിഐ എമ്മിനും വ്യക്തവും പ്രഖ്യാപിതവുമായ നയമുണ്ട്. അത് വോട്ടുകിട്ടുമോ നഷ്ടപ്പെടുമോ എന്ന് നോക്കിയുള്ള ചെപ്പടിവിദ്യയല്ല. നിലവിലുള്ള സംവരണത്തെ സംരക്ഷിച്ച്, അവശത അനുഭവിക്കുന്ന കൂടുതൽ ജനവിഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ചരിത്രപരമായ കാരണങ്ങളാൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവരണം രാജ്യത്ത് നടപ്പാക്കിയത്. ഇന്ത്യയിലെ സാമൂഹ്യയാഥാർഥ്യം ഉൾക്കൊണ്ട നടപടിയാണ് അത്. എന്നാൽ, ഈ സംവരണത്തെ അട്ടിമറിക്കുക എന്ന നിലപാടാണ് ആർഎസ്എസിനുള്ളത്. അതുകൊണ്ടാണ് ജാതിസംവരണം പുനഃപരിശോധിക്കണമെന്ന ആവശ്യം ആർഎസ്എസും സർ സംഘചാലക് മോഹൻ ഭാഗവതും ആവർത്തിക്കാറുള്ളത്. രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ സംവരണം അട്ടിമറിക്കാനുള്ള നടപടികളാണ് ആർഎസ്എസ് സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം. മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി പി സിങ് സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരെ ആത്മാഹൂതി ഉൾപ്പെടെയുള്ള സമരരൂപങ്ങൾ രാജ്യത്താകമാനം സംഘടിപ്പിച്ചതിൽ സംഘപരിവാർ സംഘടനകളുടെ പങ്ക് വ്യക്തം.

പിന്നോക്കവിഭാഗത്തിന് കേന്ദ്രസർവീസിൽ സംവരണം ഏർപ്പെടുത്താൻവേണ്ടി മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി പി സിങ് സർക്കാർ ശ്രമിച്ചു. അപ്പോഴാണ് ബാബ്റി മസ്ദിജ് പ്രശ്നം കുത്തിപ്പൊക്കി വർഗീയധ്രുവീകരണം ഉണ്ടാക്കി ആ സാമൂഹ്യമുന്നേറ്റത്തിന് വിലങ്ങുതടി തീർത്തത്. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരുകളാകട്ടെ, സംവരണത്തെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടി സ്വീകരിച്ചിട്ടുമില്ല. പിന്നോക്ക ജനവിഭാഗങ്ങളുടെ അവസ്ഥ പഠിക്കാനുള്ള ഫലപ്രദമായ പഠനം നടന്നതുപോലും കോൺഗ്രസ് ഇതര സർക്കാർ രാജ്യം ഭരിച്ചപ്പോഴാണ്. അന്ന് ഏർപ്പെടുത്തിയ മണ്ഡൽ കമീഷന്റെ റിപ്പോർട്ട് ലഭിച്ചപ്പോൾ ഇന്ദിരഗാന്ധി സർക്കാർ നടപടിയെടുത്തതുമില്ല. കോൺഗ്രസ് അവഗണിച്ച ആ റിപ്പോർട്ടാണ് വി പി സിങ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത്. പിന്നോക്കക്കാർക്ക് സംവരണം അഖിലേന്ത്യാ തലത്തിൽ കൊണ്ടുവരാൻ നടപടി സ്വീകരിച്ച വി പി സിങ് സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും യോജിച്ചു. യോജിച്ച് പിന്തുണച്ച അവിശ്വാസപ്രമേയത്തെ തുടർന്നാണ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ യത്നിച്ച സർക്കാർ അട്ടിമറിക്കപ്പെട്ടത്. ഈ ചരിത്രം നിലനിൽക്കെ യുഡിഎഫിലെ കക്ഷികളുടെ നേതൃത്വത്തിൽ നടക്കുന്ന പിന്നോക്ക സംവരണ സംരക്ഷണ സമരപ്രഖ്യാപനം ജനങ്ങളുടെ ഓർമശക്തിയെ പരീക്ഷിക്കലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top