22 November Friday

വഴികാട്ടുന്ന 
നക്ഷത്രദീപ്‌തി - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

 

സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷിക ദിനമാണ് ഇന്ന്‌. പാർടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാവുന്നതല്ല. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം പാർടിക്കും യുവജന പ്രസ്ഥാനത്തിനും വർഗ– -ബഹുജന സംഘടനകൾക്കും ഊർജസ്വലമായ നേതൃത്വം നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹം അനുപമമായ മാതൃക കാട്ടി. ഏതു പ്രതിസന്ധി ഘട്ടവും മുറിച്ചുകടന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കോടിയേരി സ്നേഹനിർഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവർന്നു. കേരളം മുഴുവൻ പ്രവർത്തനമണ്ഡലമാക്കിയ സഖാവ് മറ്റ് സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും അവിടങ്ങളിലെ ജനങ്ങളുടെ ജീവിതവും വ്യക്തമായി മനസ്സിലാക്കി. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ അതീവ ശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. വർഗ–- ബഹുജന സംഘടനകളുടെ പ്രവർത്തനത്തിന്‌ കൃത്യമായ ദിശാബോധം പകരുന്നതിലും പ്രക്ഷോഭ സമരപാതകളിൽ അവരെ അണിനിരത്തുന്നതിലും ശ്രദ്ധിച്ചു.

നല്ലൊരു പാർലമെന്റേറിയൻകൂടിയായിരുന്ന കോടിയേരി നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലും ശോഭിച്ചു. കൈകാര്യം ചെയ്ത വകുപ്പുകൾക്ക് നൂതനമായ ആശയങ്ങളിലൂടെ മിഴിവേകാനും  കഴിഞ്ഞു. നിരവധിയായ ജയിൽ പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പാക്കി. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് എന്നിവയെല്ലാം ആഭ്യന്തരമന്ത്രിയായിരിക്കെ രൂപംകൊണ്ടതാണ്. കേരളത്തിന്റെ ഭാവി വികസനം മുന്നിൽക്കണ്ട് എൽഡിഎഫ് ആവിഷ്കരിച്ച വികസന പദ്ധതികളിലെല്ലാം കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വികസന വിഷയങ്ങളും നാടിന്റെ ആവശ്യങ്ങളും വ്യക്തമായി പഠിച്ച് നിയമസഭയിൽ ശക്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. നർമത്തിന്റെ അകമ്പടിയോടെ കുറിക്കുകൊള്ളുന്ന വാക്കുകളുമായി നിയമസഭയിൽ ശോഭിച്ചു. എതിർ പാർടികളിൽപ്പെട്ടവരുടെപോലും സ്നേഹവും ആദരവും ഏറ്റുവാങ്ങി. തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ചെറുചിരിയോടെ സ്വീകരിച്ച്‌ അവരുടെ വാക്കുകൾ സശ്രദ്ധം കേട്ട് പരിഹാരമാർഗം നിർദേശിക്കുമായിരുന്നു.

പാർടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ പദവിയും സഖാവ് വഹിച്ചിരുന്നു. കാലത്തിനനുസരിച്ച് ദേശാഭിമാനിയെ നവീകരിക്കുന്നതിലും പത്രത്തിന്റെ കെട്ടിലും മട്ടിലുമെല്ലാം പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിലും അതീവ ശ്രദ്ധ പുലർത്തി. പ്രസ്ഥാനത്തിന്റെ നാവായി പ്രവർത്തിക്കുന്നതിനൊപ്പം ദേശാഭിമാനിയെ പൊതുപത്രമാക്കി വളർത്തുന്നതിലും മികച്ച സംഭാവനകൾ നൽകി. ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും ശ്രദ്ധവച്ചു. കൂടുതൽ ജനങ്ങളിലേക്ക് ദേശാഭിമാനിയെ എത്തിക്കുന്നതിനുള്ള അക്ഷീണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹത്തെ രോഗം കീഴ്പ്പെടുത്തിയത്. അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനംവരെ പോരാടിയ സഖാവിനെയാണ് നമുക്ക് നഷ്ടമായത്.


 

ചെറുപ്പംമുതൽ കോടിയേരി ബാലകൃഷ്ണനുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. കണ്ണൂർ ജില്ലയിൽ ഞങ്ങളിരുവരും സംഘടനാ പ്രവർത്തനത്തിൽ സജീവമായി വന്ന ഘട്ടംമുതൽ  അടുത്തറിയാം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ (കെഎസ്‌വൈഎഫ്) രൂപീകരണ വേളയിൽ ഈ ബന്ധം ദൃഢമായി. അന്ന് വിദ്യാർഥി രംഗത്തായിരുന്നു കോടിയേരിയുടെ പ്രവർത്തനം. ഞാൻ യുവജനരംഗത്തും. ഞങ്ങളുടെയൊക്കെ പ്രധാന കേന്ദ്രം സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. പല ദിവസങ്ങളിലും രാത്രി ഈ ഓഫീസിലായിരുന്നു താമസം. അന്ന് രൂപപ്പെട്ട സൗഹൃദം അവസാനംവരെ ഒരു പോറൽപോലുമേൽക്കാതെ നിലനിന്നു. സംഘാടകൻ എന്ന നിലയിൽ അന്നുമുതലേ മികച്ച കഴിവ് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി. ഏത് സന്ദിഗ്ധ ഘട്ടത്തിലും പാർടിയെ മുന്നോട്ടു നയിക്കുന്ന നേതാവ്. തലശേരി മേഖലയിൽ ആർഎസ്എസിന്റെ കടന്നാക്രമണം തുടർച്ചയായി നടക്കുമ്പോൾ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിൽ സഖാവ്‌ മുന്നിലുണ്ടായിരുന്നു.

സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ, കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രസംഗശൈലി. രാഷ്ട്രീയ എതിരാളികളെ  വിമർശിക്കുന്നതിൽ ഒരു പിശുക്കും  കാട്ടിയില്ല. സംഘാടകൻ, പ്രസംഗകൻ എന്നീ നിലകളിൽ ശ്രദ്ധേയനായി കോടിയേരി വളരുന്നത് അടുത്തുനിന്ന് വീക്ഷിക്കാൻ എനിക്ക് കഴിഞ്ഞു.


പാർടിയിൽ ആശയപരമായ വ്യതിയാനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പാർടിയെ പരിക്കേൽക്കാതെ രക്ഷിച്ചതിലും കോടിയേരിക്ക് പ്രമുഖ പങ്കുണ്ട്. 1967–- 68 ഘട്ടത്തിൽ നക്‌സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാർടിയിൽ ശക്തമായ ആശയസമരം നടന്നപ്പോൾ വളരെ വ്യക്തതയോടെ അത്തരം ആശയഗതികളെ നേരിടുന്നതിൽ വിദ്യാർഥി നേതാവെന്ന രീതിയിൽ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. അക്കാലത്ത് വിദ്യാർഥി നേതാവെന്ന നിലയിൽ സംസ്ഥാനത്തെങ്ങും ഈ ആശയസമരത്തെ നയിച്ചു. പാർടിക്കകത്ത് വിഭാഗീയത ഉയർന്നുവന്ന ഘട്ടത്തിലും പാർടി നിലപാടുകളിൽ ഉറച്ചുനിന്ന് വിഭാഗീയ നിലപാടുകളെ ചെറുക്കുന്നതിന് നേതൃത്വം നൽകി. രാഷ്ട്രീയ, പ്രത്യയശാസ്ത്ര കാര്യങ്ങളിൽ കണിശതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് എന്നും ശ്രദ്ധിച്ചു. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ  അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ട കോടിയേരി പുറത്തിറങ്ങിയശേഷം കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ് കണ്ടത്.

രാഷ്ട്രീയ എതിരാളികളോടുപോലും എന്നും സൗഹൃദം നിലനിർത്താൻ കോടിയേരിക്ക്‌ കഴിഞ്ഞു. പാർടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാർടിയെയാകെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനായി. നിഷ്കളങ്കവും സൗമ്യവുമായ പെരുമാറ്റത്തിലൂടെ ആരെയും ആകർഷിക്കാൻ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു. വിശ്രമരഹിതമായ രാഷ്ട്രീയ ജീവിതമായിരുന്നു സഖാവിന്റേത്. അസുഖം ബാധിച്ച ഘട്ടത്തിലും അതിന് മാറ്റമുണ്ടായില്ല. ഏത് പരീക്ഷണ ഘട്ടത്തിലും സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ആദരവ് പിടിച്ചു വാങ്ങാനും അദ്ദേഹത്തിനായി.

കേരളത്തിൽ എൽഡിഎഫ് സർക്കാർ ജനകീയ വികസനപ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ട് കുതിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോടിയേരിയുടെ വേർപാടുണ്ടായത്. സമൂഹത്തിലെ നാനാതുറയിലുംപെട്ടവരുടെ വിഷമതകളും പ്രശ്നങ്ങളുമെല്ലാം അഭിമുഖീകരിച്ച് സാധാരണക്കാർക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള പാതയൊരുക്കുകയാണ് സംസ്ഥാന സർക്കാർ. വയനാട്‌ ദുരന്തം നേരിടാൻ ഒറ്റക്കെട്ടായി കേരളം നീങ്ങുകയാണ്‌. സാമ്പത്തിക പരിമിതികൾ എല്ലാം അവഗണിച്ചുകൊണ്ട്‌ മികച്ച പുനരധിവാസം സാധ്യമാക്കാനാണ്‌ സംസ്ഥാന സർക്കാർ കിണഞ്ഞുപരിശ്രമിക്കുന്നത്‌. എന്നാൽ, അത്തരം പ്രവർത്തനങ്ങൾക്കെല്ലാം തടസ്സം സൃഷ്‌ടിക്കാനാണ്‌ ഏതാനും മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നത്‌. ദുരന്തത്തിന്‌ ഇരയായവരെ സഹായിക്കാനുള്ള സർക്കാർശ്രമം തടയാനാണ്‌ മാധ്യമങ്ങൾ തുടർച്ചയായി വ്യാജവാർത്തകൾ നൽകുന്നത്‌.  കേരളം കണക്കുകൾ പെരുപ്പിച്ചു നൽകി എന്നാണ്‌ വാർത്ത നൽകിയത്‌. കേരളത്തിന്റെ താൽപ്പര്യത്തിനെതിരാണ്‌ മാധ്യമങ്ങളുടെ ഈ നിലപാട്‌. നൽകിയ വാർത്തകൾ തെറ്റാണെന്ന്‌ വ്യക്‌തമായിട്ടും തിരുത്താൻ തയ്യാറായില്ല. കേന്ദ്രസർക്കാരാകട്ടെ കേരളത്തെ പൂർണമായും തഴയുന്ന സമീപനമാണ്‌ തുടർച്ചയായി സ്വീകരിക്കുന്നത്‌. അർഹമായ ദുരിതാശ്വാസംപോലും നൽകാൻ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം പി വി അൻവർ എംഎൽഎ പാർടിക്കും സർക്കാരിനുമെതിരായി അടിസ്ഥാനരഹിതമായ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ സാമാന്യമര്യാദ പാലിക്കാതെ പരസ്യമായി പ്രസ്‌താവന നടത്തുകയും പാർടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായി നീങ്ങുകയുമാണ്‌ പി വി അൻവർ ചെയ്യുന്നത്‌. സിപിഐ എമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നിൽ സ്ഥാപിത താൽപ്പര്യമാണെന്ന്‌ വ്യക്‌തമാണ്‌. ഇതൊന്നുംകൊണ്ട്‌ പാർടിയെയും എൽഡിഎഫിനെയും തകർക്കാനാകില്ല.

പ്രക്ഷോഭ പാതകൾക്ക് എന്നും ഊർജം പകർന്ന കോടിയേരി സഖാവിന്റെ സ്മരണ നമുക്ക് ഏത് പ്രതിസന്ധിഘട്ടത്തിലും കരുത്തേകും. ആ അമരസ്മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top