22 December Sunday

നിശബ്‌ദരാകില്ല; പോരാട്ടം തുടരും

അതുല്യ ഉണ്ണിUpdated: Sunday Aug 25, 2024

""എന്റെ ജീവിതം മനുഷ്യരാശിയെ സേവിക്കാനായി സമർപ്പിക്കുമെന്നും എന്റെ മുന്നിലെത്തുന്ന രോഗിയുടെ ആരോഗ്യവും ക്ഷേമവുമാകും എന്റെ ആദ്യ പരിഗണനയെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു...''

എംബിബിഎസ്‌ പഠനം പൂർത്തിയാക്കി ഡോക്‌ടേഴ്‌സ്‌ ഓത്ത്‌ (പ്രതിജ്ഞ) ചൊല്ലുമ്പോൾ അവളുടെ മനസ്സ്‌ നിറഞ്ഞിരുന്നു. വേദനിക്കുന്ന മനുഷ്യർക്ക്‌ ആശ്വാസമാകുന്ന ജോലി ചെയ്യണമെന്ന സ്വപ്‌നം യാഥാർഥ്യമാകാൻ പോകുന്നതിൽ അവൾ ഒരുപാട്‌ സന്തോഷിച്ചു. പി ജി വിദ്യാർഥിനിയായി കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിന്റെ പടികടന്നെത്തിയപ്പോൾ ഡോക്‌ടേഴ്‌സ്‌ ഓത്ത്‌ വീണ്ടും അവളുടെ മനസ്സിൽ മുഴങ്ങി. രോഗത്താൽ വലയുന്നവർക്ക്‌ ആശ്വാസമാകണമെന്നും അവരുടെ ആരോഗ്യ സൗഖ്യത്തിനായി ജീവിതം സമർപ്പിക്കണമെന്നും അവൾ മനസ്സിൽ ഒന്നുകൂടി ദൃഢപ്രതിജ്ഞയെടുത്തു. എന്നാൽ, അവളുടെ സ്വപ്‌നങ്ങൾക്ക്‌ അൽപ്പായുസേ ഉണ്ടായിരുന്നുള്ളൂ.

ആർജി കർ മെഡിക്കൽ കോളേജ്‌, ആഗസ്‌ത്‌ ഒമ്പത്‌ പുലർച്ചെ (അവളുടെ സ്വപ്‌നങ്ങൾ കൊല്ലപ്പെട്ട ദിവസം)

36 മണിക്കൂറോളം രോഗികളെ പരിചരിച്ച്‌ രാത്രിയിൽ അൽപ്പനേരം വിശ്രമത്തിനായാണ്‌ മെഡിക്കൽ കോളേജ്‌ സെമിനാർ ഹാളിലെത്തിയത്‌. ദീർഘനേരം ജോലിചെയ്‌ത ക്ഷീണത്താൽ പെട്ടെന്ന്‌ അവൾ ഉറക്കത്തിലേക്ക്‌ വഴുതിവീണു.  നിമിഷങ്ങൾക്കകം അത്‌ സംഭവിച്ചു. അവൾക്ക്‌  അതിക്രൂരമായി മർദനമേറ്റു.  ബലാത്സംഗത്തിനൊടുവിൽ അവൾ കൊല്ലപ്പെട്ടു.

ഞെട്ടലോടെയാണ് രാജ്യം ആ വാർത്ത കേട്ടത്‌. ആദ്യം ആത്മഹത്യയും പിന്നീട്‌ ബലാത്സംഗവുമായി ചിത്രീകരിച്ച്‌ കേസ്‌ അട്ടിമറിക്കാൻ ഉന്നതർ ഇടപെട്ടു. എന്നാൽ, ആ കോളേജിലെ വിദ്യാർഥികൾ നിശ്ശബ്‌ദരായില്ല.  അതിശക്തമായ പ്രക്ഷോഭവുമായി രംഗത്തു വന്നു. അവളുടെ നീതിക്കായി അവസാനനിമിഷംവരെ പോരാടുമെന്ന്‌ മെഡിക്കൽ കോളേജിലെ ഒരു പിജി വിദ്യാർഥി പറയുന്നു (അഭ്യർഥന പ്രകാരം പേരു വെളിപ്പെടുത്തുന്നില്ല)–- ""രാത്രി ഡ്യൂട്ടിക്കുശേഷം പുലർച്ചെ രണ്ടിന് ജൂനിയർ വിദ്യാർഥികളോടൊപ്പം ഭക്ഷണം കഴിച്ച്‌ വിശ്രമിക്കാൻ പോയതായിരുന്നു അവൾ. പിന്നെ ഞങ്ങൾ കണ്ടത് അവളുടെ ചേതനയറ്റ ശരീരമാണ്‌. തൃണമൂൽ സർക്കാരും പൊലീസും ആ നിഷ്‌ഠുര കൊലപാതകത്തെ അതിവേഗം ആത്മഹത്യയായി ചിത്രീകരിച്ചു. എന്നാൽ, അവളെ അറിയാവുന്ന ഞങ്ങൾക്ക്‌ ആ വിശദീകരണം പൊള്ളയായും ക്രൂരമായും തോന്നി. ഞങ്ങൾ സമരസമിതി രൂപീകരിച്ച്‌ അതിശക്തമായ പോരാട്ടം നടത്തി.''

അവരുടെ പോരാട്ടം വെറുതെയായില്ല. ആദ്യം കൊൽക്കത്തയിലും പിന്നീട്‌ രാജ്യത്താകെയും ആ പ്രതിഷേധം ആളിപ്പടർന്നു. ജില്ലാ മജിസ്ട്രേട്ട്‌ ഇടപെട്ട് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന്‌, കേസ്‌ ആദ്യംമുതൽ അട്ടിമറിക്കാൻ ശ്രമിക്കുന്ന സംസ്ഥാന പൊലീസിൽനിന്ന്‌ സിബിഐ ഏറ്റെടുത്തു. സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പിന്നീട്‌ പുറത്തുവന്നത്‌.

അതിക്രൂര കൊലപാതകം
14 മുറിവുകൾ

പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. അതിക്രൂരമായാണ്‌ കൊലപാതകം നടത്തിയതെന്ന്‌ വ്യക്തം. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരുന്നു. തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മുറിവുകൾ.  ക്രൂരപീഡനത്തിന്‌ ഇരയായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്‌. മുറിവുകളെല്ലാം മരണത്തിനു മുമ്പ്‌ ഉണ്ടായതാണ്‌. കടുത്ത ലൈംഗിക അതിക്രമത്തിന്‌ ഇരയായെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. കേസിൽ കൊൽക്കത്ത പൊലീസിലെ സിവിക്‌ വളന്റിയറും തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകനുമായ സഞ്ജയ്‌ റോയി അറസ്റ്റിലായി.

ഗുരുതര വീഴ്‌ച

സംഭവം അറിഞ്ഞെത്തിയ കൊൽക്കത്ത പൊലീസ് അലംഭാവത്തോടെയാണ് ആദ്യമേ അന്വേഷണം തുടങ്ങിയത്. എഫ്ഐആർ ഫയൽ ചെയ്യാൻ മനപ്പൂർവം "മറന്നു'. പ്രതിഷേധം ശക്തമായപ്പോഴാണ് കൊലപാതക, ബലാത്സംഗ വകുപ്പുകൾ ചേർത്തത്‌. തെളിവുകൾ ഇല്ലാതാക്കി അന്വേഷണത്തെ അട്ടിമറിക്കാനായിരുന്നു അവരുടെ ശ്രമം. കൊലപാതകമാണെന്ന്‌ ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന മരണത്തെ ആദ്യമേ ആത്മഹത്യയാക്കി. നഗ്നമായ വീഴ്‌ചകളാണ്‌ സംഭവിച്ചത്. വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെയും കൊൽക്കത്ത പൊലീസ്‌ നടപടിയെടുത്തു. സമൂഹമാധ്യമത്തിൽ പ്രതികരിച്ചതിന് പ്രമുഖ ഡോക്‌ടർമാരായ കുണാൽ സർക്കാർ, സുബർണ ഗോസാമി എന്നിവരെ പൊലീസ് ചോദ്യം ചെയ്‌തു. ഇതിനെതിരെ പൊലീസ് ആസ്ഥാനമായ ലാൽ ബസാറിലേക്ക് മെഡിക്കൽ കോളേജ് ഡോക്‌ടർമാരും വിദ്യാർഥികളും പ്രകടനം നടത്തി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സമൂഹമാധ്യമത്തിൽ പ്രതികരിച്ച യുവാവിനെ അറസ്റ്റ് ചെയ്‌തു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി തൃണമൂൽ നേതാക്കൾ രംഗത്ത് വന്നു.

മമത ഇല്ലാത്ത സർക്കാർ

മമത സർക്കാരിന്റെ ഇടപെടൽ ആദ്യമേ പ്രതികൾക്ക്‌ അനുകൂലമായിരുന്നു. പ്രതികൾക്കുവേണ്ടി കൊൽക്കത്ത പൊലീസും തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും പരസ്യമായി ഇടപെട്ടു. ഗുരുതര വീഴ്‌ച വരുത്തിയ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പലിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌. സംഭവം നടന്ന്‌ മൂന്നു ദിവസത്തിനുശേഷം മാത്രമാണ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രാജി വാങ്ങിയത്‌. എന്നാൽ, ഉടൻതന്നെ ഇയാളെ മറ്റൊരു കോളേജിന്റെ പ്രിൻസിപ്പലായും നിയമിച്ചു. വിഷയത്തിൽ രൂക്ഷമായാണ് സുപ്രീംകോടതി മമത സർക്കാരിനെ വിമർശിച്ചത്. സർക്കാർ നിലപാട്‌ തള്ളി ഹൈക്കോടതി സിബിഐയ്‌ക്ക് കേസ് കൈമാറി. പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ചയുണ്ടായെന്ന് ദേശീയ വനിതാ കമീഷൻ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതി റിപ്പോർട്ട് ചെയ്‌തിരുന്നു.

സർക്കാരിന്റെ ഇത്തരം നിലപാടുകൾക്കെതിരെ ജനകീയ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. കൽക്കട്ട ഹൈക്കോടതിയിലെ അഭിഭാഷകർ കോടതി നടപടികളിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. ഇതിൽ തൃണമൂൽ കോൺഗ്രസ് അനുകൂലികളായ അഭിഭാഷകരുമുണ്ടായിരുന്നു. ബംഗാളിൽ സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന്‌ കോളേജിലെ വിദ്യാർഥികൾ പറയുന്നു. സ്‌ത്രീകൾക്കെതിരായി അതിക്രമം വർധിക്കുന്നു. പല കേസുകളിലും പ്രാദേശിക തൃണമൂൽ നേതാക്കൾ പ്രതികളാണ്‌. ഇത്തരം കേസുകളിൽ പൊലീസും സർക്കാരും കൃത്യമായ നടപടിയെടുക്കുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.

ആസൂത്രിതം

മകളുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന്‌ അച്ഛനമ്മമാർ പറയുന്നു. കോളേജിലെ മയക്കുമരുന്നടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച്‌ മകൾ സഹപ്രവർത്തകരോട്‌ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അവർ ശേഖരിച്ചതായാണ്‌ സൂചന. ഇതറിഞ്ഞ സംഘം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന്‌ അച്ഛനമ്മമാർ പറയുന്നു. സംഭവത്തിൽ ഒന്നിലേറെ പ്രതികളുണ്ടെന്നും അവർ സിബിഐയെ അറിയിച്ചു. സംശയിക്കുന്നവരുടെ വിവരവും കാരണവും സിബിഐയ്‌ക്ക്‌ നൽകി. കുടുംബത്തോട് മെഡിക്കൽ കോളേജ്‌ ആശുപത്രി അധികൃതർ ക്രൂരമായ സമീപനമാണ്‌ സ്വീകരിച്ചത്‌. ആദ്യം മകൾക്ക് സുഖമില്ലെന്നും പിന്നീട് അവൾ ആത്മഹത്യ ചെയ്‌തെന്നുമാണ്‌ ആശുപത്രി അധികൃതർ അച്ഛനമ്മമാരെ അറിയിച്ചത്‌. മകൾക്ക്‌ അപകടം പറ്റിയെന്നറിഞ്ഞ്‌ ഓടിയെത്തിയ അച്ഛനമ്മമാരെ ഏറെ വൈകിയാണ് മൃതദേഹം കാണിച്ചത്. കരഞ്ഞു പറഞ്ഞിട്ടും മണിക്കൂറുകൾ കാത്തുനിന്നശേഷമാണ്‌ അതിന്‌ അനുവദിച്ചത്.

പ്രിൻസിപ്പൽ മുഖ്യപ്രതി

സംഭവത്തിനു മുമ്പും ശേഷവും പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഉയരുന്ന പരാതികൾ ഞെട്ടിക്കുന്നതാണ്‌. കൊലപാതകം നടന്ന ഉടൻ ആത്മഹത്യ എന്ന നിലയിലായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. കൊല്ലപ്പെട്ട ഡോക്‌ടറെ കുറ്റപ്പെടുത്തിയാണ്‌ ആദ്യം ഇയാൾ രംഗത്തെത്തിയത്‌. തുടർന്ന്‌, കൊലപാതകം നടന്ന സെമിനാർ ഹാൾ അടിയന്തരമായി പൊളിച്ചു പണിയാനും ഇതുവഴി തെളിവുനശിപ്പിക്കാനും ഇയാൾ ഇടപെട്ടു. പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന്‌, രാജിവച്ച സന്ദീപ് ഘോഷിനെ സിബിഐ പലവട്ടം ചോദ്യംചെയ്‌തെങ്കിലും പരസ്‌പരവിരുദ്ധമായ മറുപടിയാണ്‌ ലഭിക്കുന്നത്‌. സെമിനാർ ഹാൾ പൊളിച്ചു പണിതതിൽ അടക്കം കൃത്യമായ ഉത്തരവുമില്ല. ഇയാളുടെ മുൻകാല പ്രവൃത്തികളും സംശയാസ്‌പദമാണ്‌.

ക്യാമ്പസിൽ ലഹരി, ഗുണ്ടാസംഘങ്ങളും സജീവമായത്‌ ഇയാളുടെ നിയമനത്തിനു ശേഷമാണെന്ന്‌ വിദ്യാർഥികൾ പറയുന്നു. 2021 ഫെബ്രുവരിയിലാണ് ഇയാൾ ആർജി കർ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പലായി നിയമിതനാകുന്നത്‌. നിയമനത്തിനുശേഷം   2021 ആഗസ്‌തിൽ ക്യാമ്പസിൽ വലിയ വിദ്യാർഥി പ്രതിഷേധമുണ്ടായി. അടിസ്ഥാന സൗകര്യത്തിനായിരുന്നു പ്രതിഷേധം. ആരോഗ്യസെക്രട്ടറിയെവരെ കണ്ട് വിദ്യാർഥികൾ ക്യാമ്പസിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന്‌ വാക്കുനൽകിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. പകരം, പ്രിൻസിപ്പലിന്റെ ഗുണ്ടകൾ വിദ്യാർഥി നേതാക്കളെ ആക്രമിച്ചു. എന്നാൽ, പൊലീസിൽ പരാതി നൽകിയപ്പോൾ അവർ കേസെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത യുവ ഡോക്ടർക്ക് ബിരുദം നഷ്ടപ്പെട്ടു.

14 വിദ്യാർഥികളെ പരീക്ഷയിൽ പരാജയപ്പെടുത്തി. വിദ്യാർഥികൾക്കെതിരെ വ്യാജ കേസെടുത്തു. പ്രിൻസിപ്പലിന്റെ അധികാരവാഴ്‌ച വിദ്യാർഥികളിൽമാത്രം ഒതുങ്ങിയിരുന്നില്ലെന്നും പ്രൊഫസർമാരിലേക്കും വ്യാപിച്ചതായും യുവഡോക്‌ടർമാർ പറയുന്നു. ഏറ്റവും മികച്ച അധ്യാപകനും വകുപ്പു മേധാവിയുമായിരുന്നയാളെ പ്രിൻസിപ്പലിന്റെ ക്രൂരകൃത്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ ശ്രമിച്ചതിന് പുറത്താക്കി. സെമിനാറിൽ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ ഉപയോഗിച്ചതിന് വകുപ്പ്‌ മേധാവി പ്രിൻസിപ്പലിനെതിരെ മനുഷ്യാവകാശ കമീഷനിൽ കേസ് കൊടുത്തിരുന്നു. ഇതിന്റെ പ്രതികാരമായായിരുന്നു നടപടി. 

ചോദ്യങ്ങൾ

യാദൃച്ഛിക സംഭവമല്ലെന്നും കൃത്യമായ ആസൂത്രണത്തിനുശേഷം നടത്തിയ കൊലപാതകമാണെന്നും സഹപ്രവർത്തകർ പറയുന്നു. യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിലൂടെ നടപ്പാക്കിയത് എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള ഹീനകൃത്യമാണോ. അതോ പ്രതികരിക്കുന്നവനെതിരെയുള്ള താക്കീതോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top