27 December Friday
ഇന്ന്‌ കൂത്തുപറമ്പ്‌ രക്തസാക്ഷിത്വദിനം

പോരാട്ട ചരിത്രത്തിന്റെ രക്താക്ഷരം

വി കെ സനോജ്Updated: Monday Nov 25, 2024

സ്വതന്ത്ര ഇന്ത്യയിൽ യുവത നടത്തിയ സമാനതകളില്ലാത്ത സമരത്തിന്റെ വീറുറ്റ ഓർമകൾക്ക് മുപ്പത് വർഷം തികയുകയാണ്. 1994 നവംബർ 25. പോർമുഖങ്ങളെ ഇന്നും ത്രസിപ്പിക്കുന്ന കൂത്തുപറമ്പിന്റെ സ്‌മരണകൾക്ക്‌ ഒരിക്കലും മരണമില്ല. സഖാക്കൾ രാജീവൻ, മധു, റോഷൻ, ബാബു, ഷിബുലാൽ എന്നിവരുടെ രക്തസാക്ഷിത്വം. വെടിവയ്‌പിൽ നട്ടെല്ലിന് പരിക്കേറ്റ്‌ മൂന്ന് പതിറ്റാണ്ട് ലോകത്തെ പോരാളികൾക്ക് ആവേശമായി ജീവിച്ച സഖാവ് പുഷ്പനും അമരസ്‌മരണയായി. ആറുസഖാക്കളുടെയും ഉജ്വലസ്‌മരണ കരുത്തേകുന്ന പോരാട്ട പാതയിലൂടെ ഡിവൈഎഫ്‌ഐ അനുദിനം മുന്നോട്ടു കുതിക്കുകയാണ്‌.

സേവനമേഖലകൾ പൂർണമായും സ്വകാര്യവൽക്കരിക്കണമെന്ന നിലപാടാണ് നവ ഉദാരവാദനയത്തിന്റെ ഭാഗമായി 1990കളിൽ രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാർ സ്വീകരിച്ചത്. ഈ നയം വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കാനാണ് അന്നത്തെ യുഡിഎഫ് സർക്കാരും ശ്രമിച്ചത്. ഇത് അഴിമതിയും വിദ്യാഭ്യാസക്കച്ചവടവും പ്രോത്സാഹിപ്പിച്ചു.  പരിയാരം മെഡിക്കൽകോളേജ് സ്വകാര്യസ്വത്താക്കാൻ നീക്കം നടക്കുകയും കണ്ണൂർ ജില്ലാ ബാങ്ക് നിയമനം സംബന്ധിച്ച് അഴിമതിക്കഥകൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിൽ വിദ്യാർഥി–യുവജന പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഈ സമരത്തിന്റെ ഭാഗമായി  മന്ത്രിമാരെ കരിങ്കൊടികാണിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്‌തു.

1994 നവംബർ 25ന്‌ കൂത്തുപറമ്പ് അർബൻ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ സഹകരണമന്ത്രി എം വി രാഘവൻ എത്തുന്നു. സ്വാഭാവികമായും ശക്തമായ വിദ്യാർഥി -യുവജന പ്രതിഷേധം ഉണ്ടായി. സമാധാനപരമായി കറുത്ത തൂവാല ഉയർത്തി പ്രതിഷേധിക്കാൻ തടിച്ചുകൂടിയ നിരായുധരായ ജനക്കൂട്ടത്തിനു നേരെ എല്ലാ നിയമവും ലംഘിച്ച്  പൊലീസ്‌ വെടിയുതിർത്തു. അഞ്ചു സഖാക്കൾ രക്‌തസാക്ഷിത്വം വരിച്ചു. സ. പുഷ്‌പൻ ഉൾപ്പെടെ നിരവധി യുവജനങ്ങൾക്കും വിദ്യാർഥികൾക്കും വെടിവയ്‌പിലും ലാത്തിച്ചാർജിലും ഭീകരമായി പരിക്കേറ്റു.
നവ ഉദാരവാദ നയങ്ങൾക്കായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുത്ത സമയത്ത് തന്നെയാണ് ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണം കൂടുതൽ ശക്തിപ്പെട്ടത് എന്നത് യാദൃച്ഛികമല്ല. വിദ്യാഭ്യാസത്തിന്റെ ചരക്കുവൽക്കരണത്തിലൂടെയുള്ള ലാഭം ആഗ്രഹിച്ചു കൊണ്ടുമാത്രമല്ല വലതുപക്ഷ ആശയത്തിന് പശ്ചാത്തലമൊരുക്കാൻ വിദ്യാഭ്യാസത്തെ തങ്ങളുടെ കൈയിൽ ഒതുക്കേണ്ടത് ഇന്ത്യൻ മുതലാളിത്ത വർഗത്തിന് അനിവാര്യമായ ഒന്നായിരുന്നു. ഈ ലക്ഷ്യത്തോടെ കോൺഗ്രസ്‌ ആരംഭിച്ച നയത്തിന്റെ തുടർച്ചയാണ് ഇന്ന് നരേന്ദ്ര മോദി സർക്കാർ പുത്തൻ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഓർമകൾ വർത്തമാനകാലത്ത് തീർക്കുന്ന പ്രതിരോധം ചെറുതല്ല.

ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള സമരത്തിൽ രക്താക്ഷരങ്ങളാൽ രേഖപ്പെടുത്തിയ ആദ്യത്തെ ഏടായിരുന്നു കൂത്തുപറമ്പ്. അതുകൊണ്ടുതന്നെ സാർവദേശീയ പ്രാധാന്യമുള്ള സമരമായി കൂത്തുപറമ്പ് അടയാളപ്പെട്ടു. രാജ്യത്ത് 90കളിൽ തുടങ്ങിയ ഉദാരവാദ സാമ്പത്തിക നയങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് പ്രതികൂലമായി ബാധിച്ചതായി കാണാം. രാജ്യമാകെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിക്കുകയും വിദ്യാഭ്യാസവും ആരോഗ്യ മേഖലയും എല്ലാം ചരക്കുവൽക്കരിക്കുകയും ചെയ്തു. മനുഷ്യനെ അവനവനിലേക്ക് ചുരുങ്ങാൻ പ്രേരിപ്പിക്കുന്ന നയങ്ങളും ഈ കാലത്തിന്റെ പ്രത്യേകതയാണ്. വ്യക്തിയുടെ കഴിവും കഴിവില്ലായ്മയുമാണ് ജീവിതത്തിലെ ദുരിതങ്ങളെ നിർണയിക്കുന്നത് എന്ന നവഉദാരവാദകാലത്തെ യുക്തി സാമൂഹ്യ പരിവർത്തനത്തിനായുള്ള കൂട്ടായുള്ള ശ്രമങ്ങളെ തിരസ്‌കരിക്കുന്നു.  അവിടെയാണ് വരും തലമുറയ്ക്ക് മെച്ചപ്പെട്ട നിലയിൽ വിദ്യാഭ്യാസം നേടാൻ  തൂവെള്ളക്കൊടിയുടെ കീഴെ അണിനിരന്ന് ആറു ചെറുപ്പക്കാർ ജീവൻ നൽകിയത്.

കൂത്തുപറമ്പിന്റെ ഈ സമര ചരിത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ എക്കാലവും നടത്തിയിട്ടുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ അധ്യായമായിരുന്നു സഖാവ് പുഷ്‌പൻ വേർപിരിഞ്ഞ വേളയിൽ ചില മാധ്യമങ്ങൾ  നടത്തിയത്. കൂത്തുപറമ്പ് സമരം പരാജയം എന്ന് പ്രചരിപ്പിക്കുന്നവർ മനസ്സിലാക്കേണ്ടത് ഏത് കോളേജിന്റെ സ്വകാര്യവൽക്കരണത്തിനെതിരെയാണോ കൂത്തുപറമ്പിൽ ചെറുപ്പക്കാർ സമരം നടത്തിയത് ആ പരിയാരം മെഡിക്കൽ കോളേജ് ഇന്ന് സർക്കാർ മെഡിക്കൽ കോളേജായി മാറിയിരിക്കുന്നു എന്നതാണ്. അത് കൂത്തുപറമ്പിലെ രക്തസാക്ഷികളുടെ ത്യാഗത്തിന്‌ ഈ നാട് നൽകിയ ആദരവ് കൂടിയാണ്.

കൂത്തുപറമ്പ് സമരത്തിനാധാരമായ സ്വകാര്യവൽക്കരണം ശക്തമായ നിലയിൽ  നടപ്പിലാക്കുന്ന ബിജെപി സർക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ബിജെപി സർക്കാരിന്റെ തെറ്റായ സാമ്പത്തിക സമീപനം കാരണം രാജ്യത്തെ യുവത ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നത്. അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ സസ്‌റ്റൈനബിൾ എംപ്ലോയ്മെന്റ്  കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് വർക്കിങ്‌ ഇന്ത്യ 2023' റിപ്പോർട്ട് കണ്ടെത്തിയ വിവരങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. 2021–--22 ൽ ഇന്ത്യയിലെ 25 വയസ്സിന് താഴെയുള്ള ബിരുദധാരികളിൽ 42 ശതമാനത്തിലധികവും തൊഴിലില്ലാത്തവരാണ് എന്നാണ് ആ റിപ്പോർട്ട്. ഇതേ റിപ്പോർട്ട് പ്രകാരം ഹയർസെക്കൻഡറി അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം  കഴിഞ്ഞവരിൽ 22 ശതമാനം പേരാണ് തികച്ചും തൊഴിൽരഹിതർ. ഇതിൽനിന്നും വളരെ പെട്ടെന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യം കേവലം ബിരുദ വിദ്യാഭ്യാസമുള്ള ഒരാൾക്കുപോലും യോജിച്ചത് എന്ന് പറയാവുന്ന ശമ്പളമുള്ള തൊഴിലുകൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നേയില്ല എന്നതാണ്.

നഗരങ്ങളിൽ ഭക്ഷണ വിതരണംപോലുള്ള ജോലികൾ ഓൺലൈൻ/പ്ലാറ്റ്‌ഫോം മേഖലയിലും, ഗ്രാമങ്ങളിൽ കാർഷിക അനുബന്ധ മേഖലകളിലും മറ്റുമുണ്ടാകുന്ന സാമൂഹ്യ സുരക്ഷ ഇല്ലാത്ത, കുറഞ്ഞ വരുമാനം മാത്രം ലഭ്യമാകുന്ന ജോലികൾ മാത്രമാണ് രാജ്യത്തെ യുവജനങ്ങൾക്ക് ലഭ്യമാകുന്നത്. തൊഴിലുമായി ബന്ധപ്പെട്ട ‘ അപ്‌വേഡ് മൊബിലിറ്റി' (പുതിയ തലമുറ എങ്കിലും കൂടുതൽ മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക്‌ മാറുന്ന രീതി ) അതി സങ്കീർണമായിരിക്കുന്നു എന്നുകൂടി വേണം കാണാൻ. സ്റ്റേറ്റ് ഓഫ് ഇന്ത്യ വർക്കിങ്‌ റിപ്പോർട്ട് ഇതുമായി ബന്ധപ്പെട്ട് നൽകുന്ന കണക്കുകൾ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഉദാഹരണത്തിന് സാധാരണ കൂലിവേല ചെയ്ത് ജീവിക്കുന്ന ആളുകളുടെ അടുത്ത തലമുറയിൽ ഏതാണ്ട് 72 ശതമാനം പേരും ഇതേപോലെയുള്ള താൽക്കാലിക, അനൗപചാരിക കൂലിത്തൊഴിലാളികൾ തന്നെയായി മാറുന്നു. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളിൽ രക്ഷിതാക്കളെപ്പോലെ കൂലിത്തൊഴിൽതന്നെ ചെയ്യുന്ന രണ്ടാം തലമുറയുടെ നിരക്ക് ഇതിനേക്കാളും കൂടുതൽ ആണെന്നും കാണാം.

ഇക്കണോമിക്ക് സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ ആത്മാർഥമായ സമീപനം മോദി സർക്കാർ സ്വീകരിക്കുന്നില്ല.  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഈ റിപ്പോർട്ട് ബജറ്റ് പ്രസംഗത്തിൽ ഉദ്ധരിച്ച് പ്രഖ്യാപിച്ച പദ്ധതി യുവതയോടുള്ള വഞ്ചനയാണ്. യുവാക്കൾക്ക് സ്ഥിരം തൊഴിലാണ് വേണ്ടത്. ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് കോടി പേർക്ക് ഇന്റേൺഷിപ് യഥാർഥത്തിൽ വൻകിട കോർപറേറ്റുകൾക്ക് കരാർ അടിമകളെ റിക്രൂട്ട് ചെയ്ത് കൊടുക്കലാണ്‌.  മാസം ആറായിരം രൂപ കൊണ്ട്‌ എങ്ങനെ ജീവിക്കാൻ കഴിയും. പൊതുമേഖലാ സ്വകാര്യവൽകരണം, കേന്ദ്ര സർവീസിലെ ഒഴിവുകൾ നികത്താത്തത്, സൈനിക മേഖലയിലെ കരാർവൽക്കരണം–-ഇവയിലൂടെയെല്ലാം നിലവിലുള്ള തൊഴിൽ അവസരങ്ങൾ ഗണ്യമായി കുറയുകയാണ്. ഇതിനെതിരെ രാജ്യത്തുടനീളം നടക്കുന്ന സമരങ്ങൾ കൂടുതൽ  ശക്തിപ്രാപിക്കേണ്ടതുണ്ട്.

അയൽരാജ്യമായ ശ്രീലങ്കയിൽ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി ഇടതുപക്ഷം നടത്തിയ സമരങ്ങളും തുടർന്നുണ്ടായ മുന്നേറ്റവും ലോകത്തിന് നൽകുന്ന പാഠങ്ങൾ ചെറുതല്ല. ശ്രീലങ്കയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത് ജനകീയപ്രശ്നങ്ങൾ ഉയർത്തിയുള്ള സമരങ്ങൾ മാത്രമാണ് ജീവിതപ്രതിസന്ധികൾ മറികടക്കാനും സാമൂഹ്യമുന്നേറ്റത്തിനുമുള്ള പോംവഴി എന്നാണ്. അത്തരം സമരങ്ങൾക്ക് കൂത്തുപറമ്പിന്റെ സ്‌മരണകൾ എക്കാലവും ഊർജം പകരും.


സ. പുഷ്‌പൻ

അനശ്വരരായ കൂത്തുപറമ്പ്‌ രക്‌തസാക്ഷികളുടെ മായാസ്‌മരണയ്‌ക്കൊപ്പം ചേർത്തുവയ്‌ക്കപ്പെട്ട നാമധേയമാണ്‌ പുഷ്‌പൻ. ജീവിക്കുന്ന രക്‌തസാക്ഷിയെന്ന്‌ വിളിക്കപ്പെട്ട കൂത്തുപറമ്പിന്റെ സഹനസൂര്യൻ. വെടിവയ്‌പിൽ പരിക്കേറ്റ്‌ തളർന്ന ശരീരവും ഉരുക്കുപോലുറച്ച മനസ്സുമായി മുപ്പതു വർഷം നാടിന്റെ ആവേശമായ പോരാളി 2024 സെപ്‌തംബർ 28ന്‌ നമ്മെ വേർപിരിഞ്ഞു. കൂത്തുപറമ്പിൽ പൊരുതിവീണ അഞ്ച്‌ രക്തതാരകങ്ങൾക്കൊപ്പം അമരസ്‌മരണയായി പുഷ്‌പനും മാറി.  ഒരേ കിടപ്പിലായിരുന്നിട്ടും സഖാക്കളുടെയും നാടിന്റെയും സ്‌നേഹത്തിന്‌ പാത്രമായി.

കർഷകത്തൊഴിലാളികളായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്‌മിയുടെയും ആറു മക്കളിൽ അഞ്ചാമനായിരുന്നു പുഷ്‌പൻ. ബാലസംഘം- എസ്‌എഫ്‌ഐ പ്രവർത്തകനായാണ്‌ രംഗത്തുവന്നത്‌. വീട്ടിലെ പ്രയാസം കാരണം പഠനം നിർത്തി. മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലിചെയ്‌തു. അങ്ങനെ ഒരവധി സമയത്ത്‌ നാട്ടിലെത്തിയപ്പോഴാണ്‌ കൂത്തുപറമ്പ്‌ സമരത്തിൽ പങ്കെടുത്തത്‌. ചൊക്ലി മേനപ്രം കുറ്റിയിൽപീടിക യൂണിറ്റിലെ ഡിവൈഎഫ്‌ഐ അംഗമായിരുന്നു അന്ന്‌.

ലോകമെമ്പാടുമുള്ള പൊരുതുന്ന മനുഷ്യർക്ക്‌ ഉറവവറ്റാത്ത ഊർജമായിരുന്നു പുഷ്‌പൻ. വർഷങ്ങളോളം കിടന്ന്‌, വേദനകളിലൂടെ നിരന്തരം യാത്രചെയ്യുമ്പോഴും ആ പുഞ്ചിരി മാഞ്ഞില്ല. വെടിയുണ്ട തളർത്തിയ ശരീരവുമായി കരളുറപ്പോടെ ജീവിച്ചു.  ഓരോ തവണയും മരണമുഖത്തുനിന്ന്‌ കൂടുതൽ കരുത്തോടെ തിരിച്ചുവന്നു.  

കൂത്തുപറമ്പ്‌ സമരത്തെയും രക്തസാക്ഷിത്വത്തെയും  വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കാൻ വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചപ്പോഴെല്ലാം പ്രതിരോധത്തിന്റെ മുന്നിൽ പുഷ്‌പനുണ്ടായിരുന്നു.  വിശ്വസിച്ച, സ്‌നേഹിച്ച പ്രസ്ഥാനത്തിനുവേണ്ടി യൗവനം ബലിനൽകിയ സ. പുഷ്‌പൻ പോരാളികൾക്ക്‌ എന്നും കരുത്തും ആവേശവുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top