21 December Saturday

സാംസ്‌കാരിക നഗരത്തിന്റെ താഴ് വേരുകൾ

എൻ പി ഹാഫിസ് മുഹമ്മദ്Updated: Wednesday Jul 31, 2024

രോഗശയ്യയിൽ ആയിരുന്ന വൈക്കം മുഹമ്മദ്‌ ബഷീറിനെ കാണാൻ ഇ എം എസ്‌ ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ എത്തിയപ്പോൾ ‐ ഫോട്ടോ: പി മുസ്‌തഫ

 

വൈക്കത്തുനിന്ന് ബസ്സിലും ബോട്ടിലുമൊക്കെ യാത്ര ചെയ്ത് ബഷീർ കോഴിക്കോട്ടെത്തിയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാകാനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിലെ നേതാവായിരുന്ന അബ്ദുറഹിമാൻ സാഹിബിനെ കാണാനാണ് ബഷീർ കോഴിക്കോട്ടെത്തിയത്.

 

പതിനഞ്ചാം നൂറ്റാണ്ട്. കോഴിക്കോട് പല ദേശങ്ങളിലും അറിയപ്പെട്ടിരുന്ന കാലം. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി മാനവിക്രമൻ രാജ (ഭരണകാലം 1467-1475) കലയിലും സാഹിത്യത്തിലും അഭിരുചിയും പ്രതിപത്തിയും ഉള്ള ആൾ. പട്ടേരി നമ്പൂതിരിമാരും തിരുവേഗപ്പുറം നമ്പൂതിരിമാരും ഉദ്ദണ്ഡശാസ്ത്രി, കാക്കശ്ശേരി ഭട്ടതിരി, ചോനാസ് നമ്പൂതിരി, പുനം നമ്പൂതിരി തുടങ്ങിയവരുടെ വിദ്വൽ സദസ്സ് മലയാളദേശമാകെ പുകൾപെറ്റ കാലം. അവർ പതിനെട്ടരക്കവികൾ എന്ന പേരിൽ ആദരിക്കപ്പെട്ടിരുന്നു. ഭാഷാരാമായണം ചമ്പു രചിച്ച പുനം നമ്പൂതിരിയെ അരക്കവിയായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. പുനം മലയാളത്തിൽ സാഹിത്യരചന നടത്തിയതു കാരണം മുഴുക്കവിയായി പരിഗണിച്ചിരുന്നില്ലത്രേ. അങ്ങനെ വിധിയെഴുതിയ പാരമ്പര്യത്തിൽ നിന്നാണ് കോഴിക്കോടെന്ന സാഹിത്യനഗരത്തിന്റെ തുടക്കം!

തളി ക്ഷേത്രത്തിൽ വെച്ച് വർഷംതോറും നടത്തുന്ന രേവതി പട്ടത്താനം അതിപ്രശസ്തമായിരുന്നു. സംസ്‌കൃതഭാഷാ നൈപുണ്യത്തിലും മീമാംസകളിലും വ്യാകരണത്തിലും പേരുകേട്ട പണ്ഡിതന്മാരും സാഹിത്യകാരന്മാരും മത്സരിക്കുന്ന വേദിയായിരുന്നു പട്ടത്താനം. മുന്നിലെത്തുന്നയാളിന് അമ്പത്തിയൊന്ന് പൊൻപണത്തിന്റെ കിഴി കൊടുത്ത്‌ ആദരിച്ചു. വ്യാപാരകാര്യങ്ങളിലെ 'സത്യത്തിന്റെ തുറമുഖം' സാംസ്‌കാരിക നഗരം കൂടിയായി മാറി.

അറബിമലയാളത്തിന്റെ കാലം

സാമൂതിരികൾ നാടുവാണീടും കാലം അറബിമലയാളത്തിലെഴുതുന്നതിന് ഒരു വിലക്കും കൽപ്പിച്ചിരുന്നില്ല. പരിശുദ്ധ വചനങ്ങൾ അറബിയിലല്ലാതെ എഴുതിക്കൂടാ എന്ന വിചാരത്തിൽ നിന്നാണ് അറബിമലയാളത്തിന്റെ ഉത്ഭവം. അറബിയക്ഷരങ്ങളിൽ മലയാളമെഴുതി സാഹിത്യരചന നടത്തിയിരുന്ന പ്രഗത്ഭർ കോഴിക്കോട്ടും പരിസരങ്ങളിലുമുണ്ടായിരുന്നു.

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അധ്യാത്മ രാമായണം എഴുതും മുൻപേ അറബിമലയാളത്തിലെഴുതിയ പ്രശസ്ത കാവ്യമാണ് കോഴിക്കോട്ടെ ഖാസി പരമ്പരയിൽപ്പെട്ട ഖാസി മുഹമ്മദ് രചിച്ച മുഹ്‌യു‌‌ദ്ദീൻ മാല (1607). പേർഷ്യൻ സൂഫിവര്യനായിരുന്ന അബ്ദുൽ ഖാദർ അൽ ജീലാനിയുടെ ജീവിതം പ്രമേയമാക്കിയെഴുതിയ പാട്ടുകൃതിയായിരുന്നു മുഹ്‌യുദ്ദീൻ മാല. അക്കാലത്ത് കേരളത്തിലുള്ള മുസ്ലിം വീടുകളിലെ സ്ത്രീകൾ പോലും സായംകാലം മുഹ്‌യുദ്ദീൻ മാല ആലപിക്കുമായിരുന്നുവത്രെ.

ഖാസി മുഹമ്മദ് അറബിയിലെഴുതിയ കാവ്യമാണ് ഫത്ഹുൽ മുബീൻ എന്ന 'പ്രത്യക്ഷ വിജയം' (1607). ആ നാളിൽ സാമൂതിരിയുടെ അനുവാദമില്ലാതെ കോഴിക്കോട്ടെ ചാലിയത്ത് പോർച്ചുഗീസുകാർ ഒരു കോട്ട പണിതു. കച്ചവടത്തിനെത്തുന്ന മറ്റു ദേശക്കാരെ അവർ ആക്രമിക്കുകയും പൊറുതിമുട്ടിക്കുകയും ചെയ്തു.

കോഴിക്കോട്ടെ ഹിന്ദുക്കളും മുസ്ലിങ്ങളും മൈത്രിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നും ഹിന്ദുരാജാക്കന്മാരാൽ മുസ്ലിങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും മറ്റു രാജ്യങ്ങളിലുള്ള മുസ്ലിം രാജാക്കന്മാർ അറിയാൻ വേണ്ടിയായിരുന്നു ഖാസി മുഹമ്മദ് ഈ ഗ്രന്ഥം അറബി ഭാഷയിലെഴുതിയത്.

കുറ്റിച്ചിറയിലെ മിഷ്‌കാൽ പള്ളി  - ഫോട്ടോ: ബിജു ഇബ്രാഹിം

കുറ്റിച്ചിറയിലെ മിഷ്‌കാൽ പള്ളി - ഫോട്ടോ: ബിജു ഇബ്രാഹിം

വാസ്കോ ഡ ഗാമയ്ക്ക് ശേഷം കോഴിക്കോട്ടെത്തിയ അൽബുക്കർക്ക് എന്ന പോർച്ചുഗീസ് കപ്പിത്താനും കൂട്ടരും കോഴിക്കോട്ടെ മിഷ്‌കാൽ പള്ളി പീരങ്കി വെച്ച് തകർത്തിരുന്നു. സാമൂതിരി രാജാവ് ചാലിയം കോട്ടയിൽ നിന്ന് കിട്ടിയ മരത്തടിയുപയോഗിച്ച് മിഷ്‌കാൽ പള്ളി പുതുക്കിപ്പണിഞ്ഞുവെന്ന് ചരിത്രം.

ഫത്ഹ്ൽ മുബീൻ സമർപ്പിച്ചിരിക്കുന്നത് സർവലോക സംരക്ഷകനായ ദൈവത്തിനും, പിന്നെ മുസ്ലിങ്ങളുടെ സംരക്ഷകനായ സാമൂതിരി രാജാവിനുമാണ്. അന്നത്തെ സാഹിത്യരചനകൾ മതമൈത്രിയിലൂന്നിയ ഒരു സാമൂഹിക ജീവിതത്തെയാണ് പ്രതിനിധാനം ചെയ്തത്.

ഇബ്‌നു ബത്തൂത്ത, അബ്ദുൾ റസാഖ് തുടങ്ങിയ സഞ്ചാരികൾ കോഴിക്കോടിന്റെ ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടെ സാംസ്കാരികതയുടെ അന്തസ്സത്തയുടെ വേരുകൾക്ക് അഞ്ചാറ് നൂറ്റാണ്ടുകാലത്തിന്റെ പഴക്കമുണ്ട്. സാമ്രാജ്യത്വവാദത്തോടുള്ള എതിർപ്പിനും പ്രതിരോധത്തിനും അക്കാലത്തോളം പാരമ്പര്യവുമുണ്ട്. പിൽക്കാലത്ത് എഴുതപ്പെട്ടിട്ടുള്ള മാപ്പിളപ്പാട്ടുകളിലെല്ലാം ഇത്‌ തെളിഞ്ഞുകിടക്കുന്നു.


ഇഷ്ടജനങ്ങൾക്ക് നോവലെഴുത്ത്


മലയാളത്തിലിറങ്ങിയ ആദ്യത്തെ മൂന്ന് നോവലുകളും കോഴിക്കോട്ട് നിന്നാണ് പ്രസാധനം ചെയ്തത്. അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് ആദ്യത്തേത്; 'തലക്കൊടി മഠത്തിൽ അപ്പു നെടുങ്ങാടി ഉണ്ടാക്കിയ കുന്ദലതാ എന്നൊരു പുതുമാതിരി

അപ്പു നെടുങ്ങാടി

അപ്പു നെടുങ്ങാടി

കഥാ' കോഴിക്കോട്ടെ വിദ്യാവിലാസം പ്രസ്സിൽ (1887) നിന്നാണ്‌ അച്ചടിച്ചിട്ടുള്ളത്. കേരളപത്രിക, കേരളസഞ്ചാരി, വിദ്യാവിനോദിനി എന്നീ മാസികകളുടെ പത്രാധിപരും സ്വകാര്യമേഖലയിലെ, കോഴിക്കോട്ട്‌ തുടങ്ങിയ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകനുമായിരുന്നു അപ്പു നെടുങ്ങാടി. മലയാളത്തിലെ ആദ്യ നോവലിസ്റ്റ് ഒരു ബാങ്കർ ആയിരുന്നു!

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒ ചന്തുമേനോന്റെ ഇന്ദുലേഖയും (1889), പിന്നാലെ പ്രസിദ്ധീകരിക്കപ്പെട്ട ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയും (1890) സ്ത്രീജനങ്ങളെ രസിപ്പിക്കാൻ വേണ്ടിയെഴുതിയ കൃതികളാണ്.

ഒഴിവുനേരങ്ങളിലൊക്കെയും ഇംഗ്ലീഷ് നോവൽ വായന നടത്തുന്നതിൽ കുണ്ഠിതപ്പെട്ട ഇഷ്ടജനങ്ങൾക്ക് വേണ്ടിയാണ് ഇന്ദുലേഖയെഴുതിയതെന്ന് ചന്തുമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇംക്ളീഷ് അറിഞ്ഞുകൂടാത്ത എന്റെ ഇഷ്ടജനങ്ങളെ ഒരു ഇംക്ളീഷ് നോവൽ വായിച്ച് തർജ്ജമയാക്കി പറഞ്ഞ് ഒരുവിധം മനസ്സിലാക്കാൻ അത്ര പ്രയാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഒ ചന്തുമേനോൻ

ഒ ചന്തുമേനോൻ

എന്നാൽ തർജ്ജമയായി എഴുതിയ കഥയെ ശരിയായി ഇവരെ മനസ്സിലാക്കാൻ കേവലം അസാധ്യമാണെന്ന് ഞാൻ വിചാരിക്കുന്നു'.

'അങ്ങനെയാണ് ഒരു നോവൽ ബുക്ക് ഏകദേശം ഇംക്ളീഷ് നോവൽ ബുക്കുകളുടെ മാതിരിയിൽ മലയാളത്തിൽ എഴുതാമെന്ന് ഞാൻ നിശ്ചയിച്ച് എന്നെ ബുദ്ധിമുട്ടിച്ചയാളോട് വാഗ്ദത്തം ചെയ്ത്' ഇന്ദുലേഖ മൂന്ന് മാസക്കാലം കൊണ്ട് എഴുതിത്തീർത്തതെന്ന് അദ്ദേഹം പറയുന്നു.

യഥാർഥത്തിൽ നടക്കാത്ത കഥ എഴുതുന്നത് കൊണ്ട് എന്ത് പ്രയോജനം, എന്നതായിരുന്നു ചങ്ങാതിമാരുടെ ആദ്യ പ്രതികരണം. എന്നാൽ, ഈവക കഥകൾ ഭംഗിയായി എഴുതിയാൽ സാധാരണ മനുഷ്യന്റെ മനസ്സിനെ വിനോദിപ്പിക്കുവാനും മനുഷ്യർക്ക് അറിവുണ്ടാക്കുവാനും വളരെ ഉപയോഗമുള്ളതാണെന്ന് ചന്തു മേനോൻ വിശ്വസിച്ചു.

അങ്ങനെ, സംസ്‌കൃതത്തിൽ അല്പമൊക്കെ യോഗ്യത ഉണ്ടായിട്ടും ചന്തു മേനോൻ സാധാരണ ഭാഷയിൽ എഴുതുകയായിരുന്നു. ഇന്ദുലേഖ വായിച്ച് സാക്ഷാൽ ഒരു സായ്‌പ്‌ തന്നെ നൽകിയ പ്രശംസയെക്കുറിച്ചും നടത്തിയ തർജമയെക്കുറിച്ചും ചന്തു മേനോൻ എഴുതിയിട്ടുണ്ട്.

ഡബ്ലിയു ഡീമർഗ്‌ അത് ചെയ്തതിലുള്ള പരമസന്തോഷവും തൃപ്തിയും, ഒരൊറ്റ കൊല്ലത്തിനിടയ്ക്ക് ഉണ്ടായ രണ്ടാം പതിപ്പിന്റെ അവതാരികയിൽ നന്ദിപൂർവം അദ്ദേഹം അറിയിക്കുന്നു. കോഴിക്കോട് പള്ളിക്കരക്കാരനായ ചെറുവലത്ത് ചാത്തു നായരും സാധാരണക്കാർക്ക് വായിച്ചു രസിക്കാനാണ് 'മീനാക്ഷി'യെ ഉണ്ടാക്കുന്നത്.


മാധ്യമസ്ഥാപനങ്ങളുടെ കേന്ദ്രം


കോഴിക്കോട് നഗരത്തിൽ നിന്നല്ല, മലയാളത്തിലെ ആദ്യ പത്രങ്ങളായ 'രാജ്യസമാചാര'വും 'പശ്ചിമോദയ'വും പ്രസിദ്ധീകരിച്ചത്. ഹെർമൻ ഗുണ്ടർട്ടിന്റെ പത്രാധിപത്യത്തിൽ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ നിന്നാണവ പുറത്തുവരുന്നത് (1847). ഒന്ന് ക്രൈസ്തവ മത പ്രചാരണത്തിനും രണ്ടാമത്തേത് വാർത്തകളറിയിക്കുന്നതിനും വേണ്ടിയായിരുന്നു ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചിരുന്നത്.

കൽക്കത്തയിലെ അമൃതബസാർ പത്രികയിലെ ജോലി ചെയ്ത് പരിചയം നേടിയ ചെങ്ങലത്ത് കുഞ്ഞിരാമ മേനോൻ കോഴിക്കോട്ട് നിന്നാരംഭിച്ച പത്രമാണ് 'കേരളപത്രിക' (1884). 1935 മുതൽ 1942 വരെ കേരളപത്രികയുടെ പത്രാധിപരായിരുന്നു പ്രശസ്ത ഹാസ സാഹിത്യകാരനായ സഞ്ജയൻ.

സഞ്ജയൻ

സഞ്ജയൻ

സഞ്ജയൻ എന്ന ഹാസ സാഹിത്യ മാസികയാരംഭിച്ചതും മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയനാണ്. കവിയും കാർട്ടൂണിസ്റ്റും പത്രാധിപരുമായിരുന്ന സഞ്ജയൻ എന്ന ബഹുമുഖ പ്രതിഭ കോഴിക്കോട് നഗരത്തിലെ കൊതുക് ശല്യത്തെക്കുറിച്ചും ചളിക്കുണ്ടുകളെക്കുറിച്ചും എഴുതിയ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഗത്ഭ സാഹിത്യകാരന്മാരുടെ പത്രപ്രവർത്തന രംഗത്തേക്കുള്ള പ്രവേശനം സഞ്ജയനിലൂടെയാണ് തുടങ്ങുന്നത്.

കോഴിക്കോട്‌ പത്രനഗരമായി മാറുന്നത്  മാതൃഭൂമി (1923), അൽ അമീൻ (1924) എന്നീ പത്രങ്ങളുടെ വരവോടെയാണ്. കെ പി കേശവമേനോനായിരുന്നു മാതൃഭൂമിയുടെ പത്രാധിപർ. മുഹമ്മദ് അബ്ദുറഹിമാനായിരുന്നു അൽ അമീന്റെ സാരഥി. ദേശാഭിമാനി (1942) യുടെ പത്രാധിപർ ഇ എം എസ് ആയിരുന്നു. കെ എം സീതിസാഹിബും സി എച്ച് മുഹമ്മദ് കോയയും നേതൃത്വം കൊടുത്ത ചന്ദ്രികയും പ്രസിദ്ധീകരിച്ചു തുടങ്ങുന്നത് അതേ വർഷമാണ്.

പിൽക്കാലത്ത് പ്രശസ്തരായ പല എഴുത്തുകാരും കോഴിക്കോട്ടേക്ക് ചേക്കേറുന്നത് ഈ പ്രസിദ്ധീകരണങ്ങളുടെ വരവോടെയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ ഇടപെടലുകൾ നടത്തുന്നവരും സർഗരചനയിൽ വ്യാപൃതരായവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

പിന്നീട് പ്രസിദ്ധീകരണമാരംഭിച്ച വിപ്ലവം, സിറാജ് (1984), മാധ്യമം (1987), വർത്തമാനം (2003), തേജസ്സ് (2006), സുപ്രഭാതം (2013) തുടങ്ങിയ ദിനപത്രങ്ങളുടെ ആരംഭം കോഴിക്കോട്ട്‌ നിന്നായിരുന്നു.

സായാഹ്ന പത്രങ്ങളും ആഴ്ചപ്പതിപ്പുകളും മാസികകളുമടങ്ങുന്ന തിട്ടപ്പെടുത്താനാവാത്തത്ര പ്രസിദ്ധീകരണങ്ങൾ പിന്നീടുണ്ടായി. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്നവരടക്കമുള്ള പത്രപ്രവർത്തകരും എഴുത്തുകാരും കോഴിക്കോടിനെ ഒരു സാംസ്‌കാരിക നഗരമാക്കി മാറ്റുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

കോഴിക്കോട് ആകാശവാണി നിലയം തുടങ്ങുന്നത് 1950 ലാണ്. എഴുത്തുകാരും നാടകപ്രവർത്തകരും സംഗീത പ്രതിഭകളും അടങ്ങുന്നവരുടെ ഒരു കേന്ദ്രമായിരുന്നു കോഴിക്കോട് ആകാശവാണി. ചെറിയൊരു കെട്ടിടത്തിൽ ഉറൂബ്, അക്കിത്തം, തിക്കോടിയൻ, എൻ എൻ കക്കാട്, യു എ ഖാദർ, കെ എ കൊടുങ്ങല്ലൂർ, വിനയൻ, പി പി ശ്രീധരനുണ്ണി തുടങ്ങിയവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

ഉച്ചഭക്ഷണത്തിനോ വൈകുന്നേരത്തെ ചായയ്ക്കോ കാന്റീനിലെത്തിയാൽ ഒരൊറ്റ മുറിയിൽ പ്രതിഭാസംഗമം. തിക്കോടിയന്റെ നർമം, ഉറൂബിന്റെ പൊട്ടിച്ചിരി, കക്കാടിന്റെ ഘനഗംഭീര ശബ്ദം, കെ എ കൊടുങ്ങല്ലൂരിന്റെ മൗനം. എല്ലാം ചേർന്നുള്ള ഒരു ഓർക്കസ്ട്ര.

ആകാശവാണിയിലെ നാടകോത്സവങ്ങൾ ഓണക്കാലത്തെ കൂടുതൽ ആഹ്ലാദകരമാക്കാറുണ്ടായിരുന്നു. കേരളത്തിലെ വിവിധ നിലയങ്ങളിലെ പ്രതിഭകളുടെ അനൗദ്യോഗിക മത്സരമായിരുന്നു നാടകവാരം. പലപ്പോഴും കോഴിക്കോടൻ പ്രതിഭകൾ മുന്നിലെത്തുമായിരുന്നു.

കെ ടി മുഹമ്മദ്, കെ പി ഉമ്മർ, നെല്ലിക്കോട് ഭാസ്കരൻ, ബാലൻ കെ നായർ, ശാന്താദേവി, എൽസി, രാജം കെ നായർ, നിലമ്പൂർ ആയിഷ, പിഎൻഎം ആലിക്കോയ, ഇബ്രാഹിം വെങ്ങര, വാസു പ്രദീപ്, ത്രിവിക്രമൻ നായർ തുടങ്ങിയവർ ആകാശവാണിയുടെ താരങ്ങളായിരുന്നു.

ഇവരൊക്കെയും കോഴിക്കോട്ടെ നാടകസമിതികളുടെ പ്രവർത്തനത്തിലും സജീവമായുണ്ടായിരുന്നു. ഇരുപത്തഞ്ചോളം നാടകസംഘങ്ങൾ മലബാറിൽ സജീവമായി പ്രവർത്തിച്ചിരുന്ന കാലം അത്ര ദൂരത്തല്ല. കേരളത്തിലെ നാടകവേദിയുടെ ചരിത്രത്തിൽ കോഴിക്കോടിന് നിർണായക പങ്കുണ്ട്.

കോഴിക്കോട്ടുകാരായി മാറിയവർ

കോഴിക്കോട്ട്‌ വന്ന് താമസം തുടങ്ങിയവരിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നത് വൈക്കം മുഹമ്മദ് ബഷീർ തന്നെ. വിവാഹം കഴിച്ച് കോഴിക്കോട്ട് സ്ഥിരതാമസമാക്കും മുൻപേ ബഷീർ കോഴിക്കോട്ടെത്തിയിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുന്ന കാലത്ത് വൈക്കത്തുനിന്ന് ബസ്സിലും ബോട്ടിലുമൊക്കെ യാത്ര ചെയ്ത് ബഷീർ കോഴിക്കോട്ടെത്തിയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാകാനായിരുന്നു.

മുഹമ്മദ് അബ്ദുറഹിമാൻ

മുഹമ്മദ് അബ്ദുറഹിമാൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളത്തിലെ നേതാവായിരുന്ന അബ്ദുറഹിമാൻ സാഹിബിനെ കാണാനാണ് ബഷീർ കോഴിക്കോട്ടെത്തിയത്. അൽ അമീൻ ലോഡ്‌ജിലായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ താമസിച്ചിരുന്നത്. ബഷീർ നേരെ ചെന്നത് അൽ അമീൻ ലോഡ്‌ജി‌ലേക്കായിരുന്നു. സാഹിബ് മീറ്റിങ്ങിന് പോയതാണെന്നും എപ്പോഴാണ് തിരിച്ചെത്തുകയെന്നത് പറയാനാവില്ലെന്നും ഓഫീസിലുണ്ടായിരുന്നവർ അറിയിച്ചു.

ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ബഷീർ വരാന്തയിൽ കിടന്നു. വിശക്കുന്നുണ്ടായിരുന്നു. കയ്യിൽ കാശില്ല. ഉറങ്ങിപ്പോയി. രാത്രി സാഹിബ് എത്തിയപ്പോൾ വൈക്കത്തുനിന്ന് വന്നയാളിനെപ്പറ്റി ആരോ പറഞ്ഞു. സാഹിബ് ചോദിച്ചു: "അയാൾ എവിടെ?" വരാന്തയിൽ കിടന്നുറങ്ങുന്നത് അവരറിയിച്ചു.

സാഹിബ് വരാന്തയിലേക്ക് വന്നു. ആഗതനെ വിളിച്ചുണർത്തി. സാഹിബ് ചോദിച്ചു: "താങ്കളാണോ വൈക്കത്തുനിന്ന് വന്നത്?" ബഷീർ തല കുലുക്കി. സാഹിബ് ചോദിച്ചു: "താങ്കൾ ഭക്ഷണം കഴിച്ചോ?" ബഷീർ സംശയപ്പെട്ടു. തന്റെ മുന്നിൽ

കോഴിക്കോട്ടെ ആദ്യകാല പാർപ്പിടങ്ങൾ  ‐ 1936 ലെ ഫോട്ടോ (Photocourtesy by J.B. Fisher Royal Geographical Society via Getty Images)

കോഴിക്കോട്ടെ ആദ്യകാല പാർപ്പിടങ്ങൾ ‐ 1936 ലെ ഫോട്ടോ (Photocourtesy by J.B. Fisher Royal Geographical Society via Getty Images)

നിൽക്കുന്നത് ദൈവമോ? ബഷീർ മടങ്ങിപ്പോയി. സമരപങ്കാളിയായതിന്റെ പേരിൽ അറസ്റ്റ് വരുമെന്നറിഞ്ഞ് ബഷീർ നാടുവിട്ടു.

വർഷങ്ങൾ കഴിഞ്ഞ് കോഴിക്കോട്ടെത്തുമ്പോൾ ബഷീർ ബാല്യകാലസഖിയും മറ്റ് കഥകളുമെഴുതി പേരെടുത്തു കഴിഞ്ഞിരുന്നു. ബഷീർ ആദ്യം താമസിച്ചത് എസ് കെ പൊറ്റെക്കാട്ടിന്റെ 'ചന്ദ്രകാന്ത'ത്തിലായിരുന്നു. സുഹൃത്തുക്കൾ ബഷീറിന് വേണ്ടി ജീവിതപങ്കാളിയെ കണ്ടെത്തി.

ബേപ്പൂർക്കാരി ഫാബി. വിവാഹം കഴിച്ച് ബേപ്പൂർ 'വൈലാലിൽ' വീട്ടിൽ സ്ഥിരതാമസക്കാരനായി. കോഴിക്കോടിന്റെ ആതിഥേയ മര്യാദ അബ്ദുറഹിമാൻ സാഹിബിൽനിന്ന് നേരത്തേ മനസ്സിലാക്കിയ ബഷീറിന് കോഴിക്കോട് അന്യമായി തോന്നിയില്ല.

കോഴിക്കോട് ബഷീറിനെ മാത്രമല്ല സ്വാഗതം ചെയ്തത്. ഉറൂബ്, കുട്ടിക്കൃഷ്ണ മാരാര്, തിക്കോടിയൻ, കെ ടി മുഹമ്മദ്, അക്കിത്തം, എൻ എൻ കക്കാട്, കെ എ കൊടുങ്ങല്ലൂർ, എം ജി എസ് നാരായണൻ, പട്ടത്തുവിള കരുണാകരൻ തുടങ്ങിയ എഴുത്തുകാർക്കൊക്കെ ഇടം കൊടുത്തു. ആദരിച്ചു; കോഴിക്കോട് അവരുടേതായി.

കൂട്ടുകൃഷിയിൽ അറബിപ്പൊന്ന്

അവരിൽ ഒരാളായിരുന്നു എം ടി വാസുദേവൻ നായർ. 1954ൽ മാതൃഭൂമിയിൽ സഹപത്രാധിപരായി ജോലി കിട്ടിയപ്പോൾ കോഴിക്കോട്ട് താമസം തുടങ്ങി. പല കൂട്ടുകാരെയും കണ്ടെത്തി. അവരിലൊരാളായിരുന്നു എൻ പി മുഹമ്മദ്.

എം ടി വാസുദേവൻ നായർ

എം ടി വാസുദേവൻ നായർ

രണ്ടുപേർക്കും അടുക്കാൻ ഒരു കാരണമുണ്ടായി: വായന. ഇംഗ്ലീഷിൽ ലഭിക്കുന്ന പുസ്തകങ്ങൾ അവരിരുവരും വായിച്ചു.

ഹെമിങ്‌വേയും ഫോക്‌നറും ദസ്തയേവ്‌സ്‌കിയും ഒക്കെ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരായി. എന്നും വൈകുന്നേരങ്ങളിൽ അവർ ഓഫീസ് പണി കഴിഞ്ഞു കണ്ടുമുട്ടി. മാനാഞ്ചിറ മൈതാനത്തിരുന്ന് സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു. വായിച്ച പുസ്തകങ്ങൾ ചർച്ചാവിഷയമായി. ക്രൈം നോവലുകൾ പോലും അവർ വായിച്ചു രസിച്ചിരുന്നു. എം വി ദേവനും പട്ടത്തുവിളയും അവരുടെ സായാഹ്നക്കൂട്ടത്തിലുണ്ടായിരുന്നു.

അമ്പതുകളുടെ ഒടുവിൽ കോഴിക്കോട്ട് അറബിപ്പൊന്നിന്റെ കച്ചവടം തകൃതിയായി നടന്നിരുന്നു. അവരുടെ വൈകുന്നേരങ്ങളിൽ അറബിപ്പൊന്ന് ചർച്ചാവിഷയമായി. പൊന്ന് കടത്തുന്നതിന്റെ സാഹസങ്ങൾ പറഞ്ഞു കൈമാറി. അറബിമാർ കൊണ്ടുവരുന്ന പൊന്ന് കസ്റ്റംസിനെ വെട്ടിച്ച് കടൽത്തീരത്തിറക്കുന്നതും എത്തേണ്ടിടത്ത് എത്തിക്കേണ്ട സാഹസങ്ങളുടെയും കഥകൾ കേട്ടു.

അപ്പോൾ ഇതൊരു ക്രൈം നോവലെഴുതാനുള്ള പ്രമേയമാണല്ലോ എന്ന്‌ അവരിലാരോ പറഞ്ഞു. കൊള്ളാവുന്ന കഥയാണെന്ന് അവർക്ക് തോന്നി.

എം ടി അറബിപ്പൊന്ന് കഥയാക്കാൻ എൻ പിയോട് പറഞ്ഞു. എൻ പി അക്കാര്യം എം ടിയുടെ ചുമലിൽ ഏറ്റിവെച്ചു. ആരോ ചോദിച്ചു: രണ്ട് പേർക്കും എഴുതിയാലെന്ത്? എന്തുകൊണ്ടായിക്കൂടാ? എം ടിയും എൻ പിയും പൊന്നുരുക്കാൻ തുടങ്ങി

എം ടി അറബിപ്പൊന്ന് കഥയാക്കാൻ എൻ പിയോട് പറഞ്ഞു. എൻ പി അക്കാര്യം എം ടിയുടെ ചുമലിൽ ഏറ്റിവെച്ചു. ആരോ ചോദിച്ചു: രണ്ട് പേർക്കും എഴുതിയാലെന്ത്? എന്തുകൊണ്ടായിക്കൂടാ? എം ടിയും എൻ പിയും പൊന്നുരുക്കാൻ തുടങ്ങി. ഉലയിലിട്ടടിച്ചു മിനുക്കാൻ തുടങ്ങി. അധ്യായങ്ങൾ വരെ ഏറെക്കുറെ തീരുമാനിച്ചു.

  കോഴിക്കോട്‌ ബീച്ചിലെ ഒന്നാം കടൽപ്പാലം - ഫോട്ടോ: പി മുസ്‌തഫ

കോഴിക്കോട്‌ ബീച്ചിലെ ഒന്നാം കടൽപ്പാലം - ഫോട്ടോ: പി മുസ്‌തഫ

എഴുത്തുമാത്രം തുടങ്ങിയേടം അവസാനിച്ചു. എവിടെയെങ്കിലും പോയിരുന്ന് എഴുതിയാലെന്ത് എന്ന ആലോചനയായി. എം വി ദേവൻ നിർദേശിച്ചതനുസരിച്ച് നിലമ്പൂരിനടുത്തുള്ള കരുവാരക്കുണ്ടിലെ തക്കിടിശ്ശേരി മനയിൽ എത്തി.

എം വി ദേവന്റെ സുഹൃത്തിന്റെ വീട്. പത്തായപ്പുരയിലായിരുന്നു താമസം. ആദ്യ തടസ്സങ്ങൾ മാറിക്കഴിഞ്ഞപ്പോൾ എഴുത്ത് എളുപ്പമായി. ആദ്യ എഴുത്ത് പൂർണമായി. നാട്ടിലേക്ക് മടങ്ങിവന്ന് പകർത്തിയെഴുത്തു തുടങ്ങി.

ഒരു കൊല്ലക്കാലമെടുത്തു പണി തീരാൻ. 1960 ൽ അറബിപ്പൊന്ന് പുസ്തകമായി. ഇന്ത്യയിൽ ആദ്യമായി രണ്ടുപേർ ചേർന്നെഴുതുന്ന നോവൽ എന്ന ഖ്യാതി നേടി. അങ്ങനെയൊരു കൂട്ടുകൃഷിയിൽ നോവലുണ്ടാകുന്നതും കോഴിക്കോട്ട്! അറബിപ്പൊന്ന് ഒരർഥത്തിൽ ഭാഗികമായി കോഴിക്കോടിന്റെ കഥയായിരുന്നു.

കള്ളപ്പൊന്ന് വിളയുന്ന കോഴിക്കോടൻ തീരപ്രദേശത്തിന്റെ കഥ. അപ്പോഴേക്ക് കോഴിക്കോട്ട് ജനിച്ചു വളർന്ന എസ് കെ പൊറ്റെക്കാട്ട് മിഠായിത്തെരുവിന്റെ കഥയെഴുതി. 'ഒരു തെരുവിന്റെ കഥ' (1960). പത്ത് കൊല്ലം കഴിഞ്ഞ് എസ് കെ 'ഒരു ദേശത്തിന്റെ കഥ'യും എഴുതി (1971) കോഴിക്കോടിന്റെ കാഥികനായി മാറി.

പല ദേശങ്ങളും ചുറ്റിയടിച്ച് മലയാളികൾക്ക് പരിചയപ്പെടുത്തിയ എസ് കെ കോഴിക്കോടിനെ അനശ്വരമാക്കി. കല്ലായിപ്പുഴയുടെ തീരത്തെ മുസ്ലിങ്ങളുടെ കഥയുമായി എൻ പി മുഹമ്മദ് 'മരം' (1968) പ്രസിദ്ധീകരിച്ചു.

മലയാള സാഹിത്യത്തിൽ ആദ്യമായി കീഴാള മുസ്ലിങ്ങളെ അവതരിപ്പിച്ച് കോഴിക്കോടൻ തീരപ്രദേശത്ത് മുസ്ലിങ്ങളുടെ സാമൂഹിക ജീവിതം അടയാളപ്പെടുത്തി: എണ്ണപ്പാടം (1980). കോഴിക്കോട് തന്നെ ജനിച്ചുവളർന്ന പി എ മുഹമ്മദ് കോയയുടെ 'സുൽത്താൻ വീട്' മരുമക്കത്തായ മുസ്ലിം തറവാടുകളുടെ കഥ പറഞ്ഞു (1976).

പി എ മുഹമ്മദ് കോയയുടെ മറ്റൊരു കോഴിക്കോടൻ നോവലാണ്‌ 'സുറുമയിട്ട കണ്ണുകൾ.’ കോഴിക്കോട്ടുകാരിയായ പി വത്സല എഴുതിയ പേരുകേട്ട നോവൽ വയനാടിനെക്കുറിച്ചുള്ളതായിരുന്നു: 'നെല്ല്' (1972). കോഴിക്കോട് നഗരം വത്സലയുടെ നോവലിലും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്; 'പാളയം' (1981) എന്ന നോവലിൽ. കോഴിക്കോടിന്റെ സാമൂഹിക ചരിത്രവും വിശേഷങ്ങളും മറ്റ് പല നോവലുകളിലും കഥകളിലും ആവിഷ്‌കരിച്ചിട്ടുണ്ട്.

കോലായയിലെ കോലാഹലം

ഉറൂബ് കോഴിക്കോട്ടെത്തും മുമ്പേ എഴുത്തുകാരൻ എന്ന പേരിൽ ഏറെ പ്രശസ്തനായിരുന്നു. 1954 ൽ മലയാളത്തിലെ മികച്ച നോവലുകളിലൊന്നായ 'ഉമ്മാച്ചു' എഴുതി. അതിന്‌ അവതാരികയെഴുതാൻ കണ്ടെത്തിയത് തന്നേക്കാൾ പതിനാല് വയസ്സ് താഴെയുള്ള എൻ പി മുഹമ്മദിനെ. എൻ പിയുടെ പ്രായം ഇരുപത്തിയഞ്ച്. കോഴിക്കോട്ടെ എഴുത്തുകാർ പ്രായം നോക്കിയല്ല പരസ്പരം ആദരിച്ചതും അംഗീകരിച്ചതും. അതവരുടെ കൂട്ടായ്മകളിലും വെളിപ്പെടുത്തപ്പെട്ടിരുന്നു.

കോഴിക്കോട്ടെ എഴുത്തുകാരുടെ അനൗപചാരികമായ കൂട്ടായ്മയായിരുന്നു 'കോലായ'. ഒരു ഞായറാഴ്ച ദിവസം നേരത്തേ നിശ്ചയിച്ച പ്രകാരം ഒരാളിന്റെ വീട്ടിൽ ഒത്തുചേരും. രാവിലെ തൊട്ട് സന്ധ്യ വരെ സംവാദം. ചിലർ പുതിയ രചനകളവതരിപ്പിക്കുന്നു. ചൂട് പിടിച്ച ചർച്ച നടക്കും.

കോഴിക്കോട്ടെ എഴുത്തുകാരുടെ അനൗപചാരികമായ കൂട്ടായ്മയായിരുന്നു 'കോലായ'. ഒരു ഞായറാഴ്ച ദിവസം നേരത്തേ നിശ്ചയിച്ച പ്രകാരം ഒരാളിന്റെ വീട്ടിൽ ഒത്തുചേരും. രാവിലെ തൊട്ട് സന്ധ്യ വരെ സംവാദം. ചിലർ പുതിയ രചനകളവതരിപ്പിക്കുന്നു. ചൂട് പിടിച്ച ചർച്ച നടക്കും. വാഗ്വാദങ്ങളുമുണ്ടാകും. ചില്ലറക്കാരൊന്നുമല്ല പങ്കെടുക്കുന്നത്. അറുപതുകളുടെ ഒടുവിൽ കോഴിക്കോട്ടുണ്ടായിരുന്ന പ്രഗത്ഭരാണ് അവർ.

ഉറൂബ്, ആർ രാമചന്ദ്രൻ, എൻ എൻ കക്കാട്, തിക്കോടിയൻ, അക്കിത്തം, എൻ പി മുഹമ്മദ്, പി എം നാരായണൻ, എം വി ദേവൻ, എം ജി എസ്, നമ്പൂതിരി തുടങ്ങിയവരാണ് കോലായയിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്കും വൈകുന്നേരവും ഒന്നിച്ച് ഭക്ഷണം കഴിക്കും.

നടുവകത്ത് പായയിൽ വെള്ളത്തുണി വിരിച്ച് ഭക്ഷണം വിളമ്പും. നെയ്‌ച്‌ചോറ്, കോഴിക്കറി, മീൻ പൊരിച്ചത്, കോഴി നിറച്ചത്, ആവശ്യക്കാർക്ക് സാദാ ചോറും കറികളും. ഉച്ചയ്ക്കങ്ങനെ. വൈകുന്നേരം ചട്ടിപ്പത്തിരി, പഴം നിറച്ചത്, മുട്ട മറിച്ചത്, സമൂസ, വാഴക്കട. തീറ്റപ്രിയർ.

എൻ പി മുഹമ്മദിന്റെ ഇടിയങ്ങരയിലുള്ള വീട്ടിൽവച്ച് നടന്ന കോലായ ‐ ചായ കഴിഞ്ഞപ്പോൾ ഉറൂബിന്റെ ഉച്ചത്തിലുള്ള അറിയിപ്പ്: "കോലായ ഏത്‌ വീട്ടിൽ വെച്ച് നടന്നാലും ഭക്ഷണം മുഹമ്മദിന്റെ ഭാര്യവീട്ടിൽ നിന്ന്. മുഹമ്മദിന്റെ അമ്മായിയമ്മക്ക് പുതിയാപ്പിളയേം ചങ്ങാതിമാരേയും തീറ്റിച്ച് പൂതി തീർന്നിട്ടില്ല."


സാംസ്‌കാരിക കൂട്ടായ്മകളുടെ നഗരം


കോഴിക്കോട് നഗരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനകൾ വേറെയുമുണ്ട്. എൻ വി കൃഷ്ണവാരിയരുടെ നേതൃത്വത്തിൽ തുടങ്ങിയ ബുക്ക് ക്ലബ്‌, കല, കോഴിക്കോട് സാംസ്കാരിക വേദി, ബാങ്ക്മെൻസ് ക്ലബ്, നവതരംഗം, ബീറ്റൺ, എസ് കെ

എം എ റഹ്‌മാൻ സംവിധാനം ചെയ്‌ത ‘ബഷീർ ദ മാൻ’ ഡോക്യുമെന്ററി കോഴിക്കോട്‌ സംഗം തിയേറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ കാണാനെത്തിയ വി കെ എന്നും ബഷീറും ആർടിസ്‌റ്റ്‌ നമ്പൂതിരിയും ‐ ഫോട്ടോ: പി മുസ്‌തഫ

എം എ റഹ്‌മാൻ സംവിധാനം ചെയ്‌ത ‘ബഷീർ ദ മാൻ’ ഡോക്യുമെന്ററി കോഴിക്കോട്‌ സംഗം തിയേറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ കാണാനെത്തിയ വി കെ എന്നും ബഷീറും ആർടിസ്‌റ്റ്‌ നമ്പൂതിരിയും ‐ ഫോട്ടോ: പി മുസ്‌തഫ

സാംസ്‌കാരിക കേന്ദ്രം തുടങ്ങിയവയിൽ പലതും ഇപ്പോഴും സജീവം.

സംഗീതപ്രേമികൾക്ക് പത്തിലധികം സംഘങ്ങളുണ്ട്. അവയിൽ കർണാട്ടിക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ആസ്വദിക്കുന്നവർക്ക് പ്രത്യേകമായ കൂട്ടായ്മകളുണ്ട്. ബാബുരാജിന്റെയും കെ രാഘവന്റെയും ആരാധകരുടെ ഫൗണ്ടേഷനുകളുണ്ട്.

അതിനപ്പുറം മാളികയുടെ മുകളിൽ പാട്ടാസ്വദിക്കാൻ ഒത്തുചേരുന്ന മെഹ്ഫിൽ സംഘങ്ങളുണ്ട്. വിവാഹത്തലേന്ന് നടക്കുന്ന പാട്ടുകച്ചേരികൾ വർഷങ്ങളായി കൊണ്ടുനടക്കുന്ന ഒരനുഷ്ഠാനമാണ്. യേശുദാസും പി ജയചന്ദ്രനും മെഹ്ബൂബും കോഴിക്കോട് അബ്ദുൽ ഖാദറും ഉമ്പായിയും ബാബുരാജും സി എ അബൂബക്കറും സതീഷ് ബാബുവും സംഗീതത്താൽ പൊലിമ കൂട്ടിയ എത്ര കല്യാണ സദസ്സുകൾ കോഴിക്കോട്ട് നടന്നിരിക്കുന്നു! ഇന്ന് വി ടി മുരളിയുടെ നേതൃത്വത്തിൽ സജീവമായി നിലകൊള്ളുന്ന 'ലെറ്റസ് സിങ് ടുഗദർ' സംഘമുണ്ട്.

ഹിന്ദുസ്ഥാനി ശിക്ഷണം നേടി വേദിയിലെത്തിയ മഴ എസ് മുഹമ്മദും ബാബുരാജിന്റെ ഗാനങ്ങൾ പാടി പേരമകൾ നിമിഷ സലീമും ആസ്വാദകർക്ക് മുന്നിലെത്തിയിരിക്കുന്നു.

കോഴിക്കോട്ടും പരിസരങ്ങളിലുമുള്ള ഫിലിം സൊസൈറ്റികൾ എഴുപതുകൾ തൊട്ട് പുതിയ ഭാവുകത്വം വളർത്താൻ രംഗത്തുണ്ടായിരുന്നു. അശ്വിനി ഫിലിം സൊസൈറ്റിയിലൂടെ  ചെലവൂർ വേണുവിന്റെ സംഭാവനകൾ ഇക്കാര്യത്തിൽ മികച്ചതായിരുന്നു.

കോഴിക്കോട്ടും പരിസരങ്ങളിലുമുള്ള ഫിലിം സൊസൈറ്റികൾ എഴുപതുകൾ തൊട്ട് പുതിയ ഭാവുകത്വം വളർത്താൻ രംഗത്തുണ്ടായിരുന്നു. അശ്വിനി ഫിലിം സൊസൈറ്റിയിലൂടെ  ചെലവൂർ വേണുവിന്റെ സംഭാവനകൾ ഇക്കാര്യത്തിൽ മികച്ചതായിരുന്നു.

പിപാസ, ഒഡേസ തുടങ്ങിയ ഫിലിം സൊസൈറ്റികളും  രംഗത്തുണ്ടായിരുന്നു. കെ ജെ തോമസിന്റെ നേതൃത്വത്തിലുള്ള ബാങ്ക്മെൻസ് ഫിലിം ക്ലബ് സംഘാടനം കൊണ്ട് ധാരാളം ഫെസ്റ്റിവലുകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ലിറ്ററേച്ചർ ഫെസ്റ്റിവലുകൾക്ക് പുതിയ ദിശ തീരുമാനിക്കാൻ സച്ചിദാനന്ദനും രവി ഡി സിയും നേതൃത്വം നൽകുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് കഴിഞ്ഞിരിക്കുന്നു.

ജനകീയ പങ്കാളിത്തത്താൽ കെഎൽഎഫ് മാതൃകയായി മാറിയിരിക്കുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും കലാലയങ്ങളിലും അതിന്റെ അലയൊലികൾ മുദ്രണം ചാർത്തുന്നു.
പുസ്തകപ്രസാധക സംഘങ്ങളുടെ പാരമ്പര്യം പി കെ ബ്രദേഴ്‌സിൽനിന്നും കെ ആർ ബ്രദേഴ്‌സിൽനിന്നും തുടങ്ങുന്നു.

മാതൃഭൂമി ബുക്സ് കൂടുതൽ സജീവമായി മുൻപന്തിയിലുണ്ട്. മലയാളം പബ്ലിക്കേഷൻ, മൾബറി ബു‌ക്‌സ്‌‌ തുടങ്ങിയ പ്രസാധകർ അരങ്ങൊഴിഞ്ഞു. ഒലീവ് ബുക്‌സ് സവിശേഷ മുദ്ര പതിപ്പിക്കുന്നു. സമാന്തര പ്രസാധകരുടെ നഗരമാണിന്ന് കോഴിക്കോട്.

എഴുത്തുകാരികൾക്കും കോഴിക്കോട്ടൊരു കൂട്ടായ്മയുണ്ട്. ബി എം സുഹ്റ, ജാനമ്മ കുഞ്ഞുണ്ണി, ഡോ. മിനി പ്രസാദ്, ഷാഹിന കെ റഫീഖ്, ഷീല ടോമി, ജിസ ജോസ് തുടങ്ങിയവർ കൂട്ടായ്മയിലുണ്ട്. ചർച്ചകളും യാത്രകളും സജീവം. കൂട്ടായ്മയുടെ പേര്: 'ശബ്ദം'. സാർഥകമായ ശബ്ദം കോഴിക്കോട് തുടർന്നുകൊണ്ടിരിക്കുന്നു.

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top