21 December Saturday
മധ്യകാലങ്ങളിലെ എഴുത്തുലോകങ്ങൾ

എഴുത്തുശാലകളുടെ നഗരം

മഹ്‌മൂദ് കൂരിയUpdated: Thursday Aug 1, 2024

ഓലക്കുട കയ്യിലേന്തിയ ബ്രാഹ്‌മണർ: 19ാം നൂറ്റാണ്ടിലെ വിവിധ തൊഴിൽ വിഭാഗങ്ങളെ ചിത്രീകരിക്കുന്ന ബ്രിട്ടീഷ്‌ ലൈബ്രറിയിലെ ശേഖരത്തിൽ നിന്ന്‌

 

കൊട്ടാരത്തിലും പുറത്തുമായി ഭരണവ്യവസ്ഥയുടെ ഭാഗമല്ലാതെയും മധ്യകാലങ്ങളിൽ നിരവധി പേർ എഴുത്ത് പ്രധാന വരുമാനമാർഗമായി സ്വീകരിച്ചിരുന്നു. പല പരമ്പരാഗത തറവാടുകളിലും ക്ഷേത്രങ്ങളിലും താളിയോല ഗ്രന്ഥങ്ങളുടെ വലിയ ശേഖരങ്ങളുണ്ടായിരുന്നു.

 വലിയൊരു വിരോധാഭാസം ഇതാണ്: പഴയ കാലങ്ങളിലെ എഴുത്തുകുത്തുകളെ അടിസ്ഥാനമാക്കിയാണ് ചരിത്രം മുഴുക്കെയും എഴുതപ്പെടുന്നതെങ്കിലും എഴുത്തുകാരോ എഴുത്തുപുരകളോ ഇതുവരെയുള്ള കേരളത്തിന്റെ ചരിത്രത്തിൽ അന്വേഷണവിധേയമായിട്ടില്ല.

എഴുത്തുകാർ എന്നതുകൊണ്ട് ഗ്രന്ഥകർത്താക്കളെയോ രചയിതാക്കളെയോ അല്ല ഉദ്ദേശിക്കുന്നത്. പുസ്തകങ്ങളും രേഖകളും ഓലകളിലും താളുകളിലും മരങ്ങളിലും ശിലകളിലും പകർത്തുന്ന,  അക്ഷരാർഥത്തിൽ എഴുത്ത് ഉപജീവനമാർഗമായി സ്വീകരിച്ചവരെയാണ്.

എഴുത്താളികൾ, കണക്കപ്പിള്ളമാർ, പകർത്തിയെഴുത്തുകാർ തുടങ്ങി പല പേരുകളിലും അവരെ തൊഴിൽപരമായി വിശേഷിപ്പിക്കാം. പലരും സ്വതന്ത്രമായി വീട്ടിൽ വെച്ചോ ആവശ്യമുള്ള സ്ഥലങ്ങളിൽ പോയി കൊത്തിയെഴുതിയോ ആണ് ജീവിച്ചിരുന്നതെങ്കിലും വലിയ തോതിലുള്ള എഴുത്തുപുരകളിൽ ഭരണകൂടങ്ങൾക്കും മുതലാളിമാർക്കും കീഴിൽ ജോലി ചെയ്യുന്നവരുമുണ്ടായിരുന്നു.

ആധുനികപൂർവ കേരളത്തിന്റെ വലിയ ചരിത്രസ്രോതസ്സുകളായ ഗ്രന്ഥവരികൾ (ഒരുപക്ഷേ ശിലാലിഖിതങ്ങളും) എഴുതപ്പെട്ടിരുന്നത് ഇത്തരം എഴുത്തുശാലകളിലായിരുന്നു. മധ്യകാലങ്ങളിൽ കോഴിക്കോട്ട് നിലനിന്നിരുന്ന ഏതാനും എഴുത്തുശാലകളെക്കുറിച്ചുള്ള ഹ്രസ്വമായ അന്വേഷണമാണ് ഈ ലേഖനം.

സാഹിത്യത്തിനും ബൗദ്ധിക ചർച്ചകൾക്കും നൂറ്റാണ്ടുകളായി പ്രാമുഖ്യം നൽകിയിരുന്ന കോഴിക്കോട് നഗരത്തിൽ എഴുത്തു തന്നെ വലിയൊരു കലയും തൊഴിലും സംവിധാനവുമായിരുന്നു. ഇന്ന് സാഹിത്യോത്സവങ്ങൾ നഗരത്തിൽ വലിയ പ്രതീതികൾ സൃഷ്ടിക്കുന്നുവെങ്കിൽ അതിന് സമാനമായ മധ്യകാലങ്ങളിലെ സാഹിത്യോത്സവങ്ങളായിരുന്നു രേവതി പട്ടത്താനങ്ങൾ.

കോഴിക്കോട്‌ ഗുജറാത്തി സ്‌ട്രീറ്റ്‌

കോഴിക്കോട്‌ ഗുജറാത്തി സ്‌ട്രീറ്റ്‌

സാമൂതിരിയുടെ മേൽനോട്ടത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖരായ പണ്ഡിതർ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഉത്സവങ്ങളിൽ പങ്കെടുത്ത്‌  വ്യാകരണം, വേദാന്തം, പ്രഭാകരമീമാംസ, ഭട്ടമീമാംസ എന്നിങ്ങനെ വിവിധ മേഖലകളിൽ വാദപ്രതിവാദങ്ങളും ചർച്ചകളും നടത്തിയിരുന്നത് പ്രസിദ്ധമാണല്ലോ. രേവതിപട്ടത്താനങ്ങളുടെ ചുവടുപിടിച്ചും അല്ലാതെയും എഴുത്തുതന്നെ ഒരു ആഘോഷമായിരുന്നു കോഴിക്കോട് നഗരത്തിന്റെ ദൈനംദിനജീവിതത്തിൽ.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ നഗരം സന്ദർശിച്ച പല യൂറോപ്യരും അത്ഭുതം കൂറിയിരുന്നത് നഗരത്തിലും കൊട്ടാരത്തിലുമായി സ്ഥിതിചെയ്തിരുന്ന വലിയ വലിയ എഴുത്തുപുരകളും അതിൽ തൊഴിൽ ചെയ്തിരുന്ന അനേകം എഴുത്താളികളെയും കണ്ടായിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാറിൽ ഒരുപാടുകാലം പോർച്ചുഗീസുകാർക്ക് വേണ്ടി എഴുത്തുകാരനായി (escrivao de feitor) ജോലി ചെയ്തിരുന്ന ദുവർത്തെ ബർബോസ പിന്നീട് സ്വന്തമായി രചിച്ച വിശദമായ പഠനത്തിൽ സാമൂതിരി രാജാവിന്റെ എഴുത്തുകാരെക്കുറിച്ച് പറയുന്നതിതാണ്:

ദ് ലവാലിന്റെ യാത്രകളുടെ റൂട്ട് മാപ്പ് ‐ പതിനേഴാം നൂറ്റാണ്ടിൽ പിയറി ദുവാൽ  എന്ന ഫ്രഞ്ച് കാർട്ടോഗ്രാഫർ ഉണ്ടാക്കിയത്

ദ് ലവാലിന്റെ യാത്രകളുടെ റൂട്ട് മാപ്പ് ‐ പതിനേഴാം നൂറ്റാണ്ടിൽ പിയറി ദുവാൽ എന്ന ഫ്രഞ്ച് കാർട്ടോഗ്രാഫർ ഉണ്ടാക്കിയത്

“കോഴിക്കോട് രാജാവിന് കൊട്ടാരത്തിൽ എപ്പോഴും നിരവധി എഴുത്തുകാരുണ്ട്. രാജാവുമായി ബന്ധപ്പെടുന്ന കാര്യങ്ങളെല്ലാം അവർ രേഖപ്പെടുത്തുന്നു. നായർ പടയാളികൾക്ക് അദ്ദേഹം നൽകുന്ന ശമ്പളം, അദ്ദേഹത്തിന്റെ മുമ്പിൽ പരാതികളുമായി എത്തുന്ന ആളുകളുടെ വിവരങ്ങൾ, തന്റെ നികുതിപിരിവുകാരുടെ വരവുചെലവ് കണക്കുകൾ, തുടങ്ങി എല്ലാം...”1  ഒരു നൂറ്റാണ്ടിനു ശേഷം കോഴിക്കോട്ടെത്തിയ ഫ്രഞ്ച് നാവികനായ ഫ്രാൻസ്വാ പൈറാർഡ് ദ് ലെവാൽ നഗരത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും നൽകുന്ന വളരെ ഊഷ്‌മളമായ വിവരണങ്ങളുടെ ഭാഗമായി എഴുത്തുശാലകളെക്കുറിച്ചും സമാനമായ നിരീക്ഷണം നടത്തുന്നുണ്ട്.

1602 നും 1607 നുമിടയിൽ മാലിദ്വീപിൽ തടവുപുള്ളിയായി കഴിഞ്ഞ അദ്ദേഹം ദ്വീപിന്റെ തലസ്ഥാനനഗരം ബംഗാൾ ആക്രമിച്ചപ്പോഴുണ്ടായ കോലാഹലങ്ങൾക്കിടെ രക്ഷപ്പെട്ട് ബംഗാളിലും ലക്ഷദ്വീപിലും യാത്ര ചെയ്താണ് കോഴിക്കോട്ടെത്തുന്നത്. പോർച്ചുഗീസുകാരുടെ എതിരാളികളായ ഡച്ചുകാരെ അന്വേഷിച്ച് മലബാറിലെത്തിയ ഫ്രഞ്ചുകാരനായ അദ്ദേഹത്തിന് കോഴിക്കോട്ട് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.

എട്ട് മാസത്തിലധികം നഗരത്തിലും പരിസരങ്ങളിലും ജീവിച്ച അദ്ദേഹം പലതവണ കൊട്ടാരം സന്ദർശിക്കുകയും രാജാവിനെയും രാജകുടുംബാംഗങ്ങളെയും കാണുകയും ചെയ്തിരുന്നു. കൊട്ടാരത്തിലെ വിവിധ കെട്ടിടങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ അദ്ദേഹം എഴുതുന്നു:

“(ആയുധപ്പുരയിൽ നിന്ന് ഒരൽപം അകലെ) മറ്റൊരു കൂട്ടം കെട്ടിടങ്ങളുണ്ട്, രാജാവിന്റെ സെക്രട്ടറിക്കും എഴുത്തുകാരനും എല്ലാ രേഖകളും സൂക്ഷിക്കാനായി അനുവദിച്ചവ. അവയുടെ ക്രമവും വ്യവസ്ഥയും ശരിക്കും അതിശയകരമാണ്. അവിടെ നിരവധി ആളുകൾക്ക് എഴുതലും രേഖപ്പെടുത്തലുമല്ലാതെ വേറെ യാതൊരു ജോലിയും ഉത്തരവാദിത്തവുമില്ലാത്തത് കാണുമ്പോഴൊക്കെ ഞാൻ നിരന്തരം അത്ഭുതപ്പെടാറുണ്ട്. അവർക്ക് കിട്ടിയ ഈ സ്ഥാനങ്ങൾ ഏറെ ബഹുമാനിക്കപ്പെടുന്നവയാണ്. ഗുമസ്തരെല്ലാം കൊട്ടാരത്തിലാണ് താമസിക്കുക, പക്ഷേ വ്യത്യസ്ത അപ്പാർട്‌മെന്റുകളിലായി. അവർക്കെല്ലാം വ്യത്യസ്ത ഉത്തരവാദിത്തങ്ങളുണ്ട്. ചിലർ രാജാവിനായി വരുന്ന ചരക്കുകളെക്കുറിച്ചെഴുതുന്നു, ചിലർ ദിനേന അടയ്ക്കപ്പെടുന്ന നികുതികളും ബാധ്യതകളും. മറ്റുചിലർ രാജകുടുംബത്തിന്റെ ചെലവുകൾ, വേറെ ചിലർ കൊട്ടാരത്തിനകത്തും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്ന ഓരോ ദിവസത്തെയും പ്രധാന സംഭവങ്ങൾ... ചുരുക്കത്തിൽ, എല്ലാ വാർത്തകളും രാജാവിനായി രേഖപ്പെടുത്തപ്പെടുന്നു. ഓരോ എഴുത്തുകാരനും സ്വന്തം (ഓഫിസ്) മുറികളുണ്ട്. ഇതിനെല്ലാം പുറമെ രാജ്യത്തു വരുന്ന ഓരോ വിദേശിയുടെയും പേരും നാടും വന്ന സമയവും വരവിന്റെ ലക്ഷ്യവുമെല്ലാം അവർ രേഖപ്പെടുത്തുന്നുണ്ട്.

ദ് ലവാലിന്റെ പുസ്‌തകത്തിൽ നിന്ന്‌

ദ് ലവാലിന്റെ പുസ്‌തകത്തിൽ നിന്ന്‌

ഞങ്ങളുടേതും അവർ ഇതുപോലെ രേഖപ്പെടുത്തിയിരുന്നു. കണ്ടിരിക്കാൻ തന്നെ എന്തൊരു അത്ഭുതകരമാണ് അവരുടെ എണ്ണവും അവർക്കിടയിൽ നിലനിൽക്കുന്ന സുന്ദരമായ ക്രമവും. എത്ര പെട്ടെന്നാണ് അവർ പനയോലകളിൽ എഴുതുന്നത്.” 2

ആർക്കൈവൽ സയൻസ് ഒരു വികസിത ജ്ഞാനമേഖലയായി യൂറോപ്യൻ രാജ്യങ്ങളിൽ പതിറ്റാണ്ടുകളായി പഠിപ്പിക്കപ്പെടുമ്പോഴെല്ലാം അതിന്റെ അടിസ്ഥാന പരികൽപനകളിലൊന്ന് യൂറോപ്പിതര രാജ്യങ്ങളിൽ ആധുനികതയും കൊളോണിയലിസവും എത്തുന്നതിനു മുമ്പ് തദ്ദേശീയമായ രേഖകൾ വ്യവസ്ഥാപിതമായി സൂക്ഷിക്കുന്ന സമ്പ്രദായങ്ങൾ അവിടങ്ങളിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നാണ്.

അത്തരം ധാരണകളെ സമൂലം നിരാകരിക്കുന്നതാണ് ദ് ലെവാലിന്റെ കോഴിക്കോട്ടുനിന്നുള്ള ഈ നിരീക്ഷണങ്ങൾ. ഒരു ഫ്രഞ്ച് ബൂർഷ്വാ കുടുംബത്തിൽ ജനിച്ചു വളർന്ന ഇദ്ദേഹത്തെ അത്യധികം ആകർഷിക്കാൻ മാത്രം കോഴിക്കോട്ടെ എഴുത്തുശാലകൾ പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ വികസിച്ചിരുന്നുവെങ്കിൽ അവയുടെ ക്രമവും സംവിധാനവും നമുക്ക് ഊഹിക്കാവുന്നതിലപ്പുറമാണ്.

നാലു നൂറ്റാണ്ടുകൾക്കിപ്പുറം കോഴിക്കോട്ടെ റീജ്യണൽ ആർക്കൈവ്സ് സന്ദർശിക്കുന്ന സമയത്ത് ഈ ഉദ്ധരണി മനസ്സിൽ സൂക്ഷിച്ചാൽ എങ്ങനെയാണ് പഴയ കോഴിക്കോടിന്റെ അത്യുന്നത സംവിധാനങ്ങൾ നമുക്ക് അന്യമായത് എന്ന് തിരിച്ചറിവുണ്ടായേക്കാം. നിലവിലെ അവസ്ഥകൾ മാറ്റി മുന്നോട്ട് പോകാനാവുന്നില്ലെങ്കിൽ പഴയ സംവിധാനങ്ങളിലേക്ക് തിരികെ പോകാനെങ്കിലും നമുക്ക് സാധിച്ചിരുന്നെങ്കിലെന്ന് ആശിച്ചേക്കാം.

കോഴിക്കോട്‌ നഗരത്തിലെ  മാനാഞ്ചിറയുടെ ആദ്യകാല ദൃശ്യം

കോഴിക്കോട്‌ നഗരത്തിലെ മാനാഞ്ചിറയുടെ ആദ്യകാല ദൃശ്യം

കൊട്ടാരത്തിലെ വിശേഷാവകാശങ്ങളുള്ള എഴുത്തുശാലകൾ മാത്രമായിരുന്നില്ല ഇതുപോലെ രേഖകൾ ഉത്പാദിപ്പിക്കുന്നതിലും സൂക്ഷിക്കുന്നതിലും മികവു പുലർത്തിയിരുന്നത് എന്ന് ദ് ലെവാൽ അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു: “ഇതുപോലുള്ള എഴുത്തുകാർ എല്ലാ നഗരങ്ങളിലും തുറമുഖങ്ങളിലും ഹാർബറുകളിലും തന്റെ രാജ്യത്തേക്കുള്ള ഓരോ പ്രവേശനവഴികളിലും (കോഴിക്കോട്) രാജാവിനുണ്ട്. അവരെല്ലാം തങ്ങളുടെ റിപ്പോർട്ടുകൾ കൊട്ടാരത്തിലുള്ളവർക്ക്‌ അയക്കുന്നു. വളരെ ക്രമമായി ഇതെല്ലാം നടക്കുന്നു, ഓരോരുത്തരും പരസ്പരം അനുസരിച്ചും, തങ്ങളുടേതായ മേലധികാരികളുടെ കീഴിലുമായി. മലബാർ തീരത്ത് മുഴുക്കെയും ഒരേ രീതിയിലുള്ള എഴുത്തുരീതിയും ഒരേ വ്യവസ്ഥിതിയുമാണ്”. 3

ബർബോസയുടെ പുസ്‌തകത്തിൽ നിന്ന്‌

ബർബോസയുടെ പുസ്‌തകത്തിൽ നിന്ന്‌

ദ് ലെവാലിന്റെ കാലമായപ്പോഴേക്കും കോഴിക്കോട്ടെ എഴുത്തുശാലകളും അനുബന്ധ സമ്പ്രദായങ്ങളും ഇത്ര വികസിതമായിരുന്നുവെങ്കിൽ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബർബോസ തരുന്ന വിവരണമനുസരിച്ച് അവ അത്ര വിപുലമായിരുന്നില്ല. അദ്ദേഹമെഴുതുന്നത് ഇത്രമാത്രമാണ്: “കോഴിക്കോട് രാജാവ് തന്റെ കീഴിൽ അനവധി എഴുത്തുകാരെ കൊട്ടാരത്തിൽ നിയമിച്ചിരുന്നു. അദ്ദേഹത്തിൽനിന്ന് അകലെയായി അവർ എപ്പോഴും കൊട്ടാരത്തിൽ ഇരിക്കുമായിരുന്നു. ഉയർത്തിയ ഒരു പീഠത്തിലിരുന്നാണ് അവർ എഴുതിയിരുന്നത്. രാജാവിന്റെ വരവുചെലവ് കണക്കുകളും നീതിവ്യവഹാരങ്ങളും രാജ്യത്തിന്റെ ഭരണവ്യവഹാരങ്ങളുമെല്ലാം അവർ രേഖപ്പെടുത്തിയിരുന്നു”.4

എഴുത്തുകാർക്ക് സ്വന്തമായി കെട്ടിടങ്ങളും പാർപ്പിടങ്ങളും ഓഫീസുകളും റെക്കോർഡ് റൂമുകളുമെല്ലാം ഉണ്ടെന്ന് ദ്‌ ലെവാൽ പറയുമ്പോൾ വലിയ വ്യവസ്ഥാപിതമായ ഒരു എഴുത്തു സംവിധാനമാണ് നമുക്ക് മുന്നിൽ തെളിയുന്നത്. എന്നാൽ ബർബോസയുടെ വിവരണമനുസരിച്ച് കൊട്ടാരത്തിന്റെ ഒരു മൂലയിൽ വിശിഷ്ട സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു ഗുമസ്തവൃന്ദം മാത്രമാണ് അവർ.

രണ്ട് എഴുത്തുകാർക്കുമിടയിൽ നൂറ് വർഷത്തിന്റെ വ്യത്യാസമുണ്ട് എന്നതിനാൽത്തന്നെ കാലക്രമേണ വന്ന വികാസമാകാം ഇത് എന്ന് നമുക്ക് പ്രത്യക്ഷത്തിൽ കരുതാവുന്നതാണ്. അതേസമയം, ഒരുപക്ഷേ, പോർച്ചുഗീസ് വിരുദ്ധനായിരുന്ന, ഫ്രഞ്ചുകാരനായ ദ് ലെവാലിന് കൊട്ടാരത്തിനകത്തേക്ക് പലപ്പോഴായി പ്രവേശനം കിട്ടിയിരുന്നതുപോലെ പോർച്ചുഗീസുകാരനായ ബർബോസക്ക് അനുമതിയില്ലാത്തതിനാൽ അദ്ദേഹത്തിന് കിട്ടിയ വിവരങ്ങൾ പരിമിതമായിരിക്കാം.

അതുകൊണ്ടുകൂടിയായിരിക്കാം ബർബോസയുടേത് വളരെ ശോഷിതമായ വിവരണമായത്. മറ്റുള്ളവർ പറഞ്ഞത് കേട്ടും അപൂർവമായി രാജാവ് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോഴോ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴോ കണ്ടതുമായ എഴുത്തുകാരെ മുൻനിർത്തിയുള്ള നിരീക്ഷണങ്ങളാകാം അദ്ദേഹത്തിന്റേത്.

“ഈ എഴുത്തുകാർ പോകുന്നയിടങ്ങളിലെല്ലാം തങ്ങൾ എഴുതിയ ഓലകൾ കക്ഷത്തിൽ വെച്ചാണ് നടക്കുക. കൈയിൽ ഇരുമ്പാണിയുമുണ്ടാകും. ഇത് രണ്ടും കണ്ടാൽ അവരെ വേഗം തിരിച്ചറിയാം. പുറമെ, ഏഴോ എട്ടോ വേറെ എഴുത്തുകാരുമുണ്ട്, രാജാവിന്റെ പ്രൈവറ്റ് എഴുത്തുകാർ. വലിയ സ്ഥാനവും ബഹുമാനവുമാണ് അവർക്ക്. അവർ എപ്പോഴും രാജാവിന് മുമ്പിൽ തങ്ങളുടെ എഴുത്താണികൾ കൈയിലും ഓലക്കെട്ടുകൾ കക്ഷത്തിലുമായി നിൽക്കും”. 5 രാജാവ് എന്തു പറയുന്നുവോ അത് ഉടനടി എഴുതാൻ തയ്യാറായി. രാജകൽപനകളും നിർദേശങ്ങളും സന്ദേശങ്ങളും അവർ എങ്ങനെയാണ് എഴുതിയിരുന്നത് എന്ന് അദ്ദേഹം തുടർന്ന് എഴുതുന്നുണ്ട്.

പേപ്പറിന് പകരം കരിമ്പനയുടെയും കുടപ്പനയുടെയും ഓലകളിൽ നിന്നുണ്ടാക്കുന്ന താളിയോലകളാണ് തദ്ദേശീയരായ എഴുത്തുകാർ അധികവും ഉപയോഗിച്ചിരുന്നത്. പ്രദേശം സന്ദർശിച്ച നിരവധി സഞ്ചാരികളെ ആകർഷിച്ച ഒരു ഘടകമായിരുന്നു ഈ എഴുത്തുപ്രതലവും എഴുത്താണിയും എഴുത്തുരീതികളുമെല്ലാം.

ദ് ലെവാൽ എഴുതുന്നു: “മലബാറിൽ മുഴുക്കെ പ്രചാരത്തിലുള്ള ഭാഷയെ സംബന്ധിച്ച് പറയുകയാണെങ്കിൽ, അവർക്ക് അവരുടെ സ്വന്തമായ ഭാഷയും ലിപിയും അക്ഷരങ്ങളുമുണ്ട്.

സാമൂതിരിയുടെ കാലത്തെ താളിയോല

സാമൂതിരിയുടെ കാലത്തെ താളിയോല

ഇരുമ്പ് കൊണ്ടുള്ള എഴുത്താണികൾ (iron bodkins)  ഉപയോഗിച്ച് മഞ്ഞ നിറത്തിലുള്ള നല്ല കട്ടിയുള്ള, ഈട് നിൽക്കുന്ന പനയോലയിലാണ് (താളിയോല) അവർ എഴുതുക. അതുമാത്രമാണ് കോഴിക്കോട് രാജ്യത്തും നഗരത്തിലും ജനങ്ങൾക്കിടയിലും എനിക്ക് കാണാനായത്.” 6 അദ്ദേഹത്തിന്‌  മുമ്പ് ബർബോസയും ഇക്കാര്യം എഴുതിയിട്ടുണ്ട്: “നീണ്ട്, ഉറപ്പുള്ള പനയോലകളിലാണ് അവർ എഴുതുന്നത്. മഷിയില്ലാതെ, ഒരു ഇരുമ്പാണി ഉപയോഗിച്ച്. തങ്ങളുടെ കൈയക്ഷരം കൊണ്ട് ഓലയിൽ വെട്ടി നമ്മുടേത് പോലെയുള്ള അടയാളങ്ങൾ നേർരേഖകളിലായി ഉണ്ടാക്കുന്നതാണ് അവരുടെ എഴുത്തുരീതി.” 7 യൂറോപ്യരായ തന്റെ അനുവാചകർക്ക് പനയോലകളും താളിയോലഗ്രന്ഥങ്ങളും പരിചയെപ്പടുത്തി ദ് ലെവാൽ എഴുതുന്നു: “അവയ്ക്ക് (പനയോലകൾക്ക്) തെങ്ങോലകളുടെ അതേ നീളവും വീതിയുമാണ്, പക്ഷേ കൂടുതൽ കനവും കട്ടിയുമുണ്ട്. അവ ചേർത്തുവെച്ച് ഒരു പ്രത്യേകതരം പുസ്തകം അവർ ഉണ്ടാക്കുന്നു, ഓലകളുടെ കട്ടിയുള്ള അറ്റങ്ങളിൽ ഒരു തുളയുണ്ടാക്കി, അതിലൂടെ അവർ ഒരു നൂലിട്ട് ആവശ്യമുള്ള അത്ര എണ്ണങ്ങൾ ചേർത്തുവെച്ച്.” 8 മുന്തിയയിനം പനയോലകൾ വീടുകൾ മേയാനും കുടയുണ്ടാക്കാനും ഉപയോഗിച്ചപ്പോൾ താഴ്‌ന്നതരം പനയോലകളാണ് തദ്ദേശീയർ എഴുതാൻ കടലാസിന്റെ സ്ഥാനത്ത് ഉപയോഗിച്ചതെന്ന് ബർബോസ കുറിക്കുന്നു.9

ഇവർ രണ്ടുപേരും എഴുതുന്നത് അക്കാലത്ത് കേരളത്തിൽ എല്ലാവർക്കും സുപരിചിതവും എന്നാൽ അന്ന് കേരളത്തിനു പുറത്തെന്നപോലെ ഇന്ന് അകത്തും അപരിചിതവുമായ താളിയോലയെഴുത്ത് രീതികളാണ്. ഇരുമ്പുകൊണ്ടുള്ള എഴുത്താണിക്ക് നാരായം എന്നായിരുന്നു പൊതുവെ പറഞ്ഞിരുന്ന മറ്റൊരു പേര്.

കെട്ടിയ ഓലകളെ ചുരുണ എന്നും ചുരുണയുടെ ഇരുവശത്തും അകത്തെ താളിയോലകളെ സംരക്ഷിക്കാനായി പുറംചട്ടകളായി ചെറിയ മരപ്പലകൾ വെക്കുന്നതിനെ ഏട്ടുകമ്പ് എന്നുമാണ് പറയുന്നത്. ഓലകളും ഏട്ടുകമ്പുകളും വട്ടുളികൊണ്ട് തുളച്ച് എല്ലാം അയഞ്ഞ ചരടുകളിൽ കോർക്കുന്നതായിരുന്നു ബൈൻഡിങ്‌ രീതി.

കൊട്ടാരത്തിലും പുറത്തുമായി ഭരണവ്യവസ്ഥയുടെ ഭാഗമല്ലാതെയും മധ്യകാലങ്ങളിൽ നിരവധി പേർ എഴുത്ത് പ്രധാന വരുമാനമാർഗമായി സ്വീകരിച്ചിരുന്നു. പല പരമ്പരാഗത തറവാടുകളിലും ക്ഷേത്രങ്ങളിലും താളിയോലഗ്രന്ഥങ്ങളുടെ വലിയ ശേഖരങ്ങളുണ്ടായിരുന്നു. അവയുമായി ബന്ധപ്പെട്ടോ അല്ലാതെയോ നിരവധി എഴുത്തുശാലകളുമുണ്ടായിരുന്നു.

കൊട്ടാരങ്ങളിലേതിന് സമാനമായി ക്ഷേത്രങ്ങളിൽ വരവുചെലവ് കണക്കുകളും ദൈനംദിന വിവരങ്ങളും സൂക്ഷിക്കന്നതിന്റെ പ്രത്യേക പേരു തന്നെ ‘എഴുതിത്തീരുവ’ എന്നായിരുന്നു.

കോഴിക്കോട്ടെയും മലബാറിലെയും നിരവധി താളിയോല ഗ്രന്ഥങ്ങൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ഡോ. സുധാ ഗോപാലകൃഷ്ണന്റെയും മറ്റും നേതൃത്വത്തിൽ ബ്രിട്ടീഷ് ലൈബ്രറിയുടെ എൻഡെയ്ഞ്ചേർഡ് ആർക്കൈവ്സ് പ്രോഗ്രാമിന്റെ ഫണ്ടിങ്ങോടെ ഡിജിറ്റൈസ് ചെയ്ത് പൊതുസഞ്ചയങ്ങളിൽ ലഭ്യമാണ്.

അവ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ പ്രാദേശികമായി നിലനിന്നിരുന്ന എഴുത്തുശാലകൾ തമ്മിലുള്ള പാരസ്പര്യവും എഴുത്തുരീതികളിലെ വൈവിധ്യങ്ങളും നമുക്ക് മനസ്സിലാക്കാം.

മലബാർ തീരം മുഴുക്കെയും ഒരേ രീതിയിലുള്ള എഴുത്തുരീതികളും വ്യവസ്ഥയുമാണ് നിലനിന്നിരുന്നത് എന്ന ദ് ലെവാലിന്റെ നിരീക്ഷണം ശരിയല്ല. ഒരുപക്ഷേ, രാജാവിന്റെ കീഴിലുള്ള എഴുത്തുശാലകളും എഴുത്തുദ്യോഗസ്ഥരും പിന്തുടർന്നിരുന്നത് ഒരേ രീതികളായിരിക്കാം.

മലബാർ തീരം മുഴുക്കെയും ഒരേ രീതിയിലുള്ള എഴുത്തുരീതികളും വ്യവസ്ഥയുമാണ് നിലനിന്നിരുന്നത് എന്ന ദ് ലെവാലിന്റെ നിരീക്ഷണം ശരിയല്ല. ഒരുപക്ഷേ, രാജാവിന്റെ കീഴിലുള്ള എഴുത്തുശാലകളും എഴുത്തുദ്യോഗസ്ഥരും പിന്തുടർന്നിരുന്നത് ഒരേ രീതികളായിരിക്കാം. എന്നാൽ, കോഴിക്കോട്ടും പരിസരങ്ങളിലും വളരെ വിഭിന്നമായ രചനാരീതികൾ നിലനിന്നിരുന്നു.

ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനവും ഇന്നും ഏറെക്കുറെ കേടുപറ്റാതെ നിലനിൽക്കുന്നതുമായ ഒരു സാക്ഷ്യമാണ് കോഴിക്കോട് മിഷ്‌കാൽ പള്ളിയിലെ ഗ്രന്ഥശേഖരം. കോഴിക്കോട്ടെ കൊട്ടാരങ്ങളിലെയും അമ്പലങ്ങളിലെയും മിക്കവാറും രചനകളെല്ലാം കാലക്രമേണ ക്ഷയിച്ചുപോയെങ്കിലും ഇപ്പോഴും വലിയ കേടുപാടുകളില്ലാതെ നിൽക്കുന്നതാണ് ഇവിടത്തെ അപൂർവ ശേഖരം.

കോഴിക്കോട്‌ ബീച്ചിലെ ലൈറ്റ്‌ഹൗസ്‌

കോഴിക്കോട്‌ ബീച്ചിലെ ലൈറ്റ്‌ഹൗസ്‌

പതിനഞ്ചാം നൂറ്റാണ്ട് മുതൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളുള്ള ഈ ശേഖരത്തിലെ നല്ലൊരു ശതമാനം രചനകളും പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ നിന്നാണ്. മഷിയുപയോഗിച്ച്, കടലാസിൽ, കൂർപ്പിച്ച മുളന്തണ്ടുകൊണ്ട് എഴുതുന്നതാണ് അറബിരചനകളുടെ രീതി.പുസ്തകങ്ങൾ പകർത്തിയെഴുതുന്നതിന്റെ കീഴ്‌വഴക്കങ്ങളും ആചാരക്രമങ്ങളും അവയ്ക്ക് ഉപയോഗിക്കുന്ന മഷി, പ്രതലങ്ങൾ, എഴുതിക്കഴിഞ്ഞ ഗ്രന്ഥങ്ങൾ, സൂക്ഷിക്കേണ്ടതിന്റെ ക്രമങ്ങൾ തുടങ്ങിയവയും വിശദമായി ചർച്ച ചെയ്യുന്ന ഏതാനും അറബി കൃതികൾ കോഴിക്കോട്ടെ ചോമ്പാലിലും മലപ്പുറത്തെ പൊന്നാനിയിലുമായി പതിനാറാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ നിന്നുള്ളവ ഇന്ന് നമുക്ക് ലഭ്യമാണ്.10  അത്തരം ചിട്ടവട്ടങ്ങൾ ഏറെക്കുറെ അനുധാവനം ചെയ്തതാണ് മിഷ്‌കാൽ പള്ളിയിലെ അമൂല്യമായ അറിവിൻനിധി.

ഏറെക്കുറെ ഇതേ രീതിയാണ് ഇക്കാലങ്ങളിൽ കേരളത്തിൽനിന്ന് ലഭ്യമായ സുറിയാനി, ഹിബ്രു ഭാഷകളിലെ രചനകളടെയും അടിസ്ഥാനം. മുളന്തണ്ടിന് പകരം തൂവലും മറ്റും ഈ ഭാഷകളിലുള്ള എഴുത്തുകളിലും സമകാലികമായ യൂറോപ്യൻ രചനാരീതികളിലും കാണാം.

കോഴിക്കോട് നഗരത്തിൽ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ തദ്ദേശീയരും യൂറോപ്യരുമായ ക്രിസ്ത്യാനികളും ജൂതരും ജീവിച്ചിരുന്നുവെന്നും സ്വന്തമായ പള്ളികളും പള്ളിക്കൂടങ്ങളും അവർക്കുണ്ടായിരുന്നുവെന്നും നമുക്ക് വ്യത്യസ്ത പ്രമാണങ്ങളിൽനിന്ന് കാണാം.

അവർ നഗരത്തിൽ വെച്ച് എഴുതിയതെന്ന്‌ ഉറപ്പിച്ചു പറയാവുന്ന രചനകൾ നേരിട്ടിതുവരെ കണ്ടിട്ടില്ലെങ്കിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ലഭ്യമായ ക്രിസ്തീയ ജൂത കൈയെഴുത്തുരീതികളിൽ നിന്ന് വിഭിന്നമായിരിക്കില്ല കോഴിക്കോട്ടുണ്ടായിരുന്നവരുടേത് എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്.

കോഴിക്കോട്ടും പരിസരങ്ങളിലുമായി പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട മലയാളം, തമിഴ്, സംസ്‌കൃതം രേഖകളിലെല്ലാം താളിയോലകൾ മാത്രമാണ് ഉപയോഗിക്കുന്നത് (അപൂർവം ചില അവസരങ്ങളിൽ താളിയോലയുടെ ആകൃതിയിൽ രൂപപ്പെടുത്തിയ സ്വർണം, വെള്ളി, ചെമ്പ് തകിടുകളിലും കാണാം.

ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന, സാമൂതിരി ഡച്ചുകാരുമായി പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടത്തിയ ഉടമ്പടിയുടെ സ്വർണത്തിലുള്ള ഓല

ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന, സാമൂതിരി ഡച്ചുകാരുമായി പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടത്തിയ ഉടമ്പടിയുടെ സ്വർണത്തിലുള്ള ഓല

1690കളിൽ സാമൂതിരി രാജാവ് ഡച്ചുകാരുമായി നടത്തിയ ഉടമ്പടി ‘സ്വർണത്താളിയോല’യിലാണ് എഴുതിച്ചതെങ്കിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ഉടമ്പടി വെള്ളിയിലാണ്. രണ്ടും ഇന്ന് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു). എന്നാൽ ഇതേ കാലങ്ങളിൽ മലബാറിൽ നിന്ന് ലഭ്യമായ അറബി, സുറിയാനി, ഹിബ്രു, യൂറോപ്യൻ ഭാഷകളിലുള്ള രചനകൾ ഏറെക്കുറെ മുഴുവനായും പേപ്പറിലാണ്.

ഈ രണ്ട് വിഭാഗങ്ങളും (താളിയോല പക്ഷവും പേപ്പർ പക്ഷവും) അപൂർവമായി മാത്രമേ പരസ്പരം അതിരുകൾ ഭേദിക്കുന്നുള്ളൂ. അറബിലിപിയിൽ താളിയോലകളിൽ എഴുതിയ ഒരു കൈയെഴുത്ത് പ്രതി ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപിൽനിന്ന് ലഭ്യമാണെങ്കിലും 11 സമാനമായ രചനകൾ മലബാർതീരങ്ങളിൽ നിന്ന് ഇതുവരെ നേരിൽ കണ്ടിട്ടില്ല.

സമാനമായി, പേപ്പറിൽ മലയാളം എഴുതുന്നത് പതിനെട്ടാം നൂറ്റാണ്ടിനു മുമ്പ് കണ്ടിട്ടില്ല. മലബാറിലെ എഴുനൂറിൽപരം ഔഷധസസ്യങ്ങൾ പഠനവിധേയമാക്കി ഡച്ചുകാർ ഹോർത്തുസ് മലബാറിക്കസ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും ബ്രിട്ടീഷുകാർ മലബാർ ടിപ്പു സുൽത്താനിൽനിന്ന് ഏറ്റെടുത്തതിനു ശേഷം കോടതിവ്യവഹാരങ്ങളുടെ ഭാഗമായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതലും പേപ്പറുകളിൽ മലയാളം എഴുതാൻ തുടങ്ങുന്നുണ്ടെങ്കിലും അക്കാലത്ത് കേരളക്കരയിലുണ്ടായ രേഖാസഞ്ചയങ്ങളുടെ ആധിക്യവുമായി തുലനം ചെയ്യുമ്പോൾ ഇവ വളരെ പരിമിതമായ വ്യതിയാനങ്ങൾ മാത്രമാണ്.

തദ്ദേശീയമായ ലിപികൾ ഓലകളിലും പുറത്തുനിന്നു വന്ന ലിപികൾ പേപ്പറുകളിലുമാണ് എഴുതപ്പെട്ടിരുന്നത് എന്ന് പ്രാഥമികമായി സാമാന്യവത്കരിക്കാമെങ്കിലും അത് ശരിയല്ല. കാരണം പ്രാദേശികമായി രൂപപ്പെട്ടുവന്ന ഗർഷൂനി മലയാളത്തിന്റെയും അറബി മലയാളത്തിന്റെയും പൊന്നാനി ലിപികൾ പോലുള്ള എഴുത്തുകൾ അപ്പോഴും കടലാസിൽ തന്നെയാണ് കാണുന്നത്.

തദ്ദേശീയമായ ലിപികൾ ഓലകളിലും പുറത്തുനിന്ന് വന്ന ലിപികൾ പേപ്പറുകളിലുമാണ് എഴുതപ്പെട്ടിരുന്നത് എന്ന് പ്രാഥമികമായി സാമാന്യവത്കരിക്കാമെങ്കിലും അത് ശരിയല്ല. കാരണം പ്രാദേശികമായി രൂപപ്പെട്ടുവന്ന ഗർഷൂനി മലയാളത്തിന്റെയും അറബി മലയാളത്തിന്റെയും പൊന്നാനി ലിപികൾ പോലുള്ള എഴുത്തുകൾ അപ്പോഴും കടലാസിൽ തന്നെയാണ് കാണുന്നത്.

എന്നാൽ, കല്ല്, മരം, ചെമ്പ് തുടങ്ങിയ പ്രതലങ്ങളിൽ രണ്ടു വിഭാഗങ്ങളിലെയും ലിപികൾ പ്രത്യക്ഷപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

കോഴിക്കോട് നഗരത്തിൽനിന്ന് ലഭ്യമായ ആദ്യ ശിലാലിഖിതങ്ങളിലൊന്നായ മുച്ചുന്തിപ്പള്ളി ശിലാലിഖിതം കുത്തനെ രണ്ടായി പകുത്തതിൽ ഒരു ഭാഗത്ത്‌ പഴയ മലയാളത്തിലെ വട്ടെഴുത്തു ലിപിയും മറുഭാഗത്ത് അറബി ലിപിയുമാണ്.

കോഴിക്കോട് നഗരത്തിൽനിന്ന് ലഭ്യമായ ആദ്യശിലാലിഖിതങ്ങളിലൊന്നായ മുച്ചുന്തിപ്പള്ളി ശിലാലിഖിതം കുത്തനെ രണ്ടായി പകുത്തതിൽ ഒരു ഭാഗത്ത്‌ പഴയ മലയാളത്തിലെ വട്ടെഴുത്തു ലിപിയും മറുഭാഗത്ത് അറബി ലിപിയുമാണ്.

സാമൂതിരി രാജാവ് നൽകിയ സ്ഥലത്ത് മുമ്പ് അടിമയായിരുന്ന ഒരാൾ പള്ളി പണിയുന്നതാണ് പതിമൂന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ശിലാലിഖിതത്തിന്റെ ഉള്ളടക്കം. മരത്തിൽ എഴുതപ്പെട്ട പതിനാറാം നൂറ്റാണ്ടിലെ കൊച്ചിയിലെ ചെമ്പിട്ട പള്ളി ലിഖിതത്തിൽ അറബിയിലും തമിഴിലും മലയാളത്തിലുമുള്ള ലിപികൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നു എന്നതും ഒമ്പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനത്തിൽ പഴയ മലയാളവും തമിഴും അറബിയും സുറിയാനിയും ഹിബ്രുവും പഹലവിയുമെല്ലാം ഉണ്ട് എന്നതും ഇതോടൊപ്പം ചേർത്തുവായിക്കാം.

ഗ്രന്ഥരചനയ്ക്കപ്പുറത്തുള്ള എഴുത്തുകളിൽ മിക്കവയും തൊഴിലുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ആധുനികപൂർവ കേരളത്തിൽ രൂഢമൂലമായിരുന്ന ജാതിസമ്പ്രദായവുമായി കോഴിക്കോട്ടെ എഴുത്തുശാലകൾക്കുള്ള ബന്ധം അന്വേഷിക്കേണ്ടതുണ്ട്.

ഗ്രന്ഥരചനക്കപ്പുറത്തുള്ള എഴുത്തുകളിൽ മിക്കവയും തൊഴിലുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ആധുനികപൂർവ കേരളത്തിൽ രൂഢമൂലമായിരുന്ന ജാതിസമ്പ്രദായവുമായി കോഴിക്കോട്ടെ എഴുത്തുശാലകൾക്കുള്ള ബന്ധം അന്വേഷിക്കേണ്ടതുണ്ട്. അവയിൽ ജാതിപരമായ വേർതിരിവുകളും ജാതിയനുസരിച്ചുള്ള നിയമനങ്ങളും നിയന്ത്രണങ്ങളുമുണ്ടായിരുന്നോ എന്ന് ഉറപ്പിച്ചു പറയത്തക്കതായ തെളിവുകൾ കിട്ടിയിട്ടില്ല.

എന്നാൽ ബർബോസ കൊട്ടാരത്തിലെ എഴുത്തുകാരെക്കുറിച്ച് പറയുന്നതിന് അടിക്കുറിപ്പായി പരിഭാഷകൻ മാൻസെൽ ലോംഗ്‍വർത്ത് ഡെയിംസ് സംശയലേശമെന്യേ അവരെ അടയാളപ്പെടുത്തുന്നത് നായന്മാർ മാത്രമാണെന്ന രീതിയിലാണ്.

സാമൂതിരിയുടെ കീഴിൽ ഗുമസ്തപ്പണികളിൽ ഏർപ്പെട്ടിരുന്ന നായന്മാർക്ക് മേനോൻ എന്ന സ്ഥാനപ്പേര് കിട്ടിയിരുന്നുവെന്നും ആ സ്ഥാനം പരമ്പരാഗതമായിരുന്നുവെന്നും ഇപ്പോഴും വലിയൊരു വിഭാഗം നായന്മാർ മേനോന്മാരായി സ്വയം വിശേഷിപ്പിക്കുന്നുവെന്നുമാണ് ഡെയിംസ് എഴുതുന്നത്.12  എന്നാൽ, നായന്മാർ മാത്രമായിരുന്നു സാമൂതിരിക്ക് എഴുത്തുജോലികൾ ചെയ്തിരുന്നത് എന്നോ അവരെല്ലാവരും മേനോന്മാരായിരുന്നു എന്നോ ഉള്ള വാദങ്ങൾ ബർബോസ പതിനാറാം നൂറ്റാണ്ടിലും പൈറാർഡ് ദ് ലെവാൽ പതിനേഴാം നൂറ്റാണ്ടിലും ഉന്നയിക്കുന്നില്ല.

കേരളത്തിൽ പൊതുവെ എഴുത്ത് തൊഴിലായി സ്വീകരിച്ചിരുന്നത് എഴുത്തച്ഛന്മാർ (എഴുത്തശ്ശന്മാർ) ആയിരുന്നു. നായർ വിഭാഗത്തിലെ ഒരു ഉപജാതിയായി ഗണിക്കപ്പെടുന്ന ഇവർ കടുപ്പട്ടര്, പണിക്കർ, കുരുക്കൾ എന്നും സ്ത്രീകൾ പട്ടത്തിയാര്, പട്ടത്തിയാരമ്മ എന്നും പുരുഷൻമാർ പട്ടരപ്പൻ എന്നും അറിയപ്പെട്ടിരുന്നു (കടുപ്പട്ടൻ എന്ന ജാതിപ്പേര് നീക്കംചെയ്യാനായി കൊച്ചിയിൽ രൂപീകൃതമായ എഴുത്തച്ഛൻ സമാജം 1930‐40കളിൽ ശ്രമങ്ങൾ നടത്തിയിരുന്നു).

കോഴിക്കോട്ടെ തളി ക്ഷേത്രം

കോഴിക്കോട്ടെ തളി ക്ഷേത്രം

ഗ്രന്ഥങ്ങൾ പകർത്തിക്കൊടുക്കുന്നതും കുടിപ്പള്ളിക്കൂടങ്ങൾ നടത്തുന്നതും എണ്ണയാട്ടലിന് പുറമെ ഇവരുടെ പ്രധാന തൊഴിലുകളായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ (1428ൽ ആണെന്നും അല്ല 1447ൽ ആണെന്നും അഭിപ്രായങ്ങളുണ്ട്) പാണ്ഡ്യനാട്ടിലെ കടൂർ ഗ്രാമത്തിൽനിന്ന് കോഴിക്കോട്ടെത്തിയ ഇവർക്ക് സാമൂതിരിമാരുടെ  അമ്പാടിക്കോവിലകത്തെ തമ്പുരാട്ടി അഭയം നൽകിയെന്നാണ് വിശ്വാസം.

വിവിധ തൊഴിലുകൾ സ്വീകരിച്ചിരുന്ന ഇവരിൽ അധ്യാപനവും എഴുത്തും പ്രധാന തൊഴിലായി സ്വീകരിച്ചവർ വഴിയാണ് ഉപജാതിക്ക് മുഴുവനും എഴുത്തച്ഛൻ എന്ന പേര് വരുന്നത്. 13
കോഴിക്കോട്ടെ എഴുത്തുശാലകളിൽ എഴുത്തച്ഛന്മാരിൽ പലരും, ഒരുപക്ഷേ മേനോന്മാരെപ്പോലെ, ജോലി ചെയ്തിരിക്കാം എന്ന് അനുമാനിക്കാനേ കഴിയൂ.

എഴുത്തച്ഛൻ എന്ന പേര് പതിനാറാം നൂറ്റാണ്ടിൽ ജനിച്ച് പതിനേഴാം നൂറ്റാണ്ടിൽ നിര്യാതനായി എന്ന് കരുതപ്പെടുന്ന മലയാളഭാഷയുടെ പിതാവായി ഗണിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജനുമായി ബന്ധപ്പെടുത്തി പറയുന്നുവെങ്കിലും അത് ഒരു ജാതിപ്പേരായി അന്ന് ഉപയോഗിച്ചതായി കാണുന്നില്ല. ഇവരിൽപ്പെട്ട പലരും എഴുത്ത് തൊഴിലായി സ്വീകരിച്ചതു കൊണ്ടാകാം പിന്നീട് ഇവർക്ക് ഉപജാതിപ്പേര് എന്നോണം ഈ പേര് വ്യാപകമായിട്ടുണ്ടാവുക.

എന്നാൽ എഴുത്തച്ഛൻമാർ മാത്രമായിരുന്നില്ല താളിയോലകളിൽ എഴുതാൻ അറിയുന്നവർ. രേഖകൾ തയ്യാറാക്കുന്നവരെ പ്രാദേശികമായി കണക്കർ, അതികാരൻ, ഉൾപ്പാടർ, പൊതുവാൾ എന്നെല്ലാം ചരിത്രപരമായി വിശേഷിപ്പിക്കുന്നുണ്ടല്ലോ.

കണക്കന്മാർ എന്ന് ബർബോസ വിശേഷിക്കുന്നവർ ജാതിപരമായി കുടകളും പരിചകളും നിർമിക്കുന്നവരെങ്കിലും ജ്യോതിഷത്തിലുള്ള അവരുടെ നൈപുണ്യം ഏറെ പേരുകേട്ടതായതിനാൽ അവർ എഴുത്ത് പഠിക്കാറുണ്ടെന്നും തങ്ങളുടെ അറിവുകൾ കുറിച്ച നിരവധി ഏടുകളുമായാണ് അവരിൽ പലരും നടക്കാറ് എന്നും ബർബോസ കുറിക്കുന്നുണ്ട്.14 ഭരണാധികാരികളും പ്രമാണിമാരും വലിയ കച്ചവടക്കാരും അവരുടെ അറിവുകളെ വ്യാപകമായി മാനിക്കാറുണ്ടെന്നും അവരുടെ നിർദേശങ്ങളിൽ നിന്ന് ഒരടി വ്യതിചലിക്കാൻ ആരും തയ്യാറാകാറില്ലെന്നും അദ്ദേഹം തുടർന്നെഴുതുന്നു.

അത്രയ്ക്ക് ശക്തിയും സ്വാധീനവുമുണ്ടായിരുന്നു അക്കാലത്ത് കണക്കരുടെ കുറിപ്പുകൾക്കും വാക്കുകൾക്കും. പള്ളിക്കൂടങ്ങളിൽ നിന്ന് എഴുത്ത്‌ പഠിച്ചിരിക്കാവുന്ന അവർക്ക് ജ്യോതിഷമെന്ന കുലത്തൊഴിലിനപ്പുറത്ത് തങ്ങളുടെ അറിവുകളും കഴിവുകളും എഴുത്തുശാലകളിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നോ എന്നറിയില്ല.

ലക്ഷദ്വീപിലും ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും എഴുത്തുദ്യോഗം സ്വീകരിച്ചവരെ കരണം അല്ലെങ്കിൽ കരണികൾ എന്നാണ് വിളിച്ചിരുന്നത്, ഉത്തരേന്ത്യയിലും മറ്റും മുൻഷികൾ ഉണ്ടായിരുന്ന പോലെ. അവർ ഉൽപ്പാദിപ്പിച്ച രചനകളും രേഖകളും തദ്ദേശീയമായ ചരിത്രരചനാ രീതിശാസ്ത്രത്തിന്റെ ഭാഗമായി എങ്ങനെ കാണാമെന്ന് അനാവരണം ചെയ്യുന്ന ഡേവിഡ് ഷുൾമാൻ, വേലുച്ചേരി നാരായണ റാവു, സഞ്ജയ് സുബ്രഹ്മണ്യം എന്നിവരുടെ ടെക്സ്ചേഴ്സ് ഓഫ് ടൈം (Textures of Time) എന്ന കൃതി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ കോഴിക്കോട്ടെ എഴുത്തുശാലകളിലേക്കും എഴുത്താളികളിലേക്കും വ്യാപിപ്പിക്കാവുന്നതാണ്.

നഗരത്തിന്റെയും ദേശത്തിന്റെയും ചരിത്രങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ അവരുടെ പങ്കാളിത്തത്തെ ക്രിയാത്മകമായും നിരൂപണാത്മകമായും വിശകലനം ചെയ്യുന്നത് സഹായിക്കും.

നഗരത്തിന്റെയും ദേശത്തിന്റെയും ചരിത്രങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ അവരുടെ പങ്കാളിത്തത്തെ ക്രിയാത്മകമായും നിരൂപണാത്മകമായും വിശകലനം ചെയ്യുന്നത് സഹായിക്കും.

അടിക്കുറിപ്പുകൾ:

1‐ Sebastian Prange, ‘The Pagan King Replies: An Indian Perspective on the Portuguese Arrival in India’, Itinerario 41, no.1 (2017), പേജ്‌ 153 ൽ ഉദ്ധരിച്ചത്.
2‐ Francois Pyrard of Laval, The Voyage of Francois Pyrard of Laval to the East Indies, the Maldives, the Moluccas and Brazil, trans. Albert Gray and H C P  Bell (London: Hakluyt Society, 1887), vol. 1, p. 413.
3‐ Pyrard of Laval, The Voyage, vol. 1, p. 413.
4‐Duarte Barbosa, The Book Of Duarte Barbosa: An Account of the Countries Bordering on the Indian Ocean and Their Inhabitants, trans. Mansel Longworth Dames (London: Hakluyt Society, 1918), vol. 2, p. 18.
5‐ Barbosa, The Book, vol. 2, p. 18.
6‐ Pyrard of Laval, The Voyage, vol. 1, p. 408.
7‐ Barbosa, The Book, vol. 2, p. 18.
8‐ Pyrard of Laval, The Voyage, vol. 1, p. 413-‐4.
9‐ Barbosa, The Book, vol. 2, p. 91.
10 ‐ ഈ രചനകളെ മുൻനിർത്തിയുള്ള പഠനത്തിന് കാണുക, Mahmood Kooria, ‘Etiquettes ofManu/scripts: Legal Discourses on Writing and Preserving Books in the Malabar Coast.’  In Social Codicology:The Multiple Lives of Texts in Muslim Societies, edited by Olly Akkerman (Leiden and Boston: Brill, forthcoming).
11‐ Dick van der Meij, Indonesian Manuscripts from the Islands of Java, Madura, Bali and Lombok (Leiden and Boston: Brill, 2017), pp. 182-‐183.
12‐ Barbosa, The Book, vol. 2, p. 18, note 2.
13‐ എസ്.കെ വസന്തൻ, കേരള സംസ്കാര ചരിത്രനിഘണ്ടു, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2019 (2005), വോ. 1, പു. 219, 257-‐8.
14‐ Barbosa, The Book, vol. 2, p. 62.


ദേശാഭിമാനി വാരികയിൽ നിന്ന് 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top