21 November Thursday

‘കേരള പ്രദേശ്‌ കാസ്റ്റിങ് കൗച്ച്‌ ’

എമ്മോവിUpdated: Wednesday Sep 4, 2024

 

പിടിച്ചതിനേക്കാൾ വലിയത് മാളത്തിൽ എന്ന് പറഞ്ഞതുപോലെയായി കോൺഗ്രസിന്റെ അവസ്ഥ. ഹേമ കമ്മിറ്റി റിപ്പോർട്ട് വച്ച്, തങ്ങളുടെ വലംകൈയായ മാധ്യമങ്ങളുടെ സഹായത്തോടെ സംസ്ഥാന സർക്കാരിനെതിരെ ഒരലക്ക് അങ്ങ് അലക്കാമെന്ന് വിചാരിച്ച് സതീശനാദികൾ കച്ചമുറുക്കി ഇറങ്ങിയതാണ്. അപ്പോഴതാ വരുന്നു കോൺഗ്രസിലെ പവർ ഗ്രൂപ്പും കാസ്റ്റിങ് കൗച്ചും വേട്ടക്കാരും ഇരകളും. കൂട്ട ബെല്ലടിക്കുന്നത്‌ മുമ്പത്തെ യൂത്ത് കോൺസിന്റെ തീപ്പൊരി നേതാവ്‌ സിമി റോസ്ബെല്ലാകുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല. കോൺഗ്രസിലും ഹേമ കമ്മിറ്റി വേണമെന്നാണ് വുമൺ കലക്ടീവ് ഇൻ കോൺഗ്രസ്‌ (ഡബ്ല്യുസിസി) ആവശ്യം.

കോൺഗ്രസിലെ പവർ ഗ്രൂപ്പിനെക്കൊണ്ട് വനിതകൾക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായെന്നാണ് അനുഭവസ്ഥയായ സിമിയുടെ വെളിപ്പെടുത്തൽ. കാസ്റ്റിങ് കൗച്ച് സിനിമയിലേതിനേക്കാൾ കൂടുതൽ കെപിസിസിയിലാണത്രെ. പവർ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്തിയാലെ പെണ്ണുങ്ങൾക്ക് സ്ഥാനമാനങ്ങളിലെത്താൻ കഴിയൂവെന്നാണ് എഐസിസി അംഗമായ സിമി പറയുന്നത്. വെറുതെ പറയുന്നതല്ല. അർഹതപ്പെട്ട പല സ്ഥാനങ്ങളും നഷ്ടപ്പെട്ടത് പുതിയ തലമുറ നേതാക്കളെ തൃപ്തിപ്പെടുത്താത്തതുകൊണ്ടാണെന്ന് തെളിവ് നിരത്തി പറയുകയാണ്. ഇന്നലത്തെ മഴയിൽ കുരുത്ത പ്രതിപക്ഷ നേതാവും എംപിയുമെല്ലാം ചേർന്ന് അവർക്ക് താൽപ്പര്യമില്ലാത്ത സ്ത്രീകളെ ഒതുക്കുകയാണ്. പ്രായമായ സ്ത്രീകളെ കൂട്ടംചേർന്ന് കളിയാക്കുകയാണ്.  പണ്ട്‌ കാൽനടയാത്ര നടത്തിയ സിമിയൊക്കെ തീയിൽ കുരുത്തതാണ്.   അന്ന് യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിൽ പോലും ഇല്ലാത്ത സതീശനാണ് ഇപ്പോൾ എല്ലാം തീരുമാനിക്കുന്നത്. തന്നെ തഴയുന്നത് പ്രതിപക്ഷ നേതാവാണെന്ന കെപിസിസി പ്രസിഡന്റിന്റെ വോയ്സ് റെക്കോഡുമായാണ് എഐസിസി അംഗം നടക്കുന്നത്. എന്തായാലും തനിക്ക് പവർ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ചിലരൊക്കെ  സഹകരിക്കുന്നുണ്ടെന്നാണ്‌  സിമിയുടെ അറിവ്‌.  സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് ആറു വർഷത്തേക്ക് സസ്‌പെൻഷനിലായ വനിതാ നേതാവ് ആറുമാസം തികയുന്നതിനു മുമ്പ് പാർടിയുടെ ഉന്നത സ്ഥാനത്ത് എത്തി. ഇതിന്റെ നിജസ്ഥിതി പുറത്തുവരാൻ അന്വേഷണ കമ്മിറ്റിയൊന്നും മതിയാകില്ല. ജുഡീഷ്യൽ അന്വേഷണം തന്നെ വേണ്ടി വരും. എന്തായാലും വനിതകൾക്ക്‌ സിമിക്ക് നൽകുന്ന ഉപദേശം ഒന്നുമാത്രമാണ്. കോൺഗ്രസ് നേതാക്കളുടെ അടുത്തേക്ക് ഒറ്റയ്‌ക്ക് പോകരുത്. പെൺവേഷം ഒറ്റയ്‌ക്ക് കണ്ടാൽ നിയന്ത്രണം കിട്ടാത്തവരാണ് നേതാക്കളിൽ പലരും. പ്രത്യേകിച്ച് പുതുതലമുറ നേതൃത്വം. പ്രായമായ താൻപോലും എന്തെങ്കിലും ആവശ്യത്തിന് പോകേണ്ടി വന്നാൽ ആരെയെങ്കിലും കൂട്ടിയേ പോകൂ. തന്റെ പക്കലുള്ള തെളിവുകൾ പുറത്തുവിട്ടാൽ കോൺഗ്രസിൽ ഉഗ്രസ്ഫോടനം ഉണ്ടാകുമെന്നും പഴയ യൂത്ത് കോൺഗ്രസ്‌ നേതാവും മുൻ പിഎസ്‌സി അംഗവുമായിരുന്ന സിമി റോസ്‌ പറഞ്ഞുവയ്‌ക്കുന്നുണ്ട്.

കൊല്ലത്തുള്ള മുൻ കെപിസിസി സെക്രട്ടറിക്ക് പറയാനുള്ളത്‌ സ്വന്തം അനുഭവമാണ്. ആൺ നേതാക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ വന്നതിന്റെ കഥകളാണ് പറയാനുള്ളത്. സഹികെട്ട് പരസ്യമായി നേതാവിന്റെ കരണത്തടിക്കേണ്ടി വന്ന കഥയും വിളിച്ചുപറയുന്നുണ്ട്. പരാതി കൊടുക്കാൻ ഇനിയാരും ബാക്കിയില്ല. കെപിസിസിക്കും എഐസിസിക്കും പരാതി നൽകിയിട്ടും നാളിതുവരെ നടപടിയൊന്നും ഉണ്ടായില്ല. പീഡകരെല്ലാം നേതാക്കൻമാരായി വിലസുകയാണ്. സഹികെട്ട് കോൺഗ്രസ്‌പണി തന്നെ നിർത്തി ഓടി രക്ഷപ്പെട്ടുവെന്നാണ് അവർ വെളിപ്പെടുത്തുന്നത്. കെപിസിസി ഓഫീസിൽ നേതാക്കളുടെ കേളികൾ നേരിൽ കണ്ട കഥ മുമ്പ്  കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു വിളിച്ചുപറഞ്ഞത്‌ ഓർക്കുമ്പോൾ കണ്ണ്‌തള്ളിപ്പോകുന്നുണ്ടെന്റെ  ‘കൃഷ്‌ണാ’.  കെപിസിസിയിൽ ഇതിനായി രഹസ്യമുറിയുണ്ടത്രെ. എന്തായാലും പവർ ഗ്രൂപ്പ് പണി തുടങ്ങിയിട്ടുണ്ട്. കാര്യം പറഞ്ഞ സിമി റോസ് ബെൽ പുറത്തായി.


 

കോൺഗ്രസിൽ ഗ്രൂപ്പുകളിയും വിഴുപ്പലക്കലും സർവസാധാരണമായതുപോലെ ഇതും സാധാരണ സംഭവമാണെന്നാണ് നേതൃത്വം. രണ്ട് എംഎൽഎമാർ പീഡനക്കേസിൽപ്പെട്ട് അറസ്റ്റിലായി ജയിലിൽ കിടന്ന വിവരം നമ്മുടെ പ്രതിപക്ഷ നേതാവ് അറിഞ്ഞിട്ടുപോലും ഇല്ല. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അതിന്റെ ഡീറ്റയിൽസൊന്നും തനിക്ക് അറിയില്ലെന്നാണ് പറഞ്ഞത്.

കോൺഗ്രസുകാരായാൽ അൽപ്പം പീഡനമൊക്കെ ആകാമെന്നാണ് പുതിയ കേഡർ പാർടിയുടെ നയരേഖയിൽ പറയുന്നത്. അത്തരം പരാതികൾക്കൊന്നും ചെവികൊടുത്ത് സമയം കളയരുതെന്നും എല്ലാവരും പാർടിയോഗങ്ങളിൽ കൃത്യമായി പങ്കെടുക്കണമെന്നും പരമാവധി യുവതികളെ യോഗത്തിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നും 70 ശതമാനം ഹാജർ ഇല്ലാത്തവരെ പുറത്താക്കുമെന്നും കേഡർരേഖ പ്രഖ്യാപിക്കുന്നു. എന്തായാലും കോൺഗ്രസിലെ പീഡനത്തെക്കുറിച്ച് മകാര മാധ്യമങ്ങളുടെ അന്തിച്ചർച്ചയോ സചിത്ര ലേഖനപരമ്പരയോ ഉണ്ടാകില്ലെന്ന് ആശ്വസിക്കാം. സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തിട്ട് പോരേ അന്യന്റെ കണ്ണിലെ കരട് എടുക്കുന്നതെന്ന ബൈബിൾ വചനം വെറുതെ ഓർമയിലേക്ക് വരികയാണ്.

കെപിസിസിയുടെ കാസ്‌റ്റിങ്‌ കൗച്ചൊന്നും ചർച്ച ചെയ്യില്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വച്ച്‌ മലയാള സിനിമയെ ഒരുവഴിക്കാക്കാൻ ഇറങ്ങിയ മാപ്രകൾക്ക് ഗോപിയണ്ണന്റെ വക നല്ലൊരു ഗുണപാഠം കിട്ടിയിട്ടുണ്ട്‌. കോലും പിടിച്ച്‌പോയി അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്‌. ഓഫീസിൽനിന്ന്‌ വരുമ്പോൾ അവിടുത്തെ കാര്യം ചോദിക്കണം അമ്മയിൽനിന്നുവരുമ്പോൾ അവിടുത്തെയും വീട്ടിൽനിന്ന്‌ വരുമ്പോൾ അവിടുത്തെയും കാര്യങ്ങൾ ചോദിക്കണം. അല്ലെങ്കിൽ നല്ല തല്ല്‌ കിട്ടുമെന്നും മനസ്സിലായിക്കാണും. തല്ലൊന്നും കാര്യമാക്കേണ്ട. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞോളും എന്ന പഴഞ്ചൊല്ല്‌ ഓർത്താൽ മതി.

സ്പാർക്കിന്റെ സർക്കാർ പ്രേമം
എൻജിഒ അസോസിയേഷൻ മനസ്സിൽ കാണുമ്പോൾ എൻജിഒ സംഘ് മരത്തിൽ കാണും, മനോരമ മാനത്ത് കാണും.  സർക്കാർ ജീവനക്കാർ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ദിവസത്തെ വേതനം നൽകി സഹകരിക്കണമെന്ന് ഉത്തരവിറക്കുന്നത് എത്ര വലിയ ജനദ്രോഹ നടപടിയാണ്. പിണറായിയുടെ ‘ധാർഷ്ട്യ’മല്ലാതെ എന്താണിതെന്നാണ് ഇവർ മാലോകരോട് ചോദിക്കുന്നത്. ഒരു മാസത്തെ ശമ്പളം തരാൻ തയ്യാറാണെന്ന് ഇക്കൂട്ടർ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പറഞ്ഞതാണ്. എന്നിട്ടും അഞ്ച് ദിവസത്തെ ശമ്പളം മതിയെന്ന് ഉത്തരവിറക്കിയത് എന്ത് കൊലച്ചതിയാണ്. ഇതിൽ പ്രതിഷേധിച്ച് ചില്ലിക്കാശ് കൊടുക്കില്ലെന്നാണ് സെറ്റോയും ഫെറ്റോയും പറയുന്നത്. കാശ് കൊടുക്കാതിരിക്കാനുള്ള കാരണം മനോരമയുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ കണ്ടെത്തി. പിഎഫിൽനിന്ന് പണം പിൻവലിക്കാൻ സ്പാർക്കിലൂടെ അപേക്ഷിച്ചവർക്ക് ‘നിങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്തതിനാൽ അപേക്ഷ നിരസിക്കുന്നു’വെന്ന സന്ദേശം ലഭിച്ചുവത്രെ.  സ്‌പാർക്ക്‌ വഴി ഒരാളുടെയും വിവരം അപ്‌ലോഡ്‌ ചെയ്യുന്നതിനും  ദിവസങ്ങൾക്ക് മുമ്പേ ഇങ്ങനെയൊരു വിവരം കിട്ടിയ സ്‌പാർക്കിന്റെ സർക്കാർ ഭക്തി അപാരംതന്നെ.  സ്പാർക്കിൽ അങ്ങനെയൊരു സംവിധാനം ഉണ്ടോ, ഏത് ജീവനക്കാരനാണ് സന്ദേശം കിട്ടിയത് എന്നൊന്നും ചോദിക്കരുത്. സ്റ്റോറിയിൽ ക്വസ്റ്റ്യനില്ലെന്ന തത്വം ഇവിടെയും ബാധകം. യുഡിഎഫ്‌–-ബിജെപി പറയുന്ന എന്ത് കള്ളവും എക്സ്ക്ലൂസീവാക്കുന്ന മനോരമയുടെ മിടുക്ക് മറ്റ് മാപ്രകളും കണ്ട് പഠിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top