23 December Monday

സമരപഥങ്ങളിൽനിന്ന് ഊർജം

എൻ ചന്ദ്രൻUpdated: Tuesday Aug 20, 2024

പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കാനും പൊതുസമൂഹത്തിന്റെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നേടാനും  പൊരുതി മുന്നേറിയ ചരിത്രത്തിന്റെ മുന്നണിയിൽ കർഷകത്തൊഴിലാളികളെ കാണാനാകും. ജാതി, ജന്മി, നാടുവാഴിത്ത വ്യവസ്ഥിതിയിൽ ജീർണിച്ചിരുന്ന കേരളത്തെ സാമൂഹ്യപരിഷ്കരണ, നവോത്ഥാന പ്രസ്ഥാനത്തിന്റെ വഴികളിലൂടെ മുന്നോട്ടുനയിച്ചതിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. ആ പശ്ചാത്തലത്തിലാണ് ദേശീയ പ്രസ്ഥാനവും ശക്തിപ്രാപിക്കുന്നത്. ഐക്യ കേരളം രൂപപ്പെടുന്നതിനുമുമ്പ് മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങളിൽ വ്യത്യസ്തമായ രീതിയിലാണ് തൊഴിലാളി–- തൊഴിലുടമാ ബന്ധം നിലനിന്നിരുന്നത്.

1922ഓടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ കർഷകത്തൊഴിലാളികൾ സംഘടിക്കാൻ തുടങ്ങി. തിരുവിതാംകൂർ ലേബർ അസോസിയേഷനും സാധുജനപരിപാലന സംഘവുമൊക്കെ എല്ലാ തൊഴിലാളി വിഭാഗങ്ങൾക്കും ആശ്വാസമേകാൻ ശ്രമിച്ചു. 1940 ജനുവരി 30നു കുട്ടമംഗലത്ത് ചെറുകാലിൽ ജാനകിയമ്മയുടെ വീട്ടിൽ രൂപീകരിച്ച തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയനാണ് ആദ്യത്തെ സംഘടിത കർഷകത്തൊഴിലാളി പ്രസ്ഥാനം. മലബാറിൽ1930 മധ്യത്തോടെ ആരംഭിച്ച കർഷക പ്രക്ഷോഭങ്ങളിൽ ദരിദ്രകർഷകരും കർഷകത്തൊഴിലാളികളും അണിനിരന്നു. ആ സമരങ്ങളുടെ തീച്ചൂളയിൽ നിന്നാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിയാർജിച്ചത്. കൊച്ചിയിലും ആ സമയത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപംകൊള്ളുന്നുണ്ട്. 1933-–-34ൽ ആണ് കൊടുങ്ങല്ലൂർ ഭാഗത്ത് കർഷകത്തൊഴിലാളി കൂട്ടായ്മ രൂപംകൊള്ളുന്നത്. 1930-–- 40കളിൽ കർഷകത്തൊഴിലാളി-– കർഷക സമരങ്ങൾ ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഫ്യൂഡൽ- സാമ്രാജ്യത്വ ഭരണനേതൃത്വങ്ങളുടെ അന്ത്യത്തിനും ജനാധിപത്യ സ്ഥാപനത്തിനും വേണ്ടിയുള്ളതായിരുന്നു.

1957ൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകത്തൊഴിലാളികൾക്ക് മിനിമംകൂലി പ്രഖ്യാപിച്ചു. തൊഴിൽ ചൂഷണത്തിന് അറുതിവരുത്തുന്നതും അപ്പോഴാണ്. ഇ എം എസ് സർക്കാർ കുടിയൊഴിപ്പിക്കൽ വിരുദ്ധ ഓർഡിനൻസ് പുറപ്പെടുവിച്ചതും ഭൂപരിഷ്കരണത്തിന് തുടക്കമിട്ടതും കർഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. കോൺഗ്രസ് നേതൃത്വത്തിൽ വലതുപക്ഷ പാർടികളും ജാതി, മത സംഘടനകളും മറ്റും ഭൂപരിഷ്കരണ നിയമം നടപ്പാക്കാതിരിക്കാൻ വിയർപ്പൊഴുക്കി. വിമോചനസമരത്തിലൂടെ  സർക്കാരിനെ അട്ടിമറിച്ചു. പിന്നീട് 1967ൽ ഇ എം എസ് വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് കാർഷിക -ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കിയത്. ഭൂബന്ധത്തിലുള്ള മാറ്റം സാധ്യമായി. ആ സർക്കാരിനെ താഴെയിറക്കാനും വലതുപക്ഷം കുറുമുന്നണിയുണ്ടാക്കി ഭൂപരിഷ്കരണനിയമത്തിന് തുരങ്കംവയ്‌ക്കാൻ ശ്രമിച്ചു. കർഷകത്തൊഴിലാളി യൂണിയനും കർഷകസംഘവും യോജിച്ച പ്രക്ഷോഭത്തിനിറങ്ങി. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭൂരഹിതരായ പാവങ്ങൾക്ക് കർഷകത്തൊഴിലാളി യൂണിയന്റെയും കർഷക സംഘത്തിന്റെയും നേതൃത്വത്തിൽ ഭൂമി വളച്ചുകെട്ടിക്കൊടുത്തു. ഏതാണ്ട് 32 ലക്ഷം കുടുംബത്തിനാണ് സ്വന്തമായ ഭൂമി ലഭ്യമാക്കിയത്. 

1968 മാർച്ച് 10ന് ആലപ്പുഴയിൽവച്ച് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചത് മഹാപ്രക്ഷോഭത്തിന് ഊർജംപകർന്നു. 1980ൽ നായനാർ സർക്കാർ കർഷകത്തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി നടപ്പാക്കുന്നത് അതിന്റെ ഭാഗമായാണ്. തുടക്കത്തിൽ 45 രൂപയായിരുന്നു പെൻഷൻ. ഇപ്പോഴത് 1600 രൂപയാണ്. ഇടതുപക്ഷ സർക്കാരുകൾ ഭരിച്ച സമയത്താണ് പെൻഷൻ വർധിപ്പിച്ചിട്ടുള്ളത്. 1990ലെ ഇടതുപക്ഷ സർക്കാർ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി നടപ്പാക്കിയതോടെ കർഷകത്തൊഴിലാളികൾക്ക് മറ്റൊരു സാമൂഹ്യസുരക്ഷകൂടി ലഭ്യമായി.

കാർഷിക കേരളത്തെ സംരക്ഷിക്കാനായുള്ള പോരാട്ടത്തിൽ യൂണിയൻ സജീവമാകുന്നത് 1982ൽ ആണ്. കുട്ടനാട്ടിൽ ആരംഭിച്ച നെൽവയൽ സംരക്ഷണസമരം നിലംനികത്താനും തരിശിടാനുമുള്ള ശ്രമങ്ങളെ പ്രതിരോധിച്ചു. തൊണ്ണൂറുകളിൽ നെല്ലുൽപ്പാദനം ഭീമമായി കുറയുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും പരിസ്ഥിതി നാശം ഗ്രാമീണജീവിതത്തെ ദുഷ്കരമാക്കുകയും ചെയ്തപ്പോൾ നെൽവയലുകളും നീർത്തടങ്ങളും സംരക്ഷിക്കുന്നതിനായി യൂണിയൻ മങ്കൊമ്പ് കൺവൻഷൻ വിളിച്ചുചേർത്തു. തുടർന്ന് മണ്ണിട്ടുനികത്തുന്ന കൃഷിഭൂമികൾ യൂണിയന്റെ കൊടിനാട്ടി സംരക്ഷിച്ചു. 2006 ആഗസ്തിൽ എറണാകുളത്തു ചേർന്ന നെൽവയൽ നീർത്തടസംരക്ഷണ കൺവൻഷൻ സംസ്ഥാന സർക്കാരിനോട് നെൽവയൽ നീർത്തട സംരക്ഷണനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ തുടർച്ചയായാണ് 2007ൽ ഇടതുപക്ഷ സർക്കാർ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ ബിൽ കൊണ്ടുവരുന്നത്. 2008 ജൂലൈ 24നു നിയമസഭ നിയമം പാസാക്കി. ഈ നിയമത്തെ നോക്കുകുത്തിയാക്കി ഭൂമി തരംമാറ്റാനുള്ള പരിശ്രമങ്ങളുമായി ഭൂമാഫിയകൾ രംഗത്തുണ്ട്. കെഎസ്‌കെടിയു ഇതിനെതിരെ ശക്തമായ പ്രതിരോധമുയർത്തും.

കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന പക്ഷപാതിത്വം സമാനതകളില്ലാത്തതാണ്. ഇതൊക്കെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധത്തെ മറികടന്നാണ് പിണറായി വിജയൻ സർക്കാർ കർഷകത്തൊഴിലാളികളടക്കമുള്ള ദുർബല ജനവിഭാഗങ്ങൾക്ക് ക്ഷേമ പെൻഷൻ നൽകുന്നത്.

2016-ൽ  ഇടതുപക്ഷജനാധിപത്യ മുന്നണി  സർക്കാർ അധികാരത്തിൽ വരുമ്പോൾ 33.99 ലക്ഷം ഗുണഭോക്താക്കളാണ് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. കഴിഞ്ഞ എട്ടുവർഷംകൊണ്ട് അത് 62 ലക്ഷമായി ഉയർന്നു. 2015–--16ൽ ഒരുമാസം പെൻഷൻ നൽകാൻ വേണ്ടത് 272 കോടി രൂപയായിരുന്നു. നിലവിൽ ഏകദേശം 900 കോടിയാണ് ഒരുമാസം പെൻഷനായി വിതരണം ചെയ്യുന്നത്. യുഡിഎഫ് സർക്കാർ അഞ്ചുവർഷംകൊണ്ട് ആകെ നൽകിയ പെൻഷൻ തുക 9311 കോടിയാണ്. ഒന്നാം ഇടതുപക്ഷ സർക്കാർ അഞ്ചുവർഷംകൊണ്ട് നൽകിയത് 35,154 കോടി രൂപയാണ്. രണ്ടാം ഇടതുപക്ഷ സർക്കാർ മൂന്നുവർഷത്തേക്ക്‌, 2024 മേയ് വരെ 27,278 കോടി പെൻഷൻ വിതരണംചെയ്തുകഴിഞ്ഞു. ഇപ്പോൾ കേരളത്തിലെ ക്ഷേമ പെൻഷൻകാരെ ദുരിതത്തിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരുള്ളത്.
കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ, കർഷകത്തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തിന് സംരക്ഷണം നൽകിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. അതിദാരിദ്ര്യ നിർമാർജനംവഴി ആരുമില്ലാത്തവർക്ക് കൈത്താങ്ങാകുന്നു. ലൈഫ് മിഷൻ വഴി കഴിഞ്ഞ എട്ടുവർഷംകൊണ്ട് 5,07,875 വീട്‌ നിർമിക്കാൻ കരാർവച്ചതിൽ 4,04,529 വീട്‌ പൂർത്തിയാക്കി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ രാജ്യത്തിനു മാതൃകയായി മുന്നേറുന്നു. സുസ്ഥിരവികസന നിലപാടുകളിലൂന്നി, ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തി, ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച്, ക്ഷേമവും സാമൂഹ്യനീതിയും ഉറപ്പുവരുത്തി നവകേരളം സൃഷ്ടിക്കുന്നതിനായി പ്രയത്നിക്കുന്ന സർക്കാരിന് കരുത്തുപകരുക എന്നത് കർഷകത്തൊഴിലാളികളടക്കമുള്ള ജനവിഭാഗങ്ങളുടെ ഉത്തരവാദിത്വമാണ്.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ 23–--ാം സംസ്ഥാന സമ്മേളനം കാസർകോട്‌ ജില്ലയിലെ കൊടക്കാട്ട്‌ സംഘടിപ്പിക്കപ്പെടുമ്പോൾ കർഷകപ്രസ്ഥാനം രൂപംകൊടുത്ത നിരവധി പ്രക്ഷോഭങ്ങളുടെ സ്മരണകൾ അലയടിക്കുന്നുണ്ട്. നിരവധി സമരപർവങ്ങളുടെ ഊർജം ഉൾക്കൊണ്ട് പാവപ്പെട്ട ജനവിഭാഗങ്ങളെ വർഗപരമായ ഉൾക്കാഴ്ചയോടെ സംഘടിപ്പിച്ച്, അവരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി, കോർപറേറ്റ് സേവ നടത്തുന്ന കേന്ദ്ര ഭരണനേതൃത്വത്തിനെതിരെ സന്ധിയില്ലാത്ത സമരം ചെയ്യാനുള്ള ഉത്തരവാദിത്വം നമുക്ക് ഏറ്റെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top