22 December Sunday

സത്യം പറഞ്ഞാല്‍

ഒ വി സുരേഷ്‌Updated: Sunday Oct 6, 2024

മുൻ മന്ത്രി, എഴുത്തുകാരൻ, ചരിത്രാധ്യാപകൻ എന്നിങ്ങനെ കേരളത്തിൽ സ്വന്തമായി ഒരിടം സൃഷ്‌ടിച്ചയാളാണ്‌ ഡോ. കെ ടി ജലീൽ. മുസ്ലിംലീഗിന്റെ നയങ്ങളിൽ പ്രതിഷേധിച്ച്‌ പാർടി വിട്ട അദ്ദേഹം 20 വർഷത്തോളമായി ഇടതുപക്ഷത്തിനൊപ്പമാണ്‌. 2006ൽ മുസ്ലിംലീഗിന്റെ പ്രമുഖ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തിൽ തോൽപ്പിച്ചുകൊണ്ടാണ്‌ സിപിഐ എം സഹയാത്രികനായി പാർലമെന്ററി രംഗത്തുവരുന്നത്‌. നിലവിലുള്ള രാഷ്‌ട്രീയ സ്ഥിതിഗതികൾ, പുതിയ പുസ്‌തകം എന്നിവയെക്കുറിച്ച് അദ്ദേഹം മനസ്സ്‌ തുറക്കുന്നു.

ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ ചീഫ്‌ റിപ്പോർട്ടർ ഒ വി സുരേഷ്‌ നടത്തിയ അഭിമുഖം


കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ മുസ്ലിം മതവിരുദ്ധനായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി തോന്നുന്നു. താങ്കളുടെ അഭിപ്രായമെന്താണ്‌.  

 ഒരേസമയം ആർഎസ്‌എസിന്റെയും മുസ്ലിം, ക്രിസ്‌ത്യൻ തീവ്രവാദികളുടെയും ശരങ്ങൾ ഏറ്റുവാങ്ങുന്നയാളെയാണ്‌ ഇവർ സംഘിയാക്കുന്നത്‌. പിണറായിയെ ഏറ്റവും കൂടുതൽ എതിർക്കുന്നത്‌ ആർഎസ്‌എസും ബിജെപിക്കാരുമാണ്‌. അതുകഴിഞ്ഞാൽ ജമാഅത്തെ ഇസ്ലാമിക്കാരും മുസ്ലിം തീവ്രവാദികളും ക്രിസ്‌ത്യൻ സമുദായത്തിലെ കാസ എന്നു പറയുന്ന അതിതീവ്ര വർഗീയ മനോഭാവം വച്ചുപുലർത്തുന്നവരും. ഗാന്ധിജി ഹിന്ദു അനുകൂലിയോ മുസ്ലിം അനുകൂലിയോ ആയിരുന്നില്ല. ഇന്ത്യൻ അനുകൂലി ആയിരുന്നു. പിണറായി വിജയൻ പ്രോ മുസ്ലിമോ പ്രോ ഹിന്ദുവോ പ്രോ ക്രിസ്‌ത്യനോ അല്ല. ആരുടെ ഭാഗത്തു തെറ്റുകണ്ടാലും അദ്ദേഹം വിമർശിക്കും; അതേത്‌ പ്രമാണിയാണെങ്കിലും. അങ്ങനെയുള്ള ഒരാളെ ഈ കേരളത്തിൽ ഇതുവരെ കാണാൻ കഴിഞ്ഞിട്ടുണ്ടോ. ആ ആർജവമാണ്‌ ഈ മൂന്നു വിഭാഗങ്ങളിലുള്ളവർക്കും പിണറായിയെ ശത്രുവാക്കുന്നത്‌. അദ്ദേഹം ശരിയുടെ വഴിയിലാണ്‌.

കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്നതിൽ ജമാഅത്തെ ഇസ്ലാമിക്ക്‌ എത്രമാത്രം പങ്കുണ്ട്‌

ജനങ്ങളെ അടിമുടി മതത്തിന്റെയും വിശ്വാസത്തിന്റെയും വൃത്തത്തിൽ പരിമിതപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളാണ്‌ മതനിരപേക്ഷതയ്‌ക്ക്‌ വെല്ലുവിളി. കേരളത്തിൽ ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രചാരകരായി മാറിയിട്ടുണ്ട്‌. കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ വിശ്വാസം ഒരു മറയാണ്‌. കച്ചവടവൽക്കരിച്ച്‌ നേട്ടമുണ്ടാക്കാനുള്ള പുറംപൂച്ചാണ്‌ അവർക്ക്‌ വിശ്വാസം. എന്നാൽ സാധാരണക്കാർക്ക്‌ അത്തരം താൽപ്പര്യങ്ങളില്ല. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനത്തിന്‌ രണ്ടു ഘട്ടങ്ങളുണ്ട്‌. ഒന്ന്‌, മതസംഘടന. മറ്റൊന്ന്‌ സ്വന്തമായി പാർടി രൂപീകരണം. അതോടെ രാഷ്‌ട്രീയതാൽപ്പര്യമായി അവർക്ക്‌ മുഖ്യം. മതവിഷയം വിട്ട്‌ രാഷ്‌ട്രീയവിഷയം കൈകകാര്യം ചെയ്‌തു. ഇപ്പോൾ അത്‌ അർധ മതസംഘടനയും മുഴുവൻസമയ രാഷ്‌ട്രീയ സംഘടനയുമാണ്‌. രാഷ്‌ട്രീയ പാർടി രൂപീകരിച്ചത്‌ ഭരണപങ്കാളിത്തം സ്വപ്‌നം കാണുന്നതിനാലാണ്‌. അതിന്‌ എൽഡിഎഫിനെ സമീപിച്ചു. ഇത്തരം ആശയമുള്ളവരുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാടാണ്‌ എൽഡിഎഫിന്‌. അതിനാൽ ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യം തള്ളിക്കളയാൻ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. അപ്പോൾ യുഡിഎഫിൽ ചേർന്നു. രാഷ്‌ട്രീയ പാർടി എന്ന നിലയിൽ ആൾബലം എത്രയെന്ന്‌ നോക്കേണ്ടതില്ല; എന്നാൽ മുസ്ലിം മനസ്സിനെ സ്വാധീനിക്കാൻ തങ്ങൾക്ക്‌ കഴിയും എന്നാണ്‌ അവർ യുഡിഎഫിനെ ധരിപ്പിച്ചത്‌. മാധ്യമം പത്രവും മീഡിയവൺ ചാനലും ഉപയോഗിച്ച്‌ അവർ നടത്തുന്നത്‌ അതാണ്‌.

ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞ സി എച്ച്‌ മുഹമ്മദ്‌ കോയയെ അല്ലേ ലീഗ്‌ നിരാകരിക്കുന്നത്‌

ജമാഅത്തെ ഇസ്ലാമിയെ ഒരുതരത്തിലും അംഗീകരിക്കാത്തയാളാണ്‌ മുസ്ലിം ലീഗ്‌ നേതാവായിരുന്ന സി എച്ച്‌ മുഹമ്മദ്‌കോയ. അവരുടെ സ്ഥാപനങ്ങളിൽപ്പോലും അദ്ദേഹം പോയിട്ടില്ല. എന്നാൽ നായർ സർവീസ്‌ സൊസൈറ്റിയുൾപ്പെടെയുള്ളവയുടെ പരിപാടികളിൽ പങ്കെടുത്തിട്ടുമുണ്ട്‌. ഒരു ബന്ധവും വേണ്ട എന്ന്‌ സി എച്ച്‌ മുഹമ്മദ്‌കോയ തീരുമാനിച്ച വിഭാഗവുമായി മുസ്ലിംലീഗ്‌ രാഷ്‌ട്രീയ ബന്ധമുണ്ടാക്കിയിരിക്കുകയാണ്‌.
ആർഎസ്‌എസ്‌ പ്രചരിപ്പിക്കുന്നത്‌ മതനിരപേക്ഷതയല്ല. സനാതനധർമം അംഗീകരിക്കാത്തവർ മുഴുവൻ ഇന്ത്യാവിരുദ്ധരാണെന്ന്‌ അവർ പറയുന്നു. സനാതനധർമം പുലർത്തുന്നവർ മാംസം ഉപേക്ഷിക്കണമെന്ന്‌ പറയുന്നു. യുപിയിലൊക്കെ കറവ വറ്റിയ പശുക്കൾ ചത്തുമലച്ചുകിടക്കുകയാണ്‌. പ്രായമായ രക്ഷിതാക്കളെ നോക്കാത്ത മക്കളുള്ള നാട്ടിലാണ്‌ കറവ വറ്റിയ പശുക്കളെ നിങ്ങൾ ദൈവമാണെന്ന്‌ പറഞ്ഞ്‌ പൂജിക്കാൻ പറയുന്നത്‌. മുസ്ലിങ്ങൾ പൊതുവെ പശുവിറച്ചി കഴിക്കാറില്ല. പോത്തിനെയും മൂരിയെയുമാണ്‌ അറുക്കാറുള്ളത്‌.

മീഡിയവൺ പ്രചാരണത്തിൽ ലീഗിലെ ഒരു പ്രബല വിഭാഗം വീണുപോയെന്നല്ലേ മനസ്സിലാക്കേണ്ടത്‌.

ജമാഅത്തെ ഇസ്ലാമിയുടെ പ്രചണ്ഡമായ പ്രചാരണങ്ങളിൽ ലീഗിലെ ഒരു വിഭാഗം വീണിട്ടുണ്ട്‌. അവരാണ്‌ ലീഗിലെ തീവ്രവാദികൾ. ആ തീവ്ര മതാധിഷ്‌ഠിത ബോധമുള്ളവരാണ്‌ സിപിഐ എമ്മിനെ മുസ്ലിം വിരുദ്ധ പാർടി എന്നു പറയുന്നത്‌. അവരാണ്‌ പിണറായി വിജയനെ സംഘിയാക്കി ചാപ്പകുത്തുന്നത്‌.

മീഡിയവൺ, മാധ്യമം എന്നിവയിലൂടെ ജമാഅത്തെ ഇസ്ലാമി നടത്തുന്ന പ്രചാരണം ലീഗിലെ ഒരു വിഭാഗത്തെ സ്വാധീനിക്കുന്നുണ്ട്‌. അതൊരു വസ്‌തുതയാണ്‌. കാരണം ലീഗിന്‌ സ്വന്തമായി ഒരു ചാനൽ ഇല്ല. സ്വന്തമായി ചന്ദ്രികയെന്ന പത്രമുണ്ടെങ്കിലും അവരിൽ വലിയശതമാനം വാങ്ങുന്നത്‌ മാധ്യമമാണ്‌. മൈൻഡ്‌സെറ്റ്‌ രൂപപ്പെടുത്തുന്നതിൽ അത്‌ നല്ല പങ്കുവഹിക്കുന്നുണ്ട്‌. മീഡിയവണ്ണിലെ ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ നോക്കൂ. സി ദാവൂദ്‌ നയിക്കുന്ന ഓരോ ചർച്ചയും മതനിരപേക്ഷതയ്‌ക്കുമേൽ അടിക്കുന്ന  ആണിയാണ്‌. വർഗീയത ഓരോ മുസ്ലിമിന്റെയും മനസ്സിലേക്ക്‌ അടിച്ചടിച്ച്‌ കയറ്റുകയല്ലേ. ചാനലിന്റെ തലപ്പത്ത്‌ എല്ലാവർക്കും സ്വീകാര്യരായ ചിലരുണ്ടാകും. ഇ പ്പോൾ പ്രമോദ്‌ രാമനാണ്‌ ആ മുഖം. എന്നാൽ ഇവരെയുപയോഗിച്ച്‌ കുടിലതന്ത്രങ്ങളിലൂടെ ഒരു ജനസമൂഹത്തിന്റെ മനസ്സിലേക്ക്‌ വർഗീയത അടിച്ചേൽപ്പിക്കുകയാണ്‌.

അൻവറിന്‌ എന്തുപറ്റി

പി വി അൻവറിന്റെ നിലപാട്‌ മാറ്റത്തിന്റെ കാരണം എന്താണെന്ന്‌ വ്യക്തമല്ല. ചില ഐപിഎസ്‌ ഉദ്യോഗസ്ഥർ ആർഎസ്‌എസ്‌ പക്ഷപാതിയാണെന്ന്‌ തോന്നിയിട്ടുണ്ട്‌. ഇവിടെ സിപിഐ എം ഭരണമായതിനാലാണ്‌ ആർഎസ്‌ എസിനെ ഇത്രയെങ്കിലും തടയാനാകുന്നത്‌. യുഡിഎഫ്‌ ഭരണമായിരുന്നെങ്കിൽ കോൺഗ്രസിന്റെ ആഭ്യന്തരമന്ത്രി പ്രവർത്തിക്കുക ആർഎസ്‌എസ്‌ വൽക്കരണത്തിനാകും. ടി പി സെൻകുമാറിനെ ഡിജിപിയാക്കാതെ പിണറായി വിജയൻ മാറ്റിനിർത്തിയപ്പോൾ ലീഗിന്റെ മുന്നണിപ്പോരാളിയായ വക്കീലാണ്‌ സുപ്രീംകോടതിയിൽ കേസ്‌ വാദിച്ചത്‌. വാദിക്കുക മാത്രമല്ല, ഒത്താശ ചെയ്‌തുകൊടുത്തു. സെൻകുമാറിന്‌ അനുകൂലമായി വിധി വന്നപ്പോൾ ലീഗുകാർക്ക്‌ എന്തൊരു സന്തോഷമായിരുന്നു. പിണറായി വിജയന്റെ മുഖത്ത്‌ ഞങ്ങളൊന്ന്‌ കൊടുത്തു എന്നു പറഞ്ഞായിരുന്നു ലീഗും ആർഎസ്‌എസും ആഘോഷിച്ചത്‌. ആർഎസ്‌എസിനോട്‌ ഐക്യം പ്രകടിപ്പിച്ച പ്രഥമ ഡിജിപിയായിരുന്നു ടി പി സെൻകുമാർ. അദ്ദേഹം വിരമിച്ചയുടൻ പോയത്‌ ആരുടെ ആലയത്തിലേക്കാണ്‌. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽവന്നശേഷം പൊലീസ്‌ ഉദ്യോഗസ്ഥർ ഇങ്ങനെ മാറിയിട്ടുണ്ട്‌. മറ്റു സംസ്ഥാനങ്ങളിൽ ആർഎസ്‌എസ്‌ വൽക്കരണം ദ്രുതഗതിയിൽ മുന്നേറുമ്പോൾ ഇവിടെ താരതമ്യേന വളരെ കുറവാണ്‌. അത്‌ കേരളത്തിന്റെ ഇടതുപക്ഷ ബോധവും മനസ്സുമാണ്‌. മികച്ച പൊലീസ്‌ സംവിധാനമാണിവിടെ.

പൊലീസിനെക്കുറിച്ച്‌

പരാതി പറഞ്ഞയുടൻ നടപടിയെടുക്കാനാകില്ല. അതിന്‌ സമയം കൊടുക്കണം. സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന്‌ മാറ്റിയപ്പോൾ കോടതിവിധി നമ്മൾ കണ്ടതാണ്‌. സർക്കാർ ഒരു തീരുമാനമെടുക്കുമ്പോൾ അതിൽ വീഴ്‌ച വരരുത്‌. എഡിജിപിയെ ഉടൻ മാറ്റിയാലും പ്രതിപക്ഷം പറയും; അന്വേഷിച്ചിട്ടല്ലേ നടപടിയെടുക്കേണ്ടത്‌ എന്ന്‌. കോടതിയിൽ പോയാൽ അനുകൂലവിധി കിട്ടുമെന്ന്‌ മനസ്സിലാക്കി അയാളെത്തന്നെ എഡിജിപിയാക്കാൻ വേണ്ടി സർക്കാർ കളിച്ചതാണ്‌ എന്നാകും പ്രതിപക്ഷം പറയുക. അന്വേഷണം നടത്തിയാകണം നടപടി. കേരളത്തിന്റെ ചരിത്രത്തിൽ നൂറിലേറെ പൊലീസ്‌ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്‌ പിണറായി മുഖ്യമന്ത്രിയായപ്പോഴാണ്‌. അതിൽ ഏറെയും ഹിന്ദു വിഭാഗമാണ്‌. എല്ലാത്തിലും മതം കലർത്തുന്നവർ, പിണറായി സംഘിയാണെന്ന്‌ ആക്ഷേപിക്കുന്നവർ ആ ലിസ്റ്റ്‌ ഒന്നു വാങ്ങിനോക്കണം.
മലപ്പുറത്ത്‌ ഏറ്റവും കൂടുതൽ കേസുകൾ എടുത്തത്‌ പിണറായി വിജയന്റെ ഭരണത്തിലല്ല. 2015ൽ ഉമ്മൻചാണ്ടി ഭരണത്തിലാണ്‌. മലപ്പുറത്തിന്റെ പേരു പറഞ്ഞാൽ അത്‌ ന്യൂനപക്ഷവിരുദ്ധമായി ചിത്രീകരിക്കുന്നത്‌ ലീഗാണ്‌. അതിന്‌ പ്രേരണയാകുന്നത്‌ ജമാഅത്തെ ഇസ്ലാമിയും. സ്വർണക്കടത്തും ഹവാലയും മതനിഷിദ്ധമാണ്‌ എന്നൊരു പ്രസ്‌താവന, നൂറുകണക്കിന്‌ പള്ളികളുടെ ഖാസിയായ പാണക്കാട്‌ സാദിഖലി തങ്ങൾ പുറപ്പെടുവിക്കാത്തത്‌ എന്തുകൊണ്ടാണ്‌.

അൻവർ കൊടുത്ത പരാതിയിൽ സർക്കാർ ഉടൻ നടപടിയെടുത്തു. എസ്‌പി സുജിത്ത്‌ ദാസിനെ സസ്‌പെൻഡ്‌ ചെയ്‌തു. എസ്‌പിയെയും ചില ഡിവൈഎസ്‌പിമാരെയും മാറ്റി. എഡിജിപി അജിത്‌കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കുറച്ചുസമയമെടുക്കും എല്ലാകാര്യത്തിനും. അതുവരെ കാത്തിരിക്കണം. എന്നിട്ടും അതിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ അത്‌ ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ, അൻവർ ഇന്നു നിൽക്കുന്ന ഗ്രാഫ്‌ ആയിരിക്കില്ല അപ്പോൾ. എത്രയോ മുകളിലാകും. എന്താണ്‌ അദ്ദേഹത്തിന്‌ പറ്റിയതെന്ന്‌ അറിയില്ല. അക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ പലതവണ ശ്രമിച്ചു. നമ്മൾ അദ്ദേഹത്തിന്‌ കൊടുത്ത മാന്യത ഇങ്ങോട്ടുണ്ടായില്ല. ജലീലിന്‌ സ്വന്തം കാലിൽനിൽക്കാൻ പറ്റില്ലെന്ന്‌ അൻവർ പറഞ്ഞു. എന്നാൽ സ്വന്തം കാലിൽനിന്ന ചരിത്രമേയുള്ളൂ. ഏതെങ്കിലും പ്രമാണിയുടെ ഒരു സഹായവും വാങ്ങിയിട്ടില്ല.

പുതിയ പുസ്‌തകം, സ്വർഗസ്ഥനായ ഗാന്ധിജി

പുതിയ പുസ്‌തകത്തിന്റെ പേര്‌ ഇങ്ങനെയാക്കിയതിൽ പ്രത്യേക കാരണമുണ്ട്‌. ഗാന്ധിജിയെക്കുറിച്ച്‌ പഠിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മഹത്വം ഏറിവരുന്നതായാണ്‌ കണ്ടിട്ടുള്ളത്‌. സ്വർഗസ്ഥനായ പിതാവേ എന്നു യേശുവിനെ വിശേഷിപ്പിക്കാറുണ്ട്‌. എന്നാൽ ഗാന്ധിജിയെക്കുറിച്ച്‌ ഇങ്ങനെ പറയുന്നത്‌ കേട്ടിട്ടില്ല. അതിനാലാണ്‌ ഇങ്ങനെയൊരു പേരു കൊടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top