15 October Tuesday

ലഡാക്കിന്റെ അതിജീവനപ്പോരാട്ടം

സാജന്‍ എവുജിന്‍Updated: Tuesday Oct 15, 2024

സോനം വാങ്‌ചുക്കും ലഡാക്ക്‌ ജനതയുടെ അതിജീവനപ്പോരാട്ടവും ദേശീയ ശ്രദ്ധയാകർഷിക്കുകയാണ്‌. മിക്കവാറും മാസങ്ങളിൽ ശൈത്യം പിടിമുറുക്കുന്ന, ജനാധിപത്യവും പൗരാവകാശങ്ങളും മരവിപ്പിക്കപ്പെട്ട ഹിമാലയഭൂമിയിൽനിന്ന്‌ രാജ്യതലസ്ഥാനത്തേക്ക്‌ നീതി തേടിയെത്തിയ വാങ്‌ചുക്കും സഹപ്രവർത്തകരും അങ്ങേയറ്റം മോശം പ്രതികരണമാണ്‌ ഭരണാധികാരികളിൽനിന്ന്‌ നേരിടുന്നത്‌. മോദി സർക്കാരിന്റെ വാഗ്‌ദാന ലംഘനം ചൂണ്ടിക്കാണിച്ച്‌ ലഡാക്ക്‌ ജനതയുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനാണ്‌ ഇവർ സെപ്‌തംബർ ഒന്നിന്‌ ലേയിൽനിന്ന്‌ കാൽനടയാത്ര തുടങ്ങിയത്‌. ഒരുമാസത്തെ കഠിനയാത്രയ്‌ക്കുശേഷം ഡൽഹി അതിർത്തിയിൽ എത്തിയപ്പോൾ സുരക്ഷാഭടന്മാരാണ്‌ എതിരേറ്റത്‌. 24 മണിക്കൂർ തടഞ്ഞുവച്ചശേഷമാണ്‌ ലക്ഷ്യസ്ഥാനമായ രാജ്‌ഘട്ടിലേക്ക്‌ നീങ്ങാൻ അനുവദിച്ചത്‌. തുടർന്ന്‌ ജന്തർ മന്തറിൽ 10 പേരുടെ സത്യഗ്രഹം നടത്താൻ അനുമതി തേടിയെങ്കിലും ഡൽഹി പൊലീസ്‌ നിരസിച്ചു. ഇതിനെതിരെ ലഡാക്ക്‌ ഭവനിൽ നിരാഹാരസമരത്തിലാണ്‌ വാങ്‌ചുക്കും കൂട്ടരും.

കോർപറേറ്റുകൾ വിഴുങ്ങുന്ന
 ലഡാക്ക്‌

ലഡാക്കിന്റെ ഇന്നത്തെ അവസ്ഥ മോദി ഭരണം രാഷ്‌ട്രശരീരത്തിൽ ഏൽപ്പിച്ച ക്ഷതങ്ങൾക്ക്‌ ഉദാഹരണമാണ്‌. രാജ്യത്തെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലൊന്നാണ്‌ ലഡാക്ക്‌. ജമ്മു കശ്‌മീരിന്റെ ഭാഗമായി നിലകൊണ്ടിരുന്നതാണ്‌ ലഡാക്കിന്റെ ദുരവസ്ഥയ്‌ക്ക്‌ കാരണമെന്ന്‌ ബിജെപി പ്രചരിപ്പിച്ചിരുന്നു. 2019ൽ ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്‌ ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയപ്പോൾ ഈ മേഖലയിൽ ആവേശവും ആഹ്ലാദവും പ്രകടമായി. ലഡാക്കിന്‌ കൂടുതൽ സ്വയംഭരണാവകാശം ലഭിക്കുമെന്നും കേന്ദ്രസഹായം ഒഴുകിയെത്തുമെന്നും നാട്ടുകാരിൽ പലരും കരുതി. അഞ്ചുവർഷത്തിനുശേഷം അവർ പക്ഷേ, പരിതപിക്കുകയാണ്‌. പ്രകൃതിസുന്ദരമായ പ്രദേശത്തെ കോർപറേറ്റുകൾക്ക്‌ തീറെഴുതുകയാണ്‌ മോദി സർക്കാർ. വാഗ്‌ദാനം ചെയ്യപ്പെട്ട വിപുലമായ സ്വയംഭരണാവകാശം ലഭിച്ചില്ലെന്നു മാത്രമല്ല, ജമ്മു കശ്‌മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ചുവന്ന അധികാരങ്ങൾപോലും ഹനിക്കപ്പെടുകയും ചെയ്യുന്നു.

ധാതുഖനനം ലക്ഷ്യമിട്ട്‌ ലഡാക്കിലെ തന്ത്രപ്രധാന ഭൂമി കോർപറേറ്റുകൾക്ക്‌ കൈമാറുന്നതോടെ ആട്ടിടയന്മാർ അടക്കമുള്ള തദ്ദേശീയ വിഭാഗങ്ങളുടെ ജീവിതമാർഗം അടയും. ചെമ്മരിയാടുകളെ വളർത്തിയാണ്‌ മേഖലയിലെ ഗോത്രവിഭാഗങ്ങൾ കഴിയുന്നത്‌. വൻകിട കമ്പനികളുടെ ഖനനവും അശാസ്‌ത്രീയ നിർമാണങ്ങളും ലഡാക്കിലെ പരിസ്ഥിതിദുർബലമായ ഭൂമിയെ തകർക്കുമെന്നും വാങ്‌ചുക്കും സഹപ്രവർത്തകരും വാദിക്കുന്നു. ഭൂമിക്കും വിഭവങ്ങൾക്കുംമേൽ ആദിവാസികളുടെ അവകാശം സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ലഡാക്കിനെ ഭരണഘടനയുടെ ആറാം പട്ടികയിൽപെടുത്തി സ്വയംഭരണ ജില്ലാ കൗൺസിൽ രൂപീകരിക്കണമെന്ന്‌ ഇവർ ആവശ്യപ്പെടുന്നു. ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളെ ആറാം പട്ടികയിൽപെടുത്തി ആദിവാസിമേഖല സ്വയംഭരണ കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്‌. ഈ ആവശ്യത്തിന്‌ ലഡാക്കിൽ വൻ ജനപിന്തുണയാണ്‌ ലഭിച്ചിട്ടുള്ളത്‌. താപനില മൈനസ്‌ 40 ഡിഗ്രി സെൽഷ്യസ്‌ വരെ താഴുന്ന ഖാർദുങ്‌ലാ ചുരത്തിൽ നിരാഹാരസമരം നടത്താൻ കഴിഞ്ഞ വർഷം ജനുവരിയിൽ വാങ്‌ചുക്ക്‌ നടത്തിയ ശ്രമം അധികൃതർ തടഞ്ഞു. ലഡാക്കിന്‌ സംസ്ഥാന പദവി നൽകണമെന്നും ആറാം പട്ടികയിൽപെടുത്തണമെന്നും ആവശ്യപ്പെട്ട്‌ ഇക്കൊല്ലം മാർച്ചിൽ വാങ്‌ചുക്ക്‌ 21 ദിവസത്തെ നിരാഹാരസമരം നടത്തി.

ആരാണ്‌ വാങ്‌ചുക്ക്‌

അമ്പത്തെട്ടുകാരനായ വാങ്‌ചുക്ക്‌  മെക്കാനിക്കൽ എൻജിനിയറും വിദ്യാഭ്യാസപ്രവർത്തകനുമാണ്‌; പിന്നിട്ടതാകട്ടെ കനൽ വഴികളും. സ്വന്തം ഗ്രാമത്തിൽ വിദ്യാലയങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഒമ്പതാം വയസ്സിലാണ്‌ സ്‌കൂളിൽ ചേർന്നത്‌. ഗോത്രഭാഷ മാത്രം അറിയാമായിരുന്ന വാങ്‌ചുക്കിന്‌ ശ്രീനഗറിലെ സ്‌കൂൾ പഠനം കടുത്ത പരീക്ഷണമായി. അധ്യാപകരും സഹപാഠികളും പറയുന്നതൊന്നും മനസ്സിലാകുന്നില്ല. പലതവണ പരിഹാസത്തിന്‌ പാത്രമായപ്പോൾ 1997ൽ ഡൽഹിയിലേക്ക്‌ കടന്ന വാങ്‌ചുക്ക്‌ കേന്ദ്രീയ വിദ്യാലയത്തിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. ശ്രീനഗർ ആർഇസിയിൽനിന്ന്‌ ബിടെക് നേടിയശേഷം വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനങ്ങളിൽ മുഴുകി. ലഡാക്കിലെ ഏക മാസികയായിരുന്ന ‘ലഡാഗ്‌സ്‌ മെലോങ്ങി’ന്റെ പത്രാധിപരായി പ്രവർത്തിച്ച വാങ്‌ചുക്ക്‌ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതികൾക്കും തുടക്കമിട്ടു.

ചരിത്രപരമായ ഐക്യം

ലഡാക്കിന്‌ കൂടുതൽ സ്വയംഭരണാധികാരം ആവശ്യപ്പെട്ടുള്ള പ്രക്ഷാേഭം ശക്തിയാർജിച്ചത്‌ ഇക്കൊല്ലം ഫെബ്രുവരിയിലാണ്‌. ലേ അപ്പെക്‌സ്‌ ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക്‌ അലയൻസ്‌ (കെഡിഎ) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ലേയിലും കാർഗിലിലും ഫെബ്രുവരി മൂന്നിന്‌ പൂർണ ബന്ദ്‌ ആചരിച്ചു. ബുദ്ധമതക്കാർക്ക്‌ ഭൂരിപക്ഷമുള്ള ലേയിലെ രാഷ്‌ട്രീയ, മത, പൗരസമൂഹ സംഘടനകളുടെ കൂട്ടായ്‌മയാണ്‌ എൽഎബി. മുസ്ലിം സമുദായത്തിന്‌ മുൻതൂക്കമുള്ള കാർഗിൽ മേഖലയിലെ വിവിധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്‌മയാണ്‌ കെഡിഎ. കാലങ്ങളായി നിലനിന്ന തർക്കങ്ങളും രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മറികടന്നാണ്‌ ഇരുവേദികളും ഒന്നിച്ചത്‌. നാല്‌ പൊതുആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ സഹകരണം. ലഡാക്കിന്‌ സംസ്ഥാനപദവി, ഭരണഘടനയുടെ ആറാം പട്ടികയിൽപെടുത്തുക, ലഡാക്കിൽ രണ്ട്‌ ലോക്‌സഭാ സീറ്റ്‌, തദ്ദേശീയ യുവജനങ്ങൾക്ക്‌ തൊഴിൽ സംവരണം.

‘ഭിന്നിപ്പിച്ച്‌ ഭരിക്കുക’ എന്ന ബിജെപി തന്ത്രത്തിനേറ്റ കടുത്ത ആഘാതമായിരുന്നു ഈ സംഭവവികാസം. കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കാനുള്ള താൽക്കാലിക രാഷ്‌ട്രീയ സഖ്യമല്ല രൂപംകൊണ്ടത്‌. ചരിത്രപരമായ ഐക്യമാണിത്‌. എൽഎബിയുടെയും കെഡിഎയുടെയും പ്രവർത്തകർ വാങ്‌ചുക്കിനൊപ്പമുണ്ട്‌. വാങ്‌ചുക്കിനെ തടഞ്ഞുവച്ച ഡൽഹി പൊലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ ഇരുസംഘടനകളുടെയും ആഹ്വാനപ്രകാരം ഒക്‌ടോബർ ഒന്നിന്‌ ലഡാക്കിൽ ഹർത്താൽ ആചരിച്ചു. മുസ്ലിം, ബുദ്ധ വിഭാഗങ്ങൾ ഒന്നിച്ച്‌ നീങ്ങുന്നത്‌ സംഘപരിവാറിന്റെയും ബിജെപിയുടെയും ജമ്മു കശ്‌മീർ അജൻഡയെ വെള്ളത്തിലാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഡാക്കിൽ സ്വതന്ത്ര സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെടുകയും ബിജെപി മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെടുകയും ചെയ്തു. ഇതിനോടുള്ള കേന്ദ്രത്തിന്റെ പ്രതികാരമാണ്‌ ഇപ്പോൾ ഡൽഹിയിൽ പ്രകടമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top