21 December Saturday

പ്രിയങ്ക അറിയണം ലാൽസിങ്ങിൽനിന്ന് ബിൽക്കിസിലേക്കുള്ള ദൂരം

കെ രാജേന്ദ്രൻUpdated: Tuesday Oct 29, 2024

 

രാജ്യത്തെ പ്രമുഖരായ കോൺഗ്രസ് നേതാക്കളെല്ലാം പ്രിയങ്ക വാധ്രയ്‌ക്കുവേണ്ടി പ്രചാരണം നടത്താൻ വരുംദിവസങ്ങളിൽ വയനാട്ടിലെത്തും. നേതാക്കളുടെ ഈ മുഖം കാണിക്കൽ ചടങ്ങ് ഇന്ദിരാഗാന്ധിയുടെ കാലം മുതൽക്കുള്ള ഒ‍ഴിവാക്കാനാകാത്ത ഒരു ആചാരമാണ്. നെഹ്റു കുടുംബത്തിലെ പുതിയൊരംഗംകൂടി കന്നിയങ്കത്തിനിറങ്ങുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വയനാട്ടിലേക്കുള്ള നേതാക്കളുടെ ഒ‍ഴുക്ക് കൂടും. ആ നേതാക്കളുടെ പട്ടികയിൽ ജമ്മു കശ്മീരിലെ പ്രമുഖ കോൺഗ്രസ് നേതാവ്  ചൗധരി ലാൽസിങ്‌ ഉണ്ടാകുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

ജമ്മുവിലെ കത്വ സ്വദേശിയാണ് ചൗധരി ലാൽ സിങ്‌. രജപുത്ര സവർണസ്വത്വം ഉയർത്തിപ്പിടിച്ച് ചെറുപ്പകാലത്തുതന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി. 2004ലും 2009ലും ഉധംപുരിൽനിന്ന് മത്സരിച്ച് കോൺഗ്രസ് എംപിയായി. 2014ൽ കോൺഗ്രസുമായി പിണങ്ങി ബിജെപിയിൽ ചേർന്നു. നിയമസഭാംഗമായി. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി–-ബിജെപി സർക്കാരിൽ വനം മന്ത്രിയുമായി. ലാൽ സിങ്ങിന്റെ തനിനിറം പുറത്തുവന്നത് 2018 ജനുവരിയിലാണ്. കത്വയിൽ 7 വയസ്സുകാരിയെ മതവൈരം തീർക്കാനായി ഉയർന്ന ജാതിക്കാരായ ഏ‍ഴംഗ ക്രിമിനൽ സംഘം കൂട്ടബലാത്സംഗം  ചെയ്തശേഷം കൊലപ്പെടുത്തി. നിയമസഭയ്ക്ക് അകത്തും പുറത്തും  യൂസഫ് തരിഗാമി എന്ന കമ്യൂണിസ്റ്റുകാരൻ നടത്തിയ ധീരമായ പോരാട്ടത്തെ തുടർന്ന്  പൊലീസ് ആ കൊടും ക്രിമിനലുകളെ അറസ്റ്റു ചെയ്തു. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പുതിയ പരീക്ഷണങ്ങൾ ലോകത്തെ ഞെട്ടിച്ചു. രാജ്യത്തെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രിയങ്കയും രാഹുൽ ഗാന്ധിയും  ഇന്ത്യാഗേറ്റിൽ മെ‍ഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ഇതേ സമയത്ത് തന്നെയാണ് സംഘപരിവാർ സംഘടനയായ ഹിന്ദു ഏകതാമഞ്ചിന്റെ നേതൃത്വത്തിൽ കൊലയാളികൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്  പ്രകടനം നടന്നത്. അതിന് നേതൃത്വം നൽകിയത് ചൗധരി ലാൽസിങ്‌ ആയിരുന്നു.  ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ ലാൽസിങ്‌ മന്ത്രിസഭയിൽനിന്നും രാജിവയ്ക്കാൻ നിർബന്ധിതനായി, കാറ്റ് പ്രതികൂലമെന്ന് കണ്ടതോടെ ബിജെപി വിട്ടു. കോൺഗ്രസിൽ ചേർന്നു.

ഈ വർഷം മാർച്ച്  21ന് ഡൽഹിയിലെത്തി പ്രിയങ്ക ഗാന്ധിയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങി.  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  ഉധംപുരിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ജയിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ലാൽസിങ്ങിന് സീറ്റ് നൽകരുതെന്ന ആവശ്യം ശക്തമായി. ഹൈക്കമാൻഡിന്‌  കൂട്ടത്തോടെ പരാതി അയച്ചു. പക്ഷേ, രാഹുലിന്റെയും പ്രിയങ്കയുടെയും പിന്തുണ ലാൽസിങ്ങിനായിരുന്നു. ബഷോളി  മണ്ഡലത്തിൽ ലാൽസിങ്‌ സ്ഥാനാർഥിയായി. ലാൽസിങ്‌ ഉൾപ്പെടെയുള്ള  സ്ഥാനാർഥികൾക്കുവേണ്ടി പ്രിയങ്ക ഗാന്ധി ജമ്മുവിൽ പ്രചാരണം നടത്തി. പക്ഷേ, ബഷോളിയിലെ ആ "ജനപ്രിയ" നേതാവിന്  ലഭിച്ചത് വെറും 15, 840 വോട്ട്.  കൂട്ട ബലാത്സംഗവും  കൊലപാതകവും നടത്തിയവർക്കുവേണ്ടി പ്രകടനം നടത്തിയ ലാൽസിങ്ങിനെ എന്തിനാണ് നെഹ്റു കുടുംബം സംരക്ഷിക്കുന്നത്. മറുപടി ഇന്ത്യാ ചരിത്രത്തിലെ ചോരപുരണ്ട ഏടുകളാണ്. 1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ ഡൽഹിയിൽ കോൺഗ്രസുകാർ സിഖുകാരെ കൂട്ടക്കൊല ചെയ്തു. നിരവധി സ്ത്രീകൾ കൂട്ട ബലാത്സംഗങ്ങൾക്ക് ഇരയായി. ഈ ക്രൂരകൃത്യങ്ങൾക്ക് നേതൃത്വം നൽകിയത് കോൺഗ്രസുകാരായിരുന്നു. ഇവരെയെല്ലാം അത്യുന്നത പദവികൾ നൽകിയാണ്  നെഹ്‌റുകുടുംബം പിന്നീട് ആദരിച്ചത്. പ്രിയങ്കയ്ക്ക് വോട്ടുപിടിക്കാനായി ചൗധരി ലാൽസിങ്‌  വയനാട്ടിലേക്ക്‌ പറന്നെത്തിയാലും അത്ഭുതപ്പെടാനില്ല.

ഇനിയെങ്കിലും ബിൽക്കിസ് 
ബാനുവിനെ കാണുമോ

ലാൽസിങ്‌ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമെങ്കിൽ ഗുജറാത്തിലെ ബിൽക്കിസ് ബാനു ഏറ്റവും വലിയ ഇരയാണ്. 2002ലെ  ഗുജറാത്ത് കലാപസമയത്ത് സംഘപരിവാറുകാർ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തി. നീതിക്കു വേണ്ടി അവർ നടത്തിയ  പോരാട്ടങ്ങളിൽ ഒരിക്കൽപ്പോലും സോണിയ ഗാന്ധിയോ  രാഹുലോ  പ്രിയങ്കയോ എത്തിനോക്കിയിട്ടില്ല. സോണിയ ഗാന്ധിയുമായി കൂടിക്കാ‍ഴ്ച നടത്താനായി സമയം ചോദിച്ച് ബിൽക്കിസ് ബാനു ഡൽഹിയിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്. സമയം ലഭിക്കാതെ നിരാശയോടെ  മടങ്ങിപ്പോയി. പക്ഷേ,  ലാൽ സിങ്ങിന് കൂടിക്കാ‍ഴ്ചയ്ക്ക് സമയം നൽകാൻ പ്രിയങ്കയ്‌ക്ക്‌ ഒട്ടും കാലതാമസമോ വൈമനസ്യമോ ഉണ്ടായില്ല.  ബിൽക്കിസ് ബാനുവിന് ഒപ്പം നിന്നാൽ ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ കൂടുതൽ അകലുമോ എന്നതായിരുന്നു നെഹ്റു കുടുംബത്തിന്റെ ആശങ്ക.

വല്ലപ്പോ‍ഴും മാത്രമാണ് രാഹുലും പ്രിയങ്കയും ഗുജറാത്തിൽ എത്തിയിരുന്നത്. ആ വേളകളിൽ  മാധ്യമങ്ങളെ ഒപ്പംകൂട്ടി ക്ഷേത്ര സന്ദർശനങ്ങൾ  നടത്തുന്നതിനാണ്  പ്രാമുഖ്യം നൽകാറുള്ളത്. സംഘപരിവാറിന്റെ വേട്ടയാടലുകൾക്കും  കോൺഗ്രസിന്റെ അകറ്റിനിർത്തലുകൾക്കും ഇടയിൽ ബിൽക്കിസ് ബാനുവിന് താങ്ങും തണലുമായത് ഇടതുപക്ഷത്തിന്റെയും മനുഷ്യാവകാശ പ്രവർത്തകരുടെയും പിന്തുണയും പോരാട്ടവുമാണ്. ഗുജറാത്ത് കലാപത്തിൽ മോദിക്കും അമിത് ഷായ്ക്കും നേരിട്ട് പങ്കുണ്ടായിരുന്നു. 2004 മുതൽ 2014 വരെ തുടർച്ചയായി ഭരണം ലഭിച്ചിട്ടും ഇവരെ ശിക്ഷിക്കാനുള്ള ആത്മാർഥമായ  പരിശ്രമം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ടീസ്‌ത  സെതൽവാദ് ഉൾപ്പെടെയുള്ളവർ പോരാട്ടം ഏറ്റെടുത്തത്. അവിശ്വസനീയമായ ഒരു വിധിന്യായത്തിലൂടെ  സുപ്രീംകോടതി നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ്‌  നൽകി. പിന്നാലെ ഗുജറാത്തിലെ ബിജെപി സർക്കാർ ടീസ്‌തയെ അറസ്റ്റുചെയ്ത് ജയിലിൽ അടച്ചു. അന്ന് ടീസ്‌തയ്‌ക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രിയങ്ക പ്രസ്താവനയോ ഫെയ്‌സ്ബുക്ക് പോസ്റ്റോ ഇടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എഐസിസി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കോൺഗ്രസ് വക്താവ് മനു അഭിഷേക്‌ സിങ്‌വി ഔദ്യോഗികമായി പ്രതികരിക്കുമെന്ന മറുപടിയാണ്  ലഭിച്ചത്. ഇങ്ങനെയായിരുന്നു സിങ്‌വിയുടെ പ്രതികരണം–-" ടീസ്‌ത സെതൽവാദിന്റെ അറസ്റ്റിലേക്ക്‌ നയിച്ച കേസിന് ആസ്പദമായ അടിസ്ഥാനവിഷയത്തിൽ  കോൺഗ്രസ് കക്ഷിയല്ല. അതുകൊണ്ടു തന്നെ കോൺഗ്രസ് പ്രതികരിക്കേണ്ടതില്ല’.

പ്രതികരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് പരസ്യമായി പ്രതികരിച്ചപ്പോൾ പോരാട്ടത്തിന്റെ എല്ലാ വ‍ഴികളും സിപിഐ എം തെരഞ്ഞെടുത്തു. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത സംഘപരിവാർ ക്രിമിനലുകളെ മോദി സ്വാതന്ത്ര്യ സമരത്തിന്റെ 75–-ാം വാർഷികത്തിന്റെ ആനുകൂല്യം  പറഞ്ഞ് ജയിലിൽനിന്ന് മോചിപ്പിച്ച നടപടിക്കെതിരെ സിപിഐ എം പിബി അംഗം സുഭാഷിണി അലി ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തി. കുറ്റവാളികളെ  ജയിലിലേക്ക്‌ തിരിച്ചയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ആ വിധിയെ സ്വാഗതം ചെയ്ത് പ്രസ്താവനയിറക്കുക എന്നത് മാത്രമാണ് ഈ വിഷയത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും  ഭാഗത്തുനിന്നുണ്ടായ ഏക ഇടപെടൽ.

ഗാന്ധിയുടെ കുടുംബം

മോദി ഭരണത്തിനുകീ‍ഴിൽ രാജ്യത്ത് സ്‌ത്രീകളും കർഷകരും തൊ‍ഴിലാളികളും വിദ്യാർഥികളും  നടത്തിയ സമരങ്ങളിലൊന്നിന്റെപോലും നേതൃനിരയിൽ രാഹുൽഗാന്ധിയോ പ്രിയങ്കയോ ഉണ്ടായിരുന്നില്ല. ബഹുജന സമരങ്ങൾക്കിടയിൽ വല്ലപ്പോ‍ഴും വരുന്ന സന്ദർശകർ മാത്രമായിരുന്നു അവർ. മതവൈരം തീർക്കാനായി  ജഹാംഗീർപുരിയിൽ മുസ്ലിങ്ങളുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചു നിരത്തിയപ്പോൾ ഒരു വിളിപ്പാട് അകലെയുണ്ടായിരുന്ന നെഹ്റു കുടുംബാംഗങ്ങളെ ആരും അവിടെ കണ്ടില്ല. അനീതിയുടെ ബുൾഡോസർ തടഞ്ഞു നിർത്തിയത് സിപിഐ എം പിബി അംഗം ബൃന്ദ കാരാട്ടായിരുന്നു.

നെഹ്റു കുടുംബ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ്  രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും മനേകാ ഗാന്ധിയും സോണിയയും വരുൺ ഗാന്ധിയുമെല്ലാം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നത്. എന്നാൽ ഇവരെല്ലാം  അതത്  കാലത്തെ  രാഷ്‌ട്രീയ ശത്രുവിനെതിരായാണ് മത്സരിച്ചിരുന്നത്.

കോൺഗ്രസിലെ കുടുംബ രാഷ്ട്രീയത്തിന്റെ ചരിത്രം തേടിപ്പോയാൽ തെളിയുന്നത് മഹാത്മാഗാന്ധിയുടെ കുടുംബ ചിത്രമാണ്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാർ നേരിടുന്ന വിവേചനത്തിനെതിരെ സമരം ചെയ്യാനായി സ്വന്തം ഭാര്യയെ രാഷ്‌ട്രീയത്തിലിറക്കിയത് മഹാത്മാഗാന്ധി തന്നെയാണ്. 1913ൽ കസ്തൂർബാ ഗാന്ധി കഠിന രോഗാവസ്ഥയ്ക്കിടയിലും 3 മാസം ദക്ഷിണാഫ്രിക്കയിലെ ജയിലിൽ കിടന്നു. പൗരസ്വാതന്ത്ര്യത്തിനുള്ള പോരാട്ടങ്ങളുടെ ഭാഗമായി ഗാന്ധിയുടെ മക്കളായ ഹരിലാലും മണിലാലും  രാംദാസും ദേവദാസും പലപ്പോ‍ഴായി ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ഇവരാരും ഒരിക്കൽപ്പോലും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ കാലെടുത്ത് വച്ചിട്ടില്ല. കുടുംബ പാരമ്പര്യം പറഞ്ഞ് ഒന്നും നേടിയിട്ടില്ല.  അധികാരമല്ല, സഹനവും സമരവുമായിരുന്നു യഥാർഥ "ഗാന്ധി’ കുടുംബത്തിന്റെ രാഷ്ട്രീയം. നെഹ്റു കുടുംബ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ്  രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും മനേകാ ഗാന്ധിയും സോണിയയും വരുൺ ഗാന്ധിയുമെല്ലാം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നത്. എന്നാൽ ഇവരെല്ലാം  അതത്  കാലത്തെ  രാഷ്‌ട്രീയ ശത്രുവിനെതിരായാണ് മത്സരിച്ചിരുന്നത്. ഈ കാലഘട്ടത്തിലെ യഥാർഥ ശത്രു ബിജെപിയാണ്. കന്നിയങ്കത്തിൽ പ്രിയങ്ക യഥാർഥ ശത്രുവിനെ നേരിടാൻ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല വയനാട്ടിൽ ഏറ്റവും ദുർബലയായ സ്ഥാനാർഥിയെ മത്സരിപ്പിച്ച് ബിജെപി ഇവിടെ കോൺഗ്രസിനെ സഹായിക്കുന്നു. ഇലക്‌ടറൽ ബോണ്ട് എന്ന പേരിൽ ഡിഎൽഎഫിൽനിന്ന് ബിജെപി 170 കോടി രൂപ കോ‍ഴ കൈപ്പറ്റിയ ശേഷം റോബർട്ട് വാധ്രയെ ഭൂമി ഇടപാടിൽനിന്ന് ഹരിയാന ബിജെപി സർക്കാർ രക്ഷപ്പെടുത്തിയതിന്റെ തുടർച്ചയാണ് ഈ പുതിയ സഹായവും.

മഹാത്മാഗാന്ധിയുടെ കുടുംബത്തിന്റെ സഹനരാഷ്ട്രീയത്തിൽനിന്നും നെഹ്‌റു കുടുംബത്തിന്റെ വർത്തമാനകാല രാഷ്‌ട്രീയത്തിലേക്കുള്ള അകലത്തിന് പ്രിയങ്കയുടെയും റോബർട്ട് വാധ്രയുടെയും  കോടികളുടെ ആസ്തിയുമായി അഭേദ്യബന്ധമുണ്ട്. ആ അകലം ഉൾക്കൊള്ളാൻ  നെഹ്റു കുടുംബത്തിലെ കന്നിയങ്കക്കാരിയായ പ്രിയങ്ക വാധ്രയ്ക്ക് സാധിക്കില്ല. പക്ഷേ, ഹിന്ദുത്വരാഷ്‌ട്രീയം ആധിപത്യം നേടുന്ന കാലത്ത് ലാൽസിങ്ങിൽനിന്നും ബിൽക്കിസ് ബാനുവിലേക്കുള്ള ദൂരമെങ്കിലും പ്രിയങ്ക മനസ്സിലാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top