05 November Tuesday

ദാരുണം, ഹൃദയഭേദകം: എന്തുകൊണ്ട് വീണ്ടും ഉരുള്‍പൊട്ടല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

'ആരെങ്കിലും ഓടിവരണേ, ഞങ്ങളുടെ വീടുപോയി കൂടെയുള്ളയാളെ രക്ഷിക്കാന്‍ പറ്റുന്നില്ല. ചെളിയുടെ ഉള്ളിലാണ്. അവര്‍ക്ക് ജീവനുണ്ടോ എന്ന് അറിയില്ല. മണ്ണിന്റെ ഉള്ളിലാണ്. ചെളിയാണ് വായിലൊക്കെ. എങ്ങനെയെങ്കിലും അവരെയൊന്ന് രക്ഷിക്കണം''...

കാലാവസ്ഥയിലുണ്ടായ അസാധാരണ മാറ്റങ്ങള്‍ കേരളത്തെ നിരന്തരമായി ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയാണ്. പുത്തുമല, കൂട്ടിക്കല്‍, കവളപ്പാറ, പെട്ടിമുടി, കൊക്കയാര്‍ തുടങ്ങി മുണ്ടകൈ വരെ നീണ്ട ഉരുള്‍പൊട്ടലുകള്‍ക്കും തുടര്‍ന്നുള്ള അതിദാരുണമായ സംഭവങ്ങള്‍ക്കും കേരളം വീണ്ടും സാക്ഷിയാകുമ്പോള്‍, ഓരോ പ്രകൃതിദുരന്തശേഷവും നാം ഒരുക്കുന്ന കരുതല്‍ അല്‍പകാലത്തേയ്ക്ക് മാത്രമുള്ള പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.



ഇന്നലെ വരെയുണ്ടായിരുന്ന ഒരു പ്രദേശം പ്രകൃതിയുടെ കലിതുള്ളലില്‍ കല്ലുംമണ്ണും ചെളിയും മാത്രമായി. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് നിലവിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകും. ഗ്രാമങ്ങള്‍ ചെളികലര്‍ന്ന പുഴയായി മാറിയ കാഴ്ച. ജീവനുള്ളതും ഇല്ലാത്തതുമായ മനുഷ്യര്‍ക്കൊപ്പം മണ്ണും പാറയും ചേര്‍ന്ന് കുത്തിയൊഴുകുന്ന പുഴ. രണ്ട് ഗ്രാമങ്ങളുടെ നേര്‍ചിത്രമാണിത്. ഒരു രാവ് പുലര്‍ന്നപ്പോള്‍ നിലവിളിയും കരച്ചിലും മാത്രം കേള്‍ക്കുകയായിരുന്നു ഇവിടെ നിന്ന്.

സംസ്ഥാനചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മലയും മുണ്ടക്കൈയും മാറുകയാണ്. വയനാട്ടിലാണ് ഉരുള്‍പൊട്ടിയതെങ്കില്‍ കിലോമീറ്ററുകള്‍ അകലെ ചാലിയാര്‍ പുഴയിലൂടെ മൃതദേഹങ്ങളും മൃതദേഹ അവശിഷ്ടങ്ങളും ഒഴുകിവരുന്നതാണ് നിലമ്പൂര്‍ പോത്തുകല്ല് നിവാസികള്‍ രാവിലെ ഞെട്ടലോടെ കണ്ടത്.

 താങ്ങാനാകാത്ത മഴയെത്തുമ്പോള്‍ കേരളത്തിലെ പല പ്രദേശത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഒരുപതിവ് കാഴ്ചയായിരിക്കുന്നു. ജനങ്ങള്‍ ഭയത്തിന്റെയും ആശങ്കയുടെയും മുള്‍മുനയിലായിരിക്കുന്നു. മലയടിവാരത്തെ മനുഷ്യജീവനുകള്‍ക്ക് എന്ത് സുരക്ഷയുണ്ട് എന്ന ചോദ്യം വീണ്ടുമുയരുന്നു. ഉത്തരം കണ്ടെത്താന്‍ 2024ലും നമുക്കാകുന്നില്ല.


2019 ഓഗസ്റ്റ് എട്ടിനായിരുന്നു വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തം നടന്നത്. 17 ജീവനെടുത്ത ആ ഉരുള്‍പൊട്ടല്‍ നടന്നിട്ട് അഞ്ച് വര്‍ഷം തികയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് തൊട്ടടുത്തുള്ള മേപ്പാടിയില്‍ സമാനമായ സംഭവം അരങ്ങേറുന്നത്. പ്രകൃതിയുടെ താണ്ഡവത്തില്‍ ഇത്തവണ ദുരിതമേറെയാണ്. അതിശക്തമായ മഴ പെയ്യുമ്പോള്‍ വയനാട്ടില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ സജീവമാണെങ്കിലും ഇങ്ങനെയൊരു ദുരന്തം അപ്രതീക്ഷിതമായിരുന്നു.

  2019 ലെ പ്രളയത്തിന് ശേഷമാണ് കേരളത്തില്‍ പ്രകൃതി ദുരന്തം തുടര്‍ക്കഥയാകുന്നത്. കനത്ത മഴ മാത്രമാണോ ഇതിന് കാരണം, അല്ലെന്നതാണുത്തരം. കനത്ത മഴ ഉണ്ടാകുന്നതോടെ സംഭരണ ശേഷിയില്‍ കൂടുതല്‍ വെള്ളം മണ്ണിലേയ്ക്കിറങ്ങുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കൂടുന്നതനുസരിച്ച് മണ്ണിനടിയില്‍ മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. ഈ മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളം പുറത്തേയ്ക്ക് ശക്തമായി കുതിച്ചൊഴുകുന്നു. ഒപ്പം ഇളകിയ പാറയും മണ്ണും കുത്തിയൊലിച്ചൊഴുകുന്നു.  തുടര്‍ന്നാണ് സോയില്‍ പൈപ്പിംഗ് എന്ന പ്രതിഭാസമുണ്ടാകുന്നത്.

 തുരങ്കമെന്ന രീതിയില്‍ കുന്നിന്റെ അടിഭാഗത്ത് നിന്നും കല്ലും മണ്ണും ഒഴുകിപോകുന്നു.അങ്ങനെ മേല്‍ഭാഗത്തെ കുന്ന് ഇരുന്ന് പോവുകയും പൊടുന്നനെ അടിവാരത്തേക്കിടിഞ്ഞുവീഴുകയും ചെയ്യുന്നു. നിലവില്‍ അപകടം ഉണ്ടായ പ്രദേശത്തെല്ലാം മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളതാണ്. ആ സമയത്ത് ഭൂമി വിണ്ടുകീറിയിട്ടുണ്ടാകാം. പിന്നീട് മഴ തോര്‍ന്നപ്പോള്‍ അതങ്ങനെ തന്നെയിരുന്ന് ഒടുവില്‍ ശക്തമായ മഴ പെയ്തപ്പോള്‍ മണ്ണ് താഴേക്ക് ഒഴുകിയെത്തിയിരിക്കാം.


ഏകദേശം 22 ഡിഗ്രി ചെരിവുള്ള പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ളത്. മണ്ണിടിച്ചുനീക്കുന്നതും പാറ പൊട്ടിക്കുന്നതും ഉരുള്‍ പൊട്ടലിന് കാരണമാകും.

വയനാട്ടില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ഇവിടത്തെ മണ്ണിന് ആഗിരണം ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളമാണ് ഇവിടെ ലഭിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ കാണപ്പെടുന്നത് 'ബ്ലാക്ക് ലാറ്ററേറ്റ്' എന്നുവിളിക്കുന്ന മണ്ണ് ആണ്. അധികം കഠിനമല്ലാത്ത, വെള്ളം പെട്ടെന്ന് കുടിക്കുകയും പെട്ടെന്ന് പുറന്തള്ളുകയും ചെയ്യുന്ന ഒരുതരം മണ്ണാണിത്. അതിശക്തമായ മഴ തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍ എല്ലാ വെള്ളവും ഭൂമിയിലേക്ക് ആഗിരണം ചെയ്യാന്‍ മണ്ണിന് കഴിയില്ല.

ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തന്നെ ഈ പ്രദേശം ജനവാസത്തിന് അനുയോജ്യമല്ലാത്തതും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലും കാരണമാകുന്ന മേഖലയായാണ് കണക്കാക്കുന്നത്. പണ്ടുകാലത്ത് ഇവിടെ ആരും താമസിച്ചിരുന്നില്ല. അടുത്ത കാലത്താണ് കുടിയേറ്റത്തിന്റെ ഭാഗമായി ആളുകള്‍ എത്തുന്നത്. കാട് വെട്ടിത്തെളിച്ച് തേയിലത്തോട്ടങ്ങളാക്കിയ പ്രദേശമാണിത്.

ഓരോ സ്ഥലത്തേയും പ്രകൃതിക്കനുസരിച്ചാണ് ഉരുള്‍പൊട്ടല്‍ എങ്ങനെയുണ്ടാകുന്നു എന്ന് കണക്കാക്കുന്നത്.  24 മണിക്കൂറില്‍ കൂടുതല്‍ മഴ നിര്‍ത്താതെ പെയ്താല്‍  ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കാണണം. കുന്നിന്‍ ചെരുവിലും മലയടിവാരത്തും , മലമുകളിലും താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ഒന്നോ രണ്ടോ ദിവസം മഴയുടെ അളവ് 10 സെന്റീമീറ്ററില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടത് അനിവാര്യമാണ്. നീര്‍ച്ചാലുകള്‍ വൃത്തിയാക്കുക പ്രധാനപ്പെട്ട കാര്യമാണ്.അല്ലാത്തപക്ഷം മലമുകളില്‍ നിന്നും മഴവെള്ളം പുറത്തുപോകാനാകാതെ പിന്നീട് ശക്തിയായി പുറം തള്ളുന്നതോടെ ഉരുളുകള്‍ പൊട്ടുന്നു.


വയനാട് പുത്തുമലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 372 മില്ലിമീറ്റര്‍ മഴയാണ് പെയ്തിരിക്കുന്നത്. ഒറ്റദിവസംകൊണ്ട് അത്രയും മഴ പെയ്യുമ്പോള്‍ അത് താങ്ങാന്‍ അനുയോജ്യമായതല്ല നമ്മുടെ ഭൂപ്രകൃതി. ജൂലൈ മാസത്തില്‍ ലഭിക്കേണ്ട മഴയേക്കാള്‍ ഇരട്ടിയിലധികം മഴയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.

വയനാട്ടില്‍ 23 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റിയുമാണുള്ളത്. ഇതില്‍ 12ലധികം പഞ്ചായത്തുകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പ്രകൃതിദുരന്തമേഖലകളെ കണ്ടെത്തിയത്. അതില്‍ ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പഞ്ചായത്തും ഉള്‍പ്പെടുന്നുണ്ട്.
 
കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് ചൂരല്‍മലയിലുണ്ടായതെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു. ഇതിനുമുമ്പും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഭീകരമായ ദുരന്തത്തിന് കേരളം സാക്ഷ്യംവഹിച്ചിട്ടില്ലെന്നും സംഭവസ്ഥലത്തെത്തിയ മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടല്‍ പ്രവചിക്കാനാകുന്ന സാങ്കേതിക വിദ്യ വിദേശരാജ്യങ്ങള്‍ പലതും വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മഴ വന്നാല്‍ എപ്പോള്‍ വേണമെങ്കിലും അതിദാരുണമായ ദുരന്തം വന്നുഭവിക്കാന്‍ സാധ്യതയുള്ള നമ്മുടെ സംസ്ഥാനമോ രാജ്യമോ അങ്ങനെ ഒന്ന് വികസിപ്പിച്ചിട്ടില്ല. ദുരന്തമില്ലാതെയിരിക്കുന്നതിനോപ്പം ദുരന്തമുണ്ടായാല്‍ ആളുകളെ കണ്ടെടുക്കുക എന്ന പ്രക്രിയക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്നര്‍ഥം.


2019 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നിരവധി മൃതദേഹങ്ങള്‍ മാസങ്ങള്‍ ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ നമുക്കായിട്ടില്ല. കൂടെയുണ്ടായിരുന്നവര്‍ ഒറ്റനിമിഷത്തില്‍ അപ്രത്യക്ഷമാകുമ്പോള്‍, ജീവിച്ചിരിപ്പില്ലെങ്കില്‍ പോലും അവസാനമായി അവരുടെ മൃതദേഹം കാണാനുള്ള ഉറ്റവരുടെ ആശ നിറവേറ്റിക്കൊടുക്കുക തന്നെ വേണം. നൂറ്റമ്പതോളം വീടുകളുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ലെന്ന് ഉരുള്‍പൊട്ടലുണ്ടായ മേപ്പാട് പഞ്ചായത്തിനടുത്തുള്ള മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കനത്ത മഴ പെയ്യുന്ന രാത്രിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ പലരും കഴുത്തറ്റം ചെളിയില്‍ മുങ്ങിയിരുന്നു. രണ്ടരയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത് ജനം അറിഞ്ഞു തുടങ്ങിയത്. കനത്തമഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ ദുരന്തത്തിന്റെ വ്യാപ്തിയോ മനസ്സിലാക്കാന്‍ സാധിച്ചില്ല. എങ്ങും ചെളിയും വെള്ളവും മാത്രമായിരുന്നു- ജനങ്ങള്‍ ദുരന്തം വിശദീകരിച്ചു

 'ആരെങ്കിലും ഓടിവരണേ, ഞങ്ങളുടെ വീടുപോയി കൂടെയുള്ളയാളെ രക്ഷിക്കാന്‍ പറ്റുന്നില്ല. ചെളിയുടെ ഉള്ളിലാണ്. അവര്‍ക്ക് ജീവനുണ്ടോ എന്ന് അറിയില്ല. മണ്ണിന്റെ ഉള്ളിലാണ്. ചെളിയാണ് വായിലൊക്കെ. എങ്ങനെയെങ്കിലും അവരെയൊന്ന് രക്ഷിക്കണം''...

ഇനിയൊരിക്കലും ഇങ്ങനെ ദയനീയമായി  നിലവിളിക്കേണ്ട അവസ്ഥ ആര്‍ക്കുമുണ്ടാകരുത്. ഓരോ ജീവനും നമുക്ക് വിലപ്പെട്ടതാണ്. കേരളത്തില്‍ ഇനിയും ജലബോംബ് പൊട്ടി മനുഷ്യജീവന്‍ പൊലിയരുത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top