21 September Saturday

കാര്‍ഷികമേഖലയില്‍ ഇടപെടുന്നതിനുള്ള നയപരിപാടി

പിണറായി വിജയന്‍Updated: Monday Dec 1, 2014

വിവിധ മേഖലകളിലെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടണമെന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്ക് പാര്‍ടി ഇടപെടുന്നത്. ഭക്ഷ്യോല്‍പ്പാദന വര്‍ധനയ്ക്കുള്ള ഇടപെടലുകള്‍ മുന്‍കാലത്തും ഉണ്ടായിട്ടുണ്ട്. 1943 ജൂണ്‍ 27ന് അന്നത്തെ ഭക്ഷ്യക്ഷാമത്തിന്റെകൂടി പശ്ചാത്തലത്തില്‍ പി കൃഷ്ണപിള്ള എഴുതിയ ലേഖനത്തില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്ത് പറയുന്നുണ്ട്. 1946 നവംബര്‍ 16ന് ഇ എം എസിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തരിശുഭൂമി കൃഷിചെയ്ത് ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക എന്നത് പ്രധാന മുദ്രാവാക്യമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്.

വര്‍ത്തമാനകാലത്ത് കര്‍ഷകമേഖലയിലും കര്‍ഷകത്തൊഴിലാളിമേഖലയിലും ഇടപെടേണ്ടതിനെ സംബന്ധിച്ച് പാര്‍ടി തയ്യാറാക്കിയ രേഖയില്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നടത്തേണ്ട ഇടപെടലിനെ സംബന്ധിച്ച് പറയുന്നുണ്ട്. ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെതിരായി ശക്തമായ പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയില്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പ്രക്ഷോഭങ്ങളുടെ ആവശ്യകതയും രേഖയില്‍ അടിവരയിട്ട് പറയുന്നുണ്ട്. അതോടൊപ്പം, കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണെന്നും അതിനായുള്ള കര്‍മപദ്ധതികള്‍ കേരളത്തില്‍ ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറയുകയുണ്ടായി. പരമ്പരാഗതമായ കൃഷിരീതിയെയും നാട്ടറിവുകളെയും അടിസ്ഥാനപ്പെടുത്തി കാര്‍ഷികമേഖലയില്‍ ഇടപെടേണ്ടതുണ്ട്. അതോടൊപ്പം ശാസ്ത്രീയമായി നാം ആര്‍ജിച്ച അറിവുകള്‍ ഉപയോഗപ്പെടുത്തി മുമ്പോട്ടുപോവുക പ്രധാനമാണെന്നും ആ രേഖ പറഞ്ഞു. കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിച്ചെങ്കില്‍മാത്രമേ കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാവൂ എന്നും രേഖ വ്യക്തമാക്കി.

കേരളത്തിന്റെ സാമൂഹികവികാസത്തിന്റെ ഭാഗമായി കര്‍ഷകത്തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. കര്‍ഷകത്തൊഴിലാളികളെ ഈ മേഖലയില്‍ കൊണ്ടുവരണമെങ്കില്‍ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കണം. അതിലൂടെമാത്രമേ കര്‍ഷകത്തൊഴിലാളികളുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ വേതനം നല്‍കാന്‍ കര്‍ഷകര്‍ക്ക് കഴിയുകയുള്ളൂ. അതുകൊണ്ട് കാര്‍ഷിക ഉല്‍പ്പാദനവര്‍ധന എന്നത് കേരളത്തിന്റെ കാര്‍ഷികമേഖലയിലെ കര്‍ഷക-കര്‍ഷകത്തൊഴിലാളി ഐക്യത്തിനും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും അത്യാവശ്യമായ കാര്യമാണെന്നും രേഖ വിലയിരുത്തി.കര്‍ഷകത്തൊഴിലാളികള്‍ക്ക് സ്ഥിരംവരുമാനം ഉറപ്പുവരുത്തുന്ന വിധത്തിലുള്ള സംവിധാനവും ഉണ്ടാകണം. മാന്യമായ ഒരു തൊഴിലാണ് ഇത് എന്ന തരത്തില്‍ മാറ്റംവരുത്തണം.

കര്‍ഷകത്തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കാത്ത വിധത്തില്‍ യന്ത്രങ്ങളുടെ ഉപയോഗവും കാര്‍ഷികമേഖലയില്‍ കടന്നുവരേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞിട്ടുണ്ട്. അതോടൊപ്പം സര്‍ക്കാരിന്റെ ഈ മേഖലയിലെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും രേഖ വ്യക്തമാക്കി.

കാര്‍ഷികമേഖലയിലെ ഇടപെടലിനെ സംബന്ധിച്ച് ഈ രേഖ മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കുക എന്നത് കേരളത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യാവശ്യമാണ്. അതുകൊണ്ടാണ് കാര്‍ഷിക ഉല്‍പ്പാദന വര്‍ധനയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പാര്‍ടി മുന്നിട്ടിറങ്ങുന്നത്. എന്നാല്‍, അത് പാര്‍ടിരംഗത്തുള്ള സഖാക്കള്‍മാത്രം ചെയ്യേണ്ട ഒന്നല്ല. ഇതില്‍ താല്‍പ്പര്യമുള്ളവരെയും കാര്‍ഷികമേഖലയിലെ വിദഗ്ധരെയും എല്ലാം ഉള്‍പ്പെടുത്തി നടത്തേണ്ട ജനകീയപ്രസ്ഥാനമാണ്. അത്തരമൊരു പ്രസ്ഥാനം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് "കാര്‍ഷിക കേരളം ജനകീയ ഇടപെടല്‍' എന്ന ശില്‍പ്പശാല എ കെ ജി പഠനഗവേഷണകേന്ദ്രം കഴിഞ്ഞ ദിവസം നടത്തിയത്. ഇതിന്റെ സംഘാടനം ആരംഭിച്ചപ്പോള്‍ത്തന്നെ പങ്കെടുക്കാന്‍ ഏറെപ്പേര്‍ താല്‍പ്പര്യം അറിയിച്ചെങ്കിലും അവരെയെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം വിഭാഗങ്ങളെയെല്ലാം ഉള്‍പ്പെടുത്തി വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആകമാനം വിശദമായി പ്ലാന്‍ ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഈ ശില്‍പ്പശാലയുടെ ആദ്യ സെഷനില്‍ ഈ രംഗത്തെ കാഴ്ചപ്പാടുകള്‍ പാര്‍ടി നേതാക്കള്‍തന്നെ വ്യക്തമാക്കുകയുണ്ടായി. ഇത്തരത്തില്‍ പൊതുവായ സമീപനം മുമ്പോട്ടുവച്ചശേഷം നമ്മുടെ കൃഷിരീതികളെ ഉല്‍പ്പാദനവര്‍ധനയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന കാര്യമാണ് ശില്‍പ്പശാലയില്‍ ചര്‍ച്ചചെയ്തത്. കേരളത്തിലെ പരമ്പരാഗതമായ കൃഷിസമ്പ്രദായങ്ങളെയും അതിന്റെ സവിശേഷതകളെയും വിശദമായിത്തന്നെ ഇതില്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിച്ചുവന്ന കാര്‍ഷികരീതികളെയും പരിചയപ്പെടുത്തി. ഇത്തരം രീതികള്‍ ഓരോ വ്യക്തിയും പ്രദേശവും അവരുടേതായ സവിശേഷതകള്‍ക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തേണ്ടതാണെന്ന അഭിപ്രായമാണ് ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്നത്.

കൃഷിയിലെ മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് കീടനാശിനികളുമായി ബന്ധപ്പെട്ടത്. മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നത് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ജൈവകൃഷിയുടെ സാധ്യതകളെ സംബന്ധിച്ചും ഉപയോഗിക്കാവുന്ന ജൈവകീടനാശിനികളെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. കൃഷി മുമ്പോട്ട് കൊണ്ടുപോകുന്നതിന് കര്‍ഷകത്തൊഴിലാളികളുടെ ലഭ്യത പ്രധാനമാണെന്ന കാര്യവും വ്യക്തമാക്കപ്പെട്ടു. ഈ മേഖലയില്‍ പുതിയ തൊഴിലാളികള്‍ കടന്നുവരുന്നില്ലെന്നു മാത്രമല്ല, സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവും നിലനില്‍ക്കുന്നതായി വിലയിരുത്തപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ലേബര്‍ ബാങ്ക് സമ്പ്രദായം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കപ്പെടുകയുണ്ടായി. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ഇടപെടലുകളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു.

കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നടക്കുന്ന വിവിധ പരീക്ഷണങ്ങളെ ശില്‍പ്പശാലയില്‍ പരിചയപ്പെടുത്തി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് അവരുടെ അനുഭവങ്ങള്‍ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച നടത്തുകയുണ്ടായി. തുടര്‍ന്ന് പ്രതിനിധികള്‍ക്ക് സാങ്കേതികകാര്യങ്ങളെ സംബന്ധിച്ചും മറ്റും തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമായ ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനുള്ള അവസരവും പ്രതിനിധികള്‍ക്ക് ഒരുക്കി. ശില്‍പ്പശാലയില്‍ നടന്ന ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒരു നയപ്രഖ്യാപനരേഖ തയ്യാറാക്കി. അതാണ് ആലപ്പുഴയില്‍വച്ച് അവതരിപ്പിച്ചത്.

നയപ്രഖ്യാപനരേഖയുടെ അടിസ്ഥാനത്തില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ടി ഉദ്ദേശിക്കുന്നത്. കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാമേഖലയിലും സംഘടിപ്പിക്കണം. ആദ്യഘട്ടത്തില്‍ പ്രാമുഖ്യം നല്‍കുന്നത് പച്ചക്കറി ഉല്‍പ്പാദനത്തിന്റെ കാര്യത്തിലാണ്. വിഷമില്ലാത്ത പച്ചക്കറി കേരളത്തിലാകമാനം ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ഈ ഘട്ടത്തിലെ പ്രധാനലക്ഷ്യം. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷംകൊണ്ട് നമുക്ക് ആവശ്യമുള്ള പച്ചക്കറിയുടെ 75 ശതമാനം ഉല്‍പ്പാദിപ്പിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. എല്ലാവരും വീട്ടാവശ്യത്തിന് അല്‍പ്പമെങ്കിലും പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക എന്നത് ലക്ഷ്യത്തിന്റെ ഭാഗങ്ങളില്‍ ഒന്നാണ്. അതോടൊപ്പം, ഉപവരുമാനം എന്ന നിലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമായി പാര്‍ടി മുന്നോട്ടുവയ്ക്കുന്നു.

കേരളത്തില്‍ പച്ചക്കറി മേല്‍പറഞ്ഞ വിധത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പരമ്പരാഗത കൃഷിരീതികളിലും ജൈവ സങ്കേതങ്ങളിലുമാണ് ഊന്നിനില്‍ക്കുക. ഇതോടൊപ്പം ആധുനിക സങ്കേതങ്ങളെക്കൂടി ഉപയോഗപ്പെടുത്തുന്നതിനുള്ള സമീപനവും സ്വീകരിക്കും. ഈ രംഗത്തുള്ള ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതിനും ശ്രമിക്കും. ആധുനികമായ വിത്തുകളും മറ്റു സമ്പ്രദായങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ വികസിപ്പിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കാര്‍ഷിക ഗവേഷണസ്ഥാപനങ്ങളെ മാറ്റി എടുക്കുന്നതിനും ഇടപെടും.

ഒറ്റയായും കൂട്ടായുമുള്ള കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സംഘാടനത്തില്‍ സ്വീകരിക്കുക. അയല്‍ക്കൂട്ടങ്ങളെയും കുടുംബശ്രീയെയും ഇത്തരം രീതികളിലേക്ക് എത്തിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. സ്ഥിരം വരുമാനം കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്നവിധം ലേബര്‍ ബാങ്കുപോലുള്ള സമ്പ്രദായങ്ങള്‍ ആവിഷ്കരിക്കുന്നതിന് മുന്‍കൈ എടുക്കും. പച്ചക്കറിക്കൃഷിക്ക് ആവശ്യമായ വളം ശുചിത്വപ്രസ്ഥാനത്തിന്റെ ഭാഗമായി എത്തിക്കുന്നതിന് ഇടപെടും. പഞ്ചായത്തുകളില്‍ കിസോക്കുകള്‍ തുറന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് കൃഷിക്കാര്‍ക്ക് എത്തിക്കുന്ന രീതിയും വികസിപ്പിക്കും.

പാര്‍ടിയുടെ നേതൃത്വത്തിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍കൈ എടുക്കും. പാര്‍ടി ഭരിക്കാത്ത തദ്ദേശസ്ഥാപനങ്ങളില്‍ ഭരിക്കുന്നവര്‍ മുന്‍കൈ എടുത്താല്‍ അതുമായി സഹകരിക്കും. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെങ്കില്‍ പാര്‍ടി മുന്‍കൈ എടുത്ത് ഇവ നടപ്പാക്കാന്‍ ശ്രമിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തരത്തിലുള്ള സര്‍ക്കാര്‍സ്കീമുകളെ ഉപയോഗിക്കും. മേല്‍വിവരിച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് കര്‍ഷകപ്രസ്ഥാനം, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം, മഹിളാ പ്രസ്ഥാനം എന്നീ സംഘടനകളുടെ സജീവമായ സഹകരണം അഭ്യര്‍ഥിക്കും. മറ്റ് വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങളും ഈ പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള ഇടപെടല്‍ നടത്തും.

കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികസഹായം എത്തിക്കുന്നതിന് ഇടപെടല്‍ നടത്തും. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളുടെകൂടി അടിസ്ഥാനത്തില്‍ ഇത്തരം പദ്ധതികള്‍ സംസ്ഥാനത്ത് ഉടനീളം ആവിഷ്കരിക്കാന്‍ ശ്രമിക്കും. നാളികേരത്തിന്റെ സവിശേഷതതന്നെ അതിന്റെ എല്ലാഭാഗങ്ങളും ഉപയോഗിക്കാം എന്നതാണ്. നാളികേരത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് സഹായിക്കും.

നമ്മള്‍ ആവിഷ്കരിക്കുന്ന ഇത്തരം പ്രവര്‍ത്തനപദ്ധതികള്‍ പ്രാവര്‍ത്തികമാക്കി, വരുന്ന ഓണക്കാലത്ത് സംസ്ഥാനത്തുടനീളം ജൈവപച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന നൂറുകണക്കിന് ഔട്ട്ലെറ്റുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യംകൂടി പാര്‍ടി വിഭാവനംചെയ്യുന്നു. ഇതിനായുള്ള ക്യാമ്പയിനുകള്‍ പാര്‍ടി ഉടന്‍ ആരംഭിക്കും.

കാര്‍ഷികമേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണനയങ്ങളെ പ്രതിരോധിക്കുമ്പോള്‍ത്തന്നെ ജനകീയ ബദല്‍ മുന്നോട്ടുവയ്ക്കുക എന്നുള്ള പ്രവര്‍ത്തനവും ആഗോളവല്‍ക്കരണ വിരുദ്ധസമരത്തില്‍ പ്രധാനമാണെന്ന് പാര്‍ടി തിരിച്ചറിയുന്നു. ഇത്തരമൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി ആരംഭിക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ജനവിഭാഗങ്ങളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top