21 September Saturday

ചെങ്കൊടി ഉയരും; രാജ്യമെമ്പാടും

വെബ് ഡെസ്‌ക്‌Updated: Friday Apr 24, 2015

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കുന്നു
ഇടവേളയില്ലാതെ ഒരു മണിക്കൂര്‍ 45 മിനിറ്റ് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചു; കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍. ഒരു കവിള്‍ വെള്ളം കുടിക്കാന്‍പോലും നിര്‍ത്താതെ യെച്ചൂരി അനുഭവങ്ങളും പ്രതീക്ഷകളും യാഥാര്‍ഥ്യങ്ങളും പങ്കുവച്ചു; ബാല്യംമുതല്‍ സമകാല ഇന്ത്യന്‍ രാഷ്ട്രീയംവരെ.

ബാല്യം, വിദ്യാഭ്യാസം
അച്ഛന്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറായിരുന്നു. കുടുംബം ചെന്നൈയില്‍ താമസിക്കുമ്പോഴാണ് ഞാന്‍ ജനിച്ചത്- 1952ല്‍ മദ്രാസ് ജനറല്‍ ആശുപത്രിയില്‍. പിന്നീട് ഹൈദരാബാദിലേക്ക് മാറി. അച്ഛന്റെ അടിക്കടിയുള്ള സ്ഥലംമാറ്റം കാരണം മുത്തശ്ശിയാണ് എന്നെ വളര്‍ത്തിയത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ വിപ്ലവാശയങ്ങള്‍ ആകര്‍ഷിച്ചു. അതിന് വ്യക്തമായ രാഷ്ട്രീയനിലപാട് ഒന്നുമില്ലായിരുന്നു. 1960കളുടെ മധ്യകാലം. അന്ന് ഇന്ത്യ രാഷ്ട്രീയമായി പ്രക്ഷുബ്ധമായിരുന്നു. യുവജനങ്ങളും തൊഴിലാളികളും അസ്വസ്ഥര്‍. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പല കാര്യങ്ങളും പറയുന്നു. എന്നാല്‍, ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ല. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിലും ഭിന്നിപ്പ്. ഹൈദരാബാദില്‍ അന്ന് സിപിഐ എം ഇല്ല. എസ്എഫ്ഐയും സിഐടിയുവും രൂപംകൊണ്ടിട്ടില്ല. നക്സലിസം ഉള്‍പ്പെടെ തീവ്ര ഇടതുപക്ഷനിലപാടുകള്‍ വന്ന സമയം. ശ്രീകാകുളം അക്കാലത്ത് നക്സലുകളുടെ പ്രധാന കേന്ദ്രമാണ്. എന്റെ വിപ്ലവനിലപാടുകള്‍ മുത്തശ്ശിയെ ആശങ്കയിലാഴ്ത്തി. അന്നത്തെ ഇടത്തരം കുടുംബത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു ആ ചിന്തകള്‍. മനംമാറ്റാന്‍ മുത്തശ്ശി പി വി നരസിംഹറാവുവിന്റെ (മുന്‍ പ്രധാനമന്ത്രി) സഹായം തേടി. അദ്ദേഹം അന്ന് കേന്ദ്രമന്ത്രിയാണ്. പ്രതിഭാശാലികളും മികച്ച വിദ്യാര്‍ഥികളും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് നല്ലതാണെന്ന് ഉപദേശിച്ച് മടക്കുകയാണ് റാവു ചെയ്തത്. മുത്തശ്ശിയുടെ ആകുലത മാറിയില്ല. പി സുന്ദരയ്യയെയും അവര്‍ സമീപിച്ചു. സീതാറാം കുഴപ്പക്കാരനല്ലെന്ന് മുത്തശ്ശിയെ ബോധ്യപ്പെടുത്താന്‍ സുന്ദരയ്യ കഴിയുന്ന രീതിയില്‍ ശ്രമിച്ചു. സത്യത്തില്‍ എനിക്ക് നക്സലിസത്തോട് ഒരിക്കലും ആഭിമുഖ്യം തോന്നിയിട്ടില്ല. എന്റെ വിപ്ലവകരമായ ചിന്തകള്‍ അപകടമാണെന്ന് അന്നത്തെ സാഹചര്യത്തില്‍ മുത്തശ്ശിക്ക് തോന്നിയെന്ന് മാത്രം.1967- 68ല്‍ സ്വതന്ത്രതെലങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള ആദ്യത്തെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഇതേത്തുടര്‍ന്ന് ഞങ്ങളുടെ കുടുംബം ഡല്‍ഹിയിലേക്ക് മാറി. ഡല്‍ഹിയില്‍ എത്തിയശേഷം പതിനൊന്നാം ക്ലാസ് പഠനം പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളില്‍ തുടര്‍ന്നു. സിബിഎസ്ഇ അഖിലേന്ത്യാ പരീക്ഷയില്‍ ഞാന്‍ ഒന്നാംസ്ഥാനത്ത് എത്തിയതിന്റെ നേട്ടം സ്കൂളിനുമുണ്ടായി. സ്കൂളിനുള്ള സര്‍ക്കാര്‍ ഗ്രാന്റ് ഇരട്ടിയാക്കി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലാണ് ബിഎ ഓണേഴ്സ് ചെയ്തത്. സെന്റ് സ്റ്റീഫന്‍സിന്റെ ചുവന്ന മതിലുകളിലും അന്ന് മാവോയിസത്തിന്റെ പോസ്റ്ററുകള്‍ കാണാമായിരുന്നു. എസ്എഫ്ഐയെക്കുറിച്ച് കാര്യമായി അറിയുന്നതും അവിടെവച്ചാണ്.

ജെഎന്‍യു, എസ്എഫ്ഐ
എംഎയ്ക്ക് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചേര്‍ന്നതോടെയാണ് എന്റെ രാഷ്ട്രീയചിന്തകള്‍ക്ക് വ്യക്തമായ രൂപംകൈവന്നത്്. മാര്‍ക്സിസത്തെക്കുറിച്ച് ശരിയായ ധാരണ കൈവന്നു. എസ്എഫ്ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മികച്ച വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ജെഎന്‍യു ക്യാമ്പസിനുള്ള സ്ഥാനം അദ്വിതീയമാണ്. 1973ല്‍ പ്രകാശ് കാരാട്ട് ജെഎന്‍യു യൂണിയന്‍ ചെയര്‍മാനായി. പ്രകാശ് കാരാട്ടുമായുള്ള അടുപ്പം അക്കാലത്ത് തുടങ്ങിയതാണ്. അടിയന്തരാവസ്ഥയില്‍ 10 മാസത്തിനുള്ളില്‍ മൂന്ന് പ്രാവശ്യം ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തി. മൂന്നുതവണയും ചെയര്‍മാനായി ജയിച്ചത് ഞാനാണ്. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. കേരളത്തില്‍നിന്നോ ബംഗാളില്‍നിന്നോ അല്ലാത്ത ഒരാള്‍ എസ്എഫ്ഐ പ്രസിഡന്റായി ആദ്യമായാണ് വന്നത്. "പഠിക്കുക, പോരാടുക' എന്ന മുദ്രാവാക്യം എസ്എഫ്ഐ ഉയര്‍ത്തിയത് അക്കാലത്താണ്. ക്യാമ്പസിലെ ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികളാണ് എസ്എഫ്ഐയില്‍ അണിനിരന്നത്.1984ലെ പാര്‍ടി കോണ്‍ഗ്രസില്‍ ഞാനുള്‍പ്പടെ 15 ചെറുപ്പക്കാര്‍ കേന്ദ്ര കമ്മിറ്റിയില്‍ വന്നു. കമ്മിറ്റിയുടെ ആകെ അംഗസംഖ്യ 35 മാത്രമായിരുന്നു. പ്രകാശ് കാരാട്ട്, ബുദ്ധദേബ് ഭട്ടാചാര്യ, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍ എന്നിവര്‍ പുതുതായി വന്നവരില്‍പ്പെടുന്നു. കേന്ദ്ര കമ്മിറ്റിയിലെടുക്കാന്‍ തീരുമാനിച്ചതറിഞ്ഞ് ഇ എം എസിനെ സമീപിച്ചു. എനിക്ക് അതിനുള്ള പ്രാപ്തി കൈവന്നിട്ടില്ലെന്ന് പറഞ്ഞു. ഇ എം എസിന്റെ മറുപടി ഇങ്ങനെയായിരുന്നു-കമ്യൂണിസ്റ്റ് പാര്‍ടി അംഗം പാര്‍ടി തീരുമാനം അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം പാര്‍ടി വിട്ടുപോകുകയേ വഴിയുള്ളൂ.

പി സുന്ദരയ്യ, ഇ എം എസ്, ബി ടി ആര്‍, സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ സ്നേഹവും കരുതലും പ്രധാനമാണ്. വളരെ സ്വാഭാവികമായ രീതിയില്‍ അവര്‍ പുതിയ തലമുറയെ വളര്‍ത്തിയെടുത്തു. പാര്‍ടിയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി മാറണമെന്ന് കരുതിയതല്ല. ഈ നേതാക്കളുടെ ഉപദേശമാണ് പാര്‍ടി കേഡറാക്കി ഉയര്‍ത്തിയത്.

അടിയന്തരാവസ്ഥ, അറസ്റ്റ്
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഒളിവില്‍പ്പോകാന്‍ പാര്‍ടി നിര്‍ദേശം നല്‍കി. അക്കാലത്ത് അച്ഛനും അമ്മയ്ക്കുമൊപ്പം ഞാന്‍ ഡല്‍ഹിയിലാണ്. അച്ഛന്‍ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍. ആശുപത്രിയില്‍ പകല്‍ അമ്മ കൂട്ടിരിക്കും. രാത്രി കൂട്ടിരിക്കാന്‍ എത്തിയപ്പോഴാണ് അച്ഛനെ ഡിസ്ചാര്‍ജ് ചെയ്തതായി ഡോക്ടര്‍ അറിയിച്ചത്. മറ്റ് വഴിയില്ല. അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലെത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷമുള്ള ആദ്യത്തെ രാത്രിയാണ്. പിറ്റേന്ന് രാവിലെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ എത്തിയപ്പോഴാണ് ബാങ്ക് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടുവെന്നോ മറ്റോ ഉള്ള കുറ്റമാണ് ചാര്‍ത്തിയതെന്ന് അറിഞ്ഞത്. എന്നാല്‍, ജാമ്യം ലഭിച്ചു. സ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ പാര്‍ടി നിര്‍ദേശിക്കുകയും ചെയ്തു. മാതൃസഹോദരന്‍ മോഹന്‍ ഗംഗ അന്ന് ആന്ധ്രപ്രദേശില്‍ ജില്ലാ കലക്ടറാണ്. അദ്ദേഹത്തിന്റെ കൂടെക്കഴിയാന്‍ വീട്ടുകാര്‍ അയച്ചു. രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിച്ച് സിവില്‍ സര്‍വീസിന് ശ്രമിക്കണമെന്ന് ഉപദേശിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മൂന്നാഴ്ചയ്ക്കുശേഷം അദ്ദേഹം അച്ഛനെ വിളിച്ചുപറഞ്ഞു: സീതാറാമിനെ ഇവിടെ നിര്‍ത്തിയാല്‍ ഞാനും ജോലി രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടിവരും. ഇക്കാര്യം പിന്നീട് മോഹന്‍ ഗംഗ എഴുതിയിട്ടുണ്ട്.

ടെന്നീസ് താരം
രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നെങ്കില്‍ സിവില്‍ സര്‍വീസില്‍ പ്രവേശിക്കുമായിരുന്നെന്ന് പറയുന്നവരുണ്ട്. എന്നാല്‍, പഴയ ടെന്നീസ് ചാമ്പ്യനെ അധികംപേര്‍ ഓര്‍ക്കുന്നില്ല. ഹൈദരാബാദിലെ അറിയപ്പെടുന്ന ടെന്നീസ് കളിക്കാരനായിരുന്നു. ടൂര്‍ണമെന്റുകളിലൊക്കെ ജയിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് വിജയ് അമൃതരാജിന്റെ പ്രതാപകാലമാണ്. അതൊക്കെ കേട്ടാണ് ടെന്നീസില്‍ കമ്പംകയറിയത്്. ഹൈദരാബാദ് വിട്ട് ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ടെന്നീസ് ഉപേക്ഷിച്ചത്. ഡല്‍ഹിയില്‍ വന്നശേഷം ഷട്ടില്‍ കളിക്കുമ്പോള്‍ ടെന്നീസ് മട്ടിലുള്ള സ്ട്രോക്കുകളായിരുന്നു.

ഇടതുപക്ഷത്തിന്റെ ഭാവി
സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ഇനി നിങ്ങള്‍ ഇന്ത്യയില്‍ പാര്‍ടിയുമായി നടക്കുന്നത് എന്തിനാണെന്ന് ചോദിച്ചവരുണ്ട്. അവര്‍ക്ക് മറുപടി നല്‍കാനും അന്നത്തെ പ്രതിസന്ധി അതിജീവിച്ച് മുന്നേറാനും കഴിഞ്ഞു. നിലവിലുള്ള സാഹചര്യം ജനങ്ങളുടെയും ഇടതുശക്തികളുടെയും പ്രത്യേകിച്ച് സിപിഐ എമ്മിന്റെയും മുന്നേറ്റത്തിന് തികച്ചും അനുകൂലമാണ്. ഇന്ത്യയില്‍ ഇടതുശക്തികള്‍ക്ക് നല്ല ഭാവിയാണുള്ളത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനല്ല ശ്രമിക്കുന്നത്; ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാനാണ്. സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ജനരോഷം ഓരോദിവസവും ഉയരുകയാണ്. ഇതേസമയംതന്നെ, ആര്‍എസ്എസും ഇതര സംഘപരിവാര്‍ സംഘടനകളും ഏറ്റവും മോശമായ രൂപത്തിലുള്ള വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്നു. ഇവര്‍ക്ക് മോഡിസര്‍ക്കാരിന്റെ നിരുപാധിക രാഷ്ട്രീയപിന്തുണയും ലഭിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ നില്‍ക്കേണ്ടത് ഇടതുശക്തികളാണ്.

21-ാം പാര്‍ടി കോണ്‍ഗ്രസ്
സിപിഐ എമ്മിന്റെ സ്വതന്ത്രമായ കരുത്ത് ശക്തിപ്പെടുത്തുകയെന്നതാണ് പ്രാഥമികമായ കടമ. ഇടതുജനാധിപത്യമുന്നണിയുടെ മുന്നോട്ടുള്ള പ്രയാണത്തിനായി ഇടത് ഐക്യം കെട്ടിപ്പടുക്കുകയും വിപുലീകരിക്കുകയും വിവിധ വര്‍ഗങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയാകെയും ഇടതുജനാധിപത്യപരിപാടിക്ക് കീഴില്‍ അണിനിരത്തുകയും ചെയ്യണം. വര്‍ഗ- ബഹുജന പ്രശ്നങ്ങളില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി ഊന്നല്‍ നല്‍കണം.

പ്രാദേശിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും അവ ഏറ്റെടുത്ത് ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യണം. നിരന്തരമായ പ്രക്ഷോഭസമരങ്ങള്‍വഴി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയണം. ഇതുവഴി ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കണം. രാജ്യവ്യാപകമായി നടത്തുന്ന ഇത്തരം പ്രാദേശിക പ്രക്ഷോഭങ്ങളിലൂടെ ദേശീയതലത്തില്‍ ശക്തിയാര്‍ജിക്കാന്‍ പാര്‍ടിക്ക് സാധിക്കും. ലാറ്റിനമേരിക്കയിലെയും മറ്റും ഇടതുകക്ഷികളുടെ മുന്നേറ്റത്തിന്റെ അനുഭവം നല്‍കുന്ന പാഠം ഇതാണ്.

ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല അഭിപ്രായമുണ്ട്. അവര്‍ ആദര്‍ശധീരരാണ്, സത്യസന്ധരാണ്്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യുന്നത് മറ്റു ചിലരാണെന്ന് ജനം കരുതുന്നു. ഇതാണ് പാര്‍ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണം. ഓരോ പ്രദേശങ്ങളിലെയും തനതായ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പാര്‍ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. യാന്ത്രികമായ സമീപനത്തോടെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഒരു സംസ്ഥാനത്തുതന്നെ എല്ലായിടത്തും ഒരേ പ്രശ്നങ്ങളല്ല. കേരളത്തില്‍പ്പോലും വയനാട്ടിലെയും ഇടുക്കിയിലെയും പ്രശ്നങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഓരോ പ്രശ്നങ്ങള്‍ക്കും തനതായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇതിന് സാധിക്കും. സ്വാമി വിവേകാനന്ദന്‍ ഒരുകാലത്ത് "ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളമാണ് പിന്നീട് യൂറോപ്പിനു തുല്യമായ സാമൂഹികപുരോഗതി കൈവരിച്ച പ്രദേശമായി മാറിയത്. ലക്ഷ്യബോധമുള്ള പോരാട്ടങ്ങളിലൂടെയാണ് കേരളം ഈ അവസ്ഥയില്‍ എത്തിയത്.

പാര്‍ടിയുടെ മുന്നേറ്റത്തിലുള്ള പോരായ്മ പരിഹരിക്കാനുള്ള ഗൗരവതരമായ പരിശോധനകളും ചര്‍ച്ചകളുമാണ് വിശാഖപട്ടണത്തു നടന്ന 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ ഉണ്ടായത്. രാജ്യത്തെ വസ്തുനിഷ്ഠസാഹചര്യങ്ങള്‍ ഇടതുമുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും അനുകൂലമാണ്. ജനകീയ പോരാട്ടങ്ങളിലൂടെ ഇടതുമുന്നേറ്റം സാധ്യമാക്കുന്നതിനായി സിപിഐ എമ്മിനെ സംഘടനാപരമായി ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ കോണ്‍ഗ്രസ് എടുത്തു. വികസനത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകളും പ്രചാരണവും നടക്കുന്നു. പലരും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയില്‍ കുടുങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് യുവതലമുറ. വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. ജാതി, മത, ലിംഗ ഭേദങ്ങള്‍ക്ക് അതീതമായി ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെയെല്ലാം ഈ പോരാട്ടത്തില്‍ അണിനിരത്തേണ്ടത് ഇടതുപക്ഷത്തിന്റെ കടമയാണ്. വസ്തുനിഷ്ഠമായ ഈ യാഥാര്‍ഥ്യം ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് തികച്ചും അനുകൂല സാഹചര്യമാണ് ഒരുക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും ജനകീയപോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിനായി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തണം. അതുകൊണ്ടാണ്, ഈ ദൗത്യം ഏറ്റെടുക്കുന്നതിനായി ആറുമാസത്തിനകം പാര്‍ടി പ്ലീനം വിളിക്കാന്‍ 21-ാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചത്.

കേരളവും ബംഗാളും
കേരളവും ബംഗാളും പാര്‍ടിക്ക് ഒരുപോലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളാണ്. പാര്‍ടിയുടെ രണ്ട് കണ്ണുകളാണ് കേരളവും ബംഗാളും. നവോത്ഥാനത്തിന്റെ കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നു രണ്ട് സംസ്ഥാനങ്ങളും. ബംഗാളിലെ ഇടതുമുന്നണി ഭരണത്തിന്റെ റെക്കോഡ് അനുപമമാണ്- ബൂര്‍ഷ്വാ ജനാധിപത്യ സംവിധാനത്തില്‍ തുടര്‍ച്ചയായി ഏഴ് തെരഞ്ഞെടുപ്പുകളില്‍ ജയിക്കുക എന്നത്. ഇപ്പോള്‍ അവിടെ സിപിഐ എം പ്രവര്‍ത്തകരെ ശാരീരികമായി ഇല്ലായ്മ ചെയ്ത് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്്. 2011നുശേഷം 500ല്‍പ്പരം സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഭീതി സൃഷ്ടിച്ച് സാധാരണ ജനങ്ങളെ കൂടെനിര്‍ത്താന്‍ തൃണമൂല്‍ ശ്രമിക്കുന്നു. കേന്ദ്രഭരണത്തിന്റെ ആനുകൂല്യത്തില്‍ ബിജെപിയും ചില ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍, ജനങ്ങളെ അധികകാലം കബളിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ബംഗാളിലെ പ്രതിസന്ധി പാര്‍ടിയും ഇടതുമുന്നണിയും അതിജീവിക്കും.

കേരളത്തില്‍ എല്‍ഡിഎഫ് ശക്തിപ്പെടുത്താനും വിപുലീകരിക്കാനും നടപടി സ്വീകരിക്കും. ഏതെങ്കിലും കക്ഷികളുടെ കൂറുമാറ്റം എന്നതിലുപരിയായി, എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ കേരളജനതയോട് അഭ്യര്‍ഥിക്കും. എല്‍ഡിഎഫ് വിട്ടുപോയ കക്ഷികള്‍ തിരികെവരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്്. യുഡിഎഫിനൊപ്പം നിന്ന കക്ഷികളില്‍ അസംതൃപ്തരായവരെയും സ്വീകരിക്കും.പിബി കമീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടുത്ത സമ്പൂര്‍ണ പൊളിറ്റ്ബ്യൂറോ യോഗം ചര്‍ച്ചചെയ്യും. കമീഷന്റെ ഘടനയിലും പരിഗണനാവിഷയങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം; രണ്ടും ആവശ്യമുണ്ടെങ്കില്‍മാത്രം. ഇതെല്ലാം കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.കോണ്‍ഗ്രസുമായുള്ള സഹകരണംബിജെപിക്ക് ഇത്രയും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ നയങ്ങളോടുള്ള, പ്രത്യേകിച്ച് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളോടുള്ള ജനരോഷത്തില്‍നിന്നാണ്. കോണ്‍ഗ്രസാകട്ടെ, അവരുടെ നയങ്ങള്‍ തിരുത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ സാധ്യമല്ല. പ്രാദേശിക കക്ഷികളുമായി ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ധാരണകളില്‍ എത്താം. എന്നാല്‍, ദേശീയതലത്തിലുള്ള സഖ്യമായി ഇതിനെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ല.

മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നവിവാദങ്ങള്‍
രാജ്യത്ത് ഏറ്റവും ഊര്‍ജസ്വലമായ ഉള്‍പാര്‍ടി ജനാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ടി സിപിഐ എമ്മാണ്. പാര്‍ടിക്കുള്ളില്‍ എല്ലാ വശങ്ങളും ചര്‍ച്ചചെയ്ത് കൂട്ടായ തീരുമാനങ്ങളാണ് എടുക്കുന്നത്. നേതാക്കളുടെ കഴിവുകളെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കേരളത്തിന്റെ ചരിത്രം നോക്കുക. ഇ എം എസും എ കെ ജിയും കൃഷ്ണപിള്ളയും ചേര്‍ന്നാണ് കേരളത്തിലെ പ്രസ്ഥാനത്തെ വളര്‍ത്തിയത്. സിപിഐ എമ്മിനുള്ളത് കൂട്ടായ നേതൃത്വമാണ്. താനും പ്രകാശും തമ്മില്‍ അകല്‍ച്ചയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അത് മാധ്യമങ്ങളുടെ കുഴപ്പമാണ്. മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരം കാരണം അവര്‍ക്ക് വാര്‍ത്തകള്‍ ചമയ്ക്കേണ്ടിവരുന്നു. കേരളത്തില്‍ത്തന്നെ എത്ര ചാനലുകളാണ്? കുറച്ചുകാലമായി ഞാന്‍ വാര്‍ത്തകള്‍ കാണാറില്ല.എല്ലാവരുടെയും പ്രയത്നം ഒത്തുചേരുമ്പോഴാണ് പാര്‍ടിക്ക് മുന്നേറ്റം ഉണ്ടാവുക. പാര്‍ടിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുകയെന്ന ഉത്തരവാദിത്തമാണ് ജനറല്‍ സെക്രട്ടറിക്കുള്ളത്. ഞാന്‍ ഒരു ഇന്ദ്രജാലക്കാരനല്ല. എന്നാല്‍, വൈകാരികമായ ഒരുപാട് പിന്തുണയും പാര്‍ടിയുടെ അഭ്യുദയകാംക്ഷികളുടെ സഹായവും ഉപദേശങ്ങളും ലഭിക്കുന്നുണ്ട്. പാര്‍ടി സംഘടനയെ ശക്തിപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തും. രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ബദല്‍നയം ഉയര്‍ത്തിയുള്ള പോരാട്ടങ്ങള്‍ നടത്താനും ഇതുവഴി സാധിക്കും. രാജ്യമെമ്പാടും ചെങ്കൊടി ഉയര്‍ത്തുകയെന്നതാണ് എന്റെ സ്വപ്നം. ഭാഷകളും സീതാറാമുംതെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യംചെയ്യാന്‍ പ്രയാസമില്ല. എന്നാല്‍, ബംഗാളി പറയുമ്പോള്‍ ചിലപ്പോള്‍ ഉദ്ദേശിക്കുന്ന പദത്തിന് പകരമുള്ള തമിഴ്വാക്ക് കടന്നുവരും. തമിഴ് പറയുമ്പോള്‍ തിരിച്ച് ബംഗാളി വാക്കും. മലയാളം കേട്ടാല്‍ മനസ്സിലാകും. മലയാളത്തിന് സംസ്കൃതവുമായുള്ള ബന്ധത്തിന് സമാനമാണ് തെലുങ്കും തമിഴും സംസ്കൃതവുമായി പുലര്‍ത്തുന്ന ബന്ധം. പല വാക്കുകളുടെയും വേര് മൂന്നു ഭാഷയിലും ഒന്നാണ്. അതുകൊണ്ട് എനിക്ക് മലയാളം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല $(കൈരളി ടിവി എംഡിയും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തെ അവലംബിച്ച് ദേശാഭിമാനി ഡല്‍ഹി ബ്യൂറോചീഫ് സാജന്‍ എവുജിന്‍ തയ്യാറാക്കിയത്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top