26 December Thursday

‘ഭിന്ന’ലൈംഗികതയും ‘ഭിന്ന’വിധിയും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

എൽജിബിടിക്യുഐഎ പ്ലസ്‌  സമൂഹത്തിന്റെ ഒരു നിർണായക വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വന്നു. സ്‌പെഷ്യൽ മാരേജ്‌ ‌ ആക്ട്‌ 1954, ഹിന്ദു വിവാഹ നിയമം 1955, ഫോറിൻ മാരേജ്‌ ‌ ആക്ട്‌ 1969 എന്നിവയിലെ വകുപ്പുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീർപ്പ് കൽപ്പിച്ചത്. സുപ്രിയോ ചക്രബർത്തി, അഭയ് ദാങ്‌ എന്നിവരും പാർഥ്‌ ഫിറോസ് മെർഹോത്ര, ഉദയ് രാജ് ആനന്ദ് എന്നിവരുമാണ് 2022 നവംബർ 14ന് പ്രത്യേക വിവാഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് ആദ്യം ഹർജികൾ സമർപ്പിച്ചത്. അവർ സ്വവർഗാനുകൂലികളായ ഇണകളുമായിരുന്നു. പിന്നീട് ഡൽഹി, കേരള ഹൈക്കോടതികളിലും നിലനിന്നിരുന്ന സമാനമായ ഹർജികൾ ഉൾപ്പെടെ സുപ്രീംകോടതിയിൽ ഈ കേസിനൊപ്പം പരിഗണിക്കാൻ ചേർക്കുകയായിരുന്നു. 2023 മാർച്ച് 13ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഈ കേസുകൾ റഫർ ചെയ്‌തു. 2023 ഏപ്രിൽ 18ന് വാദം കേട്ടുതുടങ്ങി. മെയ്‌ 11ന് വാദം അവസാനിച്ച്‌ വിധി പറയുന്നതിനായി മാറ്റിവച്ചു.

വ്യക്തിനിയമങ്ങളിലെ വകുപ്പുകളുടെ ഭരണഘടനാ സാധുതയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നെങ്കിലും സുപ്രീംകോടതി തങ്ങളുടെ പരിഗണന സ്പെഷ്യൽ മാരേജ്‌  നിയമത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. മൂന്ന് പ്രധാനപ്പെട്ട ചോദ്യമാണ് സുപ്രീംകോടതി പരിഗണിച്ചത്. ഒന്ന്–- എൽജിബിടിക്യുഐഎ പ്ലസ്‌ അംഗങ്ങൾക്ക് നിയമപരമായി വിവാഹം ചെയ്യാൻ സാധിക്കുമോ? അല്ലെങ്കിൽ  ഈ അംഗങ്ങളുടെ വിവാഹം നിയമപരമായി സാധുവാണോ? രണ്ട്–- ഈ അംഗങ്ങളുടെ വിവാഹ അവകാശത്തെയോ അതിന്റെ നിയമപരമായ സാധുതയെക്കുറിച്ചോ ഒരു പ്രഖ്യാപനം നടത്തുന്നതിന്, വിധി കൽപ്പിക്കുന്നതിന് സുപ്രീംകോടതിക്ക് അവകാശമുണ്ടോ? മൂന്ന്–- ഈ അംഗങ്ങളുടെ വിവാഹത്തെ ഉൾപ്പെടുത്താതെ സ്‌പെഷ്യൽ മാരേജ്‌ നിയമത്തിൽ ആൺ-, പെൺ എന്നുമാത്രം പറയുന്നത് ഭരണഘടനയിലെ തുല്യതയുടെ ലംഘനമാണോ എന്നിവയായിരുന്നു ആ ചോദ്യങ്ങൾ.

ചില പൊതുവായ കാര്യങ്ങളിൽ ഭൂരിപക്ഷം ന്യായാധിപരും യോജിക്കുകയും ചിലതിൽമാത്രം വിയോജിക്കുകയും ചെയ്തു എന്ന് പൊതുവെ പറയാം. പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകൾ റദ്ദാക്കുന്നതിനോ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുന്നതിനോ കഴിയില്ല എന്നതിലും ‘ക്വിയർ’ അംഗങ്ങളുടെ അവകാശങ്ങൾ പരിശോധിക്കുന്നതിന് കേന്ദ്ര സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിക്കാം എന്ന സോളിസിറ്റർ ജനറലിന്റെ നിർദേശത്തെ അംഗീകരിക്കുന്നതിലും എല്ലാ ന്യായാധിപരും യോജിച്ചു. എന്നാൽ, വിവാഹം കഴിക്കാത്തവർക്കും സ്വവർഗ ഇണകൾക്കും  കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം  നിഷേധിക്കുന്ന സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ്‌ അതോറിറ്റി (സിഎആർഎ)യുടെ 5 (3) ചട്ടം ഭരണഘടനയുടെ അനുച്ഛേദം 15ന് വിരുദ്ധമാണെന്ന ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് കൗളിന്റെയും വിധിയോട് മൂന്നുപേർ വിയോജിച്ചു.

ക്വിയർ വ്യക്തികൾക്കുവേണ്ടി ഒരു നിയമ സംവിധാനം ഒരുക്കേണ്ടത് നിയമനിർമാണ സഭയാണ്, പാർലമെന്റാണ് കോടതിയല്ല  എന്നാണ് ഭരണഘടനാബെഞ്ചിന്റെ നിലപാട്. നേരത്തേ ഇന്ത്യൻ പീനൽ കോഡിലെ സ്വവർഗരതി പ്രകൃതിവിരുദ്ധമാണെന്ന 377–-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകൾ റദ്ദാക്കുന്നതിനോ ക്വിയർ അംഗങ്ങളുടെ വിവാഹത്തിനുള്ള അവകാശം അംഗീകരിക്കുന്നതിനോപോലും സുപ്രീംകോടതി തയ്യാറായില്ല എന്നതാണ് വാസ്തവം. അതിന് ഈ വിധിന്യായത്തിൽ സുപ്രീംകോടതിതന്നെ പറയുന്ന ന്യായീകരണം ആക്രമണങ്ങളിൽനിന്നും ക്രിമിനൽവൽക്കരണത്തിൽനിന്നും സംരക്ഷണം കിട്ടുന്നതിനുള്ള ഒരു പൗരന്റെ അവകാശം ഉറപ്പിക്കുകയാണ്‌ 377 –-ാം വകുപ്പ്‌ ഭരണഘടനാ വിരുദ്ധമാക്കുന്നതിലൂടെ നേരത്തേ ചെയ്തത്‌. ഇവിടെ അത്തരം വിഷയങ്ങൾ ഉദിക്കുന്നില്ല എന്നതായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വിവാഹം എന്ന സാമൂഹ്യ സ്ഥാപനത്തിലൂടെ വ്യക്തിക്ക് സവിശേഷമായ ഒരു നിയമ പദവി നൽകാനായി രാഷ്ട്രത്തോട് ആവശ്യപ്പെടാൻ കോടതിക്ക് കഴിയില്ല എന്നാണ് സുപ്രീംകോടതി പറയുന്നത്.

ചുരുക്കത്തിൽ 377 –-ാം വകുപ്പ്‌ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ക്വിയർ അംഗങ്ങളുടെ അവകാശങ്ങളെ മുന്നോട്ട് നയിച്ചതുപോലുള്ള ഒരു ഭരണഘടനാപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സുപ്രീംകോടതി ഇന്നത്തെ സാഹചര്യത്തിൽ വിസമ്മതിക്കുന്നു എന്നാണ് ഈ വിധിന്യായത്തിലൂടെ വെളിപ്പെടുത്തുന്നത്. വിവാഹം എന്ന സ്ഥാപനം വഴി നിയമപരമായ ഒരു പദവി അനുവദിക്കാൻ രാഷ്ട്രത്തോട് ആവശ്യപ്പെടുകയല്ല മറിച്ച് അങ്ങനെ ഒരു പദവി രാഷ്ട്രം അനുവദിക്കുന്ന സന്ദർഭത്തിൽ എൽജിബിടിക്യുഐഎപ്ലസ്‌  അംഗങ്ങളെ മാറ്റിനിർത്തുന്നത് വിവേചനമല്ലേ എന്നതായിരുന്നു ചോദ്യം. എന്നാൽ, ആ ചോദ്യത്തെ തൽക്കാലം പരിഗണിക്കേണ്ടതില്ല എന്നാണ് സുപ്രീംകോടതി ഈ വിധിന്യായത്തിലൂടെ പറയാതെ പറയുന്നത്. ഒരു നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടതുണ്ടോ, അത് പാർലമെന്റിന്റെതന്നെ പരിഗണനയ്‌ക്ക് വിടണോ എന്നീ കാര്യങ്ങളിൽ എല്ലായ്‌പ്പോഴും ഒരുപോലെയല്ല സുപ്രീംകോടതി നിലപാട് എടുത്തിട്ടുള്ളത്.

ഒരേ നിയമത്തെക്കുറിച്ചുതന്നെ വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ സുപ്രീംകോടതി സ്വീകരിച്ചിട്ടുണ്ട്. 377–-ാം വകുപ്പ്‌ തന്നെ ഒരു വട്ടം പരിശോധിച്ച് ശരിവച്ച് വീണ്ടും വന്നപ്പോഴാണല്ലോ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാൻ സുപ്രീംകോടതി തയ്യാറായത്. നേരത്തേയുള്ള വിധികൾ തിരുത്തിയും പുനഃപരിശോധിച്ചും കൊണ്ടുള്ള നിരവധി മുൻകാല അനുഭവങ്ങൾ സുപ്രീംകോടതിയിൽ നിന്നുതന്നെയുള്ളതുകൊണ്ട്  ഇതൊരു അവസാന തീർപ്പല്ല, ഭാവിയിൽ ഇതും തിരുത്തപ്പെട്ടേക്കാം എന്ന് ആശ്വസിക്കുകയേ ഹർജിക്കാർക്കും എൽജിബിടിക്യുഐഎപ്ലസ്‌   പ്രവർത്തകർക്കും തൽക്കാലം നിർവാഹമുള്ളൂ.
(ഹൈക്കോടതി അഭിഭാഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top