ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. ഇന്ന് ആഗോള ഇൻഷുറൻസ് വ്യവസായംപോലും എൽഐസിയുടെ സമാനതകളില്ലാത്ത ഈ വളർച്ചയെ അസൂയയോടെ കാണുകയും എൽഐസിയെ അനുകരിക്കുകയും ചെയ്യുന്നു.1956ൽ വെറും 5 കോടി രൂപ മാത്രം കേന്ദ്ര സർക്കാർ മുതൽ മുടക്കി 5.25 കോടി രൂപ ബാധ്യതയുള്ള എൽഐസിയെ ദേശസാൽക്കരിച്ചു. ഇന്നത് 62.8 ലക്ഷം കോടി രൂപ ആസ്തിയും 58 ലക്ഷം കോടി രൂപ ലൈഫ് ഫണ്ടുമുള്ള, 36,76.170.31 കോടി സാമൂഹ്യ വികസനത്തിന് ചെലവാക്കുന്ന സ്ഥാപനമായി മാറിയത് എൽഐസി ഏജന്റുമാരുടെ ആത്മാർഥതയും നിസ്വാർഥവുമായ പ്രയത്നം കൊണ്ടാണ്. ഏജന്റുമാരെ ‘മരണചിട്ടിയുടെ ദൂതൻ’ എന്ന് വിശേഷിപ്പിച്ച കാലത്തുനിന്നും ഇന്നവർ വളരെയധികം സ്വീകാര്യരായി മാറി. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ ഏജന്റുമാർ വഹിച്ചപങ്കും ജനങ്ങളുടെ വിശ്വാസവുമാണ് എൽഐസിയെ അഗ്രഗണ്യമാക്കിയത്.
വിശ്വാസം തകർത്ത് അതിലൂടെ എൽഐസിയെ ഇല്ലാതാക്കുകയോ കോർപറേറ്റുകൾക്ക് കൈമാറുകയോ ചെയ്യാനുള്ള ഗൂഢനീക്കമാണ് സമീപകാലത്തെ ചില നിയമനിർമാണങ്ങളും ഓർഡിനൻസുകളും വ്യക്തമാക്കുന്നത്. കോർപറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര ഗവൺമെന്റ് ഈ ശ്രമം ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നത് മൂർധന്യാവസ്ഥയിൽ എത്തി. പാർലമെന്റ് സമ്മേളനത്തിൽ ഇൻഷുറൻസ് ബില്ല് അവതരിപ്പിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രചാരണം നൽകുകയും ഒരു എംപിക്കുപോലും ബില്ലിന്റെ കോപ്പി നൽകാതിരിക്കുകയും ചെയ്യുമ്പോൾ പഴയ ചരിത്രം ആവർത്തിക്കുകയാണ്. എൽഐസി പോലുള്ള ഒരു പ്രധാന ധനകാര്യ സ്ഥാപനത്തിൽനിന്നും കേന്ദ്രസർക്കാരിന് വർഷാവർഷം കിട്ടുന്നത് ഡിവിഡന്റ് മാത്രമല്ല ജിഎസ്‌ടി, പോളിസി ടാക്സ്, ഇൻകം ടാക്സ് എന്നിവ കൂടാതെ ലക്ഷക്കണക്കിന് കോടി രൂപയുടെ ഫണ്ടുകളുമാണ്. ഇവ നിലച്ചാൽ എന്താവും കേന്ദ്രഗവൺമെന്റിന്റെ സാമ്പത്തിക നിലയെന്ന് ചിന്തിക്കണം.
ഈ നില തുടർന്നാൽ എൽഐസി കോർപറേറ്റുകളുടെ കൈകളിൽ എത്താൻ വർഷങ്ങൾമാത്രം മതി. നൂറുകണക്കിന് കമ്പനികളുടെ ഓഹരികൾ എൽഐസി എടുത്തിട്ടുണ്ടെങ്കിലും റിലയൻസ്, അദാനി, ഐടിസി, എൽആൻഡ്‌ടി, ആദിത്യ ബിർല, ഇൻഫോസിസ്, ടാറ്റ, എയർടെൽ തുടങ്ങി പ്രമുഖരായ എട്ട് കോർപറേറ്റ് ഭീമൻമാരുടെ ഷെയർ എല്ലാം കൂട്ടിയാൽ ഏകദേശം 50 ശതമാനത്തിനടുത്ത് ഓഹരി എൽഐസിയുടെ കെെയിലാണ്. അതുകൊണ്ടുതന്നെ എൽഐസിയെ ഇല്ലാതാക്കേണ്ടതും അതിന് സാധിച്ചില്ലായെങ്കിൽ കൈക്കലാക്കേണ്ടതും ഇവരുടെ ചിരകാലാഭിലാഷമാകാം. കോർപറേറ്റുകൾ ലക്ഷ്യമിടുന്നത് എൽഐസിയുടെ ലൈഫ് ഫണ്ടും ആസ്തിയുമാണ്. പുതിയ പരിഷ്കാരങ്ങൾ വഴി ഉപയോക്താക്കൾ വരാതായാൽ ഈ സ്ഥാപനത്തിന്റെ ആസ്തി കിട്ടുന്ന വിലയ്ക്ക് വിൽക്കാമെന്ന കേന്ദ്രത്തിന്റെ ഗൂഢോദ്ദേശ്യവും ഇതിനുപിന്നിലുണ്ട്.
ഏജന്റുമാരെ നശിപ്പിച്ചല്ലാതെ എൽഐസിയെ നശിപ്പിക്കാൻ കഴിയില്ല എന്ന് കോർപറേറ്റുകൾ തിരിച്ചറിയുന്നു. അതിനാണ് ഏജന്റുമാരെ ഇല്ലാതാക്കാൻ നിയമനടപടികളും ഓർഡിനൻസുകളും കൊണ്ടു വരുന്നത്. പുറമേ ഉപയോക്താക്കൾക്ക് ഗുണകരമെന്ന് തോന്നിപ്പിച്ച് അവരെ ഏജന്റുമാർക്ക് എതിരാക്കി, ആ വിഭാഗത്തെ ഇല്ലായ്മ ചെയ്ത് എൽഐസിയെ സ്വകാര്യവൽക്കരിക്കുകയോ നശിപ്പിക്കുകയോ ചെയ്യാനാണ് നീക്കം. ഇതിന്റെ ഭാഗമായി 1938 മുതൽ ഏജന്റുമാർക്ക് നൽകിയിരുന്ന ആദ്യവർഷ കമീഷൻ 7 ശതമാനം വെട്ടിക്കുറയ്‌ക്കുക വഴി അവരെ സമരത്തിലേക്ക് തള്ളിവിടുന്നു. 2004 മുതൽ 2014 വരെ 46,35,601 ഏജന്റുമാരെ പുതുതായി കണ്ടെത്തി. അവരിൽ 46,23,725 പേരും പിരിഞ്ഞുപോകുവാനുള്ള കാരണം നിത്യവൃത്തിക്കുള്ള വരുമാനം ലഭിക്കാത്തതുകൊണ്ടാണ്. വെറും 11,936 പേരാണ് കഴിഞ്ഞ 10 വർഷം പുതുതായി ഏജൻസി എടുത്തത്.
എൽഐസിയുടെ വിശ്വാസ്യത തകർക്കുകയെന്നതാണ് കോർപറേറ്റുകളുടെ ലക്ഷ്യവും. വിശ്വാസ്യത സംരക്ഷിക്കുവാനും ഏജന്റുമാരെ കൂടുതൽ ഊർജസ്വലരാക്കുവാനുമുള്ള സാഹചര്യം ഉണ്ടാക്കണമെന്നതാണ് കേന്ദ്രത്തോട് അഭ്യർഥിക്കാനുള്ളത്. 68 വർഷമായി എൽഐസി പടുത്തുയർത്തിയ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കുവാൻ കേന്ദ്രം പുനർവിചിന്തനം നടത്തുമെന്ന് പ്രത്യാശിക്കാം.
(എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..