03 December Tuesday
നാളെ അന്താരാഷ്‌ട്ര 
സാക്ഷരതാദിനം

മാനവികത പുലരാൻ ബഹുഭാഷാപഠനം

എ ജി ഒലീനUpdated: Saturday Sep 7, 2024

 

സാക്ഷരത എന്നാൽ അക്ഷരങ്ങളും - അക്കങ്ങളും പഠിക്കാനുള്ള പ്രക്രിയ മാത്രമല്ല അത് ദാരിദ്ര്യനിർമാർജനത്തിനുള്ള ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഉപാധിയാണെന്നും സാമൂഹ്യ പുരോഗതിക്കുള്ള മാർഗമാണെന്നും തിരിച്ചറിഞ്ഞാണ് 1967 മുതൽ യുനെസ്കോ ലോക സാക്ഷരതാ ദിനാചരണം എന്ന ആശയം മുന്നോട്ടുവച്ചത്. സെപ്‌തംബർ 8 സാക്ഷരതാ ദിനമായി ആചരിക്കുന്ന തീരുമാനത്തിന് പിന്നിൽ ഇന്ത്യ കണ്ട മഹാനായ അധ്യാപകൻ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ സാന്നിധ്യംകൂടി ഓർക്കാം. ലോകത്തെ വിവിധ രാജ്യങ്ങളിൽ വിവിധ സംസ്കാരങ്ങളിലെല്ലാം തന്നെ സാക്ഷരതാദിനാചരണം അർഹിക്കുന്ന ഗൗരവത്തോടെ നടന്നുവരികയും ചെയ്യുന്നു. ലോക ജനസംഖ്യയിൽ 15 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഏഴിലൊരാൾ അടിസ്ഥാന സാക്ഷരതയ്ക്കായി പൊരുതുകയാണ്. അതിൽ മൂന്നിൽ രണ്ട് ഭാഗം സ്ത്രീകളാണെന്നും തിരിച്ചറിയുന്നു. 2024ൽ യുനെസ്കോ മുന്നോട്ടുവയ്ക്കുന്ന സാക്ഷരതാദിന മുദ്രാവാക്യം "പരസ്പര ധാരണയ്‌ക്കും സമാധാനത്തിനും സാക്ഷരത: അതാകട്ടെ ബഹുഭാഷാപഠനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടും’ എന്നാണ്. ബഹുഭാഷാപഠനത്തിലൂടെ  ഉണ്ടാകുന്ന പരസ്പരധാരണയും അറിവും ലോകജനതയുടെ തന്നെ സമാധാനപൂർണമായ ജീവിതത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

ഭാഷാതിർത്തികൾ ഭേദിച്ച് മനുഷ്യർ സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ അത് നമ്മുടെ സംസ്കാരത്തിനും സാമൂഹ്യ പുരോഗതിക്കും എത്രകണ്ട് പ്രയോജനപ്രദമാകുന്നു എന്ന് ലോകത്തെ മറ്റേത് ജനതയെക്കാളും ഭംഗിയായി തിരിച്ചറിഞ്ഞിട്ടുള്ളവരാണ് മലയാളികൾ. ഭൂമിശാസ്ത്രപരമായ കേരളത്തിന്റെ കിടപ്പുകൊണ്ടും വിഭവസമൃദ്ധികൊണ്ടും നാനാസ്ഥലങ്ങളിൽനിന്ന് മനുഷ്യർക്ക് വന്നുചേരാനുള്ള ഇടംകൂടിയായിരുന്നു ഇത്. മലയാള മണ്ണിലേക്ക് വാണിജ്യത്തിനായി എത്തിച്ചേർന്ന ജനത നമുക്ക് കൈമാറിയത് ഭാഷാസമ്പത്ത് മാത്രമല്ല ജീവിതത്തിന്റെ വിവിധരംഗങ്ങളിലെ അറിവുകൾ കൂടിയായിരുന്നു. ഭാഷയിലെ പദങ്ങൾ മുതൽ ജീവിത പുരോഗതിക്ക് ഉതകുന്ന അറിവുകൾവരെ ഏറെക്കുറെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയ ജനതയാണ് നമ്മൾ. അതിനാൽ ഈ സാക്ഷരതാസന്ദേശം കുറേക്കൂടി ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയുന്നവർ നമ്മളാണെന്ന കാര്യത്തിലും തർക്കമില്ല. തൊഴിലാവശ്യങ്ങൾക്കും പഠനപ്രക്രിയക്കുമായി വലിയ തോതിൽ മനുഷ്യർ വ്യത്യസ്തദേശങ്ങളിലേക്ക് സഞ്ചരിക്കുകയും ജീവിതമുറപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബഹുഭാഷാപഠനത്തിന് വലിയ പ്രാധാന്യമുണ്ട്.

 

മനുഷ്യർക്കിടയിൽ ഭാഷയുടെ അതിർവരമ്പുകൾ മാഞ്ഞുപോകുമ്പോൾ അവിടെ തുറക്കുന്നത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു അന്തരീക്ഷംകൂടിയാണ്. ബഹുഭാഷാപഠനത്തിന്റെ അനിവാര്യതയും സാധ്യതയും തിരിച്ചറിഞ്ഞുകൊണ്ടാണ് സംസ്ഥാന സാക്ഷരതാമിഷൻ വളരെ മുൻപ് തന്നെ വിവിധ ഭാഷാകോഴ്സുകൾ ആരംഭിച്ചിട്ടുള്ളത്. എത്രകണ്ട് മറ്റ് ഭാഷകൾ പഠിക്കുമ്പോഴും മാതൃഭാഷാപഠനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ടാണ് പച്ചമലയാളം എന്ന കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. നാലുമാസംകൊണ്ട് പൂർത്തിയാകുന്ന സർട്ടിഫിക്കറ്റ് കോഴ്സായി ആരംഭിച്ച പച്ച മലയാളം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിഷ്കരിച്ച രൂപത്തിലേക്ക് മാറുകയാണ്. പലവിധ കാരണങ്ങളാൽ മാതൃഭാഷാപഠനം സാധ്യമാകാതെ പോയ മലയാളികൾക്ക് മലയാളം പഠിക്കുന്നതിനും അതിലൂടെ കേരള സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും നാൾവഴികളിലേക്ക് പ്രവേശിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു പഠന മാതൃകയും സിലബസുമാണ് തയ്യാറാക്കുന്നത്. ഒപ്പം ഇംഗ്ലീഷും ഹിന്ദിയും രണ്ട് സർട്ടിഫിക്കറ്റ് കോഴ്സുകളിലൂടെ നടന്നുവരുന്നുണ്ട്. ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നീ ഭാഷാകോഴ്സുകൾ നിരവധി മലയാളികൾക്ക് പ്രയോജനപ്രദമായി ഈ കാലയളവിൽ നടന്നുവരുന്നു. വിവിധ തുല്യതാപഠന കോഴ്സുകൾക്ക് നമ്മൾ തയ്യാറാക്കുന്ന ഭാഷാ പാഠപുസ്തകങ്ങൾ ഈ ലക്ഷ്യത്തോടെ തന്നെയാണ് തയ്യാറാക്കിയിട്ടുള്ളത്. ഹയർസെക്കൻഡറി തുല്യതാപഠനത്തിനുള്ള പാഠ്യ- പഠന ക്രമമാകട്ടെ മാതൃഭാഷയിലൂടെ തന്നെയാണ് നിർവഹിച്ചു പോരുന്നതും. അത് നമ്മുടെ മുതിർന്ന പഠിതാക്കൾക്ക് ഏറെ ഗുണകരമാകുന്നുമുണ്ട്. കന്നഡ പഠിതാക്കൾക്ക് പുസ്തകങ്ങൾ വിവർത്തനം ചെയ്തുകൊണ്ടാണ്  ക്ലാസുകൾ നടന്നുവരുന്നത്. തമിഴ് പഠിതാക്കളുടെ ആവശ്യം മുൻനിർത്തി പാഠപുസ്തകങ്ങൾ തമിഴിലേക്ക് വിവർത്തനം ചെയ്യാനുള്ള പരിശ്രമത്തിലാണ്.

അയൽസംസ്ഥാന തൊഴിലാളികൾക്ക് ജീവിതം സുഗമമാക്കാൻ തീർച്ചയായും ഭാഷ ഒരു തടസ്സമാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചങ്ങാതി പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയിട്ടുള്ള ഹമാരി മലയാളം ഇതിനകം ആയിരക്കണക്കിന് പേർക്ക്‌ സഹായമായിട്ടുണ്ട്. ഇപ്പോൾ ആ പാഠപുസ്തകത്തിന്റെ പരിഷ്കരണത്തിലാണ്. മൈഗ്രേഷൻ (കുടിയേറ്റം) എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് സാമ്പത്തിക, -കാലാവസ്ഥ - ,ആരോഗ്യ, -ജെൻഡർ സാക്ഷരതകളുടെ ആശയങ്ങൾ ഉൾച്ചേർത്തുകൊണ്ട്  തയ്യാറാക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ നമ്മുടെ ചങ്ങാതി സുഹൃത്തുക്കൾക്കായി മൊബൈൽ ആപ്ലിക്കേഷൻ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ്.

മതവിദ്വേഷത്തിന്റെയും വംശീയ തീവ്രവാദത്തിന്റെയും എരിതീയിലേക്ക് മനുഷ്യസമൂഹം എടുത്തെറിയപ്പെടുമ്പോഴും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ചെറുക്കാനാകാത്ത കെടുതികൾ നമ്മളെ വരിഞ്ഞുമുറുക്കുമ്പോഴും സാധാരണ മനുഷ്യജീവിതം ദുരിത പൂർണവും ക്ലേശകരവുമായി മാറുന്നു. അവിടെ സമാധാനത്തിന്റെയും ശാന്തിയുടെയും പച്ചത്തുരുത്തുകൾ കൈയെത്തിപ്പിടിക്കാൻ സഹായിക്കുന്ന ഒരു ഘടകം  മനുഷ്യർക്കിടയിലുള്ള പാരസ്പര്യമാണ്. ആ പാരസ്പര്യവും സ്നേഹകാരുണ്യവും   പുലരുവാനുള്ള സാധ്യതയൊരുക്കാൻ ബഹുഭാഷാപഠനത്തിനും സാംസ്കാരിക വിനിമയത്തിനും കഴിയും.

( സംസ്ഥാന സാക്ഷരതാ മിഷൻ 
ഡയറക്‌ടറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top