22 November Friday

കള്ളവണ്ടി കയറി ഞങ്ങള്‍ ഇടപ്പള്ളിയിലെത്തി; സ്‌റ്റേഷനാക്രമണത്തിന്റ നാളുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കൊച്ചി > റെയില്‍വേ പണിമുടക്ക് എന്ത് വിലകൊടുത്തും വിജയിപ്പിക്കുക.  ജനറല്‍ സെക്രട്ടറി സഖാവ് ബിടിആറിന്റെ ആഹ്വാന പ്രകാരം ഞങ്ങളെല്ലാവരും സജ്ജരായി. ഇടപ്പള്ളിയിലെത്തണം. പോണേക്കരയിലാണ് യോഗം.  നോര്‍ത്ത് സ്‌റ്റേഷനടുത്തുനിന്ന് ഭക്ഷണം കഴിച്ചതോടെ കയ്യിലെ പണം ശൂന്യം. വണ്ടിക്കാശിനായി ഇനി വഴി കണ്ടെത്താന്‍ സമയമില്ല. കള്ളവണ്ടി കയറി ഇടപ്പള്ളിയിലെത്തി. പോണേക്കര അത്ര പരിചയമില്ല. ഞങ്ങള്‍ കൊച്ചിക്കാരായിരുന്നെങ്കില്‍ യോഗ സ്ഥലം തിരുവിതാം കൂറിലായിരുന്നു. ഇടപ്പള്ളലിയിലെത്തി  വണ്ടിയിറങ്ങിയ ഞങ്ങളെ കുറച്ചുപേര്‍ കൂട്ടിക്കൊണ്ടുപോയി. കെ സി മാത്യുവായിരുന്നു യോഗം വിളിച്ചത്.

 അവിടെ കെ സി മാത്യുവും കുറേപേരുമുണ്ടായിരുന്നു - മാത്യു പറഞ്ഞു:  നമ്മുടെ രണ്ട് സഖാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപ്പള്ളി സ്റ്റേഷനിലാണവര്‍. ഒരാളെ കൊന്നെന്നാണ് കേള്‍വി. ജീവിച്ചിരിക്കുന്ന സഖാവിനെ മോചിപ്പിക്കണം.

എന്നാല്‍, എത്ര പൊലീസുകാരുണ്ടെന്നോ എത്ര തോക്കുണ്ടെന്നോ അറിയാത്ത സ്ഥലമായതുകൊണ്ടും വഴി പിടിയില്ലാത്തതിനാലും സ്‌റ്റേഷന്‍ ആക്രമിക്കുന്നത് അബദ്ധമാകുമെന്നാണ് തോന്നുന്നതെന്ന് വിശ്വനാഥമേനോനോട് താന്‍ പറഞ്ഞു. കൈയില്‍ മൂന്ന് കൈബോബും നാല് വാക്കത്തിയും കുറച്ച് മുളവടിയുമാണ് ആയുധമായുയുണ്ടായിരുന്നത്.  അതേസമയം, എന്റെ ആശങ്ക പങ്കുവെയ്‌ക്കേണ്ടെന്ന് വിശ്വം തടഞ്ഞു.

ചാവാന്‍ ഒരുങ്ങിയതല്ലേ, ഇപ്പോള്‍ പറഞ്ഞാല്‍ ഭീരുത്വമാണെന്ന് തോന്നും.   നോക്കാം. അങ്ങനെയാണ് സ്റ്റേഷനിലേക്ക് പോയത്. 17 പേര്‍ പുലര്‍ച്ചെ  രണ്ടുമണിക്ക് ജാഥയായി നീങ്ങുകയായിരുന്നു

ഞങ്ങള്‍ അകത്ത് കയറിയപ്പോള്‍ പൊലീസുകാരില്‍ പലരും ഓടിരക്ഷപ്പെട്ടു. ചിലര്‍ക്ക് അടികൊണ്ടു. വേലായുധന്‍ എന്ന പൊലീസുകാരനുണ്ടായിരുന്നു. ജനദ്രോഹി. ഖദര്‍ ജുബ്ബയിട്ട് സിഐഡിയായി നടന്ന് കമ്യൂണിസ്റ്റാണെന്ന് മുദ്രകുത്തി, ഭീഷണിപ്പെടുത്തി കാശുവാങ്ങന്നവന്‍. കാവല്‍ക്കാരന്‍ ബയണറ്റ് ഘടിപ്പിച്ച തോക്കുകൊണ്ട് ഒരാളെ കുത്തി. നേരെ കൊണ്ടില്ല. രണ്ടാമത് കുത്താന്‍ പോയപ്പോള്‍ മാത്യു പിടിച്ചു. കൈ മുറിഞ്ഞു. ആരോ കാവല്‍ക്കാരനെ അടിച്ചിട്ടു. അയാളും അടികൊണ്ട് വീണു. അവര്‍ രണ്ടുപേരും മരിച്ചു.

 സ്റ്റേഷന്‍ ആക്രമണം  15 മിനിറ്റോളമുണ്ടായി. ലോക്കപ്പില്‍ അവര്‍ രണ്ടുപേരുമുണ്ട്. ആരും മരിച്ചിട്ടില്ല. ലോക്കപ്പ് തുറക്കാന്‍ താക്കോല്‍ കിട്ടിയില്ല. ചാഞ്ചന്‍ എന്ന സഖാവ് കരുത്തനാണ്. തോക്കിന്‍ പട്ടകൊണ്ട് അഴിയില്‍ ഇടിച്ചു. ശബ്ദംകേട്ട് ചുറ്റുപാടുള്ള വീട്ടുകാര്‍ ലൈറ്റിട്ടു. കുഴപ്പം മണത്ത് ഓഫാക്കി.

 ഫോണ്‍ തുടക്കത്തിലേ കട്ട് ചെയ്തിരുന്നു. വയര്‍ലസ് അന്നുണ്ടായിരുന്നില്ല. മറ്റു പൊലീസുകാര്‍ വരുമെന്ന് കരുതി 15 മിനുറ്റിനകം പിന്മാറി.  എത്ര അടിച്ചിട്ടും ലോക്കപ്പ് തുറക്കാന്‍ കഴിഞ്ഞില്ല;ആദ്യം അറസ്റ്റ് ചെയ്തത് പയ്യപ്പിള്ളി ബാലനെയും കെ രാജനെയുമാണ് . എന്നാല്‍ ഇവര്‍ രണ്ട് പേരും  ആക്രമണം അറിഞ്ഞിട്ട് പോലുമുണ്ടായിരുന്നില്ല. ഇരുവരും നേരിട്ടത് ഭീകര മര്‍ദനം. എന്തും സഹിക്കാന്‍ തയ്യാറായിരുന്നു പാര്‍ടിക്കാര്‍. ഇരുവരെയും ഭീകരമായി മര്‍ദിച്ചു.

 മാത്യുവാണ് ആദ്യം പിടിയിലായത്. അതിന് പിന്നിലും ഒരു കഥയുണ്ട്. ബോംബേയ്ക്ക് ഒളിവില്‍പോകാനായി വീട്ടില്‍ നിന്നും പണം വാങ്ങിയേങ്കിലും തന്റെ അമ്മയുടെ  വീടിവിടെയുണ്ടെന്നും ഒളിസങ്കേതം നാട്ടില്‍ തന്നെ ആകാമെന്നും     അദ്ദേഹം പറഞ്ഞു .മറ്റ് ഷെല്‍ടര്‍ കിട്ടിയില്ലെങ്കില്‍  താനും വരാമെന്ന് മാത്യു പറഞ്ഞു. ഇല്ലെങ്കില്‍ അപ്പോള്‍ മാത്യുവിന്റെ കൂടെയുണ്ടായ ആളുടെ കൈവശം വീട്ടിലേക്കുള്ള വഴി അടങ്ങിയ കത്തുകൊടുത്തയക്കാമെന്നും അറിയിച്ചു.

ആ ദിവസങ്ങളില്‍ രാത്രി മഹാരാജാസ് ഹോസ്റ്റലില്‍ കിടക്കും. രണ്ട് ദിവസം കഴിഞ്ഞ് മാത്യു പറഞ്ഞപോലെ ഞാന്‍ ലോ കോളജ് ഹോസ്റ്റലിന് സമീപം ചെന്നു. സാധാരണ അവിടങ്ങളില്‍ കാണാറില്ലാത്ത ചിലര്‍. വേഗം നടന്നു. റോഡില്‍ കയറുമ്പോള്‍ മാത്യു പറഞ്ഞയാള്‍ വരുന്നു.

മുഖം കരുവാളിച്ച് മുടി പാറിപറഞ്ഞിരിക്കുന്നു, വേഗം പോവാന്‍ നോക്കിയപ്പോള്‍ അയാള്‍ നിര്‍ത്തി. സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മഫ്ടി പൊലീസിന്റെ പിടിവീണു. ഞാന്‍ ബഹളം കൂട്ടി.  തര്‍ക്കിക്കുമ്പോള്‍ സ്ഥിരം പ്രസംഗം കേള്‍ക്കാന്‍ മഫ്ടിയില്‍ വരുന്ന സിഐഡി വര്‍ഗീസ് തിരിച്ചറിഞ്ഞു. മാത്യു പറഞ്ഞയച്ചയാളെ  ഒരാഴ്ചമുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. അവന് കുറേ പണം കൊടുത്ത് ട്രെയ്‌സ് ചെയ്താണ് ഞങ്ങളെ പിടിക്കുന്നത്. അന്ന് ഞാന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ പിന്നെ അറസ്റ്റുണ്ടാകില്ലായിരുന്നു.

കാരണമില്ലാതെ സഖാക്കളെ കൊണ്ടുപോയി ലോക്കപ്പിലിട്ട് തല്ലിച്ചതക്കുക. മട്ടാഞ്ചേരിയില്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വീട്ടില്‍ കയറി അമ്മയുടെ മുന്നില്‍വെച്ചാണ് ക്രൂരമായി മര്‍ദിച്ചത്. അതൊക്കെ ഞങ്ങളില്‍ വലിയ രോഷമുണ്ടാക്കി. പാര്‍ടിക്കെതിരെ വ്യാപക മര്‍ദനം നടക്കുന്ന കാലമായിരുന്നു അത്.  വീട്ടില്‍ കയറി മര്‍ദിക്കുക. നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും. ആ പശ്ചാത്തലംകൂടി സ്റ്റേഷനാക്രമിക്കാനുള്ള പ്രചോദനമായി.
(അഭിമുഖത്തില്‍നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top