08 November Friday

കള്ളപ്പണത്തിലും കോൺഗ്രസ്‌ ബിജെപി ഡീൽ - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലത്തിലും എൽഡിഎഫ്‌ ശക്തമായ പ്രചാരണത്തിലാണ്‌. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിൽ നല്ല മുന്നേറ്റംതന്നെ എൽഡിഎഫ് നടത്തിയിട്ടുണ്ട്. വയനാട്ടിലും എൽഡിഎഫ് മികച്ച പ്രവർത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തോടെ സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും കഥകഴിഞ്ഞെന്ന് പ്രചാരണം നടത്തിയവരുടെ കണ്ണുതുറപ്പിക്കുന്ന മുന്നേറ്റമാണിത്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം ഉണ്ടായാൽ വീണ്ടും തുടർഭരണമുണ്ടാകുമോയെന്ന ഭീതി യുഡിഎഫിനെയും ബിജെപിയെയും വലതുപക്ഷ മാധ്യമങ്ങളെയും ഗ്രസിച്ചിരിക്കുകയാണ്. പിണറായി സർക്കാർ 2021ൽ രണ്ടാമതും അധികാരത്തിൽ വന്നതോടെ ഉറക്കം നഷ്ടപ്പെട്ട ഈ ത്രികക്ഷിസഖ്യത്തിന് എൽഡിഎഫ് മുന്നേറ്റം ഒട്ടും രുചിക്കുന്നില്ല.

അതിനിടയിലാണ് ബിജെപിയും കോൺഗ്രസും ഒരുപോലെ കുഴൽപ്പണവിവാദത്തിൽ വീണത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കുഴൽപ്പണമിറക്കിയതിനെക്കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുകൾ പുനരന്വേഷണത്തിന് വഴിതുറക്കുകയാണ്‌. മറുഭാഗത്ത് കോൺഗ്രസും കുഴൽപ്പണമിറക്കി പാലക്കാട്ടെ എൽഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയെ പരാജയപ്പെടുത്താൻ കരുക്കൾ നീക്കുന്നതായാണ്‌ വെളിപ്പെട്ടിരിക്കുന്നത്‌. ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിച്ച് അവരുടെ വിശ്വാസം ആർജിക്കുന്നതിനുപകരം പണം കൊടുത്ത് വോട്ടുവാങ്ങാനാണ് ഇരുകക്ഷികളും ശ്രമിക്കുന്നത്. ബൂർഷ്വാ രാഷ്ട്രീയ കക്ഷികളുടെ പതിവ് രീതിയാണിത്. നവഉദാരനയം സ്വീകരിക്കപ്പെട്ടതോടെയാണ് ജനാധിപത്യ പ്രക്രിയയിലും പണത്തിന്റെ സ്വാധീനം വർധിച്ചത്. തെരഞ്ഞെടുപ്പിൽ മാത്രമല്ല, എംഎൽഎമാരെയും എംപിമാരെയും വിലയ്‌ക്കു വാങ്ങാനും മന്ത്രിസഭകൾ അട്ടിമറിക്കാനുംവരെ കുഴൽപ്പണവും കള്ളപ്പണവും ബിജെപിയും കോൺഗ്രസും ഉപയോഗിക്കാറുണ്ട്. കോൺഗ്രസാണ് ഇതിന് തുടക്കമിട്ടതെങ്കിലും ബിജെപി അവരെ കടത്തിവെട്ടി.

ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഈ അഴിമതിയെക്കുറിച്ച് സിപിഐ എം നേരത്തേതന്നെ മനസ്സിലാക്കിയിരുന്നു. പാർടി പരിപാടിയിലെ 5.21ൽ ഇപ്രകാരം പറയുന്നുണ്ട് "സമൂഹത്തിലാകെ പരക്കുകയും അഴിമതിയുടെ അഭൂതപൂർവമായ വളർച്ചയ്ക്ക് വഴിവയ്‌ക്കുകയും ചെയ്തിട്ടുള്ള കള്ളപ്പണത്തിന്റെ വൻ വളർച്ചയുടെ പശ്ചാത്തലത്തിൽ ബൂർഷ്വാ-–- ഭൂപ്രഭു ഭരണകൂടത്തിന്റെ  ഉപകരണങ്ങളെല്ലാം അധഃപതിച്ചു പോയിരിക്കുന്നു. ഉദാരവൽക്കരണ പ്രക്രിയ ഭരണത്തിന്റെ ഉന്നതതലങ്ങളിൽ വൻതോതിലുള്ള അഴിമതിക്ക്‌ വഴിവച്ചിരിക്കുകയാണ്. ജനാധിപത്യത്തെയും പൗരൻമാരുടെ അവകാശങ്ങളെയും അത് പരിഹാസ്യമാക്കി തീർക്കുന്നു. തെരഞ്ഞെടുപ്പുകളിൽ നടമാടുന്ന പണാധിപത്യത്തിന്റെ അഭൂതപൂർവമായ വളർച്ച, രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണം, ബൂത്ത് പിടിച്ചെടുക്കൽ, തെരഞ്ഞെടുപ്പ് കൃത്രിമങ്ങൾ തുടങ്ങിയവ പാർലമെന്ററി ജനാധിപത്യവ്യവസ്ഥയ്‌ക്ക് ഭീഷണിയാകുന്നു’. സിപിഐ എം പരിപാടിയിൽ പരാമർശിച്ച കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടന്നുവരുന്നത്.

 

അപസർപ്പക കഥയെപ്പോലും വെല്ലുന്ന രീതിയിലുള്ള കുഴൽപ്പണമൊഴുക്കാണ് കോൺഗ്രസും ബിജെപിയും കേരളത്തിൽ നടത്തുന്നത്. കഴിഞ്ഞ നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് 53 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തിൽ ഒഴുക്കിയത്. ആറ് ചാക്കിലായി ഒമ്പത് കോടി രൂപ തൃശൂരിലെ ബിജെപി ഓഫീസിൽ എത്തിച്ചതായി മുൻ ഓഫീസ് സെക്രട്ടറി തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിൽ മൂന്നരക്കോടി രൂപ ആലപ്പുഴയിലെ ബിജെപി ഓഫീസിലേക്ക് കൊണ്ടുപോകവേയാണ് കൊടകരയിൽ കൊള്ളയടിക്കപ്പെട്ടത്. ഒരു കോടിരൂപ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ കൈപ്പറ്റിയതായും വെളിപ്പെടുത്തലുണ്ടായി. ഏഴ് ജില്ലയിലായി 41.4 കോടി രൂപയുടെ കുഴൽപ്പണമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപി വിതരണം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് 12 കോടി രൂപയുടെ കുഴൽപ്പണവും ഇറക്കി. ഈ കേസിൽ സംസ്ഥാന പൊലീസ് 23 പേരെ അറസ്റ്റ് ചെയ്യുകയും 2021ൽ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കള്ളപ്പണമിടപാട് പൊലീസിന്റെ അന്വേഷണ പരിധിയിൽ വരാത്തതിനാൽ വിശദമായ റിപ്പോർട്ട് ഇഡിക്കും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും പൊലീസ് മേധാവി നൽകി. എന്നാൽ, ബിജെപി സംസ്ഥാന പ്രസിഡന്റും ഉന്നത ബിജെപി നേതാക്കളും ഉൾപ്പെട്ട കേസായതിനാൽ ഒരന്വേഷണത്തിനും കേന്ദ്ര ഏജൻസികൾ തയ്യാറായില്ല. പ്രതിപക്ഷ നേതാക്കളെയും സിറ്റിങ് മുഖ്യമന്ത്രിമാരെപ്പോലും ജയിലിലടയ്‌ക്കാൻ ധൃതികാട്ടിയ കേന്ദ്രഏജൻസികൾ കുഴൽപ്പണം കൈകാര്യം ചെയ്ത ആൾതന്നെ തെളിവുകൾ വിളിച്ചു പറഞ്ഞിട്ടും ചെറുവിരലനക്കാൻ തയ്യാറായിട്ടില്ല, കേന്ദ്ര ഏജൻസികളുടെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടുകതന്നെ വേണം. പുതിയ തെളിവുകൾ പുറത്തുവന്ന സ്ഥിതിക്ക് കൊടകര കള്ളപ്പണ കേസ് പുനരന്വേഷണം നടത്തണമെന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാനസർക്കാർ അതിനുള്ള നിയമപരമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. തങ്ങൾ അധികാരത്തിൽ വന്നാൽ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെയും അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രിയുള്ള രാജ്യമാണിത്. അതേ പ്രധാനമന്ത്രിയുടെ കീഴിലുള്ള അന്വേഷണ ഏജൻസികളാണ് അദ്ദേഹത്തിന്റെതന്നെ പാർടിക്കാർ നടത്തിയ കുഴൽപ്പണമിടപാട് കണ്ടില്ലെന്ന് നടിക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നതിന് ഇതിൽപ്പരം എന്ത് തെളിവാണ് വേണ്ടത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ജനാധിപത്യത്തെയും നശിപ്പിക്കുന്ന ഘോര കൃത്യമാണ് ബിജെപി നേതാക്കൾ നടത്തിയത്. പ്രധാനമന്ത്രിയുടെ കീഴിലുള്ള ഏജൻസികൾ ഇവരെ നിയമത്തിനു മുമ്പിൽ ഹാജരാക്കാൻ സാധ്യതയില്ലെങ്കിലും ജനകീയ കോടതിയിൽ ബിജെപി ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും.


 

ബിജെപിക്കെതിരെ ദേശീയമായി പോരാടുന്നത് തങ്ങളാണെന്ന് വീമ്പിളക്കുന്ന കോൺഗ്രസ് ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് മാത്രമല്ല, സിപിഐ എമ്മിനെയും പിണറായി സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ബിജെപിയുമായി ഡീലിലാണ് പ്രവർത്തിക്കുന്നത് എന്നതിന് മറ്റൊരു ഉദാഹരണംകൂടിയാണിത്.  കോൺഗ്രസിന്റെ മൗനത്തിന് മറ്റ് രണ്ട് കാരണംകൂടിയുണ്ട്‌. അതിലൊന്ന് തൃശൂരിൽ കുഴൽപ്പണം എത്തിച്ച ധർമരാജൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഷാഫി പറമ്പിലിന് നാല് കോടി രൂപ നൽകിയെന്നതാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാമത് ബിജെപിയുടെ രീതിയിൽ പാലക്കാട്ട്‌ കള്ളപ്പണമിറക്കാൻ കോൺഗ്രസ് തന്നെ ശ്രമിച്ചുവെന്നതാണ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം ഉറപ്പാക്കാനായി വ്യാജ ഐഡി കാർഡ് നിർമിച്ച കേസിലെ പ്രതി ഫെനി നൈനാനെ ഉപയോഗിച്ച് രാത്രിയുടെ മറവിൽ ട്രോളിബാഗിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണമാണ് ഉയർന്നത്. ബിജെപിയുടെ മാതൃകയിൽ കള്ളപ്പണം ഒഴുക്കാൻ കോൺഗ്രസ് നേതാക്കളും പദ്ധതിയിടുമ്പോൾ അവർ എങ്ങനെയാണ് ബിജെപിയുടെ കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെടുക. നവ ഉദാരനയത്തിലായാലും മൃദുഹിന്ദുത്വ സമീപനത്തിലായാലും തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിച്ച് അട്ടിമറിക്കുന്ന കാര്യത്തിലായാലും ഒരേ പാതയിൽ സഞ്ചരിക്കുകയാണ് കോൺഗ്രസും ബിജെപിയും. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് തൊഴിലാളികളെ അമിതമായി ചൂഷണം ചെയ്ത് കൊള്ളലാഭം നേടുന്ന കോർപറേറ്റുകളിൽനിന്ന് അതീവരഹസ്യമായി കോടികൾ വാങ്ങുന്നതിന് ബിജെപി സർക്കാർ കൊണ്ടുവന്ന ഇലക്‌ടറൽ ബോണ്ട് വഴിയുള്ള പണവും ഇരുപാർടികളും കൈയുംനീട്ടി സ്വീകരിച്ചിരുന്നു. കേന്ദ്രത്തിൽ ഭരണം കൈയാളുന്നതിനാൽ ബിജെപിക്കാണ് ബോണ്ടിന്റെ സിംഹഭാഗവും ലഭിച്ചതെന്നുമാത്രം. സിപിഐ എം സുപ്രീംകോടതിയിൽ പോയി ഇത് റദ്ദാക്കിയിരുന്നില്ലെങ്കിൽ ഇരുപാർടികളും ഇപ്പോഴും കോർപറേറ്റ് പണം ഒരു മടിയുംകൂടാതെ സ്വീകരിച്ചേനേ. അങ്ങനെ കിട്ടിയ പണമാണ് അവർ തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നത്.

എന്നാൽ, സിപിഐ എം ഇലക്‌ടറൽ ബോണ്ട് വഴി  നയാപൈസ സ്വീകരിക്കുകയോ അതിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുറക്കുകയോ ചെയ്തില്ല. സിപിഐ എമ്മിനുള്ള പ്രവർത്തനഫണ്ടും തെരഞ്ഞെടുപ്പ് ഫണ്ടും എല്ലാം നൽകുന്നത് ജനങ്ങളാണ്. ഓരോ ആവശ്യത്തിനും ജനങ്ങളെ സമീപിക്കേണ്ടി വരുമ്പോൾ പാർടി സഖാക്കൾ കടുത്ത പ്രയാസം നേരിടാറുണ്ട്. എങ്കിലും ഞങ്ങൾ അവരോട്  വീണ്ടും ജനങ്ങളെ സമീപിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യാറുള്ളത്. അവർ തരുന്ന പണം എത്രയായാലും സന്തോഷത്തോടെ സ്വീകരിക്കാനാണ് പറയാറുള്ളത്. ബിജെപിയും കോൺഗ്രസും ആകാതിരിക്കാനുള്ള ഗ്യാരന്റികൂടിയാണിത്. സിപിഐ എം ജനങ്ങളിൽനിന്ന് പണം പിരിക്കുമ്പോൻ ബിജെപിയും കോൺഗ്രസും കോർപറേറ്റുകളിൽനിന്ന്‌ പണം സ്വരൂപിക്കുന്നു.  അവർ തെരഞ്ഞെടുപ്പുകളിൽ വെള്ളംപോലെ പണം ഒഴുക്കി വിജയിക്കാൻ ശ്രമിക്കുന്നു. സിപിഐ എം ജനങ്ങൾ തരുന്ന ചില്ലിക്കാശ് ഉപയോഗിച്ച്  പ്രവർത്തിക്കുകയും അവരുമായി തുറന്ന സംവാദത്തിൽ ഏർപ്പെട്ട്, വിശ്വാസമാർജിച്ച്, വിജയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പണക്കൊഴുപ്പ് കാട്ടി ജനവിശ്വാസം നേടാനാകില്ലെന്ന് പ്രബുദ്ധകേരളം കോൺഗ്രസിനെയും ബിജെപിയെയും പഠിപ്പിക്കുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top