22 December Sunday

മാധബി ബുച്ചും അദാനിയും
 പിന്നെ നിർമലാ മാഡവും

എസ് എസ് അനിൽUpdated: Thursday Sep 12, 2024

 

മാധബി പുരി ബുച്ച് എന്നത് അധികമാരും കേൾക്കാത്ത  പേരാണ്. സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യയുടെ (സെബി) ഇപ്പോഴത്തെ ചെയർപേഴ്സനാണ് മാധബി പുരി ബുച്ച്. 1988 ഏപ്രിൽ 12നാണ് സെബി സ്ഥാപിതമാകുന്നത്. അതായത് സാമ്രാജ്യത്വ ആഗോളവൽക്കരണ നയങ്ങൾക്ക് തുടക്കം കുറിച്ച വേളയിലാണ്, ഓഹരി വിപണിയെ കൃത്യമായി നിരീക്ഷിച്ച് ഇടപാടുകാരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നതിന് എന്ന പേരിൽ സെബി സ്ഥാപിതമായത്. പിന്നീട് നവ ഉദാര നയങ്ങൾക്ക് ഔദ്യോഗികമായി തുടക്കംകുറിച്ചതോടെ, സെക്യൂരിറ്റീസ് ആൻഡ്‌ എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട്–- 1992 പാർലമെന്റ്‌ അംഗീകരിച്ചു. 1992 ജനുവരി 30ന് നിയമപ്രകാരം അധികാരമുള്ള സ്ഥാപനമായി സെബി പ്രവർത്തനമാരംഭിച്ചു. 2015ൽ ഫോർവേഡ് മാർക്കറ്റ്സ് കമീഷൻ സെബിയിൽ ലയിപ്പിച്ചതോടെ ഉൽപ്പന്ന അവധിവ്യാപാരമേഖലയുടെ നിയന്ത്രണംകൂടി അതിന് കൈവന്നു.  ചെയർമാനും എട്ട് അംഗങ്ങളും അടങ്ങുന്നതാണ് സെബിയുടെ ഡയറക്ടർ ബോർഡ്. ചെയർമാനെയും അഞ്ച് ബോർഡ് അംഗങ്ങളെയും യൂണിയൻ സർക്കാരാണ് നാമനിർദേശം ചെയ്യുന്നത്. രണ്ട് ബോർഡംഗങ്ങളെ ധനമന്ത്രാലയവും ഒരു ബോർഡംഗത്തെ റിസർവ് ബാങ്കും തീരുമാനിക്കും. 

ഓഹരിക്കമ്പോളത്തിലെ സാധാരണ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനമെന്നതിനാൽ സെബിയുടെ ഡയറക്ടർ ബോർഡംഗങ്ങളാരും സ്വകാര്യ കമ്പനികളുടെ ഓഹരി ഉടമസ്ഥരാകരുത് എന്ന നിബന്ധന നിലവിലുണ്ട്. 2017 ഏപ്രിലിലാണ്‌  മാധബി പുരി ബുച്ചിനെ സെബിയുടെ ഡയറക്ടർ ബോർഡിലേക്ക് ആദ്യമായി നാമനിർദേശം ചെയ്യുത്. അന്ന് അരുൺ ജെയ്‌റ്റ്‌ലിയാണ് കേന്ദ്ര ധനമന്ത്രി. (കോർപറേറ്റ് കാര്യ വകുപ്പ് ) അന്ന് കൈകാര്യം ചെയ്തിരുന്നത് നിർമലാ സീതാരാമനായിരുന്നു.

അദാനിയുടെ സ്വന്തം ബുച്ച്, 
സെബിയുടെ സ്വന്തം അദാനി
സിംഗപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐപിഇ പ്ലസ് ഫണ്ട് കമ്പനിയിൽ മാധബി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും ഒരു കോടി യു എസ് ഡോളറിന്റെ (84 കോടി രൂപ) നിക്ഷേപമുണ്ടായിരുന്നു. സെബി ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്യുന്നതിന് തൊട്ട് മുമ്പ്‌ 2017 മാർച്ചിൽ മാധബി പുരി ബുച്ച് തന്റെ പേരിലുള്ള ഓഹരികൾ ഭർത്താവ് ധവാൽ ബുച്ചിന് കൈമാറി. ഐപിഇ പ്ലസ് ഫണ്ട് കമ്പനിയുടെ ഉടമസ്ഥൻ വിനോദ് അദാനിയാണ്. സാക്ഷാൽ ഗൗതം അദാനിയുടെ സഹോദരൻ. ഈ വിനോദ് അദാനിക്ക് കരീബിയൻ ദ്വീപുകളിലും യുഎഇ, സൈപ്രസ്, സിംഗപ്പുർ, ബെർമുഡ തുടങ്ങിയ രാജ്യങ്ങളിലും 38ഓളം നിഴൽക്കമ്പനികളുണ്ടെന്നും അവരാണ് ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരി വാങ്ങി കൃത്രിമമായി ഓഹരി വില ഉയർത്തിയതുമെന്ന ഞെട്ടിക്കുന്ന വാർത്ത 2023ൽ ഹിഡൻബർഗാണ് പുറത്തുവിട്ടത്. സുപ്രീംകോടതി നിർദേശപ്രകാരം ഈ ആരോപണം അന്വേഷിച്ച  മാധബി പുരി ബുച്ച് നേതൃത്വം നൽകുന്ന സെബി, അദാനിക്ക് അനുകൂലമായി റിപ്പോർട്ടും നൽകി.


 

സെബിയുടെയും ഗൗതം അദാനിയുടെയും അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോൾ പുറംലോകത്തെ അറിയിച്ചതും ഹിഡൻബർഗ്‌ തന്നെ. അംബുജ സിമന്റ്‌ കമ്പനിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിൽ വിനോദ് അദാനിയുടെ ഷെൽ കമ്പനികൾ വഹിച്ച പങ്കും അതിൽ സെബി നൽകിയ വഴിവിട്ട ഇടപെടലുകളുമുൾപ്പെടെയുള്ള മറ്റ് ചില വിവരങ്ങളും ഹിഡൻബർഗ് പുറത്തുവിട്ടിട്ടുണ്ട്. മാത്രമല്ല മിസിസ് ബുച്ചിനും മിസ്റ്റർ ബുച്ചിനും സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗോര പാർട്‌നേഴ്സ് എന്ന കമ്പനിയിലും ഇന്ത്യയിലെ അഗോര അഡ്വൈസറി കമ്പനിയിലും ഇപ്പോഴും ഓഹരി പങ്കാളിത്തം ഉള്ളതായും ഹിഡൻബർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ധനമന്ത്രി  നിർമല സീതാരാമൻ  കൈകാര്യം ചെയ്യുന്ന കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം 2024 മാർച്ച് 31 ന് മാധബി ബുച്ചിന് ആഗോര അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ 99 ശതമാനം ഓഹരി ഉണ്ടെന്നാണ്‌ സൂചിപ്പിക്കുന്നത്. അതായത് സെബി ഡയറക്ടർ ബോർഡുമായി ബന്ധപ്പെട്ട വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്.

മാധബി ബുച്ച് സെബി ഡയറക്ടർ ബോർഡ് അംഗമായതിനുശേഷവും ഐസിഐസിഐ ബാങ്കിൽനിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റാറുണ്ടായിരുന്നു എന്ന് കോൺഗ്രസും ആരോപണം ഉന്നയിച്ചിട്ടുണ്ട്. മാധബി ബുച്ച്‌ വിവിധ കമ്പനികളിൽനിന്ന്‌ കൺസൾട്ടൻസി ഫീസ്‌ വാങ്ങിയ വിവരവും പുറത്തുവന്നിട്ടുണ്ട്‌. കേന്ദ്ര സർക്കാർ ഈ വിഷയങ്ങൾ ഒന്നും തന്നെ അറിഞ്ഞതായേ ഭാവിക്കുന്നതേയില്ല.

രാജ്യസമ്പത്ത് അദാനിക്ക്
2024 ആഗസ്‌ത്‌ 30ന് 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി, ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി മാറിയിരിക്കുകയാണ്. ലക്ഷം കോടികളുടെ ഞെട്ടിക്കുന്ന അഴിമതിക്കഥകൾ പുറത്തുവന്നിട്ടും ഗൗതം അദാനിക്ക് ഇപ്പോഴും ‘പ്രത്യേക ലാളന'യാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേവലം ഭരണകൂടത്തിന്റെ മാത്രമുള്ള ലാളനയല്ല, ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന് വിശേഷിപ്പിക്കുന്ന പല മാധ്യമങ്ങൾക്കും ഇതൊന്നും വാർത്തയേയല്ല.  ഓഹരിക്കമ്പോളത്തിലൂടെ സെബിയെക്കൊണ്ട്  മാത്രമല്ല രാജ്യത്തെ ബാങ്കിങ്‌ മേഖലയെക്കൊണ്ടും അദാനിക്കുവേണ്ടി വിടുപണി ചെയ്യിക്കുകയാണ് കേന്ദ്ര സർക്കാർ. 2016ൽ കുത്തകകളുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ എന്ന് പറഞ്ഞ് നടപ്പിലാക്കിയ ഇൻസോൾവെൻസി ആൻഡ്‌ ബാങ്കറപ്റ്റ്സി കോഡ് (ഐബിസി) നിയമപ്രകാരം നൽകിയ ലക്ഷം കോടികളുടെ ‘മുടിവെട്ട്' (ഒരു നിശ്‌ചിത തുക ഈടാക്കി ശേഷിക്കുന്ന തുക എഴുതിത്തള്ളുന്ന ഹെയർക്കട്ട്‌) ഏറ്റവുമധികം സഹായിച്ചത് അദാനി കമ്പനികളെയാണ്. പത്ത് കുത്തക കമ്പനികൾ  പൊതുമേഖലാ ബാങ്കുകൾക്ക് നൽകാനുണ്ടായിരുന്ന കടം 61,832 കോടി രൂപ. അത് കേവലം 15,977 കോടി രൂപയ്‌ക്ക് അദാനിയുടെ കമ്പനികൾക്ക് കൈമാറി. ഈ പണം ബാങ്കുകൾ അദാനിക്ക് വായ്പയായി നൽകുകയും ചെയ്യും. ബാങ്കുകളുടെ നഷ്ടം 45,855 കോടി രൂപ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്‌ ധനമന്ത്രി നിർമലാ സീതാരാമൻ, പൊതുമേഖലാ ബാങ്ക് മേധാവികൾക്ക് ഒരു ഉപദേശം നൽകി. ബാങ്കുകൾ അവരുടെ പരമ്പരാഗത ബാങ്കിങ്‌ ഇടപാടുകളിലേക്ക് മടങ്ങണം എന്നും നിക്ഷേപങ്ങൾ സ്വീകരിക്കുക എന്നതായിരിക്കണം  പ്രധാന കർത്തവ്യമെന്നുമായിരുന്നു ഉപദേശം. ഇതിനും കുറച്ചു ദിവസങ്ങൾക്കു മുമ്പ്‌ റിസർവ്‌ ബാങ്ക്‌ ഗവർണർ ശക്‌തികാന്തദാസും ഇക്കാര്യം പറഞ്ഞിരുന്നു.  ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിരന്തരം ഉയർത്തിയിരുന്ന ഒരു ആവശ്യമായിരുന്നു ഇത്. എന്നാൽ, സാധ്യമായ വേദികളിൽ ഇത് ഉന്നയിക്കുന്ന ബെഫി നേതാക്കളെ  വികസന വിരോധികളാക്കി മുദ്രകുത്തുകയാണ് ചെയ്തിരുന്നത്.

ബാങ്കുകളിലെ 213 ലക്ഷം കോടിയുടെ നിക്ഷേപത്തിൽ സിംഹഭാഗവും സാധാരണക്കാരുടേതാണ്. ഇന്നിപ്പോൾ സാധാരണക്കാരും അവരുടെ നിക്ഷേപങ്ങൾ ബാങ്കുകൾക്ക് നൽകുന്നില്ല എന്ന യാഥാർഥ്യം ചൂണ്ടിക്കാണിച്ചാണ് ആർബിഐ ഇങ്ങനെയുള്ള നിരീക്ഷണങ്ങൾ നടത്തിയത്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ച് അനാകർഷകമാക്കിയതും ഇടപാടുകാരെ മ്യൂച്വൽ ഫണ്ടിലേക്കും സ്വകാര്യ ഇൻഷുറൻസ് പ്രോഡക്ടുകളിലേക്കും ആനയിച്ചതും ഇതേ ധനമന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും നയങ്ങളായിരുന്നു. സാധാരണക്കാരന്റെ പണം ഓഹരിക്കമ്പോളത്തിലൂടെ വൻകിട കുത്തകകളുടെ കീശ വീർപ്പിക്കുന്നതിന് എത്തിക്കുക എന്നത്, സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നയമാണ്‌. അങ്ങനെ ഓഹരിക്കമ്പോളത്തിൽ സാധാരണക്കാരന്റെ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുവേണ്ടിയാണ് നിയമപരമായ പരിരക്ഷ നൽകാൻ എന്നുപറഞ്ഞ് സെബി രൂപീകരിച്ചതും. ആ രാഷ്ട്രീയ നേതൃത്വത്തിന്റെ വക്താവായ ധനമന്ത്രി ആത്മാർഥതയോടെയാണോ  ഇത്തരം പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ശിങ്കിടി മുതലാളിത്തം അഥവാ ചങ്ങാത്ത മുതലാളിത്തം എന്നാൽ എന്ത് എന്നതിൻ്റെ ഒരു ചെറു ഉദാഹരണമാണ്  മിസിസ് ബുച്ചിൻ്റെയും ഗൗതം അദാനിയുടെയും നിർമലാ മാഡത്തിൻ്റെയും കൂട്ടുകെട്ട്. ഇത് ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതിന് തൊഴിലാളികളും തൊഴിലാളി സംഘടനകളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അവിഹിത ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടുകൾ  തടഞ്ഞ് നിറുത്താൻ തൊഴിലാളി വർഗ്ഗത്തിന് മാത്രമേ സാധിക്കൂ.

(ബിഇഎഫ്‌ഐ  അഖിലേന്ത്യ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top