മധ്യപ്രദേശിൽ ബിജെപിക്ക് പരിഭ്രാന്തി
മധ്യപ്രദേശിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്‌ത്തിയത് ഭരണവിരുദ്ധവികാരമാണ്. കോൺഗ്രസിന്റെ പിടിപ്പുകേട് മുതലെടുത്ത് പണമൊഴുക്കിയുള്ള ചാക്കിട്ടുപിടിത്തം വഴി ബിജെപി 2020 മാർച്ചിൽ വീണ്ടും അധികാരത്തിലെത്തി. ശിവരാജ്‌സിങ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ, മൂന്നരവർഷംകൊണ്ട് ബിജെപിക്ക് എതിരായ ഭരണവിരുദ്ധവികാരം പലമടങ്ങ് വർധിച്ചു. 40 ശതമാനം ബിജെപി എംഎൽഎമാർക്ക് എതിരെ ശക്തമായ ജനരോഷമുണ്ടെന്ന് പാർടി ആഭ്യന്തരസർവേയിൽ വ്യക്തമായിട്ടുണ്ട്. ഇവരെ മുഴുവൻ ഒറ്റയടിക്ക് ഒഴിവാക്കി പുതുമുഖങ്ങളെ മത്സരിപ്പിക്കാൻ ബിജെപിക്ക് കഴിയില്ല. ജാതിസമവാക്യങ്ങളും നേതാക്കൾക്ക് മണ്ഡലത്തിലുള്ള സ്വാധീനവും കണക്കിലെടുക്കണം. ഈ സാഹചര്യത്തിൽ, ജനരോഷം നേരിടുന്ന ഭൂരിഭാഗം എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കേണ്ടി വരും.
സംസ്ഥാനനേതാക്കൾ കടുത്ത ജനരോഷം നേരിടുന്നത് കണക്കിലെടുത്താണ് മൂന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഏഴ് എംപിമാർക്ക് ടിക്കറ്റ് നൽകാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചത്.കേന്ദ്രമന്ത്രിമാരെയും മറ്റും മത്സരിപ്പിക്കാനുള്ള നീക്കം ബിജെപി പരാജയം സമ്മതിച്ചതിന്റെ ആദ്യലക്ഷണമാണെന്ന വിലയിരുത്തലുകളുണ്ട്. 70 ശതമാനം കാർഷികവൃത്തിയിലൂടെ ഉപജീവനം നടത്തുന്ന സംസ്ഥാനത്തിൽ കാർഷികമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾതന്നെയാണ് മുഖ്യ ചർച്ചാവിഷയം. തെരഞ്ഞെടുപ്പ് അടുത്തതോടെ ചില സഹായപാക്കേജുകളുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ടെങ്കിലും വലിയ കടക്കെണിയിലായ കർഷകർ വോട്ടിലൂടെ തിരിച്ചടിക്കുമെന്ന കാര്യം തീർച്ചയാണ്.
നിതി ആയോഗ് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ കടഭാരം 3.5ലക്ഷം കോടിയായി ഉയർന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ കടഭാരം 12 ശതമാനം വർധിച്ചു. സംസ്ഥാനത്തെ 39 ലക്ഷത്തോളം തൊഴിൽരഹിതരായ ചെറുപ്പക്കാരിൽ കേവലം 21 പേർക്ക് മാത്രമാണ് മൂന്നു വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചതെന്ന വസ്‌തുത സംസ്ഥാനത്തിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നു. ഭരണവിരുദ്ധവികാരത്തിന് പുറമെ അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടപ്പാക്കുമെന്നുള്ള കോൺഗ്രസിന്റെ പ്രഖ്യാപനവും ബിജെപിക്ക് മധ്യപ്രദേശിൽ വലിയ തലവേദനയാണ്.
കാറ്റ് നിശ്ചലമായ രാജസ്ഥാൻ
രാജസ്ഥാനിൽ കാറ്റ് നിശ്‌ചലമാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ മത്സരം കടുപ്പമേറിയതാണെന്ന് രാഹുൽ ഗാന്ധി ഈയിടെ പരസ്യമായി സമ്മതിച്ചു. അശോക് ഗെലോട്ട് സർക്കാരിനെതിരായി ആരോപണങ്ങൾ പലതാണ്. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും സച്ചിൻ പൈലറ്റ് ഉയർത്തിയ വെല്ലുവിളി നേരിടാൻ എംഎൽഎമാരെ കൂടെനിർത്താൻ ഗെലോട്ടിന് പല കാര്യങ്ങളിലും കണ്ണടയ്‌ക്കേണ്ടിവന്നു. സ്വൈരവിഹാരം നടത്തിയ കോൺഗ്രസ് എംഎൽഎമാർക്കെതിരെ മണ്ഡലങ്ങളിൽ ജനരോഷം ശക്തമാണ്.
ബിജെപിയുടെ പ്രധാന പ്രാരബ്ധം ജനപിന്തുണയില്ലാത്ത നേതാക്കളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്‌ക്കും അനഭിമതയായ മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ ദേശീയനേതൃത്വം പ്രചാരണപരിപാടികളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ഷെഖാവത്, അർജുൻ രാം മേഘ്‌വാൾ, കൈലാഷ് ചൗധരി, സംസ്ഥാന പ്രസിഡന്റ് സി പി ജോഷി, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് തുടങ്ങിയ നേതാക്കളുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയാണ് പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്. മുഖ്യമന്ത്രിസ്ഥാന മോഹികൾ തമ്മിൽ പാര പണിയുമോയെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും സംസ്ഥാന നേതാക്കളുമായി ദീർഘചർച്ചകൾ നടത്തിവരികയാണ്.
നിലവിലെ നിയമസഭയിൽ രണ്ട് അംഗമുള്ള സിപിഐ എം അവകാശപ്പോരാട്ടങ്ങളുടെ കരുത്തുമായി തെരഞ്ഞെടുപ്പ് കളത്തിൽ സജീവമാണ്. കോർപറേറ്റ്– -വർഗീയ കൂട്ടുകെട്ടിന്റെ രാഷ്‌ട്രീയശക്തിയായ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് സിപിഐ എം ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. കേന്ദ്ര– -സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കഴിഞ്ഞ അഞ്ചു വർഷം സിപിഐ എമ്മും അഖിലേന്ത്യ കിസാൻസഭയും നിരന്തരപ്രക്ഷോഭത്തിലായിരുന്നു. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും നടത്തിയ വീറുറ്റ പോരാട്ടങ്ങളുടെ ഫലമായി സിപിഐ എമ്മിന്റെ ജനസ്വാധീനം വർധിച്ചിട്ടുണ്ട്.
ഛത്തീസ്‌ഗഢിൽ ഒരേ തൂവൽപ്പക്ഷികൾ
മാവോയിസ്റ്റ് ഭീഷണികാരണം രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്ന ഛത്തീസ്‌ഗഢിലും ബിജെപിക്ക് മുഖ്യമന്ത്രിസ്ഥാനാർഥിയില്ല. 15 വർഷം മുഖ്യമന്ത്രി പദത്തിലിരുന്ന രമൺ സിങ്ങിന് സിറ്റിങ് സീറ്റായ രാജ്നന്ദ്ഗാവിൽ വീണ്ടും അവസരം നൽകിയിട്ടുണ്ട്.
മറുവശത്ത് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന കോൺഗ്രസിനെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് നയിക്കുക. തലസ്ഥാനമായ റായ്‌പുരിനോട് അതിർത്തി പങ്കിടുന്ന പത്താൻ സീറ്റിലാകും ഇദ്ദേഹം ജനവിധി തേടുക. 1993 മുതൽ പത്താനിൽ മത്സരിക്കുന്ന ഭൂപേഷ് ബാഗേൽ 2008ൽ മാത്രമാണ് പരാജയപ്പെട്ടത്. 2008ൽ ഭൂപേഷ് ബാഗേലിനെ തോൽപ്പിച്ച വിജയ് ബാഗേലിനെയാണ് ബിജെപി ഇത്തവണയും കളത്തിലിറക്കിയത്. ഭരണത്തിലേറിയപ്പോൾ സംസ്ഥാനത്തെ ജനസംഖ്യയുടെ പതിനെട്ട് ശതമാനം വരുന്ന ആദിവാസികൾക്കടക്കം നൽകിയ വാഗ്‌ദാനങ്ങൾ മറന്നുവെന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വിമർശം. എല്ലാ വനനിയമങ്ങളും കാറ്റിൽപ്പറത്തിയുള്ള കോർപറേറ്റ് ഖനനം തടയുമെന്ന പ്രഖ്യാപനം ബാഗേൽ സൗകര്യപൂർവം മറന്നു. സംഘപരിവാർ ക്രൈസ്‌തവ ആരാധനാലയങ്ങൾ തകർത്തപ്പോൾ സർക്കാർ മൗനം പാലിച്ചു. നാരായൺപുർ, കൊണ്ട്‌ഗാവ് ജില്ലകളിൽ അടുത്തിടെ നടന്ന ക്രൈസ്‌തവ വേട്ടയിലും ബാഗേൽ വിരലനക്കിയില്ല. അതേസമയം ടി എസ് സിങ്‌ദേവിനെ അടുത്തിടെ ഉപമുഖ്യമന്ത്രിയാക്കി കോൺഗ്രസിലെ വിമതശല്യം മുഖ്യമന്ത്രി ഏറെക്കുറെ പരിഹരിച്ചു.
തെലങ്കാനയിൽ ഹാട്രിക് ജയം ലക്ഷ്യമിട്ട് ബിആർഎസ്
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന രൂപീകൃതമായതിനു ശേഷമുള്ള മൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഹാട്രിക് വിജയമാണ് ഭരണകക്ഷിയായ ബിആർഎസ് ലക്ഷ്യമിടുന്നത്. 115 മണ്ഡലത്തിൽ കഴിഞ്ഞ മാസംതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിആർഎസ് പ്രചാരണത്തിൽ മറ്റ് പാർടികളെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തന്നെയാണ് മൂന്നാം തെരഞ്ഞെടുപ്പിലും ബിആർഎസിനെ നയിക്കുന്നത്. മക്കളായ കെ ടി രാമറാവുവും കെ കവിതയും അനന്തരവൻ ടി ഹരീഷ് റാവുവും പ്രചാരണരംഗത്ത് ചന്ദ്രശേഖർ റാവുവിന് കരുത്തായുണ്ട്.
സീറ്റ് നിഷേധിക്കപ്പെട്ട പല നേതാക്കളും വിമതസ്വരം ഉയർത്തുന്നത് ബിആർഎസിന് വെല്ലുവിളിയായിട്ടുണ്ട്. എംഎൽഎ എം ഹനുമന്ത റാവുവും എംഎൽസി കെ നാരാൺ റെഡ്ഡിയും സീറ്റ് നിർണയത്തിൽ പ്രതിഷേധിച്ച് അടുത്തിടെ പാർടി വിട്ടു. ഡൽഹി മദ്യനയ കേസിൽ കവിതയെ ഇഡി മണിക്കൂറുകൾ ചോദ്യംചെയ്‌തതും ബിആർഎസിനെതിരായി എതിർപാർടികൾ പ്രചാരണായുധമാക്കുന്നുണ്ട്.
കോൺഗ്രസും ബിജെപിയുമാണ് ബിആർഎസിന്റെ പ്രധാന എതിരാളികൾ. തെലങ്കാനയ്‌ക്ക് രൂപം നൽകിയത് യുപിഎ സർക്കാരാണെങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും അതിന്റെ ഗുണഫലം കോൺഗ്രസിനുണ്ടായില്ല. കോൺഗ്രസ് ദുർബലപ്പെടുമ്പോൾ ആ സ്ഥാനത്തേക്ക് തള്ളിക്കയറാനാണ് ബിജെപി ശ്രമം. അടുത്തിടെ മുനുഗൊഡു മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കെ രേവന്ത് റെഡ്ഡി പിസിസി പ്രസിഡന്റായശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഹൈദരാബാദിൽ കഴിഞ്ഞ മാസം പ്രവർത്തകസമിതി യോഗവും അതിനു പിന്നാലെ കേന്ദ്രനേതാക്കൾ പങ്കെടുത്തുള്ള വൻറാലിയും സംഘടിപ്പിച്ചു. റാലിയിൽ കോൺഗ്രസിന്റെ ആറിന വാഗ്‌ദാനം സോണിയ ഗാന്ധി പ്രഖ്യാപിച്ചു. ഇടതുപക്ഷവുമായി സഖ്യത്തിനും ശ്രമമുണ്ട്. ഉൾപാർടി പ്രശ്‌നങ്ങളാണ് ബിജെപിക്ക് തലവേദന. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബണ്ഡി സഞ്‌ജയിനെ മാറ്റി ജി കിഷൻ റെഡ്ഡിയെ നിയമിച്ചത് തമ്മിലടി പരിഹരിക്കുന്നതിനാണ്. എന്നാൽ, ഇതിനുശേഷവും ബിജെപിയിൽ നേതാക്കൾ പോരിലാണ്.
മിസോറമിൽ കോൺഗ്രസ് തിരിച്ചുവരുമോ
വടക്കുകിഴക്കൻ മേഖലയിൽ കോൺഗ്രസിന്റെ അവസാനത്തെ കോട്ടയായിരുന്നു മിസോറം. 2018ൽ കോൺഗ്രസിന്റെ 10 വർഷത്തെ ഭരണം അവസാനിപ്പിച്ച് മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) അധികാരത്തിൽ തിരിച്ചെത്തി. 40 അംഗ നിയമസഭയിൽ എംഎൻഎഫിന് 26 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് അഞ്ചിടത്താണ് ജയിക്കാനായത്. ഏഴ് പാർടി ലയിച്ചുണ്ടായ സോറം പീപ്പിൾസ് മൂവ്‌മെന്റ് എട്ട് സീറ്റോടെ രണ്ടാമതെത്തി. ബിജെപിക്ക് ഒരിടത്താണ് ജയിക്കാൻ സാധിച്ചതെങ്കിലും ഭരണം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇത്തവണ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചുവരാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം.
(തയ്യാറാക്കിയത്: ദേശാഭിമാനി ഡൽഹി ബ്യൂറോയിലെ സാജൻ എവുജിൻ, എം പ്രശാന്ത്, എം അഖിൽ, റിതിൻ പൗലോസ് )
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..