23 December Monday

മദ്രസകളിലെ ഇടപെടൽ ബിജെപിയുടെ തന്ത്രം - മന്ത്രി വി അബ്‌ദുറഹിമാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

 

‘‘കേരളം നിത്യം നുണ പറയുന്നവരാണ്. കേരളം വിദ്യാഭ്യാസാവകാശ നിയമം നടപ്പാക്കിയിട്ടില്ല. കേരളത്തിൽനിന്ന് നമുക്ക് നൽകിയ റിപ്പോർട്ട് അവിടെ മദ്രസകളില്ലെന്നും സർക്കാർ മദ്രസകൾക്ക് സഹായധനം നൽകുന്നില്ലെന്നുമാണ്. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും എനിക്കറിയാം’’– ദേശീയ ബാലാവകാശ കമീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗൊ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ വാക്കുകളാണിത്. കേരള ജനതയെയും സംസ്ഥാനത്തെ ഒന്നാകെയും അപമാനിക്കുന്ന വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് വർഗീയവിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത്. കേരളത്തെ മോശമായി ചിത്രീകരിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിൽ.

തികഞ്ഞ അസത്യങ്ങളാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും മതവിദ്യാഭ്യാസത്തിന്റെയും പേരിൽ പ്രചരിപ്പിക്കുന്നത്. വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009ലെ നിയമം അനുശാസിക്കുന്ന, ഗുണനിലവാരമുള്ള വിദ്യാഭ്യാസം മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്നില്ലെന്നും പാഠ്യപദ്ധതി, യൂണിഫോം, അടിസ്ഥാന സൗകര്യങ്ങൾ, പഠനാന്തരീക്ഷം, ഉച്ചഭക്ഷണ പദ്ധതി എന്നിവ ഉൾപ്പെടുന്നില്ലെന്നും മതപഠനം മാത്രമാണ് നൽകുന്നതെന്നും, മദ്രസകളിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ദേശീയ ബാലാവകാശ കമീഷൻ  റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, കേരളത്തെ സംബന്ധിച്ച് തരിമ്പും വസ്തുതകൾക്കു നിരക്കാത്ത കാര്യങ്ങളാണിത്. വിവിധ ഇസ്ലാമിക മത വിദ്യാഭ്യാസ ബോർഡുകളുടെ കീഴിലാണ് കേരളത്തിൽ മദ്രസകൾ പ്രവർത്തിക്കുന്നത്. പ്രവർത്തനം നിയന്ത്രിക്കുന്നതും അധ്യാപകരെ നിയമിക്കുന്നതും ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ കണ്ടെത്തുന്നതും  മാനേജ്‌മെന്റ് കമ്മിറ്റികളാണ്. പാഠഭാഗങ്ങൾ തയ്യാറാക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും ബന്ധപ്പെട്ട വിദ്യാഭ്യാസ ബോർഡുകളാണ്. മത വിദ്യാഭ്യാസ ബോർഡുകൾക്കോ മദ്രസകൾക്കോ സർക്കാർ ഫണ്ട് നൽകുന്നില്ല. കേരളത്തിലെ മദ്രസകളിൽ ഇസ്ലാമിക മതപഠനം മാത്രമാണ് നടക്കുന്നത്. പൊതു വിദ്യാഭ്യാസം സർക്കാർ–-കേന്ദ്രസർക്കാർ  നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ മുഖേനയാണ് നടക്കുന്നത്.

സംസ്ഥാനത്തെ കാൽ ലക്ഷത്തിലേറെ മദ്രസാ ധ്യാപകർക്ക്  പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകുന്നതിന് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് നിലവിലുണ്ട്. അധ്യാപകരും മാനേജ്‌മെന്റ് കമ്മിറ്റിയും 50 രൂപ വീതം മാസവിഹിതമായി നൽകുന്നു. ഈ ഫണ്ട് ഉപയോഗിച്ചാണ് 1600 രൂപ പെൻഷൻ നൽകുന്നത്. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് ക്ഷേമനിധി സ്‌കീം പ്രകാരമുള്ള  വിഹിതം കൃത്യമായി അടയ്‌ക്കുന്നവർക്ക് മാത്രമേ പെൻഷൻ ലഭിക്കൂ.

മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള കുട്ടികളെ മദ്രസകളിൽനിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണമെന്നും 1.2 കോടി മുസ്ലിം കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്നും കമീഷൻ പറയുന്നുണ്ട്. മുസ്ലിം വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ വിഭാഗങ്ങൾക്കും ഏകീകൃതമായി വിദ്യാഭ്യാസ സംരക്ഷണം ഉറപ്പാക്കും വിധം അടിസ്ഥാന വിദ്യാഭ്യാസം കേരളത്തിലെ സ്‌കൂളുകളിൽ നൽകിവരുന്നുണ്ട്. സാർവത്രിക വിദ്യാഭ്യാസ സംവിധാനമാണ് ഇവിടെയുള്ളത്. ഒരു കുട്ടിപോലും അടിസ്ഥാന വിദ്യാഭ്യാസത്തിന് സ്‌കൂളുകളിൽ പോകാതിരിക്കുന്ന സാഹചര്യമില്ല.

മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും സർക്കാർ ധനസഹായം നിർത്തലാക്കണമെന്നും മദ്രസാ ബോർഡുകൾ പൂട്ടണമെന്നുമാണ് ദേശീയ ബാലാവകാശ കമീഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മതപാഠശാല എന്നതാണ് മദ്രസ എന്ന അറബിവാക്കിന്റെ അർഥം. എല്ലാ മതങ്ങളും മതപാഠശാലകൾ നടത്തുന്നുണ്ട്. ക്രൈസ്തവ, ഹൈന്ദവ മതപാഠശാലകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഭരണഘടനാപരമായ ഇത്തരം അവകാശങ്ങളിൽ ഇടപെടുന്നത് എൽഡിഎഫ് സർക്കാരിന്റെ നയമല്ല. ന്യൂനപക്ഷ വിദ്യാർഥികൾക്കാകെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി സംസ്ഥാന സർക്കാർ സ്‌കോളർഷിപ്പുകളും മറ്റു സഹായങ്ങളും നൽകുന്നുണ്ട്.  കേരളത്തിലേതിൽനിന്ന് വ്യത്യസ്തമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മദ്രസ. അവിടെ മതപഠനത്തിനുപുറമെ, ഔപചാരിക വിദ്യാഭ്യാസ കേന്ദ്രംകൂടിയാണ് മദ്രസകൾ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പൊതുവിദ്യാലയങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമല്ല. അത്തരം കുട്ടികൾക്ക് ഏക ആശ്രയം ഔപചാരിക വിദ്യാഭ്യാസംകൂടി നൽകുന്ന മദ്രസകളാണ്. ഔപചാരിക വിദ്യാഭ്യാസത്തിന് മദ്രസകൾ തടസ്സമാകുന്നുവെന്നാണ് കമീഷന്റെ മുഖ്യവാദം. രാജ്യത്ത് 3.22 കോടി കുട്ടികൾ സ്‌കൂളിനു പുറത്താണെന്ന ദേശീയ വിദ്യാഭ്യാസ നയരേഖയിൽ പറയുന്നത് ദേശീയ ബാലാവകാശ കമീഷൻ കണ്ടതേയില്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്‌കൂളുകൾ പശുത്തൊഴുത്തിലും ദയനീയമായ അവസ്ഥയിലാണ്. ഒരു യോഗ്യതയും ഇല്ലാത്ത അധ്യാപകരാണ് ഇവിടെ പഠിപ്പിക്കാൻ നിയോഗിക്കപ്പെടുന്നത്.

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം പടുത്തുയർത്തിയ സത്യങ്ങൾക്ക് എത്ര കൊടും നുണകൾ കൊണ്ടും ചെറു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല. വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് എക്കാലവും ഒന്നാമതാണ് കേരളം. ഗ്രാമങ്ങളിലായാലും ഗോത്ര മേഖലകളിലായാലും മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളുണ്ട്. പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താനും തുല്യതയിൽ ഊന്നിയ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനുമാണ് നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത്. ഈ മുന്നേറ്റത്തിൽ കൈവരിച്ച നേട്ടങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്. മറ്റുള്ളവർക്കൊപ്പം ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളും ഈ നേട്ടങ്ങളുടെ ഗുണഭോക്താക്കളാണ്.

8 വർഷത്തിനിടെ 12 ലക്ഷത്തോളം കുട്ടികളാണ് അധികമായി പൊതുവിദ്യാലയങ്ങളിൽ എത്തിയത്. ദേശീയതലത്തിൽ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. അതുതന്നെയാണ് ഗുണപരമായ മാറ്റത്തിന്റെ ഏറ്റവും വലിയ തെളിവ്. പൊതുവിദ്യാഭ്യാസമേഖലയിൽ അയ്യായിരം കോടി രൂപയുടെ നിക്ഷേപമാണ് കേരളം നടത്തിയത്. കേന്ദ്ര സർക്കാർ വിദ്യാഭ്യാസത്തിനുള്ള വിഹിതം ഓരോ വർഷവും വെട്ടിക്കുറയ്‌ക്കുകയാണ്. കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയാണ്. ഒപ്പം രാജ്യത്ത് ആദ്യമായി സ്‌പോർട്‌സ് സിലബസിന്റെ ഭാഗമാക്കി.

ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് വ്യാജ പ്രചാരണം നടത്തുന്നവർ ജനങ്ങളുടെ മുന്നിൽ നാണംകെടുകയാണ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനും മോശക്കാരായി ചിത്രീകരിക്കാനുമുള്ള ഗൂഢാലോചന വ്യാപകമാണ്. അതിന്റെ ഒരു രൂപം മാത്രമാണ് ബാലാവകാശ കമീഷൻ ചെയർമാന്റെ വാക്കുകൾ. ഏതു പ്രതിസന്ധിയിലും കുലുങ്ങാതെ കേരളം മുന്നോട്ടുപോകും. നവകേരളം യാഥാർഥ്യമാക്കാൻ നാടൊന്നാകെ ഒറ്റക്കെട്ടായി നിലകൊള്ളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top