22 December Sunday

മഹാരാഷ്‌ട്ര, ജാർഖണ്ഡ് 
ആര് നേടും

സാജൻ എവുജിൻUpdated: Tuesday Nov 19, 2024

 

മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും  നിയമസഭാ  പൊതുതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടം പിന്നിട്ടപ്പോൾ  സമാന സ്ഥിതി. ബിജെപിയുടെ തീവ്രവർഗീയ പ്രചാരണം, ബിജെപി മുന്നണിയിലും മതനിരപേക്ഷ പാർടികളുടെ പക്ഷത്തും ഘടകകക്ഷികൾക്കിടയിലെ അവിശ്വാസം, കോൺഗ്രസിന്റെ  വീഴ്‌ചകളും അനാസ്ഥയും,  തെരഞ്ഞെടുപ്പ്‌ കമീഷനെതിരായ പരാതികൾ, ജനകീയ വിഷയങ്ങൾ ചർച്ചചെയ്യാൻ വോട്ടർമാർ പ്രകടിപ്പിക്കുന്ന താൽപ്പര്യം എന്നീ പ്രവണതകൾ രണ്ട്‌ സംസ്ഥാനത്തും പ്രകടമാണ്. ജാർഖണ്ഡിൽ  വർഗീയവിദ്വേഷം  പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട്‌ ബിജെപി ഇറക്കിയ വീഡിയോ മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ  ഒടുവിൽ കണ്ടെത്തി. സമൂഹ മാധ്യമ അക്കൗണ്ടുകളിൽനിന്ന്‌ വീഡിയോ നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപിക്ക്‌ ജാർഖണ്ഡ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ നോട്ടീസും നൽകി.

മഹാരാഷ്‌ട്രയിൽ എന്തും സംഭവിക്കാം
പ്രധാന രാഷ്‌ട്രീയ പാർടികളുടെ എണ്ണം നാലിൽനിന്ന്‌ ആറായി ഉയരുകയും വിമതരും ചെറുപാർടികളും ഒട്ടേറെ മണ്ഡലങ്ങളിൽ ശ്രദ്ധേയ പ്രചാരണം കാഴ്‌ചവയ്‌ക്കുകയും ചെയ്‌ത  സാഹചര്യമാണ്‌ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്‌. മുംബൈ, വിദർഭ, താനെ–-കൊങ്കൺ, മറാത്ത്‌വാഡ, ഉത്തര മഹാരാഷ്‌ട്ര, പടിഞ്ഞാറൻ മഹാരാഷ്‌ട്ര  എന്നീ മേഖലകളിൽ ഓരോന്നിലും വ്യത്യസ്‌ത വിഷയങ്ങളാണ്‌ ആധിപത്യം പുലർത്തുന്നത്‌. മാത്രമല്ല, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വോട്ടർമാരുടെ പ്രതികരണങ്ങളിലും വലിയ അന്തരമുണ്ട്‌. ഗ്രാമങ്ങളിൽ കാർഷികത്തകർച്ചയും വിലക്കയറ്റവും  വിളകൾക്ക്‌ താങ്ങുവില ലഭിക്കാത്തതും മുഖ്യവിഷയമാണ്‌. നഗരങ്ങളിൽ തൊഴിലില്ലായ്‌മയാണ്‌ പ്രധാന ചർച്ച. സംവരണപ്രക്ഷോഭങ്ങൾ തൊഴിലില്ലായ്‌മയുടെ ഉപോൽപ്പന്നമാണ്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുംബൈ മേഖലയിലെ ആറ്‌ സീറ്റിൽ  നാലിലും ജയിച്ചത്‌ പ്രതിപക്ഷ സഖ്യമായ  മഹാവികാസ്‌ അഘാഡി (എംവിഎ)യാണ്‌. ശിവസേനയുടെ പരമ്പരാഗത ശക്തികേന്ദ്രമായ മുംബൈയിൽ തന്റെ പക്ഷത്തിന്റെ  കരുത്ത്‌ തെളിയിക്കാൻ ലഭിച്ച ആദ്യ അവസരമാണ്‌ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയ്‌ക്ക്‌ നഷ്ടമായത്‌. 36 നിയമസഭാ സീറ്റുള്ള മുംബൈയിൽ മികച്ച ഫലം ഉണ്ടാക്കേണ്ടത്‌  ഷിൻഡെയുടെ രാഷ്‌ട്രീയനിലനിൽപ്പിന്‌ അനിവാര്യമാണ്‌. താനെ, പാൽഗഢ്‌, റായിഗഢ്‌, -രത്‌നഗിരി, സിന്ധുദുർഗ്‌ ജില്ലകൾ ഉൾക്കൊള്ളുന്ന തീരമേഖലയിലെ 39 സീറ്റും ഷിൻഡെയ്‌ക്ക്‌ നിർണായകം. ഷിൻഡെയുടെ രാഷ്‌ട്രീയ വളർച്ചയുടെ തട്ടകം താനെയാണ്‌. അവിഭക്ത എൻസിപിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറൻ മഹാരാഷ്‌ട്രയിൽ 70 നിയമസഭാ സീറ്റാണ്‌. പഞ്ചസാര മില്ലുകളുടെയും സഹകരണ സംഘങ്ങളുടെയും മേഖലയിൽ ശരദ്‌ പവാറും അജിത്‌ പവാറും തമ്മിലാണ്‌ പോര്‌. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇവിടുത്തെ പത്തിൽ ആറ്‌ സീറ്റും എംവിഎയാണ്‌ നേടിയത്‌. ലാത്തൂർ, ബീഡ്‌ ഉൾപ്പെടെ വരൾച്ച ബാധിതപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന  മറാത്ത്‌വാഡ ( 46 സീറ്റ്‌) കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു.

നാല്‌ കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ ഇവിടെനിന്ന്‌  ഉണ്ടായി. പിന്നീട്‌  ബിജെപി പലയിടത്തും കടന്നുകയറി. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യമാണ്‌ മുന്നിലെത്തിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നേട്ടമുണ്ടാക്കി. 11 ജില്ല ഉൾക്കൊള്ളുന്ന വിദർഭ മേഖല (62 സീറ്റ്‌)യിലും ആധിപത്യം കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക്‌ മാറിയിട്ടുണ്ട്‌. വിദർഭ പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യത്തിന്‌ ബിജെപി പിന്തുണ നൽകിയിരുന്നു. അവിഭക്ത ശിവസേനയുമായും പിന്നീട്‌ ഷിൻഡെ വിഭാഗവുമായും ഐക്യത്തിൽ എത്തിയതോടെ ബിജെപി ഇതിൽനിന്ന്‌ പിൻവാങ്ങി. മഹാരാഷ്‌ട്ര വിഭജനത്തെ ശിവസേന ശക്തമായി എതിർക്കുന്നതാണ്‌ കാരണം. നാസിക്‌, ജൽഗാവ്‌, ധുലെ, നന്ദൂർബാർ ജില്ലകൾ ഉൾക്കൊള്ളുന്ന ഉത്തര മഹാരാഷ്‌ട്രയിൽ ആദിവാസികളും ഒബിസി വിഭാഗങ്ങളും  ഗണ്യമായ സ്വാധീനം ചെലുത്തുന്നു. മൊത്തം 35 സീറ്റാണ്‌. ഉള്ളിവില ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇവിടെ പ്രധാനമാണ്‌. ആദിവാസിവിഭാഗങ്ങൾ പൊതുവെ ബിജെപിക്ക്‌ എതിരാണ്‌.  ദഹാനു മണ്ഡലത്തിൽ 10–-ാം വിജയത്തിന്‌  സിപിഐ എം  കളമൊരുക്കിയിട്ടുണ്ട്‌.  കൽവാൻ, സോളാപ്പുർ സിറ്റി സെൻട്രൽ മണ്ഡലങ്ങളിലും സിപിഐ എം ശക്തമായ പ്രചാരണം നടത്തി.  ഭരണമുന്നണിയിൽ ബിജെപി 152 സീറ്റിലും ഷിൻഡെ വിഭാഗം ശിവസേന 78 സീറ്റിലും എൻസിപി (അജിത്‌ പവാർ) 52 സീറ്റിലുമാണ്‌ മത്സരിക്കുന്നത്‌.  എംവിഎയിൽ കോൺഗ്രസ്‌ 102, ശിവസേന (ഉദ്ധവ്‌ താക്കറേ) 96, എൻസിപി (ശരദ്‌ പവാർ) 87 വീതം സീറ്റിൽ മത്സരിക്കുന്നു.

ജാർഖണ്ഡിൽ തനിനിറം കാട്ടി 
കോൺഗ്രസ്‌
മൊത്തം 81 സീറ്റുള്ള ജാർഖണ്ഡിൽ കോൺഗ്രസിന്‌ 30 എണ്ണം നൽകിയത്‌ അബദ്ധമായെന്ന തിരിച്ചറിവിലാണ്‌ ജെഎംഎം, ആർജെഡി തുടങ്ങിയ സഖ്യകക്ഷികൾ. സംസ്ഥാനത്ത്‌ കോൺഗ്രസ്‌ സംഘടനാ സംവിധാനം ദുർബലമാണെങ്കിലും രാഹുൽ ഗാന്ധിയും മറ്റും പ്രചാരണം നടത്തുന്നത്‌ പ്രയോജനം ചെയ്യുമെന്ന്‌ കരുതിയാണ്‌ അവർക്ക്‌ ഇത്രയും സീറ്റ്‌ നൽകിയത്‌. എന്നാൽ രാഹുൽ ഗാന്ധി ഏഴ്‌ പൊതുയോഗത്തിൽ മാത്രമാണ്‌ പങ്കെടുത്തത്‌. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പര്യടനം സ്വന്തം പാർടി മത്സരിക്കുന്ന മണ്ഡലങ്ങളിൽ മാത്രമായിരുന്നു. അതേസമയം, മുഖ്യമന്ത്രി ഹേമന്ത്‌ സോറനും അദ്ദേഹത്തിന്റെ ഭാര്യ കൽപ്പന സോറനും എഴുപതോളം റാലികളിൽ പ്രസംഗിച്ചു. ആർജെഡി പ്രസിഡന്റ്‌ തേജസ്വി യാദവും കോൺഗ്രസ്‌, ജെഎംഎം  സ്ഥാനാർഥികളുടെ പ്രചാരണത്തിന്‌ സമയം കണ്ടെത്തി. പ്രിയങ്ക ഗാന്ധി മത്സരിച്ച വയനാട്ടിൽ  സർവസന്നാഹത്തെയും വിന്യസിച്ച കോൺഗ്രസ്‌,  ബിജെപിക്കെതിരായ പോരാട്ടത്തിൽ നിർണായകമായ ജാർഖണ്ഡിൽ  ഉഴപ്പി.  തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെ പിസിസി പ്രസിഡന്റിനെ മാറ്റി. പിരിച്ചുവിട്ട പിസിസിക്ക്‌ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. മീഡിയ സെൽ മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌. ബിഹാർ, ഹരിയാന, ജമ്മു–-കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ പ്രകടിപ്പിച്ച അലസസമീപനം തന്നെയാണ്‌ ജാർഖണ്ഡിലും ദൃശ്യമായത്‌. ജാർഖണ്ഡിൽ  രണ്ടാം ഘട്ടത്തിൽ 38 സീറ്റിലാണ്‌ വോട്ടെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top