28 December Saturday

ചരിത്രത്തെ തലതിരിച്ചിടുന്നവർ

രാജ്‌മോഹൻ ഗാന്ധിUpdated: Thursday Jan 30, 2020

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് അതിന്റെ വിമർശകരുമായി ഒരു ടെലിവിഷൻ ചർച്ചയ്‌ക്ക് തയ്യാറുണ്ടോ എന്ന പി ചിദംബരത്തിന്റെ വെല്ലുവിളി പ്രധാനമന്ത്രി ഏറ്റെടുക്കും എന്ന് ആരുംതന്നെ പ്രതീക്ഷിക്കുന്നില്ല. പ്രധാനമന്ത്രി അംഗീകരിക്കാൻ ഇടയില്ലെങ്കിലും, എനിക്കുമുണ്ട് അദ്ദേഹത്തോട് ഒരപേക്ഷ. ‘"മഹാത്മാഗാന്ധിയുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാധിതപ്രായമാക്കുക മാത്രമാണ് '' സർക്കാർ ചെയ്യുന്നത് എന്നുപറയുന്നത് ദയവുചെയ്‌ത്‌ അവസാനിപ്പിക്കുക. ഞാനിത് പറയുന്നത് ഗാന്ധിയുടെ പേരമകൻ എന്ന നിലയ്‌ക്കല്ല, അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ എന്ന നിലയ്‌ക്കാണ്.

ഉത്സാഹപൂർവം  മുസ്ലിങ്ങളെമാത്രം ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പൗരത്വ ഭേദഗതി നിയമം മഹാത്മജിയുടെ ആഗ്രഹങ്ങളുടെ സഫലീകരണമല്ല, മറിച്ച് അവയോടുള്ള ധിക്കാരപൂർവമായ അനാദരവാണ്. സംശയരഹിതമായും ഗാന്ധി ആഗ്രഹിച്ചത് പാകിസ്ഥാൻ അവിടത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നാണ്. അതോടൊപ്പം  പീഡിപ്പിക്കപ്പെടുന്നവരെ ഇന്ത്യ സഹായിക്കുമെന്നും. പക്ഷേ, തങ്ങളുടെ ന്യൂനപക്ഷത്തെ ഇന്ത്യയും സംരക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതുമാത്രമല്ല, വിഭജനത്തെത്തുടർന്നുണ്ടായ കൂട്ടക്കുരുതികൾക്കുശേഷവും ഒരുനാൾ ഹിന്ദുക്കളും സിഖുകാരുമായ അഭയാർഥികൾക്ക് ഇന്ത്യയിലേക്കും അതേപോലെ മുസ്ലിങ്ങളായ അഭയാർഥികൾക്ക് പാകിസ്ഥാനിലെ തങ്ങളുടെ പഴയ കേന്ദ്രങ്ങളിലേക്കും തിരിച്ചുപോകാൻ കഴിയുമെന്ന് സ്വപ്‌നം  കാണാനുള്ള തന്റേടവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഗാന്ധിജി കൊല്ലപ്പെട്ട 1948 ജനുവരിയിൽ, പാകിസ്ഥാനിൽനിന്നുള്ള ഒരു മുസ്ലിം നേതാവിന്റെ ഒരാഗ്രഹപ്രകടനത്തെച്ചൊല്ലി അദ്ദേഹം ഏറെ പുളകംകൊണ്ടിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല, പാകിസ്ഥാനിൽനിന്ന് മടങ്ങുന്ന ഹിന്ദുക്കളും സിഖുകാരുമായ മനുഷ്യരുടെ 50 മൈൽ ദൈർഘ്യമുള്ള ഒരു പ്രകടനത്തെ ഗാന്ധിജി നയിക്കുന്നത് കാണണം എന്നായിരുന്നു ആ ആഗ്രഹം. ഇതിന് സാക്ഷ്യംവഹിച്ച ഒരാളുടെ സംഭാഷണത്തിൽ നിന്നാണ് നമുക്ക്‌ ഈ  വിവരം കിട്ടുന്നത്. മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയായി 1919 മുതൽ 48 വരെയുള്ള 29 കൊല്ലം അദ്ദേഹത്തോടൊപ്പം കഴിഞ്ഞ പ്യാരേലാൽ  എഴുതിയ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയതാണ് അത്.

ഇവിടെനിന്ന് വിട്ടുപോയ മുസ്ലിങ്ങൾ ഇങ്ങോട്ട് തിരിച്ചുവരാൻ താൽപ്പര്യപ്പെടുകയാണെങ്കിൽ, ഞങ്ങളതിനെ എതിർക്കുകയില്ല, അവർക്ക് അവരുടെ ഇടപാടുകൾ പഴയതുപോലെതന്നെ തുടരാനാകും എന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു

പ്രമുഖരായ ഡൽഹി നിവാസികൾ ഒന്നിച്ച് നടത്തിയ ഒരു പ്രതിജ്ഞയ്‌ക്കുശേഷമാണ് 1948 ജനുവരിയിൽത്തന്നെ അദ്ദേഹം തുടങ്ങിയ ഒരു നിരാഹാരസമരം അവസാനിപ്പിച്ചത്.  "ഇവിടെനിന്ന് വിട്ടുപോയ മുസ്ലിങ്ങൾ ഇങ്ങോട്ട് തിരിച്ചുവരാൻ താൽപ്പര്യപ്പെടുകയാണെങ്കിൽ, ഞങ്ങളതിനെ എതിർക്കുകയില്ല, അവർക്ക് അവരുടെ ഇടപാടുകൾ പഴയതുപോലെതന്നെ തുടരാനാകും എന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു’ എന്നായിരുന്നു ആ വാചകം. 1947ൽ അഭയാർഥികൾ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുവരും എന്ന ഗാന്ധിജിയുടെ സ്വപ്‌നം  അയഥാർഥമായിരിക്കാം. പക്ഷേ, പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമുള്ള ഹിന്ദുന്യൂനപക്ഷം ഇന്ത്യയിലേക്ക്  കുടിയേറണമെന്ന് ഗാന്ധി ആവശ്യപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ആഗ്രഹനിവൃത്തിക്കായാണ് പൗരത്വ ഭേദഗതി നിയമം എന്നുമൊക്കെ പറയുന്നത് ചരിത്രത്തെ തലകുത്തിനിർത്തലാണ്. 1947ൽ ഇന്ത്യ ഹിന്ദുക്കൾക്കും പാകിസ്ഥാൻ മുസ്ലിങ്ങൾക്കുംവേണ്ടി ഉണ്ടാക്കിയതാണെന്ന് കരുതുന്നവർക്കുമാത്രം ഇണങ്ങിയതാണ് ഈ വക്രീകരണം.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ് പാകിസ്ഥാനായിത്തീർന്നത് എന്നതും ഹിന്ദു ഭൂരിപക്ഷ പ്രദേശം ഇന്ത്യയായി  തുടർന്നു എന്നതും ശരിതന്നെ. അതങ്ങനെയാണെങ്കിൽത്തന്നെയും സ്വതന്ത്ര ഇന്ത്യയുടെ നേതാക്കളും ജനങ്ങളും ഭരണഘടനയും ഇന്ത്യയെ കണ്ടത്, എല്ലാവർക്കുമുള്ള ഒരു രാജ്യമായിട്ടാണ്. ഒരു നിരീശ്വരവാദിയാണെങ്കിലും ബുദ്ധമതക്കാരനാണെങ്കിലും  ക്രിസ്‌ത്യാനിയാണെങ്കിലും ജൂതനാണെങ്കിലും മുസ്ലിമോ സിഖ്‌ മതക്കാരനോ ആണെങ്കിലും ഹിന്ദുക്കൾക്കുള്ള അതേ അവകാശാധികാരങ്ങൾ അയാൾക്കും കിട്ടും. ഗാന്ധിജിയുടെ പിന്തുണ മുസ്ലിം ഇതരർക്ക് മാത്രമായിരുന്നു എന്നോ ആശ്വാസങ്ങൾ നൽകുന്നതിൽനിന്ന് മുസ്ലിങ്ങളെ ഒഴിവാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്നോ അവകാശപ്പെടുന്നവർ ചരിത്രം പുതുതായി സ്വയം കണ്ടുപിടിക്കുന്നവർ തന്നെയാണ്.

വായനയെ വാട്സാപ് പുറന്തള്ളിയിരിക്കുന്നു
നമ്മുടെ ഈ സത്യാനന്തരകാലത്തും ചരിത്രത്തെ നിർലജ്ജം തലതിരിച്ചിടുന്നത് ചെലവാകാൻ പോകുന്നില്ല. ഭാഗിക ചരിത്രത്തിന് പിന്നെയും സാധ്യതയുണ്ട്. പൊതു ഓർമ വളരെ ഹ്രസ്വമാണ്. വായനയെ വാട്സാപ് പുറന്തള്ളിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ, 1947ലെ കൂട്ടക്കുരുതിയെക്കുറിച്ച് പറയുമ്പോൾ മുസ്ലിങ്ങളാണ് പ്രധാന ഇരകളെന്ന് പാകിസ്ഥാനികളോടും ഹിന്ദുക്കളും സിഖുകാരുമായിരുന്നു അനുഭവിച്ചതൊക്കെ എന്ന് ഇന്ത്യക്കാരോടും പറയാൻ എളുപ്പമാണ്.

ചരിത്രത്തെ ഗൗരവപൂർവം സമീപിക്കുന്നവർക്കറിയാം, 1947ലെ കൂട്ടക്കൊലയും കുടിയേറ്റങ്ങളും തമ്മിൽ സാമ്യതയുണ്ടെന്ന്‌. മുസ്ലിം ഇതരരും മുസ്ലിങ്ങളും ഏതാണ്ട് ഒരേപോലെ ഇതിൽ പങ്കാളികളായിരുന്നു. 1947 വരെ കറാച്ചിയിലും ലാഹോറിലും റാവൽപിണ്ടിയിലും മുൾട്ടാനിലും ധാക്കയിലും വൻതോതിൽ ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നു എന്ന കാര്യം നന്നേക്കുറച്ച് പാകിസ്ഥാനികൾക്കും ബംഗ്ലാദേശ്കാർക്കും മാത്രമേ അറിയൂ. അമൃതസറിലും  ജലന്ധറിലും ലുധിയാനയിലും ജനസംഖ്യയിൽ പാതിയോടടുത്തോ, ചിലേടത്ത് അതിലുമേറെയോ മുസ്ലിങ്ങളായിരുന്നു എന്ന കാര്യം വളരെക്കുറച്ച് ഇന്ത്യക്കാർക്കേ അറിയൂ.

നമ്മുടെ കാലത്തെ ഇന്ത്യക്കാരിൽ പലർക്കും അറിയാം, 1946ൽ ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ നവഖാലിയിലെ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ. നവഖാലിയിലെ ഭീകരതയ്‌ക്കുശേഷം ആഴ്ചകൾക്കകം, ബിഹാറിലെ മുസ്ലിങ്ങൾക്കുനേരെ അതിലും വലിയ ആക്രമണമാണ് നടന്നത് എന്ന കാര്യം വളരെ കുറച്ചുപേർക്കേ അറിയൂ. നവഖാലിയിലെ ഹിന്ദുക്കൾക്ക് ധൈര്യം നൽകുന്നതിനും മുസ്ലിങ്ങളുടെ പരിഭ്രാന്തി അകറ്റുന്നതിനുമായി ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കായി ഗാന്ധിജി നടത്തിയ പദയാത്രയെക്കുറിച്ച് ഇന്ത്യയിൽ പലരും ഇപ്പോൾ ഓർക്കുന്നുണ്ട്. പക്ഷേ, 1947 മാർച്ചിൽ ബിഹാറിലെ രാഷ്ട്രീയ നേതൃത്വത്തിനുനേരെ ഗാന്ധി  തൊടുത്തുവിട്ട ചോദ്യങ്ങൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും.


 

"വലിയൊരു വിഭാഗം കോൺഗ്രസുകാർ കുഴപ്പത്തിൽ പങ്കെടുത്തു എന്നത് ശരിയാണോ അതോ തെറ്റോ? നിങ്ങളുടെ കമ്മിറ്റിയിലെ 132 പേരിൽ എത്രപേർ അതിൽ പങ്കാളികളായിരുന്നു? നിങ്ങളുടെ കൺമുന്നിൽവച്ച് 110 വയസ്സായ ഒരു സ്ത്രീ അരുംകൊല ചെയ്യപ്പെടുന്നത് കണ്ടുനിന്നിട്ട് നിങ്ങൾക്കെങ്ങനെ ജീവിക്കാൻ കഴിയുന്നു എന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു..... ഞാൻ വിശ്രമിക്കില്ല, മറ്റുള്ളവരെ അതിന് അനുവദിക്കുകയുമില്ല. ഞാൻ കാൽനടയായി നടന്നുചെന്ന് അസ്ഥികൂടങ്ങളോട് ചോദിച്ചറിയും എന്തുപറ്റിയെന്ന്!  എന്റെയുള്ളിൽ  ജ്വലിച്ചുയരുന്ന അഗ്നികാരണം ഇതിനൊരു പരിഹാരം കണ്ടെത്തുംവരെ വിശ്രമമില്ല. എന്റെ സഖാക്കൾ എന്നെ വഞ്ചിക്കുകയാണെന്ന് കണ്ടാൽ, ഞാൻ രോഷാകുലനാകും. പിന്നെ ഞാൻ നഗ്നപാദനായി കൊടുങ്കാറ്റിലും പേമാരിയിലും ആലിപ്പഴ വർഷത്തിലും നടന്നുകൊണ്ടേയിരിക്കും.’’

പ്രിയ നരേന്ദ്ര ബായീ, ഇതായിരുന്നു ന്യൂനപക്ഷങ്ങളോട് സർക്കാരിനുണ്ടാകേണ്ട സമീപനത്തെപ്പറ്റിയുള്ള ഗാന്ധിജിയുടെ ധാരണ. നിങ്ങളും നിങ്ങളെ മുൻനിർത്തി മറ്റുള്ളവരും പറയുന്നു, പൗരത്വ ഭേദഗതി നിയമത്തിന്‌ ഇന്ത്യക്കകത്തെ മുസ്ലിങ്ങളുമായി ഒരു ബന്ധവുമില്ലെന്ന്! എല്ലാ മതവിഭാഗങ്ങളിലുമുള്ള നാട്ടുകാരാകെ ഭയപ്പെടുന്ന ദേശീയ പൗരത്വ രജിസ്റ്റർ അതേത്തുടർന്ന് നടപ്പാക്കാൻ പോകുന്നില്ലെന്നും നിങ്ങൾ പറയുന്നു. പിന്നെയെന്തിനാണ് നിങ്ങളുടെ പാർടിയുടെ പശ്ചിമ ബംഗാൾ തലവൻ ദിലീപ് ഘോഷ് ജനുവരി 12 ന് നടത്തിയതുപോലുള്ള വർത്തമാനം പറയുന്നത്?" പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ദീദിയുടെ (മമതാ ബാനർജിയുടെ) പൊലീസ് ഒരു നടപടിയും എടുത്തില്ല. കാരണം അവരൊക്കെയും അവരുടെ വോട്ടർമാരാണ്. എന്നാൽ,  ഉത്തർപ്രദേശിലും അസമിലും കർണാടകയിലുമുള്ള ഞങ്ങളുടെ ഗവൺമെന്റുകൾ അത്തരമാളുകളെ പട്ടികളെപ്പോലെ വെടിവച്ചിടുകയായിരുന്നു.’ എന്നാണ് ആ ബിജെപി നേതാവ് പറഞ്ഞത്. അതൊരു ശരിയായ കാര്യമായിരുന്നു എന്നാണ് അയാൾ കൂട്ടിച്ചേർത്തത്.  രണ്ടുകോടി "മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ ' രാജ്യത്തേക്ക് കടന്നുവരാൻ അനുവദിച്ചുകൊണ്ട് ബംഗാളി ഹിന്ദുക്കളുടെ "താൽപ്പര്യങ്ങൾ അട്ടിമറിച്ചവരെ’ തിരിച്ചറിയണമെന്നും ഘോഷ് ആഹ്വാനംചെയ്‌തു. ഒരു കോടിയിലേറെപ്പേർ ബംഗാളിൽ ഉണ്ടെന്നാണ് അയാൾ അവകാശപ്പെട്ടത്.

ഘോഷിന്റെ പ്രസ്‌താവന വ്യക്തിപരമാണ് എന്നുപറഞ്ഞുകൊണ്ടൊന്നും പൗരത്വ ഭേദഗതി നിയമം ഭീഷണമായ ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ചവിട്ടുപടിയാണ് എന്ന വസ്‌തുത മറച്ചുവയ്‌ക്കാനാകില്ല.

(കടപ്പാട്‌ –- ദി ഇന്ത്യൻ എക്‌സ്‌പ്രസ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top