12 December Thursday

ഖാർഗെയുടെ വെളിപാടുകൾ

എമ്മോവിUpdated: Wednesday Dec 11, 2024

പ്രചാരണത്തിന് ദേശീയ നേതാക്കളെയും മുകളിൽനിന്നുള്ള പണവും കാത്തിരിക്കുന്ന ഏർപ്പാട് എത്രയും വേഗം നിർത്തിയാൽ കെപിസിസികൾക്ക് കൊള്ളാമെന്നാണ് താക്കീത്. പ്രചാരണത്തിന് അയക്കാൻമാത്രം തലയെടുപ്പുള്ളവരൊന്നും ഇപ്പോൾ ഹൈക്കമാൻഡിലില്ലെന്നും കാശിന് ഭയങ്കര ക്ഷാമമാണെന്നും ഖാർഗെയെപ്പോലെ മറ്റാർക്കും അറിയില്ലാലോ. എഐസിസി മുതൽ ബ്ലോക്ക് വരെ മാറ്റണമെന്ന് പറഞ്ഞത് ചിലരെ ലക്ഷ്യം വച്ചാണെന്ന കുശുകുശുപ്പും സജീവമാണ്


തോറ്റിരിക്കുന്ന ഖാർഗെക്കൊരു ഉൾവിളി വന്നതോടെ കോൺഗ്രസുകാരെല്ലാം അങ്കലാപ്പിലാണെന്നാണ് നാട്ടിലാകെ സംസാരം. എവിടെ പരിപാടി അവതരിപ്പിച്ചാലും തല്ല് ഉറപ്പാണെന്ന് പണ്ടാരോ പറഞ്ഞതുപോലെ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കോൺഗ്രസിന് തോൽവി ഉറപ്പാണെന്നാണ് ഖാർഗെ വളച്ചു കെട്ടില്ലാതെ പറഞ്ഞത്. ഇങ്ങനെ പോയാൽ നേതാക്കന്മാരേ ഉണ്ടാകൂ കോൺഗ്രസുണ്ടാകില്ലെന്നും ഖാർഗെയുടെ വെളിപാടിൽ തെളിഞ്ഞിട്ടുണ്ട്. അങ്ങിങ്ങായി അനക്കമുള്ള കോൺഗ്രസിനെ ഒന്നെണീപ്പിച്ച് നിർത്താനാകുമോ എന്നന്വേഷിച്ചാണ് ഉദയ്‌പുരിൽ ശിബിരം നടത്തിയത്. തുടർന്ന് റായ്‌പുരിൽ പ്ലീനറി സമ്മേളനം ചേർന്ന് സംഗതിയൊക്കെ ഉഷാറാക്കാനും തീരുമാനിച്ചതാണ് (തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴൊക്കെ എഐസിസി ഇങ്ങനെ പല ഗിമ്മിക്കുകളും കാണിക്കാറുണ്ട്). മുമ്പ് ആന്റണിയെ കമീഷനാക്കി കുറേ ശുപാർശകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ, അതൊക്കെ പരണത്ത് വച്ചവരെക്കൊണ്ട് ഇനി മുന്നോട്ട് പോകാനാകില്ലെന്നാണ് ഖാർഗെ കട്ടായം പറഞ്ഞത്.

ശിബിരംകൊണ്ട് ചലനമൊന്നും ഉണ്ടായില്ലെന്നും ഇപ്പോഴും ചത്തതുപോലെ കിടക്കുകയാണെന്നുമാണ് പ്രവർത്തക സമിതിയിലെ കുമ്പസാരത്തിന്റെ കാതൽ. പഠിച്ചതേ പാടൂ എന്ന് പറഞ്ഞതുപോലെ തമ്മിലടിയും അധികാരമോഹവും ഗ്രൂപ്പിസവും ഒഴിവാക്കിയാൽ കോൺഗ്രസാകില്ലെന്ന് പ്രസിഡന്റിനെ ആര് പഠിപ്പിക്കുമെന്ന ചിന്തയിലാണ് സംസ്ഥാന നേതാക്കൾ. മുമ്പ് രാജീവ് ഗാന്ധി ഇതിനേക്കാൾ വലിയ പ്രഖ്യാപനം നടത്തിയതാണ്. പണത്തിൽമാത്രം കണ്ണുള്ളവർ കോൺഗ്രസിനെ വെറും പുറംതോടാക്കി മാറ്റിയെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. വർഷം പലതു കഴിഞ്ഞിട്ടും പുറംതോട് ക്ഷയിച്ചതല്ലാതെ ഉള്ളിലൊന്നും ഉണ്ടായില്ല. പിന്നെയല്ലേ വെറുമൊരു ഖാർഗെ എന്നാണ് ഹൈക്കമാൻഡൻമാരുടെ മണ്ടയിലൂടെ പാഞ്ഞതെന്നും കേൾക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചെറിയൊരനക്കം കാണിച്ചതാണ്. അപ്പോഴേക്കും പണ്ടത്തെ നെഗളിപ്പ് പലയിടത്തും പുറത്തു കാണിക്കാൻ തുടങ്ങി. ജമ്മു കശ്മീരിൽ പച്ചതൊട്ടില്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും നയിക്കാൻ മുന്നിട്ടിറങ്ങി ജനങ്ങൾ മൂലയ്‌ക്കിരുത്തി. യുപിയിലും ഗതിപിടിച്ചില്ല. കാര്യം മനസ്സിലാക്കിയ കെജ്‌രിവാൾ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൂട്ടുകെട്ട് വേണ്ടെന്ന് തീരുമാനിച്ചു കഴിഞ്ഞു. ആംആദ്‌മി മാത്രമല്ല, മറ്റാരും കൂട്ടാതെ ഗതികിട്ടാ പ്രേതംപോലെ അലയേണ്ടി വരുമെന്ന് തിരിച്ചറിയണമെന്ന താക്കീതും ഖാർഗെയുടെ സ്വരത്തിലുണ്ടായില്ലേ എന്നൊരു സംശയം ഇല്ലാതില്ല.

പ്രചാരണത്തിന് ദേശീയ നേതാക്കളെയും മുകളിൽനിന്നുള്ള പണവും കാത്തിരിക്കുന്ന ഏർപ്പാട് എത്രയും വേഗം നിർത്തിയാൽ കെപിസിസികൾക്ക് കൊള്ളാമെന്നാണ് താക്കീത്. പ്രചാരണത്തിന് അയക്കാൻമാത്രം തലയെടുപ്പുള്ളവരൊന്നും ഇപ്പോൾ ഹൈക്കമാൻഡിലില്ലെന്നും കാശിന് ഭയങ്കര ക്ഷാമമാണെന്നും ഖാർഗെയെപ്പോലെ മറ്റാർക്കും അറിയില്ലാലോ. എഐസിസി മുതൽ ബ്ലോക്ക് വരെ മാറ്റണമെന്ന് പറഞ്ഞത് ചിലരെ ലക്ഷ്യം വച്ചാണെന്ന കുശുകുശുപ്പും സജീവമാണ്. സംഘടനയുടെ ചുമതലയുള്ളയാൾ പാർടിയെ ഉപ്പ് വച്ച കലംപോലെ ആക്കിയില്ലേ എന്ന അടക്കംപറച്ചിൽ തുടങ്ങിയിട്ട് കുറച്ചായി. സ്വന്തം കാര്യത്തിൽമാത്രം ശ്രദ്ധിക്കുന്നതിനാൽ ഇനി സ്വന്തം സംസ്ഥാനത്തെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന് പറയാനാണ് സാധ്യതയെന്നും ടോക്കുണ്ട്.

പാർടിക്കാർതന്നെ പാർടിയുടെ ശത്രുക്കളാകരുതെന്ന് പറഞ്ഞത് തങ്ങളെക്കുറിച്ചാണോയെന്ന ശങ്കയും കേരളത്തിലെ ചില നേതാക്കൾക്ക് ഉൾപ്പെടെ ഉണ്ടത്രെ. എല്ലാ തലത്തിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പറഞ്ഞത് തമാശയാണെന്ന് മാലോകർക്കറിയാമെങ്കിലും നിയമനം കിട്ടിയ ചിലരുടെ മനസ്സിൽ ആധിനിറഞ്ഞതായും കേൾക്കുന്നുണ്ട്. ഖാർഗെ കണ്ണുരുട്ടിയാലും രാഹുൽ നടന്ന് നടന്ന്‌ തേഞ്ഞാലുമൊന്നും ബിജെപിയാകാൻ മത്സരിക്കുന്ന കോൺഗ്രസ് രക്ഷപ്പെടില്ലെന്നാണ് സാദാ കോൺഗ്രസുകാർ സ്വകാര്യം പറയുന്നത്.

നുണയിലാണ് കമ്പം
പ്രാദേശിക വിഷയങ്ങളിലൂന്നണമെന്ന  ഖാർഗെയുടെ ഉദ്ബോധനം കേട്ടിട്ടാണത്രെ കേരള നേതാക്കൾ ബിജെപിക്ക് പഠിക്കുന്നത് ദ്രുതഗതിയിലാക്കി. ഗീബൽസിന്റെ പാർടിയിൽനിന്ന് ഊർജമെടുത്ത് ജനിച്ച ആർഎസ്എസിനാൽ നയിക്കുന്ന  ബിജെപിക്ക് നുണയിലാണ് കമ്പം. എതിരാളികളെ തറപറ്റിക്കാനുള്ള മികച്ച ആയുധം നുണകളാണെന്ന് ആത്മാർഥമായി വിശ്വസിക്കുന്നവരാണ് അവരെ നയിക്കുന്നത്. കള്ളങ്ങൾ പല ആവർത്തി പറഞ്ഞ് സത്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവർ. നിയമപാലകർക്കുപോലും അവരുടെ നുണകൾ സത്യമാണോയെന്ന് ശങ്ക വരുന്ന കാലമാണ്.

കേരളത്തിലെ കോൺഗ്രസ് ബിജെപിയാകാൻ മത്സരം തുടങ്ങിയിട്ട് കുറച്ചായി. അടുത്തിടെ കേരളത്തിലേക്ക് വന്ന, ചുമതലകളൊന്നും ഇല്ലാത്ത ജനറൽ സെക്രട്ടറി പ്രിയങ്കയെയും ആ വഴിക്ക് നടത്തിക്കുന്നതിൽ ചില്ലറ ദിവസംകൊണ്ടുതന്നെ വിജയിച്ചു. അമിത് ഷായുടെ കള്ളം വെള്ളം തൊടാതെ വിഴുങ്ങി സംസ്ഥാന സർക്കാരിനെ മൂലയ്‌ക്കാക്കാമെന്നാണ് വയനാട് എംപിയുടെ ചിന്തയത്രെ. പ്രാദേശിക വിഷയമാകുമ്പോൾ സംസ്ഥാന സർക്കാരിനെതിരെയാണ് പറയേണ്ടതെന്ന സതീശനാദികളുടെ സ്റ്റഡിക്ലാസും ഉണ്ടാകും. വയനാട് ദുരന്തത്തിൽ കേന്ദ്രം സഹായം കൊടുത്തെന്നും കണക്ക് കൊടുത്തില്ലെന്നും പലതവണ ആവർത്തിച്ച കള്ളത്തിനൊപ്പം പ്രിയങ്കയും ചേർന്നത് കണ്ട് വയനാട്ടുകാർ മൂക്കത്ത് വിരൽവച്ച് തുടങ്ങിയെന്നാണ് കേൾക്കുന്നത്.

കേരളത്തെ ശത്രുരാജ്യംപോലെ കാണുന്ന ബിജെപിയുടെ കള്ളങ്ങൾ ഏറ്റുപിടിക്കുന്നതിലാണ് കെപിസിസിക്കാർക്ക് പണ്ടേ താൽപ്പര്യം. ആരാണ് മുഴുത്ത കള്ളം പറയുന്നതെന്നാണ് മത്സരം. കേരളത്തിൽ ഒന്നും നടക്കരുതെന്ന വാശിയിലാണ് പ്രതിപക്ഷ നേതാവ്. വെടക്കാക്കി തനിക്കാക്കാൻ പറ്റുമോ എന്നാണ് നോട്ടം. തുരങ്കപാത പണിയിക്കില്ല, അതിവേഗ റെയിൽ വേണ്ടേ വേണ്ട. പാവങ്ങൾക്ക് വീടും പെൻഷനും ധൂർത്താണേ തുടങ്ങിയ കേരളവിരുദ്ധ മുദ്രാവാക്യങ്ങളൊക്കെ ഇതിനായി വിളിക്കുന്നുണ്ട്. ഖാർഗെയെ അനുസരിച്ച് പ്രാദേശിക വിഷയങ്ങളെടുക്കാനാണ് കേരളവിരുദ്ധ മുദ്രാവാക്യമെന്നാണ് ഇപ്പോഴത്തെ ടോക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top