22 December Sunday

മണിപ്പുരിന്റെ വിലാപം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

 

ഭീതിജനകമായ വാർത്തകളാണ് മണിപ്പുരിൽനിന്ന്‌ വരുന്നത്. അതിൽ അവസാനത്തേത്‌ തിങ്കളാഴ്ച 11 പേർ കൊല്ലപ്പെട്ടതാണ്. അസമിനോട് അതിർത്തി പങ്കിടുന്ന മണിപ്പുരിലെ ജിരിബാം ജില്ലയിൽ ബോറോബക്ര ഡിവിഷനിലെ ജാക്കുറദോറിൽ സിആർപിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും കുക്കി വിഭാഗക്കാർ ആക്രമണം നടത്തിയെന്നും അതിനോടുള്ള പ്രതികരണമെന്ന നിലയിൽ നടത്തിയ വെടിവയ്‌പിൽ 11 പേർ കൊല്ലപ്പെട്ടെന്നുമാണ് ഔദ്യോഗികഭാഷ്യം. ഒരു സൈനികന് പരിക്കേറ്റതായും സിആർപിഎഫ് അറിയിച്ചു. ഇതിന്റെ തുടർച്ചയെന്നോണം മെയ്‌ത്തീ വിഭാഗത്തിൽപ്പെട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നു കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായി. ജാക്കുറദോറിലെ സിആർപിഎഫ് ക്യാമ്പിനടുത്തുള്ള അഭയാർഥികേന്ദ്രത്തിൽ കഴിയുന്നവരെയാണ് തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്. ഈ സംഭവങ്ങൾ നടന്ന ദിവസംതന്നെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകന് മെയ്‌ത്തീ ആക്രമണത്തിൽ വെടിയേറ്റു. തൊട്ടുതലേന്ന്‌ ബിഷ്ണുപുർ ജില്ലയിൽ മെയ്‌ത്തീകളും കുക്കികളും തമ്മിൽ വെടിവയ്‌പുണ്ടാകുകയും മെയ്‌ത്തീവംശജയായ കർഷക കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏഴിന് രാത്രി ജിരിബാമിലെ സൈറോൺ ഗ്രാമം വളഞ്ഞ ആയുധധാരികളായ മെയ്‌ത്തീകൾ കുക്കികളുടെ വീടുകൾക്കു നേരെ വെടിവയ്‌പ്‌ നടത്തി. തുടർന്ന്‌, മൂന്നുകുട്ടികളുടെ അമ്മയായ മുപ്പത്തൊന്നുകാരി സോസാം കി ഹമറിനെ കാലിനു വെടിവച്ച്‌ ബലാത്സംഗം ചെയ്‌ത്‌ ജീവനോടെ അഗ്നിക്കിരയാക്കി. ഇതിനോടുള്ള കുക്കി പ്രതികരണമാണ് സിആർപിഎഫ് ക്യാമ്പും പൊലീസ് സ്റ്റേഷനും ആക്രമിച്ചത്. അതായത് ഒരാഴ്ചയ്‌ക്കകം മണിപ്പുരിൽ നടന്ന സംഭവങ്ങളാണ് ഇവിടെ വിവരിച്ചത്.

കഴിഞ്ഞ വർഷം മെയ് മൂന്നുമുതൽ ഏറിയോ കുറഞ്ഞോ മണിപ്പുർ എന്ന വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതി ഇതാണ്. ഒന്നര വർഷമായി സംസ്ഥാനത്ത്  ആഭ്യന്തരയുദ്ധത്തിന് സമാനമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ഇതിനകം 250 പേർ കൊല്ലപ്പെട്ടു. 60,000 പേർ വീടും കുടിയും നഷ്ടപ്പെട്ട് അഭയാർഥികളായി. ഡ്രോണും റോക്കറ്റുംവരെ ഉപയോഗിച്ചാണ് കുക്കി വിഭാഗക്കാർ ആക്രമണം നടത്തുന്നതെന്നാണ് സംസ്ഥാന സർക്കാർതന്നെ ആരോപിക്കുന്നത്. നാഗാ തീവ്രവാദി സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്‌ (ഐഎം) മെയ്‌ത്തീ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് സഹായം നൽകുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഗുവാഹത്തി കോടതിയെ അറിയിക്കുകയുണ്ടായി. അതായത് വിദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദ -വിഘടനവാദ പ്രസ്ഥാനങ്ങൾ മണിപ്പുരിലെ അരക്ഷിതാവസ്ഥ മുതലെടുക്കാൻ തുടങ്ങിയിരിക്കുന്നുവെന്നർഥം. ക്രമസമാധാനം പൂർണമായും തകർന്നിരിക്കുകയാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാർ ഭരണത്തിലിരുന്നിട്ടുള്ള സ്ഥിതിയാണിത്. ഉക്രയ്ൻ യുദ്ധപരിഹാരത്തിന് ശ്രമം നടത്തുന്നെന്ന് പറഞ്ഞ് മേനി നടിക്കുന്ന പ്രധാനമന്ത്രി ഒന്നരവർഷമായി അശാന്തമായ മണിപ്പുർ സന്ദർശിക്കാനോ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാനോ ഇതുവരെയും തയ്യാറായിട്ടില്ല.

 

മണിപ്പുർ അക്ഷരാർഥത്തിൽ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. മെയ്‌ത്തീകൾക്ക് ഭൂരിപക്ഷമുള്ള ഇംഫാൽ താഴ്‌വരയും കുക്കി സോ ഭൂരിപക്ഷമായ കുന്നിൻ പ്രദേശങ്ങളും. ഇരു പ്രദേശങ്ങളെ വേർതിരിക്കുന്ന ബഫർസോണിൽ (നിഷ്പക്ഷ മേഖല) 60,000 സിആർപിഎഫുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. നിഷ്‌പക്ഷ മേഖല കടക്കാൻ മെയ്‌ത്തീകളും കുക്കികളും ഒരുപോലെ ഭയക്കുന്നു. കുക്കി വംശജനായ റിട്ടയേർഡ് സൈനികൻ ബഫർസോൺ കടന്ന് മെയ്‌ത്തീ മേഖലയിൽ കടന്നതിന് അദ്ദേഹത്തെ മർദിച്ച് വധിച്ച സംഭവം മണിപ്പുരിലെ ക്രമസമാധാനനില കേന്ദ്ര പൊലീസ് സേനയ്‌ക്കുപോലും നിയന്ത്രിക്കാൻ കഴിയാത്തതാണെന്ന് വ്യക്തമാക്കുന്നു. അസം റൈഫിൾസിനെ മാറ്റി സിആർപിഎഫിനെ നിയോഗിക്കാനാരംഭിച്ചതും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. അസം റൈഫിൾസ് തുടരണമെന്ന് കുക്കികൾ ആവശ്യപ്പെടുമ്പോൾ അവരെ മാറ്റണമെന്ന് മെയ്‌ത്തീകളുടെ ആവശ്യം. അസം റൈഫിൾസിനെ മാറ്റിത്തുടങ്ങിയത് സ്വാഭാവികമായും കേന്ദ്രം മെയ്‌ത്തീകളുടെ പക്ഷത്താണെന്ന ആക്ഷേപത്തിന് വഴിതുറക്കും.

മണിപ്പുരിലേത് രാഷ്ട്രീയപ്രശ്നമാണ്. ജനസംഖ്യയിൽ ഭൂരിപക്ഷമായ, സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന മെയ്‌ത്തീകൾക്ക് പട്ടികവർഗസംവരണം നൽകുന്ന കാര്യം പരിഗണിക്കണമെന്ന 2023 മാർച്ചിലെ ഹൈക്കോടതി വിധിയെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഇതിനെ ഓൾ ട്രൈബൽ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ ഓഫ് മണിപ്പുർ എതിർത്തു. സംവരണആവശ്യം മെയ്‌ത്തീ വിഭാഗം മുന്നോട്ടു വയ്‌ക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത് ആർഎസ്എസും സംഘപരിവാറുമായിരുന്നു. പട്ടികവർഗക്കാരായ കുക്കി -സോ വിഭാഗം ഭൂരിപക്ഷവും ക്രിസ്ത്യാനികളായതിനാലാണ് മെയ്‌ത്തീകളെക്കൊണ്ട് ഈ ആവശ്യം സംഘപരിവാർ മുന്നോട്ടുവയ്‌പിച്ചത്. ആരംബായ് തെംങ്കാേൽ എന്ന സംഘടനയാണ് പ്രധാനമായും മെയ്‌ത്തീകളുടെ ഹിന്ദുത്വവൽക്കരണത്തിനു പിന്നിൽ. മുസോളിനിയുടെ കരിങ്കുപ്പായസേനയ്‌ക്ക് സമാനമായി കറുത്ത ഷർട്ടാണ് ഈ  സേനാംഗങ്ങളുടെ വേഷം. ഇറ്റാലിയൻ ഫാസിസമാണ് ആർഎസ്എസ് എന്ന സംഘടനയ്‌ക്കും പ്രചോദനമേകിയത്.


 

മണിപ്പുരിൽ സംഘർഷം സൃഷ്ടിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് പ്രധാനമായും ആർഎസ്എസ് ആശയത്താൽ പ്രചോദിതരായ ആരംബായ് തെംങ്കാേലാണ്. പൊലീസിന്റെ വേഷം ധരിച്ചാണ് ഇവരുടെ പല ഓപ്പറേഷനുകളും. പൊലീസുകാർ ഇവരോടൊപ്പം ചേർന്ന സംഭവങ്ങളും നിരവധി. പല പൊലീസ് ആയുധശാലകളും ഇവർ കൊള്ളയടിച്ചു. ഒരു വർഷത്തിനകം 6500 തോക്കും രണ്ട് ലക്ഷം വെടിയുണ്ടയും കൈവശപ്പെടുത്തി. മുഖ്യമന്ത്രി ബിരേൻ സിങ് ഈ ആക്രമിസംഘത്തിന് എല്ലാവിധ പ്രോത്സാഹനവും നൽകുന്നു. കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷന്റെ മുമ്പിൽ സമർപ്പിക്കപ്പെട്ട ഒരു ഓഡിയോ ഫയലിന്റെ ഉള്ളടക്കം മുഖ്യമന്ത്രിയുടെ മെയ്‌ത്തീ പക്ഷപാതിത്വവും ആരംബായ് തെംങ്കാേലുമായുള്ള അടുത്ത ബന്ധവും തെളിയിക്കുന്നതാണ്. പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും ആരംബായ് തെംങ്കാേൽ കൊള്ളയടിച്ചപ്പോൾ അവർക്ക് സംരക്ഷണകവചം തീർത്തത് താനാണെന്ന് മുഖ്യമന്ത്രി പറയുന്ന ഓഡിയോ ആയിരുന്നു അത്. മണിപ്പുരിലെ ഇപ്പോഴത്തെ സംഘർഷത്തിന്റെ പ്രധാനകാരണം മെയ്‌ത്തീ പക്ഷം പിടിക്കുന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങാണ്. എല്ലാ കുഴപ്പങ്ങൾക്കും കാരണം കുക്കി തീവ്രവാദികളാണെന്ന് ആവർത്തിക്കുന്ന ബിരേൻ സിങ് അവർ അനധികൃത കുടിയേറ്റക്കാരും കഞ്ചാവ് കൃഷിക്കാരുമാണെന്ന് ആക്ഷേപിക്കുകയാണ്. എന്നാൽ, ആരംബായ് തെംങ്കാേലിനെക്കുറിച്ച്‌ ഇത്തരത്തിലുള്ള ഒരു പരാമർശവും ബിരേൻ സിങ് എന്ന മുൻ കോൺഗ്രസുകാരൻ നടത്തിയതായി അറിയില്ല. രാഷ്ട്രീയസ്വാധീനം നിലനിർത്താനും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്‌ മാറ്റുന്ന പക്ഷം ആരംബായ് തെംങ്കാേലിന്റെ സഹായത്തോടെ മെയ്‌ത്തീകളുടെ സമാന്തര സർക്കാരിന് നേതൃത്വം നൽകുമെന്നുമുള്ള പരോക്ഷസന്ദേശമാണ് ബിരേൻ സിങ് നൽകുന്നത്. അങ്ങനെയൊരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്.

അതുകൊണ്ടുതന്നെ ബിരേൻ സിങ്ങിനെ രാജധർമം ഓർമിപ്പിക്കാനുള്ള ശേഷി പ്രധാനമന്ത്രി മോദിക്കോ അമിത് ഷായ്‌ക്കോ ഇല്ലതാനും. ആരംബായ് തെംങ്കാേൽ 2020കളിൽ രൂപീകരിച്ചതുതന്നെ ബിരേൻ സിങ്ങിന്റെ  മുഖ്യമന്ത്രിപദവി സംരക്ഷിക്കാനാണെന്ന് ബിജെപിയുടെ എംഎൽഎ പവോലിൻ ലാൽ ഹവോക്കിപ്, കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. മണിപ്പുർ രാജകുടുംബാംഗമായ ലീഷെബ സനജാബോയാണ് ഈ സംഘടനയുടെ സ്ഥാപകൻ. അദ്ദേഹത്തിന് രാജ്യസഭാഗംത്വം നൽകി ബിജെപി ആദരിച്ചത് ഈ സംഘടനയുമായി അവർക്കുള്ള ബന്ധത്തിന്റെ മറ്റൊരു തെളിവാണ്. അതായത് വംശീയസംഘർഷം നടക്കുന്ന സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള ആദ്യ ഗ്യാരന്റി കേന്ദ്ര– -സംസ്ഥാന സർക്കാരുകൾ ഇരുഭാഗത്തും ചേരാതെ നിഷ്പക്ഷ നിലപാട് സ്വീകരിക്കുക എന്നതാണ്. എന്നാൽ, മണിപ്പുരിൽ സംസ്ഥാനസർക്കാർ പൂർണമായും മെയ്‌ത്തീ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. എല്ലാ വിഭാഗങ്ങളുമായി തുറന്ന ചർച്ച നടത്തി സമാധാനവും സാധാരണസ്ഥിതിയും പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര–-- സംസ്ഥാന സർക്കാരുകൾ നടത്തേണ്ടത്. എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണം. എങ്കിലേ സമാധാന അന്തരീക്ഷം സംജാതമാകൂ. അതിന് തയ്യാറാകാത്ത പക്ഷം മണിപ്പുർ സംഘർഷഭരിതമാകുമെന്ന് മാത്രമല്ല, അതിന്റെ അനുരണനങ്ങൾ മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ദൃശ്യമാകും. പൈതൃകമായി ലഭിച്ച പ്രശ്നമാണെന്ന ലാഘവത്തോടെയാണ് മണിപ്പുരിലെ വിഷയങ്ങളെ കേന്ദ്രം കൈകാര്യം ചെയ്യുന്നത്. പ്രശ്നപരിഹാരത്തിനുള്ള കാലതാമസത്തിന് മോദിസർക്കാർ വലിയ വില നൽകേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top