14 December Saturday

അമിതവേഗത്തിലോടുന്ന അശ്രദ്ധ

കെ എം സൈഫുദ്ദീൻUpdated: Saturday Dec 14, 2024

പാലക്കാട്‌ ജില്ലയിലെ കരിമ്പയിൽ നാല്‌ വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഏറെ വേദനാജനകമാണ്‌. റോഡരികിലൂടെ നടന്നുപോയ കുട്ടികളാണ്‌ ദുരന്തത്തിനിരയായത്‌. ഓരോ അപകടവും റോഡ്‌ സുരക്ഷ സംബന്ധിച്ച പലതലത്തിലുള്ള ചർച്ചകൾ ഉയർത്തുന്നു. വാഹനം എന്നത് മനുഷ്യന്റെ ജീവിതവുമായി ഇഴചേർന്ന് കിടക്കുന്ന ഒന്നാണ്. എന്നാൽ, ഇതിന്റെ  ജനനംമുതൽ മനുഷ്യജീവന് ഏറ്റവും ഹാനികരമായതും വാഹനംതന്നെയായിരുന്നു. മനുഷ്യന്റെ അപകടമരണത്തിന് കാരണമായേക്കാവുന്ന നിരവധി സംഗതികൾ പരിശോധിച്ചാൽ അതിന് ഏറ്റവും കൂടുതൽ കാരണമായത് വാഹനാപകടംമാത്രമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

അപകടങ്ങൾക്കുള്ള 
പ്രധാന കാരണങ്ങൾ  
    1. വാഹനത്തിന്റെ തകരാർ
    2. ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യം ഇല്ലായ്മ
    3. അമിതമായ ആത്മവിശ്വാസം
    4. ലഹരി ഉപയോഗം  
    5. റോഡിന്റെ തകരാറുകൾ

സാങ്കേതികവിദ്യയിലെ മികവ് വർധിച്ചതോടെ വാഹനത്തിന്റെ തകരാറുകൾ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ടെങ്കിലും പരിപാലനക്കുറവുകൊണ്ട് വാഹനങ്ങൾ അപകടത്തിൽ പെടാറുണ്ട്. എന്നിരുന്നാലും അതിന്റെ ശതമാനം വളരെ കുറവാണ്. ഡ്രൈവിങ്‌ ലൈസൻസ് ലഭിച്ചു എന്നതുകൊണ്ടുമാത്രം ഏതൊരു വാഹനവും തന്റെ കൈവെള്ളയിൽ ഒതുങ്ങുമെന്ന ധാരണ തികച്ചും തെറ്റാണ്. ഒരു വാഹനം പരിചയപ്പെടുത്തുമ്പോൾ ഏവരും പറയുന്നത് അതിന്റെ എൻജിൻ പവറിനെയും സ്‌പീഡിനെയും സംബന്ധിച്ചാണ്. എന്നാൽ, ബ്രേക്കിന്റെ പവറിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. നിർഭാഗ്യവശാൽ ഈ ചർച്ച എവിടെയും കണ്ടുവരുന്നില്ല. എൻജിന്റെ പവർ വർധിക്കുംതോറും അപകടസാധ്യത കൂടുമെന്നും ബ്രേക്കിന്റെ പവർ വർധിക്കുംതോറും അതിനുള്ള സാധ്യത കുറയുമെന്നുമാണ് ആദ്യം മനസ്സിലാക്കേണ്ടത്.

വാഹനത്തിന്റെ വലിപ്പം, ലോഡ്, ദൂരക്കാഴ്ച, ബ്രേക്കിന്റെ കണ്ടീഷൻ, റോഡിന്റെ അവസ്ഥ എന്നിവ പരിഗണിച്ച് എങ്ങനെ വാഹനം ഓടിക്കണം എന്നതിനുള്ള അറിവാണ് ഏതൊരു ഡ്രൈവർക്കും ഉണ്ടായിരിക്കേണ്ടത്. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് മറ്റ് റോഡ് ഉപയോക്താക്കൾ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ സംബന്ധിച്ചുള്ള മുൻധാരണ. അതിനനുസരിച്ച് എന്ത് മുൻകരുതൽ എടുക്കണമെന്ന് തീരുമാനിക്കാനുള്ള കഴിവിനെയാണ് ഡിഫൻസീവ് ഡ്രൈവിങ് എന്ന് പറയുന്നത്. വാഹനം ഓടിക്കുന്നവർക്കും റോഡ് ഉപയോഗിക്കുന്നവർക്കും അപകടത്തിനെകുറിച്ചുള്ള ധാരണ മനസ്സിൽ ഉയർന്നു നിൽക്കുമ്പോൾ അപകടങ്ങൾ ഏറ്റവും കുറവായിരിക്കും. അപകടം ഉണ്ടാകാൻ സാധ്യതയില്ലാത്ത പരന്ന റോഡുകളിൽ അപകടം കൂടുതൽ നടക്കുന്നതിനും ഹൈറേഞ്ചുകളിൽ കുറവായിരിക്കുന്നതിനും കാരണം ഈ ബോധമാണ്.

വാഹനാപകടങ്ങളെക്കുറിച്ച് വിശദമായി പഠിക്കുമ്പോൾ പരിചയക്കുറവും പരിചയക്കൂടുതലും ഒരു പ്രശ്നമായി കാണാം. പരിചയക്കുറവുമൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കും. അതേസമയം പരിചയക്കൂടുതലിന്റെ അമിത ആത്മവിശ്വാസംമൂലം വാഹനം നിയന്ത്രണാതീതമായ രീതിയിൽ ഓടിച്ചും അപകടം സംഭവിക്കുന്നു.

ഡ്രൈവിങ്‌ എന്നാൽ വാഹനം ചലിപ്പിക്കൽ മാത്രമല്ല. മുന്നിൽ കാണുന്ന കാര്യങ്ങളെ വിശകലനം ചെയ്യുക, അതിനനുസൃതമായി തീരുമാനങ്ങൾ എടുക്കുക, തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് വാഹനത്തെ നിയന്ത്രിക്കുക എന്നീ പ്രവൃത്തികളുടെ സംയോജിത പ്രക്രിയയാണ്. ഇത്‌ നിയമപരമായും സുരക്ഷിതമായും സാങ്കേതികമായും ചെയ്യാനുള്ള കഴിവാണ് ഡ്രൈവർക്ക് ഉണ്ടായിരിക്കേണ്ടത്. ഇവയിൽ ഏതെങ്കിലും ഒന്നിൽ കുറവ് വരുമ്പോഴാണ് ഡ്രൈവറുടെ അശ്രദ്ധമൂലം അപകടം സംഭവിക്കുന്നത്.
ഇത്തരത്തിൽ എത്ര ശ്രദ്ധിച്ചാലും അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിൽനിന്ന്‌ സംരക്ഷണം ലഭിക്കാനാണ് ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കണമെന്ന് നിഷ്‌കർഷിക്കുന്നത്. നിർഭാഗ്യവശാൽ പലരും അധികാരികളെയോ കാമറയെയോ പേടിച്ചാണ് ഇവ ധരിക്കുന്നത്. ഇത് നമ്മുടെ അജ്ഞതയെ സൂചിപ്പിക്കുന്നു. ഹെൽമെറ്റ് ധരിക്കുന്നവർപോലും നിലവാരം കുറഞ്ഞതും ചിൻ സ്ട്രാപ്പ് ധരിക്കാതെയും ഉപയോഗിക്കുന്നു. ഇവ രണ്ടും അപകട ഘട്ടങ്ങളിൽ ജീവനുകൾ രക്ഷിക്കുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നു.

നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാലും നടപടികളിൽനിന്ന്‌ രക്ഷപ്പെടാമെന്ന ധാരണ ചിലർക്കുണ്ട്‌. ഇത്‌ അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു. ഏതു മഹാമാരിയേക്കാളും വൻവിപത്താണ് വാഹനാപകടം. കുട്ടിക്കാലംമുതലേ നല്ല ശീലങ്ങൾ പഠിപ്പിക്കുമ്പോൾ അവയിൽ റോഡ് സുരക്ഷകൂടി ഉൾപ്പെടുത്തേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. (എടപ്പാളിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡ്രൈവർ ട്രെയിനിങ്‌ ആൻഡ്‌ റിസർച്ച്‌ ജോയിന്റ്‌ ഡയറക്‌ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top