26 December Thursday

വേവിച്ചെടുക്കുന്ന 
വാർത്തകൾ 


കെ വി സുധാകരൻUpdated: Friday Sep 27, 2024


ഇല്ലാത്ത സംഭവങ്ങൾ വാർത്തയായി അവതരിപ്പിക്കുന്നത് ചില മാധ്യമങ്ങൾ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. മാധ്യമ പരികൽപ്പനയിൽ പത്രങ്ങൾ മാത്രമുണ്ടായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ഇതു കാണാം. പ്രചാരം വർധിപ്പിക്കുക, രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കുക, മാധ്യമ താൽപ്പര്യങ്ങൾക്കും അവരുടെ രാഷ്ട്രീയ–-ആശയ നിലപാടുകൾക്കും എതിരു നിൽക്കുന്നവരെ  താറടിച്ചു കാണിക്കുക തുടങ്ങിയ പല ലക്ഷ്യങ്ങളും ഇത്തരം പാകം ചെയ്തെടുക്കുന്ന വാർത്തകൾക്കുണ്ട്.  ഇതിന്റെ ഒരു ക്ലാസിക് ഉദാഹരണമായി ചരിത്രത്തിലുള്ളത് 1898 ലെ സ്പാനിഷ് –-അമേരിക്കൻ യുദ്ധ റിപ്പോർട്ടുമായി ബന്ധപ്പെട്ട സംഭവമാണ്.
അമേരിക്കയുടെ യുദ്ധക്കപ്പലായ ‘മെയ്‌ൻ’ ക്യൂബയിലെ ഹവാന തുറമുഖത്തിനടുത്ത്‌ പൊട്ടിത്തെറിച്ച് മുങ്ങി. 1898 ഫെബ്രുവരി 15നായിരുന്നു ഈ സംഭവം. ക്യൂബൻ സ്വാതന്ത്ര്യസമരകാലത്ത് യുഎസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി അയച്ചതായിരുന്നു ആ കപ്പൽ. ഇതേത്തുടർന്നാണ് 1898 ഏപ്രിലിൽ സ്‌പാനിഷ്‌–-അമേരിക്കൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കപ്പലിന്റെ നാശത്തിന് ഉത്തരവാദി സ്പാനിഷുകാരാണെന്ന് അമേരിക്കയിലെ മഞ്ഞപ്പത്രങ്ങൾ ( ജോസഫ് പുലിറ്റ്സറുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ന്യൂയോർക്ക് വേൾഡും  വില്യം റാൻഡോൾഫ്‌ ഹേഴ്‌സ്‌റ്റിന്റെ പത്രാധിപത്യത്തിൽ ഉണ്ടായിരുന്ന ന്യൂയോർക്ക് ജേർണലും) എഴുതിപ്പിടിപ്പിച്ചു.

ഈ ഘട്ടത്തിൽ ന്യൂയോർക്ക് വേൾഡുമായി മത്സരിക്കുന്നതിന്റെകൂടി ഭാഗമായി ഹേഴ്‌സ്‌റ്റ്‌  തന്റെ പത്രത്തിന്റെ റിപ്പോർട്ടർ റിച്ചാർഡ് ഹാർഡിങ്‌ ഡേവിസിനെയും ചിത്രങ്ങൾ സംഘടിപ്പിച്ച്‌ അയക്കുന്നതിന് ചിത്രകാരനായ ഫ്രെഡറിക്  റെമിങ്‌ടണെയും  ഹവാനയിലേക്ക് അയച്ചു. അവിടെ എത്തിയ റെമിങ്‌ടൺ  യുദ്ധദൃശ്യങ്ങൾ ഒന്നും കണ്ടില്ല. ഇതേത്തുടർന്ന് റെമിങ്ടൺ ഹേഴ്‌സ്‌റ്റിന് ഒരു കമ്പി സന്ദേശം അയച്ചു. ‘ഇവിടെ എല്ലാം ശാന്തമാണ്. ഒരു കുഴപ്പവുമില്ല. യുദ്ധം ഉണ്ടാകാനുള്ള സാധ്യതയും കാണുന്നില്ല. അതുകൊണ്ട് ഞാൻ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.’ ഹേഴ്‌സ്‌റ്റ്‌ ഒരു മറുപടി അയച്ചു.‘ ദയവായി അവിടെത്തന്നെ തുടരുക. നിങ്ങൾ ചിത്രങ്ങൾ അയക്കുക. യുദ്ധം ഞാൻ ഉണ്ടാക്കിക്കൊള്ളാം’.

ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ പല മാധ്യമ ശാഖകളും ഉണ്ടാകുകയും പൊതുവിൽ കോർപറേറ്റുകളുടെ ഉടമസ്ഥതയിലാകുകയും ഒടുവിൽ മാധ്യമങ്ങൾതന്നെ കോർപറേറ്റുകളായി മാറുകയും ചെയ്തു.

കൃത്രിമമായി വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമ രീതിക്ക് ഇതിനേക്കാൾ വലിയ ഉദാഹരണം ചൂണ്ടിക്കാണിക്കാനില്ല. ആദ്യകാലങ്ങളിൽ പത്രപ്രവർത്തനത്തിന് വലിയതോതിൽ സാംഗത്യമുണ്ടെന്നതായിരുന്നു കാഴ്ചപ്പാട്. അതുകൊണ്ടാണ് അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായ തോമസ് ജഫേഴ്സൺ;  ‘പത്രങ്ങൾ ഇല്ലാത്ത ഗവൺമെന്റ്‌ ആണോ അതോ ഗവൺമെന്റ്‌ ഇല്ലാത്ത പത്രങ്ങളാണോ’ തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ‘ഗവൺമെൻില്ലാത്ത പത്രങ്ങളാണ്’ എന്ന് മറുപടി പറഞ്ഞത്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോൾ അമേരിക്കയിലെത്തന്നെ എഴുത്തുകാരൻ മാർക്ക് ട്വയിൻ പറഞ്ഞത് ‘‘പത്രങ്ങൾ വായിക്കാതിരുന്നാൽ നാം വിവരങ്ങൾ ഒന്നും അറിയില്ല; വായിച്ചാലോ കാര്യങ്ങൾ തെറ്റായി ധരിക്കുകയായിരിക്കും ചെയ്യുക. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ പല മാധ്യമ ശാഖകളും ഉണ്ടാകുകയും പൊതുവിൽ കോർപറേറ്റുകളുടെ ഉടമസ്ഥതയിലാകുകയും ഒടുവിൽ മാധ്യമങ്ങൾതന്നെ കോർപറേറ്റുകളായി മാറുകയും ചെയ്തു. വാർത്താ പ്രചാരണ രീതി അടിമുടി മാറി. മത്സരത്തിനൊപ്പം അവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഗൂഢതാൽപ്പര്യംകൂടി അരങ്ങ് വാഴാൻ തുടങ്ങി.

ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന് നാം കേട്ട പത്രങ്ങളെക്കുറിച്ച് പഴകിയ പ്രയോഗത്തിന് അന്തസ്സാരം ഇല്ലാതായി. അങ്ങനെ ഒരു തൂണ്‌ ഉണ്ടെങ്കിൽ ആ തൂണ് തന്നെ തുരുമ്പിച്ചു തുടങ്ങി. മാധ്യമസ്വാതന്ത്ര്യത്തെയും മാധ്യമ ധാർമികതയും പറ്റിയുള്ള ഒരു ചരിത്രരേഖയാണ് ‘ഹച്ചിൻസ്‌ കമീഷൻ റിപ്പോർട്ട് ’ സ്വതന്ത്രവും ഉത്തരവാദിത്വപൂർണവുമായ മാധ്യമങ്ങൾ എന്ന തലക്കെട്ടിൽ 1947 ൽ പുറത്തുവന്ന ഈ റിപ്പോർട്ടിൽ സത്യസന്ധവും വസ്തുതാപരവുമായ മാധ്യമപ്രവർത്തനത്തിന് അവലംബിക്കേണ്ട രീതികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. അടിസ്ഥാനപരവും വസ്തുതാപരവുമായ വാർത്തകൾ സ്വന്തം അഭിപ്രായപ്രകടനങ്ങൾ ഇല്ലാതെ കൃത്യമായി അവതരിപ്പിക്കുക എന്നതാണ് അതിൽ പരമപ്രധാനം. അനാവശ്യവും അതിരുകടന്നതോ ആയ അഭിപ്രായപ്രകടനങ്ങളോ മുൻവിധിയോടെയുള്ള പ്രസ്താവനകളോ മോശമായി ചിത്രീകരിക്കുന്ന വാക്കുകളോ ചിത്രങ്ങളോ പരാമർശങ്ങളോ ഒന്നും പാടില്ലെന്ന് റിപ്പോർട്ട് പറയുന്നുണ്ട് . സൊസൈറ്റി ഓഫ് പ്രൊഫഷണൽ ജേർണലിസ്റ്റ്,  ഇന്റർനാഷണൽ ഓർഗനൈസേഷൻ പ്രൊഫഷണൽ ജേർണലിസ്റ്റ് തുടങ്ങിയ പത്രപ്രവർത്തക സംഘടനകളും സമാനമായ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.

ഇവയെല്ലാം ചരിത്രരേഖകളായി നിലനിൽക്കുമ്പോഴാണ് വർത്തമാനകാല മാധ്യമങ്ങൾ തികച്ചും അന്തസ്സാരശൂന്യമായ മാധ്യമപ്രവർത്തനത്തിൽ ആറാടുന്നത്. അഭ്യൂഹങ്ങളുടെയും സ്വന്തം ആശയ–-രാഷ്ട്രീയ താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ‘ബ്രേക്കിങ്‌ ന്യൂസ്’ എന്ന പേരിൽ എന്തെങ്കിലും ഒന്നു പറഞ്ഞതിനുശേഷം അതേപ്പറ്റിയുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുംതേടി പോകുകയാണ് രീതി. വാർത്താചാനലുകളുടെ തിരയിളക്കത്തിലാണ്‌ ഇത്തരം അസംബന്ധ വാർത്താ അവതരണരീതി കൂടുതൽ സജീവമാകുന്നത്‌.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തയുടെ കാര്യത്തിൽ ഇത് നാം കണ്ടതാണ്. ഒരു നടി പീഡിപ്പിക്കപ്പെട്ട പശ്ചാത്തലത്തിൽ രൂപീകരിച്ച ഹേമ കമ്മിറ്റി ചലച്ചിത്രമേഖലയിലെ നാനാവിധ പ്രശ്നങ്ങൾ നടീനടന്മാരിൽനിന്നും മൊഴികളിലൂടെ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നിരവധി നിർദേശങ്ങൾ സമർപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. റിപ്പോർട്ടിലെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ നൽകാമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ നിർദേശം വരുന്ന സന്ദർഭത്തിൽ നമ്മുടെ വാർത്താചാനലുകൾ കാട്ടിക്കൂട്ടിയ വെപ്രാളവും ബഹളവും ആലോചിച്ചുനോക്കുക.

തുടർന്ന് ചാനലുകളിൽ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകളുടെ പൊടിപൂരമായി. ഏതു വിഷയത്തിലും ഒരാൾക്ക് വിദഗ്ധനായി സ്വയം പ്രതിഷ്ഠിക്കാൻ ചാനൽ ചർച്ചകളിൽ പങ്കെടുത്താൽ മതി എന്ന സ്ഥിതിയാണ്. ഒരു ദിവസം രാഷ്ട്രീയ നിരീക്ഷകനായി വരുന്നയാൾ തന്നെ അടുത്ത ദിവസം സാമൂഹ്യനിരീക്ഷകനും വിദ്യാഭ്യാസ വിദഗ്ധനും  പരിസ്ഥിതി വിദഗ്ധനും ഒക്കെയാകും.  മുഖ്യമന്ത്രി പിണറായി വിജയനെതിരെയോ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെയോ പറയണം എന്നു മാത്രം. അവതാരകരുടെ കാര്യങ്ങൾ ആണെങ്കിൽ പറയാനും ഇല്ല. സർവജ്ഞാനികളാണെന്ന് മാത്രമല്ല; ഏത് വിഷയത്തിലും അവസാനവാക്ക് പറയാൻ തക്ക ശേഷിയുള്ളവരുമാണ്‌.

പൊലീസ്, ഭരണം, മുഖ്യമന്ത്രി എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു കാൽപ്പനിക സിദ്ധാന്തങ്ങൾ വാർത്താവതാരകൻ മെനഞ്ഞെടുക്കും. 1963 നവംബറിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോൺ എഫ് കെന്നഡിയെ വെടിവച്ചുകൊന്ന ലീ ഹാർവേ ഓസ്വാൾഡ്‌ പ്രശസ്തിക്ക് വേണ്ടിയാണ് പ്രസിഡന്റിനെ വെടിവച്ചതെന്ന് ഡയറിയിൽ രേഖപ്പെടുത്തിയതുപോലെയാണ് ചില പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാക്കുകൾ പറയുന്നത്. പ്രളയം, മഹാമാരി തുടങ്ങിയവയിൽ മാധ്യമങ്ങൾ കാണിച്ചതിന്റെ തുടർച്ച തന്നെയാണ് വയനാട് ദുരന്തത്തിന്റെ കാര്യത്തിലും ഭൂരിപക്ഷം മാധ്യമങ്ങളും സ്വീകരിക്കുന്നത്. ദുരന്തങ്ങളുടെയെല്ലാം തുടക്കത്തിൽ അങ്ങേയറ്റം ജനപക്ഷ നിലപാടാണ്‌ എടുക്കുന്നതെന്ന തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യും. അതിന്റെ പേരിൽ എല്ലാവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യും. എന്നാൽ ഇത്തരം സന്ദർഭങ്ങളിലും ഓരോ വാർത്തയും ഓരോ ദൃശ്യവും തങ്ങളാണ് ബ്രേക്ക് ചെയ്‌തത്‌ എന്ന് ചാനലുകൾ ഓരോന്നും പറഞ്ഞുകൊണ്ടിരിക്കും.  എന്നാൽ പിന്നീടാണ് മാധ്യമങ്ങളുടെ തനി സ്വഭാവം പുറത്തെടുക്കുന്നത്. ഇതാണ് വയനാട് ദുരന്തത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനു സമർപ്പിച്ച കണക്കുകളെപ്പറ്റി ഉയർത്തിക്കൊണ്ടുവന്ന വിവാദം. സംസ്ഥാന സർക്കാർ തീവെട്ടിക്കൊള്ള നടത്തുകയാണെന്ന പ്രതീതി ജനിപ്പിക്കും വിധമാണ് ആദ്യം ചാനലുകൾ വാർത്ത നൽകിയത്. പകൽ മുഴുവൻ നൽകിയ വാർത്ത തെറ്റിപ്പോയി എന്ന് പറയാനുള്ള സത്യസന്ധതയും മര്യാദയും ചാനൽ സിംഹങ്ങൾ ഒന്നും പിന്നീട് കാട്ടിയില്ല. ശരിയല്ലെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താനുള്ള ആർജവം കാട്ടിയില്ല. പിറ്റേദിവസം വാർത്തകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയും സർക്കാരും പറഞ്ഞതായി മാത്രം നൽകി .

ഇവിടെയാണ്  മാധ്യമപ്രവർത്തനത്തിലെ വിശുദ്ധ മാനദണ്ഡങ്ങളെയൊക്കെ വർത്തമാനകാല മാധ്യമപ്രവർത്തകരിൽ ഭൂരിപക്ഷവും കൊഞ്ഞനം കാട്ടുന്നത്. ഈ സാഹചര്യത്തിൽ 1994 ൽ രാജ്യസഭാംഗവും മുൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്‌ മന്ത്രിയുമായിരുന്ന വി എൻ ഗാഡ്‌ഗിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെപ്പറ്റി ഓർക്കുന്നത് കൗതുകകരമാണ്. തെറ്റായ വാർത്തകളുടെ ഇരകൾക്ക്‌ മറുപടിക്കുള്ള അവകാശം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അന്ന് ഗാഡ്ഗിൽ ബിൽ അവതരിപ്പിച്ചത്. എന്നാൽ അന്നത്തെ പ്രസ് കൗൺസിൽ ചെയർമാൻ ജസ്റ്റിസ് ആർ എസ്‌  സർക്കാരിയ ശക്തമായ എതിർപ്പുമായി വന്നു. പത്രങ്ങളെ നിയന്ത്രിക്കാനുള്ള ഗവൺമെന്റിന്റെ നീക്കം ആണെന്ന്‌ പറഞ്ഞാണ് പ്രസ് കൗൺസിൽ എതിർപ്പ് രേഖപ്പെടുത്തിയത്. പത്രങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കമാണെന്ന് ആരോപിച്ച്‌ ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ ദേശീയ പത്രങ്ങളും രംഗത്തുവന്നു. എതിർപ്പുകളെ തുടർന്ന് ഒടുവിൽ സ്വകാര്യബിൽ ഗാഡ്ഗിലിന്‌ പിൻവലിക്കേണ്ടിവന്നു.

ഏതു വാർത്തയ്‌ക്കുള്ള മറുപടിയോ വിശദീകരണമോ ആണ് നൽകുന്നത്, ആ വാർത്ത പ്രസിദ്ധീകരിച്ച അതേപേജിൽ അതേ വലിപ്പത്തിൽ നൽകണമെന്നായിരുന്നു ഗാഡ്ഗിൽ നിർദേശിച്ചത്. അത്‌ നിയമമായിരുന്നുവെങ്കിൽ  നമ്മുടെ പത്രങ്ങളിൽ ഭൂരിഭാഗവും ദിവസവും തിരുത്തലുകളും ഖേദപ്രകടനങ്ങളും ഒരു പംക്‌തി എന്ന നിലയിൽ തുടങ്ങേണ്ടി വരുമായിരുന്നു. അതുപോലെ ചാനൽ വാർത്താ അവതരണത്തിന്റെ പകുതി സമയമെങ്കിലും നിത്യേന തിരുത്തും മാപ്പപേക്ഷയുംകൊണ്ട് നിറയുമായിരുന്നു.

(മുതിർന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top