22 December Sunday

ബുദ്ധദേബിന് മരണമില്ല - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Wednesday Aug 21, 2024

ബുദ്ധദേബ് ഭട്ടാചാര്യ കടപ്പാട്‌: gettyimages


വെള്ള കുർത്തയും ധോത്തിയും കണ്ണടയും ധരിച്ച് നമ്മുടെ ഇടയിൽ ഒരാളായി ജീവിച്ച ബുദ്ധദായെ ഇനി കാണാനാകില്ല, എന്നാൽ അദ്ദേഹത്തിന്റെ കണ്ണുകൾ രണ്ട് പേർക്കെങ്കിലും കാഴ്ച നൽകും. കാരണം അദ്ദേഹത്തിന്റെ മൃതദേഹം കൊൽക്കത്തയിലെ നീൽ രത്തൻ സർക്കാർ മെഡിക്കൽ കോളേജിന് പഠനത്തിനായി നൽകിയിരിക്കുകയാണ്.


വി ബി പരമേശ്വരൻ

വി ബി പരമേശ്വരൻ

ബുദ്ധന്റെ ധ്യാനരൂപത്തിലെ മുഖമാണ്  ബുദ്ധദേബ് ഭട്ടാചാര്യയെ കാണുമ്പോഴൊക്കെ മനസ്സിലേക്കു വരാറുള്ളത്.  പേരിലുള്ള താരതമ്യമാണോ ഇത്തരമൊരു ചിന്ത മനസ്സിലേക്ക് കടന്നുവരുന്നതിന് കാരണം എന്നറിയില്ല. എങ്കിലും ബുദ്ധദേബിനെ കാണുമ്പോൾ ഒരു ശാന്തത അറിയാതെ അനുഭവിക്കാറുണ്ട്. 1990കളുടെ അവസാന വർഷങ്ങളിൽ പത്രപ്രവർത്തനവുമായി ഡൽഹിയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ അടുത്തറിയുന്നത്.

സിപിഐ എം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിൽ വരുമ്പോഴൊക്കെ അദ്ദേഹത്തെ കാണാറുണ്ട്. പശ്ചിമ ബംഗാളിലെ സിപിഐ എം മുഖപത്രമായ ഗണശക്തിയിലെ ലേഖകരായ അരൂപ്സെൻ, ബോറേൻ സർക്കാർ എന്നിവർ ബംഗാളിൽനിന്നുള്ള നേതാക്കളെ കാണാൻ ഹെ‌യ്‌ലി  റോഡിലുള്ള ബംഗഭവനിലേക്ക് പോകുമ്പോൾ കൂടെ പോകുക പതിവായിരുന്നു. 

ആ സായാഹ്ന യാത്രകളിൽ പലപ്പോഴും ബുദ്ധദായുടെ മുറിയിലും കയറും. അദ്ദേഹത്തിന്റെ മുറിയിലേക്ക് കടക്കുമ്പോൾ സിഗരറ്റിന്റെ മണമാണ് സ്വാഗതം ചെയ്യുക. മേശപ്പുറത്ത് മധുരമില്ലാത്ത കട്ടൻചായയും സ്ഥിരസാന്നിധ്യമാണ്. ബംഗാളിലെ രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളായിരിക്കും പ്രധാന ചർച്ചയെങ്കിലും ദേശാഭിമാനി പ്രതിനിധിയായ എന്നോട് കേരളത്തിലെ വിഷയങ്ങളും ചോദിക്കാറുണ്ടായിരുന്നു.

ഒന്നിലധികം തവണ ദേശാഭിമാനി ദിനപത്രത്തിന് വേണ്ടി മുഖാമുഖവും നടത്തി. 2000 നവംബറിൽ ജ്യോതിബസുവിന്റെ പടിയിറക്കം റിപ്പോർട്ട് ചെയ്യാൻ കൊൽക്കത്തയിൽ പോയപ്പോൾ ജ്യോതി ബസുവിനെയും അദ്ദേഹത്തിന് ശേഷം ചുമതലയേൽക്കുന്ന ബുദ്ധദേബിനെയും ഇന്റർവ്യൂ ചെയ്യുകയുണ്ടായി. 

ജ്യോതി ബസു ഗൗരവക്കാരനും കണിശക്കാരനുമായ രാഷ്ട്രീയക്കാരനായിരുന്നുവെങ്കിൽ സൗമ്യനും ശാന്തശീലനുമായ രാഷ്ട്രീയക്കാരനെയാണ് ബുദ്ധദേബിൽ കാണാനായത്. രാഷ്ട്രീയത്തിലെ ആ സൗമ്യഭാവം, കവിഹൃദയമുള്ള ആ രാഷ്ട്രീയക്കാരനെ ഇനി കാണാനാകില്ലല്ലോ എന്നത് ഒരു നൊമ്പരമായി, വേദനയായി കൂടെയുണ്ടാകും.

പശ്ചിമ ബംഗാളിൽ അടിയന്തരാവസ്ഥയ്ക്കും സിദ്ധാർഥ് ശങ്കർ റേയുടെ നേതൃത്വത്തിലുള്ള അർധഫാസിസ്റ്റ് ഭീകരവാഴ്ചക്കും ശേഷം 1977ലാണ് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്നത്. ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ആ സർക്കാരിൽ മന്ത്രിയായിരുന്നു ബുദ്ധദേബ്  .

മുപ്പത്തിമൂന്നാം വയസ്സിൽ ഇൻഫർമേഷൻ, പബ്ലിക്‌ റിലേഷൻസ് വകുപ്പ് മന്ത്രിയായി. കാശിപൂർ  മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.

മുപ്പത്തിമൂന്നാം വയസ്സിൽ ഇൻഫർമേഷൻ, പബ്ലിക്‌ റിലേഷൻസ് വകുപ്പ് മന്ത്രിയായി. കാശിപൂർ  മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോസിപ്പൂർ മണ്ഡലത്തിൽ തോറ്റതിനാൽ രണ്ടാം ജ്യോതി ബസു മന്ത്രിസഭയിൽ അംഗമായിരുന്നില്ല. 1987ൽ ജാദവ്പൂർ മണ്ഡലത്തിൽ നിന്നു ജയിച്ച് ജ്യോതി ബസു മന്ത്രിസഭയിലേക്ക് തിരിച്ചുവന്നു. ഇൻഫർമേഷൻ‐സാംസ്‌കാരിക മന്ത്രിയായി. 1993ൽ മന്ത്രിസഭയിൽ നിന്ന് ഏതാനും മാസങ്ങൾ വിട്ടുനിന്നതൊഴിച്ചാൽ ജ്യോതി ബസു മന്ത്രിസഭയിലെ സ്ഥിരം മുഖമായിരുന്നു ബുദ്ധദേബ്  .

1996ൽ ആഭ്യന്തരമന്ത്രിയായി ഉയർത്തപ്പെട്ടതോടെ ജ്യോതി ബസുവിന് ശേഷം ആര് എന്നതിന് സിപിഐ എം ഉത്തരം നൽകുകയായിരുന്നു. ബസുവിന്റെ ആരോഗ്യം മോശമായതോടെ 1999ൽ ഉപമുഖ്യമന്ത്രിയായി ബുദ്ധദേബ് ഭട്ടാചാര്യ

ജ്യോതി ബസുവും ബുദ്ധദേബും

ജ്യോതി ബസുവും ബുദ്ധദേബും

നിയമിതനായി. സ്വാഭാവികമായും 2000ൽ 23 വർഷത്തിന് ശേഷം ജ്യോതി ബസു  മുഖ്യമന്ത്രിപദം ഒഴിഞ്ഞപ്പോൾ ബുദ്ധദേബ് മുഖ്യമന്ത്രിയായി. 2011ലെ തെരഞ്ഞടുപ്പിൽ തോൽക്കുന്നതുവരെയും അദ്ദേഹം മുഖ്യമന്ത്രി പദത്തിലിരുന്നു.

14 വർഷം മന്ത്രിയായും 11 വർഷം മുഖ്യമന്ത്രിയായും. പശ്ചിമ ബംഗാളിന്റെ ഇടതുപക്ഷരാഷ്ടീയത്തിൽ ബസു കഴിഞ്ഞാൽ ഒരു പേരു മാത്രമേയുള്ളൂ. അത് ബുദ്ധദേബാണ്.
 വടക്കൻ കൊൽക്കത്തയിലെ രാംധർ മിത്ര ലെയ്‌നിലെ 11 ഡി വസതിയിൽ ഒരു സാധാരണ പൂജാരി കുടുംബത്തിലാണ് ബുദ്ധദേബിന്റെ ജനനം. അച്ഛൻ നേപ്പാൾ ചന്ദ്ര ഭട്ടാചാര്യ. അമ്മ  ലീല ഭട്ടാചാര്യ.

സംസ്‌കൃത പണ്ഡിതനായ കൃഷ്ണചന്ദ്ര സുമൃതി തീർഥയായിരുന്നു മുത്തച്ഛൻ. പുരോഹിത് ദർപൺ എന്ന ആചാര സംഹിതയുടെ കർത്താവായിരുന്നു അദ്ദേഹം. പ്രശസ്ത ബംഗാളി കവി സുഖാന്ത ഭട്ടാചാര്യ ഇളയച്ഛനായിരുന്നു. സുഖാന്തയുടെ സ്വാധീന വലയത്തിലാണ് ബുദ്ധദേബ് ആകർഷിക്കപ്പെട്ടത്. കൊൽക്കത്തയിലെ അതിപ്രശസ്ത വിദ്യാലയമായ പ്രസിഡൻസി കോളേജിലായിരുന്നു (ഇപ്പോഴത്തെ പ്രസിഡൻസി സർവകലാശാല) പഠനം.

ബംഗാളി സാഹിത്യത്തിലായിരുന്നു  ഓണേഴ്‌സ്   ബിരുദം. ബിരുദാനന്തര ബിരുദത്തിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ഈ കാലത്താണ് വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടത്. 1964ൽ രൂപം കൊണ്ട സിപിഐ എമ്മിൽ 1966ൽ അംഗമായി. 1968ൽ യുവജന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി.

കൊൽക്കത്തയിലെ ട്രാം സർവീസിന് ചാർജ് വർധിപ്പിച്ചതിനെതിരെ നടത്തിയ സമരത്തിലും വിയറ്റ്‌നാം ഐക്യദാർഢ്യ പ്രസ്ഥാനത്തിലും സജീവമായി പങ്കുകൊണ്ടു. അക്കാലത്ത് ജ്യോതി ബസുവാണ് പശ്ചിമ ബംഗാൾ സിപിഐ എമ്മിന്റെ പാർലമെന്ററി മുഖമെങ്കിൽ പ്രമോദ് ദാസ് ഗുപ്ത അഥവാ പിഡിജിയാണ് സംഘടനയുടെ മുഖം. പിഡിജിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുക വഴി മികച്ച സംഘടനാപാഠങ്ങളും ബുദ്ധദേബിന് ഉൾക്കൊള്ളാനായി.

ഇതിന്റെ ഫലമായി പാർലമെന്ററി രംഗത്ത് ഉയർച്ചയോടൊപ്പം പാർടി സംഘടനയിലും ബുദ്ധദേബ് ഉയർന്നു. 1971ൽ സിപിഐ എം സംസ്ഥാന സമിതിയിൽ അംഗമായി. 1982ൽ സംസ്ഥാന സെക്രട്ടറിയറ്റിലും എത്തി. 1984ൽ സിപിഐ എം കേന്ദ്രകമ്മിറ്റിയിലേക്ക് പുതുതലമുറയിലെ ഒരു കൂട്ടം സഖാക്കളെ സ്ഥിരമായി ക്ഷണിച്ചപ്പോൾ പശ്ചിമ ബംഗാളിൽ നിന്ന് ക്ഷണിക്കപ്പെട്ട നാലുപേരിൽ ബുദ്ധദേബും ഉണ്ടായിരുന്നു.

ബിമൻ ബസു, അനിൽ ബിശ്വാസ് (ഇരുവരും പിന്നീട് പാർടി സംസ്ഥാന സെക്രട്ടറിമാരായി), വിപ്ലവദാസ് ഗുപ്ത (സാമ്പത്തിക വിദഗ്‌ധൻ, രാജ്യസഭാംഗം) എന്നിവരായിരുന്നു മറ്റു മൂന്നു പേർ. 1985ൽ പന്ത്രണ്ടാം പാർടി കോൺഗ്രസിൽ ഔദ്യോഗികമായിത്തന്നെ കേന്ദ്രകമ്മിറ്റി അംഗമായി. 2000 മുതൽ 2015 വരെ പൊളിറ്റ്ബ്യൂറോയിലും പ്രവർത്തിച്ചു.

 

2015ൽ കൊൽക്കത്തയിൽ നടന്ന സിപിഐ എം ബംഗാൾ സംസ്ഥാന സമ്മേളനത്തിനിടെ എസ്‌ രാമചന്ദ്രൻ പിള്ള,  പ്രകാശ്‌ കാരാട്ട്‌, ബുദ്ധദേബ്‌ ഭട്ടാചാര്യ, സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്‌ തുടങ്ങിയവർ - കടപ്പാട്‌: gettyimages

2015ൽ കൊൽക്കത്തയിൽ നടന്ന സിപിഐ എം ബംഗാൾ സംസ്ഥാന സമ്മേളനത്തിനിടെ എസ്‌ രാമചന്ദ്രൻ പിള്ള, പ്രകാശ്‌ കാരാട്ട്‌, ബുദ്ധദേബ്‌ ഭട്ടാചാര്യ, സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്‌ തുടങ്ങിയവർ - കടപ്പാട്‌: gettyimages

മുഖ്യമന്ത്രിയായിരിക്കേ വ്യവസായവൽക്കരണത്തിനായി ബുദ്ധദേബ് നടത്തിയ ആത്മാർഥമായ ശ്രമങ്ങളാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജ്യോതി ബസു സർക്കാർ ഭൂപരിഷ്‌കരണം നടപ്പിലാക്കിയതോടെയാണ് പാട്ടക്കാർക്കും ഭൂരഹിത കർഷകനും ഭൂമി ലഭിച്ചത്. സ്വന്തമായി ഭൂമി ലഭിച്ച കർഷകർ അവരുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിയെങ്കിലും അവർക്ക് ബംഗാളിൽ ജോലി ലഭിച്ചിരുന്നില്ല.

സ്വാതന്ത്ര്യാനന്തരം ദുർഗാപൂർ സ്‌റ്റീൽ പ്ലാന്റ്‌ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വന്നതൊഴിച്ചാൽ വ്യവസായ വികസന കാര്യത്തിൽ വലിയ മുന്നേറ്റമൊന്നും സൃഷ്ടിക്കാൻ ബംഗാളിനു കഴിഞ്ഞിരുന്നില്ല. ഭൂപരിഷ്കരണം കാർഷിക മേഖലയെ വളർത്തുകയും ഉൽപ്പാദനം വർധിക്കുകയും ചെയ്തുവെങ്കിലും വ്യവസായ വികസനം ജലരേഖയായി. വിദ്യാഭ്യാസം നേടിയ പുതിയ തലമുറക്ക് തൊഴിൽ ലഭ്യമാകണമെങ്കിൽ വ്യവസായങ്ങളും വളരണം.

ഇതിന്റെ അടിസ്ഥാനത്തിൽ പാർടിക്കകത്തും പുറത്തും നടന്ന ചർച്ചക്കൊടുവിൽ 1994ലാണ് ഒരു വ്യവസായ നയം അംഗീകരിക്കപ്പെടുന്നത്. ജ്യോതി ബസു മുഖ്യമന്ത്രിയായ കാലത്താണ് ഈ നയം സിപിഐ എം അംഗീകരിച്ചത്. എന്നാൽ അത് നടപ്പിലാക്കുന്നതിന് പല തടസ്സങ്ങളും ഉയർന്നു. എന്നാൽ ആറു വർഷത്തിന് ശേഷം ബുദ്ധദേബ് മുഖ്യമന്ത്രിയായതോടെ ഇത് നടപ്പിലാക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു.

ബംഗാളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളിലെ തൊഴിലില്ലായ്മ ബുദ്ധദേബിനെ വല്ലാതെ അലട്ടിയിരുന്നു. ഐഐടികളിലും ഐടികളിലും പഠിച്ച് പുറത്തിറങ്ങുന്നവർക്ക് ബംഗാളിൽത്തന്നെ തൊഴിലവസരം നൽകുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. വ്യവസായ മന്ത്രി നിരുപം സെൻ 2003ൽ അവതരിപ്പിച്ച ഐ ടി നയവും ഈ വഴിയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായിരുന്നു.

ബുദ്ധദേബ് ഉയർത്തിയ 'കൃഷി അമാധിർ ഭിക്കി, വ്യവസായി അമാധിർ ഭൗഷ്യത്’ (കൃഷിയാണ് നമ്മുടെ അടിത്തറ; വ്യവസായമാണ് നമ്മുടെ ഭാവി) എന്ന മുദ്രാവാക്യം ബംഗാളിന്റെ യാഥാർഥ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൻ വ്യവസായവൽക്കരണത്തിലേക്ക് നയിക്കുന്ന നടപടികൾ ബുദ്ധദേബിൽ നിന്നുണ്ടായത്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബുദ്ധദേബ് നേരിട്ടത് വ്യവസായവൽക്കരണ അജൻഡ ഉയർത്തിയായിരുന്നു. അതുവരെ സിപിഐ എമ്മിനോട് അകന്നുനിന്ന  നഗരങ്ങളിലെ മധ്യവർഗം പോലും ബുദ്ധദേബിൽ പ്രതീക്ഷയർപ്പിച്ച് ആ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ട് ചെയ്തു. ഇടതുമുന്നണിക്ക് 294ൽ 235 സീറ്റ് ലഭിച്ചു. 50.2 ശതമാനം വോട്ടും. സിപിഐ എമ്മിനു മാത്രം 176 സീറ്റും 41.9 ശതമാനം വോട്ടും ലഭിച്ചു.

വ്യവസായവൽക്കരണ നയത്തിന് അനുകൂലമായ ജനവിധിയാണെന്ന് ന്യായമായും വിലയിരുത്താവുന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു അത്. ഇതിന്റെ ബലത്തിലാണ് രത്തൻ ടാറ്റയെ അരികിൽ നിർത്തി സിംഗൂരിലെ നാനോ കാർ പദ്ധതി ബുദ്ധദേബ് പ്രഖ്യാപിച്ചത്. അതിനു പിന്നാലെ നന്ദിഗ്രാമിൽ ഇന്തോനേഷ്യയിലെ സലിം ഗ്രൂപ്പിന്റെ കെമിക്കൽ ഹബ്ബ് നിർമാണത്തിന് ധാരണാപത്രവും ഒപ്പിട്ടു.

ഈ രണ്ട് പദ്ധതികൾക്കുമായി ഭൂമി ഏറ്റെടുക്കാൻ നടത്തിയ ശ്രമമാണ് മമത ബാനർജിയും തീവ്ര വലതുപക്ഷശക്തികളും തീവ്ര ഇടതുപക്ഷ ശക്തികളും കോൺഗ്രസും തൃണമൂൽ കോൺഗ്രസും മാവോവാദികളും ചേർന്ന് ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ആയുധമാക്കിയത്.

ബുദ്ധദേബ് ഭട്ടാചാര്യ                        കടപ്പാട്‌: gettyimages

ബുദ്ധദേബ് ഭട്ടാചാര്യ കടപ്പാട്‌: gettyimages

34 വർഷം ഭരിച്ച ഇടതുപക്ഷ സർക്കാരിനെക്കുറിച്ചുള്ള ഔദ്യോഗിക സ്മരണകൾ കോർത്തിടുന്ന 'ഫിറേ ദേഖാ’ എന്ന രണ്ട് ഭാഗമുള്ള സമാഹാരത്തിൽ ബുദ്ധദേബ് തന്നെ ഇക്കാര്യം ഇങ്ങനെ കുറിച്ചിട്ടുണ്ട്: 'ബംഗാളിലെ ഭാവിതലമുറയുടെ സുരക്ഷിതത്വം കരുതിയാണ് താൻ ഇതിന് തയ്യാറായത്. പക്ഷേ മമത ബാനർജിയുടെ നേതൃത്വത്തിൽ മത തീവ്രവാദികൾ മുതൽ ഇടതു തീവ്രവാദികൾ വരെ ഉൾപ്പെടുന്ന ഒരു മഴവിൽസഖ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എല്ലാം അട്ടിമറിച്ചു.’

2007 മാർച്ച് 14ന് നന്ദിഗ്രാമിലുണ്ടായ വെടിവെപ്പിൽ 14 പേർ മരിച്ചതോടെ പ്രതിഷേധം ശക്തമായി. 2008ൽ പശ്ചിമ മേദിനിപ്പൂർ ജില്ലയിലെ സാൽബണിയിൽ (ഇപ്പോൾ ജാർഗം ജില്ല) ജിൻഡാൽ സ്റ്റീൽ പ്ലാന്റിന് തറക്കല്ലിട്ട് മടങ്ങവെ ബുദ്ധദേബിന്റെയും കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെയും കാറിനു നേരേ കുഴിബോംബ് ആക്രമണം നടന്നു. തലനാരിഴക്കാണ് അന്ന് ബുദ്ധദേബ് രക്ഷപ്പെട്ടത്.

സിംഗൂരിൽ 997 ഏക്കർ സ്ഥലം പ്ലാന്റിനായി ഏറ്റെടുത്തുവെന്നത് ശരിയാണ്. നന്ദിഗ്രാമിൽ ഭൂമി ഏറ്റെടുക്കൽ പ്രകിയ ആരംഭിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. ബുദ്ധദേബ് തന്നെ നന്ദിഗ്രാമിൽ പോയി ഭൂമി ഏറ്റെടുക്കില്ലെന്ന് ജനങ്ങളോട് പറയുകയുണ്ടായി. ‘ഈ സമയത്ത് നന്ദിഗ്രാമും സിംഗൂരും ഞാൻ സന്ദർശിച്ചതാണ്. സിംഗൂരിൽ ജനങ്ങൾ വ്യക്തമായും രണ്ട് തട്ടിലായിരുന്നു. ഒരു വിഭാഗം പദ്ധതിക്ക് അനുകൂലമാണ്. അവർ സ്ഥലം വിട്ടുനൽകുകയും ചെയ്തു.'

ഭൂമി വിട്ടു നൽകാൻ തയ്യാറാകാത്തവർ സ്വാഭാവികമായും പദ്ധതിയെ എതിർത്തു. നന്ദിഗ്രാമിലാകട്ടെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയക്ക് മുമ്പു തന്നെ അതിന് കഴിയാത്ത വിധം രാഷ്ട്രീയ സാഹചര്യങ്ങൾ എതിരാളികൾ പാകപ്പെടുത്തിയിരുന്നു. സ്വാഭാവികമായും സർക്കാർ പിൻവാങ്ങി. ഭൂപരിഷ്‌കരണത്തിലൂടെ ഭൂരഹിതർക്ക് ഭൂമി നൽകിയവർ തന്നെ അത് തിരിച്ചെടുക്കുകയാണെന്ന തീർത്തും വൈകാരികമായ ആഖ്യാനം സൃഷ്ടിക്കാൻ എതിരാളികൾക്ക് കഴിഞ്ഞുവെന്നതാണ് യാഥാർഥ്യം.

ഇതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായത്. 2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വൻ തിരിച്ചടി നേരിട്ട ഇടതുമുന്നണിക്ക് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടമായി. 1987 മുതൽ ബുദ്ധദേബിന്റെ മണ്ഡലമായ ജാദവ്പൂരിൽ അദ്ദേഹം തോറ്റു. 

2011ൽ ബംഗാളിലെ ചദ്‌കയിൽ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയെ ബുദ്ധദേബ് അഭിസംബോധന ചെയ്യുന്നു  കടപ്പാട്‌: ദ ടെലിഗ്രാഫ്‌

2011ൽ ബംഗാളിലെ ചദ്‌കയിൽ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയെ ബുദ്ധദേബ് അഭിസംബോധന ചെയ്യുന്നു കടപ്പാട്‌: ദ ടെലിഗ്രാഫ്‌

ബുദ്ധദേബ് അഭിപ്രായപ്പെട്ടതുപോലെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ജമാ അത്തെ ഇസ്ലാമി, ആർഎസ്എസ്, മാവോവാദികളുടെ വിജയമാണ് അന്നുണ്ടായത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 2016 വരെ സജീവമായി പ്രവർത്തിച്ച ബുദ്ധദേബ് പിന്നീട് ആരോഗ്യകാരണങ്ങളിൽ പിറകോട്ടുപോയി. അവസാനമായി പങ്കെടുത്ത പൊതുപരിപാടി 2016ലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് റാലിയായിരിക്കണം.

മമത ബാനർജിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തിനെതിരെ നിലകൊള്ളണമെന്ന ശക്തമായ സന്ദേശമാണ് ആ റാലിയിലും അദ്ദേഹം നൽകിയത്. 'രാജ്യത്തിന്റെ സ്ഥിതി മോശമാണ്. വിദ്വേഷം പടർത്തുകയാണ് ബിജെപി. രാഷ്ട്രചേതനയെ വിദ്വേഷംകൊണ്ട് കരിച്ചുകളയുകയാണവർ. അവർക്കെതിരെ വൻ പോരാട്ടം ഉയർത്തിക്കൊണ്ടുവരണം.’ ‘ബിജെപിയെ തോൽപ്പിക്കൂ രാജ്യത്തെ രക്ഷിക്കൂ. തൃണമൂലിനെ തോൽപ്പിക്കൂ ബംഗാളിനെ രക്ഷിക്കൂ’ ബുദ്ധദേബിന്റെ ആ ആഹ്വാനം പ്രസക്തമാണ്. പിന്നീടദ്ദേഹം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടില്ല.

സിംഗൂർ, നന്ദിഗ്രാം സംഭവങ്ങൾ ബുദ്ധദേബിനെ വിഷമിപ്പിച്ചുവെന്നത് സത്യമാണ്. ഫിറേ ദേഖാ (തിരിഞ്ഞുനോട്ടം) യിൽ അദ്ദേഹം ഇക്കാര്യം പരാമർശിക്കുന്നുണ്ട്. സിംഗൂരിനെക്കുറിച്ച് അദ്ദേഹം പറയുന്നു 'എവിടെയാണ് തെറ്റുപറ്റിയത്? ഭൂമി ഏറ്റെടുത്തതിലോ അതോ ഏറ്റെടുത്ത രീതിയിലോ? എന്തായാലും അനുഭവത്തിൽനിന്നു പാഠം പഠിക്കാം’. അദ്ദേഹം അഭിപ്രായപ്പെട്ടു.

അവസാന നാളുകളിൽ ശ്വാസസംബന്ധമായ പ്രശ്നങ്ങളും കാഴ്ചക്കുറവും അദ്ദേഹത്തെ അലട്ടി. ഇടയ്ക്കിടക്ക് ആശുപത്രിയിലായി. ആശുപത്രി വാസം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അവസാന ദിവസം രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ട് വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആലോചിക്കവെ തന്നെ അദ്ദേഹം എന്നെന്നേക്കുമായി കണ്ണടച്ചു. മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും പാം അവന്യൂവിലെ രണ്ടുമുറി ഫ്ലാറ്റിലായിരുന്നു താമസം.

ഒരു കമ്യൂണിസ്റ്റിന്റെ എളിയ ജീവിതത്തിന് മാതൃകയാണ് എന്നും അദ്ദേഹം. 'ഞാൻ ഉപയോഗിച്ചുവരുന്ന ഈ കിടക്കയേക്കാൾ വലിയ കിടക്ക എനിക്ക് ആവശ്യമില്ല. ഞാൻ എഴുതാൻ ഉപയോഗിക്കുന്ന ഈ മേശയേക്കാൾ വലുതൊന്നും എനിക്ക് ആവശ്യമില്ല. ഞാൻ ഉപയോഗിക്കുന്ന വസ്‌ത്രങ്ങളിൽ നിന്നു വ്യത്യസ്തമായ ഒരു വസ്‌ത്രം പോലും എനിക്ക് ആവശ്യമില്ല, എനിക്ക് എന്റെ പുസ്തകങ്ങളുണ്ട്. ഞാൻ സന്തുഷ്ടനാണ്‌ .'

വെള്ള കുർത്തയും ധോത്തിയും കണ്ണടയും ധരിച്ച് നമ്മുടെ ഇടയിൽ ഒരാളായി ജീവിച്ച ബുദ്ധദായെ ഇനി കാണാനാകില്ല, എന്നാൽ അദ്ദേഹത്തിന്റെ കണ്ണുകൾ രണ്ട് പേർക്കെങ്കിലും കാഴ്ചനൽകും. കാരണം അദ്ദേഹത്തിന്റെ മൃതദേഹം കൊൽക്കത്തയിലെ നീൽ രത്തൻ സർക്കാർ മെഡിക്കൽ കോളേജിന് പഠനത്തിനായി നൽകിയിരിക്കുകയാണ്.

ബുദ്ധദേബിനെ ബംഗാൾ കുറ്റക്കാരനായി കാണുമോ എന്ന ചോദ്യത്തിന് 'ദ ടെലിഗ്രാഫ്’പത്രം നൽകുന്ന ഉത്തരം ഫിദൽ കാസ്ട്രോയുടെ വാക്കുകളാണ്. മൊൺ കാദ കോട്ട ആക്രമിച്ച കേസിൽ വിചാരണ നേരിടവെ ഫിദൽ കാസ്ട്രോ പറഞ്ഞ ആ വാക്കുകളാണ് പത്രം ഉദ്ധരിച്ചത് ‐ 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും.’

ബുദ്ധദേബിനെ ബംഗാൾ കുറ്റക്കാരനായി കാണുമോ എന്ന ചോദ്യത്തിന് 'ദ ടെലിഗ്രാഫ്’ പത്രം നൽകുന്ന ഉത്തരം ഫിദൽ കാസ്ട്രോയുടെ വാക്കുകളാണ്. മൊൺ കാദ കോട്ട ആക്രമിച്ച കേസിൽ വിചാരണ നേരിടവെ ഫിദൽ കാസ്ട്രോ പറഞ്ഞ ആ വാക്കുകളാണ് പത്രം ഉദ്ധരിച്ചത് ‐ 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും’. ബുദ്ധദേബിന്റെ മൃതദേഹം കാണാൻ തടിച്ചുകൂടിയ വൻ ജനാവലി തന്നെ ഇതിനു തെളിവെന്ന് പത്രത്തിന്റെ ലേഖകൻ പറയുന്നു.

വർധിച്ച ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആലിമുദ്ദീൻ സ്ട്രീറ്റിലെ സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസിന്റെ ഗേറ്റ് നിരവധി തവണ അടയ്‌ക്കേണ്ടി വന്നു. ബുദ്ധദേബ് മരിച്ച ദിവസം ഇതേ പത്രം സിംഗൂരിൽ നിന്നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്, ‘അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്‌, സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഒരു ഫാക്ടറി സ്ഥാപിക്കണ’മെന്നാണ്.

നാനോ ഫാക്ടറിക്കായി മൂന്ന് ഏക്കർ ഭൂമി വിട്ടുകൊടുത്ത ദിപാലി മണ്ഡലും ഇരുപത്തിരണ്ടുകാരനായ ബിടെക്ക് ബിരുദധാരിയായ മകൻ മംഗൾദീപ് മണ്ഡലും ഒരേ സ്വരത്തിൽ പറഞ്ഞത് ബംഗാളിൽ വ്യവസായം വരണമെന്നാണ്. എങ്കിലേ തൊഴിലില്ലായ്മ പരിഹരിക്കാനാകൂ എന്നും അവർ കൂട്ടിച്ചേർത്തു. ബുദ്ധദേബിന്റെ സ്മരണക്കായി സിംഗൂരിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ മമത സർക്കാർ തയ്യാറാവണമെന്ന ആഗ്രഹമാണ് അവർ പ്രകടിപ്പിച്ചത്.

വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ ഏറെയുണ്ടെങ്കിലും  ബംഗാളിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവായാണ് ജനങ്ങൾ ബുദ്ധദേബിനെ കാണുന്നത് എന്ന് പ്രമുഖ മാധ്യമ പ്രവർത്തക ശിഖ മുഖർജിയും അഭിപ്രായപ്പെടുന്നു. ബംഗ ജനതക്ക് ബുദ്ധദേബിനെ ഇഷ്ടമാണ്. അതാണ് അന്ത്യയാത്രക്ക് എത്തിയ വൻ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത്..

.............................................................................................................................................................................

"ദ മാർക്വേസ് മാർക്‌സിസ്റ്റ് ’


‘ബംഗാൾ ജനത ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മാത്രമായിരിക്കില്ല ബുദ്ധദേബിനെ ഓർക്കുക. ബുദ്ധദേബിന്റെ ചരമവാർത്തയ്ക്ക് കൊൽക്കത്തയിൽ നിന്നിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രം ദ ടെലിഗ്രാഫ് നൽകിയ 'ദ മാർക്വേസ് മാർക്സിസ്റ്റ് ’ എന്ന തലക്കെട്ടിൽ നിന്നുതന്നെ ഇതു വ്യക്തം.

ബുദ്ധദേബ് മാർക്സിസ്റ്റാണ്. അതോടൊപ്പം  ലാറ്റിനമേരിക്കൻ സാഹിത്യ ഇതിഹാസം ഗബ്രിയേൽ ഗാർസ്യ മാർക്വേസിന്റെ ആരാധകനുമാണ്. വിശാലമായ അർഥത്തിൽ കവിയും നാടകരചയിതാവും വിവർത്തകനുമൊക്കെയായ ഒരു കലാകാരൻ കൂടിയാകുന്നു ബുദ്ധദേബ്. കൊളംബിയക്കാരനായ മാർക്വേസിനെക്കുറിച്ചും മാജിക്കൽ റിയലിസത്തെക്കുറിച്ചും സർവോപരി ലാറ്റിനമേരിക്കൻ സാഹിത്യത്തെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടായിരുന്നു.

2014ൽ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുന്ന ഏപ്രിലിലായിരുന്നല്ലോ മാർക്വേസ് മരിച്ചത്. പ്രചാരണത്തിന്റെ  മൂർധന്യത്തിൽ നിൽക്കുമ്പോഴും കൊൽക്കത്ത പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മാർക്വേസ് അനുസ്മരണച്ചടങ്ങിൽ ബുദ്ധദേബ് പങ്കെടുത്തുവെന്നു മാത്രമല്ല മാർക്വേസിന്റെ സാഹിത്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ദീർഘനേരം സംസാരിക്കുകയും ചെയ്തു.

കപ്പൽച്ചേതത്തിൽപെട്ട നാവികൻ, ചിലിയിൽ രഹസ്യമായി എന്നീ കൃതികൾ ബംഗാളിയിലേക്ക് വിവർത്തനം ചെയ്തതും ബുദ്ധദേബായിരുന്നു. പോർച്ചുഗീസ് എഴുത്തുകാരൻ ഷൂസേ സാരമാഗുവിന്റെ കൃതികളോടും ബുദ്ധദേബിന് താൽപ്പര്യമായിരുന്നു.

അൽബേർ കമ്യു, ഫ്രാൻസ് കാഫ്‌ക, ബോർഹസ് തുടങ്ങിയ പ്രമുഖ സാഹിത്യകാരരുടെ കൃതികളും അദ്ദേഹത്തിനിഷ്ടമായിരുന്നു. ഭൂരിപക്ഷം കൃതികളും വായിച്ച ബുദ്ധദേബ് അതേക്കുറിച്ച് സംസാരിക്കാനും താൽപര്യം കാട്ടിയിരുന്നു. കമ്യുവിന്റെ 'ഫാൾ’ എന്ന നോവലിനെക്കുറിച്ച് താൽപര്യത്തോടെ സംസാരിച്ച ബുദ്ധദേബിനെ പ്രൊഫ. സഞ്ജയ് മുഖോപാധ്യായ കഴിഞ്ഞ ദിവസം ഓർത്തെടുക്കുകയുണ്ടായി.

റഷ്യൻ കവി മയക്കോവ്സ്‌കിയുടെ കടുത്ത ആരാധകനാണ് ബുദ്ധദേബ്. നിരവധി കവിതകൾ ബംഗാളിയിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തു.

വിഖ്യാത നോവലിസ്‌റ്റ്‌ ഗബ്രിയേൽ ഗാർസ്യ മാർക്വേസ്‌ അനുസ്‌മരണച്ചടങ്ങിൽ ബുദ്ധദേബ്‌ സംസാരിക്കുന്നു

വിഖ്യാത നോവലിസ്‌റ്റ്‌ ഗബ്രിയേൽ ഗാർസ്യ മാർക്വേസ്‌ അനുസ്‌മരണച്ചടങ്ങിൽ ബുദ്ധദേബ്‌ സംസാരിക്കുന്നു

ടാഗോർ കവിതകളും സംഗീതവും ബംഗാളികൾക്ക്  ഒഴിച്ചുകൂടാനാകാത്തതാണ്.

ബംഗാളി സംസ്കാരത്തിന്റെ അടയാളമാണ് ടാഗോർ. ബുദ്ധദേബ് എന്ന ബംഗാളി മനുഷ്യനും അതിൽ നിന്നു വ്യത്യസ്തനല്ല, ടാഗോറിന്റെ വരികൾ ആ നാവിൻതുമ്പിൽ എപ്പോഴുമുണ്ടാകും. ബുദ്ധദേബിന്റെ ടാഗോർ പ്രണയത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കേ ഗവർണർ ആയ ഗോപാലകൃഷ്ണ ഗാന്ധിയ്‌ക്കുണ്ടായ അനുഭവം അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി (നന്ദിഗ്രാം വിഷയത്തിൽ ഇരുവരും കൊമ്പുകോർത്തിരുന്നു).

2005 മാർച്ച് 5 നാണ് വെനിസ്വേലൻ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസ് കൊൽക്കത്തയിൽ എത്തിയത്. രബീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സ്വീകരണം. സ്റ്റേഡിയത്തിന് ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ജനക്കൂട്ടം ഷാവേസിനെ കാണാൻ എത്തിയിരുന്നു. ആവേശഭരിതനായ ഷാവേസ് രവീന്ദ്രനാഥ ടാഗോറിന്റെ കവിത സ്പാനിഷ് ഭാഷയിൽ ചൊല്ലി.

‘എവിടെ ഭയമില്ലാത്ത മസസ്സുണ്ടോ’ എന്ന കവിത. തർജമക്കായി എത്തിയ ചെറുപ്പക്കാരൻ വിഷമിച്ചാണ് കൃത്യം നിർവഹിച്ചിരുന്നത്. സദസ്സിലുണ്ടായിരുന്ന ബുദ്ധദേബ്, ഷാവേസിന്റെ ചെവിയിൽ എന്തോ മന്ത്രിച്ച് മൈക്കിന്റെ അടുത്തേക്ക് നീങ്ങി. ട്രാൻസ്‌ലേറ്ററെ മാറ്റിനിർത്തി ടാഗോറിന്റെ ആ കവിത ഓർമയിൽ നിന്നെടുത്ത് മനോഹരമായി ചൊല്ലി. സദസ്സ് ഇളകി മറിഞ്ഞു. ബുദ്ധദേബിന്റെ ആലാപനം പൂർത്തിയായതോടെ ഷാവേസ് അടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.

‘സദസ്സിനെ ആവേശത്തിലാഴ്‌ത്തിയ മുഹൂർത്തമായിരുന്നു അത്. ടാഗോറിന്റെ രണ്ടായിരത്തോളം ഗാനങ്ങളുടെ സമാഹാരമായ ഗീതബിതൻ ബുദ്ധദേബിന് മനപ്പാഠമാണ്. രാഷ്ട്രപതിയായിരിക്കെ കെ ആർ നാരായണൻ പങ്കെടുത്ത ചടങ്ങിൽ ടാഗോറിന്റെ വരികൾ സംബന്ധിച്ച സംശയത്തിന് വേദിയിലുണ്ടായിരുന്ന ബുദ്ധദേബ് മറുപടി പറഞ്ഞതിനെക്കുറിച്ചും ഗോപാലകൃഷ്ണ ഗാന്ധി ഓർത്തെടുക്കുകയുണ്ടായി.

രത്നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകൾ വാങ്ങുന്നത് പോലെയാണ് മനുഷ്യസ്നേഹത്തിന് പകരം രാജ്യസ്നേഹത്തെ പ്രതിഷ്ഠിക്കുന്നത് എന്ന് പറഞ്ഞ ടാഗോറിനെ ബുദ്ധദേബ് ഇഷ്ടപ്പെടുന്നതിൽ അതിശയോക്തിയൊന്നും ഇല്ല തന്നെ.
 സാഹിത്യത്തോടെന്ന പോലെ സിനിമയും നാടകവും ബുദ്ധദേബിന്റെ ഇഷ്ടവിഷയങ്ങളാണ്. ബംഗാളി സിനിമയും ഹോളിവുഡ് സിനിമകളും ന്യൂവേവ് സിനിമകളും അദ്ദേഹം കണ്ടു.

രണ്ടാം ലോകയുദ്ധ സിനിമകളോടും പുസ്തകങ്ങളോടും പ്രത്യേക താൽപര്യം തന്നെ പ്രകടിപ്പിച്ചിരുന്നു. സത്യജിത് റേ, മൃണാൾ സെൻ, ഋത്വിക് ഘട്ടക്, സലിൽ ചൗധരി, മന്നാ ഡേ,  മഹേശ്വതാദേവി, സോമനാഥ് ഹോറെ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി നിന്ന പ്രഗത്ഭമതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഫെല്ലിനി, ഗൊദാർദ് എന്നിവരുടെ സിനിമകളും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

1987ൽ സാംസ്കാരിക മന്ത്രിയായിരിക്കുമ്പോഴാണ് കൊൽക്കത്തയിൽ ചലച്ചിത്രോത്സവ സാംസ്കാരിക സമുച്ചയമായ നന്ദൻ ആരംഭിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ ബുദ്ധദേബ് നന്ദനിലായിരിക്കും. ആ കെട്ടിടത്തിലെ രണ്ടാം നിലയിലെ ഇപ്പോഴത്തെ സത്യജിത് റേ ആർകൈവ്സാണ്  സ്ഥിരം കേന്ദ്രം. സിനിമ കാണലും ചർച്ചയും അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു.

രാവിലെ വീട്ടിൽ നിന്ന് അലിമുദ്ദീൻ സ്ട്രീറ്റിലെ സിപിഐ എം ഓഫീസിലേക്ക്. അവിടെനിന്ന് ഭരണ സിരാകേന്ദ്രമായ റൈറ്റേഴ്സ് ബിൽഡിങ്ങിലേക്ക്, വൈകിട്ട് നന്ദൻ, വീണ്ടും പാർടി ഓഫീസ്, പിന്നീട് വീട്ടിലേക്ക് ‐ ഇതായിരുന്നു കൊൽക്കത്തയിലുള്ളപ്പോൾ ബുദ്ധദേബിന്റെ ദിനചര്യ.

വായന മാത്രമല്ല എഴുത്തും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. സ്വന്തം കവിതകളുടെ ഒരു സമാഹാരം അദ്ദേഹം പുറത്തിറക്കിയിരുന്നു. 'ചേനാ ഫൂലേർ ഗൊന്ധോ’. വർഗീയതയുടെ വിപത്തിനെക്കുറിച്ച് ശക്തമായി പ്രതിപാദിക്കുന്ന 'ദുസ്സമയ്’ (മോശം സമയം) എന്ന നാടകം അദ്ദേഹം രചിക്കുകയുണ്ടായി. 1993 ൽ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15 നായിരുന്നു ആദ്യ സ്റ്റേജ് അവതരണം.

രവീന്ദ്ര സദനിൽ മുൻനിരയിൽത്തന്നെ അന്നത്തെ മുഖ്യമന്ത്രി ജ്യോതി ബസുവും ഇരിപ്പുണ്ടായിരുന്നു. ആധുനിക കമ്യൂണിസ്റ്റ് ചൈനയുടെ വികസന വഴി അടയാളപ്പെടുത്തുന്ന ഒരു ലഘുകൃതിക്ക് പുറമെ ജർമനിയിലെ നാസിസത്തെക്കുറിച്ച്‌  ഒരു ലഘുഗ്രന്ഥവും അദ്ദേഹം എഴുതുകയുണ്ടായി. മാവോ, ഹോ ചി മിൻ, ബെർതോൾഡ് ബ്രെഹ്ത് , പാബ്ലോ നെരൂദ, ചെഗുവേര എന്നിവരുടെ കൃതികളും ബംഗാളിയിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി.

ബുദ്ധദേബിന് അന്ത്യയാത്രാമൊഴി നേരാൻ ബംഗാളി സാഹിത്യലോകവും എത്തിയിരുന്നു. സവ്യസാചി ചക്രവർത്തി, ദേബ് ശങ്കർ ഹൈദർ, ചന്ദൻ സെൻ, ദേബ്‌ദത്ത് ഘോഷ് എന്നിവർ അതിൽ ചിലർ മാത്രം. പ്രശസ്ത ബാവുൽ ഗായകനായ പൂർണ ദാസ് ബാവുൽ തന്റെ തൊണ്ണൂറ്റിയൊന്നാം വയസ്സിലും ബുദ്ധദേബിനെ അന്ത്യയാത്രയാക്കാൻ എത്തി. 

വികാരവായ്പോടെ പൂർണ ദാസ് ബാവുൽ പറഞ്ഞ വാക്കുകൾ ബുദ്ധദേബ് ആരായിരുന്നു എന്നു മനസ്സിലാക്കാൻ ഉപകാരപ്പെടും. ആ വാക്കുകളിതാണ്:  'ചന്ദ്രനിൽപോലും ചില കലകൾ നിങ്ങൾക്ക് കാണാം. എന്നാൽ ബുദ്ധദേബ് ബാബുവിന്റെ മേൽ ഒരു കളങ്കവും ചൂണ്ടിക്കാട്ടാനാവില്ല’.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top