05 November Tuesday

‘ബുദ്ധദാ, തുമാകെ അമര ഭുലീനി ഭുൽബോന’

ഗോപി കൊല്‍ക്കത്തUpdated: Thursday Aug 29, 2024

ജ്യോതിബസുവും ബുദ്ധദേബും

 

രാഷ്ട്രീയനേതാവും ഭരണകര്‍ത്താവുമെന്നതിലുപരി സാംസ്‌കാരിക നായകന്‍, കവി, നാടകകൃത്ത്, നിരൂപകന്‍ എന്നീ നിലകളിലും ബുദ്ധദേബിന് വേറിട്ടൊരു വ്യക്തിത്വമുണ്ട്. ബംഗാളി സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദധാരിയായ അദ്ദേഹം ചെറുപ്പം മുതല്‍ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ തൽപരനായിരുന്നു.


ബംഗാളിനെ സർവതോന്മുഖമായ പുരോഗതിയിലേക്കു നയിച്ചുകൊണ്ട് ഭരണരംഗത്ത് ഇതിഹാസം സൃഷ്ടിച്ച പ്രഗത്ഭനും രാഷ്‌ട്രീയ തന്ത്രജ്ഞനും ഭരണനിപുണനുമായ ജ്യോതി ബസുവിനുശേഷം ആര്, എന്ത് എന്ന ചോദ്യം ഏറെനാള്‍ ബംഗാൾ സംസ്ഥാന രാഷ്ട്രീയ ‐ മാധ്യമ ചര്‍ച്ചാവേദികളില്‍ വളരെ സജീവമായി നിലനിന്നിരുന്നു.

തങ്ങളുടെ ഭാവനയ്‌ക്കൊത്ത്‌ രാഷ്ട്രീയ പ്രവാചകരും മാധ്യമപണ്ഡിതരും നടത്തിയ കവിടി പ്രവചനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന്‌ തെളിയിച്ചുകൊണ്ട് ഇടതുമുന്നണി ഭരണം ജനപങ്കാളിത്തത്തോടു കൂടി മുന്നോട്ടുനയിക്കാന്‍ പ്രാപ്തനായ ആളെ കണ്ടെത്തുന്നതില്‍ ഇടതുമുന്നണിക്കും അതിന്  നേതൃത്വം നല്‍കിയ സിപിഐ എമ്മിനും ജ്യോതിബസുവിനും ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല.

സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ ബുദ്ധദേബ് ഭട്ടാചാര്യയിലാണ് ആ ചുമതല ഏൽപ്പിക്കപ്പെട്ടത്. തന്നില്‍ അർപ്പിതമായ ചുമതല ഏറ്റെടുത്ത്‌ പതിനൊന്നു വര്‍ഷത്തിലധികം മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാരിനെ നയിച്ച ബുദ്ധദേബ് ഭട്ടാചാര്യ കഴിവുറ്റ ഭരണാധികാരിയെന്ന നിലയിൽ ദേശീയതലത്തിൽത്തന്നെ പ്രശസ്തി നേടി.

ജ്യോതി ബസു സ്വയം അധികാരം ഒഴിയാന്‍ തീരുമാനിക്കുന്നതിന്‌ വളരെ മുമ്പുതന്നെ പരിചയസമ്പന്നനായ  ബുദ്ധദേബിനെ പിന്‍ഗാമിയായി പാര്‍ടി കണ്ടെത്തിയിരുന്നു. ബസു കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പുൾപ്പെടെ ഉപമുഖ്യമന്ത്രിയുടെ ചുമതല ബുദ്ധദേബിന്‌ നല്‍കി.

 ജ്യോതി ബസു സ്വയം അധികാരം ഒഴിയാന്‍ തീരുമാനിക്കുന്നതിന്‌ വളരെ മുമ്പുതന്നെ പരിചയസമ്പന്നനായ  ബുദ്ധദേബിനെ പിന്‍ഗാമിയായി പാര്‍ടി കണ്ടെത്തിയിരുന്നു. ബസു കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പുൾപ്പെടെ ഉപമുഖ്യമന്ത്രിയുടെ ചുമതല ബുദ്ധദേബിന്‌ നല്‍കി. 1999 ജൂലൈയില്‍ ഉപമുഖ്യമന്ത്രിയായ ബുദ്ധദേബ് 2000 നവംബര്‍ ആറിന്  പശ്ചിമ ബംഗാളിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റു.

ബസുവിനെപ്പോലെ പരിചയസമ്പന്നനും പ്രഗത്ഭനുമായ ഒരാള്‍ വളരെക്കാലം നയിച്ച ഇടതുമുന്നണി കൂട്ടുകക്ഷി മന്ത്രിസഭ അതേപോലെ ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകുന്നതില്‍  ബുദ്ധദേബും പ്രാവീണ്യം തെളിയിച്ചു. ബസുവിന് സമാനനല്ലെങ്കിലും പ്രഗത്ഭനായ ഭരണാധികാരിയും ജനനായകനുമെന്ന അംഗീകാരം ബുദ്ധദേബും നേടിയെടുത്തു.

രാഷ്ട്രീയനേതാവും ഭരണകര്‍ത്താവുമെന്നതിലുപരി സാംസ്കാരിക നായകന്‍, കവി, നാടകകൃത്ത്, നിരൂപകന്‍ എന്നീ നിലകളിലും ബുദ്ധദേബിന് വേറിട്ടൊരു വ്യക്തിത്വമുണ്ട്. ബംഗാളി സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദധാരിയായ അദ്ദേഹം

സുകാന്ത ഭട്ടാചാര്യ

സുകാന്ത ഭട്ടാചാര്യ

ചെറുപ്പം മുതല്‍ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ തൽപ്പരനായിരുന്നു. ബംഗാളിലെ വിഖ്യാത വിപ്ലവകവി സുകാന്ത ഭട്ടാചാര്യ ബുദ്ധയുടെ അച്ഛന്റെ അനുജനാണ്.

ചെറിയച്ഛന്റെ സാഹിത്യ വാസനയും വിപ്ലവബോധവും ചെറുപ്പത്തിൽകത്തന്നെ ബുദ്ധയിലേക്കും പകര്‍ന്നു. പഠിക്കുമ്പോൾത്തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം ബംഗാളിയിലേയും ലോകസാഹിത്യത്തിലേയും പ്രമുഖരുടെ കൃതികള്‍ സൂക്ഷ്‌മതയോടെ വായിച്ചു. ലോകകൃതികളില്‍ പലതും ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തി.

അറുപതുകളില്‍ ബംഗാളിൽ നിലനിന്നിരുന്ന വീറുറ്റ പ്രക്ഷോഭങ്ങളും വിയറ്റ്‌നാമിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അരങ്ങേറിയ സാമ്രാജ്യത്വവിരുദ്ധ ജനകീയ പോരാട്ടങ്ങളും തന്റെ കവിതകളില്‍ പ്രതിഫലിപ്പിച്ചു. പ്രശസ്ത ബംഗാളി കാൽപനിക കവിയായ ജീബാനന്ദ ദാസിനെക്കുറിച്ചും വിഖ്യാത നോവലിസ്റ്റ്  മണിക്‌ ബന്ദോപാധ്യായയെക്കുറിച്ചും ബുദ്ധദേബ് എഴുതിയ  നിരീക്ഷണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.

ബുദ്ധദേബ്‌ ഭട്ടാചാര്യ. പഴയകാലചിത്രം                കടപ്പാട്‌: ദ ഹിന്ദു

ബുദ്ധദേബ്‌ ഭട്ടാചാര്യ. പഴയകാലചിത്രം കടപ്പാട്‌: ദ ഹിന്ദു

ലോകോത്തര കവികളായ ടി എസ് എലിയറ്റ്, മയക്കോവ്‌സ്‌കി, പാബ്ലോ നെരൂദ, വിയറ്റ്‌നാമീസ് കവി ലേ ദൂസ് തോ എന്നിവരുടെ കവിതകള്‍ ബംഗാളിയിലേക്ക് ഭാഷാന്തരപ്പെടുത്തി, ചെനേ ഫുലേര്‍ ഗന്ധോ, എയ് അമി മയക്കോവ്‌സ്‌കി (പുഷ്‌പത്തിന്റെ ഗന്ധം അറിയുമോ, ഇത് ഞാന്‍ മയക്കോവ്‌സ്കി) എന്നീ പേരുകളില്‍ സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലും നല്ല അറിവുണ്ടായിരുന്നു.

അവയെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ സമകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്‌. പുഡേജായ് ജീവന്‍ നസ്‌കര്‍ എന്ന കവിതാ സമാഹാരവും അസമയ് എന്ന നടകവും പ്രസിദ്ധീകരിച്ചു. 1992ൽ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടർന്ന്‌ മതസൗഹാര്‍ദ്ദത്തെ ആസ്പദമാക്കി രചിച്ച  ഈ നാടകം ബംഗാളിൽ അനേകം സ്റ്റേജുകളില്‍ അരങ്ങേറി. കേരളമുൾപ്പെടെ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും അത് അവതരിപ്പിച്ചിട്ടുണ്ട്.

സാഹിത്യപ്രേമിയെന്നതോടൊപ്പം നല്ല ചലച്ചിത്രാസ്വാദകന്‍ കൂടിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. അദ്ദേഹം സാംസ്‌കാരിക മന്ത്രിയായതിന് ശേഷം സംസ്ഥാനത്ത് കലാസാഹിത്യരംഗത്ത് പുത്തന്‍ ഉണർവുണ്ടായി. ഒരു കാലത്ത് പുകള്‍പെറ്റ, പിന്നീട് അധഃപതനത്തിലേക്ക് ആണ്ടുപോയ്‌ക്കൊണ്ടിരുന്ന ബംഗാളി സിനിമയ്ക്ക് പുതുജീവന്‍ ലഭിച്ചതും ബുദ്ധദേബിന്റെ ഭരണത്തിൻ കീഴിലാണ്‌.

അദ്ദേഹത്തിന്റെ ഭാവനയുടെ സാഫല്യമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും ആധുനികവുമായ നന്ദന്‍ ഫിലിം കോംപ്ലക്സ്. സാംസ്‌കാരിക കേന്ദ്രമായ രബീന്ദ്ര സദന്‍ അങ്കണത്തില്‍ സ്ഥിതിചെയ്യുന്ന നന്ദന്‍ ഫിലിം കോംപ്ലക്സ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് കിടപിടിക്കുന്നതാണ്. കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ശില്‍പിയും ബുദ്ധദേബാണ്.

നിർമാതാക്കളെ ലഭിക്കാതിരുന്ന കാലത്ത് കലാമൂല്യമുള്ള ബംഗാളി ചിത്രങ്ങള്‍ നിർമിക്കാനായി ഗവൺമെന്റ് നേരിട്ടു രംഗത്തുവന്നു. ബംഗാള്‍ സിനിമയുടെ നവധാര സംവിധായകരായി പ്രശസ്തിയാര്‍ജിച്ച ബുദ്ധദേബ് ദാസ് ഗുപ്ത, ഗൗതം ഘോഷ്, ഉത്പലേന്ദു ചക്രവര്‍ത്തി, ഋതുപര്‍ണ സെന്‍ഗുപ്ത തുടങ്ങിയവര്‍ ഇടതുമുന്നണി ഗവൺമെന്റ്‌ നിർമിച്ച പടങ്ങളിലൂടെ രംഗത്തു വന്നവരാണ്.

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അടിത്തറയിട്ടതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. നോബല്‍ പുരസ്‌കാരം വരെ നേടിയ ബംഗാളി സാഹിത്യത്തിന് ഒരു അക്കാദമിയോ ആസ്ഥാനമോ ഇല്ലായിരുന്നു.

ആ പോരായ്മ പരിഹരിച്ചുകൊണ്ട്  ബംഗ്ലാ അക്കാദമി സ്ഥാപിച്ചു. കൂടാതെ സംസ്ഥാനത്തെ മറ്റ് പ്രമുഖ ഭാഷകളായ ഉറുദു, സന്താള്‍, നേപ്പാളി അക്കാദമികളും ആ കാലഘട്ടങ്ങളില്‍ സ്ഥാപിതമായി. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സാസ്‌കാരിക കേന്ദ്രങ്ങളും ഭവനുകളും രൂപംകൊണ്ടു.

ബുദ്ധദേബും ഇ എം എസും

ബുദ്ധദേബും ഇ എം എസും

സാഹിത്യ നായകര്‍ക്കും പുതിയ എഴുത്തുകാര്‍ക്കും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. ചവിട്ടിമെതിക്കപ്പെട്ടിരുന്ന ബംഗാള്‍ കലാസാഹിത്യ രംഗത്തെ പുനരുദ്ധരിക്കുന്നതിലും പുതിയൊരു സാംസ്‌കാരിക പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിലും സാംസ്‌കാരിക മന്ത്രിയെന്ന നിലയില്‍ ബുദ്ധദേബ് എടുത്ത നടപടികള്‍ രാഷ്ട്രീയ വൈരികളുടെ പോലും പ്രശംസ പിടിച്ചുപറ്റി. മുഖ്യമന്ത്രിയുടെ ചുമതലകള്‍ക്കൊപ്പം സാംസ്‌കാരിക വകുപ്പ് എപ്പോഴും അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു.

 1944 മാര്‍ച്ച് ഒന്നിന് ഉത്തര കൊല്‍ക്കത്തയിലെ 11 ഡി, രാംധാര്‍ മിത്ര ലയിനിലെ  ഒരു സാധാരണ കുടുംബത്തിലാണ് ബുദ്ധദേബ് ജനിച്ചത്. അച്ഛന്‍ നേപ്പാള്‍ ദേബ് ഭട്ടാചാര്യ. അമ്മ ലീലാ ദേബി. ബംഗാളി സാഹിത്യവും കലയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബം ഉറച്ച കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. സാഹിത്യകാരന്മാരും കമ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരുമെല്ലാം ഭട്ടാചാര്യ കുടുംബത്തിലെ നിത്യസന്ദര്‍ശകരായിരുന്നു.

സുകാന്ത ഭട്ടാചാര്യയുമായുള്ള സമ്പര്‍ക്കമായിരുന്നു ഇതിനു കാരണം. അച്ഛന്‍ ചെറിയൊരു പുസ്തകക്കട നടത്തിയിരുന്നു. ബെച്ചു എന്ന ഓമനപ്പേരിലാണ് മാതാപിതാക്കള്‍ ബുദ്ധയെ വിളിച്ചിരുന്നത്. ചിത്രാംഗദ എന്നു പേരുള്ള മൂത്ത  സഹോദരിയും ബുദ്ധദേബിനുണ്ടായിരുന്നു. അച്ഛനും സഹോദരിയും നേരത്തെ അന്തരിച്ചു. 1961ല്‍ ശൈലേന്ദ്ര സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്ന് ഫസ്റ്റ് ഡിവിഷനോടുകൂടി ഹയര്‍ സെക്കൻഡറി പാസ്സായി.

1964ല്‍ പ്രശസ്തമായ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബി എ ഓണേഴ്സ് പാസ്സായി. തുടർന്ന്‌  എംഎയ്‌ക്ക്‌ ചേർന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ എന്‍സിസി നേവല്‍ വിങ് കേഡറ്റായി പ്രവര്‍ത്തിച്ചു.

സ്‌പോർട്സിലും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ബുദ്ധ സ്കൂള്‍‐കോളേജ് ടീമുകളിലും ചില ക്ലബ്ബുകള്‍ക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം ഡംഡം പ്രാച്ചോബാണി വിദ്യാലയത്തില്‍ അധ്യാപകനായി ജോലി നോക്കി. 1967ല്‍ മുഴുവന്‍ സമയ പാര്‍ടി പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചതോടെയാണ് ജോലി ഉപേക്ഷിച്ചത്.

പ്രമുഖരായ മിക്ക നേതാക്കളെയും പോലെ ബുദ്ധദേബ് ഭട്ടാചാര്യയും ചെറുപ്പത്തിൽത്തന്നെ പൊതുപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ബംഗാളിലെ അമ്പതുകളിലേയും അറുപതുകളിലേയും പ്രക്ഷുബ്ധമായ രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്നും, ലോകത്തൊട്ടാകെ നടന്ന സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിൽ നിന്നും ആവേശം ഉൾക്കൊണ്ട് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആര്‍ക്കും അതിൽ നിന്ന്‌ ഒഴിഞ്ഞുമാറി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

ബാലനായ ബുദ്ധദേബും സ്വാഭാവികമായും ആ ഒഴുക്കില്‍പ്പെട്ടു. 1958‐59 കാലഘട്ടത്തില്‍ നടന്ന രൂക്ഷമായ ഭക്ഷ്യപ്രക്ഷോഭത്തില്‍ വിദ്യാർഥികള്‍ അണിനിരന്നപ്പോള്‍ അതില്‍ പങ്കെടുത്തു. കോളേജില്‍ ചേർന്നതോടെ സംഘടിത ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന

അനില്‍ ബിശ്വാസ്

അനില്‍ ബിശ്വാസ്

അനില്‍ ബിശ്വാസ്, പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പ്രിയരഞ്‌ജണ്‍ ദാസ്‌മുന്‍ഷി എന്നിവര്‍ കോളേജില്‍ ബുദ്ധയുടെ സഹപാഠികളായിരുന്നു. ബുദ്ധയും അനിലും പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പവും പ്രിയരഞ്‌ജൻ വലതുപക്ഷചേരിയിലുമാണ് അണിനിരന്നത്.

 1966ല്‍ ബുദ്ധദേബ്‌ സിപിഐ എം അംഗമായി. യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കാനാണ് പാര്‍ടി നിര്‍ദ്ദേശിച്ചത്. അന്ന്‌ ബംഗാളിള്‍ സിപിഐ എം ആഭിമുഖ്യമുള്ള യുവജന സംഘടന സംസ്ഥാന തലത്തില്‍ രൂപം കൊണ്ടിരുന്നില്ല. കൊല്‍ക്കത്ത ജില്ലയില്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ എന്ന പേരില്‍ സംഘടനയുണ്ടായിരുന്നു.

1968 ജൂണില്‍ സംസ്ഥാന തലത്തില്‍ ഡിവൈഎഫ് രൂപം കൊണ്ടപ്പോള്‍ അതിന്റെ ആദ്യ സെക്രട്ടറിയായി ബുദ്ധദേബ്‌ തെരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച ദിനേശ് മജുംദാറായിരുന്നു പ്രസിഡന്റ്‌. 12 വര്‍ഷം ആ സ്ഥാനത്ത് തുടർന്നു. 1980ല്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന യുവജന സംഘടനകള്‍ ചേർന്ന്‌ അഖിലേന്ത്യാതലത്തില്‍ ഡിവൈഎഫ്ഐ രൂപീകൃതമായി. അത് ബംഗാളിലെ  ഏറ്റവും വലിയ യുവജനസംഘടനയായി വളര്‍ന്നു.

ബുദ്ധയുടെ സംഘടനാപാടവം തെളിയിച്ച കാലമായിരുന്നു അത്. വീറുറ്റ നിരവധി സമരങ്ങളാണ് അന്ന്‌ യുവാക്കള്‍ സംഘടിപ്പിച്ചത്. തൊഴിലില്ലായ്‌മയ്ക്കെതിരായി 1973ല്‍ നടത്തിയ സമരം ഇതിൽ പ്രധാനപ്പെട്ടതാണ്‌. 1971ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1982 ജനുവരിയില്‍ സെക്രട്ടറിയേറ്റ് അംഗമായി. 84ല്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവായി. 85ല്‍ കേന്ദ്ര കമ്മിറ്റി അംഗമായി. 2000 ഡിസംബറില്‍ ഭുവനേശ്വറില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ്‌  പൊളിറ്റ്‌ ബ്യൂറോ അംഗമായത്. 2015 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ആരോഗ്യകാരണങ്ങളാല്‍ ഒഴിവായി.

പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനും മറ്റും മൂന്നു തവണ ജയില്‍ശിക്ഷ അനുഭവിച്ചു. 1966ല്‍ ഭക്ഷ്യസമരത്തില്‍ പങ്കെടുത്തതിനായിരുന്നു ആദ്യ അറസ്റ്റും ശിക്ഷയും. പിന്നീട് 1968 ലും 72ലും.  കൂടാതെ പലതവണ അറസ്റ്റ്‌ വാറണ്ട് ഉണ്ടായിട്ടുണ്ടെങ്കിലും പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞു. 1972 മുതല്‍ 77 വരെ സംസ്ഥാനത്ത് നിലനിന്ന  അര്‍ധ ഫാസിസ്‌റ്റ് തേർവാഴ്‌ചയിലും  പീഡനങ്ങള്‍ നേരിടേണ്ടിവന്നു.

സിപിഐ എം 19ാം പാർടി കോൺഗ്രസിനിടെ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, എം കെ പാന്ഥെ, ബുദ്ധദേബ്‌ തുടങ്ങിയവർ

സിപിഐ എം 19ാം പാർടി കോൺഗ്രസിനിടെ സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്‌, എം കെ പാന്ഥെ, ബുദ്ധദേബ്‌ തുടങ്ങിയവർ

1977ല്‍ ഉത്തര കൊല്‍ക്കത്തയിലെ കാശിപൂര്‍ മണ്ഡലത്തില്‍ നിന്നാണ്  നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ പ്രമുഖ നേതാവും സംസ്ഥാന മന്ത്രിയുമായിരുന്ന പ്രഫുല്ല കാന്തിഘോഷിനെയാണ് കന്നിയങ്കത്തില്‍ ബുദ്ധദേബ് പരാജയപ്പെടുത്തിയത്. ചരിത്രം സൃഷ്ടിച്ചുകൊണ്ട് ബംഗാളിൽ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയത് ആ തെരഞ്ഞെടുപ്പിലൂടെയാണ്.

ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ആദ്യ ഇടതുമുന്നണി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ സാംസ്കാരിക മന്ത്രി ബുദ്ധദേബായിരുന്നു. 1982ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാശിപൂരില്‍ പ്രഫുല്ല കാന്തി ഘോഷിനോടു തന്നെ പരാജയപ്പെട്ടു. അടുത്ത അഞ്ചു വര്‍ഷം പാര്‍ടി സംഘടനാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രധാനപ്പെട്ട പല സംഘടനാ ഉത്തരവാദിത്വങ്ങളും വഹിച്ചു.

1985ല്‍ കൊല്‍ക്കത്തയില്‍ നടന്ന പന്ത്രണ്ടാം പാര്‍ടി കോൺഗ്രസിന്റെ പ്രധാന സംഘാടക ചുമതലയും ബുദ്ധദേബിനായിരുന്നു. 1987ല്‍ ജാദവപൂരില്‍നിന്ന്‌ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് 2006 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തിന്  വിജയം ആവര്‍ത്തിച്ചു.

സ്വാതന്ത്ര്യാനന്തര തലമുറയുടെ ഭാഗമായിരുന്നപ്പോഴും ദേശീയ സമരത്തിന്റെ മൂല്യങ്ങളാണ് ബുദ്ധദേബിനെ നയിച്ചത്. സാധാരണക്കാരിലൊരാളായ, ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിത്വം എതിരാളികൾക്കു പോലും അദ്ദേഹത്തെ സ്വീകാര്യനാക്കി.

സ്വാതന്ത്ര്യാനന്തര തലമുറയുടെ ഭാഗമായിരുന്നപ്പോഴും ദേശീയ സമരത്തിന്റെ മൂല്യങ്ങളാണ് ബുദ്ധദേബിനെ നയിച്ചത്. സാധാരണക്കാരിലൊരാളായ, ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിത്വം എതിരാളികൾക്കു പോലും അദ്ദേഹത്തെ സ്വീകാര്യനാക്കി.

പതിനെട്ടര വര്‍ഷം  മന്ത്രിയും പതിനൊന്നു വര്‍ഷം മുഖ്യമന്ത്രിയുമായിരുന്നിട്ടും അധികാരത്തിന്റെ  ആഡംബരങ്ങള്‍ക്കൊന്നും വഴങ്ങാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി  ലളിതജീവിതമാണ് വംഗനാടിന്റെ ഈപ്രിയപുത്രൻ നയിച്ചത്.

ദക്ഷിണ കൊല്‍ക്കത്തയില്‍ പാം അവന്യുവിലെ 59 എ നമ്പര്‍ ഗവൺമെന്റ് വക കെട്ടിടത്തില്‍ രണ്ടുമുറി മാത്രമുള്ള ഒരു വാടക ഫ്ളാറ്റിലായിരുന്നു അന്ത്യം വരെ  താമസം. മന്ത്രിയായിരിക്കെ വിവാഹത്തിനു ശേഷം ഒരു വര്‍ഷം കൂടി കഴിഞ്ഞാണ് ഈ സ്ഥലത്തേക്ക് മാറിയത്. അതിനുമുമ്പ് എന്‍റാലിയില്‍ ഒറ്റമുറി വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അച്ഛന്‍ അന്തരിച്ചതിനുശേഷം അമ്മയും മന്ത്രിയായ മകനോടൊപ്പം രണ്ടുമുറി വാടക ഫ്ളാറ്റിലേക്ക് മാറി.

മുഖ്യമന്ത്രിയെന്ന നിലയില്‍ എന്തുകൊണ്ട് കൂടുതല്‍ സൗകര്യമുള്ള ഒരു സ്ഥലത്തേക്ക്  താമസം മാറ്റിയില്ല എന്ന ചോദ്യം ഉയർന്നിട്ടുള്ളപ്പോഴെല്ലാം പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായ താന്‍ ഈ സൗകര്യങ്ങളില്‍ പൂര്‍ണതൃപ്തനാണ് എന്നാണ് പ്രതികരിച്ചത്. 1979 മാര്‍ച്ച് 13നാണ് വിവാഹിതനായത്. മീരാ ഭട്ടാചാര്യയാണ്‌ ഭാര്യ. സചേതന മകളാണ്.

 വിയറ്റ്‌നാം, ക്യൂബ, ചൈന, ജപ്പാന്‍ എന്നിവയുൾപ്പെടെ പല വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അതിന്റെ ഡയറിക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. ക്യൂബന്‍ പര്യടനത്തിനുശേഷം എഴുതിയ ഹവാന ഡയറി അതില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. പാര്‍ടി ആനുകാലികങ്ങളില്‍ സമകാലിക രാഷ്ട്രീയ വിശകലനങ്ങളും കലാസാഹിത്യ രംഗങ്ങളിലെ ചലനങ്ങളും ആസ്പദമാക്കി നിരന്തരമായി എഴുതിയിരുന്നു.

വിയറ്റ്നാമിന്റെ രാഷ്ട്രപിതാവും വിപ്ലവാചാര്യനുമായ ഹോ ചിമിന്റെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്തു. അറുപതുകളിലെ വിയറ്റ്നാം യുദ്ധകാലത്ത് കൊല്‍ക്കത്തയില്‍ രൂപം കൊണ്ട വിയറ്റ്നാം ഐക്യദാര്‍ഢ്യ കമ്മിറ്റിയില്‍ സജീവപങ്കാളിയായിരുന്നു.

പ്രമോദ് ദാസ് ഗുപ്ത

പ്രമോദ് ദാസ് ഗുപ്ത

 1982ല്‍ പാര്‍ടി പി ബി അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രമോദ് ദാസ് ഗുപ്ത ഗുരുതരമായ ആസ്ത്‌മ രോഗബാധിതനായി ചകിത്സയ്ക്ക് ചൈനയിലേക്ക് പോയപ്പോള്‍ അദ്ദേഹത്തിന് സഹായിയായി കൂടെ പോയത് ബുദ്ധദേബായിരുന്നു. ഒരു മാസത്തോളം പ്രമോദിന് അവിടെ വിദഗ്‌ധ ചികിത്സ ലഭിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബീജിങ്ങില്‍ പ്രമോദ്‌ ദായുടെ അന്ത്യത്തിന് ബുദ്ധദേബിന് ദൃക്‌സാക്ഷിയാകേണ്ടിവന്നു.

ചെറുപ്പക്കാരെ പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തുന്നതിലും അവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും പ്രമോദ്‌ ദാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാര്‍ടി വൃത്തങ്ങളില്‍ അക്കാലത്തെ യുവതലമുറയിലെ ത്രിമൂര്‍ത്തികളായി അറിയപ്പെട്ടിരുന്ന ബിമൻ, അനില്‍, ബുദ്ധ എന്നിവർ പ്രമോദ്‌ ദായുടെ കണ്ടെത്തലാണ്.

 ബംഗാളിനെ വ്യാവസായികമായി മുന്നോട്ടു നയിക്കുന്നതിന് നിരവധി പദ്ധതികൾ നടപ്പാക്കി. എന്നാല്‍ ആ പ്രക്രിയയില്‍ ചില പ്രതിലോമകാരികള്‍ ഉണ്ടാക്കിയ തടസങ്ങള്‍ അദ്ദേഹത്തിന്റെ വീഴ്ചയ്‌ക്കും കാരണമായി. കാര്‍ഷികാഭിവൃദ്ധി പ്രാപിച്ച ബംഗാളിനെ വ്യാവസായികമായി മുന്നോട്ടു നയിക്കാന്‍ കൃഷി അമാദേര്‍ ഭിക്തി, വ്യവസായ് അമാദേര്‍ ഭവിഷ്യത്ത് (കൃഷി നമ്മുടെ അടിസ്ഥാനം, വ്യവസായം നമ്മുടെ ഭാവി) എന്ന ബുദ്ധദേബിന്റെ വിഖ്യാതമായ വാക്കുകള്‍ വലിയ കോളിളക്കം സൃഷ്ടിച്ചു.

34 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതുമുന്നണി സര്‍ക്കാരിനെ രാഷ്‌ട്രീയ സാമൂഹ്യ കാരണങ്ങളാല്‍ പുറത്താക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ പിന്തിരിപ്പന്‍ ശക്തികള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ത്തന്നെ ഗൂഢാലോചനയിലൂടെ അട്ടിമറി പദ്ധതി തയ്യാറാക്കിയതിന്റെ ഭാഗമായിട്ടാണ് ബുദ്ധദേബും ഇടതുമുന്നണിയും അധികാരത്തിൽ നിന്നു പുറത്തായത്.

പിന്നീട് അത് തെറ്റായിരുന്നെന്നും ബംഗാളിന്റെ പിന്നോട്ടുപോക്കിലേക്കാണ് നയിച്ചതെന്നും കാലം തെളിയിച്ചു. ബുദ്ധദേബിനെ തെറ്റിദ്ധരിച്ച നല്ലൊരു വിഭാഗം ആളുകളും പിന്നീട് അതില്‍ ഖേദിക്കുകയുണ്ടായി.

 പല തവണ ബുദ്ധദേബിനെ വധിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. പശ്ചിമബംഗാള്‍ രഹസ്യാന്വേഷണ തലവനായിരുന്ന ദിലീപ് മിത്ര പുറത്തിറക്കിയ ‘ഓപ്പറേഷന്‍  ബ്ലാക്ക് സ്റ്റിലെറ്റോ മൈ ഇയേഴ്സ് ഇന്‍ ഇന്റലിജന്‍സ്’ എന്ന പുസ്തകത്തില്‍  ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 2001നും 2008നും ഇടയില്‍ മൂന്നു തവണ ബുദ്ധദേബിനെതിരെ വധശ്രമമുണ്ടായതായി മിത്ര എടുത്തുകാട്ടി.

തൃണമൂല്‍ കോൺഗ്രസ് പിന്തുണയോടെ പ്രവര്‍ത്തിച്ച മാവോയിസ്റ്റുകള്‍ ബുദ്ധദേബിനെ മുഖ്യശത്രുവായി കണ്ടിരുന്നു. 2008 നവംബറില്‍ പശ്ചിമ മെദിനിപ്പൂരിലെ സാല്‍ബണിയില്‍ ബൃഹത്തായ ജിന്താള്‍ സ്റ്റീല്‍ പ്ലാന്റിന് തറക്കല്ലിട്ട് മടങ്ങുംവഴി കുഴിബോംബ് വെച്ച് മാവോയിസ്റ്റുകള്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചു. അന്ന്‌ തലനാരിഴയ്ക്കാണ്  രക്ഷപ്പെട്ടത്. അന്ന്‌ മാധ്യമ സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ഈ ലേഖകനും അതിന് ദൃക്‌സാക്ഷിയായിരുന്നു.  

ഇടതുമുന്നണി ഭരണത്തില്‍ വംഗനാട് ആര്‍ജിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് കാലഘട്ടത്തിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബുദ്ധദേബ് നേതൃത്വം നല്‍കിയത്. അത് കാലം തിരിച്ചറിയുമെന്നതില്‍ സംശയമില്ല.

ഏതാനും വര്‍ഷങ്ങളായി ശ്വാസകോശസംബന്ധമായ  രോഗം മൂലം ചികിത്സയിലായിരുന്ന അദ്ദേഹം പൊതുപരിപാടികളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന്‌ മുമ്പ് മൂന്നു തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാനായി മൂന്നു തവണ മാത്രമാണ് ഏതാനും സമയം പുറത്തു വന്നത്. പൊതുപരിപാടികളില്‍നിന്ന്‌ വിട്ടുനില്‍ക്കുമ്പോഴും ഭട്ടാചാര്യ കർമനിരതനായിരുന്നു.  രാഷ്ട്രീയകാര്യങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്ന അദ്ദേഹം ഈ ഘട്ടത്തില്‍ പല ലേഖനങ്ങളും മൂന്നു പുസ്തകങ്ങളും എഴുതി. പാര്‍ടി നേതാക്കള്‍ പലപ്പോഴും അദ്ദേഹത്തെ കാണാനെത്തുമായിരുന്നു.

നാല്‌ ദശാബ്‌ദത്തിലേറെക്കാലം അദ്ദേഹവുമായി അടുത്തിടപഴകാനുള്ള അവസരം ഈ ലേഖകന്‌ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ബംഗാളിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചു. മലയാളി സമാജത്തിന്റെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അരവിന്ദന്റെ വാസ്തുഹാര സിനിമ ബംഗാളിൽ ചിത്രീകരിച്ചപ്പോള്‍ റൈറ്റേഴ്സ് ബിള്‍ഡിങ്ങിൽ ഷൂട്ട് ചെയ്യുന്നതിനുൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു.

ബുദ്ധദേബിന്‌ ആദരാഞ്‌ജലിയർപ്പിക്കാൻ കൊൽക്കത്തയിലെത്തിയ ജനക്കൂട്ടം

ബുദ്ധദേബിന്‌ ആദരാഞ്‌ജലിയർപ്പിക്കാൻ കൊൽക്കത്തയിലെത്തിയ ജനക്കൂട്ടം

എന്ത്‌ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിലും ബുദ്ധദേബിന്റെ സംഭാവനകള്‍ ബംഗാളിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നതില്‍ സംശയിക്കേണ്ടതില്ല. അത് ഇപ്പോള്‍ ജനം തിരിച്ചറിയുന്നു. അതിന് തെളിവാണ് അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ തടിച്ചുകൂടിയ ജനസഞ്ചയം. രാഷ്ട്രീയവ്യത്യാസങ്ങള്‍ക്കതീതമായി യുവാക്കളുൾപ്പെടെ പതിനായിരങ്ങളാണ് അദ്ദേഹത്തിന് അന്തിമാഭിവാദ്യമര്‍പ്പിക്കാനെത്തിയത്.

ജ്യോതി ബസുവിനു ശേഷം സംസ്ഥാനത്ത് മറ്റൊരു രാഷ്‌ട്രീയ നേതാവിനും ലഭിക്കാത്ത അംഗീകാരവും ആദരവുമായിരുന്നു അത്. ആഗസ്ത്‌ 9ന് അന്ത്യയാത്രയ്ക്ക് ഒത്തുകൂടിയവര്‍ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞു,‘ബുദ്ധദാ, തുമാകെ അമര ഭുലീനി ഭുൽബോന’ (നിങ്ങളെ ഞങ്ങള്‍ മറന്നില്ല മറക്കില്ല).

അതേ, വരുംതലമുറയ്ക്കും ബുദ്ധദേബിനെ മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ശരീരം വൈദ്യപഠനത്തിനായി ദാനം ചെയ്യുകയായിരുന്നു. കണ്ണുകളും ദാനം ചെയ്തിരുന്നു. ആ കണ്ണുകൾ രണ്ടു പേര്‍ക്ക് വെളിച്ചം പകര്‍ന്നു .


ദേശാഭിമാനി വാരികയിൽ നിന്ന്

  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top