21 November Thursday

ഷെൽറ്ററിന്റെ താക്കോൽ

കെ വി രാമകൃഷ്ണൻUpdated: Tuesday Oct 29, 2024

ചെറുകാട്‌ - ഫോട്ടോ: പുനലൂർ രാജൻ

 

പെരിന്തൽമണ്ണ–പട്ടാമ്പി റോഡിൽ കട്ടുപ്പാറ. അവിടെയിറങ്ങി, ‘ആരോടു ചോദിച്ചാലും വഴി പറഞ്ഞുതരും’ എന്നായിരുന്നു ചെറുകാടിന്റെ മാർഗനിർദേശം. ഒരു കടയിൽ കയറി ചോദിച്ചു. റോഡിന്റെ പടിഞ്ഞാറുവശത്ത് കടകൾക്കിടയിലൂടെ ഇറങ്ങിച്ചെന്നാൽ പരന്ന പച്ചപ്പാടം. പാടത്തിന്റെ വടക്കെ കരയിൽ നീണ്ടുമെലിഞ്ഞ ആർദ്രമായ തോട്. തോട്ടുവരമ്പിലൂടെ ഏകദേശം ഒരു ഫർലോങ്‌ പടിഞ്ഞാട്ടു നടന്ന്, വലത്തോട്ട് തോടിറങ്ങിക്കടന്നു. ചെറുകാട് മുറ്റത്തുതന്നെ!

 

ചെറുകാടിന്റെ പട്ടാമ്പിയിലെ വീട്, ഷെൽറ്റർ, എനിക്ക് പാലുകാച്ചാൻ കഴിയാതെപോയ എന്റെ വീട്.

1961 എന്നാണ്, ഓർമയിൽ കടയുമ്പോൾ ഉറഞ്ഞുകൂടി വെളുത്തുരുണ്ടുവരുന്നത്. അന്നാണ്  അന്വേഷിച്ചുപിടിച്ച് ‘ചെറുകാട്’ പിഷാരത്ത് ആദ്യമായി എത്തുന്നതും, ചെറുകാടിനോടൊപ്പം നിലത്ത് നാക്കിലയ്‌ക്കുമുമ്പിൽ ചമ്രം പടിഞ്ഞിരുന്ന്‌ ഊണ്‌ കഴിക്കുന്നതും. ഒന്നു കണ്ണടച്ചിരുന്നാൽ, അന്നത്തെ മോരിന്റെ പുളി ഇന്നും എന്റെ നാവിൻത്തുമ്പിൽ തരിക്കും; ആ മുരിങ്ങാക്കൂട്ടാന്റെ ഉശിരും.

ഞാനന്ന് കോഴിക്കോട്ട് ഡിഐജി ഓഫീസിലാണ് ജോലി ചെയ്‌തിരുന്നത്. താമസം റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശത്ത്. പാളത്തിൽ വണ്ടിയെത്തിയാൽ ചക്രം ഉരഞ്ഞുനിൽക്കുന്നത് നെഞ്ചത്താണല്ലോ എന്ന് ഞെരിയാൻ തക്കവിധം അടുത്ത്, കമ്മത്തി ലെയ്‌നിലെ ‘കോമ്രേഡ്‌സ് ’ ലോഡ്ജിൽ. ഇന്ന് ആ ലോഡ്‌ജ്‌ ജീവനോടെ ഇല്ലെന്ന് വരാം. കോഴിക്കോടിന്റെ ഭൂപടംതന്നെ തിരിച്ചറിയാത്തവിധം കീഴ്‌മേൽ മറിഞ്ഞിട്ടുണ്ടല്ലോ.

എം ആർ ചന്ദ്രശേഖരൻ, ദേശാഭിമാനി മാനേജർ ഗോവിന്ദൻ കുട്ടി, കോ ഓപറേറ്റീവ് ബാങ്കിലെ നാരായണൻ കുട്ടി തുടങ്ങിയവരടക്കം അഞ്ച്‌ സഹവാസികൾ. ചന്ദ്രശേഖരനും ഞാനും കൂടിയാണ് കോഴിക്കോട്ടുനിന്ന് ഏതോ ബസ്സിൽ പെരിന്തൽമണ്ണയിലെത്തി, അവിടെനിന്ന് പട്ടാമ്പി ബസ്സിൽ കയറി കട്ടുപ്പാറ അങ്ങാടിയിൽ ഇറങ്ങിയത്.

പെരിന്തൽമണ്ണ–പട്ടാമ്പി റോഡിൽ കട്ടുപ്പാറ. അവിടെയിറങ്ങി, ‘ആരോടു ചോദിച്ചാലും വഴി പറഞ്ഞുതരും’ എന്നായിരുന്നു ചെറുകാടിന്റെ മാർഗനിർദേശം. ഒരു കടയിൽ കയറി ചോദിച്ചു. റോഡിന്റെ പടിഞ്ഞാറുവശത്ത് കടകൾക്കിടയിലൂടെ ഇറങ്ങിച്ചെന്നാൽ പരന്ന പച്ചപ്പാടം. പാടത്തിന്റെ വടക്കെ കരയിൽ നീണ്ടുമെലിഞ്ഞ ആർദ്രമായ തോട്. തോട്ടുവരമ്പിലൂടെ ഏകദേശം ഒരു ഫർലോങ്‌ പടിഞ്ഞാട്ടു നടന്ന്, വലത്തോട്ട് തോടിറങ്ങിക്കടന്നു. ചെറുകാട് മുറ്റത്തുതന്നെ!

മുറ്റത്തൊരറ്റത്ത് മുരിങ്ങ;നിത്യ‐
മതിൻ ചുവട്ടിൽ ചെറുകാട് നിൽക്കും,
നിറന്ന താരാവലിയിൽത്തിളങ്ങു‐
മുൾക്കണ്ണുമായ്,ക്കാലമളന്നുവെക്കാൻ.

(“എന്റെ മുരിങ്ങയുടെ ചോടെ നിന്നേ എനിക്ക് സമയം പറയാൻ പറ്റൂ” എന്ന് ചെറുകാട് എവിടെയോ കുറിച്ച ഓർമ).
അച്ഛന്റെ കൈയിൽത്തൂങ്ങി  “ദ് ആരാ….ദ് ആരാ” എന്ന് തുള്ളിക്കൊണ്ട് ഒരു ഫ്രോക്കുകാരി. ഒന്നാംക്ലാസുകാരിയാവണം, ചിത്ര.

ഉമ്മറത്ത് കയറിയപ്പോഴേക്കും ബഹളമായി. അവൾക്ക് എന്റെ ചീകിയൊതുക്കിവച്ച മുടി മുഴുവൻ മാന്തിപ്പറിച്ച് ചിക്കിപ്പരത്തിയേ തീരൂ.
“വികൃതിപ്പെണ്ണ്!” എന്ന് ചെറുകാട്.

അന്ന് ചെറുകാടിന്റെ മുത്തമകൻ രവി (കെ പി രവീന്ദ്രൻ) കോഴിക്കോട്ടായിരുന്നു എന്നോർക്കുന്നു. മോഹനനെ എനിക്കന്ന് പരിചയമില്ല. വീട്ടിലുണ്ടായിരുന്നോ എന്നോർക്കാനും കഴിയുന്നില്ല.
ഉച്ചതിരിഞ്ഞാണ് ഞങ്ങൾ മടങ്ങിയത്.

മൂന്നാംദിവസം, തപാലിൽ ഒരു കത്ത്. ചെറുകാടിന്റെ എന്ന്, മേൽവിലാസത്തിലെ കൈപ്പടയിൽനിന്ന് പേർത്തെടുത്തു. എനിക്ക് നന്നായറിയാം, കസവുമുണ്ടും ചുറ്റി നിൽക്കുന്ന ആ കയ്യക്ഷരം. മനോഹരമാണ്.

തുറന്നപ്പോൾ, ഉള്ളിൽ, നോട്ടുബുക്കിൽനിന്ന് ചീന്തിയെടുത്ത ഒരേടിൽ തീരെ പരിചയമില്ലാത്ത കൈപ്പടയിൽ മുഴുത്ത, വളഞ്ഞുതിരിഞ്ഞ, അക്ഷരങ്ങളിൽ ഒരു ഒറ്റവരിക്കത്ത്.
“പ്രിയപ്പെട്ട വാരരുകുട്ടി,
ഇനിയും വരണം.
ചിത്ര.”

ഏറെക്കാലം എന്റെ ശബ്ദതാരാവലിയുടെ പേജുകൾക്കിടയിൽ ആ കത്തുണ്ടായിരുന്നു. എഴുപതുകളുടെ തുടക്കത്തിലാവണം (ഞാനന്ന് ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജിലായിരുന്നു) കോളേജിലെ ഒരു സുഹൃത്ത്, മകൾക്ക് ചില വാക്കുകളുടെ അർഥം പറഞ്ഞുകൊടുക്കാനെന്നു പറഞ്ഞ്, ശബ്ദതാരാവലി എടുത്തുകൊണ്ടുപോയി.

കുറേ ദിവസം കഴിഞ്ഞാണ് ഞാൻ തിരിച്ചറിയുന്നത്, എനിക്കൊരു വാക്കിന്റെ അർഥം സംശയം തീർക്കണമെങ്കിൽ പുതിയ പുസ്‌തകം വാങ്ങുകയേ വഴിയുള്ളൂ. ശബ്ദതാരാവലി പുതിയ കോപ്പി വാങ്ങി. പക്ഷേ, എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടത് ചിത്രയുടെ കത്താണ്.

കുഞ്ഞുണ്ണി മാഷ്‌

കുഞ്ഞുണ്ണി മാഷ്‌

ചെറുകാടിന്റെ അടുക്കളയിലെ മുരിങ്ങാക്കൂട്ടാന്റെ രുചിയിലാണല്ലോ തുടങ്ങിയത്. 1962ൽ കേരള സാഹിത്യ സമിതി രൂപംകൊള്ളുന്നു. അടുത്ത വർഷം സാഹിത്യ സമിതിയുടെ ചെറുകഥാ ക്യാമ്പ്, ഏഴുദിവസം. കോഴിക്കോട്ട് ചെറുവണ്ണൂരിൽ. തുടർന്ന് എല്ലാവർഷവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമിതി നടത്തിയസാഹിത്യ ശിൽപ്പശാലകൾ.

എല്ലാ ശിൽപ്പശാലകളിലും അടുക്കളയുടെ മേൽനോട്ടം ചെറുകാടിനായിരുന്നു, ഒപ്പം കുഞ്ഞുണ്ണി മാഷുമുണ്ടാവും. എല്ലാ ക്യാമ്പുകളിലും എന്റെ മൂക്കിൽ, മുരിങ്ങാക്കൂട്ടാന്റെ കൊതിയൂറുന്ന മണം ആവി പൊങ്ങിനിറഞ്ഞിട്ടുണ്ട്.

ഏതാണ്ട് ആ വർഷങ്ങളിൽത്തന്നെയായിരുന്നു പാലക്കാട് ജില്ലാ കവി‐കാഥിക സമ്മേളനങ്ങൾ ഉത്സാഹപൂർവം നടന്നിരുന്നത്, പാലക്കാട് ജില്ലയുടെ പല കേന്ദ്രങ്ങളിലും വച്ച്. അണിയത്ത് ചെറുകാട്‌ തന്നെ. പാലക്കീഴ് നാരായണനും സി വാസുദേവനും ഇടംവലം കഴുക്കോലുകളും.

ചെറുകാട്‌, തായാട്ട്‌ ശങ്കരൻ, ഇടശ്ശേരി, പുനലൂർ ബാലൻ, ഏഴാച്ചേരി രാമചന്ദ്രൻ, കെ പി ജി - ഫോട്ടോ: പുനലൂർ രാജൻ

ചെറുകാട്‌, തായാട്ട്‌ ശങ്കരൻ, ഇടശ്ശേരി, പുനലൂർ ബാലൻ, ഏഴാച്ചേരി രാമചന്ദ്രൻ, കെ പി ജി - ഫോട്ടോ: പുനലൂർ രാജൻ

എല്ലാ വർഷങ്ങളിലും എനിക്ക് ഈ സമ്മേളനങ്ങളിൽ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. അക്കാലത്ത് വായിക്കാനും എഴുതാനും കമ്പമുണ്ടായിരുന്നവർക്ക് ജിജ്ഞാസയുമുണ്ടായിരുന്നു. കാലത്തോടൊപ്പം അഭിരുചികളും ഉരുളുന്നതാണല്ലോ ലോകസ്വഭാവം.

1968 പിറക്കുന്നതോടെ പട്ടാമ്പിയിൽ, കോളേജിനടുത്ത്, ചെറുകാടിന്റെ ‘ഷെൽറ്റർ’ പണികഴിഞ്ഞിരിക്കുന്നു. കയറിത്താമസിക്കാൻ തുടങ്ങിയിട്ടില്ലെന്നാണ് ഓർമ. അതുകൊണ്ടാണല്ലോ, പഴയ വീടിന്റെ കോലായിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ഷെൽറ്ററിന്റെ താക്കോൽ എന്റെ നേരെ നീട്ടിക്കൊണ്ട്,“ദാ, ഷെൽറ്ററിന്റെ താക്കോൽ. രാമകൃഷ്‌ണനും ശാന്തയുംകൂടി ഇവിടെ വന്ന് താമസിച്ചോളൂ” എന്ന് ചെറുകാട് പറഞ്ഞത്.

തികഞ്ഞ സാഹസികമാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാവണം അദ്ദേഹം അങ്ങനെ പറഞ്ഞത്. കലങ്ങിമറിഞ്ഞ്, നിറഞ്ഞുകവിഞ്ഞ് ഒഴുകുന്ന തോടിന്റെ കരയിൽ ശങ്കിച്ചുകൊണ്ട് നോക്കിനിന്നാൽ, ഉരച്ചുകയറ്റി ഇറങ്ങിയില്ലെങ്കിൽ, വീട്ടുമുറ്റത്തെത്തില്ല എന്നത് ചെറുകാടിന്റെ അനുഭവബോധ്യമാവണമല്ലോ. മാത്രമല്ല, സാഹസങ്ങളെ നേരിടുമ്പോൾ മാത്രമേ യഥാർഥവും സഫലവുമായ ജീവിതമാവുന്നുള്ളൂ എന്നായിരുന്നു ആ കാലത്തെ യുവതയുടെ വിശ്വാസം എന്നും തോന്നുന്നു.

സ്കൂൾ തുറക്കുമ്പോൾ വെള്ള‐
പ്പൊക്കമാണാറ്റിൽ, ക്ലാസ്സിൽ‐
പ്പോയിരിക്കയോ? പെരി‐
യാറല്ലീ വിളിക്കുന്നൂ?
കേറുക പൊതുമ്പുതോ‐
ണികളിൽ;ച്ചുഴികളിൽ‐
ത്താഴുക, മലരിയിൽ‐
പ്പൊന്തുക; ജീവിക്കുക.

എന്ന് എൻ വി കൃഷ്‌ണവാരിയർ (സുഹൃൽസമാഗമം എന്ന കവിത).

എൻ വി കൃഷ്‌ണവാരിയർ

എൻ വി കൃഷ്‌ണവാരിയർ

ചുഴിയിൽ താഴുന്നത് സാഹസം തന്നെ. എന്നുകരുതി കരയിൽത്തന്നെ നിന്നാലോ? പറ്റില്ല, നീറ്റിലിറങ്ങണം. പക്ഷേ, മലരിയിൽ പൊന്തണം എന്ന വ്യക്തമായ കാഴ്‌ചപ്പാടുവേണം, അതിനുള്ള പാടവം നേടിയിരിക്കുകയും വേണം എന്നുമാത്രം. ഈ കാര്യം ശങ്കാപേതം ബോധ്യമുള്ളതിനാലാവണം അന്ന്, ഷെൽറ്ററിന്റെ താക്കോൽ എന്റെ കൈയിൽ തന്ന ശേഷം ചെറുകാട് ഏറെനേരം ഇരുന്ന് സംസാരിച്ചത്.

“ശാന്തയേയും കൂട്ടി വന്നു താമസിച്ചോളൂ; പക്ഷേ, പിന്നെ?”
പ്രകരണം അൽപ്പംകൂടി വിടർത്തിയാലേ വ്യക്തമാവൂ. എന്റെ വിവാഹം കഴിഞ്ഞിട്ട് ചില മാസങ്ങളേ ആയിട്ടുള്ളൂ. ഞാൻ, ഗുരുവായൂരിൽ ശ്രീകൃഷ്‌ണ കോളേജിൽ. ശാന്ത നാട്ടിൽ ഹൈസ്‌കൂളിൽ. ജോലി രാജിവയ്‌ക്കാൻ പറയരുത് എന്ന ഒറ്റ നിബന്ധനയേ ശാന്തയ്ക്കുണ്ടായിരുന്നുള്ളൂ വിവാഹസമയത്ത്.

ഞാനും പൂർണമനസ്സോടെ അത് സമ്മതിച്ചതുമാണ്. കിട്ടുന്ന ശമ്പളത്തിലല്ല, സ്വന്തം കാലിൽ നിൽക്കണം എന്ന ഗുരൂപദേശത്തിലാണ് ഊന്നൽ എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. ശാന്തയെ കോളേജിൽ പഠിപ്പിച്ചതും ജോലിയെടുത്ത് അനന്യാശ്രയം ജീവിക്കണം എന്ന നട്ടെല്ല് നൽകിയതും എൻ വിയാണ്.

ഒരുമിച്ച് ജീവിക്കാൻ കഴിയുന്നില്ലല്ലോ എന്ന എന്റെ എരിപൊരിയാണ് ഞാൻ ചെറുകാടിന്റെ മുമ്പിൽ കുടഞ്ഞിട്ടത്. അപ്പോഴാണ് ‘പട്ടാമ്പിയിൽ ഒരുമിച്ച് താമസിച്ചോളൂ’  എന്ന് ചെറുകാട് ഷെൽറ്ററിന്റെ താക്കോൽ നീട്ടിയത്. രണ്ടുപേർക്കും കാലത്ത് ജോലിക്ക് പോവാം, ഒരാൾക്ക് ഗുരുവായൂർക്കും മറ്റെ ആൾക്ക് കാട്ടുകുളത്തേക്കും. വൈകുന്നേരം തിരിച്ചെത്താം.

തരക്കേടില്ലല്ലോ എന്ന് എന്റെ കൈയിൽ താക്കോൽ മുറുകി. അപ്പോഴാണ് ചെറുകാടിന്റെ രണ്ടാം പാഠം.
“ഇക്കൊല്ലം ഇങ്ങനെ കഴിയാം. അടുത്ത കൊല്ലമോ?”

ഞാൻ നിശ്ശബ്ദനായി.

“അടുത്ത കൊല്ലം ഷെൽറ്ററിൽ താമസിക്കാൻ പറ്റില്ല എന്നല്ല, അപ്പോഴേക്ക് നിങ്ങൾക്കൊരു കുഞ്ഞാവും. അപ്പോൾ അതിനേയും വച്ച് എന്തുചെയ്യും?”

ചോദ്യം മനസ്സിലായി.

എന്റെ ആലോചനയ്ക്ക് നട്ടുച്ചനിഴലിന്റെ നീളമേ ഉണ്ടായിരുന്നുള്ളൂ. ശബ്ദം തൊണ്ടയിൽ തടഞ്ഞുനിന്നപ്പോൾ ചെറുകാട് തുടർന്നു:

“രാമകൃഷ്ണൻ! നമ്മൾ മറുവശവുംകൂടി ആലോചിക്കാതെ ഒന്നും എടുത്തുചാടി ചെയ്യരുത്. വരുംവരായ്കകൾ ആലോചിച്ചേ പറ്റൂ. ധൃതി പിടിക്കണ്ട. ശാന്തയെ ഗുരുവായൂരിലേക്ക് കൊണ്ടുവരണം. അതിന് എന്തെങ്കിലും വഴിയുണ്ടാവും. നമുക്ക് നോക്കാം.”

ഷെൽറ്ററിന്റെ താക്കോൽ ചെറുകാടിന്റെ കൈയിൽ തിരിച്ചേൽപ്പിക്കുമ്പോൾ, കിഴക്കേ ചെരിവിൽ ഒരു നക്ഷത്രം കണ്ണുചിമ്മിത്തുറന്നു. ആകാശനീലിമയ്‌ക്ക് ആഴം കൂടിയിരുന്നു.
ചെറുകാടിന്റെ കൈപ്പടയെക്കുറിച്ച് നേരത്തേ സൂചിപ്പിച്ചു. കൈയക്ഷരം, എഴുതിയ വ്യക്തിയുടെ അസ്മിതയിലേക്ക്, നറുനെയ്യൊഴിച്ച് കൊളുത്തിവച്ച കൊടിവിളക്കാണ്.

1972ൽ കെ വി രാമകൃഷ്‌ണന്‌ ചെറുകാട്‌ എഴുതിയ കത്ത്‌

1972ൽ കെ വി രാമകൃഷ്‌ണന്‌ ചെറുകാട്‌ എഴുതിയ കത്ത്‌

1972ൽ, ചെറുകാടെഴുതിയ ഒരു കത്ത് ഇങ്ങനെ (ലേഖനത്തോടൊപ്പം കൊടുത്ത കത്ത്‌ കാണുക): ആ കൈപ്പട നേരിട്ട് പരിചയമില്ലാത്തവർക്ക് നോക്കിയിരുന്ന് വിസ്മയിക്കാം. പക്ഷേ, എനിക്ക് കത്തിന്റെ ഉള്ളടക്കം ഏറെ പ്രധാനപ്പെട്ടതാണ്. വിശേഷിച്ചും, “ഇളയതുമാസ്റ്റരോട് എനിക്ക് അളവറ്റ സ്നേഹബഹുമാനങ്ങളുണ്ട്” എന്ന വാചകം.

1972ൽ കെ വി രാമകൃഷ്‌ണന്‌ ചെറുകാട്‌ എഴുതിയ കത്ത്‌

1972ൽ കെ വി രാമകൃഷ്‌ണന്‌ ചെറുകാട്‌ എഴുതിയ കത്ത്‌

പി സി വാസുദേവൻ ഇളയത് മാസ്റ്റർ. ശ്രീകൃഷ്‌ണ കോളേജിൽ സംസ്‌കൃതവിഭാഗത്തിന്റെ അധ്യക്ഷനായിരുന്ന ആ മാഹാപണ്ഡിതൻ ജോലിയിൽനിന്ന് വിരമിക്കുകയായിരുന്നു. ആ നിറകുടത്തിന്റെ ആഴം കോളേജിൽ എത്രപേർക്ക് തിരിച്ചറിയാമായിരുന്നു എന്ന് എനിക്കറിയില്ല.

എനിക്കറിയാൻ കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് മറ്റാരേക്കാളുമറിയാം, അന്നും ഇന്നും. മാസ്റ്റർ കോളേജിൽ ഉണ്ടായിരുന്ന ചില വർഷങ്ങൾ ആ സ്ഥാപനത്തിൽ ജോലിചെയ്യാൻ കഴിയുന്നത് ഏതോ മുജ്ജന്മപുണ്യമായി ഞാൻ കരുതിപ്പോന്നു.

പടിയിറങ്ങിക്കഴിഞ്ഞാലും മാസ്റ്ററുടെ  പേര്‌ കോളേജിൽ എന്നുമുണ്ടാവണമെന്ന് എന്റെ കാൽപ്പനികഭാവന. അങ്ങനെയാണ് സംസ്‌കൃതവിഭാഗത്തിൽ അദ്ദേഹത്തിന്റെ പേരിലൊരു എൻഡോവ്‌മെന്റ്‌ എന്ന ആശയമുദിക്കുന്നത്. അപ്പോൾ, സംസ്‌കൃതം പഠിക്കാനെത്തുന്ന നാളെത്തെ തലമുറയിലും ആ പേര്‌ ആണ്ടുകിടക്കുമല്ലോ.

ഇത്തരം ഭാവനാസങ്കൽപ്പങ്ങൾക്ക് പച്ചമണ്ണിൽ വേരില്ല എന്ന സത്യത്തിലേക്ക് എന്റെ കണ്ണുതുറപ്പിച്ചത് ചെറുകാടിന്റെ ഈ കത്താണ്. അതിലെ ഓരോ വാചകവും എന്റെ ഉള്ളിൽ, ഉലയിൽ പഴുപ്പിച്ച സ്വർണനാരായം കൊണ്ട് കോറിയിട്ടിട്ടുണ്ട്.

കോളേജിൽ ഈ പരിപാടിയിൽ എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി ഞാൻ ചെറുകാടിന്റെ ആശയം ചർച്ച ചെയ്തു. മറ്റിടങ്ങളിലുണ്ടായിരുന്ന പലരുമായും ആശയവിനിമയം നടത്തി. ഒരാൾ പോലും ചെറുകാടിന്റെ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല. ഒടുവിൽ പിരിഞ്ഞുകിട്ടിയ തുക മുഴുവൻ അതേപടിയെടുത്ത് ഇളയതു മാസ്റ്ററുടെ വീട്ടിലെത്തി ആ കാൽക്കൽ വയ്‌ക്കുകയും ചെയ്തു.

ചെയ്യുന്നത് സാഹസമാണ് എന്നുറപ്പുള്ളപ്പോൾപ്പോലും, ആ കർമധീരതയുടെ പുളിങ്കാതൽക്കനലിൽ ചെറുകാട് വെള്ളമൊഴിക്കുകയില്ല. പക്ഷേ, തീയിൽച്ചാടുന്നതിന്നുമുമ്പ്, രോമംപോലും കരിയാതെ കയറിപ്പോരാനുള്ള ദിവ്യൗഷധം സ്വന്തം കൈകൊണ്ട് ഉണ്ടാക്കി ദേഹത്തമർത്തിപ്പുരട്ടിത്തിരുമ്മിപ്പിടിപ്പിച്ചതിനുശേഷം മാത്രമേ അഗ്നികുണ്ഡം വലംവയ്‌ക്കാൻ പോലും അനുവദിക്കുകയുള്ളൂ.

 

ദേശാഭിമാനി വാരികയിൽ നിന്ന്

             
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top