22 December Sunday

'ജീവിതപ്പാത'യും ആഖ്യാനകാര്യങ്ങളും

ഇ പി രാജഗോപാലൻUpdated: Friday Nov 1, 2024

ചെറുകാടും മുണ്ടശ്ശേരിയും - ഫോട്ടോ: പുനലൂർ രാജൻ

തന്റെ ആഖ്യായികയിലെന്ന പോലെ ആത്മാഖ്യാനത്തിലും യഥാതഥവാദിയായ ചെറുകാടാണ് ഉള്ളത്. വൈരുധ്യങ്ങളെ കാണാതിരിക്കുന്നില്ല; മറച്ചുപിടിക്കുന്നില്ല. സാമൂഹ്യ ചലനങ്ങൾക്കകത്താണ് ആളുകൾ എന്നും അതാണ് ആളുകളുടെ ശരിയായ വീട് എന്നും ചെറുകാടിന് അറിയാം.


കുറച്ചേറെ കൊല്ലം മുമ്പാണ്. ഒരിടത്ത് എ കെ ജി അനുസ്മരണപ്രസംഗം കഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്നു. ഒരു കണ്ണൂർ ഗ്രാമത്തിലാണ്. ഒരാൾ ആ കാത്തിരിപ്പുകേന്ദ്രത്തിൽ നിൽപ്പുണ്ട്. മുഖപരിചയം തോന്നി. പ്രസംഗസ്ഥലത്ത്  ഉണ്ടായിരുന്നല്ലോ എന്ന് പെട്ടെന്ന് ഓർമവന്നു.

എ കെ ജി

എ കെ ജി

അദ്ദേഹം സൗഹൃദം കാട്ടിയശേഷം പറഞ്ഞു, ‘‘എ കെ ജിയുടെ ആത്മകഥയെപ്പറ്റി പ്രസംഗത്തിൽ പറഞ്ഞല്ലോ. ആത്മകഥയെഴുതിയതിനെപ്പറ്റി എ കെ ജി പറഞ്ഞ ഒരു പാതിത്തമാശ ഉണ്ട്. കേൾക്കണോ?’’
‘‘കേൾക്കണം’’, ഞാൻ പറഞ്ഞു.

ഉത്സുകനായി അദ്ദേഹം പറഞ്ഞു: '‘സഞ്ജയൻ പണ്ട് എഴുതിയല്ലോ  'കമ്യൂണിസ്റ്റാവാൻ എളുപ്പമാണ്. ചുമ്മാ പറഞ്ഞുനടന്നാൽ മതി’ എന്ന്. ചുമ്മാ പറഞ്ഞു നടക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ എന്ന് തെളിയിക്കാനാണ് എ കെ ജി ഇല്ലാത്ത സമയം ഉണ്ടാക്കി ആത്മകഥയെഴുതിയത്.’’

എ കെ ജി ഈ കാര്യം എഴുതിയിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. എഴുതിയിട്ടുണ്ടാവില്ല, പറഞ്ഞിട്ടുണ്ട് എന്ന് മറുപടി കിട്ടി. എ കെ ജിയുടേത് ഒരു മുഴുവൻ സമയ രാഷ്‌ട്രീയ പ്രവർത്തകന്റെ ശരിയായ മറുപടിയാണ്. എതിർരാഷ്‌ട്രീയച്ചേരിയിൽ നിന്ന്‌ വരുന്ന അഭിപ്രായങ്ങളെ സക്രിയമായി ചെറുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ആത്മകഥയെഴുത്തിനെയും കാണുകയാണ്. അത് രാഷ്‌ട്രീയം എന്ന പ്രയോഗത്തിന്റെ വലുപ്പം കൂട്ടുന്ന പ്രക്രിയ തന്നെയാണ്.

എ കെ ജി

എ കെ ജി

എ കെ ജിയുടെ പ്രത്യയശാസ്‌ത്രം തന്നെയാണ് ചെറുകാടിന്റേത്. എങ്കിലും പ്രവർത്തന രീതി വ്യത്യസ്‌തമാണ്. ചെറുകാട്  പ്രായോഗിക രാഷ്‌ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും അദ്ദേഹത്തിന്റെ പ്രധാനമായ ആവിഷ്‌കാരം നാടകമടക്കമുള്ള രംഗകലകളും  നോവലും ചെറുകഥകളും കവിതകളുമടങ്ങുന്ന സാഹിത്യരൂപങ്ങളുമാണ്. ചെറുകാട് പ്രവർത്തനങ്ങൾ പ്രധാനമായും തന്റെ നാട്ടിലാണ് നടത്തിയത്.

അദ്ദേഹത്തിന് സ്ഥിരപ്പെട്ട ജോലി ഉണ്ടായിരുന്നു. അത് ഭാഷാധ്യാപനമായിരുന്നു. ഭദ്രമായ കുടുംബം രൂപീകരിക്കാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക്, ഇക്കാരണങ്ങൾ കൊണ്ടൊക്കെ, ഒരു മുഴുവൻ സമയ രാഷ്‌ട്രീയ നേതാവിന്റെ ആത്മാഖ്യാനത്തിൽ നിന്ന് വ്യത്യസ്‌തമായിരിക്കാനേ സാധിക്കൂ.

ആത്മകഥയെപ്പറ്റിയുള്ള ഒരു ആശയം അതെഴുതിയയാളിന്റെ വേറൊരു ജീവിതം എന്നതാണ്. അയാൾ സ്വന്തം ജീവിതത്തെ ഭാഷ എന്ന മാധ്യമത്തിൽ പാഠവൽക്കരിക്കുകയല്ല. ആലോചന കൊണ്ട് പുതിയ രൂപമായി മാറുന്ന ജീവിതം  (life reshaped with reflection) എന്നൊരു സമീപനം ആത്മകഥയുമായി ബന്ധപ്പെട്ട ചർച്ചകളിൽ വിഷയമാകാറുണ്ട്. ജീവിതം മൊത്തം എഴുതിയിടുന്ന സംസ്‌കാരസ്ഥലമല്ല ആത്മകഥ.

ചെറുകാട്‌

ചെറുകാട്‌

ജീവിതത്തിന്റെ ഓർമ എന്ന വലിയ ശേഖരത്തിൽനിന്ന് ഒരാൾ സ്വന്തം ആത്മകഥയിൽ എന്തൊക്കെ, എങ്ങനെയൊക്കെ ചേർത്തു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്തൊക്കെ ഒഴിവാക്കി എന്നതും തുല്യനിലയിൽ പ്രധാനമാണ്. ആഖ്യാനപരത (narrativity) യെ മറച്ചുവയ്‌ക്കുക എന്നത്  മറ്റു രചനകളുടെയെന്നപോലെ, ആത്മകഥയുടെ രചയിതാക്കളും ആഗ്രഹിക്കുന്നുണ്ടാവാം.

എന്നാൽ  വായനയാളുകളുടെ (readers ) ശ്രദ്ധ അനിവാര്യമായും അതിലേക്കുകൂടി വന്നുചേരുന്നുണ്ട്. എന്തൊക്കെയാണ് ആഖ്യാനത്തിന്റെ ഗതിയുടെ സ്വഭാവം എന്ന് ഇതിന്റെ ഭാഗമായി അവർ ആരാഞ്ഞേക്കും. സ്ഥലം, കാലം, പ്രക്രിയ, മാറ്റം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനുമായി കൈക്കൊള്ളുന്ന ഒരു മൗലിക മാനുഷിക പ്രയോഗമാണ് ആഖ്യാനം; ഈ ധാരണയുടെ പ്രയോഗം എന്ന നിലയിലാണ് ആഖ്യാനത്തിലെ ഘടനകളെയും അംശങ്ങളെയും അവയുടെ പല മട്ടിലുള്ള ഉപയോഗങ്ങളെയും ഫലങ്ങളെയും കാണേണ്ടിവരിക. ഇങ്ങനെ വരുമ്പോൾ ഒരു കൃതിയിലെ ഏത് ഇടവും ഏത് രീതിയും ഏത് എത്തിച്ചേരലും കേവലമല്ല എന്ന് അറിയാനാവും.


 2


 'ഞാനൊരമ്പലവാസിയാണ്’:  ഒരു ചെറിയ വാക്യം. ‘ജീവിതപ്പാത'യുടെ തുടക്കം ഈ വാക്യത്തിലാണ്.
വാക്കുകൾ മുറിച്ചിട്ടില്ല. ഒറ്റവാക്കുപോലെ കാണപ്പെടുന്ന വാക്യമാണ് ഇത്. ഒൻപത് അക്ഷരങ്ങളുള്ള ഒറ്റവാക്ക്. വേണമെങ്കിൽ മൂന്നു വാക്കുകളായെങ്കിലും എഴുതാവുന്ന വാക്യമാണ്. 

പക്ഷെ ഇവിടെ കാണുന്നത് ഒറ്റവാക്ക്. എന്തുകൊണ്ട് ഇങ്ങനെയൊരു സുഘടിതത്വം (compactness) ഉണ്ടായി?
 ഇതെഴുതുന്ന 1970കളുടെ ആദ്യ വർഷങ്ങളിൽ ചെറുകാട് ജാതി സ്വത്വത്തിൽ തറഞ്ഞ് നിൽക്കുന്ന ഒരാളല്ല. ആളാകെ മാറിയിരിക്കുന്നു. എങ്കിലും ഓർമയുണ്ട്, തന്റെ ആദിമൂലം ജാതിഘടനയിലായിരുന്നു എന്ന്.

ഇങ്ങനെ തുടങ്ങുന്ന ഒന്നാമധ്യായത്തിന്റെ പേര് തന്നെ ‘അമ്പലവാസി' എന്നാണ്. ആ ഭാഗത്ത് തന്നെപ്പറ്റിയുള്ള ഒന്നും കാര്യമായി പറയുന്നില്ല. ഏതാണ്ട് മുഴുവനായും ജാതിവിചാരമാണ് ആ ഒന്നാമധ്യായം. ഗാന്ധിയുടെ ആത്മകഥയുടെ ഒന്നാമത്തെ വാക്യം ഇങ്ങനെയാണ്: 'ഗാന്ധികുടുംബക്കാർ ബനിയാ ജാതിയിൽപ്പെട്ടവരാണ്. അവർ ആദ്യം പലചരക്കു വ്യാപാരികളായിരുന്നത്രെ.’ (The Gandhis belong to the Bania caste and seem to have been originally grocers).
 
ജാതി പറഞ്ഞാണ് തുടക്കം (ജാതിപ്പേരിനെ അതായിത്തന്നെ എടുക്കാതെ അതിന്റെ അർഥത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു. തൊഴിൽപ്പേരാണ് ‐  കച്ചവടക്കാർ, വണിക് ‐ ജാതിപ്പേർ എന്ന്‌ പറയുന്നതിൽ തെളിഞ്ഞ ചരിത്രബോധം തന്നെയുണ്ട്‌ ).

എങ്ങനെ താൻ ഒരു  ജാതിവ്യക്തിയല്ലാതായി എന്നുകൂടിയാണ് പിറകേ വരുന്ന ആഖ്യാനങ്ങളിലൂടെ, ഒരുപക്ഷെ, ഗാന്ധി വ്യക്തമാക്കുന്നത്. പാരമ്പര്യത്തിൽനിന്ന് ആധുനികതയിലേക്കുള്ള, സ്ഥിരതയുടെ തത്വത്തിൽനിന്ന് മാറ്റത്തിന്റെ അനുഭവത്തിലേക്കുള്ള സഞ്ചാരമാണ് അത്.

സ്വയം ഒരു ഗാന്ധിയൻ അല്ലെങ്കിലും ചെറുകാടും ചെയ്യുന്നത് ഇതാണ്. പുതിയ പതിപ്പിൽ  അഞ്ഞൂറിലേറെ പുറങ്ങളുള്ള ഈ ജീവിതലേഖനം (life- writing) അവസാനിക്കുന്നത് ‘ഒളിവിൽ' എന്ന എഴുപത്താറാം അധ്യായവുമായാണ്. അതിന്റെ ഒടുവിൽ  പൊലീസ് മർദനം അനുഭവിക്കുന്ന ഒരു ശരീരം ഉണ്ട്. ഇവിടത്തെ ഒന്നാം അനുഭവം അടിയാണ് ('എന്റെ ഇടത്തെ ചെകിടത്ത് ആഞ്ഞൊരടി വീണു’).

അപ്പോഴുള്ള തോന്നൽ ഇങ്ങനെ രേഖയായിരിക്കുന്നു: '‘ആദ്യത്തെ അടി എന്റെ അഭിമാനത്തിന്റെ പടത്തിന്മേൽ വന്നു വീണപ്പോൾ തന്നെ ഞാൻ ശരാശരി മനുഷ്യനായി.’’ രണ്ടാം അനുഭവം ചവിട്ടാണ് (‘‘....ബൂട്ടിട്ട  കാലുകൊണ്ട് നടു മുതുകത്ത് ഒരു ചവിട്ടുകൂടി...’’). അപ്പോഴത്തെ പ്രതീതി ഇങ്ങനെയാണ്: 'ഞാനൊരു തത്വജ്ഞാനി കൂടിയായി.’

 ഈ പരിണാമത്തിന്റെ എഴുത്താണ് ജീവിതപ്പാത. അത് ബഹുസ്വരതയുള്ളതും സങ്കീർണവുമാണ് ജീവിതം എന്ന് തെര്യപ്പെടുത്തുന്നു. ജാതിസ്ഥിതിയിൽ നിന്ന് മനുഷ്യാനുഭവത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അതിന് നിദാനം ഈ ഇടിയും ചവിട്ടും മാത്രമല്ല, സാഹചര്യങ്ങളുടെ നല്ലതും മോശവുമായ പലമാതിരി പെരുമാറ്റങ്ങളാണ്, അതിനോടുള്ള പ്രതികരണങ്ങളായി താൻ നടത്തിപ്പോന്ന നാനാതരം പ്രവർത്തനങ്ങളാണ്. അനുഭവങ്ങളുടെ എഴുത്താളാണ്, ഗ്രന്ഥാപേക്ഷയുടെ  ഉൽപ്പന്നമല്ല ചെറുകാട്. അതിന്റെ നല്ല തെളിവ് കൂടിയാണ് ആത്മകഥ.

സ്വന്തം പ്രത്യക്ഷങ്ങൾ എത്രയുണ്ടോ അത്രയും മറ്റുള്ളവരുടെ ഇടങ്ങളും ഇടപെടലുകളും ഇതിൽ വന്നിരിക്കുന്നു. ആളുകൾക്കിടയിലെ ഒരാൾ എന്ന നിലയിലാണ് ഇതിൽ ആഖ്യാതാവ് നിൽക്കുന്നത്.

തീർച്ചയായും ഈ ആത്മകഥയിലും ‘ഞാൻ' എന്നതുതന്നെയാണ് ഏറ്റവും കൂടുതൽ വരുന്ന വാക്ക്. എന്നാൽ ‘ഞാൻ' ഒറ്റയായ, സ്വാർഥിയായ കർതൃത്വം അല്ല. ഒരു തപാൽ വിലാസത്തിലെന്നപോലെ വലുതായി വലുതായി വരുന്ന ഘടനകളുമായി ചേർന്നുനിൽക്കുന്ന ഒരാളാണ് ഇതിലെ ‘ഞാൻ’.

തീർച്ചയായും ഈ ആത്മകഥയിലും ‘ഞാൻ' എന്നതുതന്നെയാണ് ഏറ്റവും കൂടുതൽ വരുന്ന വാക്ക്. എന്നാൽ ‘ഞാൻ' ഒറ്റയായ, സ്വാർഥിയായ കർതൃത്വം അല്ല. ഒരു തപാൽ വിലാസത്തിലെന്നപോലെ വലുതായി വലുതായി വരുന്ന ഘടനകളുമായി ചേർന്നുനിൽക്കുന്ന ഒരാളാണ് ഇതിലെ ‘ഞാൻ’. ഈ ഇടപാട്  ആഖ്യാതാവിന് മടുക്കുന്നേയില്ല.

ഫ്യൂഡൽ ബന്ധങ്ങളിൽ തെളിയുന്ന ജാതിയടക്കമുള്ള സ്വാർഥതയുടെ ഘടനകളെ പഴയ രീതിയിൽ കാണാൻ തയ്യാറില്ലാത്ത ആളാണ് ആഖ്യാതാവ്. കുടുംബബന്ധുക്കൾ ഏറെ വരുന്നുണ്ട്. അവർ മാത്രമല്ല ബന്ധുക്കൾ എന്ന ജനാധിപത്യതത്വം ഇതിൽ  പ്രകാശം പരത്തുകയും ചെയ്യുന്നു.

ആചാരകാര്യങ്ങളിൽ തനിക്കുള്ള അറിവ് അവിടെയുമിവിടെയുമൊക്കെയായി കാണാം. ആചാരകാര്യങ്ങളിൽ തെളിയുന്ന ലോകവീക്ഷണത്തെ സ്വന്തം നിലയിൽ മാനിക്കാതെയാണ് അവയെപ്പറ്റി പറയുന്നത് എന്നുമാത്രം.

കുടുംബ സ്നേഹിയായ ചെറുകാട് എന്ന പ്രരൂപം ബലവത്തായ ഒന്നാണ്. പക്ഷെ അത് കുടുംബബന്ധുക്കളല്ലാത്തവരെ തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രരൂപമല്ല. തന്നെ വിശുദ്ധവ്യക്തിത്വമായി കാണിക്കാനുള്ള തത്രപ്പാടും ഇല്ല.

കുടുംബ സ്നേഹിയായ ചെറുകാട് എന്ന പ്രരൂപം ബലവത്തായ ഒന്നാണ്. പക്ഷെ അത് കുടുംബബന്ധുക്കളല്ലാത്തവരെ തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രരൂപമല്ല. തന്നെ വിശുദ്ധവ്യക്തിത്വമായി കാണിക്കാനുള്ള തത്രപ്പാടും ഇല്ല.

സ്വന്തം മൂകാംബികാ കൾട്ട് മറച്ചുവച്ചിട്ടേ ഇല്ല. എന്നുമാത്രമല്ല, അതിന്റെ കാര്യമായ വിവരണം തന്നെ ഉണ്ട്. ലൈംഗികാനുഭവ സൂചനകൾ കൊണ്ടും വാസ്‌തവികതയുടെ സ്വരഘടന ഉണ്ടാക്കാനായിരിക്കുന്നു. കുഞ്ഞമ്മാമന്റെ സഹായിയായിട്ടുള്ള ആശുപത്രിക്കാര്യങ്ങൾ ഇതിന്റെ തുടർച്ചയായ ഒന്നാണ്. എല്ലാം അനുഭവങ്ങൾ തന്നെ, ആ നിലയിൽ ഓരോന്നും ജീവിതസൂചകം തന്നെ: ഇതാണ് നിലപാട്.

തന്റെ ആഖ്യായികയിലെന്ന പോലെ ആത്മാഖ്യാനത്തിലും യഥാതഥവാദിയായ ചെറുകാടാണ് ഉള്ളത്. വൈരുധ്യങ്ങളെ കാണാതിരിക്കുന്നില്ല; മറച്ചുപിടിക്കുന്നില്ല. സാമൂഹ്യ ചലനങ്ങൾക്കകത്താണ് ആളുകൾ എന്നും അതാണ് ആളുകളുടെ ശരിയായ വീട് എന്നും ചെറുകാടിന് അറിയാം, അത് അറിയിക്കാനും അറിയാം.

എന്താണ് അനുഭവം? അതിന്റെ രൂപപ്പെടൽ എങ്ങനെയാണ്? അനുഭവത്തിൽ തെളിയുന്നത് സ്വകാര്യ, വ്യക്തിപരമായ നിലപാടുകളും നീക്കങ്ങളുമാണോ? ഒരാൾ താനറിയാതെ തന്നെ ആ ആൾ മാത്രമല്ലാതാകുന്നത് എങ്ങനെയാണ്? സന്ദർഭത്തിേന്റതായ നാലാം മാനം കൂടിയുള്ള മനുഷ്യരെയാണ് ചെറുകാട് എഴുതിപ്പോകുന്നത്. ആത്മകഥയായതിനാൽ ആളുകളെ എപ്പോഴും താൻ എന്ന കർതൃത്വത്തിലേക്ക് തിരിച്ചുനിർത്താവുന്നതാണ്.

ആളുകളെ മാത്രമല്ല സ്ഥാപനങ്ങളെയും അങ്ങനെ തിരിച്ചുനിർത്താം. അപ്പോൾ ആഖ്യാതാവ് പെരിയ പെരുമാളാകും. ആ വഴക്കത്തോട് പോരാടണം എന്ന അബോധവാസനയാണ് ജീവിതപ്പാതയെ വ്യത്യസ്‌തമായ പാഠമാക്കുന്നത്. മനുഷ്യർ എന്നാൽ പുരുഷന്മാർ എന്ന പ്രാഥമികബോധത്തെ അനുസരിക്കാത്ത ജനകീയാധുനികനാണ് ചെറുകാട്.

സ്‌ത്രീകൾ തന്റെ ജീവിത വ്യവഹാരത്തിൽ പങ്കാളികളാണ് എന്ന ബോധ്യം ഈ ആത്മകഥയെ സവിശേഷമാക്കുന്ന ഒരു ഘടകമാണ്. മുത്തശ്ശി ഒരു സ്‌ത്രീ ആഖ്യാനം നിർവഹിക്കുന്ന, മലയാളത്തിന്റെ വലിയ നോവലുകളിൽ ഒന്നാണ്. അതിന്റെയും മറ്റും നിർമാണത്തിന്റെ ഉൾക്കാര്യങ്ങൾ തേടുന്നവർക്ക് ഈ ആത്മകഥ ഉപകരിക്കുന്നതാണ്.


 3


  ജീവിതപ്പാത ദേശാഭിമാനി വാരികയാണ് ഖണ്ഡങ്ങളായി പ്രസിദ്ധം ചെയ്‌തുപോന്നത്. തുടർന്ന് പുസ്‌തകമായി വന്നപ്പോൾ വായനയുടെ പ്രാരംഭമെന്ന നിലയിൽ പിറകിൽനിന്ന് മുന്നോട്ട് മറിച്ചു നോക്കിയത് ഓർമയുണ്ട്. ആദ്യാധ്യായങ്ങളിൽ സംഭാഷണ സന്ദർഭങ്ങൾ കുറവാണ്. പതുക്കെപ്പതുക്കെ സംഭാഷണങ്ങൾ ഏറിയേറി വരുന്നു.

ഉദ്ധരണി ചിഹ്നങ്ങൾക്കകത്ത് ജീവനോടെ സൂക്ഷിക്കുന്ന സംഭാഷണങ്ങൾ ഇല്ലാത്ത പുറങ്ങൾ നന്നേ കുറവാണെന്ന് കാണാൻ പറ്റി. അന്നത്തെ  കമ്പോസിറ്റർമാർ കുഴഞ്ഞുപോയിട്ടുണ്ടാവാം, ഈ ചിഹ്നങ്ങളുള്ള അച്ച് വേണ്ടത്ര ഇല്ലാത്തതിനാൽ. ഒരു നിലയിൽ മനുഷ്യശബ്ദങ്ങളുടെ വലിയൊരു ശാലയാണ് ജീവിതപ്പാത

പല ശൈലിക്കാരായ, പല തരക്കാരായ ആണുങ്ങളും പെണ്ണുങ്ങളും ഇതിൽ സംസാരിക്കുന്നു. സംസാരം വല്ലാതങ്ങനെ, വാശിപിടിച്ച് വള്ളുവനാടൻ മൊഴിയായി കൃത്യപ്പെടുത്തിയിട്ടില്ല. എന്നുവച്ച് മൊഴിയുടെ നാട്ടുഗുണം ഉപേക്ഷിച്ചിട്ടുമില്ല. ബുദ്ധിമുട്ടില്ലാതെ വായിക്കാം. വായിക്കുമ്പോൾ ഒച്ച കേൾക്കുന്നതായും തോന്നാം. ഓർമകളിലെ സംഭാഷണവേളകളാണ്.

താൻ ഏകാകിയല്ല എന്നും, തന്റെ ജീവിതത്തിൽ പലരും പങ്കെടുത്തു വരുന്നു എന്നും, താൻ മറ്റുള്ളവരുടെ ജീവിതങ്ങളിലും പങ്കെടുത്തുവരുന്നു എന്നും കാണിക്കാനുള്ള ഏറ്റവും ഫലപ്രദമായ പാഠമാർഗ (textual device) മാണ് ആത്മകഥയിലെ സംഭാഷണങ്ങളുടെ ധാരാളിത്തം.

കേരളത്തിനൊരു സംഭാഷണചരിത്രം സങ്കൽപ്പിക്കാൻ ഒരുങ്ങുന്നവർക്ക് തെക്കേ മലബാറിലെ ഒരു ഘട്ടത്തിലെ (1930 തൊട്ടുള്ള ചില പതിറ്റാണ്ടുകളിലെ) ഏതാനും മാതൃകകൾക്കായി ജീവിതപ്പാത നോക്കാവുന്നതാണ്.

ആളുകൾക്ക് പുതിയ വിഷയങ്ങളും പുതിയ അഭിമുഖീകരണങ്ങളും അനിവാര്യമാകുമ്പോൾ പുതിയ ഭാഷണവേളകൾ വേണ്ടിവരുന്നു. പുതിയ ശൈലികളും ഊന്നലുകളും വ്യക്തമാക്കലുകളും അവരുടെ വർത്തമാനങ്ങളെ സവിശേഷമാക്കും. അനുസരണ നല്ല ശീലമാകുന്ന കാലത്ത് അധികം മിണ്ടാട്ടം വേണ്ട. കൂട്ടായ്‌മയുടെ കാലത്താണ് മിണ്ടാട്ടം ഏറുക. അത് ആളുകളെ കൂടുതൽ മനുഷ്യരാക്കുന്നു.

ഭാഷയിലൂടെ അവതരിപ്പിക്കുകയും ആരായുകയും മനസ്സിലാക്കുകയും എത്തിച്ചേരുകയും യോജിക്കുകയും എതിർക്കുകയും ചെയ്യുന്ന, ഒരു ജനാധിപത്യസ്വർഗത്തിന്റെ  സങ്കൽപ്പം തന്നെയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള പോരടിയെ ഇങ്ങനെയാണ് ഈ ആഖ്യാനം നാടകീകരിക്കുന്നത് എന്നും കാണാം.

യാന്ത്രികമായി  അനുസരിക്കുന്നതിനു പകരം, മിണ്ടുന്ന, ചർച്ചകളുണ്ടാക്കുന്ന വേറിട്ടൊരു സാമൂഹ്യപ്രകൃതം ഈ കൃതിയിൽ വിപുലവും സഫലവുമായി വന്നിരിക്കുന്നു. നമ്മളൊന്ന് എന്ന നാടകം പിറന്നതിനെപ്പറ്റിയുള്ള ആഖ്യാനം മികച്ച ഉദാഹരണം. ആത്മകഥയാണ്. എങ്കിലും ഏകഭാഷണമല്ല. പലമാതിരി മനുഷ്യർ ഉണ്ട്. അവർ മിണ്ടുകയും പറയുകയും ചെയ്യുന്നു.

ആഖ്യാതാവുണ്ട്. ആ ആൾ  മിക്കപ്പോഴും തന്നെ മറ്റുള്ളവർക്കൊപ്പം കണ്ടെത്തുന്ന ആളാണ്. 'എനിക്കു മാത്രമായി ഒരു കഥയുണ്ടോ?’ എന്ന ചോദ്യം തന്നോടായി ചോദിക്കുകയും 'ഒരാൾക്കു മാത്രമായി ഒരു കഥയില്ലെന്നാണ് എന്റെ അഭിപ്രായം’ എന്ന കണ്ടെത്തലിൽ സമാധാനിക്കുകയും ചെയ്യുന്ന ചെറുകാടിന്റെ ആഖ്യാനരാഷ്‌ട്രീയമാണ് സംഭാഷണപ്പെരുക്കത്തിൽ നിറവേറുന്നത്.


 4


കാലം സ്ഥലങ്ങളെ മാറ്റുന്നു. മനുഷ്യരും ആ നിലയിൽ സ്ഥലങ്ങളെപ്പോലെയാണ്. കാലം എന്നാൽ, പക്ഷെ, ഘടികാരത്തിൽ തെളിയുന്ന യാന്ത്രികകാലം അല്ല.

അത് ഉൽപ്പാദനബന്ധങ്ങളുടെയും അധികാരബന്ധങ്ങളുടെയും മാറ്റങ്ങളിലൂടെ അറിയാനാവുന്ന സാമൂഹ്യാനുഭവമാണ്. അത് എല്ലാറ്റിലും പ്രവർത്തിക്കും. വളരെ വ്യക്തിപരം എന്നും സ്വകാര്യം (intimate) എന്നും വിചാരിക്കുന്ന കാര്യങ്ങളിൽ വരെ. ഒരിക്കലും കയറില്ല എന്ന് തോന്നാവുന്ന ഇടങ്ങളിൽത്തന്നെയും അത് എപ്പോഴെങ്കിലും കയറും. 

ചെറുകാട്ടമ്പലം ഒരു സംരക്ഷിത പ്രദേശമായാണ് കരുതിപ്പോന്നിരുന്നത്. അവിടെ വിശ്വാസം, ആരാധന, പ്രാർഥന, ചടങ്ങുകൾ, പൗരോഹിത്യം... അങ്ങനെയങ്ങനെയൊക്കെ മാത്രം. അവിടം കമ്യൂണിസ്റ്റ് പാർടിയുടെ രാത്രിസമ്മേളനത്തിന്റെ രഹസ്യസ്ഥലമാവുന്നതിന്റെ വിവരണം ഇതിലെ ഒരധ്യായം തന്നെയാണ് (‘തമ്പാൻ'). അതിൽ അമ്പലത്തിന്റെ സാമ്പ്രദായിക ചിത്രമുണ്ട്.

അതിനെ രാഷ്‌ട്രീയാലോചനയുടെ സന്ദർഭം മാറ്റിത്തീർക്കുന്നതിന്റെ രസനീയമായ കാഴ്‌ചയും ഉണ്ട്. ആഖ്യാനത്തിൽ ആ ചർച്ചയുടെ വിശദാംശങ്ങൾ ഇല്ല, സൂചനകൾ തന്നെ ഇല്ല. ഉള്ളത് ആളുകളുടെ പെരുമാറ്റങ്ങൾ സ്ഥലത്തെ മാറ്റുന്നതിന്റെ വിവരണമാണ്. തിടപ്പള്ളി എന്ന വാക്ക് ഈ വിവരണത്തിൽ ഉണ്ട്.

അതിന്റെ ഉപയോഗം ഇങ്ങനെ: '‘മലബാറിലെ പാലക്കാട്ടുപ്രദേശത്തെ (പാലക്കാട്, വള്ളുവനാട്,  പൊന്നാനി താലൂക്കുകളിലെ) പാർടി പ്രവർത്തനങ്ങളുടെ അടിത്തറയിട്ടത് ചെറുകാട്ടമ്പലത്തിലെ തിടപ്പള്ളിയിൽ വച്ചായിരുന്നു.’’ ഇപ്പോൾത്തന്നെ പ്രശ്നവൽകൃതമായ വാക്യത്തെ അടുത്ത വാക്യം ഒന്നുകൂടി വ്യത്യസ്‌തമാക്കുന്നു:

'‘ഞാൻ ഇടയ്ക്കിടയ്ക്ക് ചായയും ബീഡിയും തിടപ്പള്ളിയിൽ എത്തിച്ചുകൊടുത്തു കൊണ്ടിരുന്നു,’’ തുടരുന്നു: '‘അമ്പലത്തിൽ ബീഡിക്കുറ്റികളും തീപ്പെട്ടിക്കൊള്ളികളും പരന്നുകിടക്കുകയാണ്. കാലത്ത് ശാന്തിക്കാരൻ വരും. അതിനു മുമ്പ് അതൊക്കെ വാരിക്കളഞ്ഞ് വൃത്തിയാക്കണം.’’

 ജീവിതപ്പാത മാറ്റങ്ങളെ സമഗ്രമായി കാണാനുള്ള ശ്രമമാണ്. ഈ രേഖപ്പെടുത്തലിനായി കണ്ടെടുക്കുന്ന സ്ഥലങ്ങളും സന്ദർഭങ്ങളും  അനുഭവത്തിന്റെ മാനമുള്ളതാണ്. അതിനാൽ അനുഭവം എന്നതും പുതുതായി നിർവചിക്കപ്പെടുന്നു.

ജീവിതപ്പാത മാറ്റങ്ങളെ സമഗ്രമായി കാണാനുള്ള ശ്രമമാണ്. ഈ രേഖപ്പെടുത്തലിനായി കണ്ടെടുക്കുന്ന സ്ഥലങ്ങളും സന്ദർഭങ്ങളും  അനുഭവത്തിന്റെ മാനമുള്ളതാണ്. അതിനാൽ അനുഭവം എന്നതും പുതുതായി നിർവചിക്കപ്പെടുന്നു. ഈ വഴിക്കാണ് ഇത് വേറിട്ടതും  അനൗപചാരികവും അതിനാൽ രസനീയവുമായ കൃതിയായിത്തീരുന്നത്.

ഞാൻ എന്ന ആൾ ഇവിടെ സ്വകാര്യ വ്യക്തി അല്ല. പൊതുവെ സ്വകാര്യമായി കരുതാവുന്നവ വരെ  ഇവിടെ  അങ്ങനെയല്ലാതായിത്തീർന്നിരിക്കുന്നു.
(‘തമ്പാൻ'എന്ന അധ്യായത്തിലെ രാഷ്‌ട്രീയനേതാവ് ഏതാണ്ടൊരു കാരിക്കേച്ചറാണ് എന്ന് കാണുക. യാദൃച്ഛികമല്ല ഈ വഴക്കം).

വ്യക്തിപരം എന്ന ഭാവന ഇവിടെ വിപുലമായി മാറ്റിത്തീർത്തിരിക്കുന്നു.വൈരുധ്യങ്ങളടക്കം പൊതുചർച്ചയ്ക്ക് വരണം എന്ന നിലപാട് പുലരുകയാണ്.  
 ഇത് ആധുനികവും വിപ്ലവാത്മകവുമായ കാര്യവുമാണ്.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top