22 December Sunday
സമകാലികം - വി ബി പരമേശ്വരൻ

ഇത്‌നീ ജൽദി നഹി ജാനാ ഥാ കോമ്രേഡ്

വി ബി പരമേശ്വരൻUpdated: Wednesday Sep 25, 2024

കൊൽക്കത്തയിൽ സിപിഐ എം സംഘടിപ്പിച്ച റാലിയെ സീതാറാം യെച്ചൂരി അഭിസംബോധന ചെയ്യുന്നു

‌‌‌ 

ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയേൽക്കുകയും പ്രതികൂല സാഹചര്യങ്ങൾ മുനകൂർപ്പിച്ച് നിൽക്കുകയും ചെയ്യുന്ന സന്ദർഭത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ ശബ്ദം മുഴക്കിയ നേതാവാണ് അകാലത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, ആരെയും വെറുപ്പിക്കാത്ത, ഒരു മനുഷ്യനെയും താഴ്ത്തിക്കെട്ടാത്ത, എതിരാളികളെപ്പോലും സ്വതഃസിദ്ധമായ പുഞ്ചിരിയിൽ കീഴ്‌പ്പെടുത്തുന്ന ആ വലിയ മനസ്സിന്റെ ഉടമ ഇനി നമ്മുടെ ഇടയിൽ ഇല്ലെന്ന തിരിച്ചറിവ് കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. 

 

വി ബി പരമേശ്വരൻ

വി ബി പരമേശ്വരൻ

'ഇത്രയും വേഗം പോകേണ്ടിയിരുന്നില്ല സഖാവെ’  എന്നത് ലാലു പ്രസാദ് യാദവിന്റെ പ്രതികരണമാണെങ്കിലും സീതാറാം യെച്ചൂരിയെ അടുത്തറിയുന്നവരുടെയും അകലെനിന്ന് അദ്ദേഹത്തെ നോക്കിക്കാണുന്നവരുടെയും മനസ്സിൽ ഒരുപോലെ ഉയർന്ന വികാരമായിരുന്നു അത്. രണ്ട് ദശാബ്ദത്തോളം യെച്ചൂരിയുമായി അടുത്തിടപഴകാൻ അവസരം ലഭിച്ച എന്നിലും സെപ്തംബർ 12ന് മരണവാർത്ത അറിഞ്ഞപ്പോൾ ഉണ്ടായ വികാരം ഇതുതന്നെയായിരുന്നു.

എന്നെപ്പോലെയുള്ളവർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു ആ മനുഷ്യന്റെ സാന്നിധ്യം. ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയേൽക്കുകയും പ്രതികൂല സാഹചര്യങ്ങൾ മുനകൂർപ്പിച്ച് നിൽക്കുകയും ചെയ്യുന്ന സന്ദർഭത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ ശബ്ദം മുഴക്കിയ നേതാവാണ് അകാലത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞത്.

എല്ലാവരെയും ഉൾക്കൊള്ളുന്ന, ആരെയും വെറുപ്പിക്കാത്ത, ഒരു മനുഷ്യനെയും താഴ്‌ത്തിക്കെട്ടാത്ത, എതിരാളികളെപ്പോലും സ്വതഃസിദ്ധമായ പുഞ്ചിരിയിൽ കീഴ്‌പ്പെടുത്തുന്ന ആ വലിയ മനസ്സിന്റെ ഉടമ ഇനി നമ്മുടെ ഇടയിൽ ഇല്ലെന്ന തിരിച്ചറിവ് കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്.

ഒരു നല്ല കമ്യൂണിസ്റ്റുകാരൻ നല്ല മനുഷ്യസ്നേഹിയും ആയിരിക്കണമെന്ന പ്രമാണം അന്വർഥമാക്കുന്നതാണ് സീതാറാം യെച്ചൂരിയുടെ  ജീവിതം. ബദ്രി റെയ്‌ന എഴുതിയതുപോലെ ലാറ്റിൻ പദമായ ‘കമ്യൂണിസ് ’ എന്താണോ അർഥമാക്കുന്നത് അതായിരുന്നു യെച്ചൂരി. എല്ലാവരെയും സമഭാവനയോടെ കാണുന്ന കമ്യൂണിസ്റ്റ് പാർടിയുടെ സമുന്നത നേതാവ്.

ദേശാഭിമാനിയുടെ ഡൽഹി ലേഖകനായി 1990കളുടെ അവസാനം ഡൽഹിയിൽ എത്തിയതുമുതൽ അടുത്തു ബന്ധപ്പെടുന്ന നേതാക്കളിലൊരാളാണ് യെച്ചൂരി. ഖദർ ഷർട്ടും പാന്റും ധരിച്ച് ചുണ്ടത്ത് എപ്പോഴും സിഗരറ്റും സദാ വിരിയുന്ന പുഞ്ചിരിയുമായി  നടക്കുന്ന ആ ക്ലീൻ ഷേവുകാരനെ കാണാത്ത ദിവസങ്ങൾ അപൂർവമാണ്.

ഇതിനു പ്രധാനകാരണം ദേശാഭിമാനിയുടെ ഓഫീസും യെച്ചൂരി താമസിക്കുന്ന ഫ്ലാറ്റും ഞാൻ താമസിക്കുന്ന ഫ്ലാറ്റും റാഫി മാർഗിലെ വിത്തൽ ഭായ് പട്ടേൽ ഹൗസെന്ന വി പി ഹൗസിലായതിനാലാണ്.

ഒരുവേള ഞാനും യെച്ചൂരിയും അയൽവാസികളായും താമസിച്ചു. സിപിഐ എം പി ബി അംഗമായ യെച്ചൂരി വി പി ഹൗസിലെ 508ാം മുറിയിലും ഞാനും കുടുംബവും 510ാം മുറിയിലുമായി രണ്ട് വർഷത്തോളം താമസിച്ചു.

ഒരുവേള ഞാനും യെച്ചൂരിയും അയൽവാസികളായും താമസിച്ചു. സിപിഐ എം പി ബി അംഗമായ യെച്ചൂരി വി പി ഹൗസിലെ 508ാം മുറിയിലും ഞാനും കുടുംബവും 510ാം മുറിയിലുമായി രണ്ട് വർഷത്തോളം താമസിച്ചു. അന്നൊക്കെ ഒരു സെൻകാറിലായിരുന്നു യെച്ചൂരിയുടെ യാത്ര.

സ്വയം ഡ്രൈവ് ചെയ്യുമായിരുന്നു. അച്ഛന്റെ  മരണത്തെ തുടർന്ന് അമ്മ കൽപകം ഡൽഹിയിലേക്ക് താമസം മാറ്റിയതോടെയാണ് ആ കാർ അവരുടെ ഉപയോഗത്തിന് വിട്ടുനൽകി പാർടി ഓഫീസ് വാഹനം ഉപയോഗിക്കാൻ തുടങ്ങിയത്.

ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്‌ എന്നിവർക്കൊപ്പം യെച്ചൂരി

ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്‌ എന്നിവർക്കൊപ്പം യെച്ചൂരി

വാർത്താസംബന്ധമായ വിഷയങ്ങൾക്കാണ് പ്രധാനമായും യെച്ചൂരിയുമായി ബന്ധപ്പെട്ടിരുന്നത്. ഹർകിഷൻ സിങ്‌ സുർജിത്തും അതിനുശേഷം പ്രകാശ് കാരാട്ടും സിപിഐ എം ജനറൽ സെക്രട്ടറിയായ സമയത്ത് പാർടിയുടെ വക്താവ് എന്ന നിലയിൽ പ്രവർത്തിച്ചത് യെച്ചൂരിയായിരുന്നു.

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ ഒരു മടിയും കാണിക്കാത്തതുകൊണ്ടു തന്നെ മാധ്യമങ്ങളുടെ ഡാർലിങ്‌ ആയിരുന്നു അദ്ദേഹം. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മാതൃഭാഷയായ തെലുങ്ക്, ബംഗാളി, തമിഴ് എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുമെന്നതും അദ്ദേഹത്തിനുള്ള മികവാണ്.

2004ൽ യുപിഎ സർക്കാർ രൂപംകൊണ്ടപ്പോൾ യുപിഎ ഇടതുപക്ഷ ഏകോപന സമിതിയിൽ അംഗമായിരുന്നു യെച്ചൂരി. പ്രണബ് മുഖർജി ചെയർമാനായ ഈ സമിതിക്ക് ആണവക്കരാർ വിഷയത്തിൽ വലിയ പ്രാധാന്യം ലഭിക്കുകയും ചെയ്തു. 2018 ൽ ഇടതുപക്ഷം പിന്തുണ പിൻവലിക്കുന്നതിനു തൊട്ടുമുമ്പ് തുടർച്ചയായി ഈ സമിതിയുടെ യോഗം തൽക്കത്തോറ റോഡിലുള്ള പ്രണബ് മുഖർജിയുടെ വസതിയിൽ ചേരുക പതിവായിരുന്നു.

യോഗം കഴിഞ്ഞാൽ എന്ത് നടന്നുവെന്നറിയാൻ എ കെ ജി ഭവനിലേക്ക് പോകും. യെച്ചൂരി ഓഫീസിലെത്തിയ ശേഷമേ വസന്ത്  കുഞ്ജിലുള്ള വീട്ടിലേക്ക് പോകാറുള്ളൂ. സാധാരണ ദിവസങ്ങളിലും എ കെ ജി ഭവനിൽ നിന്ന് അവസാനം പുറത്തുപോകുന്ന  നേതാവ് യെച്ചൂരിയായിരുന്നു.

അതുകൊണ്ടു തന്നെ എ കെ ജി ഭവനിലെത്തിയാൽ ദേശാഭിമാനി ഉൾപ്പെടെയുള്ള പാർടി പത്രങ്ങൾ എന്ത് റിപ്പോർട്ട് ചെയ്യണമെന്ന കൃത്യമായ ബ്രീഫിങ്‌ യെച്ചൂരിയിൽനിന്നു ലഭിക്കുമായിരുന്നു.

കമ്യൂണിസ്റ്റുകാർ സാമ്രാജ്യവിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്നവരാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. യെച്ചൂരിയും അതിൽനിന്നു ഭിന്നനല്ല. സാമ്രാജ്യത്വ മുതലാളിത്തം മുന്നോട്ടുവയ്‌ക്കുന്ന നവ ഉദാരവാദ നയത്തിന്റെ കടുത്ത വിമർശകനുമായിരുന്നു അദ്ദേഹം. എങ്ങനെയാണ് ഈ സാമ്രാജ്യ വിരുദ്ധത ജീവിതത്തിന്റെ ഭാഗമായതെന്ന ചോദ്യത്തിന് ആവേശത്തോടെയാണ് യെച്ചൂരി പ്രതികരിക്കാറുള്ളത്.

ജെഎൻയുവിൽ ചേരുന്ന വേളയിലാണ് ചിലിയിൽ അമേരിക്കൻ പാവയായ പിനോച്ചെ സോഷ്യലിസ്റ്റ് പ്രസിഡന്റ്‌ സാൽവദോർ അലൻഡെയെ വധിച്ച് (1973 സെപ്തംബർ 11) ഭരണം പിടിച്ചെടുത്തതും നിയോ ലിബറൽ പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചതും.

ഇതേ ഘട്ടത്തിൽത്തന്നെയാണ് ഹോചിമിന്റെ നേതൃത്വത്തിൽ വിയറ്റ്‌നാം ജനത അമേരിക്കൻ സാമ്രാജ്യത്വത്തെ തോൽപ്പിച്ചത്. പലസ്തീൻ വിമോചന പ്രസ്ഥാനം യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ കരുത്തുകാട്ടിയതും ഇതേ കാലഘട്ടത്തിലായിരുന്നു.

ഒപ്പം ഫിദൽ കാസ്ട്രോയും ക്യൂബയും ഉയർത്തിയ ചെറുത്തുനിൽപ്പുകളും ആവേശദായകമായിരുന്നു. ഇതെല്ലാമാണ് തന്നെ സാമ്രാജ്യത്വവിരുദ്ധ പക്ഷത്ത് അടിയുറപ്പിച്ചു നിർത്തിയതെന്ന് യെച്ചൂരി പലപ്പോഴും ഓർത്തെടുക്കാറുണ്ട്. ചിലിയിലെ അട്ടിമറിക്കു ശേഷം അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹെൻറി കിസിഞ്ചർ 1974ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രതിഷേധം ഉയർത്തുന്നതിൽ മുൻനിരയിൽത്തന്നെ യെച്ചൂരി ഉണ്ടായിരുന്നു. വിയറ്റ്‌നാം, പലസ്തീൻ, ക്യൂബ ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾക്കും അദ്ദേഹം സജീവ പിന്തുണയേകി.

ദീർഘകാലം സിപിഐ എമ്മിന്റെ സാർവദേശീയ വിഭാഗത്തിന്റെ തലപ്പത്ത് ഇരുന്നയാളാണ് യെച്ചൂരി. അതുകൊണ്ടു തന്നെ പല നേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഇത് നേരിട്ടനുഭവിച്ച രണ്ട് സന്ദർഭങ്ങളുണ്ടായിരുന്നു.

അതിൽ ഒന്നാമത്തേത് നേപ്പാളിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) കക്ഷിക്ക് പാർലമെന്ററി മാർഗം സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി പ്രചണ്ഡയും ബാബുറാം ഭട്ടാറായിയും (ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്നു) ന്യൂഡൽഹിയിലെത്തി യെച്ചൂരിയുമായും പ്രകാശ്‌ കാരാട്ടുമായും ചർച്ച നടത്തിയ വേളയായിരുന്നു.

2008ൽ ആദ്യ പ്രചണ്ഡ സർക്കാർ രൂപം കൊള്ളുന്നതിനു മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. യെച്ചൂരിയുടെ പേരിലുള്ള കസ്തൂർബ ഗാന്ധി മാർഗിലെ പതിനൊന്നാം നമ്പർ വസതിയിൽ വെച്ചാണ് ഇവർ നാലുപേരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. യെച്ചൂരിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വീരയ്യ കൊണ്ടൂരി നേരത്തേ ആന്ധ്രയിലെ പ്രജാശക്തി ലേഖകനായിരുന്നു. അതുവഴിയാണ് ഇത്തരമൊരു യോഗത്തെക്കുറിച്ച് ഞാൻ അറിഞ്ഞത്.

ഈ ചർച്ചയ്ക്കൊടുവിലാണ് പ്രചണ്ഡ സർക്കാരിന് വഴി തെളിഞ്ഞത്. പ്രചണ്ഡ സർക്കാരിന് കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യു എംഎൽ) പിന്തുണ ഉറപ്പാക്കുന്നതിലും സിപിഐ എം നേതാക്കളുടെ ഇടപെടലുണ്ടായിരുന്നു. രണ്ടാമത്തെ സന്ദർഭം 2009 നവംബറിൽ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് ആൻഡ്‌ വർക്കേഴ്സ് പാർടികളുടെ പതിനൊന്നാമത് സമ്മേളനം ന്യൂഡൽഹിയിൽ നടന്നപ്പോൾ അതിന്റെ മുഖ്യ സംഘാടകനായിരുന്നു യെച്ചൂരി.

ഗ്രീക്ക് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലാണ് 1998 മുതൽ സാർവദേശീയ കമ്യൂണിസ്റ്റ് പാർടികളുടേയും വർക്കേഴ്സ് പാർടികളുടെയും അന്താരാഷ്ട്ര സമ്മേളനം ചേരാൻ ആരംഭിച്ചത്.

പ്രകാശ്‌ കാരാട്ട്‌, സീതാറാം യെച്ചൂരി, പിണറായി വിജയൻ

പ്രകാശ്‌ കാരാട്ട്‌, സീതാറാം യെച്ചൂരി, പിണറായി വിജയൻ

അന്ന് യെച്ചൂരിക്കൊപ്പം വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു. സാമ്രാജ്യത്വാനുകൂല വിദേശ ഫണ്ടിങ്ങോടുകൂടിയുള്ള സർക്കാരിതര സംഘടനകൾക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിച്ച നേതാവായിരുന്നു യെച്ചൂരി. അതോടൊപ്പം സ്വത്വരാഷ്ട്രീയത്തെയും അദ്ദേഹം എതിർത്തു.

നേരത്തേ സൂചിപ്പിച്ചതുപോലെ നവ ഉദാരവാദ നയത്തെ എതിർക്കുന്നതിൽ ഒരു ലോഭവും യെച്ചൂരി കാട്ടിയിരുന്നില്ല. സിപി ഐ എമ്മിന്റെ മുഖവാരികയായ പീപ്പിൾസ്‌ ഡെമോക്രസിയുടെ എഡിറ്ററായിരിക്കെ എഴുതിയ മുഖപ്രസംഗങ്ങളിലും ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയിരുന്ന ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് എന്ന കോളത്തിലും നവ ഉദാരവാദ യുക്തിയെ അദ്ദേഹം നിശിതമായി വിമർശിച്ചു.

ഡങ്കൽ ഡ്രാഫ്റ്റിനെ എതിർക്കാൻ രൂപീകരിച്ച നാഷണൽ പാറ്റന്റ്‌ വർക്കിങ്‌ ഗ്രൂപ്പിലെ നിറസാന്നിധ്യമായിരുന്നു യെച്ചൂരി. ലോക വ്യാപാര സംഘടന മുന്നോട്ടുവെച്ച പാറ്റന്റ്‌ നിയമത്തെ അദ്ദേഹം ശക്തിയുക്തം എതിർത്തു.

ബദൽ സാമ്പത്തിക നയം രൂപീകരിക്കാനുള്ള സമിതിയിൽ (പ്രിപ്പറേറ്ററി കമ്മിറ്റി ഫോർ ആൾട്ടർനേറ്റീവ് ഇക്കോണമിക് പോളിസീസ്) അംഗമായ യെച്ചൂരി 1993‐94, 1994‐95 വർഷങ്ങളിൽ ബദൽ ബജറ്റ് മുന്നോട്ടുവയ്‌ക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. നിയോ ലിബറൽ നയങ്ങൾക്ക് ബദലില്ലെന്ന (മാർഗരറ്റ് താച്ചർ മുന്നോട്ടു വെച്ച TINA‐ - There Is no alternative)വാദത്തെ ഖണ്ഡിച്ച് ബദൽ ഉണ്ടെന്ന് വിളിച്ചു പറയാനുള്ള ശ്രമമാണ് യെച്ചൂരിയും കൂട്ടരും നടത്തിയത്.

ഇവർ നൽകിയ റിപ്പോർട്ടുകളും പഠനങ്ങളും ആസ്പദമാക്കി പാറ്റന്റ്‌ നിയമങ്ങളെക്കുറിച്ച് ഒരു പരമ്പര തന്നെ ഞാൻ പിന്നീട് ദേശാഭിമാനിയിൽ എഴുതുകയുണ്ടായി. നിയോലിബറലിസത്തിനെതിരായ സീതാറാമിന്റെ പോരാട്ടം പരിഗണിച്ച് ഇടതുപക്ഷ സർക്കിളുകളിൽ TINA ക്ക് പകരമായി SITA (Socialism IsThe Alternative) എന്ന പദപ്രയോഗം പോലും വ്യാപകമാവുകയുണ്ടായി. യെച്ചൂരിയുമായി അടുത്ത ബന്ധമുള്ളവർ അദ്ദേഹത്തെ വിളിച്ചത് സീത  (SITA) എന്നായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ യെച്ചൂരി ശ്രദ്ധിക്കപ്പെട്ടത് വ്യത്യസ്തധാരകളിൽപെട്ട രാഷ്ട്രീയ പാർടികളെ ഒരു ചരടിൽ കോർത്തിണക്കി കൂട്ടായ്മ രൂപീകരിക്കുന്നതിലാണ്. ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിനെതിരെ ഇന്ത്യ എന്ന ആശയം ശക്തമായി മുന്നോട്ടുവയ്‌ക്കുന്നതിന്റെ ഭാഗം കൂടിയായിരുന്നു യെച്ചൂരിക്ക് ഈ സഖ്യ രൂപീകരണം. ഹർകിഷൻ സിങ് സുർജിത്തിന്റെ വലംകയ്യായി പ്രവർത്തിച്ച പരിചയമാണ് സഖ്യരൂപീകരണത്തിൽ മാസ്റ്റർ വോയ്‌സായി മാറാൻ യെച്ചൂരിയെ സഹായിച്ചത്.

വ്യത്യസ്ത വീക്ഷണഗതികളെ ബഹുമാനിക്കാനും അതുവഴി ഒരു പൊതു ലക്ഷ്യത്തിനായി അവരെയൊക്കെ ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്താനും പ്രത്യേക വൈദഗ്‌ധ്യം തന്നെ യെച്ചൂരിക്കുണ്ടായിരുന്നു. 1996ലെ ഐക്യമുന്നണി (യുനൈറ്റഡ് ഫ്രണ്ട്) സർക്കാർ രൂപീകരണത്തിലും 2004 ലെ ഐക്യപുരോഗമന (യുപിഎ)

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

സർക്കാർ രൂപീകരണത്തിലും സുർജിത്തിനൊപ്പം പ്രവർത്തിച്ച യെച്ചൂരി 2023ൽ ‘ഇന്ത്യ’ കൂട്ടുകെട്ട് രൂപീകരിക്കുന്നതിൽ രാഹുൽ ഗാന്ധിക്കൊപ്പം നിർണായക പങ്കു തന്നെ വഹിച്ചു.

1996 നെയും 2004 നെയും അപേക്ഷിച്ച് ബിജെപി വിരുദ്ധ കൂട്ടുകെട്ട് രൂപീകരിക്കുക ഏറ്റവും പ്രയാസകരമായ കാലഘട്ടമാണ് 2023 എന്ന് ഓർക്കണം. ബിജെപി വിരുദ്ധ വേദിയിലേക്ക് അടുക്കുന്ന രാഷ്ട്രീയകക്ഷി നേതാക്കളെ കേന്ദ്ര ഏജൻസികളെ അയച്ച് ഭീഷണിപ്പെടുത്താനും ജയിലിലടയ്‌ക്കാനും മടിക്കാത്ത ഏകാധിപത്യച്ചുവയുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലുള്ളപ്പോഴാണ് ‘ഇന്ത്യ’ രൂപീകരണം എന്നോർക്കുക.

പല ഘട്ടങ്ങളിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ യെച്ചൂരിയുടെ സഹായം തേടിയതായി ദേശീയ മാധ്യമങ്ങൾ തന്നെ റിപ്പോർട്ടു ചെയ്യുകയുണ്ടായി.

ഇതിനു പ്രധാന കാരണം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി യെച്ചൂരി പുലർത്തിയ ബന്ധമാണ്. അതോടൊപ്പം രാഷ്ട്രീയ സത്യസന്ധതയും മതനിരപേക്ഷ ജീവിതവും രാഷ്ട്രീയത്തിലും രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും മാർക്‌സിസം  ലെനിനിസത്തിലും ഉള്ള അഗാധമായ അറിവും അത് ലളിതമായി ഉദാഹരണസഹിതം വിശദീകരിക്കാനുള്ള കഴിവും യെച്ചൂരിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായി മാറ്റി. ഭിന്നധ്രുവങ്ങളിൽ നിൽക്കുന്ന നേതാക്കൾ പോലും അദ്ദേഹവുമായി സൗഹൃദം കൊതിച്ചു.

ഉപരാഷ്ട്രപതി ഭൈറോൺ സിങ്‌ ഷെഖാവത്ത് ഒരു ദിവസം വസന്ത് കുഞ്ജിലെ വസതിയിലെത്തി യെച്ചൂരിയെ കണ്ടതു പോലുള്ള നിരവധി അനുഭവങ്ങൾ ഈ ലേഖകന് ഓർത്തെടുക്കാനാകും.

കപിൽസിബൽ

കപിൽസിബൽ

കപിൽ സിബൽ പറഞ്ഞതുപോലെ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ ഏതെങ്കിലും അധികാര പദവിയോ സ്ഥാനമാനങ്ങളോ സ്വപ്നം കണ്ടല്ല യെച്ചൂരിയെ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾ പ്രവർത്തിച്ചത്. നിസ്വരും നിരാലംബരുമായ ജനതയ്ക്കു വേണ്ടിയാണ് അവർ ജീവിതം ഹോമിച്ചത്.

ഒരിക്കൽ പോലും അധികാരത്തിലിരിക്കാത്ത വ്യക്തിയാണ് യെച്ചൂരിയെന്ന് അരുൺ ജെയ്റ്റ്‌ലി നടത്തിയ പരിഹാസത്തിന് 2017 ൽ രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിനിടയിൽ യെച്ചൂരി പറഞ്ഞ മറുപടി പ്രസിദ്ധമാണ്. സർക്കാരുകൾക്ക് പുറത്തു നിന്നു പിന്തുണ നൽകുക എന്ന രീതിയുടെ പാറ്റന്റ്‌ സിപിഐ എമ്മിന് അവകാശപ്പെട്ടതാണെന്നായിരുന്നു ആ മറുപടി.

അധികാരമല്ല ജനക്ഷേമമാണ്, മതനിരപേക്ഷതയാണ്, ജനാധിപത്യമാണ്, സർവോപരി ഭരണഘടനയാണ് വിഷയം. അതിനായി ഒരു ജീവിതം മുഴുവൻ ജീവിച്ച കമ്യൂണിസ്റ്റാണ് യെച്ചൂരി.

‘രാജ്യസഭാംഗമെന്ന നിലയിൽ യെച്ചൂരി നടത്തിയ പ്രസംഗങ്ങൾ കക്ഷിഭേദമെന്യെ അംഗങ്ങൾ ശ്രദ്ധയോടെ ശ്രവിച്ചിരുന്നു. സീതയും രാമനും പേരിലുള്ള യെച്ചൂരി ഹിന്ദുത്വ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്നത് ബിജെപി ബെഞ്ചുകളെ ചൊടിപ്പിച്ചിരുന്നു. 2017ലെ വിടവാങ്ങൽ പ്രസംഗം അവസാനിപ്പിച്ചതുപോലും വൈവിധ്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ ഇന്ത്യ എന്ന ആശയത്തെ ഉയർത്തിപ്പിടിച്ചായിരുന്നു.

ചെന്നൈയിലെ ഒരാശുപത്രിയിൽ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് ഇസ്ലാമിക സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഹൈദരാബാദിൽ പഠിച്ച് ഉപരിപഠനത്തിനായി ഡൽഹിയിലെത്തി ഒരു സൂഫിയുടെ മകളെ കല്യാണം കഴിച്ച ഞാൻ, എന്റെ മകനെ ഇന്ത്യക്കാരനെന്നല്ലാതെ എന്ത് വിളിക്കും എന്ന യെച്ചൂരിയുടെ ചോദ്യം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കുന്നതായിരുന്നു.

ചെന്നൈയിലെ ഒരാശുപത്രിയിൽ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് ഇസ്ലാമിക സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഹൈദരാബാദിൽ പഠിച്ച് ഉപരിപഠനത്തിനായി ഡൽഹിയിലെത്തി ഒരു സൂഫിയുടെ മകളെ കല്യാണം കഴിച്ച ഞാൻ, എന്റെ മകനെ ഇന്ത്യക്കാരനെന്നല്ലാതെ എന്ത് വിളിക്കും എന്ന യെച്ചൂരിയുടെ ചോദ്യം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കുന്നതായിരുന്നു.

ഒരു രാഷ്ട്രം ഒരു മതം ഒരു ഭാഷ എന്ന ആർഎസ്എസിന്റെ പ്രത്യശാസ്ത്രത്തെ യെച്ചൂരി പീച്ചിച്ചീന്തുകയായിരുന്നു. അത്തരമൊരാളുടെ സാന്നിധ്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ആവശ്യമുള്ള ഘട്ടത്തിലാണ് യെച്ചൂരിയുടെ വേർപാട് എന്നതാണ് ഏറെ ഖേദകരം. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ജനാധിപത്യത്തിന്റെ, മതനിരപേക്ഷതയുടെ ജ്വലിക്കുന്ന ബിംബമായി യെച്ചൂരി ഓർമിക്കപ്പെടുക തന്നെ ചെയ്യും.

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top