27 September Friday

സീതാറാം യെച്ചൂരി: ഓർമയിലെ നിത്യപ്രചോദനം

എം എ ബേബിUpdated: Thursday Sep 26, 2024

സീതാറാം യെച്ചൂരി ഫോേട്ടാ: ജഗത്‌ലാൽ

 

വർഗീയ തീവ്രവാദം ‘ഇന്ത്യ’ എന്ന ആശയത്തെയും ഭരണഘടനാ മൂല്യങ്ങളെയും തകർത്തു തരിപ്പണമാക്കാൻ പരിശ്രമിക്കുന്ന അത്യന്തം ആപൽക്കരമായ സമകാലിക രാഷ്‌ട്രീയ സാഹചര്യത്തിൽ അതിനെതിരായ വിശാല സമരപ്രസ്ഥാനം കരുപ്പിടിപ്പിക്കണമെന്ന സിപിഐ എം കാഴ്‌ചപ്പാട്‌ പ്രാവർത്തികമാക്കാൻ ആരോഗ്യം മറന്ന്‌ ഓടിനടക്കുന്നതിനിടയിലാണ്‌ സഖാവ്‌ സീതാറാം നമ്മെ വിട്ടുപിരിഞ്ഞത്‌. എം എ ബേബി എഴുതുന്നു.


എം എ ബേബി

എം എ ബേബി

പച്ച മനുഷ്യൻ, അപൂർവ പ്രതിഭാശാലി, അചഞ്ചലനായ പോരാളി, മനുഷ്യവിരുദ്ധ പാരമ്പര്യങ്ങളുടെ നിഷേധി, എതിരാളികളുടെ പോലും സ്‌നേഹാദരങ്ങൾ നേടിയ വിസ്‌മയം‐ഇങ്ങനെ എണ്ണമറ്റ വിശേഷണങ്ങൾ പ്രിയ സഖാവ്‌ സീതാറാം യെച്ചൂരിയെപ്പറ്റി ഓരോരുത്തർക്കും പറയാനാകും. അരനൂറ്റാണ്ടിനടുത്ത കാലം ഒപ്പമുണ്ടായിരുന്ന എനിക്ക്‌ അത്തരം അഭിപ്രായപ്രകടനങ്ങളിലെല്ലാം സഖാവിന്റെ അസാധാരണ മികവിന്റെ ചില വശങ്ങൾ മാത്രമേ പരാമർശിച്ചിട്ടുള്ളൂവെന്ന്‌ സാക്ഷ്യപ്പെടുത്താനാകും.

എല്ലാ തലങ്ങളിലും മികച്ച വിദ്യാർഥിയായിരുന്നു യെച്ചൂരി എന്നത്‌ വിദ്യാഭ്യാസ റെക്കോഡുകളുടെ ഭാഗമാണ്‌. സിബിഎസ്‌സി പരീക്ഷയിൽ ദേശീയമായി ഒന്നാം റാങ്ക്‌, സെന്റ്‌ സ്‌റ്റീഫൻസ്‌ കോളേജിൽനിന്ന്‌ ബി എ ഓണേഴ്‌സിന്‌ ഫസ്‌റ്റ്‌ ക്ലാസ്‌, ജെഎൻയുവിൽ നിന്ന്‌ അർഥശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം ഫസ്‌റ്റ്‌ ക്ലാസ്‌.

എം എ ബേബി, സീതാറാം യെച്ചൂരി, സൈഫുദ്ദീൻ ചൗധരി

എം എ ബേബി, സീതാറാം യെച്ചൂരി, സൈഫുദ്ദീൻ ചൗധരി

എങ്ങനെയാണ്‌ യെച്ചൂരി അതിസമർഥനായ വിദ്യാർഥിയായത്‌ എന്ന വസ്‌തുത ഞങ്ങൾ ഒരുമിച്ച്‌ കമ്മിറ്റികളിൽ പങ്കെടുത്ത സന്ദർഭങ്ങളിൽ എനിക്ക്‌ സംശയരഹിതമായി മനസ്സിലാക്കാൻ കഴിഞ്ഞു. കമ്മിറ്റി ചർച്ചകളും തീരുമാനങ്ങളും സഖാവ്‌ സൂക്ഷ്‌മമായ ശ്രദ്ധയോടെ കുറിപ്പുകളായി തത്സമയം എഴുതി സൂക്ഷിക്കും. എഴുതുന്നതോ? വായിക്കാൻ അവസരം കിട്ടുന്നവരുടെ അസൂയ പിടിച്ചുപറ്റും വിധം ഭംഗിയും വ്യക്തതയുമുള്ള വടിവൊത്ത അക്ഷരങ്ങളിൽ.

ഇത്രമാത്രം ശ്രദ്ധിച്ച്‌ ക്ലാസുകളിൽ ഒരാൾ കുറിപ്പെടുത്താൽ മികച്ച പഠനത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ അതോടെ കഴിഞ്ഞു. പിന്നീട്‌ ഒരിക്കൽക്കൂടി ഒന്നോടിച്ചു വായിച്ചാൽ അവ പിന്നെ മനസ്സിൽ നിന്ന്‌ ഒരിക്കലും മാഞ്ഞുപോവില്ല തന്നെ.

ഇ എം എസ്‌

ഇ എം എസ്‌

ബി ടി രണദിവെ

ബി ടി രണദിവെ

ബസവപുന്നയ്യ

ബസവപുന്നയ്യ

പുതിയ തലമുറ നേതൃത്വത്തെ ശ്രദ്ധാപൂർവം വളർത്തിയെടുക്കുന്ന കാര്യം ഇ എം എസ്‌, ബി ടി രണദിവെ, ബസവ പുന്നയ്യ, ഹർകിഷൻ സിങ് സുർജിത് തുടങ്ങിയ തലമുതിർന്ന നേതാക്കൾ ചർച്ച ചെയ്‌തപ്പോൾ പശ്ചിമ ബംഗാളിനും കേരളത്തിനും പുറത്തുനിന്ന്‌ കണ്ടെത്തിയ രണ്ടുപേർ ‐ സഖാക്കൾ പ്രകാശ്‌ കാരാട്ടും സീതാറാം യെച്ചൂരിയും - പാർടി ജനറൽ സെക്രട്ടറിമാരായി വളർന്നത്‌ ഒട്ടേെറ ഘടകങ്ങൾ അവരുടെ വളർച്ചയിൽ യോജിച്ചു പ്രവർത്തിച്ചതുകൊണ്ടാണ്‌.

സീതാറാം യെച്ചൂരിയുടെ കുടുംബപശ്ചാത്തലം ആന്ധ്രാപ്രദേശ്‌ ആയിരുന്നുവെങ്കിലും അദ്ദേഹം ഡൽഹി കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചുകൊണ്ടാണ്‌ പാർടി നേതൃത്വത്തിലേയ്ക്ക്‌ വന്നത്‌ എന്ന്‌ നമുക്കറിയാം. മലയാളിയായ പ്രകാശ്‌ കാരാട്ടും ഡൽഹി കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചുകൊണ്ടാണ്‌ പാർടിയുടെ മുൻനിരയിലേക്ക്‌ വരുന്നത്‌. ഇരുവരുടെയും സൈദ്ധാന്തിക ബലമാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഘടകം.

അടിയന്തരാവസ്ഥയുടെ ദുരന്ത ഭീകര ദിനങ്ങളിൽ ഡൽഹിയിലും ഉത്തരേന്ത്യയിലും ജനാധിപത്യ‐പൗര സ്വാതന്ത്ര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ഇരുവരും സജീവമായി സംഘടിപ്പിച്ചു. ഒളിവിലിരുന്നും ജയിലിൽ കിടന്നും അത്തരം പ്രവർത്തനങ്ങളിൽ അവർ നേതൃത്വപരമായ പങ്ക്‌ വഹിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ സർവകലാശാലയുടെ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി രണ്ടുവർഷത്തിനിടയിൽ മൂന്നുതവണ സഖാവ്‌ യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ട സവിശേഷ അനുഭവവുമുണ്ടായി.
ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ പദവി വഹിച്ചിരുന്ന ഇന്ദിരാഗാന്ധി, 1977ലെ തെരഞ്ഞെടുപ്പിൽ തോറ്റ്‌ നിലംപൊത്തിയെങ്കിലും ജെഎൻയു ചാൻസലർ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധയായില്ല. ഇതേത്തുടർന്ന്‌ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന യെച്ചൂരിയുടെ നേതൃത്വത്തിൽ വലിയൊരു പ്രകടനം ഇന്ദിരാഗാന്ധിയുടെ താമസസ്ഥലത്തിന്‌ മുന്നിലെത്തി. അടിയന്തരാവസ്ഥയെന്ന സ്വേച്ഛാധിപത്യ ഭീകരവാഴ്‌ചയുടെ മർദക ഭരണ പരിപാടികൾക്ക്‌ നേതൃത്വം നൽകിയ ഇന്ദിരാഗാന്ധി പുറത്തേക്ക്‌ വരികയും സീതാറാം യെച്ചൂരി വായിച്ച്‌ അവതരിപ്പിച്ച പ്രമേയം ക്ഷമാപൂർവം കേൾക്കുകയും ചെയ്‌തു.

ഇന്ദിരാഗാന്ധിക്ക്‌ മുന്നിൽ സീതാറാം യെച്ചൂരി ജെഎൻയു വിദ്യാർഥി യൂണിയന്റെ പ്രമേയം വായിക്കുന്നു

ഇന്ദിരാഗാന്ധിക്ക്‌ മുന്നിൽ സീതാറാം യെച്ചൂരി ജെഎൻയു വിദ്യാർഥി യൂണിയന്റെ പ്രമേയം വായിക്കുന്നു

തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ ഇന്ദിരാഗാന്ധി ജെഎൻയുവിന്റെ ചാൻസലർ പദവിയും രാജിവച്ച്‌ ഒഴിയണം എന്ന ആവശ്യമായിരുന്നു മുഖ്യം.

പുറത്തേക്കിറങ്ങി വന്ന്‌ വിദ്യാർഥികളുടെ മുന്നിൽ, തലക്കനമൊക്കെ മാറ്റിവച്ച്‌ ഇന്ദിരാഗാന്ധി കേട്ടുകൊണ്ട്‌ നിലകൊണ്ടത്‌ ശ്രദ്ധേയമാണ്‌. സീതാറാം യെച്ചൂരിയിലെ ജനകീയ സമരമുഖം ജെഎൻയുക്കാലം കൃത്യമായി വെളിപ്പെടുത്തി.

ഹർകിഷൻ സിങ് സുർജിത്

ഹർകിഷൻ സിങ് സുർജിത്

എസ്‌എഫ്‌ഐ അഖിലേന്ത്യാ കേന്ദ്രത്തിന്റെ ഭാഗമായുള്ള സമര സംഘടനാ പ്രവർത്തനങ്ങളും സ്‌റ്റുഡന്റ്‌ സ്‌ട്രഗിൾ എന്ന എസ്‌എഫ്‌ഐ മുഖപത്രത്തിന്റെ എഡിറ്റർ എന്ന നിലയിലുള്ള വളരെ മികച്ച പ്രവർത്തനങ്ങളും ബഹുഭാഷാ പരിചയവും പാണ്ഡിത്യവും തൊഴിലാളി വർഗ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാവി നേതാവായി സീതാറാം വളരാനുള്ള സാധ്യതകളിലേക്ക്‌ വിരൽചൂണ്ടി.

സമ്പന്ന സവർണ ബ്രാഹ്മണ കുടുംബത്തിൽ പിറന്ന്‌ തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രനായി മാറിയ സഖാവ്‌ സീതാറാം ഫ്യൂഡൽ ജാതിമേധാവിത്വത്തിന്റെ പൂണൂൽ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ്‌ തന്റെ ബോധനവീകരണ ജീവിതം സമാരംഭിച്ചത്‌.

എസ്‌എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾത്തന്നെ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ സ്ഥിരം ക്ഷണിതാവാകുകയും തുടർന്ന്‌ കേന്ദ്ര സെക്രട്ടറിയറ്റിലേക്ക്‌ വരികയും ചെയ്‌തു. ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെന്റിൽ സഖാവ്‌ ഹർകിഷൻ സിങ്‌ സുർജിത്തിന്റെ സഹായിയായി പ്രവർത്തിച്ചുകൊണ്ട്‌ വിപുലമായ സാർവദേശീയ അനുഭവങ്ങൾ സഖാവിന്‌ ആർജിക്കാൻ കഴിഞ്ഞു.

സഖാവ്‌ സുർജിത്ത്‌, സഖാവ്‌ ഇ എം എസിനു ശേഷം സിപിഐ എം ജനറൽ സെക്രട്ടറിയായതോടെ ഇന്റർനാഷണൽ ഡിപ്പാർട്ട്മെന്റിന്റെ ചുമതല സഖാവ്‌ സീതാറാം യെച്ചൂരി നേരിട്ട്‌ നിർവഹിക്കുന്ന സാഹചര്യമുണ്ടായി.

ചെക്കോസ്ലോവാക്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയും സിപിഐ എമ്മും തമ്മിൽ  ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടശേഷം ചെക്ക്‌ പാർടി നേതാവ്‌ റുഡോൾഫ്‌ ഹാഗൻലാർട്ടും സുർജിത്തും ഹസ്‌തദാനം ചെയ്യുന്നു. യെച്ചൂരി സമീപം

ചെക്കോസ്ലോവാക്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയും സിപിഐ എമ്മും തമ്മിൽ ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടശേഷം ചെക്ക്‌ പാർടി നേതാവ്‌ റുഡോൾഫ്‌ ഹാഗൻലാർട്ടും സുർജിത്തും ഹസ്‌തദാനം ചെയ്യുന്നു. യെച്ചൂരി സമീപം

സോവിയറ്റ്‌ യൂണിയൻ ശിഥിലമാവുകയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്‌റ്റ്‌ പരീക്ഷണങ്ങൾ തിരിച്ചടി നേരിടുകയും ചെയ്‌ത കഴിഞ്ഞ നൂറ്റാണ്ടിലെ എട്ടും ഒമ്പതും പതിറ്റാണ്ടുകൾ ലോകത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടികളെയും അതിന്റെ കോടിക്കണക്കിന്‌ പ്രവർത്തകരെയും അനുഭാവികളെയും അമ്പരപ്പിച്ച ദശാസന്ധിയായിരുന്നു. പല പാർടികളും പരിപാടിയും ഭരണഘടനയും പാടേ തിരുത്തിയെഴുതുകയും ചുവപ്പ്‌ പതാക ഉപേക്ഷിക്കുകയോ കമ്യൂണിസ്‌റ്റ്‌ പാർടി എന്ന പേരു തന്നെ ഉപേക്ഷിക്കുകയോ ചെയ്‌തു.

ഇന്ത്യയിലെ ബൂർഷ്വാ പത്രങ്ങളും പ്രതിലോമ ശക്തികളും കമ്യൂണിസ്‌റ്റ്‌ പാർടികൾക്ക്‌ ഭാവിയില്ല എന്ന്‌ പ്രഖ്യാപിച്ചു. പാർടി തന്നെ പിരിച്ചുവിട്ടുകൂടേയെന്ന്‌ പരിഹസിക്കാനും അത്തരക്കാർ മടിച്ചില്ല.
വളരെ സങ്കീർണവും ആശങ്കാപൂർണവുമായ ആ നാളുകളിൽ മദ്രാസിൽ സിപിഐ എം അതിന്റെ പതിനാലാം പാർടി കോൺഗ്രസിന്റെ വേദിയിൽ 1992ൽ ഒത്തുചേർന്നു.

സോവിയറ്റ്‌ യൂണിയനിലും കിഴക്കൻ യൂറോപ്പിലും സംഭവിച്ച കാര്യങ്ങൾ ലോകരാഷ്‌ട്രീയത്തിൽ ചരിത്രപ്രാധാന്യമുള്ള പൊളിച്ചെഴുത്തിനാണ്‌ ഇടയാക്കിയിട്ടുള്ളത്‌ എന്നതിനാൽ അവയുടെ പ്രത്യയശാസ്‌ത്രപരമായ വിവക്ഷകൾ ചർച്ച ചെയ്യുന്ന ഒരു രേഖയും പാർടി കോൺഗ്രസിൽ അവതരിപ്പിക്കണമെന്ന്‌ പാർടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

പാർടിയുടെ പ്രഖ്യാത താത്വികാചാര്യനായ മാക്കിനേനി ബസവപുന്നയ്യയുടെ (എം ബി) മാർഗനിർദേശത്തിൽ സഖാവ്‌ സീതാറാം യെച്ചൂരിയാണ്‌ അതിന്റെ കരട്‌ തയ്യാറാക്കുന്നതിെന്റ മുഖ്യ ഉത്തരവാദിത്വം വഹിച്ചത്‌. പൊളിറ്റ്‌ ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചർച്ചചെയ്‌ത്‌ ഒട്ടേറെ ഭേദഗതി വരുത്തിയ രൂപത്തിൽ അത്‌ പാർടി കോൺഗ്രസ്‌ പ്രതിനിധികളുടെ ചർച്ചയ്‌ക്ക്‌ അവതരിപ്പിക്കേണ്ട ഘട്ടമെത്തി.

സീതാറാം യെച്ചൂരി ഇ എം എസിനൊപ്പം വിദേശ സന്ദർശനവേളയിൽ

സീതാറാം യെച്ചൂരി ഇ എം എസിനൊപ്പം വിദേശ സന്ദർശനവേളയിൽ

പാർടി ജനറൽ സെക്രട്ടറി സഖാവ്‌ ഇ എം എസും താത്വിക വിഷയങ്ങളിൽ നല്ല അടിത്തറയുള്ള നേതാവാണ്‌. സാക്ഷാൽ ബസവപുന്നയ്യയുമുണ്ട്‌. എന്നാൽ തലമുതിർന്ന നേതാക്കൾ യുവാവായ സഖാവ്‌ സീതാറാമിനെ ആ ചുമതല ഏൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അത്‌ സംബന്ധിച്ച്‌ സഖാവ്‌ സീതാറാം തന്നെ എന്നോട്‌ പറഞ്ഞത്‌ ഞാനോർക്കുന്നു. സഖാവ്‌ എം ബിയോട്‌ സീതാറാം അഭ്യർഥിച്ചത്‌ എം ബി തന്നെ അത്‌ അവതരിപ്പിക്കണമെന്നായിരുന്നു.

എന്നാൽ എം ബി ഒരു സംശയത്തിനും ഇടകൊടുക്കാതെ തറപ്പിച്ചു പറഞ്ഞു: ‘‘ധൈര്യമായി അവതരിപ്പിക്കുക. വല്ല പോരായ്‌മയുമുണ്ടായാൽ അത്‌ ചൂണ്ടിക്കാട്ടാൻ ഞങ്ങൾ ഉണ്ടല്ലോ.’’ അങ്ങനെയാണ്‌ ഉന്നതമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാൻ ധൈര്യം പകർന്ന്‌ പുതിയ തലമുറയെ പരിശീലിപ്പിച്ച്‌ ഉയർത്തിക്കൊണ്ടുവരുന്നതിന്‌ വളരെ നല്ല ഒരു മാതൃക  ഇ എം എസും എം ബിയും ചേർന്ന്‌ കാട്ടിത്തന്നത്‌.

ചരിത്രപ്രധാനമായ പ്രസ്‌തുത പ്രമേയം അവതരിപ്പിച്ച്‌ ഐകകണ്ഠ്യേന പാസാക്കിെയടുക്കുന്നതിന്‌ സഖാവ്‌ യെച്ചൂരി നേതൃത്വം നൽകിയത്‌ ഭാവി നേതൃത്വമായുള്ള വളർച്ചയിൽ പ്രധാന ഘടകമായിരുന്നു.

കിഴക്കൻ ജർമനിയിൽ നിന്നെത്തിയ പ്രതിനിധി സംഘം ഇ എം എസിനൊപ്പം. സീതാറാം യെച്ചൂരി സമീപം

കിഴക്കൻ ജർമനിയിൽ നിന്നെത്തിയ പ്രതിനിധി സംഘം ഇ എം എസിനൊപ്പം. സീതാറാം യെച്ചൂരി സമീപം

വർഗീയ തീവ്രവാദം ‘ഇന്ത്യ’ എന്ന ആശയത്തെയും ഭരണഘടനാ മൂല്യങ്ങളെയും തകർത്തുതരിപ്പണമാക്കാൻ പരിശ്രമിക്കുന്ന അത്യന്തം ആപൽക്കരമായ സമകാലിക രാഷ്‌ട്രീയ സാഹചര്യത്തിൽ അതിനെതിരായ വിശാല സമരപ്രസ്ഥാനം കരുപ്പിടിപ്പിക്കണമെന്ന സിപിഐ എം കാഴ്‌ചപ്പാട്‌ പ്രാവർത്തികമാക്കാൻ ആരോഗ്യം മറന്ന്‌ ഓടിനടക്കുന്നതിനിടയിലാണ്‌ സഖാവ്‌ സീതാറാം നമ്മെ വിട്ടുപിരിഞ്ഞത്‌.

സമത്വപൂർണമായ ഇന്ത്യയും ലോകവും സൃഷ്‌ടിക്കാനുള്ളപോരാട്ടത്തിന്‌ സമർപ്പിച്ച പ്രിയ സഖാവിന്റെ ഓർമയ്‌ക്ക്‌ രക്താഭിവാദ്യങ്ങൾ.


ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top