27 September Friday

ബഹുസ്വര ഇന്ത്യയുടെ മനഃസാക്ഷി

എം ബി രാജേഷ്‌Updated: Thursday Sep 26, 2024

പിണറായി വിജയൻ, പ്രകാശ്‌ കാരാട്ട്‌, എം എ ബേബി, എം വി ഗോവിന്ദൻ, പി കെ ശ്രീമതി തുടങ്ങിയവർ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു

 

അഞ്ച് പതിറ്റാണ്ട് ഇന്ത്യയുടെ ബൗദ്ധിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരുപോലെ ചിന്തയുടെ വെളിച്ചവും ധിഷണയുടെ തെളിച്ചവും പ്രയോഗത്തിന്റെ ഊർജവുമായി നിറഞ്ഞുനിന്ന അത്യുന്നതനായ നേതാവാണ് അകാലത്തിൽ പൊലിഞ്ഞിരിക്കുന്നത്. പാതിവഴിയിൽ എത്തിച്ച മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുക എന്ന ദൗത്യം പൂർണതയിൽ എത്തിക്കാനുള്ള അവിരാമമായ പോരാട്ടത്തിന്റെ പതാക നമ്മെ ഏൽപ്പിച്ചാണ് സീതാറാം യെച്ചൂരി എയിംസിലെ കുട്ടികൾക്കു മാത്രമല്ല, ഇന്ത്യയിലെയാകെ വരും തലമുറകൾക്ക് വായിച്ചാലും വായിച്ചാലും തീരാത്ത പാഠപുസ്തകമായിത്തീരുന്നത്. എം ബി രാജേഷ് എഴുതുന്നു.

 

എം ബി രാജേഷ്‌

എം ബി രാജേഷ്‌

നിറഞ്ഞൊഴുകിയ കണ്ണുകളും ചുരുട്ടിയ മുഷ്ടികളുമായി പുതുതലമുറയിലെ കുട്ടികൾ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്  മുദ്രാവാക്യങ്ങളായി അന്ത്യാഭിവാദ്യം മുഴക്കി. പ്രായഭേദമെന്യേ ജനങ്ങൾ അത് ഏറ്റുവിളിച്ചു. ഒരു ഭാഷയിലല്ല, പല ഭാഷകളിൽ.

പല ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന, പല ഭാഷകളും സംസ്‌കാരങ്ങളും ആചാരങ്ങളും വേഷങ്ങളും ആശയങ്ങളുമെല്ലാം പുലരുന്ന ബഹുസ്വര ഇന്ത്യയുടെ മനഃസാക്ഷിയായിരുന്ന സീതാറാമിന് ഇതിനേക്കാൾ അർഥപൂർണമായ അന്ത്യ യാത്രാമൊഴി വേറെന്താണ്.

‘സിന്ദാ ഹേ സിന്ദാ ഹേ
കോമ്രേഡ് സീതാറാം സിന്ദാ ഹേ
മുഝ് മേം തുഝ് മേം കുഛ് മേം
സംഘർഷോം മേം സിന്ദാ ഹേ’
(ജീവിക്കുന്നു ജീവിക്കുന്നു
സ. സീതാറാം ജീവിക്കുന്നു
എന്നിൽ നിന്നിൽ എല്ലാറ്റിലും
സമരങ്ങളിലും ജീവിക്കുന്നു.)

ജെഎൻയുവിലെ വിദ്യാർഥികളും അധ്യാപകരും യെച്ചൂരിക്ക്‌ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു     ഫോട്ടോ: പി വി സുജിത്‌

ജെഎൻയുവിലെ വിദ്യാർഥികളും അധ്യാപകരും യെച്ചൂരിക്ക്‌ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു ഫോട്ടോ: പി വി സുജിത്‌

സീതാറാം ചലനമറ്റു കിടക്കുന്ന എകെജി ഭവന്റെ പന്തലിൽ നിറഞ്ഞ കണ്ണുകളുമായി നിൽക്കുമ്പോഴും എനിക്ക് ആ യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നെപ്പോലെ അവിടെ ഒത്തുചേർന്ന മറ്റനേകം പേർക്കും ചിന്തയിലെ തെളിച്ചവും വാക്കുകളിലെ വെളിച്ചവുമായി ആഴമുള്ള ആ ശാന്തഗംഭീരസ്വരം ഇനി നമുക്ക് ഒരിക്കലും കേൾക്കാനാവില്ല എന്ന സത്യം.

ഇടതുപക്ഷ മതനിരപേക്ഷ ആശയങ്ങളുടെ മനുഷ്യപ്പറ്റ് മുഴുവൻ മുറ്റിനിൽക്കുന്ന, സദാ പുഞ്ചിരിതൂകുന്ന ആ പ്രസാദാത്മക മുഖം എന്നെന്നേക്കുമായി നമ്മുടെ കൺവെട്ടത്തു നിന്ന് മറയുകയാണ് എന്ന യാഥാർഥ്യം. നമ്മുടെ കാലത്തെ ഏറ്റവും മികച്ച തലച്ചോറുകളിൽ ഒന്ന് പൊടുന്നനെ പ്രവർത്തനരഹിതമായിരിക്കുന്നു എന്ന തിരിച്ചറിവ്. ഇവയെല്ലാം ഉണ്ടാക്കിയ അപാരമായ വേദനയുടെയും ശൂന്യതയുടെയും നടുവിൽ നിന്ന് ഞാൻ ഓർമകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

എന്നാണ് ആദ്യമായി സീതാറാം യെച്ചൂരി എന്ന പേര്  കേട്ടത്? ചളവറ സ്കൂളിൽ പഠിക്കുമ്പോൾ കോളേജിലെത്തിയിരുന്ന എന്റെ നാട്ടിലെ എസ്എഫ്ഐ നേതാക്കൾ ആവർത്തിക്കുന്ന ഒരു പേരായിട്ടാണ് ഞാൻ ആദ്യം സീതാറാമിനെ അറിയുന്നത്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ വിദ്യാർഥികൾക്കുള്ള ഒറ്റപ്പാലം എസ്എഫ്ഐ ഏരിയാ ക്യാമ്പിലെ ക്വിസ് മത്സരത്തിന് അഖിലേന്ത്യാ പ്രസിഡന്റ്‌  ആരാണെന്ന ചോദ്യത്തിന് ശരിയുത്തരമായി ഞാൻ സീതാറാമിന്റെ പേര് എഴുതിയത് ഇപ്പോഴും തെളിഞ്ഞ ഓർമയാണ്.

പഠനവും ക്വിസും പ്രബന്ധരചനയുമൊക്കെയായി സംഘടനാ പ്രവർത്തനത്തിന്റെ ഏഴയലത്ത് ചെല്ലാൻ താല്പര്യമില്ലാതിരുന്ന, കോൺഗ്രസ് മനോഭാവമുള്ള കുടുംബത്തിൽ നിന്നു വരുന്ന എന്നെ കോളേജിലെ നേതാക്കൾ വലവീശി പിടിക്കുന്ന കാലമാണ്.

മിടുക്കരും മികച്ചവരുമായ കുട്ടികൾഅണിനിരക്കുന്ന സംഘടനയാണ് എസ്എഫ്ഐ എന്ന് അവർ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ‘പഠിക്കുക പോരാടുക' എന്നതാണ് എസ്എഫ്ഐയുടെ മുദ്രാവാക്യം തന്നെ എന്നും അവർ പഠിപ്പിച്ചു.

അതിനുദാഹരണമായി സീതാറാമിനെയും പ്രകാശ് കാരാട്ടിനെയും എൻ റാമിനെയും തോമസ് ഐസക്കിനെയും ഒക്കെ അവർ അവതരിപ്പിച്ചു. സിബിഎസ്ഇ പരീക്ഷയ്ക്ക് ഇന്ത്യയിൽ ഒന്നാം റാങ്കും ഡിഗ്രിക്ക് സ്വർണ മെഡലും എംഎയ്‌ക്ക് ജെഎൻയു വിന്റെ ചരിത്രത്തിലെ റെക്കോഡ് മാർക്കുമൊക്കെ നേടിയ സീതാറാം യെച്ചൂരിയെപ്പോലൊരാൾ നയിച്ച എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നത് അഭിമാനമായി ഞാനും കരുതി.

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

ഈ അസാമാന്യമായ പഠനമികവിനിടയിലും അടിയന്തരാവസ്ഥയ്ക്കെതിരെ ഒളിവിലും തെളിവിലും പ്രവർത്തിച്ചും, ജയിലിൽ കഴിഞ്ഞും സർവപ്രതാപിയായ ഇന്ദിരാഗാന്ധിയുടെ മുഖത്തുനോക്കി കുറ്റപത്രം വായിച്ചു കേൾപ്പിച്ചും ഒടുവിൽ ചാൻസലർ സ്ഥാനത്തു നിന്ന് അവരെ രാജിവെപ്പിച്ചും ത്രസിപ്പിക്കുന്ന പോരാട്ട നേതൃത്വം കൂടിയായി മാറിയ സീതാറാം ഞങ്ങൾക്കെല്ലാം പ്രചോദനവും മാതൃകയുമായിത്തീർന്നു.

അക്കാലത്ത് എസ്എഫ്ഐയുടെ മറ്റൊരു മുദ്രാവാക്യം ആയിരുന്നു Join SFI, be a complete student (എസ്എഫ്ഐയിൽ ചേരൂ പൂർണ വിദ്യാർഥിയാകൂ). പിന്നീട് ഞങ്ങൾ കോളേജിൽ എത്തിയപ്പോൾ ഈ മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരങ്ങളായിട്ടാണ് സീതാറാമിനെയും പ്രകാശ് കാരാട്ടിനെയുമൊക്കെ കണ്ടിരുന്നത്.

ഇവരെപ്പോലെയുള്ള മിടുക്കരായ നേതാക്കളുടെ പാരമ്പര്യമാണ് എസ്എഫ്ഐക്കുള്ളത് എന്ന് ഞങ്ങൾ വിദ്യാർഥികൾക്ക് മുന്നിൽ അഭിമാനത്തോടെ പറഞ്ഞു നടന്നു. പിന്നെയും കുറെ കഴിഞ്ഞ് 94ൽ ഡൽഹിയിൽ വെച്ച് എസ്എഫ്ഐയുടെ ഒരു അഖിലേന്ത്യാ കൺവെൻഷനിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ ആദ്യം  സീതാറാം എന്ന പ്രിയ നേതാവിനെ കാണുന്നത്.

അപ്പോഴേയ്ക്കും അദ്ദേഹം സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോയിൽ എത്തിയിരുന്നു. ചെറുപ്പക്കാരായ സീതാറാമും പ്രകാശുമൊക്കെ ഇന്ത്യയിലെ പാർടിയുടെ വാഗ്ദാനങ്ങൾ ആണെന്നും സ്ഥാപക നേതാക്കളായ നവരത്നങ്ങളുടെ പിന്മുറക്കാർ ആകാനുള്ള ബൗദ്ധിക ഔന്നത്യം ഉള്ളവരാണെന്നും പാലക്കാട്ടെ പ്രമുഖ നേതാക്കളായിരുന്ന ശിവദാസ മേനോനും ചന്ദ്രേട്ടനും ഒക്കെ പറയുന്നത് കേട്ടിരുന്നു.

ഇന്ത്യയിലെ വിയറ്റ്‌നാം അംബാസഡർ ഗുയാൻ തൻഹായിക്കൊപ്പം

ഇന്ത്യയിലെ വിയറ്റ്‌നാം അംബാസഡർ ഗുയാൻ തൻഹായിക്കൊപ്പം

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള കുഴഞ്ഞുമറിഞ്ഞ ലോക പശ്ചാത്തലത്തിൽ നടന്ന സിപിഐ എമ്മിന്റെ ചെന്നൈ കോൺഗ്രസിൽ പ്രത്യയശാസ്ത്ര പ്രമേയം സീതാറാമും സംഘടനാ പ്രമേയം പ്രകാശ് കാരാട്ടുമാണ് അവതരിപ്പിച്ചത്. തലമുതിർന്ന നേതാക്കളെല്ലാം വേദിയിലിരിക്കെ ചെറുപ്പക്കാരെ അതിന് നിയോഗിച്ചത് അക്ഷരാർഥത്തിൽ ശരിവെക്കുന്നതായിരുന്നുവത്രേ ഇരുവരുടെയും അവതരണങ്ങളും മറുപടിയും.

ഫ്രാൻസിസ് ഫുക്കുയാമയുടെ ‘ചരിത്രത്തിന്റെ  അന്ത്യം’, സാമുവൽ ഹണ്ടിങ്ടണിന്റെ  ‘സംസ്‌കാരങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ’ എന്നീ വാദങ്ങളെ മുൻനിർത്തി വർഗസമര സിദ്ധാന്തത്തിനും മാർക്‌സിസത്തിനും ചരമക്കുറിപ്പ് രചിച്ച വലതുപക്ഷ കടന്നാക്രമണങ്ങളെ നേരിടാൻ ഇന്ത്യയിലെ പാർടിക്കാകെ പ്രത്യയശാസ്ത്ര വെളിച്ചവും ദാർഢ്യവും പകർന്ന നേതാവായി സീതാറാം ആ പാർടി കോൺഗ്രസോടെ ഉദിച്ചുയരുകയായിരുന്നു.

പിന്നീട് 2012ൽ ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ചുള്ള  രേഖ അവതരിപ്പിച്ചതും സീതാറാം തന്നെയായിരുന്നു. ഇടതുപക്ഷ സർക്കാരുകൾ വിദേശ മൂലധനത്തോടും സ്വകാര്യ നിക്ഷേപത്തോടും സ്വീകരിക്കേണ്ട നയം സുവ്യക്തമായി ആ രേഖയിൽ അവതരിപ്പിച്ചു. കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിനും മാർഗദർശനമായി നിൽക്കുന്ന രേഖയാണത്.

ഞാൻ സീതാറാമിനെ പരിചയപ്പെടുന്നത് എസ്എഫ്ഐയുടെ കേരള സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ്. ആ പരിചയവും ബന്ധവും കാൽ നൂറ്റാണ്ടോളം നീണ്ടുനിന്നു.

ഞാൻ സീതാറാമിനെ പരിചയപ്പെടുന്നത് എസ്എഫ്ഐയുടെ കേരള സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ്. ആ പരിചയവും ബന്ധവും കാൽ നൂറ്റാണ്ടോളം നീണ്ടുനിന്നു. ഇതിനിടയിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌, എംപി എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ മാർഗനിർദേശത്തിനു കീഴിൽ പ്രവർത്തിക്കാൻ അവസരമുണ്ടായി.

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ എണ്ണമറ്റ വേദികളിൽ അദ്ദേഹത്തിന്റെ ആശയഗാംഭീര്യമുള്ള, ഒരരുവി പോലെ ഒഴുകുന്ന മനോഹരമായ പ്രസംഗങ്ങൾ ആസ്വദിച്ചു പരിഭാഷപ്പെടുത്താൻ ഭാഗ്യമുണ്ടായി. ഏറ്റവുമൊടുവിൽ, മന്ത്രിയായിരിക്കുമ്പോൾ പാർടി ജാഥയുടെ തിരുവനന്തപുരത്തെ സമാപന റാലിയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഞാൻ പരിഭാഷപ്പെടുത്തുകയുണ്ടായി.

ഞാൻ ലോക്‌സഭാംഗമായിരിക്കെ അദ്ദേഹം രാജ്യസഭാംഗവും സംയുക്ത പാർലമെന്ററി പാർടി നേതാവുമാണ്. പാർലമെന്റിലെ പാർടിയുടെ പരിമിതമായ അംഗബലത്തിനപ്പുറമായിരുന്നു സീതാറാമിന്റെ ധിഷണയ്‌ക്കും വാക്കുകൾക്കും ഉള്ള അംഗീകാരവും സ്വീകാര്യതയും. പാർടിക്ക് അർഹമായതിനേക്കാൾ സമയം എപ്പോഴും സീതാറാമിന് ലഭിച്ചു.

പ്രധാനമന്ത്രിമാരും ഭരണ, പ്രതിപക്ഷ നിരയിലെ നേതാക്കളുമടക്കം സഭ ഒന്നടങ്കം അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതുകൂർപ്പിച്ചിരുന്നു. ശബ്ദഘോഷമോ ആക്രോശമോ ഒന്നുമില്ലാതെ ശാന്തനായി മുഖത്ത് എപ്പോഴും വിരിഞ്ഞുനിൽക്കുന്ന പുഞ്ചിരിയോടെ അനർഗളമായി വാക്കുകളുടെയും അതിലൂടെ ഒഴുകുന്ന ആശയങ്ങളുടെയും കാന്തികവലയത്തിൽ യോജിക്കുന്നവരും വിയോജിക്കുന്നവരും ഒരുപോലെ ലയിച്ചു പോകും.

അവിസ്മരണീയമായ ഒരനുഭവം ഇവിടെ പങ്കുവെയ്‌ക്കട്ടെ. രണ്ട് സഭകളും നടക്കുന്ന സമയം. പാർലമെന്റിലെ സെൻട്രൽ ഹാളിലെ ടിവിക്ക് മുമ്പിൽ പതിവില്ലാത്ത തിരക്ക്. ലോക്‌സഭ നടക്കുമ്പോൾ അകത്തുള്ളതിനേക്കാൾ കൂടുതൽ അംഗങ്ങൾ ടിവിക്ക് മുന്നിൽ. എന്തോ കാര്യമായ വാർത്തയാകുമെന്നു കരുതി ഞാനും ആൾക്കൂട്ടത്തിലൂടെ ടിവിയിലേക്ക് നോക്കി. രാജ്യസഭയിൽ ഭരണഘടനാദിനത്തോടനുബന്ധിച്ച പ്രത്യേക സംവാദത്തിൽ സീതാറാം പ്രസംഗിക്കുന്നു.

ലോക്‌സഭ കട്ട് ചെയ്ത് ഞാനും ഒരു കസേര വലിച്ചിട്ട് ആ പ്രസംഗം മുഴുവൻ കേട്ടു. 53 മിനിറ്റ് നീണ്ടുനിന്ന ആ പ്രസംഗം ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും ഗംഭീര പ്രസംഗങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ചരിത്ര വസ്തുതകളും ഭരണഘടനാവ്യാഖ്യാനങ്ങളും ഇന്ത്യ എന്ന ആശയത്തിന്റെ വളർച്ചയും അതിലെ കമ്യൂണിസ്റ്റുകാരുടെ പങ്കും ഇന്ത്യയുടെ വൈവിധ്യവും അംബേദ്കറിന്റെയും രാജേന്ദ്രപ്രസാദിന്റെയും ഭരണഘടനാ അസംബ്ലി പ്രസംഗങ്ങളിൽ നിന്നുള്ള ഉദ്ധരണികളും കവിതാശകലങ്ങളും ഒക്കെയായി സഭയ്‌ക്കകത്തും പുറത്തുമുള്ള ശ്രോതാക്കൾ മുഴുവൻ കണ്ണിമ ചിമ്മാതെ കേട്ടിരുന്ന ഒരു പ്രസംഗം.

ഫ്രണ്ട്‌ലൈൻ ആ പ്രസംഗം പൂർണമായി പ്രസിദ്ധീകരിച്ചു. യൂട്യൂബിൽ പതിനായിരങ്ങൾ അത് കണ്ടു. പ്രഭാഷകൻ എന്ന നിലയിൽ സീതാറാമിന്റെ മികവ് ലോകശ്രദ്ധ നേടിയിട്ടുള്ളതാണ്.  അമേരിക്കയിലെ യേൽ, ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് തുടങ്ങിയ വിഖ്യാത സർവകലാശാലകളിലും ഇന്ത്യയിൽ ഐഐഎം പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമെല്ലാം പ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് സീതാറാം.

കണ്ണൂരിൽ നടന്ന സിപിഐ എം 23ാം പാർടി കോൺഗ്രസിൽ യെച്ചൂരി

കണ്ണൂരിൽ നടന്ന സിപിഐ എം 23ാം പാർടി കോൺഗ്രസിൽ യെച്ചൂരി

ലോകത്തെ വിവിധ കമ്യൂണിസ്റ്റ് പാർടികളുടെ സെമിനാറുകളിലും പരിപാടികളിലുമെല്ലാം അദ്ദേഹം എത്രയോ തവണ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇതുപോലുള്ള ഉന്നത അക്കാദമിക് സദസ്സുകളോ പാർലമെന്റോ മൈതാനങ്ങളിലെ റാലികളോ ഏതുമാവട്ടെ, അതത് സദസ്സിനെ ആകർഷിക്കാനും ഓരോ സദസ്സിനും ഉതകുന്ന വിധം ഗഹനമായും ലളിതമായും വിഷയങ്ങൾ അവതരിപ്പിക്കാനുമുള്ള സീതാറാമിന്റെ വൈഭവം സവിശേഷമാണ്.

അറിവിന്റെയും ആശയങ്ങളുടെയും ഉള്ളടക്കത്തിനൊപ്പം അസാമാന്യമായ നർമ്മബോധവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയും വ്യക്തിപരമായ സംഭാഷണങ്ങളുടെയും പ്രത്യേകതയാണ്. പാർലമെന്റിലെ പ്രസംഗത്തിനിടയിൽ സമയം കഴിഞ്ഞു എന്നറിയിച്ചുകൊണ്ടുള്ള ബെൽ അധ്യക്ഷൻ മുഴക്കിയ ഉടൻ സീതാറാമിന്റെ പുഞ്ചിരി തൂകിയ മറുപടി വന്നു 'സർ, ബ്രിട്ടീഷുകാരും ഇങ്ങനെ പലപ്പോഴും ഗാന്ധിജിക്ക് മുന്നറിയിപ്പ് ബെല്ലുകൾ മുഴക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം അതിനൊന്നും ചെവി കൊടുത്തിട്ടില്ല എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ.'

സഭയാകെ പൊട്ടിച്ചിരിയിൽ മുങ്ങിയപ്പോൾ സഭാധ്യക്ഷനും വേദിയിൽ ഇരുന്ന്‌ കുലുങ്ങിച്ചിരിക്കുന്നത് കാണാമായിരുന്നു. പിന്നീട് കുറെ നേരത്തേക്ക് അധ്യക്ഷൻ ബെല്ലിൽ തൊട്ടതേയില്ല. ഒന്നാം യുപിഎ ഗവൺമെന്റിൽ 62 പേരുള്ള ഇടതുപക്ഷം പങ്കാളികളാവാതെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള വിശദീകരണത്തിൽ അദ്ദേഹം പറഞ്ഞു, 'സാധാരണ നാം കണ്ടിട്ടുള്ളത് പട്ടി വാലാട്ടുന്നതാണ്. വാലിന് പട്ടിയുടെ തലയാട്ടാൻ കഴിയില്ല.’ അതായത് 62 പേരെ വെച്ച് സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ല. അതിനാലാണ്  പങ്കാളിയാവാത്തത്.

ഒരിക്കൽ സോവിയറ്റ് യൂണിയൻ സോഷ്യലിസത്തിന് കീഴിൽ കൈവരിച്ച ബഹിരാകാശ ശാസ്ത്ര പുരോഗതി അമേരിക്കയെ അങ്കലാപ്പിലാക്കിയതിനെക്കുറിച്ചുള്ള ഫലിതം ഇങ്ങനെ:‘യൂറി ഗഗാറിനെ സോവിയറ്റ് യൂണിയൻ ബഹിരാകാശത്തേക്ക് അയച്ചതു മുതൽ അമേരിക്ക ഗവേഷണം ശക്തിപ്പെടുത്തി. സോവിയറ്റ് ഗഗനചാരികൾ ബഹിരാകാശത്ത് വെച്ച് നോട്ട് എടുത്തത് എങ്ങനെയായിരിക്കുമെന്നതായിരുന്നു വിഷയം. ഗുരുത്വാകർഷണബലം ഇല്ലാത്തിടത്ത് താഴോട്ട് ഒഴുകുന്ന മഷി സോവിയറ്റ് യൂണിയൻ കണ്ടെത്തിയതായി കരുതി ആ ഗവേഷണത്തിനായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ചുവത്രേ. എല്ലാം കഴിഞ്ഞപ്പോഴാണ് സോവിയറ്റ് ഗഗനചാരികൾ നോട്ടെടുത്തത് പെൻസിൽ കൊണ്ടാണെന്ന് അവർ മനസ്സിലാക്കിയത്.’

പ്രസംഗങ്ങളിൽ മാത്രമല്ല, വ്യക്തിപരമായ സംഭാഷണങ്ങളിലും ഈ നർമ്മബോധം കാണാം. മന്ത്രിയായ ശേഷം ഒരിക്കൽ കണ്ടപ്പോൾ എന്നോട് ചോദിച്ചു, ‘നിങ്ങൾ എക്‌സൈസ് കൈകാര്യം ചെയ്യുന്നുണ്ടല്ലേ? അതേ എന്ന് ഞാൻ പറഞ്ഞപ്പോൾ സീതാറാം മറുപടിയായി പറഞ്ഞത്, 'അപ്പോൾ നിങ്ങൾ പണം ഉണ്ടാക്കും. ബാലഗോപാൽ  ചെലവാക്കും അല്ലേ?’ എന്നായിരുന്നു. ഒപ്പം ഒരു നിറഞ്ഞ ചിരിയും.

പാർലമെന്റിലുണ്ടായിരുന്ന കാലത്ത് ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളുമായി ഇടപെടാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ഒരിക്കൽ സീതാറാം നിർദേശിച്ചതനുസരിച്ച് ഒരു ദേശീയ ചാനൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ ഞാൻ പിടികൊടുത്തില്ല. സീതാറാം സെൻട്രൽ ഹാളിൽ നിന്ന് എന്നെ പിടികൂടി. ഇംഗ്ലീഷ് ചാനലിൽ ചർച്ചയ്ക്ക് പോയി ശീലമില്ലെന്നും അത്രയ്ക്ക് ആത്മവിശ്വാസം ഇല്ലെന്നും പറഞ്ഞപ്പോൾ 'ഭാഷാ പ്രാവീണ്യത്തിലല്ല ഉള്ളടക്കത്തിലാണ് കാര്യം’ എന്ന് സീതാറാം ധൈര്യം തന്നു.

'നിങ്ങൾക്ക് ഉള്ളടക്കമുണ്ട്, രണ്ടുതവണ ചർച്ചയ്ക്ക് പോയാൽ ഭാഷ താനേ ശരിയായിക്കൊള്ളും' എന്നു പറഞ്ഞ് ആത്മവിശ്വാസമേകി. പിന്നീട് നിരന്തരമായി ഞാൻ ഇംഗ്ലീഷ് മാധ്യമങ്ങളുടെ മാത്രമല്ല, ഹിന്ദി ചാനലുകളുടെ വരെ ചർച്ചയ്ക്ക് പോയി. ഒരിക്കൽ തലേന്നത്തെ ചർച്ചയിൽ ഞാൻ സംസാരിച്ചതിനെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു ആണവ ശാസ്ത്രജ്ഞൻ അയച്ച സന്ദേശം കാണിച്ചുതന്ന് ആത്മവിശ്വാസം വർധിപ്പിക്കാനും ശ്രമിച്ചു.

'നിങ്ങളെ നിർബന്ധിച്ചു ചർച്ചയ്ക്ക് അയച്ചതിൽ സന്തോഷം ഉണ്ട് ' എന്നും സീതാറാം പറഞ്ഞു. പിന്നീട് ഇരു സഭകളിലെയും പാർടി പാർലമെന്ററി ഗ്രൂപ്പുകൾക്ക് വക്താക്കൾ വേണമെന്ന് നിശ്ചയിക്കുകയും ലോക്‌സഭാ ഗ്രൂപ്പിന്റെ വക്താവായി എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു.

'മനസ്സുവെച്ചിരുന്നെങ്കിൽ സീതാറാമിന് ലോക ബാങ്കിന്റെ തലപ്പത്തിരിക്കാമായിരുന്നു. അത്രമാത്രം ബുദ്ധിവൈഭവമുണ്ട് സീതാറാമിന്’ എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ  പ്രൊഫസർ ആയിരുന്ന കൃഷ്ണ ഭരദ്വാജ് ആണ്. പക്ഷേ സീതാറാം ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ തലപ്പത്താണ് ഇരുന്നത്. ലോകബാങ്ക് ‐ഐഎംഎഫ്‐ഡബ്ല്യുടിഒ നേതൃത്വം കൊടുക്കുന്ന തീവ്ര മുതലാളിത്ത നയങ്ങൾക്കെതിരായ പോരാട്ടത്തിനാണ് സീതാറാം തന്റെ  അസാമാന്യമായ ബുദ്ധിവൈഭവവും അളവറ്റ അറിവും ഉപയോഗിച്ചത്.'

'മനസ്സുവെച്ചിരുന്നെങ്കിൽ സീതാറാമിന് ലോക ബാങ്കിന്റെ തലപ്പത്തിരിക്കാമായിരുന്നു. അത്രമാത്രം ബുദ്ധിവൈഭവമുണ്ട് സീതാറാമിന്’ എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ  പ്രൊഫസർ ആയിരുന്ന കൃഷ്ണ ഭരദ്വാജ് ആണ്. പക്ഷേ സീതാറാം ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ തലപ്പത്താണ് ഇരുന്നത് . ലോകബാങ്ക്  ‐ഐഎംഎഫ്‐  ഡബ്ല്യുടിഒ നേതൃത്വം കൊടുക്കുന്ന തീവ്ര മുതലാളിത്ത നയങ്ങൾക്കെതിരായ പോരാട്ടത്തിനാണ് സീതാറാം തന്റെ  അസാമാന്യമായ ബുദ്ധി വൈഭവവും അളവറ്റ അറിവും ഉപയോഗിച്ചത്.' ഇ എം എസിന്റെ അധ്യാപകൻ പ്രൊഫസർ ശങ്കര അയ്യർ പറഞ്ഞതിനെ ഓർമിപ്പിക്കുന്നതാണിത്. 'എന്റെ എക്കാലത്തെയും ഏറ്റവും മികച്ച ചരിത്രവിദ്യാർഥിയെ എനിക്ക് നഷ്ടപ്പെട്ടു. പക്ഷേ അവൻ പോകുന്നത് ചരിത്രം സൃഷ്ടിക്കാനാണ്.’

ഇ എം എസ്‌

ഇ എം എസ്‌

പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയ ഇ എം എസിനെക്കുറിച്ച് പറഞ്ഞതുപോലെ സാമ്പത്തിക ശാസ്ത്രത്തിലെ പിഎച്ച്ഡി ഉപേക്ഷിച്ച് അടിയന്തരാവസ്ഥയ്ക്കെതിരായ സമരവേലിയേറ്റങ്ങളിൽ മുങ്ങുകയായിരുന്നു സീതാറാം. പക്ഷേ സാമ്പത്തികശാസ്ത്ര പരിജ്ഞാനം ഇത്രത്തോളമുള്ള മറ്റൊരു രാഷ്ട്രീയ നേതാവും ഇന്നത്തെ ഇന്ത്യയിൽ ഇല്ല എന്നതാണ് വസ്തുത.

സീതാറാമിന്റെ ബജറ്റ് വിശകലനങ്ങൾ ഏതൊരു അക്കാദമിക്  വിദഗ്‌ധനെയും അതിശയിപ്പിക്കുന്നതാണ്. 2007ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, ഇന്ത്യൻ സമ്പദ്ഘടന, നോട്ട് നിരോധനം, ഉദാരവൽക്കരണ നയങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള സീതാറാമിന്റെ അപഗ്രഥനങ്ങൾ പണ്ഡിതോചിതമാണ്.

തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ ഗാട്ട് കരാറും ആഗോളവൽക്കരണ നയങ്ങളും ആരംഭിച്ചതു മുതൽ ആഴമുള്ള അപഗ്രഥനങ്ങൾ നടത്തി വന്നയാളാണ് സീതാറാം. ഗാട്ട് കരാറിനെക്കുറിച്ചുള്ള സീതാറാമിന്റെ ലഘുലേഖ ഏറ്റവും പ്രസിദ്ധമാണ്. ഞാൻ സാമ്പത്തികശാസ്ത്രം എം എക്ക് പഠിക്കുമ്പോൾ സെമിനാറുകൾക്കും മറ്റും പീപ്പിൾസ് ഡെമോക്രസിയിലും മറ്റും പതിവായി പ്രസിദ്ധീകരിച്ചിരുന്ന സീതാറാമിന്റെ ലേഖനങ്ങളും ലഘുലേഖകളുമെല്ലാം അവലംബമാക്കിയിരുന്നു. 

സാമ്പ്രദായിക വിശകലനങ്ങളിലില്ലാത്ത  മാർക്‌സിസ്റ്റ് വീക്ഷണത്തിന്റെ തെളിച്ചവും ഉൾക്കരുത്തും പകർന്നു  നൽകുന്നതായിരുന്നു അവ. ഫലിതപ്രിയൻ എന്നതുപോലെ ഭക്ഷണപ്രിയനുമാണ് സീതാറാം. സമൂഹത്തെക്കുറിച്ച് എന്ന പോലെ ഭക്ഷണത്തെക്കുറിച്ചും കഴിക്കേണ്ട രീതിയെക്കുറിച്ചുമെല്ലാം ശാസ്ത്രീയമായ വീക്ഷണമുണ്ട് സീതാറാമിന്. മലയാളികൾ ഭക്ഷണം കഴിക്കുന്നത് വളരെ വേഗത്തിൽ ആണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അദ്ദേഹം സമയമെടുത്തും ആസ്വദിച്ചും ഭക്ഷണം കഴിക്കുന്നയാളാണ്. ഒരു നിയമസഭാ  തെരഞ്ഞെടുപ്പ് കാലത്ത് പാലക്കാട്ടെ എന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വന്നു.

പുട്ട് കഴിച്ചപ്പോൾ പോർച്ചുഗീസ് പടയാളികളുടെ യുദ്ധകാല ഭക്ഷണം എന്ന നിലയിലുള്ള പുട്ടിന്റെ ചരിത്രത്തെക്കുറിച്ചായി വിവരണം. ഭക്ഷണം കഴിച്ചശേഷം മാങ്ങ കൊടുത്തപ്പോൾ രുചിച്ച ഉടൻ എന്നോട്,  ‘ഇത് ഏത് ഇനമാണെന്ന് അറിയാമോ’ എന്നായി. എനിക്കറിയുമായിരുന്നില്ല. ഈ മാങ്ങ ഹിമാം പസന്ത് എന്ന ഇനത്തിൽ പെട്ടതാണെന്നും നെഹ്റുവിന്റെ സ്വർണ മെഡൽ നേടിയതാണെന്നുമൊക്കെ അതിന്റെ ചരിത്രവും സീതാറാം വിസ്തരിച്ച് പറഞ്ഞു.

രുചികൊണ്ടു മാത്രം സീതാറാം മാങ്ങയുടെ ഇനം തിരിച്ചറിഞ്ഞ കാര്യം മാങ്ങ എനിക്ക് സമ്മാനിച്ച സുഹൃത്തിനോട് പറഞ്ഞപ്പോൾ, അദ്ദേഹത്തിനും  അത്ഭുതം. മറ്റൊരിക്കൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം കഴിക്കുകയാണ്. മന്ത്രി വി ശിവൻകുട്ടിയും ഞാനും മറ്റൊരു സഖാവും സീതാറാമിനൊപ്പം ഉണ്ട്. ഞങ്ങൾക്കെല്ലാം മീൻ പൊരിച്ചത് വിളമ്പിയപ്പോൾ സീതാറാമിന് മാത്രം കൊടുത്തില്ല.

ഭക്ഷണം  വിളമ്പുകയായിരുന്ന ഗസ്റ്റ് ഹൗസ് ജീവനക്കാരനോട് സീതാറാമിന് കൊടുക്കാത്തതെന്തേ എന്ന് ചോദിച്ചപ്പോൾ 'അയ്യോ സാർ  ബ്രാഹ്മണനല്ലേ, മീൻ കഴിക്കുമോ?’ എന്നായിരുന്നു സംശയം. ധൈര്യമായി കൊടുത്തോളൂ ഞങ്ങളേക്കാളൊക്കെ നന്നായി നോൺ വെജിറ്റേറിയൻ കഴിക്കുമെന്ന് ഞാൻ മറുപടി നൽകി. പൊരിച്ച മീൻ സീതാറാം വൃത്തിയായും ആസ്വദിച്ചും കഴിക്കുന്നതു കണ്ട് ഗസ്റ്റ് ഹൗസ് ജീവനക്കാരൻ  അന്തിച്ചു നിന്നുപോയി.

ബൃന്ദ കാരാട്ട്‌ അന്ത്യാഭിവാദ്യമർപ്പിക്കുന്നു

ബൃന്ദ കാരാട്ട്‌ അന്ത്യാഭിവാദ്യമർപ്പിക്കുന്നു

ഒരു ഈദ് സമയത്ത് ഡൽഹിയിലെ എകെജി ഭവനിൽ യുവജനരംഗത്ത് പ്രവർത്തിക്കുന്ന സിപിഐ എം അംഗങ്ങളുടെ യോഗം നടക്കുമ്പോൾ സീതാറാമിന്റെ വീട്ടിൽ നിന്ന് എത്തിച്ച അതീവ രുചികരമായ മട്ടൺ  കബാബ് കഴിച്ചത് ഇപ്പോഴും നാവിൽ വെള്ളമൂറുന്ന ഓർമയാണ്. സീമ ഉണ്ടാക്കിയതാണ് എന്നും പറഞ്ഞ് സന്തോഷത്തോടെ സീതാറാം അതിനെക്കുറിച്ചും വിശദീകരിച്ചു.

ഹിന്ദു പുരാണങ്ങളിലും ഇതിഹാസങ്ങളിലും വേദോപനിഷത്തുകളിലും എല്ലാമുള്ള വിപുലമായ ജ്ഞാനം സംഘപരിവാറിനെതിരായ ആശയ സമരത്തിൽ ഫലപ്രദമായി സീതാറാം ഉപയോഗിക്കുമായിരുന്നു. സ്വന്തം പേരു തന്നെ സീതാറാമിന് വർഗീയതയ്‌ക്കെതിരെ സമരായുധമായിരുന്നു.

വേദവും പുരാണങ്ങളും പഠിച്ച സീതാരാമൻ എങ്ങനെ കമ്യൂണിസ്റ്റായി എന്ന് ചോദിക്കുന്നവരോട് അതെല്ലാം ശരിയായി മനസ്സിലാക്കിയതുകൊണ്ടാണ് കമ്യൂണിസ്റ്റ് ആയത് എന്ന് അദ്ദേഹം പാർലമെന്റിലെ പ്രസംഗത്തിൽ പറയുകയുണ്ടായി. വെറുതെയല്ല അടുത്തകാലത്ത് രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന്റെ പേരിൽ സീതാറാം പേരുമാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടത്.

ഓണത്തിന്റെ  മിത്തിനെ ഹിന്ദു സമൂഹത്തിനകത്തു തന്നെയുള്ള വിശ്വാസവൈവിധ്യത്തിന്റെ  ഉദാഹരണമായി സീതാറാം ചൂണ്ടിക്കാണിക്കാറുണ്ട്. ആര്യന്മാർ അസുര രാജാവും വാമനാവതാരം പൂണ്ട വിഷ്ണുവിനാൽ കൊല്ലപ്പെടേണ്ട ആളായും കണക്കാക്കുന്ന മഹാബലി ഹിന്ദുക്കൾ അടക്കമുള്ള മലയാളികൾക്ക് പ്രിയങ്കരനായ ചക്രവർത്തിയാണ്. ഓരോ വർഷവും പാതാളത്തിൽ നിന്ന് മഹാബലിയുടെ മടങ്ങിവരവിനെ മലയാളി ഓണമായി ആഘോഷിക്കുന്നു.

ഉത്തരേന്ത്യയിലെ ഹിന്ദുക്കൾക്ക് വില്ലനായ ചക്രവർത്തി മലയാളി ഹിന്ദുവിന് നായകനാകുന്നു. ഇതാണ് വിശ്വാസത്തിലെ ബഹുസ്വരത എന്ന് അദ്ദേഹം പറയുമായിരുന്നു. ഹിന്ദു സമൂഹം പോലും ഏകശിലാനിർമിതമായ ഒന്നല്ല എന്നാണ് ഇതിലൂടെ സീതാറാം സമർഥിക്കുന്നത്. മതം ഒരിക്കലും രാഷ്ട്രത്തിന്റെ ഐക്യത്തെ ഉറപ്പിച്ചിട്ടില്ല എന്നതിനുള്ള ഉദാഹരണമായി മുസ്ലിം പാകിസ്ഥാനിൽ നിന്നുള്ള ബംഗ്ലാദേശിന്റെ വിമോചനത്തെ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

മനുസ്മൃതി,  ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു, വിചാരധാര എന്നീ പുസ്തകങ്ങളെയും നിർദയമായും കഠിനമായും വിചാരണയ്ക്ക് വിധേയമാക്കുകയും അതിലൂടെ ഹിന്ദുത്വ വർഗീയതയുടെ ആശയപരമായ പാപ്പരത്തത്തെ ഇത്രത്തോളം തുറന്നുകാണിക്കുകയും ചെയ്ത മറ്റൊരു നേതാവില്ല.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ബാബറി മസ്‌ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ സീതാറാം എഴുതിയ ‘ഹിന്ദുരാഷ്ട്രം അഥവാ കപട ഹിന്ദുയിസം തുറന്നുകാണിക്കപ്പെടുന്നു' എന്ന ലഘുലേഖ അക്കാലത്ത് വർഗീയതക്കെതിരായ ആശയ സമരത്തിലെ മുഖ്യ ആയുധമായിരുന്നു. സംഘപരിവാറിനെ തുറന്നുകാണിക്കാൻ എഴുതുകയും പ്രസംഗിക്കുകയും ചെയ്തതുപോലെ തന്നെ മൗദൂദിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും തനിനിറം തുറന്നു കാണിക്കാനും അദ്ദേഹം പ്രയത്നിച്ചു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ബാബറി മസ്‌ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ സീതാറാം എഴുതിയ ‘ഹിന്ദുരാഷ്ട്രം അഥവാ കപട ഹിന്ദുയിസം തുറന്നുകാണിക്കപ്പെടുന്നു' എന്ന ലഘുലേഖ അക്കാലത്ത് വർഗീയതക്കെതിരായ ആശയ സമരത്തിലെ മുഖ്യ ആയുധമായിരുന്നു. സംഘപരിവാറിനെ തുറന്നുകാണിക്കാൻ എഴുതുകയും പ്രസംഗിക്കുകയും ചെയ്തതുപോലെ തന്നെ മൗദൂദിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും തനിനിറം തുറന്നു കാണിക്കാനും അദ്ദേഹം പ്രയത്നിച്ചു.

ലോകമാകെ വ്യാപിച്ചുകിടക്കുന്ന സൗഹൃദ വലയം സീതാറാമിന്റെ വലിയൊരു സവിശേഷതയാണ്. അവരിൽ അമർത്യാ സെന്നിനെ പോലുള്ള നൊബേൽ ജേതാക്കളും ആഗോള ബുദ്ധിജീവികളും മുതൽ ക്രിക്കറ്റർമാരും ചലച്ചിത്ര പ്രതിഭകളും സംഗീതജ്ഞരും എല്ലാം ഉൾപ്പെടും.

ടെന്നീസും ഫുട്ബോളും ക്രിക്കറ്റും മുതൽ ചെമ്പൈയും മൊസാർട്ടും പഴയ ഹിന്ദി ഗാനങ്ങളും വരെ പരന്നു കിടക്കുന്നതായിരുന്നു അദ്ദേഹം വ്യാപരിച്ച  വൈവിധ്യമാർന്ന മേഖലകൾ. ഇംഗ്ലീഷിനും ഹിന്ദിക്കും  പുറമേ തെലുങ്കും തമിഴും ഉർദുവും ബംഗാളിയും വഴങ്ങുന്ന ബഹുഭാഷാ പ്രാവീണ്യവും മാർക്‌സും എംഗൽസും ലെനിനും മുതൽ ഫൈസ് അഹമ്മദ് ഫൈസിന്റെയും  ദാരാഷുക്കോവിന്റെയും ഇക്‌ബാലിന്റെയും വരെയുള്ള ഉദ്ധരണികൾ അനായാസം ഓർത്തെടുക്കുന്ന വായനയുടെ വ്യാപ്തിയും ഓർമയുടെ കൂർമ്മതയും അത്ഭുതകരമാണ്.

യെച്ചൂരി. പഴയകാല ചിത്രം

യെച്ചൂരി. പഴയകാല ചിത്രം

 ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് വിശ്വപൗരനായി വളർന്നുവന്ന നേതാവാണ് സീതാറാം. കശ്മീരിലെ വിഘടനവാദികളുടെ മുതൽ നേപ്പാളിലെ മാവോയിസ്റ്റുകളുടെ വരെ അടഞ്ഞ വാതിലുകൾ സീതാറാമിന്റെ പുഞ്ചിരി തൂകുന്ന നയതന്ത്രജ്ഞതയുടെ മുന്നിൽ മലർക്കെ തുറന്നിട്ടുണ്ട്.

നേപ്പാളിലെ മാവോയിസ്റ്റുകളെ തോക്ക് താഴെ വെച്ച് ജനാധിപത്യ മുഖ്യധാരയിലേയ്ക്കും നേപ്പാളിനെ മതനിരപേക്ഷ ഭരണഘടനയിലേയ്ക്കും നയിക്കുന്നതിൽ സീതാറാം നൽകിയ വ്യക്തിപരമായ സംഭാവനയുടെ കൂടി ആദരവ് പ്രകടിപ്പിക്കാനാണ് നേപ്പാളിന്റെ മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ സീതാറാമിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയത്.

നിക്കരാഗ്വൻ പ്രസിഡന്റ്‌ ഡാനിയേൽ ഒർട്ടേഗയെ പോലുള്ള രാഷ്ട്രനേതാക്കൾ പോലും സീതാറാമിന്റെ മരണത്തിൽ അനുശോചിച്ചത് സാധാരണ പതിവുള്ളതല്ല. അനേക രാജ്യങ്ങളുടെ സ്ഥാനപതിമാർ തന്നെ അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയതും ലോകമാകെയുള്ള തൊഴിലാളിവർഗ പാർടികളുടെ അനുശോചന സന്ദേശങ്ങൾ ഉയരുന്നതും സീതാറാം എന്ന സാർവദേശീയ കമ്യൂണിസ്റ്റ് വിപ്ലവകാരിക്കുള്ള ആദരമാണ്.

തിളച്ചു മറിഞ്ഞ എഴുപതുകളിലെ ക്യാമ്പസ് രാഷ്ട്രീയവും അതിന്റെ സൃഷ്ടിയായ എസ്എഫ്ഐയും ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും സംഭാവന ചെയ്ത അസാമാന്യ പ്രതിഭാശാലിയായ നേതാവാണ് സീതാറാം യെച്ചൂരി.

കേന്ദ്രത്തിന്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവർക്കൊപ്പം യെച്ചൂരി

കേന്ദ്രത്തിന്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവർക്കൊപ്പം യെച്ചൂരി

അഞ്ചു പതിറ്റാണ്ട് ഇന്ത്യയുടെ ബൗദ്ധിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ഒരുപോലെ ചിന്തയുടെ വെളിച്ചവും ധിഷണയുടെ തെളിച്ചവും പ്രയോഗത്തിന്റെ ഊർജവുമായി നിറഞ്ഞുനിന്ന അത്യുന്നതനായ നേതാവാണ് അകാലത്തിൽ പൊലിഞ്ഞിരിക്കുന്നത്.

പാതിവഴിയിൽ എത്തിച്ച മതനിരപേക്ഷ  ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുക എന്ന ദൗത്യം പൂർണതയിൽ എത്തിക്കാനുള്ള അവിരാമമായ പോരാട്ടത്തിന്റെ പതാക നമ്മെ ഏൽപ്പിച്ചാണ് സീതാറാം എയിംസിലെ കുട്ടികൾക്ക് മാത്രമല്ല ഇന്ത്യയിലെയാകെ വരും തലമുറകൾക്ക് വായിച്ചാലും വായിച്ചാലും തീരാത്ത പാഠപുസ്തകമായി തീരുന്നത്.

എയിംസിലെ കുട്ടികൾ അറിവിന്റെയും ആശയങ്ങളുടെയും മഹാനിധികൾ സൂക്ഷിച്ച ആ അപൂർവ്വ തലച്ചോർ ആദരവോടെ പഠിക്കുമായിരിക്കും. തെരുവിലെ മർദ്ദിതരും പീഡിതരുമായ  മനുഷ്യർ അവരുടെ നിലയ്ക്കാത്ത പോരാട്ടങ്ങളിലൂടെ ആ ജീവിതത്തെ മരണത്തിന്റെയും വിസ്മൃതിയുടെയും തമസ്സിന് വിട്ടുകൊടുക്കാത്ത ജ്വലനസ്മൃതിയായി കാത്തുസൂക്ഷിക്കും.

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top