ആരെയും തന്നിലേക്കടുപ്പിക്കുന്ന വശ്യശക്തിയ്ക്കും ഉന്നതനേതാക്കൾക്കിടയിൽ അത്രമേൽ ദൃശ്യമല്ലാത്ത നർമബോധത്തിന്റെയും ഉടമായായിരുന്നു സീതാറാം യെച്ചൂരി. ചടുലമായ ഇടപെടൽ ശേഷിക്കും മനസ്സാന്നിധ്യത്തിനും ഒക്കെ ഉപരിയായി, ഇന്ത്യ എന്ന ആശയത്തിന്റെ അതിജീവനത്തിനായി തീർത്ത ദൃഢപ്രതിരോധമാണ് യെച്ചൂരിക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിനപ്പുറമുള്ള ബാഹ്യമേഖലകളിൽപ്പോലും അസംഖ്യം ആരാധകരെ നേടിക്കൊടുത്തത്. സുധാൻവ ദേശ്‌പാണ്ഡെ എഴുതുന്നു.
രാമജന്മഭൂമി പ്രശ്നമുയർത്തിക്കൊണ്ട് 1980കളുടെ മധ്യത്തിൽ ഇന്ത്യൻ വർഗീയരാഷ്ട്രീയത്തിന് സംഘ്പരിവാർ തീപിടിപ്പിച്ചുതുടങ്ങിയ ഘട്ടത്തിൽ എന്നെപ്പോലെ നിരവധി യുവാക്കൾ ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടയിൽ ഉഴലുകയായിരുന്നു. യുക്തിയെ അപ്പാടെ അപഹസിക്കുന്ന അത്തരമൊരു അർഥശൂന്യമായ അവകാശവാദത്തിന്റെ കെണിയിൽ വിദ്യാസമ്പന്നരായ ആയിരങ്ങൾ എങ്ങനെയാവും അനായാസം ചെന്നുവീഴുന്നതെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.
ശ്രീരാമൻ ചരിത്രപരമല്ല മറിച്ച് മിത്തോളജിക്കലായ ഒരു കഥാപാത്രമാണെന്നോ ശതാബ്ദങ്ങളുടെ കഥന പാരമ്പര്യ മികവിന്റെ മഹിതമായ ഉൽപ്പന്നമാണെന്നോ ആൾക്കൂട്ടത്തെ ബോധ്യപ്പെടുത്തുക ഏറെക്കുറെ അസാധ്യമായിരുന്നു.
വിശ്വാസികളുടെ സ്വജീവിത നിർവഹണ സന്ദർഭങ്ങളിലേക്ക് ഉത്‌കർഷാപൂർവം ഇഷ്ടപ്പെടാവുന്ന മാതൃകാ ആദർശപുരുഷൻ, ധാർമികതയും മതഭക്തിയും പ്രചോദിപ്പിക്കുന്ന വ്യക്തിബിംബം, ഇന്ത്യൻ ജനതയുടെ ആർജിത ധാർമികാവബോധത്തിന്റെയും വിവേകത്തിന്റെയും പ്രതിനിധി എന്നൊക്കെ ശ്രീരാമനെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.
അതേസമയം അദ്ദേഹത്തിന്റെ അസ്തിത്വത്തിന്റെ ചരിത്രപരമായ സാക്ഷ്യങ്ങളോ സാധൂകരണങ്ങളോ ഒരാൾക്കും ഹാജരാക്കാൻ കഴിയുമായിരുന്നുമില്ല. എന്നിട്ടും അദ്ദേഹം ജനിച്ചയിടം കൃത്യമായി തങ്ങൾക്കറിയാമെന്ന് എങ്ങനെയാവും സംഘ്പരിവാറിന് അവകാശപ്പെടാനാവുക?
ശ്രീരാമന്റെ ജന്മസ്ഥലമെന്നല്ല, ഒരു പുരാതന കേവല ഹിന്ദുക്ഷേത്രം പോലും ബാബ്റി മസ്ജിദിന്റെ അടിത്തറയിൽ അടിഞ്ഞുകിടന്നതായി ആർക്കിയോളജിക്കലായ യാതൊരുവിധതെളിവുകളും അസന്ദിഗ്‌ധമായി സമർഥിക്കുന്നുണ്ടായിരുന്നില്ല. എല്ലാം സമ്പൂർണ അസംബന്ധ ജൽപനങ്ങൾ മാത്രമായിരുന്നു.
എന്നിട്ടും, തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരിതാപ പൂർണമായ പ്രകടനത്തിന്റെ തകർച്ചയിൽനിന്ന് കരകയറുവാനും ഇന്ത്യൻ രാഷ്ട്രീയത്തിൽ തങ്ങളുടെ പാദമുറപ്പിക്കാനും ലക്ഷ്യമിട്ട് രാമജന്മഭൂമി രഥത്തിലേറി സംഘ്പരിവാർ ആരംഭിച്ച പ്രയാണത്തിന് അവിശ്വസനീയമാം വിധം ജനപിന്തുണയേറുന്നതാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്.
രഥത്തിന്റെ വഴിയിലുടനീളം വിധ്വംസനത്തിന്റെയും ചോരയുടെയും അടയാളങ്ങളായിരുന്നു തെളിഞ്ഞു നിന്നിരുന്നത്. അന്ന് അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസാവട്ടെ, ഹിന്ദു മുസ്ലിം വർഗീയതകളോട് നാൾക്കുനാൾ സമരസപ്പെട്ട് ഭരണം നിലനിർത്തുവാൻ മാത്രമായിരുന്നു താൽപ്പര്യപ്പെട്ടിരുന്നത്.
ഞാനന്ന് കോളേജ് വിദ്യാർഥിയായിരുന്നു. ചുറ്റുമുള്ള ലോകത്തെ ചൂഴ്‌ന്ന ആശയക്കുഴപ്പങ്ങൾ വകഞ്ഞുമാറ്റാനുള്ള പ്രയത്നത്തിലായിരുന്നു സ്വാഭാവികമായും ഞാനുൾപ്പെടെയുള്ള യുവാക്കൾ. ആധുനിക ഇന്ത്യൻ ചരിത്രത്തിലായിരുന്നു എന്റെ ബിരുദപഠനം.
വർഗീയത ഒരു രാഷ്ട്രീയശക്തിയെന്ന നിലയ്ക്ക് എങ്ങനെ ഉദയം ചെയ്തുവെന്ന ചോദ്യത്തിന്റെ വ്യക്തമോ വ്യംഗ്യമോ ആയ ഉത്തരമായി അന്ന് ഞാൻ വായിച്ചുകൊണ്ടിരുന്ന ഗ്രന്ഥങ്ങളിൽ മിക്കതും എത്തിച്ചേർന്നത് ഇന്ത്യാ വിഭജനത്തിലായിരുന്നു.
ഞങ്ങളുടെ തലമുറയുടെ കാലത്തെ സാമൂഹിക അടയാളങ്ങളിലൊന്നായിരുന്നു നിരന്തരമായ വർഗീയസംഘർഷങ്ങൾ. ഭൂതകാലത്തിന്റെ ഇരുണ്ട നിഴൽപ്പാടുകളോ അക്ഷന്തവ്യമായ അവശിഷ്ടങ്ങളോ ആണ് വർഗീയതയെന്നും വിദ്യാഭ്യാസ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതോടെ വർഗീയ ദുർഭൂതം അപ്രത്യക്ഷമാകുമെന്നുമായിരുന്നു എന്നെപ്പോലുള്ള നിരവധി യുവാക്കളുടെ വിചാരം.
എ കെ ജി ഭവനിലെ യെച്ചൂരിയുടെ ഓഫീസ് മുറി
അക്കാലം വരെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സഭ്യതയുടെയും പേരിലുള്ള ആഹ്വാനങ്ങൾ മതിയായിരുന്നു വർഗീയതയെ ചെറുത്തുനിൽക്കാൻ. എന്നാൽ എൺപതുകളുടെ അവസാനത്തോടെ സംഘ്‌പരിവാർ ആനയിച്ച വർഗീയതയുടെ ഭീകരരൂപത്തെ മെരുക്കാൻ ആ അനുമാനങ്ങൾ മതിയാകാതെ വന്നു.
കുടിൽവ്യവസായത്തിന്റെ തലത്തിൽ നിന്ന് കൂടുതൽ വിശാലവും വികേന്ദ്രീകൃതവും വിച്ഛേദിതവുമായ വൻ വ്യാവസായിക തലത്തിലേക്ക് വർഗീയതയുടെ വികാസമായിരുന്നു യഥാർഥത്തിൽ അരങ്ങേറിക്കൊണ്ടിരുന്നത്. തമോമയ ഭൂതകാലത്തിന്റെ നേർത്ത നിഴൽക്കാഴ്ചകൾക്കായിരുന്നില്ല, തികച്ചും ആധുനികമായ ഒരു അപായസങ്കൽപത്തിന്റെ ഉദയത്തിനായിരുന്നു ഞങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്.
പൊടുന്നനെ പുതിയ പദാവലികൾ രംഗപ്രവേശം ചെയ്യുന്നതും ദൃശ്യമായി. ‘ഹിന്ദുത്വ’ ആയിരുന്നു അതിലൊന്ന്; ‘ഹിന്ദുരാഷ്ട്രം’ മറ്റൊന്നും. എന്തായിരുന്നു ഈ പുതിയ സംവർഗങ്ങളുടെ വിവക്ഷ? എങ്ങനെയാണ് ഈ പുതിയ പ്രവണതകൾ അതിദ്രുതം ജനമനസ്സുകളെയും വികാരങ്ങളെയും അധീനപ്പെടുത്തിയത്? എന്ത് ആശയ പ്രതിഭാസമാണ് എനിക്കു ചുറ്റും ചുരുൾ നിവർത്തുന്നത്? ജിജ്ഞാസാഭരിതമായിരുന്ന എന്റെ ധിഷണയ്‌ക്ക് ആ ഘട്ടത്തിൽ തെളിച്ചം നൽകിയത് രണ്ട് പുസ്തകങ്ങളായിരുന്നു.
1993ൽ, ബാബറി മസ്‌ജിദ് ധ്വംസനത്തിനു പിന്നാലെയുണ്ടായ ഭയാനകമായ രക്തരൂക്ഷിത വർഗീയകലാപത്തെ തുടർന്നാണ് രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകൃതമായത്.
കാക്കി ഷോർട്സ് ആൻഡ് സാഫ്രൺ ഫ്ലാഗ്‌സ് (കാക്കി നിക്കറും കാവിക്കൊടികളും) ആയിരുന്നു അതിലെ ആദ്യത്തെ പുസ്തകം.
പ്രൊഫസർമാരായിരുന്ന തപൻ ബസു, പ്രദീപ് ദത്ത, സുമിത് സർക്കാർ, തനിക സർക്കാർ, സംബുദ്ധ സെൻ എന്നിവർ സംയുക്തമായെഴുതിയ 116 പേജ് വരുന്ന ആ പുസ്‌തകം ആർഎസ്എസും വിഎച്ച്പിയും സമാന സംഘടനകളും ഉൾപ്പെടുന്ന സംഘ് സമുച്ചയത്തെക്കുറിച്ചുള്ള സാരപൂർണവും സംക്ഷിപ്തവുമായ പഠനമായിരുന്നു.
ഏത് സാധാരണക്കാരനും ഗ്രഹിക്കാവുന്ന തരത്തിൽ സാങ്കേതിക അലങ്കാരബദ്ധമല്ലാത്ത ഭാഷയിൽ, വിഷയവൈദഗ്‌ധ്യവും ഗവേഷണചാതുര്യവും സമന്വയിപ്പിച്ച ആധികാരിക ഗ്രന്ഥമായിരുന്നു അത്. ആ പുസ്തകം വായിച്ചതോടെ സംഘ്പരിവാറിന്റെ സംഘടനാ സംവിധാനത്തിന്റെ രൂപകൽപനയുടെ തച്ചുശാസ്ത്രം എനിക്ക് വ്യക്തമായിത്തുടങ്ങി.
ഹിന്ദു തീവ്ര വലതുപക്ഷത്തെക്കുറിച്ചുള്ള എന്റെ ആശയഗ്രഹണത്തിന്റെ രൂപദായകമായ പുസ്തകങ്ങളിൽ പ്രഥമഗണനീയമായത് വാട്ട് ഈസ് ദിസ് ഹിന്ദുരാഷ്ട്ര?: ഓൺ ഗോൾവാൾക്കർ ഫാസിസ്റ്റിക് ഐഡിയോളജി ആൻഡ് ദി സാഫ്രൺ ബ്രിഗേഡ്‌സ് പ്രാക്റ്റീസ് (എന്താണീ ഹിന്ദുരാഷ്ട്രം?: ഗോൾവാൾക്കറുടെ ഫാസിസ്‌റ്റ് പ്രത്യയശാസ്ത്രത്തെയും കാവിപ്പട അതെങ്ങനെ പ്രയോഗവൽക്കരിക്കുന്നുവെന്നതിനെയും കുറിച്ചുള്ള പഠനരേഖ) എന്ന 25 പുറങ്ങൾ മാത്രമുള്ള ലഘുഗ്രന്ഥമായിരുന്നു. സീതാറാം യെച്ചൂരിയായിരുന്നു ഗ്രന്ഥകർത്താവ്. ഒരുതരത്തിലുള്ള മൃദുസമീപനവും ഡിപ്ലൊമാറ്റിക് ഭാഷയും കൈക്കൊള്ളാതെ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന് നേർക്കുള്ള ഉഗ്രമായ ഒരു കടന്നാക്രമണമായിരുന്നു ആ പുസ്തകം. ധീരവും നിർഭയവും അനുരഞ്ജനരഹിതവുമായിരുന്നു ഗ്രന്ഥകർത്താവിന്റെ സമീപനം.
ആർഎസ്‌എസിന്റെ ഏറ്റവും പൂജനീയമായ നേതാവിന്റെ പേരു തന്നെ പുസ്തകത്തിന്റെ ഉപശീർഷകത്തിന് നൽകുകയും അവിടെത്തന്നെ അയാളുടെ പ്രത്യയശാസ്ത്രം ഫാസിസം ആണെന്ന് വെട്ടിത്തുറന്ന് പ്രഖ്യാപിക്കുകയും ചെയ്ത സീതാറാം,
അഡോൾഫ് ഹിറ്റ്‌ലറുടെ ‘ഫൈനൽ സൊല്യൂഷൻ’ (‘അന്തിമപരിഹാരം’/ ജൂത ഹോളോകോസ്റ്റ് വംശഹത്യാ പദ്ധതി) സിദ്ധാന്തത്തോടും ഗോൾവാൾക്കർ എത്രമേൽ അനുരക്തനായിരുന്നുവെന്ന് പുസ്‌തകത്തിൽ വിശദമാക്കുകയുംചെയ്തു.
ഞങ്ങളുടെ സിരകളിൽ മതേതര ആവേശത്തിന്റെ ചോരത്തിളപ്പുയർത്താൻ പോന്ന പുസ്തകമായിരുന്നു സീതാറാമിന്റേത്. വായിക്കുകയും പഠിക്കുകയും പങ്കുവയ്ക്കുകയും ചെയ്യേണ്ടുന്ന, കോളേജുകളിലും യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ബസ്തികളിലും (ചേരിപ്രദേശങ്ങൾ) തെരുവീഥികളിലും എവിടെവച്ചും ഏറ്റുമുട്ടാനെത്തുന്ന സംഘ്പരിവാറിന്റെ മതഭ്രാന്തൻമാരെ ആശയപരമായി മലർത്തിയടിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന, മികച്ചൊരു പാഠപുസ്തകം തന്നെയായിരുന്നു അത്.
വർഗീയവിരുദ്ധ പോരാട്ടത്തിന് അത് നവ്യോർജം പകർന്നു. ഫാസിസ്‌റ്റ് പദാവലിയുടെ ഇന്ത്യൻ ഭാഷ്യം അത് ഞങ്ങൾക്ക് വെളിപ്പെടുത്തിത്തന്നു. ഫാസിസത്തെ എതിരിടാനുളള പദസമ്പത്ത് ഞങ്ങൾക്ക് സ്വായത്തമാക്കിത്തരികയും ചെയ്‌തു. ഒരു തലമുറ അപ്പാടെ ആ സമരത്തിൽ പങ്കുചേർന്നു. അറിഞ്ഞോ അറിയാതെയോ ആ തലമുറ സഖാവിന്റെ ബൗദ്ധിക ഇടപെടലിൽ പ്രചോദിതരായി മാറി.
പ്രത്യക്ഷ വായനക്കാർക്കപ്പുറമുള്ള പതിനായിരക്കണക്കിന് മനുഷ്യസ്നേഹികൾക്കിടയിലേക്ക് ആ പുസ്തകത്തിലെ ആശയങ്ങൾ പ്രസരണം ചെയ്യപ്പെട്ടു. വർഗീയവിരുദ്ധ സമരത്തിന്റെ സാമാന്യബോധമായി അവ സംക്രമിച്ചു. ആ ചെറിയ പുസ്തകം ഒരു വലിയ ആയുധമായി പരിണമിച്ചു.
വാക്കിന്റെ ചാരുതയും ചാതുര്യവും കരുത്തും കൊണ്ട് അനുഗ്രഹിക്കപ്പെട്ട പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു സീതാറാം. ആകാശത്തിനു കീഴെയുള്ള ഏതാണ്ടെല്ലാ വിഷയങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അവഗാഹമുണ്ടെങ്കിലും വർഗീയവിരുദ്ധവും മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രനിർമാണത്തിന് വേണ്ടിയുള്ള ഇടപെടലുകളുടെ കാര്യത്തിൽ സീതാറാമിന്റെ സ്വരത്തിന് കടുപ്പമേറും.
ആരെയും തന്നിലേക്കടുപ്പിക്കുന്ന വശ്യശക്തിയ്ക്കും ഉന്നതനേതാക്കൾക്കിടയിൽ അത്രമേൽ ദൃശ്യമല്ലാത്ത നർമബോധത്തിന്റെയും ഉടമായായിരുന്നു അദ്ദേഹം. ചടുലമായ ഇടപെടൽ ശേഷിക്കും മനസ്സാന്നിധ്യത്തിനും ഒക്കെ ഉപരിയായി, ഇന്ത്യ എന്ന ആശയത്തിന്റെ അതിജീവനത്തിനായി തീർത്ത ദൃഢപ്രതിരോധമാണ് യെച്ചൂരിക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിനപ്പുറമുള്ള ബാഹ്യമേഖലകളിൽപ്പോലും അസംഖ്യം ആരാധകരെ നേടിക്കൊടുത്തത്.
1998ൽ ‘ലെഫ്റ്റ് വേഡ് ബുക്‌സി’ൽ (‘Left Word Books) ജോയിൻ ചെയ്യാൻ പ്രകാശ് കാരാട്ട് എന്നോടാവശ്യപ്പെട്ടപ്പോൾ, സീതാറാമിനോട് നേരിട്ടിടപഴകാൻ അവസരമാകുന്നു എന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയ ആനന്ദാതിരേകം പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമാണ്.
ബുക്സിന്റെ മാതൃകമ്പനിയായ ‘നയാരാസ്ത (പുതുവഴി) പ്രൈവറ്റ് ലിമിറ്റഡി’ന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാൾ കൂടിയായിരുന്ന സീതാറാം. എഡിറ്റോറിയൽ അഡ്വൈസറി ബോർഡ് യോഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. സീതാറാമിനും പ്രകാശിനും പുറമെ എൻ റാം, പ്രഭാത് പട്നായിക്, ഇന്ദിര ചന്ദ്രശേഖർ, ഐജാസ് അഹമ്മദ്, വി കെ രാമചന്ദ്രൻ, പി ഗോവിന്ദപ്പിള്ള തുടങ്ങിയവരായിരുന്നു ബോർഡിലെ മറ്റംഗങ്ങൾ.
യോഗങ്ങളിൽ സീതാറാം പുതിയ പദ്ധതി നിർദേശങ്ങൾ വായിക്കുകയും അതേക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും പുതിയ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും പുതിയ പുസ്തകങ്ങളെക്കുറിച്ച് ഫീഡ്‌ബാക്ക് തരികയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ബോർഡ് യോഗങ്ങൾക്ക് പകരുന്ന നർമരസവും ഉന്മേഷവും ശുഭാപ്തി വിശ്വാസവും ഏറെ വിലപ്പെട്ടതായിരുന്നു.
എംപി ആയതോടെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ ഞങ്ങൾക്കത് വലിയ സങ്കടമായി മാറി. പാർലമെന്റേറിയൻമാർ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയോ സാരഥ്യമോ വഹിക്കുന്നതിൽ പരസ്പര വിരുദ്ധ താൽപ്പര്യങ്ങളുടെ സംഘർഷമുണ്ടെന്ന് (കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്സ്) സഖാവ് തന്നെ മുന്നോട്ടുവച്ച വാദത്തെ പിന്തുടർന്നുകൊണ്ടായിരുന്നു പ്രസ്തുത തീരുമാനം.
തങ്ങളുടെ ബിസിനസ് താൽപര്യങ്ങൾ കവിഞ്ഞു കിടക്കുന്ന മേഖലകൾ നിരീക്ഷിക്കേണ്ടുന്ന പാർലമെന്ററി കമ്മിറ്റികളിലേക്ക് കൂടി അവർ അനധികൃതമായി നുഴഞ്ഞുകയറുന്നത് മർമ്മഭേദകമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ചൈനീസ് പ്രസിഡന്റ് സീ ജിൻപിങ്ങിനൊപ്പം
വിജയ് മല്യയുടെ ഉദാഹരണമായിരുന്നു സഖാവ് തന്റെ വാദത്തിന് ഉപോത്ബലകമായി ചൂണ്ടിക്കാട്ടിയിരുന്നത് (രാജ്യസഭാംഗമെന്ന നിലയ്ക്ക് വ്യോമയാനവുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി അംഗമായിരിക്കുകയും സ്വകാര്യ വിമാന വ്യവസായത്തിനനുകൂലമായ ശുപാർശകൾ നല്കുകയും ചെയ്യുമ്പോൾത്തന്നെ, കിങ് ഫിഷർ എയർലൈനിന്റെ ഉടമയുമായിരുന്നു വിജയ് മല്യ.
സമാനമായ ആരോപണങ്ങൾ മല്യയ്ക്കെതിരെ വേറെയുമുണ്ടായിട്ടുണ്ട്. കൂട്ടത്തിലെ ബഹുസ്വരൂപികളായ ഭീമൻമാരുമായി താരതമ്യപ്പെടുത്തുമ്പോൾ ‘നയാരാസ്ത’ പബ്ലിഷേഴ്‌സ് തീരെ ചെറിയ സംരംഭമായിരുന്നെങ്കിലും ഒരു പാർലമെന്റേറിയൻ എന്ന നിലയ്ക്ക് തന്റെ പേര് സ്വകാര്യ ബിസിനസ് താൽപര്യങ്ങളുമായി ഒരുതരത്തിലും ചേർന്നുവരരുതെന്ന് സീതാറാമിന് നിർബന്ധമായിരുന്നു.
കമ്പനിയിൽ നിന്ന് ശമ്പളമോ സാമ്പത്തികമായ ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യങ്ങളോ അദ്ദേഹം ഒരിക്കൽപ്പോലും കൈപ്പറ്റിയിരുന്നില്ല. ലെഫ്റ്റ് വേഡ് ബുക്സിലെ സഹ എഡിറ്റർ വിജയ് പ്രഷാദും ഞാനും ഞങ്ങൾക്കു വേണ്ടി ഒരു പുസ്തകമെഴുതിത്തരാൻ വർഷങ്ങളായി സീതാറാമിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ‘വൈകാതെ ചെയ്യാം' എന്ന് പുഞ്ചിരിയോടെയുള്ള ഒരു മറുപടിയായിരിക്കും മിക്കപ്പോഴും ലഭിക്കുക.
പുസ്തകമെഴുതാനുള്ള ഒഴിവുസമയം അദ്ദേഹത്തിന് ഒരിക്കലും ലഭിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കും അറിയാമായിരുന്നു. എങ്കിലും, അദ്ദേഹം സിപിഐ എം ജനറൽ സെക്രട്ടറി സ്ഥാനത്ത് അവസാന ടേമിന്റെ പകുതി പിന്നിട്ട ഘട്ടത്തിൽ ഞാനീ വിഷയം ഒരിക്കൽക്കൂടി സഖാവിന്റെ മുമ്പിൽ എടുത്തിടുകയുണ്ടായി.
നരേന്ദ്ര മോദിയുടെ ഉദയവും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉന്നതാധികാരത്തിലേക്കുള്ള ആർഎസ്‌എസ്, ബിജെപിയുടെ ആരോഹണവും ഉൾപ്പെടെയുള്ള പുതുകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സീതാറാമിന്റെ ആദ്യകാല പുസ്തകമായ എന്താണീ ഹിന്ദുരാഷ്ട്രം പുതുക്കിയെഴുതാനായിരുന്നു ഞങ്ങളുടെ അഭ്യർഥന.
സീതാറാം യെച്ചൂരി പഠനകാലത്ത്
മധ്യ ലിബറലുകളും ഹിന്ദുത്വ വലതുപക്ഷവും തമ്മിലുള്ള ബാന്ധവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിന്തനങ്ങളും കൂട്ടത്തിൽ ഞങ്ങളാവശ്യപ്പെടുകയുണ്ടായി. സീതാറാമിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ മേശപ്പുറത്ത് അദ്ദേഹം വായിച്ചുകൊണ്ടിരുന്ന ലെഫ്റ്റ് വേഡ് ബുക്‌സ് പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങൾ ഞങ്ങൾ കാണാനിടയായി.
ഞങ്ങൾക്കായിഎഴുതാനും ഒപ്പം പ്രസാധനമേഖലയിൽ, പ്രത്യേകിച്ച് ഞങ്ങളുടെ പുതിയ ഹിന്ദി ഇംപ്രിന്റായ വാം പ്രകാശൻന്റെ (ഇടതുക്ഷ പ്രസാധനാലയം) കാര്യത്തിൽ, വിലപ്പെട്ട ഉപദേശങ്ങൾ നൽകാനും അദ്ദേഹത്തിന് അധികസമയം ലഭിച്ചിരുന്നെങ്കിൽ എന്നുകൂടി ആഗ്രഹമുണ്ടായിരുന്നു.
പക്ഷേ അദ്ദേഹത്തിന്റെ അകാലവിയോഗം അതെല്ലാം അസാധ്യമാക്കി. ലെഫ്റ്റ് വേഡ് ബുക്സിന് മാത്രമല്ല, കൂടുതൽ മാനവികമായ ഒരു ലോകം സാധ്യമാക്കാൻ പൊരുതുന്ന എല്ലാ വിപ്ലവകാരികൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ് ആ വിയോഗം.
സീതാറാമിന്റെ പഴയ പുസ്തകം അന്നത്തെ തലമുറയെ സ്വാധീനിച്ചതുപോലെ, സമകാലിക വർഗീയതയുടെ സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള വിചാരങ്ങൾ വർത്തമാനകാലത്തെയും ദാർശനിക രാഷ്ട്രീയ തലത്തിൽ ഉന്മിഷത്താക്കുമായിരുന്നു.
ഈ സാഹചര്യത്തിൽ ഞങ്ങളെക്കൊണ്ട് നിർവഹിക്കാൻ സാധിക്കുന്ന ദൗത്യമെന്നനിലയ്ക്ക്, വർഗീയതയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രചനകൾ തെരഞ്ഞെടുത്ത് വരും വർഷത്തോടെ ഒരു വാല്യം പ്രസിദ്ധീകരിക്കുവാനുള്ള പദ്ധതിയിലാണ് ലെഫ്റ്റ് വേഡ് ബുക്സ്. അദ്ദേഹം എഴുതിയേക്കാമായിരുന്ന ഗ്രന്ഥത്തിന് അതൊരു വിധത്തിലും പകരമാകില്ലെന്ന് ഞങ്ങൾക്കുമറിയാം; പക്ഷേ മരണത്തോട് അടരടാൻ ആർക്കാണ് സാധിക്കുക!
(ലെഫ്‌റ്റ് വേഡ് ബുക്‌സിന്റെ മാനേജിങ് എഡിറ്ററാണ് സുധാൻവ ദേശ്‌പാണ്ഡെ. ഒപ്പം, ‘ജനനാട്യമഞ്ചി’ൽ നടനായും സംവിധായകനായും പ്രവർത്തിക്കുന്നു. ഹല്ലബോൽ: ദി ഡെത്ത് ആൻഡ് ലൈഫ് ഓഫ് സഫ്ദർ ഹാഷ്മി / ‘നിങ്ങളുടെ സ്വരമുയർത്തുക: സഫ്ദർ ഹാഷ്മിയുടെ മരണവും ജീവിതവും’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.) .
വിവർത്തനം: കെ സി ഷൈജൽ
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..