20 December Friday
സമകാലികം - വി ബി പരമേശ്വരൻ

മാർക്കഡ്‌വാഡി നൽകുന്ന സന്ദേശം - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Tuesday Dec 10, 2024

ഡൽഹിയിലെ തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസ്‌ - കടപ്പാട്‌: alami.com

 

തെരഞ്ഞെടുപ്പ് കമീഷനിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിൽ ഇടിച്ചിൽ തട്ടാൻ ആരംഭിച്ചിരിക്കുന്നുവെന്നതിന്റെ മികച്ച തെളിവാണ് മാർക്കഡ്‌വാഡിയിലെ ഗ്രാമീണർ നൽകിയത്. 2014ൽ മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെയാണ് എക്‌സിക്യുട്ടീവിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷൻ മാറിയത് എന്ന ആക്ഷേപം ഉയർന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അധികാരമേറ്റതോടെ ഈ ചുവടുമാറ്റത്തിന് ആക്കം വർധിച്ചൂ. പ്രധാനമന്ത്രിയുടെ പ്രചാരണത്തിന് സമയം ലഭിക്കുംവിധം തെരഞ്ഞെടുപ്പ് ഷെഡ്യൂളുകൾ നിശ്ചയിക്കുന്നുവെന്ന പരാതിക്കു പുറമെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ വർഗീയ പ്രസംഗങ്ങൾ തടയാൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉപയോഗിച്ച് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നു.


വി ബി പരമേശ്വരൻ

വി ബി പരമേശ്വരൻ

മഹാരാഷ്‌ട്രയിലെ മാർക്കഡ്‌വാഡി ഗ്രാമം വാർത്തകളിൽ നിറഞ്ഞത് പ്രതീകാത്മക വോട്ടിങ്ങിന് ശ്രമിച്ചതിനാലാണ്. നവംബർ 20ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഗ്രാമവാസികൾക്ക് വിശ്വസിക്കാൻ കഴിയാത്തതിനാലാണ് അവർ ഡിസംബർ മൂന്നിന് പ്രതീകാത്മക വോട്ടിങ്ങിന് തയ്യാറായത്.

ഇലക്ട്രോണിക്‌ വോട്ടിങ് യന്ത്രത്തിൽ അവിശ്വാസം രേഖപ്പെടുത്തിയ ഗ്രാമവാസികൾ ബാലറ്റ് പേപ്പർ തയ്യാറാക്കി ബൂത്തുകൾ സജ്ജീകരിച്ചാണ് പ്രതീകാത്മക വോട്ടെടുപ്പിന് ഒരുങ്ങിയത്. വലിയ പൊലീസ് സന്നാഹം ഒരുക്കിയും കർഫ്യൂ പ്രഖ്യാപിച്ചും വോട്ടെടുപ്പ് തടഞ്ഞെങ്കിലും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസം കുത്തനെ ഇടിയുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് മാർക്കഡ്‌വാഡി നൽകുന്നത്.

സോലാപൂരിലെ മാൽഷിറാസ് നിയമസഭാ മണ്ഡലത്തിലുള്ള ചെറിയ ഗ്രാമമാണ് മാർക്കഡ്‌വാഡി. ഗ്രാമത്തിൽ 2046 വോട്ടർമാരാണുള്ളത്. അതിൽ 1905 പേർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എൻസിപി ശരദ് പവാർ വിഭാഗം സ്ഥാനാർഥിയായ ഉത്തംറാവു ജാങ്കർ 1147 വോട്ടിന് മാൽഷിറാസ് മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിലും മാർക്കഡ്‌വാഡിയിൽ അദ്ദേഹം പിറകിലായി.

എന്നും ഭൂരിപക്ഷ പിന്തുണ നൽകുന്ന മാർക്കഡ്‌വാഡിയിലെ ജനങ്ങൾ തന്നെ കൈയൊഴിയില്ലെന്ന ഉറച്ച വിശ്വാസമാണ് ജാങ്കർക്കുള്ളത്. പക്ഷേ ഇക്കുറി 843 വോട്ട് മാത്രമാണ് ലഭിച്ചത്. ജാങ്കറുടെ എതിരാളി ബിജെപിയിലെ രാം സത്പുത്തെയ്‌ക്ക് ഗ്രാമത്തിൽ നിന്ന് 1003 വോട്ടുകൾ ലഭിച്ചു.

രാം സത്പുത്തെ

രാം സത്പുത്തെ

ഉത്തംറാവു ജാങ്കർ

ഉത്തംറാവു ജാങ്കർ

ആറുമാസം മുമ്പ്  ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സത്പുത്തെയ്‌ക്ക് 406 വോട്ട് മാത്രമാണ് ഇതേ ഗ്രാമത്തിൽ നിന്ന് ലഭിച്ചത്. എൻസിപി ശരദ്‌ പവാർ വിഭാഗം സ്ഥാനാർഥി ഡി മൊഹിതെക്ക് ഗ്രാമത്തിൽ നിന്ന് 1021 വോട്ട് ലഭിക്കുകയും ചെയ്‌തു.

ഗ്രാമത്തിലെ ഓരോ വോട്ടറുമായും അടുത്ത ബന്ധമുള്ള ജാങ്കർക്ക് ഈ വോട്ടെങ്കിലും കിട്ടാത്തതിലാണ് ഗ്രാമവാസികൾക്ക് അത്ഭുതം. അതുകൊണ്ടുതന്നെ ഇലക്ട്രോണിക്‌ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നുവെന്ന പൊതുവായി ഉയർന്നുവരുന്ന ആരോപണം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമവാസികളെയും സ്വാധീനിച്ചു.

ചെയ്‌ത വോട്ട് ഉദ്ദേശിക്കുന്ന ആൾക്കുതന്നെ ലഭിച്ചുവെന്നറിയാനുള്ള അവകാശം ഓരോ വോട്ടർക്കുമുണ്ട്. ആ അധികാരം തെരഞ്ഞെടുപ്പ് കമീഷന് അടിയറ വയ്‌ക്കാൻ ഗ്രാമവാസികൾ തയ്യാറല്ല. അതിനാൽ പ്രതീകാത്മകമായി വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന പ്രമേയം ഗ്രാമപഞ്ചായത്ത് പ്രത്യേക യോഗം ചേർന്ന് പാസാക്കി.

തഹസിൽദാരെ കണ്ട് ബാലറ്റിലൂടെ വീണ്ടും വോട്ടെടുപ്പ് നടത്താനുള്ള അനുവാദം തേടുകയും ചെയ്‌തു. സ്വാഭാവികമായും അനുവാദം ലഭിച്ചില്ലെന്ന് മാത്രമല്ല അത് തടയാനുള്ള എല്ലാ മുൻകരുതലും അധികൃതർ കൈക്കൊള്ളുകയും ചെയ്‌തു.

മാർക്കഡ്‌വാഡിയിൽ ബാലറ്റ്‌ പേപ്പർ ഉപയോഗിച്ച്‌ സമാന്തര തെരഞ്ഞെടുപ്പ്‌  നടത്താനുള്ള ശ്രമം പൊലീസ്‌ തടയുന്നു

മാർക്കഡ്‌വാഡിയിൽ ബാലറ്റ്‌ പേപ്പർ ഉപയോഗിച്ച്‌ സമാന്തര തെരഞ്ഞെടുപ്പ്‌ നടത്താനുള്ള ശ്രമം പൊലീസ്‌ തടയുന്നു

ഡിസംബർ മൂന്നിന് 400‐ലധികം ഗ്രാമവാസികൾ ഗ്രാമകേന്ദ്രത്തിൽ ഒത്തുകൂടിയെങ്കിലും മോക്ക് പോൾ നടത്താൻ കഴിഞ്ഞില്ല. മാർക്കഡ്‌വാഡിയിലെ പോളിങ്‌ തടയാനായെങ്കിലും സമാനമായ ആവശ്യം നാസിക്ക്, അകോള തുടങ്ങിയ ജില്ലകളിലെ ചില ഗ്രാമങ്ങളിൽ നിന്ന് ഉയരുകയാണ്.

കാലങ്ങൾ അതിജീവിച്ച ഭരണഘടനാ സ്ഥാപനമാണ് 324ാം വകുപ്പനുസരിച്ച് രൂപംകൊണ്ട തെരഞ്ഞെടുപ്പ് കമീഷൻ. രാജ്യം പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതിന് തൊട്ടു തലേ ദിവസം, 1950 ജനുവരി 25നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിലവിൽ വന്നത്.

'ഗ്രേറ്റസ്‌റ്റ്‌ ഷോ ഓൺ എർത്ത്’ എന്നാണ് തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പ് നടത്തുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണ്. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ആണിക്കല്ല്.

സുപ്രീം കോടതി വിവിധങ്ങളായ വിധിന്യായങ്ങളിൽ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പിെല്ലന്നും (2003) പാർലമെന്ററി ജനാധിപത്യത്തിന്റെ ഹൃദയം കുടികൊള്ളുന്നത് സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിലാണെന്നും (1997) പരമോന്നത കോടതി അഭിപ്രായപ്പെടുകയുണ്ടായി.

എന്നാൽ ആ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പുകാരനായ തെരഞ്ഞെടുപ്പ് കമീഷനിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിൽ ഇടിച്ചിൽ തട്ടാൻ ആരംഭിച്ചിരിക്കുന്നുവെന്നതിന്റെ മികച്ച തെളിവാണ് മാർക്കഡ്‌വാഡിയിലെ ഗ്രാമീണർ നൽകിയത്.

രാജീവ് കുമാർ

രാജീവ് കുമാർ

2014ൽ മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെയാണ് എക്‌സിക്യുട്ടീവിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷൻ മാറി എന്ന ആക്ഷേപം ഉയർന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അധികാരമേറ്റതോടെ ഈ ചുവടുമാറ്റത്തിന് ആക്കം വർധിച്ചു.

പ്രധാനമന്ത്രിയുടെ പ്രചാരണത്തിന് സമയം ലഭിക്കുംവിധം തെരഞ്ഞെടുപ്പ് ഷെഡ്യൂളുകൾ നിശ്ചയിക്കുന്നുവെന്ന പരാതിക്കു പുറമെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ വർഗീയ പ്രസംഗങ്ങൾ തടയാൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉപയോഗിച്ച് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നു.

എന്നാലിപ്പോൾ ഹരിയാനയിലെയും മഹാരാഷ്‌ട്രയിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ ജനവികാരത്തിന് എതിരായത് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ, പ്രത്യേകിച്ചും ഇലക്ട്രോണിക്‌ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തിയാണെന്ന ആക്ഷേപം നേരിടുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ.

അഭിപ്രായ വോട്ടെടുപ്പുകൾക്കും മാധ്യമ വിശകലനങ്ങൾക്കും വിരുദ്ധമായ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഹരിയാനയിലും മഹാരാഷ്‌ട്രയിലും ഉണ്ടായതെന്ന കാര്യത്തിൽ സംശയമില്ല. ഹരിയാനയ്‌ക്ക് പിറകെ മഹാരാഷ്‌ട്രയിലും ചരിത്രത്തിൽ ഇല്ലാത്തവിധം ഭൂരിപക്ഷത്തോടെ ബിജെപി മുന്നണി വിജയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്‌തുകൊണ്ടുള്ള പ്രസ്‌താവനകളും വാർത്തകളും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

ശക്തമായ പോരാട്ടത്തിൽ മഹാവികാസ് അഘാഡി പരാജയപ്പെട്ടതിലോ മഹായുതി സഖ്യം വിജയിച്ചതിലോ അസ്വാഭാവികതയൊന്നുമില്ല. തെരഞ്ഞെടുപ്പ് വിദഗ്‌ധൻ യോഗേന്ദ്ര യാദവ് സൂചിപ്പിച്ചതുപോലെ 'സുനാമി പോലുള്ള വിജയത്തിന്റെ വ്യാപ്തി’യാണ് സംശയമുളവാക്കുന്നത്.

ബിജെപി നയിക്കുന്ന, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്റെ എൻസിപിയും അംഗങ്ങളായ മഹായുതി സഖ്യം സമഗ്രമായ വിജയമാണ് മഹാരാഷ്‌ട്രയിൽ നേടിയത്. 288 അംഗ സഭയിൽ 230 സീറ്റ്‌ അവർക്ക്‌ ലഭിച്ചു. 

മഹാരാഷ്‌ട്രയിൽ ഒരു കക്ഷിക്കും മുന്നണിക്കും അടുത്തൊന്നും ലഭിക്കാത്ത ഭൂരിപക്ഷമാണിത്. ബിജെപിക്ക് മാത്രം 132 സീറ്റ് നേടാനായി. മത്സരിച്ച 89 ശതമാനം സീറ്റിലും ബിജെപി വിജയിച്ചു. 13 സീറ്റ് കൂടി നേടിയിരുന്നെങ്കിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹായുതിയേക്കാൾ  മഹാവികാസ് അഘാഡിക്ക് 1.38 ശതമാനം വോട്ടാണ് കൂടുതൽ ലഭിച്ചത്.

യോഗേന്ദ്ര യാദവ്

യോഗേന്ദ്ര യാദവ്

ആറുമാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടന്നപ്പോൾ മഹാവികാസ് അഘാഡിയേക്കാൾ 14 ശതമാനത്തിലധികം വോട്ടിന് മുന്നേറാൻ മഹായുതിക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു ദേശീയ പാർടിയുടെ നേതൃത്വത്തിലുള്ള സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം നിയസഭാ തെരഞ്ഞെടുപ്പിൽ തിരുത്തിയതിന് കാര്യമായ മുൻകാല മാതൃകകൾ ഇല്ലെന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്.

അതിനാലാണ് 'രാഷ്‌ട്രീയമായ സാമാന്യ ബോധം വച്ചോ സാങ്കേതിക രാഷ്‌ട്രീയ ശാസ്‌ത്രം വച്ചോ മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചോദിച്ചുപോവുകയാണ്; വിജയികൾ വല്ല ഉത്തേജക മരുന്നും കഴിച്ചിരുന്നോ എന്ന്’ അദ്ദേഹം ചോദിച്ചത്.

ബിജെപിയുടെ ഈയൊരു മുന്നേറ്റത്തിൽ അസ്വാഭാവികതയുണ്ടെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ആഞ്ഞുവീശിയ ജനതാതരംഗത്തിനും ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം 1984ൽ നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ കോൺഗ്രസ് അനുകൂല സഹതാപ തരംഗത്തിനും സമാനമായ തരംഗമാണ് മഹായുതിക്ക് അനുകൂലമായി മഹാരാഷ്‌ട്രയിൽ ഉണ്ടായത്.

മറാത്തവാഡ, വിദർഭ, പശ്ചിമ മഹാരാഷ്‌ട്ര, കൊങ്കൺ, ഖാൻദേശ്, മുംബൈ തുടങ്ങി തീർത്തും വ്യത്യസ്‌തമായ മേഖലകളിൽ വ്യത്യസ്‌തമായ രാഷ്‌ട്രീയാഭിമുഖ്യമാണ് ഇതുവരെയും പ്രകടിപ്പിക്കപ്പെട്ടതെങ്കിൽ ഇക്കുറി എല്ലായിടത്തും മഹായുതിക്ക് അനുകൂലമായത് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നാണ് മാധ്യമപ്രവർത്തകരും രാഷ്‌ട്രീയ നിരീക്ഷകരും ഒരുപോലെ പറയുന്നത്.

അതുപോലെ തന്നെ വോട്ടിങ്ങിൽ പ്രകടമായ നഗര/ഗ്രാമ വ്യത്യാസവും ഇക്കുറി ജലരേഖയായി. നഗരങ്ങൾ പൊതുവെ ബിജെപിയോടാണ് ആഭിമുഖ്യം കാട്ടിയിരുന്നതെങ്കിൽ ഗ്രാമങ്ങളിൽ ബിജെപി ഇതര ശക്തികൾക്കാണ് മുൻകൈ ലഭിക്കാറുണ്ടായിരുന്നത്. എന്നാൽ ഇക്കുറി ഗ്രാമീണ വോട്ടുകൾ പൊതുവെ മഹായുതിക്ക് അനുകൂലമായി.

 യോഗേന്ദ്ര യാദവ് മാത്രമല്ല ഫലത്തിൽ അസ്വാഭാവികത ദർശിക്കുന്നത്. സാമ്പത്തിക ശാസ്‌ത്രജ്ഞനും കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിൽ (ദ വയർ) വെളിപ്പെടുത്തിയ കാര്യങ്ങളും ഈ അസ്വാഭാവികതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മഹാരാഷ്‌ട്രയിൽ വോട്ടെടുപ്പ് ദിനമായ നവംബർ 20ന് വൈകിട്ട് അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് 58.22 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതേദിവസം രാത്രി 11.30ന് പുതുക്കിയ കണക്കനുസരിച്ച് 65.02 ശതമാനമായി പോളിങ് ഉയർന്നു.

വോട്ടെണ്ണിയ നവംബർ 23 ആകുമ്പോഴേക്കും ഇത് 66.05 ശതമാനമായി വർധിച്ചു. ആദ്യവും അവസാനവും തമ്മിലെ പോളിങ്ങിലുണ്ടായ വർധന 7.83 ശതമാനമാണ്. ഈ ശതമാനം വോട്ടർമാരുടെ എണ്ണത്തിലാക്കിയാൽ 76 ലക്ഷമായി ഉയരും.

സാധാരണ നിലയിൽ ഈ വ്യത്യാസം ഒരു ശതമാനത്തിൽ താഴെ മാത്രമാണ് രേഖപ്പെടുത്താറുള്ളത്. ഇത്രയും വലിയ അന്തരം എന്തുകൊണ്ടാണെന്നതിന് തൃപ്തികരമായ വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായിട്ടില്ല. ഹരിയാനയിലും ഇതുപോലെ 6.77 ശതമാനം വോട്ട് വർധിച്ചിരുന്നു.

അതുപോലെ തന്നെ പോൾ ചെയ്‌ത വോട്ടും എണ്ണിയ വോട്ടും തമ്മിലുള്ള അന്തരവും ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമാണ്. മഹാരാഷ്ട്രയിൽ 5,38,225 പോസ്‌റ്റൽ വോട്ട് ഉൾപ്പെടെ 6,46,26,420 വോട്ടാണ് മൊത്തം പോൾ ചെയ്‌തത്.

പരകാല പ്രഭാകർ

പരകാല പ്രഭാകർ

എന്നാൽ 6,45, 92,508 വോട്ട് മാത്രമാണ് എണ്ണിയത്. അതായത്‌ 33,912 വോട്ട് കുറവാണ് എണ്ണിയത്. 95 മണ്ഡലങ്ങളിൽ പോൾ ചെയ്‌ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസമുണ്ടെന്ന് മറാത്തി ദിനപത്രമായ ലോക് മത് ടൈംസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഇതിൽ 19 മണ്ഡലങ്ങളിൽ എണ്ണിയ വോട്ട് പോൾ ചെയ്‌ത വോട്ടിനേക്കാൾ കുറവാണ്. 76 മണ്ഡലങ്ങളിൽ പോൾ ചെയ്‌ത വോട്ടിനേക്കാൾ അധികമാണ് എണ്ണിയ വോട്ട്. ഉദാഹരണത്തിന് ലോഹ മണ്ഡലത്തിൽ പോൾ ചെയ്‌ത വോട്ടിനേക്കാൾ 159 വോട്ട് അധികമായി എണ്ണുകയുണ്ടായി.

മാവൽ മണ്ഡലത്തിൽ മൊത്തം പോൾ ചെയ്‌തത്‌ 2,81,093 വോട്ടാണ്. എണ്ണിയതാകട്ടെ 2,79,081 വോട്ടും. 2012 വോട്ടിന്റെ കുറവ്. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നതിനും തൃപ്തികരമായ മറുപടി പറയാൻ തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞിട്ടില്ല.

നിതിൻ ഗഡ്കരി

നിതിൻ ഗഡ്കരി

എതിർകക്ഷിക്ക് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യുന്ന രീതിയും (ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ തന്നെ പിന്തുണയ്‌ക്കുന്ന മൂന്നരലക്ഷം വോട്ടുകൾ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ടതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി  ആരോപിച്ചിരുന്നു. തന്നെ നാഗ്പൂർ മണ്ഡലത്തിൽ തോൽപ്പിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന സൂചനയാണ് ഗഡ്കരി നൽകിയത്) 

ഭീമമാം വിധം കള്ളവോട്ടുകൾ ചേർക്കുന്നതിനും ബിജെപി / ആർഎസ്‌എസ് പ്രവർത്തകർ തയ്യാറായി എന്ന പരാതിയും കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ഉയർത്തിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിൽ 47 ലക്ഷം വോട്ടർമാരെ കൂടുതലായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതായി കോൺഗ്രസ് ആരോപിക്കുകയുണ്ടായി. 50 അസംബ്ലി മണ്ഡലങ്ങളിലാണ്‌ പുതിയ വോട്ടർമാരെ ചേർത്തത്. ഈ 50 മണ്ഡലങ്ങളിൽ 47ലും ബിജെപി സഖ്യം വിജയിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു.

ശരാശരി 5000നും 10,000നും ഇടയിൽ അധിക വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ബിജെപി സഖ്യം ശ്രമിച്ചതായാണ് ആരോപണം. ബിജെപി മുന്നണിക്ക് അവിശ്വസനീയമാം വിധം സീറ്റ് വർധിക്കാൻ ഇതും കാരണമായേക്കാം എന്ന  സംശയമാണ് പലരും പങ്കുവയ്‌ക്കുന്നത്.

ഹരിയാനയിലും മഹാരാഷ്ട്രയിലും ഡബിൾ എൻജിൻ സർക്കാരാണ് എന്നത് സംശയം വർധിപ്പിക്കുകയും ചെയ്യുന്നു. പോളിങ് ബൂത്തിൽ റിട്ടേണിങ് ഓഫീസർ ഉൾപ്പെടെ പ്രധാന ഉദ്യോഗസ്ഥരെല്ലാം സംസ്ഥാന സർക്കാർ സർവീസിൽ ഉള്ളവരായിരിക്കും.

അതിനാൽ ഡബിൾ എൻജിൻ സർക്കാരുകൾ നിലവിലുള്ളിടത്ത് കേന്ദ്രഭരണ കക്ഷിക്ക് കൃത്രിമം കാട്ടാൻ എളുപ്പമാണ് എന്ന കാര്യത്തിലും സംശയമില്ല. ജാർഖണ്ഡിൽ ഡബിൾ എൻജിൻ സർക്കാരല്ല എന്നതാണ് ബിജെപിയുടെ പരാജയത്തിന് കാരണമായതെന്ന ആഖ്യാനവും ഇതോടൊപ്പം ചേർത്തുവായിക്കണം.

ഇതിനും പുറമെ വോട്ട് എണ്ണുന്ന വേളയിൽ 99 ശതമാനം ചാർജുള്ള വോട്ടിങ് മെഷീൻ പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ചും തർക്കങ്ങൾ ഉയരുകയുണ്ടായി. ഇത്തരം വോട്ടിങ് യന്ത്രങ്ങളിൽ ഭരണകക്ഷിക്ക് അനുകൂലമായ വോട്ടുകൾ ഏറെ രേഖപ്പെടുത്തപ്പെട്ടതായും ഹരിയാനയിലും മഹാരാഷ്ട്രയിലും പരാതി ഉയർന്നു.

ഇത്തരം തിരിമറികൾ സാധ്യമാണെന്ന് ഇവിഎം സാങ്കേതിക വിദഗ്‌ധനായ മാധവ് ദേശ്പാണ്ഡെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. വൈഫൈയുമായോ ബ്ലൂ ടൂത്തുമായോ ബന്ധമില്ലാത്തതിനാൽ ഇവിഎം ഹാക്ക് ചെയ്യാൻ കഴിയില്ലെങ്കിലും കൃത്രിമം കാട്ടാൻ കഴിയുമെന്ന് മാധവ് ദേശ്പാണ്ഡെ വ്യക്തമാക്കുകയുണ്ടായി.

തെരഞ്ഞെടുപ്പിനായി ഒരുക്കിയ ഇലക്‌ട്രോണിക്‌ വോട്ടിങ മെഷീനുകൾ

തെരഞ്ഞെടുപ്പിനായി ഒരുക്കിയ ഇലക്‌ട്രോണിക്‌ വോട്ടിങ മെഷീനുകൾ

1977ലാണ് ബാലറ്റ് പോസ്‌റ്റിന് പകരം ഇലക്ട്രോണിക് സാങ്കേതികവിദ്യയിലേക്ക് മാറേണ്ടതിന്റെ അനിവാര്യത തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടുന്നത്. 1982 മെയ് മാസത്തിൽ കേരളത്തിലെ പറവൂരിലെ ഏതാനും ബൂത്തുകളിലാണ് (ഉപതെരഞ്ഞെടുപ്പ് വേളയിൽ) ആദ്യമായി ഇവിഎം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി എല്ലാ മണ്ഡലങ്ങളിലും ഇവിഎം ഉപയോഗിക്കാൻ ആരംഭിച്ചത്. സാങ്കേതികവിദ്യ ഏറെ മാറിയെങ്കിലും പഴയ സാങ്കേതികവിദ്യയുമായാണ് ഇന്ത്യയിലെ ഇവിഎം മെഷീൻ ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും അത് കാലോചിതമായി മാറ്റേണ്ടതുണ്ടെന്നുമാണ് ദേശ്പാണ്ഡെയുടെ അഭിപ്രായം.

വിവി പാറ്റിലും കൺട്രോൾ യൂണിറ്റിലും കൃത്രിമം നടത്താൻ കഴിയുമെന്നാണ് ദേശ്പാണ്ഡെ പറയുന്നത്. ഒരാൾ വോട്ട് ചെയ്‌തതിനു ശേഷം മാറ്റം വരുത്താൻ കഴിയുമെന്നതുപോലെ തന്നെ കൺട്രോൾ യൂണിറ്റിൽ നിർമിത വോട്ട് ലോഡ് ചെയ്യാൻ കഴിയുമെന്നും ദേശ്പാണ്ഡെ പറയുന്നു.

ഇത്തരത്തിലുള്ള സംശയങ്ങൾ ദൂരീകരിച്ച് വോട്ടിങ് യന്ത്രം കുറ്റമറ്റതാക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമീഷനുണ്ട്. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉന്നയിക്കുന്നുണ്ടെങ്കിലും ആ ആവശ്യത്തോട് ദേശ്പാണ്ഡെയെ പോലു ള്ളവർ യോജിക്കുന്നില്ല.

സഞ്ചരിക്കുന്ന കാർ തകരാറിലായാൽ കാളവണ്ടിയിൽ യാത്ര ചെയ്യാൻ തീരുമാനിക്കുന്നതിനു സമാനമാണ് ഈ ആവശ്യം എന്നാണ് ദേശ്പാണ്ഡെയുടെ അഭിപ്രായം. പ്രശ്നങ്ങൾ പരിഹരിച്ച് സംവിധാനം കുറ്റമറ്റതും വിശ്വസനീയവുമാക്കി മുന്നോട്ടു പോകുക എന്നതാണ് ശാസ്‌ത്രീയ രീതി.

ഇവിഎം കാര്യത്തിലും ഇതുതന്നെയാകും അഭികാമ്യമായ മാർഗം. ഏതായാലും ഈ വിഷയത്തിൽ രാഷ്‌ട്രീയ പാർടികളുമായി ചർച്ച നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ നിർബന്ധിതമായിട്ടുണ്ട്. എന്തു വിലകൊടുത്തും വോട്ടവകാശം സംരക്ഷിക്കപ്പെടണം. അത് കൊള്ളയടിക്കാൻ ആരെയും അനുവദിക്കരുത്.

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top