22 December Sunday

കാലത്തിനുമുന്നേ കേരളം

ഗോപകുമാര്‍Updated: Sunday Jul 21, 2024



ഭൂമിയിലും ആകാശത്തുമൊക്കെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ ആപ്ലിക്കേഷനുകൾ ഇന്നലെ നിശ്ചലമായി. കംപ്യൂട്ടർ ടെക്നോളജി രംഗത്തെ വൻ കുത്തകയായ മൈക്രോസോഫ്റ്റ് കമ്പനിയുടെ വിൻഡോസ്‌ പ്ലാറ്റ്ഫോമിൽ സുരക്ഷ നൽകുന്ന ക്രൌഡ് സ്ട്രൈക്ക് സോഫ്റ്റ്‌വെയറിലെ ഒരു അപ്ഡേഷനാണ് പ്രതിസന്ധി ഉണ്ടാക്കിയത്. അപ്ഡേറ്റ് ആയ കംപ്യൂട്ടറുകൾ ബിഎസ്ഒഡി അഥവാ ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ കാണിച്ചു.

ആയിരക്കണക്കിന് വിമാനങ്ങൾക്ക് യാത്ര റദ്ദാക്കേണ്ടി വന്നു. വിവിധ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളുടെ സേവനം മുടങ്ങി. അനവധി കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനം മുടങ്ങി. ഒരു സോഫ്‌റ്റ്‌വെയർ അപ്ഡേറ്റിൽ ഉണ്ടാകുന്ന ചെറിയൊരു പിഴവ് ലോകക്രമത്തെത്തന്നെ പിടിച്ചു നിർത്തുന്ന നിലയിലേയ്ക്ക് പോകുന്നത് എന്തുകൊണ്ടാണ്. ലോകം അത്രത്തോളം ഒരു കുത്തകയുടെ പിടിയിലായതിനാലാണ്. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള ഒരു പരിഹാരം. അതിൽ ഉപഭോക്താവ് സ്വയം ക്രമീകരിച്ചാലെ അപ്‌ഡേഷനുകൾ നടക്കു.

ഒരു കൂട്ടക്കുഴപ്പം ഒഴിവാക്കാം. ഇവിടെയാണ് കേരളത്തിന്റെ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ നയത്തിന്റെ പ്രസക്തി ഏറുന്നത്. 2006ലെ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന വിവര സാങ്കേതികവിദ്യാനയത്തിന്റെ ഭാഗമായി എല്ലാ ഐ ടി പ്രവർത്തനങ്ങളിലും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന് മുൻഗണന നൽകി. ഇന്ത്യയിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് കുത്തകകളെ മാറ്റിനിർത്തിയത് കേരളമാണ്.  ലൈസൻസ് ഇനത്തിൽ ഏതാണ്ട് 3000 കോടി രൂപ ഇങ്ങനെ ലാഭിക്കാനുമായി. കൈറ്റ്സിന്റെ നേതൃത്വത്തിലുള്ള പദ്ധതിയെ യുനിസെഫ് ഒരു മാതൃകയായി തന്നെ പ്രശംസിച്ചിട്ടുമുണ്ട്. ഈ മേഖലയിലെ കൂട്ടായ്മകൾക്കും ഗവേഷണത്തിനുമായി ഐസിഎഫ്‌ഒഎസ്‌എസ്‌ എന്നൊരു ഗവേഷണകേന്ദ്രവും സർക്കാരിനുണ്ട്. കേരള സർക്കാറിന്റെ മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ആണ് ഉപയോഗികുന്നത്. കേരളത്തിന്റെ ഡാറ്റാ സെന്റർ പ്രവർത്തിക്കുന്നത് 95 ശതമാനവും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലാണ്.

കേരള പിഎസ്-സി, എൻട്രൻസ് കമ്മീഷനറേറ്റ് എന്നിവയുടെ ഓൺലൈൻ പരീക്ഷാ സോഫ്റ്റ് വെയർ ഒക്കെ ഫ്രീ ആന്റ്  ഓപ്പൺ സോഴ്സ് അധിഷ്ഠിതമാണ്. കസ്റ്റമൈസ് ചെയ്ത ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കുകയും അത് നിരന്തരമായി നവീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു രീതി കൂടി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത് നന്നാവും. സ്വതന്ത്ര സോഫ്‌റ്റ്‌വെയർ കൂട്ടായ്മകളെ വളർത്തിയെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകുന്നതും നന്നാവും. മാറുന്ന കാലത്തിനൊപ്പം മുൻപേ നടക്കുന്ന കേരളം ഈ പ്രതിസന്ധിഘട്ടത്തിൽ ഒരു മാതൃകയാണ്.
(ഡിഎകെഎഫ്‌ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top