22 December Sunday

മോദിഭരണത്തിലെ ദളിത് വഞ്ചന

ബാബു കെ പന്‍മനUpdated: Monday Nov 18, 2024

രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നിൽ (25.2 ശതമാനം) കൂടുതൽ വരുന്ന പട്ടികജാതി– -പട്ടികവർഗ വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഏറെ ഗുരുതരമായ നിലയിലേക്ക് എത്തിയതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. മോദി സർക്കാരിന്റെ ദളിതരോടുള്ള വഞ്ചനയുടെയും കപട സ്നേഹത്തിന്റെയും പൊള്ളയായ വാഗ്ദാനങ്ങളുടെയും നേർക്കാഴ്ചകളാണ് പുറത്തുവന്ന കണക്കുകൾ. പക്ഷേ, കേന്ദ്രസർക്കാർ അത്തരം റിപ്പോർട്ടുകളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ്  സ്വീകരിച്ചു വരുന്നത്.

1991 മുതൽ രാജ്യത്ത് നടപ്പാക്കിയ നവ ഉദാര സാമ്പത്തിക നയങ്ങളും 2014 മുതൽ സംഘപരിവാർ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ നടപ്പാക്കിയ ജനവിരുദ്ധ–- കോർപറേറ്റനുകൂല നടപടികളും രാജ്യത്തെ ദളിത്-–- ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക  മുന്നേറ്റത്തെ ഒട്ടൊന്നുമല്ല തടസ്സപ്പെടുത്തിയത്‌.
നൂറ്റാണ്ടുകളായി ചുമലേറ്റിയിരുന്ന ജാതിവിവേചനത്തിന്റെയും പീഡന പരമ്പരകളുടെയും അന്ത്യംകുറിക്കാൻ കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് കഴിഞ്ഞു. എങ്കിലും രാജ്യത്തെ ദളിത്‌ വിഭാഗങ്ങളിൽ ഭൂരിപക്ഷവും അവമതിപ്പിന്റെയും പാർശ്വവൽക്കരണത്തിന്റെയും ശ്വാസംമുട്ടലുകളിൽനിന്ന് ഇനിയും മോചിതരായിട്ടില്ല. വർധിച്ചുവരുന്ന ദളിത് പീഡനങ്ങൾതന്നെയാണ്‌ അതിന് തെളിവ്. ഇത്തരം ദുരിതപർവങ്ങളെ തരണം ചെയ്യാൻ ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന നിയമപരമായ പല പരിരക്ഷകളും സംവരണമടക്കമുള്ള കരുതൽ നടപടികളും ഇല്ലാതാക്കുന്നതിനോ ദുർബലപ്പെടുത്തുന്നതിനോ ഭരണകൂടം മാത്രമല്ല, ഏതൊരു പൗരന്റെയും ഏറ്റവുമൊടുവിലത്തെ ആശ്രയമായി കാണുന്ന നീതിന്യായ സംവിധാനവും പല സന്ദർഭങ്ങളിലും ആ വഴിയിൽ ഇടപെടുന്നത്‌ ഏറെ ആശങ്ക ഉണർത്തുന്ന കാര്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നും ദളിതർക്ക് ബാലികേറാ മലയാണ്. തൊഴിൽദായകനെന്ന നിലയിൽനിന്നുള്ള കേന്ദ്രസർക്കാർ വകുപ്പുകളുടെ പിന്മാറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, വർഷങ്ങളായി തുടരുന്ന നിയമന നിരോധനം, കരാർ വ്യവസ്ഥ, ദിവസവേതന സംവിധാനം എന്നിവ ദളിത്– -ആദിവാസി വിഭാഗങ്ങൾക്കുണ്ടാക്കിയ കഷ്ടനഷ്ടങ്ങൾ ചില്ലറയൊന്നുമല്ല.

രാജ്യത്തിനഭിമാനവും സമ്പദ്ഘടനയുടെ നട്ടെല്ലും മാത്രമായിരുന്നില്ല നമ്മുടെ  പൊതുമേഖലാ സ്ഥാപനങ്ങൾ. മറിച്ച് ദളിത്- ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് അടിത്തറയിട്ട പ്രസ്ഥാനങ്ങൾകൂടിയായിരുന്നു. പൊതുമേഖലയിൽ ആയതുകൊണ്ടുതന്നെ നിയമപരമായ സംവരണരീതി (എസ്‌സി- 15 ശതമാനം,  എസ്ടി- 7.5 ശതമാനം) അവലംബിച്ചായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ നടത്തിയിരുന്നത്. 2014നും 2024നും ഇടയിൽ ഓഹരികൾ വിറ്റൊഴിച്ചത് വഴിയോ നേരിട്ടോ പൊതുമേഖലാ സ്ഥാപനമല്ലാതായി തീർന്നവയുടെ എണ്ണം 23 ആണ്. ഇതേ കാലയളവിൽ പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ടായ തൊഴിലവസരങ്ങളുടെ നഷ്ടം ഏറ്റവും കൂടുതൽ ബാധിച്ചത് പട്ടികജാതി– -പട്ടികവർഗ വിഭാഗത്തെയാണ്. 2012-–-13ൽ 17.3 ലക്ഷം ജീവനക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ 2021 -–22 ആയപ്പോഴേക്കും ജീവനക്കാരുടെ എണ്ണം 14.6 ലക്ഷമായി ചുരുങ്ങി. 2.7 ലക്ഷം തസ്തികയാണ്‌ ഇല്ലാതായത്. ദളിത് വിഭാഗത്തിന് ഉറപ്പായും ലഭിക്കുമായിരുന്ന 60,750 പേരുടെ സുരക്ഷിത തൊഴിലുകളാണ് നഷ്ടപ്പെട്ടത്. തൽഫലമായി രണ്ടു ലക്ഷത്തോളം വരുന്ന ദളിത് കുടുംബാംഗങ്ങളുടെ ജീവിത പ്രതീക്ഷകളാണ് അസ്തമിച്ചത്.

കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് നിയമനരീതിയിൽ വന്ന മാറ്റവും ദളിത് വിഭാഗത്തെ സംബന്ധിച്ചിടത്തോളം നഷ്‌ടക്കണക്കുകളാണ്‌.  2013–-14ൽ കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെട്ടത് 17 ശതമാനവും ദിവസവേതന വ്യവസ്ഥയിൽ നിയമിക്കപ്പെട്ടത് 2.5 ശതമാനവും ആയിരുന്നെങ്കിൽ 2022ൽ അത് യഥാക്രമം 36ഉം 6.6 ശതമാനവുമായി വർധിച്ചു. കരാർ -ദിവസവേതന സമ്പ്രദായത്തിൽ നിയമപരമായ സംവരണം ബാധകമാക്കിയിട്ടില്ലാത്തതിനാൽ ദളിത് ജനവിഭാഗത്തിന് അപരിഹാര്യമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഒരേസമയം ദളിത് ഉന്നമനത്തെക്കുറിച്ച് വാചാലമാകുകയും അതേസമയം ഉയർച്ചയിലേക്കുള്ള പടവുകളുടെ ആണിക്കല്ല് തകർക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്രസർക്കാർ തുടരുന്നതെന്ന് കാണാം.

സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസിന്റെ (സിപിഎസ്ഇ) റിപ്പോർട്ട് പ്രകാരം 2013 മാർച്ചിനും 2022 മാർച്ചിനും ഇടയിൽ പ്രധാനപ്പെട്ട ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളിൽ യഥാസമയം നിയമനം നടത്താതിരുന്നതിന്റെ ഫലമായി ആകെ 3,84,360 തസ്തികയാണ് ഇല്ലാതായത്. പട്ടിക വിഭാഗങ്ങളിലെ  86,481 പേരുടെ ഉറപ്പായ തൊഴിലവസരങ്ങളാണ് ഇതോടെ ഇല്ലാതായത്. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം 45 കേന്ദ്ര സർവകലാശാലയിലെ 2024 ഏപ്രിലിലെ നിലയനുസരിച്ച് 5060 അധ്യാപക തസ്തികയും 16,710 അനധ്യാപക തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഇരു വിഭാഗങ്ങളിലേക്കും നിയമനം നടത്തിയാൽ അധ്യാപകരുടെ മണ്ഡലത്തിൽ 1138 പേരും അനധ്യാപക മണ്ഡലത്തിൽ 3761 പേരും പട്ടിക വിഭാഗത്തിൽനിന്ന്‌ ഉദ്യോഗസ്ഥരായി മാറും.

ഒരുകാലത്ത് ഏഷ്യയിൽ പൊതുമേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായിരുന്നു ഇന്ത്യൻ റെയിൽവേ. 18 സോണിലായി വ്യാപിച്ചു കിടക്കുന്ന റെയിൽവേയിൽ നിലവിൽ 14.89 ലക്ഷം തസ്തികയിൽ 11.73 ലക്ഷം പേർ മാത്രമേ ജീവനക്കാരായിട്ടുള്ളൂ. 3.16 ലക്ഷം തസ്തികയിലും ആളില്ല. ഇത്രയും തസ്തികകളിൽ നിയമനം പൂർത്തിയായാൽ പട്ടിക വിഭാഗത്തിൽനിന്ന്‌ ഉറപ്പായി ജോലി ലഭിക്കുന്നത് 71,100 പേർക്കാണ്. കേന്ദ്രസർക്കാർ ജീവനക്കാരുടെ പേ ആൻഡ്‌ അലവൻസ് കൺസോളിഡേറ്റഡ് റിപ്പോർട്ട് പ്രകാരം എ, ബി, സി ഗ്രൂപ്പ് കാറ്റഗറികളിലായി വിവിധ വകുപ്പുകളിൽ 40 ലക്ഷം തസ്തികയുള്ളതിൽ 24 ശതമാനം ഒഴിഞ്ഞുകിടക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 9,79,327 ഒഴിവുകൾ. ഗ്രൂപ്പ് എയിൽ 22.6 ശതമാനവും ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് വിഭാഗത്തിൽ 33.4 ശതമാനവും ഗസറ്റഡ് വിഭാഗത്തിൽ 15.8 ശതമാനവും ഗ്രൂപ്പ് സിയിൽ 33 ശതമാനവും ഒഴിഞ്ഞുകിടക്കുന്നു. ഈ ഒഴിവുകളിലേക്ക് നിയമനം നടത്തിയാൽ ഉറപ്പായി തൊഴിൽ ലഭിക്കുന്നത് പട്ടിക വിഭാഗത്തിൽനിന്നുള്ള രണ്ടു ലക്ഷത്തിൽപ്പരം (2,20,348) യുവതീയുവാക്കൾക്കാണ്.

പ്രതിരോധവകുപ്പിലെ സിവിൽ വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളുടെ എണ്ണം 1.7 ലക്ഷവും തപാൽ വകുപ്പിൽ 1.77 ലക്ഷവും റവന്യു വകുപ്പിൽ 73,000വും ആഭ്യന്തരവകുപ്പിൽ 1.28 ലക്ഷവും കേന്ദ്ര സായുധ പൊലീസ് സേനയിൽ 84,106, അസം റൈഫിൾസിൽ 16,000 എന്നിങ്ങനെ ഒഴിവുകൾ നിലനിൽക്കുന്നു. ഇത്രയും ഒഴിവുകൾ നികത്തിയാൽ ദളിത് വിഭാഗത്തിൽനിന്ന്‌ ഉദ്യോഗത്തിൽ പ്രവേശിക്കാൻ കഴിയുന്നത് 1,68,300 പേർക്കാണ്. 2023ലെ യുജിസി വാർഷിക റിപ്പോർട്ട് പ്രകാരം 45 കേന്ദ്ര സർവകലാശാലയിൽ ഒന്നിലും പട്ടികജാതി വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടില്ല. എസ്‌സി വിഭാഗത്തിന്റെ അധ്യാപക പ്രാതിനിധ്യം 15 ശതമാനം വേണ്ടിടത്ത് 10.9 ശതമാനവും എസ്ടി വിഭാഗത്തിന് 7.5 ശതമാനം വേണ്ടിടത്ത് 4.9 ശതമാനവും അനധ്യാപക മണ്ഡലത്തിൽ യഥാക്രമം 9.5 ശതമാനവും 5.4 ശതമാനവുമാണ് നിലവിലുള്ളത്. എന്നാൽ തൂപ്പുകാർ, ഉദ്യാനപാലകർ, സഫായി കർമചാരികൾ (തോട്ടി പണിക്കാർ) എന്നിവരടങ്ങുന്ന ഗ്രൂപ്പ് (ഡി)യിൽ ദളിത് പ്രാതിനിധ്യം 22.5 ശതമാനത്തിനു പകരം 36.9 ശതമാനമുണ്ട്. ഇതുകൂടാതെ ബാങ്കിങ്‌, ഇൻഷുറൻസ് സെക്ടറുകളിലും പതിനായിരക്കണക്കിന് ഒഴിവുകളാണ് നിലവിലുള്ളത്. കേന്ദ്രസർക്കാരിന്റെ വഞ്ചനാപരമായ ഇത്തരം പ്രവൃത്തികളെ സംഘപരിവാർ രാഷ്ട്രീയത്തിന് സ്തുതി പാടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദളിത് സംഘടനകളും കാണുന്നതേയില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളും ദളിത് ശോഷൺ മുക്തി മഞ്ചുമാണ് (ഡിഎസ്എംഎം) ഈ വഞ്ചനയ്‌ക്കെതിരെ സമരരംഗത്തുള്ളത്.
(പികെഎസ്‌ സംസ്ഥാന കമ്മിറ്റി അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top