21 December Saturday

മോദിയെവിടെ ; 85 കടന്ന്‌ രൂപ

ടി ചന്ദ്രമോഹൻUpdated: Saturday Dec 21, 2024

 

മോദി ഭരണത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തകർന്നുകൊണ്ടിരിക്കുകയാണ്‌. ഭരണഘടനയെത്തന്നെ മാറ്റിയെഴുതാൻ ശ്രമിക്കുന്നു. ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ വിലയിടിഞ്ഞുകൊണ്ടിരിക്കുന്നു. മോദി ഭരണത്തിൽ ഏറ്റവും തകർന്നടിഞ്ഞത്‌ ഇന്ത്യൻ കറൻസിയുടെ മൂല്യമാണ്‌. അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുകയാണ് രൂപ. എക്കാലത്തെയും ഏറ്റവും മോശം വിനിമയനിരക്കായ ഒരു അമേരിക്കൻ ഡോളറിന്‌  85 രൂപ കടന്നു.  വെള്ളിയാഴ്‌ച 85.08 ആയിരുന്നു.  2013 ആഗസ്‌ത്‌ 19ന് ഒറ്റ ദിവസം 1.48 രൂപയുടെ തകർച്ച നേരിട്ടപ്പോൾ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മൻമോഹൻസിങ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ നിഷ്‌ക്രിയത്വം ഓർത്ത് രാജ്യം നിരാശപ്പെടുകയാണെന്നും രൂപയെ രക്ഷിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ വിമർശം. അതേ ചോദ്യമാണ്‌ ഇപ്പോൾ മോദിയുടെ നേരെ ഉയരുന്നത്‌. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ സർക്കാരിന്റെ ഇടപെടൽ പരാജയമാണെന്നാണ്‌ പത്തരവർഷത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്‌. മോദിയുടെ പത്തരവർഷത്തെ ഭരണത്തിൽ രൂപയുടെ മൂല്യത്തിൽ 26 രൂപയുടെ ഇടിവാണുണ്ടായത്‌. 2014 മേയിൽ 59.44 രൂപയായിരുന്നു ഡോളറുമായുള്ള മൂല്യം. മോദി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണത്തിൽ മൂല്യത്തിൽ 10 രൂപ ഇടിഞ്ഞ്‌ 2019 മേയിൽ 69.18 രൂപയായി. രണ്ടാം മോദി സർക്കാരിന്റെ കാലയളവിൽ 14 രൂപയിടിഞ്ഞ്‌ 83.41 രൂപയിലെത്തി. ഇന്നത്തെ നില തുടർന്നാൽ സ്വാതന്ത്ര്യത്തിന്റെ 80–-ാം വാർഷികം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം നൂറുകടന്നേക്കും. 

വരുംമാസങ്ങളിൽ മൂല്യം ഇനിയും ഇടിയുമെന്നാണ്‌ സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്‌. കുതിച്ചുയരുന്ന വ്യാപാരകമ്മിയും ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന്‌ വിദേശ ഫണ്ടുകളുടെ പിൻവലിക്കലുമാണ്‌ രൂപയ്‌ക്ക്‌ വെല്ലുവിളിയാകുന്നത്‌. ഈ കലണ്ടർ വർഷം ഇതുവരെ ഇന്ത്യൻ കറൻസി 1.99 ശതമാനവും ഡിസംബറിൽമാത്രം 0.48 ശതമാനവും ഇടിഞ്ഞു. ആർബിഐയുടെ കരുതൽ നടപടികൾക്കൊന്നും രൂപയെ രക്ഷിക്കാൻ കഴിയുന്നില്ല. രൂപ ഐസിയുവിൽനിന്ന്‌ വെന്റിലേറ്ററിലേക്കു പോകാനുള്ള സാധ്യതകളാണ് വിപണിയിൽനിന്ന്‌ ലഭിക്കുന്നത്. പ്രതിദിനം കരുത്താർജിക്കുന്ന ഡോളർ രൂപയുടെ ആരോഗ്യത്തെ കൂടുതൽ മോശമാക്കുന്നു. ഇത്‌ സമ്പദ്‌മേഖലയിൽ വലിയ തിരിച്ചടി സൃഷ്ടിക്കും. വിലക്കയറ്റം രൂക്ഷമാകുന്നതോടൊപ്പം ഇറക്കുമതി ചെലവ്‌ വർധിച്ച്‌ വിദേശനാണയ ശേഖരത്തിലും ഇടിവുണ്ടാകും. ഇത്‌ വീണ്ടും രൂപയുടെ വിലയിടിവിനും വിലക്കയറ്റത്തിനും കാരണമാകും. 2011 മേയിൽ 45 രൂപ ആറ്‌ പൈസയായിരുന്നു ഡോളറുമായുള്ള വിനിമയ നിരക്ക്‌. പതിമൂന്ന്‌ വർഷത്തിനിടയിൽ 90 ശതമാനത്തോളമാണ്‌ മൂല്യം ഇടിഞ്ഞത്‌. പത്തര വർഷത്തെ ബിജെപി ഭരണത്തിൽ 45 ശതമാനത്തോളം. സ്വാതന്ത്ര്യം നേടുമ്പോൾ ഡോളറിനോളംതന്നെ പ്രാധാന്യമുണ്ടായിരുന്നു ഇന്ത്യൻ കറൻസിക്ക്‌. സാമ്പത്തിക വളർച്ച, നാണ്യപ്പെരുപ്പം, വ്യാപാരം, ആഭ്യന്തര–- വിദേശ നിക്ഷേപങ്ങൾ, ഇറക്കുമതി, കയറ്റുമതി തുടങ്ങിയ സാമ്പത്തിക ഘടകങ്ങളെല്ലാം കറൻസിയുടെ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2013ലാണ്‌ രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞിരുന്നത്. 2008ലെ മാന്ദ്യത്തെതുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപകർ വൻതോതിൽ പിൻവലിച്ചതും ഓഹരി, കടപ്പത്ര വിപണികളിൽനിന്നുള്ള പിൻവാങ്ങലുമായിരുന്നു അന്ന് മൂല്യം ഇടിച്ചത്. അതിന്‌ സമാനമായ സാഹചര്യമാണ്‌ ഇപ്പോൾ ഉയർന്നുവരുന്നത്‌.


 

സ്വർണത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയുമെല്ലാം വിലക്കയറ്റവും രൂപയെ ബാധിക്കുന്നുണ്ട്. അമേരിക്കയുടെ ബോണ്ട് വരുമാനം കൂടുന്നതും അതുകൊണ്ടുതന്നെ വിപണിയിൽനിന്നുള്ള വൻകിട നിക്ഷേപകരുടെ പിൻമാറ്റവും ഡോളറിന്റെ കരുത്തുകൂട്ടുന്ന ഘടകങ്ങളാണ്. ലോക വിപണിയിലെ മാന്ദ്യവും അനിശ്‌ചിതത്വവും കേന്ദ്രസർക്കാരിന്റെ നയങ്ങളുമാണ്‌ ഇപ്പോൾ രൂപ തകരാൻ ഇടയാക്കിയത്‌. മൂല്യം പിടിച്ചുനിർത്താൻ റിസർവ്‌ ബാങ്ക്‌ രണ്ട്‌ രീതിയിൽ ഇടപെടുന്നു. രൂപ  ഇടിയുന്നത്‌ തടയാൻ കൈയിലുള്ള ശേഖരത്തിൽനിന്ന്‌ ഡോളർ വിൽക്കുക എന്നതാണ്‌ ഒന്ന്‌. മറ്റൊന്ന്‌ അടിസ്ഥാന പലിശനിരക്ക്‌ വർധിപ്പിക്കുക എന്നതാണ്. ഈ രണ്ട്‌ നടപടി സ്വീകരിച്ചിട്ടും രൂപയുടെ മൂല്യം ഇടിയുന്നത്‌ തടയാനായില്ല. നാല്‌ മാസത്തിനിടയിൽ വിദേശനാണ്യശേഖരത്തിൽ ഇടിവുണ്ടായി. സെപ്‌തംബറിൽ 70,050 കോടി ഡോളറായിരുന്ന വിദേശനാണ്യശേഖരം ഡിസംബർ മധ്യത്തോടെ 64,300 കോടി ഡോളറായി കുറഞ്ഞു. രൂപയുടെ വിലയിടിഞ്ഞതോടെ ഓഹരി വിപണിയിൽനിന്ന്‌ വിദേശനിക്ഷേപം വൻതോതിൽ പിൻവലിക്കുന്നതും തിരിച്ചടിയായി. വരാനിരിക്കുന്ന മാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. തൊണ്ണൂറുകളിൽ നവ ലിബറൽ ഉദാരനയങ്ങൾ നടപ്പാക്കിയതോടെയാണ്‌ വിനിമയ രൂപനിരക്കിലും ഇടിവ്‌ തുടങ്ങിയത്‌. 1993 മുതൽ വിനിമയ നിരക്ക് നിശ്ചയിക്കുന്നതിൽനിന്ന് സർക്കാർ പൂർണമായും പിന്മാറുകയും വിപണിയുമായി ബന്ധപ്പെടുത്തി നിശ്ചയിക്കാനും തുടങ്ങി. അതിനു മുന്നോടിയായി രൂപയുടെ മൂല്യം ഇരുപത് ശതമാനത്തിലധികം  കുറച്ചിരുന്നു. നവലിബറൽ നയങ്ങൾ സ്വീകരിച്ച കാലത്ത് 24.-25 എന്ന നിലയിൽനിന്ന് രൂപ 2003 ആയപ്പോൾ ഡോളറിനെതിരെ 48 രൂപ എന്ന അവസ്ഥയായി. 2004 മുതൽ 2008 വരെയുള്ള  കാലഘട്ടത്തിൽ രൂപ ശക്തമായി തിരിച്ചു വന്നിരുന്നു. രൂപ നടത്തിയ ചരിത്രത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റം. 2002–--03 കാലഘട്ടത്തിൽ 48 രൂപ 39 പൈസ ആയിരുന്ന വിനിമയ നിരക്ക് 2007-–-08ൽ 40 രൂപ 24 പൈസ എന്ന നിലയിലേക്ക് എത്തിച്ചേർന്നു. പക്ഷേ, ആ മുന്നേറ്റം പിന്നീട്‌ നിലനിർത്താനായില്ല. 1946ൽ മൂന്ന്‌ രൂപ മുപ്പത് പൈസ ആയിരുന്ന വിനിമയ നിരക്കാണ്‌ ഇന്ന് 85ൽ എത്തിനിൽക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top