ലോകത്തിന് വഴികാട്ടുന്ന അധ്യാപകനാണ്, വിശ്വഗുരുവാണ് -മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എന്നാണ് ബിജെപിയുടെ പ്രചാരണം. എന്നാൽ, ഹിന്ദുരാഷ്ട്രം (മതരാഷ്ട്രം) ലക്ഷ്യമാക്കുന്ന ആർഎസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് അതിനു കഴിയില്ലെന്ന് പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘർഷവും അതിൽ മോദി സർക്കാർ കൈക്കൊണ്ട സമീപനവും വ്യക്തമാക്കുന്നു. ഭീകര രാഷ്ട്രമെന്ന് അറിയപ്പെടുന്ന ഇസ്രയേലിനൊപ്പം അണിനിരക്കുന്ന ഇന്ത്യയെയാണ് നമുക്ക് കാണാനായത്. ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണത്തെ ആർക്കും ന്യായീകരിക്കാനാകില്ല. അത് അപലപിക്കപ്പെടേണ്ടതുമാണ്. എന്നാൽ, യഥാർഥ പ്രശ്നം പലസ്തീൻ പ്രദേശങ്ങളിലേക്ക് ഇടതടവില്ലാതെ ഇസ്രയേൽ നടത്തുന്ന അധിനിവേശമാണ്. ഗ്ലോബൽ സൗത്തിൽപ്പെട്ട രാഷ്ട്രങ്ങൾ ഇക്കാര്യം മറയില്ലാതെ ചൂണ്ടിക്കാട്ടി. ചൈനയും ബ്രസീലും ഇന്തോനേഷ്യയും മറ്റും ഇക്കാര്യം എടുത്തുപറഞ്ഞു. എന്നാൽ, ഗ്ലോബൽ സൗത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ വെമ്പൽ കൊള്ളുന്ന മോദി സർക്കാർ ഏകപക്ഷീയമായി ഇസ്രയേലിനൊപ്പം നിലകൊണ്ടു. ഹമാസ് ആക്രമണം നടന്ന ദിവസംതന്നെ പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു, -ഇസ്രയേലിനൊപ്പം അടിയുറച്ചുനിൽക്കുമെന്ന്. ഹമാസിന്റേത് ഭീകരാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത വിദേശനയത്തിൽനിന്നുള്ള ചരിത്രപരമായ മാറ്റമാണ് മോദിയുടെ പ്രസ്താവനയിൽ നിഴലിക്കുന്നതെന്ന വിമർശം ശക്തമായതോടെയാണ് വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ പ്രശ്നപരിഹാരമെന്ന നയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കിയത്.
എന്നാൽ, ഗാസയിലെ ആശുപത്രിക്കുനേരെ ബോംബാക്രമണം നടത്തി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 500 പേരെയോളം വധിച്ചപ്പോൾ ഇസ്രയേലിന്റെ പേരെടുത്തുപറഞ്ഞ് അപലപിക്കാൻപോലും മോദി തയ്യാറായില്ല. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രധാനമന്ത്രി പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിക്കാനും പലസ്തീനു നൽകിവരുന്ന സാമ്പത്തികസഹായം തുടരുമെന്ന് പ്രഖ്യാപിക്കാനും തയ്യാറായി. എന്നാൽ, വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ തയ്യാറായില്ല.
1938 നവംബർ 26ന് ഹരിജനിൽ ഗാന്ധിജി തന്റെ പലസ്തീൻ ആഭിമുഖ്യം ഒന്നുകൂടി വ്യക്തമാക്കി. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എന്നപോലെ അറബികൾക്ക് അവകാശപ്പെട്ടതാണ് പലസ്തീനെന്ന് ഗാന്ധിജി അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കി
അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ഭീകരാക്രമണത്തെ കാണാനാകാത്ത അന്ധത ബാധിച്ചിരിക്കുകയാണ് മോദിക്കും ഇന്ത്യൻ ഭരണാധികാരികൾക്കും. പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യ സ്വാതന്ത്ര്യ സമരകാലംമുതൽ സ്വീകരിച്ച നയത്തിൽനിന്നുള്ള വൻവ്യതിയാനമാണ് മോദിയിൽ നിന്ന് ഉണ്ടായത്. പലസ്തീൻ പ്രശ്നത്തോടുള്ള ഇന്ത്യൻ നയം രൂപപ്പെടുത്തുന്നത് ഗാന്ധിജിയും നെഹ്റുവുമാണെന്ന് പറയാം. മതരാഷ്ട്ര രൂപീകരണത്തോട് ഇരുവർക്കും യോജിക്കാൻ കഴിയുമായിരുന്നില്ല. 1931 ഒക്ടോബർ രണ്ടിന് Jewish chronicle പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഗാന്ധിജി പറഞ്ഞു, സയണിസം എന്നുപറഞ്ഞാൽ പലസ്തീൻ പ്രദേശങ്ങൾ കീഴടക്കുകയാണെന്ന്. അതിനോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1938 നവംബർ 26ന് ഹരിജനിൽ ഗാന്ധിജി തന്റെ പലസ്തീൻ ആഭിമുഖ്യം ഒന്നുകൂടി വ്യക്തമാക്കി. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എന്നപോലെ അറബികൾക്ക് അവകാശപ്പെട്ടതാണ് പലസ്തീനെന്ന് ഗാന്ധിജി അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കി. 1936 ജൂണിൽ ഇറക്കിയ ഒരു പത്രപ്രസ്താവനയിൽ ജവാഹർലാൽ നെഹ്റു പറഞ്ഞു, പലസ്തീൻ രാഷ്ടത്തിനകത്ത് മറ്റൊരു രാഷ്ട്രമെന്ന വാദത്തിനു പിന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്വമാണെന്ന്. പുതുതായി രൂപംകൊള്ളുന്ന ജൂതരാഷ്ട്രം സമീപഭാവിയിൽ പലസ്തീൻ പ്രദേശങ്ങളിൽ ആധിപത്യം പുലർത്തുമെന്നും ദീർഘവീക്ഷണത്തോടെ നെഹ്റു വിലയിരുത്തി. പലസ്തീൻ വിഷയം വംശീയമോ മതപരമോ അല്ലെന്നും സാമ്രാജ്യത്വ നിയന്ത്രണത്തിൽനിന്നും ചൂഷണത്തിൽനിന്നും മോചനം നേടാനുള്ള ദേശീയ പ്രസ്ഥാനമാണെന്നും നെഹ്റു കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായ സമരത്തിൽ എല്ലാ അറബികളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും കൈകോർത്തെന്നും നെഹ്റു നിരീക്ഷിച്ചു. എന്നാൽ, ഈ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനൊപ്പം നിൽക്കാനാണ് സയണിസ്റ്റ് പ്രസ്ഥാനം തയ്യാറായതെന്നും നെഹ്റു വ്യക്തമാക്കി. അതായത് പലസ്തീൻ ദേശീയപ്രസ്ഥാനത്തെ വഞ്ചിച്ചുകൊണ്ട് സയണിസ്റ്റുകൾ എടുത്ത നിലപാടിനുള്ള ബ്രിട്ടീഷ് പാരിതോഷികമാണ് 1917ലെ ബൽഫോർ പ്രഖ്യാപനവും (പലസ്തീൻ ദേശത്ത് ജൂതരാഷ്ട്രം) ഇസ്രയേൽ രാഷ്ട്ര രൂപീകരണവുമെന്നാണ് നെഹ്റു വിലയിരുത്തിയത്. അതായത് സാമ്രാജ്യത്വ വിരുദ്ധതയാണ് ഇന്ത്യയെയും പലസ്തീൻ ജനതയെയും അടുപ്പിച്ചത്. സാമ്രാജ്യത്വ സേവയാണ് ഇസ്രയേലിനെയും മോദിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തെയും അടുപ്പിച്ചത്. അതോടൊപ്പം മതരാഷ്ട്രവാദവും ഇരുകൂട്ടർക്കും പഥ്യമാണ്.
യഹൂദർക്ക് ഇസ്രയേൽ എന്ന രാഷ്ട്രമാകാമെങ്കിൽ ഹിന്ദുക്കൾക്ക് ഹിന്ദുരാഷ്ട്രമാകാമെന്നതാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും ആഖ്യാനം. ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ സവർക്കർ ഹിന്ദുക്കളെയും ജൂതരെയും വംശീയ യൂണിറ്റുകളായാണ് കണ്ടത്. ഇതിനാലാണ് ഹമാസ് ആക്രമണം നടന്നയുടൻതന്നെ ആർഎസ്എസ് പ്രചാരകനായിരുന്ന പ്രധാനമന്ത്രി മോദി ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. റഷ്യ ഉക്രയ്നെ ആക്രമിച്ച വേളയിൽ ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ ഓർമിപ്പിച്ച പ്രധാനമന്ത്രിയാണ് ഹമാസിന് എതിരായ ഇസ്രയേലിന് പൂർണ പിന്തുണയുമായി രംഗത്തുവന്നത്. വർഷങ്ങളായി ഇന്ത്യ ഉയർത്തിപ്പിടിച്ച പലസ്തീൻ രാഷ്ട്രത്തിനായി നിലകൊള്ളുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻപോലും പ്രധാനമന്ത്രി തയ്യാറായില്ല. ഇത് ബോധപൂർവമായ മറവിയല്ലാതെ മറ്റൊന്നുമല്ല
ഇസ്രയേലിന് പൂർണ പിന്തുണയുമായി രംഗത്തുവരുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയമുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മാത്രമല്ല, ഇസ്രയേലുമായി പ്രതിരോധ ബന്ധവും ആയുധക്കച്ചവടവും നിരീക്ഷണ സംവിധാനത്തിലുള്ള കൂട്ടുകെട്ടും ശക്തമാണുതാനും.
ഏറെ ഖേദകരമായ കാര്യം ഇന്ത്യൻ വിദേശമന്ത്രാലയം ഇത് എഴുതുന്നതുവരെയും ഒരു പത്രപ്രസ്താവനപോലും ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല എന്നതാണ്. വിദേശമന്ത്രി എസ് ജയ്ശങ്കറാകട്ടെ ഹിമാലയൻ മൗനത്തിലാണ്. ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം അദ്ദേഹം പറഞ്ഞിട്ടില്ല. മോദിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്തത്. രാഷ്ട്രീയമായും നയതന്ത്രപരമായും ഇന്ത്യയുടെ പദവിയെ ദോഷമായി ബാധിക്കുന്നതാണ് വിദേശമന്ത്രിയുടൈ മൗനം. വിശ്വഗുരു ചമയുന്ന ഒരു രാഷ്ട്രത്തിന്റെ അവസ്ഥയാണ് ഇത്. ഇസ്രയേലിന് പൂർണ പിന്തുണയുമായി രംഗത്തുവരുന്നതിനു പിന്നിൽ സംഘപരിവാർ രാഷ്ട്രീയമുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മാത്രമല്ല, ഇസ്രയേലുമായി പ്രതിരോധ ബന്ധവും ആയുധക്കച്ചവടവും നിരീക്ഷണ സംവിധാനത്തിലുള്ള കൂട്ടുകെട്ടും ശക്തമാണുതാനും. യുഎഇയും ബഹ്റൈനും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതും സൗദി അതിനുള്ള ശ്രമം ആരംഭിച്ചതും ഇസ്രയേലിന് പൂർണപിന്തുണ നൽകാൻ മോദിസർക്കാരിന് ന്യായീകരണമായി ഉയർത്തുകയും ചെയ്യാം. ഗാസയ്‌ക്കും ഹമാസിന്റെ കേന്ദ്രമല്ലാത്ത പശ്ചിമതീരത്തിനുമെതിരെ ഇസ്രയേൽ ആക്രമണം കടുപ്പിക്കുമ്പോൾ അറബ് ലോകവും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളാകുമെന്ന് ആർക്കാണ് അറിയാത്തത്.
ഇസ്രയേലിന് പൂർണപിന്തുണ നൽകുന്ന അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡനുമായി നിശ്ചയിച്ച കൂടിക്കാഴ്ചയിൽനിന്നും പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസും ജോർദാൻ രാജാവ് അബ്ദുള്ളയും പിൻവാങ്ങിയതിൽനിന്നും ഇത് മനസ്സിലാക്കാം. അതായത് ഇസ്രയേലിന്റെ അതിക്രമങ്ങളെ കണ്ണുമടച്ചു പിന്തുണയ്‌ക്കുന്നതിനു പകരം മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങൾക്കാണ് ഇന്ത്യ മുൻകൈയെടുക്കേണ്ടത്. ഇന്ത്യയുടെ ആഭ്യന്തര താൽപ്പര്യങ്ങൾ സംരക്ഷിക്കാനും അതാണ് ഗുണകരം. ഗൾഫ് മേഖലയിലെ സംഘർഷം എണ്ണവില കുത്തനെ കൂട്ടാൻ കാരണമാകും. ഇപ്പോൾത്തന്നെ ആ ദിശയിലേക്ക് കാര്യങ്ങൾ പോകുകയാണെന്ന വ്യക്തമായ സൂചനകളുണ്ട്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ഇന്ത്യൻ ജനങ്ങൾക്ക് കൂനിൻമേൽ കുരുവായി എണ്ണ വിലക്കയറ്റം മാറും. നിയമസഭ–- - ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ ഇത് ബിജെപിക്കു തന്നെയാണ് ദോഷം ചെയ്യുക. എന്നിട്ടും റഷ്യയും ചൈനയും സൗദിയും ചെയ്യുന്നതുപോലെ സമാധാനത്തിന് ആഹ്വാനംചെയ്യാതെ ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ആവർത്തിച്ച് അവരുടെ ആക്രമണങ്ങൾക്ക് മോദി പിന്തുണ നൽകുന്നത് ആഭ്യന്തരമായി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്.
ഇസ്രയേൽ ക്രൂരമായി ആക്രമിക്കുന്നത് പ്രധാനമായും പലസ്തീൻ മുസ്ലിങ്ങളെയാണ്. അതായത് മുസ്ലിങ്ങളെ ആക്രമിക്കുന്ന ഇസ്രയേലിന് പിന്തുണ നൽകുന്നത് ഹിന്ദുവികാരം കുത്തിയിളക്കാനും അവരുടെ വോട്ടുകൾ സമാഹരിക്കാനും ബിജെപിയെ സഹായിക്കുമെന്ന കണക്കുകൂട്ടലാണ് രാജ്യം ഭരിക്കുന്നവർക്ക് ഉള്ളത്. പലസ്തീന് അനുകൂലമായും ഇസ്രയേലിനെ വിമർശിച്ചും മുദ്രാവാക്യം വിളിച്ചുവെന്നതിന്റെ പേരിൽ അലിഗഢ് മുസ്ലിം സർവകലാശാലയിലെ നാല് വിദ്യാർഥികൾക്കുനേരെ കേസ് എടുത്തത് ഈ ലക്ഷ്യംവച്ചാണ്. യുപിയിലെ തൊഴിൽ മന്ത്രി രഘുരാജ് സിങ് അലിഗഢ് സർവകലാശാലയെ ഭീകരവാദികളുടെ കേന്ദ്രമെന്ന് വിശേഷിപ്പിക്കാനും മറന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ സംഘപരിവാർ മുമ്പെങ്ങുമില്ലാത്തവിധം ഇസ്രയേൽ ക്രൂരതകളെ ആഘോഷമാക്കുകയാണ്. അതായത് ഇന്ത്യയുടെ പരമ്പരാഗതനയങ്ങളോ മൂല്യങ്ങളോ അല്ല, മറിച്ച് വർഗീയധ്രുവീകരണം ശക്തമാക്കി തെരഞ്ഞെടുപ്പുവിജയം ഉറപ്പാക്കുകയെന്ന സങ്കുചിതമായ ലക്ഷ്യമാണ് മോദി സർക്കാരിനെ നയിക്കുന്നത്. വിശാലമായ രാഷ്ട്ര താൽപ്പര്യങ്ങളേക്കാൾ സങ്കുചിതമായ പാർടി താൽപ്പര്യമാണ് മോദി സർക്കാരിനെ ഭരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..