26 December Thursday

വാക്കുകൾ ഗർജിക്കാനുള്ളതാണ് - എം എം പൗലോസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 13, 2023

ഏകാധിപതികൾ മൂന്നു സ്ഥാപനത്തെ എന്നും വെറുക്കുന്നു. മാധ്യമം, കോടതി, വിദ്യാഭ്യാസം. ഏകാധിപത്യത്തിന്റെ സാർവലൗകിക ലക്ഷണമാണ് ഇത്. ഇതിന് കാലദേശ ഭാഷാവ്യത്യാസങ്ങളില്ല. സ്വതന്ത്ര ജനാധിപത്യത്തിന്റെ കാലത്തും ഏകാധിപതികൾ ജനിക്കും. തെരഞ്ഞെടുപ്പിലൂടെയും സ്വേച്ഛാധിപതികൾ ഉണ്ടാകുമെന്ന് ആദ്യ മുന്നറിയിപ്പ് നൽകിയത് അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായ തോമസ് ജെഫേഴ്സണാണ്. അദ്ദേഹം അതിനു നൽകിയ പേര് "തെരഞ്ഞെടുക്കപ്പെടുന്ന സ്വേച്ഛാധിപതി' എന്നാണ്.

പെറുവിന്റെ ആൽബർട്ടോ ഫ്യുജിമോറി ഏകാധിപതിയാകാനല്ല തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ജനശ്രദ്ധയ്ക്കുവേണ്ടിമാത്രം.1990ലെ തെരഞ്ഞെടുപ്പിൽ പ്രതിയോഗി മരിയാസ് വർഗാസ് ലോസ. ലോസ പെറൂവിയക്കാരുടെ ആരാധനാ പാത്രം. പിന്നീട് നൊബേൽ സമ്മാനം കിട്ടിയ എഴുത്തുകാരൻ. രാഷ്ട്രീയക്കാർ, എഴുത്തുകാർ, കലാകാരന്മാർ, വ്യവസായികൾ എല്ലാം ലോസയ്‌ക്കു പിന്നിൽ അണിനിരന്നു. തെരഞ്ഞെടുപ്പിൽ "നൊബേൽ സമ്മാനം' തോറ്റു. പെറുവിന്റെ പ്രശ്നങ്ങൾക്ക് ലോസയുടെ കൈയിൽ മരുന്നില്ലെന്നും ഫ്യുജിമോറിയുടെ കൈയിലുണ്ടെന്നും സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ പെറൂവിയക്കാർ കരുതി.

ജയം ഫ്യുജിമോറിക്ക് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്‌പായി. ഭരണഘടന തിരുത്തി, ആയിരങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി ജയിലിലടച്ചു. പാർലമെന്റ് പിരിച്ചുവിട്ടു. മാധ്യമങ്ങളെ വിലയ്ക്കു വാങ്ങി. പെറുവിലെ ചാനലുകൾ, പത്രങ്ങൾ എന്നിവ ഫ്യുജിമോറിയുടെ കണക്കുപുസ്തകത്തിലുണ്ടായി. ചാനൽ 4 എന്ന നെറ്റ്‌വർക്കിനുമാത്രം കൊടുത്തത് 1.20 കോടി ഡോളർ. കരാറിൽ ഒറ്റ വ്യവസ്ഥമാത്രം. വാർത്തയുടെ മേൽനോട്ടം ഫ്യുജിമോറിക്ക്. ഏകാധിപതികൾക്ക് പ്രതിച്ഛായയാണ് പ്രധാനം. യശോധാവള്യത്തിന് മങ്ങലേൽക്കരുത്, എത്ര മനുഷ്യക്കുരുതികൾ ഉണ്ടായാലും. അധികാരത്തിന്റെ ഉള്ളിലിരിപ്പനുസരിച്ച് മാധ്യമങ്ങൾ വാർത്ത ചമയ്ക്കണം.

സത്യം പറയാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിച്ചു. സത്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ബാധിക്കും! ഡിജിറ്റൽ കാലത്ത് കാണുന്നതല്ല, കാണിക്കുന്നതാണ് സത്യം

കോവിഡിന്റെ ആദ്യ ലോക്ഡൗൺ അവസാനിക്കുന്നതിന് ഏതാനും ദിവസംമുമ്പ് മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിൽ ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ജന്മനാട്ടിലേക്ക് പോകാൻ എത്തി. നാലു മണിക്കൂർമാത്രം സമയം നൽകി പ്രഖ്യാപിച്ച ലോക്ഡൗണിൽ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന പാവങ്ങൾ സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള അടങ്ങാനാകാത്ത ആഗ്രഹത്തോടെയാണ് സ്റ്റേഷനിലെത്തിയത്. പൊലീസ് അവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അവർ മടങ്ങിയില്ല. ലാത്തിച്ചാർജുണ്ടായി. എന്നിട്ടും അവർ തിരിച്ചുപോയില്ല. പൊലീസ് തൊട്ടടുത്ത മുസ്ലിം പള്ളിയിൽ ചെന്ന് അവിടത്തെ മൈക്കിലൂടെ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അവർ അനുസരിച്ചില്ല. ഈ സംഭവം വാർത്തയിൽ പ്രത്യക്ഷപ്പെട്ടത് മറ്റൊരു രീതിയിലാണ്. കൊറോണ പ്രതിരോധശ്രമങ്ങളെ അട്ടിമറിക്കാനുള്ള മുസ്ലിം ശ്രമമായി ഇതിനെ വ്യാഖ്യാനിച്ചു. മുസ്ലിംപള്ളിപോലും അതിന് ഉപയോഗിച്ചത്രെ! സത്യം പറയാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിച്ചു. സത്യം പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ബാധിക്കും! ഡിജിറ്റൽ കാലത്ത് കാണുന്നതല്ല, കാണിക്കുന്നതാണ് സത്യം.

മുസ്ലിം വ്യാപാരികൾ പഴത്തിൽ തുപ്പുന്നത്, മുസ്ലിം പാചകക്കാർ ഭക്ഷണത്തിൽ തുപ്പുന്നത്, പാത്രം നക്കുന്നത് എന്നീ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതെല്ലാം വ്യാജമാണെന്ന് ആൾട്ട് ന്യൂസും ബൂമും തെളിയിച്ചപ്പോഴേക്കും ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. കേസുണ്ടായില്ല, ഇഡി റെയ്ഡുണ്ടായില്ല, സിബിഐ അന്വേഷിച്ചില്ല, കുറ്റപത്രങ്ങൾ ഉണ്ടായില്ല. പലവിധ ‘ജിഹാദു' കളിൽ ഇതും ഉൾപ്പെടുത്തി. പകർച്ചവ്യാധിക്കും മതസ്പർധയുടെ വ്യാഖ്യാനം ചമച്ചു. മഹാമാരിക്ക് മതത്തിന്റെ നിറം കൊടുക്കുന്നത് ആദ്യമല്ല. പതിനാലാം നൂറ്റാണ്ടിൽ പ്ലേഗ് പടർന്നപ്പോൾ അത് യഹൂദന്മാർ കിണറുകളിൽ തുപ്പുന്നതു കൊണ്ടാണെന്ന് ഫ്രാൻസിലെയും ജർമനിയിലെയും സ്പെയ്നിലെയും പ്രാദേശിക ഭരണനേതൃത്വങ്ങൾ പ്രഖ്യാപിച്ചു. യഹൂദരെ പരസ്യമായി തല്ലിക്കൊന്നു. വലന്റൈൻസ് ഡേയിൽമാത്രം 2000 യഹൂദന്മാരെയാണ് പ്ലേഗിന്റെ പേരിൽ കൊന്നത്. ഫെബ്രുവരി 14 പ്രണയദിനമായി മാറിയതും ഇതേ പതിനാലാം നൂറ്റാണ്ടിലാണ്.

1919ൽ ഹിറ്റ്‌ലർ നടത്തിയ പ്രസംഗത്തിൽ യഹൂദരെ "വംശീയ ക്ഷയരോഗം പരത്തുന്നവർ' എന്ന് ആക്ഷേപിച്ചു. ഹിറ്റ്‌ലറിന്റെ റെക്കോഡ് ചെയ്ത ആദ്യപ്രസംഗംകൂടിയാണ് ഇത്. ഇന്ത്യയിൽ കൊറോണ പരത്തിയത് തബ്‌ലീഗ്‌ സമ്മേളനമാണെന്ന് പ്രചരിപ്പിച്ചു. ലോക്ഡൗണിനും മുമ്പായിരുന്നു ഈ സമ്മേളനം. പക്ഷേ, കുംഭമേളയിൽ ഒത്തുകൂടിയ ലക്ഷങ്ങളിൽനിന്ന് മാരകമായ രണ്ടാം തരംഗമുണ്ടായത് വിദഗ്ധമായി ഒതുക്കിവച്ചു.

കുനിയാൻ പറഞ്ഞപ്പോൾ ഇന്ത്യയിലെ മാധ്യമങ്ങൾ മുട്ടിലിഴഞ്ഞുവെന്ന് ആക്ഷേപിച്ചത് ലാൽ കൃഷ്ണ അദ്വാനിയാണ്. അടിയന്തരാവസ്ഥക്കാലത്തെ പത്രപ്രവർത്തനത്തെ വിലയിരുത്തുകയായിരുന്നു അന്ന് അദ്വാനി

കുനിയാൻ പറഞ്ഞപ്പോൾ ഇന്ത്യയിലെ മാധ്യമങ്ങൾ മുട്ടിലിഴഞ്ഞുവെന്ന് ആക്ഷേപിച്ചത് ലാൽ കൃഷ്ണ അദ്വാനിയാണ്. അടിയന്തരാവസ്ഥക്കാലത്തെ പത്രപ്രവർത്തനത്തെ വിലയിരുത്തുകയായിരുന്നു അന്ന് അദ്വാനി. അദ്വാനിയിൽനിന്ന് മോദിയിലേക്കെത്തുമ്പോൾ മാധ്യമങ്ങളെക്കൊണ്ട് ദണ്ഡനമസ്‌കാരമല്ല, പാദപൂജയാണ് ചെയ്യിക്കുന്നത്. രാജാക്കന്മാർക്ക് എന്നും ഇഷ്ടം സ്വന്തം കാലുകളെയാണ്. ചോരകൊണ്ടും കണ്ണീരുകൊണ്ടും ഉഴുതുമറിച്ച മണ്ണിൽ അവർ അധികാരത്തിന്റെ കാൽ നാട്ടുന്നു. പ്രജകൾക്ക് കൈകളല്ല, കാലുകളാണ് വേണ്ടതെന്ന് അവർ കരുതുന്നു. അധികാരം സ്വന്തം കാലിൽ വീഴുന്ന  പുഷ്പങ്ങൾ എണ്ണിനോക്കുന്നു. അഗ്നിവർണ മഹാരാജാവ് പ്രജകൾക്കുവേണ്ടി ജനലുകൾക്ക് ഇടയിലൂടെ നീട്ടിക്കൊടുത്തത് കാലുകൾ മാത്രമാണ്. ആ കാലിൽ തൊഴുത്, ആ കാലിനോട് ആവലാതികൾ പറഞ്ഞ് പ്രജകൾ സന്തുഷ്ടരായി തിരിച്ചു പോയി.

അവയവം മാറ്റിവയ്‌ക്കലും വിമാനം ഓടിക്കലും കൃത്രിമ ശിശുക്കൾ ജനിക്കലും മാത്രമല്ല, ഇന്ത്യയുടെ ഭൂതകാലഭാവനയിൽ അഗ്നിവർണന്മാരുമുണ്ടായിരുന്നു. ഭൂതകാലത്തെ അതിന്റെ എല്ലാ ഐതിഹ്യങ്ങളോടെയും സമകാലിക സിംഹാസനത്തിലേക്ക് ആനയിക്കുന്നവർ അഗ്നിവർണന്മാരുടെ ചെങ്കോലും കിരീടവുംകൂടി സ്ഥാപിക്കുകയാണ്. രാജാവിന് എന്നും സ്തുതിപാഠകന്മാരുടെ വിശറിക്കാറ്റ് വേണം. അതുകൊണ്ട് അവർ വിമർശകരുടെ നാവരിയും. മീഡിയ എന്നത് "മോഡിയ' ആക്കി മാറ്റും.

ഭാവിയെ നേരിടാൻ ഭൂതകാലത്തിലേക്ക് എന്നതാണ് ഇവരുടെ പ്രവർത്തനതത്വം. യാഥാർഥ്യത്തിൽനിന്ന് സ്വപ്നത്തിലേക്ക്, വസ്തുതയിൽനിന്ന് കെട്ടുകഥകളിലേക്ക്, കാഴ്ചയിൽനിന്ന് സങ്കൽപ്പത്തിലേക്ക് ഇവർ കണ്ണുകെട്ടി മനുഷ്യരെ നയിക്കുന്നു

ഡൽഹി കലാപം കാണിച്ച ചാനലിനെ വിലക്കും. കശ്‌മീരിൽ ഇന്റർനെറ്റ് വിലക്കും. മണിപ്പുരിൽ അക്രമികൾക്കൊപ്പം പൊലീസ് നിന്നെന്നും വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തിയ എഡിറ്റേഴ്സ് ഗിൽഡിനെതിരെ കേസെടുക്കും. സിദ്ധാർഥ് വരദരാജനെയും രാജ്ദീപ് സർദേശായിയെയും പീഡിപ്പിക്കും. ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിൽ നൂറു മണിക്കൂറിലേറെ റെയ്ഡ് നടത്തും. അറസ്റ്റ് ഉണ്ടാകും. സ്റ്റാൻ സ്വാമിമാർ ജയിലിൽ മരിക്കും. ജനങ്ങളുടെ ഒരു പ്രശ്നത്തിനും പരിഹാരം കാണാൻ ഇവരുടെ കൈയിൽ ഭദ്രമായ ഒരു പദ്ധതിയും ഉണ്ടാകില്ല. ഭാവിയെ നേരിടാൻ ഭൂതകാലത്തിലേക്ക് എന്നതാണ് ഇവരുടെ പ്രവർത്തനതത്വം. യാഥാർഥ്യത്തിൽനിന്ന് സ്വപ്നത്തിലേക്ക്, വസ്തുതയിൽനിന്ന് കെട്ടുകഥകളിലേക്ക്, കാഴ്ചയിൽനിന്ന് സങ്കൽപ്പത്തിലേക്ക് ഇവർ കണ്ണുകെട്ടി മനുഷ്യരെ നയിക്കുന്നു. ദരിദ്രന്റെ മുന്നിൽ പ്രതിമ സ്ഥാപിക്കുന്നു, തൊഴിലില്ലാത്തവന്റെ മുന്നിൽ പാർലമെന്റ് പണിയുന്നു, ആശുപത്രി ഇല്ലാത്തവന്റെ മുന്നിൽ ക്രിക്കറ്റ് സ്റ്റേഡിയം കെട്ടുന്നു. മായക്കാഴ്ചകളുടെ വിഭൂതികൾകൊണ്ട് രാഷ്ട്രശരീരത്തിലും രാഷ്ട്രീയശരീരത്തിലും അവർ കുറി വരയ്‌ക്കുന്നു.

സാമ്പത്തികരംഗത്ത് നിരന്തരമായി പരാജയപ്പെടുമ്പോഴും തങ്ങളുടെ കൈകൾക്ക് ശക്തി പകരാൻ സ്വേച്ഛാധിപതികൾ ആവശ്യപ്പെടും. ഇനിയും കൂടുതൽ അധികാരം തരൂ, ഇനിയും ശരിയാക്കാനുണ്ട് എന്നാണ് പല്ലവി. ഇവരുടെ വിമർശകരെ നിഷ്ഠുരമായി കൈകാര്യം ചെയ്യും. 'സർജിക്കൽ സ്ട്രൈക്ക്' നടന്നത് എവിടെയെന്ന് ചോദിക്കരുത്. ചോദിച്ചാൽ രാജ്യദ്രോഹിയാകും. കശ്‌മീരിൽ നടന്നത് ‘മാസ്റ്റർ സ്ട്രൈക്ക്' എന്ന് വിശേഷിപ്പിക്കണം. വിശേഷിപ്പിച്ചില്ലെങ്കിൽ പാകിസ്ഥാൻചാരനാകും. നോട്ടുനിരോധനം തുഗ്ലക്കിനെ ഓർമിപ്പിക്കുന്നു എന്നെഴുതരുത്. എഴുതിയാൽ ഇഡി റെയ്ഡിനെത്തും. ലോകത്ത് അശാസ്ത്രീയമായി അടച്ചിടൽ നടത്തിയ രാജ്യം ഇന്ത്യയാണെന്ന് പറയരുത്. പറഞ്ഞാൽ ദേശീയതയുടെ ശത്രുവാകും. പക്ഷേ, ഹിരണ്യകശിപു എത്ര നിർബന്ധിച്ചിട്ടും മകൻ പ്രഹ്ലാദൻ ‘ഓം! ഹിരണ്യായ നമഃ' എന്ന് പറഞ്ഞില്ല എന്നുമുണ്ട് ഭാരതീയ പുരാണത്തിൽ.

(മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top