23 December Monday
മൂന്നാം മോദി സർക്കാരിന്റെ 100 ദിനം

ദുരിതത്തുടർച്ചയുടെ, അശാന്തിയുടെ നാളുകൾ

കെ രാജേന്ദ്രൻUpdated: Tuesday Sep 17, 2024

 

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കവെ 1920ൽ കൊൽക്കത്ത നഗരത്തിൽ വലിയ കലാപമുണ്ടായി. നിരവധി പേർ കൊല്ലപ്പെട്ടു. ക്രമസമാധാന പാലനത്തിനായി നഗരത്തിലെ ഹിന്ദുക്കളും മുസ്ലിങ്ങളും താമസിക്കുന്ന പ്രദേശങ്ങളെ പ്രത്യേകം വേർതിരിച്ച് രേഖപ്പെടുത്തണമെന്നായിരുന്നു ബ്രിട്ടീഷ് സർക്കാരിന്റെ നിർദേശം. പക്ഷേ, നിർദേശം നടപ്പാക്കാനായില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും ഇടകലർന്ന് ജീവിക്കാത്ത ഒരു പ്രദേശവും അന്നത്തെ കൊൽക്കത്ത നഗരത്തിൽ ഇല്ലെന്നായിരുന്നു കീഴുദ്യോഗസ്ഥരുടെ റിപ്പോർട്ട്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരകളായി ഒരു വിഭാഗം കലാപബാധിതരാകുമ്പോൾത്തന്നെ മഹാഭൂരിപക്ഷവും സൗഹാർദത്തോടെ പരസ്‌പരം സഹകരിച്ച് ഇടകലർന്നാണ് അന്ന് ജീവിച്ചിരുന്നത്.

1920ലെ ബ്രിട്ടീഷ് ഇന്ത്യയിലെ കൊൽക്കത്തയിൽനിന്ന് 2024ൽ മോദി ഇരട്ട എൻജിൻ ഭരണം നടത്തുന്ന മണിപ്പുർ എന്ന കൊച്ചുസംസ്ഥാനത്തിലേക്ക്‌ പോകാം. ആ സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വംശീയ വിദ്വേഷത്തിന്റെ ചോര പുരണ്ട അതിർത്തിയുടെ ഒരുവശത്ത് മെയ്‌ത്തീകൾ മാത്രമുള്ള ഭൂപ്രദേശം. മറുവശത്ത് കുക്കികൾ മാത്രമുള്ള ഭൂപ്രദേശം. ഇതുവരെ കൊല്ലപ്പെട്ടത് 250ൽ അധികം പേർ. രാജ്യചരിത്രത്തിൽ ഇത്രയുംകാലം നീണ്ടുനിന്ന മറ്റൊരു കലാപം ഉണ്ടായിട്ടില്ല. കലാപം തുടങ്ങിയിട്ട് ഒരുവർഷവും നാലുമാസവുമായി.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസ കാലയളവിനുള്ളിൽ മണിപ്പുർ കലാപം റോക്കറ്റും ഡ്രോണും ഉപയോഗിച്ചുള്ള ആഭ്യന്തര യുദ്ധമായി മാറി. ഒരു വിഭാഗത്തിന് (മെയ്‌ത്തീ) വേണ്ടി പട നയിക്കുന്നത് ബിജെപിക്കാരനായ മുഖ്യമന്ത്രി എൻ ബിരേൻസിങ് തന്നെയാണ്. കേന്ദ്ര സർക്കാർ ഇടപെടൽ അത്യാവശ്യമായ ഘട്ടമാണ്. അസം ഗവർണർ ലക്ഷ്‌മൺ ആചാര്യക്കാണ് മണിപ്പുരിന്റെ ചുമതല. കലാപം രൂക്ഷമായ ദിനങ്ങളിൽ അദ്ദേഹം ഇംഫാലിൽ ഉണ്ടായിരുന്നു. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടതോടെ ഗുവാഹത്തിയിലേക്ക്‌ പേടിച്ചോടി. തെരുവിലിറങ്ങിയ വിദ്യാർഥികൾ സർക്കാർ ഓഫീസുകളിലെ ഇന്ത്യൻ പതാക മാറ്റി പകരം മെയ്‌ത്തീ പതാക ഉയർത്തി. റഷ്യ–- ഉക്രയ്‌ൻ യുദ്ധം തീർക്കാനായി അടുത്തിടെ ഇരുരാജ്യങ്ങളും സന്ദർശിച്ച മോദി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. മോദി ഭരണത്തിനുകീഴിൽ രാജ്യത്തെ ഏറ്റവും അശാന്തമായ പ്രദേശമായി മണിപ്പുർ മാറി.


 

കശ്‌മീർ സംഘർഷഭരിതമാണ്. പ്രത്യേക പദവി പിൻവലിക്കുന്നതിലൂടെ ഭീകരവാദവും വിഘടനവാദവും അമർച്ച ചെയ്യാനാകുമെന്നായിരുന്നു മോദി സർക്കാരിന്റെ അവകാശവാദം. ഭീകരാക്രമണങ്ങൾ വർധിച്ചെന്ന് മാത്രമല്ല, നേരത്തേ ശാന്തമായിരുന്ന ജമ്മു മേഖലയിലേക്കുകൂടി ഇപ്പോൾ ഭീകരാക്രമണങ്ങൾ വ്യാപിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിഘടനവാദം ശക്തമാകുന്നതാണ് കശ്‌മീരിലെ പുതിയ പ്രവണത. ബാരാമുള്ള ലോക്‌സഭാ സീറ്റിൽ "കശ്‌മീരിന് സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയർത്തി ജയിലിൽനിന്ന് മത്സരിച്ച അബ്‌ദുൾ റഷീദ് ഷെയ്ഖ് (എൻജിനിയർ റഷീദ്) വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇതിന്റെ തുടർച്ചയായാണ് ജമാഅത്തെ ഇസ്‌ലാമി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. മോദി ഭരണത്തിനുകീ‍ഴിൽ പഞ്ചാബിലും ഭീകരവാദവും വിഘടനവാദവും ശക്തമാകുകയാണ്. അസമിലെ ജയിലിൽക്കിടന്ന് മത്സരിച്ച ഖലിസ്ഥാൻ വാദി അമൃത്പാൽ സിങ്‌ ഖദൂർ സാഹിബ് ലോക്‌സഭാ മണ്ഡലത്തിൽനിന്ന് രണ്ടുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇന്ദിരാഗാന്ധി കൊലക്കേസിലെ മുഖ്യപ്രതിയായിരുന്ന ബിയാന്ത് സിങ്ങിന്റെ മകൻ സറബ്ജിത് സിങ്‌ ഖാൽസ ഫരീദ്കോട്ടിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു.

രൂക്ഷമാകുന്ന തൊ‍ഴിലില്ലായ്മ
തൊ‍ഴിലില്ലായ്‌മയും തൊ‍ഴിൽ തേടിയുള്ള കുടിയേറ്റവും അതിരൂക്ഷമാണ്. 2024 ജൂണിൽ സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കോണമി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം തൊ‍ഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായി ഉയർന്നിരുന്നു. കേന്ദ്ര പൊതുമേഖലയിൽ ഒ‍ഴിഞ്ഞുകിടക്കുന്നത് പത്തു ലക്ഷത്തിലേറെ തൊ‍ഴിലവസരങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന് ബിജെപി നേതാക്കൾ ഇടയ്‌ക്കിടെ വീമ്പ് പറയാറുണ്ട്. എന്നാൽ, പ്രതിശീർഷ വരുമാനത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് 136 ആണ്. ആഗോള വിശപ്പ് സൂചികയിൽ രാജ്യത്തിന്റെ സ്ഥാനം 111. മോദിയുടെ വികസനത്തിന്റെ ഗുണഭോക്താക്കൾ ജനങ്ങളല്ല, കോർപറേറ്റുകൾ മാത്രമാണ്. എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചശേഷം വിമാനയാത്ര നിരക്കിലുണ്ടായ വൻവർധന സൂചകമാണ്. ഇതേ നയം മറ്റ് മേഖലകളിലേക്ക്‌ വ്യാപിച്ചാൽ ജനജീവിതം ദുസ്സഹമാകും.

ബ്രിട്ടീഷ് ഭരണകാലത്ത് അവർക്കുവേണ്ടി യുദ്ധം ചെയ്യാൻ ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിലേക്ക്‌ കുടിയേറിയിരുന്നു. കാര്യങ്ങൾ ഇപ്പോൾ സമാനമാണ്. അഗ്നിവീർ പദ്ധതി നടപ്പാക്കിയതോടെ ഇന്ത്യൻ സേനകളിലെ സ്ഥിരം ജോലി എന്ന സ്വപ്‌നം യുവാക്കൾ ഉപേക്ഷിച്ചിരിക്കുന്നു. ചെറുപ്പക്കാർ യുദ്ധം ചെയ്യാനായി റഷ്യയിലേക്ക്‌ കുടിയേറുന്നതാണ് പുതിയ പ്രവണത. ഗാന്ധിയെ പുറത്താക്കി സവർക്കർ പാഠപുസ്‌തകങ്ങളിൽ ഇടം നേടിക്ക‍ഴിഞ്ഞു. കേന്ദ്ര മത്സരപരീക്ഷകളിൽ സർവത്ര കൃത്രിമമാണ്. നീറ്റ് പരീക്ഷയാണ് മികച്ച ഉദാഹരണം. മോദി ഭരണത്തിന്റെ തിക്തഫലങ്ങൾ വിദ്യാർഥികളും അഭ്യസ്തവിദ്യരുമെല്ലാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.

സംസ്ഥാന ഭരണം ഗവർണർമാർക്ക്
അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം നൽകിയിരിക്കുന്നു. പക്ഷേ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ ഭരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മോദി. ഗവർണർമാരിലൂടെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ നിശ്ചലമാക്കുകയെന്ന നിലപാടുമായി മൂന്നാം മോദി സർക്കാരും മുന്നോട്ടു പോകുകയാണ്. പ്രാദേശിക പാർടികളുടെ പിന്തുണയോടെയാണ് മൂന്നാം മോദി സർക്കാർ ഭരണം നടത്തുന്നത്. എന്നാൽ, ഫെഡറലിസത്തിന്റെ പ്രാഥമിക മര്യാദകൾ ഇപ്പോ‍ഴും പാലിക്കാൻ തുടങ്ങിയിട്ടില്ല. ഉരുൽപൊട്ടൽ ദുരന്തങ്ങൾക്കുശേഷം മോദി വയനാട് സന്ദർശിച്ചു. മാസം ഒന്ന് ക‍ഴിഞ്ഞിട്ടും ഇതുവരെ കേരളത്തിന് നയാ പൈസയുടെ കേന്ദ്ര സഹായം ലഭിച്ചിട്ടില്ല. അതേസമയം, മ‍ഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടി സഹായം നൽകി. മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ആന്ധ്രയ്ക്കും ബിഹാറിനും വേണ്ടിയായിരുന്നു. ആന്ധ്ര ഭരിക്കുന്ന തെലുങ്കുദേശം പാർടിയും ബിഹാർ ഭരിക്കുന്ന ജെഡിയുവുമാണ് മോദി സർക്കാരിനെ താങ്ങി നിർത്തുന്നത്. അവർക്കുവേണ്ടി ബജറ്റിലൂടെ പദ്ധതികൾ വാരിക്കോരി നൽകുമ്പോൾ ഏറ്റവും അവഗണിക്കപ്പെടുന്നത് കേരളമാണ്. പക്ഷേ, ആ കേരളത്തെയാണ് രാജ്യത്ത് ഏറ്റവും മികച്ച സുസ്ഥിര വികസനം നടക്കുന്ന സംസ്ഥാനമായി നിതി ആയോഗ് തെരഞ്ഞെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top