28 December Saturday

സംഘപരിവാറിന്റെ മാധ്യമ അജൻഡ - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

 

തൃശൂർ എംപി  സുരേഷ്ഗോപി മാധ്യമപ്രവർത്തകനെ മുറിക്കകത്തേക്ക് വിളിച്ച്‌ കയറ്റി ഭീഷണിപ്പെടുത്തിയത്‌ കേരളത്തിലെ മാധ്യമങ്ങൾക്ക് വലിയ വാർത്തയായില്ല. ഇത്തരത്തിൽ പ്രത്യക്ഷമായ ഇടപെടലുണ്ടായിട്ടും വലതുപക്ഷ മാധ്യമങ്ങൾ അതിനെതിരെ എന്തുകൊണ്ട്‌ രംഗത്തുവന്നില്ല.  മോദി സർക്കാരും കോർപറേറ്റ് മാധ്യമങ്ങളും തമ്മിൽ രൂപപ്പെടുത്തിയിട്ടുള്ള കൂട്ടുകെട്ടാണ് ഇതിന് അടിസ്ഥാനം.

വലതുപക്ഷ മാധ്യമങ്ങളും സംഘപരിവാറിനെ പിന്തുണയ്ക്കുന്ന പിആർ ഏജൻസികളും 2011-ലും  2013-ലും ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന പേരിൽ ഗുജറാത്തിൽ ഒരു നിക്ഷേപ സമാഹരണ പരിപാടി വലിയ പ്രചാരണത്തോടെ സംഘടിപ്പിച്ചാണ്‌ നരേന്ദ്ര മോദിക്ക്‌ വികസന നായക പരിവേഷം ചാർത്തി നൽകിയത്. രാജ്യത്തെ കുത്തകകൾക്ക് പുറമെ ഇന്തോ അമേരിക്കൻ ബിസിനസ് കൗൺസിൽ അധ്യക്ഷനായ റോൺസമേഴ്സും അതിൽ പങ്കാളിയായി. ഇവരുടെ പിആർ സംവിധാനമാണ് മോദിയുടെ വികസന പരിപ്രേക്ഷ്യത്തിനു പിന്നിൽ.

കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കുന്ന മോദിക്കായി കോർപറേറ്റ്മാധ്യമങ്ങൾ തുടർച്ചയായി രംഗത്തുവരികയാണ്. ഈ മാധ്യമങ്ങൾ സ്ഥിരമായി കാണുന്ന 60 ൽ ഒരാൾ ബിജെപിക്കെതിരെ വോട്ട് ചെയ്തിരുന്നെങ്കിൽ മുന്നണി സംവിധാനമായിപ്പോലും ബിജെപിക്ക് അധികാരത്തിൽ വരാൻ പറ്റുമായിരുന്നില്ലെന്ന് യോഗേന്ദ്രയാദവിന്റെ മാധ്യമസംഘം വ്യക്തമാക്കുന്നുണ്ട്. കോർപറേറ്റുകളുടെ ഇടപെടൽ നമ്മുടെ മാധ്യമങ്ങളുടെ മുഖം തകർത്തുകളഞ്ഞിരിക്കുന്നു. ഇന്ത്യൻ ജനത അനുഭവിക്കുന്ന പ്രശ്നങ്ങൾ വലതുപക്ഷമാധ്യമങ്ങളിൽ ഇന്ന് കാണാനില്ല. അന്വേഷണാത്മക പത്രപ്രവർത്തനവും ദുർബലപ്പെട്ടു.  കേരളത്തിലാകട്ടെ ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യുകയെന്ന ബിജെപി അജൻഡയ്ക്കൊപ്പം നീങ്ങുകയാണ് അവർ.


 

കോർപറേറ്റ് നയങ്ങൾ നടപ്പാക്കുമ്പോൾ ജനകീയ പ്രതിഷേധങ്ങൾ സ്വാഭാവികമായും ഉയർന്നുവരും. അത്തരത്തിലുള്ള ജനകീയ ഐക്യത്തെ ദുർബലപ്പെടുത്താൻ മതരാഷ്‌ട്ര ചിന്തകൾ സമൂഹത്തിൽ വിതയ്ക്കുകയെന്നതും കോർപറേറ്റ് താൽപ്പര്യമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താൻ അവർ സ്വീകരിച്ച വഴിയാണ് പുതിയ സാഹചര്യത്തിൽ ഇന്ത്യയിലും നടപ്പാക്കുന്നത്‌.  മതരാഷ്ട്രവാദികളും  കോർപറേറ്റുകളും തമ്മിലുള്ള ഒരു കൂട്ടുകെട്ട് പരസ്പര സഹായ സഹകരണസംഘമായി വളർന്നുവന്നിരിക്കുന്നു.

കോർപറേറ്റ്–- ഹിന്ദുത്വ കാഴ്ചപ്പാടുകളിൽനിന്ന് വ്യത്യസ്തമായ പാത സ്വീകരിക്കുന്ന മാധ്യമങ്ങളെ കേന്ദ്ര ഏജൻസികളെയടക്കം ഉപയോഗിച്ച്‌ തകർക്കുന്ന നയമാണ്‌ നടപ്പാക്കുന്നത്‌. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തപ്പോൾ ബിബിസിക്ക് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നേരിടേണ്ടിവന്നു.

കോവിഡ് കാലത്ത് ഗംഗാനദിയിൽ  മൃതദേഹങ്ങൾ ഒഴുകുന്ന  ചിത്രം പ്രസിദ്ധീകരിച്ച ‘ദൈനിക്‌ സമാചാറി’ന്റെ ഓഫീസിൽ കേന്ദ്ര ഏജൻസി റെയ്‌ഡ്‌ നടത്തി 50 കോടി രൂപ പിഴ ചുമത്തി. മോദി ഏറ്റെടുത്ത ഡോമാലി ഗ്രാമത്തിലെ ഭക്ഷ്യക്ഷാമം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ യുപിയിലെ പ്രധാന വാർത്താചാനലായ ഭാരത് സമാജിന്റെ ഓഫീസിലും റെയ്‌ഡുണ്ടായി. മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് ലേഖനമെഴുതിയതിന്‌ ‘ടൈംസ് ഓഫ് ഇന്ത്യ’യിൽനിന്ന് റൂബൻ ബാനർജിക്ക് പുറത്തുപോകേണ്ടിവന്ന സംഭവവും വലിയ ചർച്ചയായതാണ്.


 

‘ദ വയർ’ എന്ന മാധ്യമസ്ഥാപനം യുപിയിലെ കോവിഡ് പ്രതിരോധത്തിന്റെ വീഴ്ച റിപ്പോർട്ട് ചെയ്തതിന് നാല്‌ കേസാണ് ചുമത്തിയത്‌. നികുതിവെട്ടിപ്പ്‌ ആരോപിച്ച്‌ ‘ദൈനിക് ഭാസ്കർ’ ഗ്രൂപ്പിന്റെ അഞ്ച്‌ കേന്ദ്രത്തിൽ പരിശോധന നടത്തിയതും  ശരിയായ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ്. ‘ന്യൂസ് ക്ലിക്കു’മായി ബന്ധമുള്ള 46 പേരുടെ ഓഫീസിലും  വീട്ടിലും റെയ്ഡ് നടത്തി. കർഷക സമരം റിപ്പോർട്ട് ചെയ്‌തതിന്റെ പക മനസ്സിൽ വച്ചുകൊണ്ടായിരുന്നു ഇത്‌. കേന്ദ്ര സർക്കാരിന്റെ  പരസ്യങ്ങൾ നൽകാതിരിക്കുന്നതിന്‌ പുറമെ,  മറ്റു സ്ഥാപനങ്ങൾ  ഇത്തരം മാധ്യമങ്ങൾക്ക് പരസ്യം നൽകുന്നത്‌ തടയുന്നുമുണ്ട്‌. ബിജെപിയുടെ നയങ്ങൾക്കെതിരായി നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളെ വളഞ്ഞ വഴിയിലൂടെ കോർപറേറ്റുകളെക്കൊണ്ട് സ്വന്തമാക്കിച്ച് വശത്താക്കുന്ന രീതിയും സ്വീകരിക്കുന്നു. എൻഡിടിവിയുടെ കാര്യത്തിൽ അദാനി സ്വീകരിച്ച നിലപാട് ഉദാഹരണം.

മാധ്യമസ്ഥാപനങ്ങളെ കൈവശപ്പെടുത്തിയിട്ടും വഴങ്ങാത്ത മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്ന രീതിയും ഹിന്ദുത്വ ശക്തികൾ വളർത്തിയെടുത്തിട്ടുണ്ട്‌. കൽബുർഗിയെയും ഗൗരിലങ്കേഷിനെയുംപോലുള്ളവർക്ക്‌ ജീവൻ നഷ്ടമായത് ജനപക്ഷ നിലപാട് സ്വീകരിച്ചതിനും  മതനിരപേക്ഷതയ്ക്കായി പോരാടുകയും ചെയ്‌തതിനാണ്‌.

കോർപറേറ്റ് മാധ്യമങ്ങൾ ജനപക്ഷ വാർത്തകളെ തിരസ്കരിക്കുമ്പോൾ സോഷ്യൽ മീഡിയ ഇവ ഉയത്തിക്കാട്ടി മുന്നോട്ടുവരുന്നുണ്ട്.  ധ്രുവ്റാഠിയെപ്പോലുള്ള നവമാധ്യമപ്രവർത്തകർ ഇതിനുദാഹരണമാണ്. ഈ സാധ്യതകളെപ്പോലും അടയ്ക്കുന്നവിധമുള്ള നിയന്ത്രണങ്ങൾ കേന്ദ്രം കൊണ്ടുവരികയാണ്. സോഷ്യൽ മീഡിയയിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെ തുറന്നുകാട്ടുകയും മതനിരപേക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെ  കേസിൽ കുടുക്കി  ദുർബലപ്പെടുത്താനുള്ള ഇടപെടൽ ഹിന്ദുത്വ–- കോർപറേറ്റ്‌ കൂട്ടുകെട്ട്‌ നടത്തുന്നുണ്ട്.


 

സോഷ്യൽ മീഡിയയിൽ കള്ളക്കഥ പ്രചരിപ്പിക്കുകയെന്നത് മതരാഷ്ട്രവാദികളുടെ സ്ഥിരം പദ്ധതിയാണ്. കേരളത്തിൽ ദേവസ്വം ബോർഡിന്റെ പണം സർക്കാർ പിടിച്ചെടുക്കുകയാണെന്ന പ്രചാരണം വ്യാപകമാക്കിയത് ഇതിലൂടെയാണ്. നവമാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് തങ്ങൾക്കനുകൂലമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും ഇവർ ശ്രമിക്കുന്നുണ്ട്. നുണകളുടെ പരമ്പരകളും ഇവർ സൃഷ്ടിക്കുകയാണ്. സംഘപരിവാറിന്റെ കള്ളവാർത്തകളെ തുറന്നുകാട്ടിയ  ‘ആൾട്ട് ന്യൂസ്‌’ സ്ഥാപകരിൽ ഒരാളായ മുഹമ്മദ് സുബൈറിനെ ജയിലിലടയ്‌ക്കാനും മടിച്ചില്ല.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അഭിമാനിക്കുന്ന രാജ്യം ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പിറകോട്ട് പോകുകയാണ്. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 2018-ൽ നമ്മുടെ രാജ്യം 138–--ാം സ്ഥാനത്തായിരുന്നെങ്കിൽ ഇപ്പോൾ അത് 161 ആയി.  ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ സംഘപരിവാറിന്റെ ഇടപെടലുകളുടെ ഫലമായി ജനാധിപത്യസമീപനങ്ങളിൽനിന്ന് തെന്നിമാറി പോകുന്നു. നമ്മുടെ രാജ്യത്ത് കാണുന്ന ഇത്തരം ഇടപെടലുകളുടെ വേരുകൾ ജർമനിയിലെയും ഇറ്റലിയിലെയും ഫാസിസ്റ്റുകളിലേക്കാണ് എത്തിച്ചേരുക. ജർമൻ കോർപറേറ്റ് സ്ഥാപനമായ കൂപ്പ് കമ്പനിയുടെ കീഴിലുണ്ടായിരുന്ന പത്രസ്ഥാപനങ്ങളും വാർത്താഏജൻസികളും ഹിറ്റ്‌ലർക്കുവേണ്ടി നടത്തിയ പ്രചാരവേലകൾ പ്രസിദ്ധം. ഹിറ്റ്‌ലറുടെ ജർമനിയിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്ന് പറഞ്ഞ ഗോൾവാൾക്കറുടെ ശിഷ്യന്മാർ ആ വഴിയിലേക്ക് തന്നെയാണ് നീങ്ങുന്നത്‌. 1930-കളിൽ ഹിറ്റ്‌ലറുടെ രാഷ്ട്രീയ സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങുന്ന ഘട്ടത്തിൽ 2483 ദിനപത്രങ്ങളും വാരികകളും ജർമനിയിലുണ്ടായിരുന്നു. ഇവ പൊതുവിൽ ഫാസിസ്റ്റുകളുടെ പ്രചാരണോപാധികളായി മാറി.

അതോടൊപ്പംതന്നെ മാധ്യമങ്ങളെ നിയമം കൊണ്ടുവന്ന് വരിഞ്ഞുകെട്ടാനുള്ള നടപടികളും 1933-ൽ സ്വീകരിച്ചു. ചില പ്രധാന നിബന്ധനകൾ അവർ ഇതിന്റെ ഭാഗമായി മുന്നോട്ടുവച്ചു. രാജ്യത്തിനകത്തോ പുറത്തോ ജർമനിയുടെ മഹത്വത്തെ ഇകഴ്ത്തിക്കാണിക്കുന്നതൊന്നും പ്രസിദ്ധീകരിക്കരുത്, ഭരണകൂടത്തിനെതിരായ വിമർശങ്ങളെല്ലാം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള ഇടപെടലിന്റെ ഭാഗമായി,  1938-ൽ നൂറിലേറെ ജൂതരെ കൂട്ടക്കൊലയ്‌ക്കിരയാക്കിയ സംഭവം വാർത്തയായില്ല. നമ്മുടെ മണിപ്പുരിലെ സംഭവവികാസങ്ങൾ രാജ്യം അറിഞ്ഞത് ഏറെ വൈകിയാണല്ലോ.

കേരളത്തിലെ മാധ്യമങ്ങൾ കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായും  കേന്ദ്ര ഏജൻസികളുടെ ഭയപ്പെടുത്തലുകൾമൂലവും ഇടതുപക്ഷവിരുദ്ധ വാർത്തകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ബിജെപിക്കുവേണ്ടി വാർത്തകൾ ചമയ്‌ക്കുന്നതിൽ ഇവർ ഒട്ടും പിറകോട്ട് പോകുന്നില്ല. ഇന്ത്യൻ മതനിരപേക്ഷതയുടെ  കടയ്ക്കൽ കത്തിവച്ച രാമപ്രതിഷ്ഠയോട് നമ്മുടെ പത്രങ്ങൾ സ്വീകരിച്ച സമീപനം ഏറെ ചർച്ചയായതാണല്ലോ. പാർലമെന്റിൽ ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുംവിധം രാജാധിപത്യത്തിന്റെ അടയാളമായ ചെങ്കോൽ സ്ഥാപിച്ചപ്പോൾ  സ്വീകരിച്ച സമീപനം കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ സംഘപരിവാർ വിധേയത്വം വ്യക്തമാക്കുന്നതായിരുന്നു.

കേരളത്തിലെയടക്കം രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങളുടെ ഇടപെടലുകൾ ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും കാലത്ത് ഫാസിസ്റ്റുകളെ പിന്തുണച്ച മാധ്യമ പ്രചാരണ രീതികളെ ഓർമപ്പെടുത്തുന്നുണ്ട്. സംഘപരിവാറിന്റെ ഈ രാഷ്ട്രീയ ഇടപെടലിനെയും അതിന് വഴങ്ങുന്ന മാധ്യമ സംസ്കാരത്തെയും തുറന്നുകാട്ടിക്കൊണ്ട് മാത്രമേ ജനാധിപത്യ കേരളത്തെ സംരക്ഷിക്കാനും  സംസ്ഥാനത്തിന്റെ ഇടതുപക്ഷ മനസ്സിനെ സംരക്ഷിക്കാനുമാകൂ. കേരളത്തിന്റെ മതനിരപേക്ഷ സമീപനത്തെയും മാനവികതയെയും സംരക്ഷിക്കുന്നതിനും ഇത് അനിവാര്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top