22 December Sunday

ജമാഅത്തെ ഇസ്ലാമിയും 
ബിജെപിയും നിഴൽസഖ്യം - മുഹമ്മദ്‌ യൂസഫ്‌ തരിഗാമി വിശദീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ 
പ്രകടമായ പൊതുപ്രവണതകളും നിരോധിത 
സംഘടന ജമ്മു -കശ്‌മീർ ജമാഅത്തെ ഇസ്ലാമിയും 
ബിജെപിയും ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടിയതും സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി വിശദീകരിക്കുന്നു. കുൽഗാം മണ്ഡലത്തിൽ മതനിരപേക്ഷ കൂട്ടായ്‌മയുടെ സ്ഥാനാർഥിയുമായ 
തരിഗാമി ‘ദേശാഭിമാനി’ ഡൽഹി ബ്യൂറോ ചീഫ്‌ 
സാജൻ എവുജിന്‌ നൽകിയ അഭിമുഖത്തിൽനിന്ന്‌

ജമ്മു- കശ്മീരിൽ ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് പോളിങ് ശതമാനം ഉയർന്നല്ലോ
പത്തു വർഷത്തിനുശേഷമാണ്‌ ജമ്മു കശ്‌മീരിൽ തെരഞ്ഞെടുപ്പുണ്ടായത്‌; അതാകട്ടെ വളരെ അസാധാരണ സാഹചര്യത്തിലും. 2018 മുതൽ നിയമസഭ നിലവിലില്ല. സംസ്ഥാനത്തിന്‌ പ്രത്യേക പദവി നൽകിവന്ന 370–-ാം വകുപ്പ്‌ 2019ൽ  എടുത്തുകളഞ്ഞത്‌  ജമ്മു -കശ്‌മീരിലെ രാഷ്‌ട്രീയ പാർടികളെയും പൗരസമൂഹത്തെയും  മാധ്യമങ്ങളെയും ബന്ധപ്പെട്ട ഇതര സംഘടനകളെയും വിശ്വാസത്തിൽ എടുക്കാതെയും കൂടിയാലോചനകൾ നടത്താതെയുമാണ്‌. ചരിത്രപ്രാധാന്യമുള്ള സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിക്കുകയും ചെയ്‌തു. സ്വതന്ത്രഇന്ത്യയിൽ ഏതെങ്കിലും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമായി തരംതാഴ്‌ത്തുന്നത്‌ ആദ്യസംഭവമായിരുന്നു. ഇതോടെ കേന്ദ്രവും ജമ്മു -കശ്‌മീർ ജനതയും തമ്മിലുള്ള ബന്ധം വഷളായി.

സുപ്രീംകോടതി ഇടപെടലും രാജ്യത്തെ ഇതര ഭാഗങ്ങളിൽ ഉയർന്നുവന്ന ജനാഭിപ്രായവും മതനിരപേക്ഷ പ്രതിപക്ഷ പാർടികളുടെ നിരന്തര സമ്മർദവും കാരണമാണ്‌ ഇപ്പോൾ ജമ്മു -കശ്‌മീരിൽ തെരഞ്ഞെടുപ്പ്‌ നടത്താൻ ബിജെപി സർക്കാർ നിർബന്ധിതരായത്‌. ജമ്മു -കശ്‌മീരിൽ കേന്ദ്രത്തിന്റെ പിടി അയഞ്ഞതും ഇതിന്‌ കാരണമായി. തെരഞ്ഞെടുപ്പിൽ ജമ്മു -കശ്‌മീരിൽ ഉടനീളം വൻതോതിൽ ജനപങ്കാളിത്തം പ്രകടമായെന്നത് ശരിയാണ്. ജനങ്ങൾക്ക്‌ അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ മറ്റ്‌ മാർഗങ്ങളൊന്നും ശേഷിക്കാതിരുന്ന സാഹചര്യത്തിലാണിത്‌. അവർ കൂട്ടമായെത്തി വോട്ട് വഴി പ്രതികരിച്ചു.

അടിച്ചേൽപ്പിച്ച നിശ്ശബ്ദതയായിരുന്നു 2019നു ശേഷം. ജനകീയ അവകാശങ്ങൾക്കുനേരെ കടുത്ത കടന്നാക്രമണം ഉണ്ടായി. മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തി. രാജ്യത്ത്‌ ലഭ്യമായ പൗരാവകാശങ്ങൾ ജമ്മു -കശ്‌മീരിൽ നിഷേധിച്ചു. ബിജെപി മണ്ഡലം പുനർനിർണയംപോലും അവർക്ക്‌ അനുകൂലമാക്കാൻ ശ്രമിച്ചു. കുറഞ്ഞ തോതിൽ ജനസംഖ്യ വർധിച്ച ജമ്മു മേഖലയിൽ പുതുതായി ആറ്‌ മണ്ഡലം കൊണ്ടുവന്നപ്പോൾ ജനസംഖ്യാ വളർച്ച താരതമ്യേന ഉയർന്ന കശ്‌മീരിൽ ഒരു സീറ്റ്‌ മാത്രമാണ്‌ കൂട്ടിയത്‌.

തനിരപേക്ഷ കൂട്ടായ്‌മ ഫലപ്രദമായി 
പ്രവർത്തിച്ചോ
തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസും (എൻസി) കോൺഗ്രസും തമ്മിൽ സഖ്യമുണ്ടായി. ജമ്മുവിൽ ഒരു സീറ്റിലും കശ്‌മീരിൽ രണ്ട്‌ സീറ്റിലും മത്സരിക്കാനാണ്‌ സിപിഐ എം ആദ്യം നിശ്‌ചയിച്ചത്‌. നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഫാറൂഖ്‌ അബ്ദുള്ളയുമായി നടത്തിയ ചർച്ചകൾക്കുശേഷം കുൽഗാമിൽമാത്രം മത്സരിച്ചാൽ മതിയെന്ന്‌ സിപിഐ എം നിശ്‌ചയിച്ചു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുന്നത്‌ ഒഴിവാക്കാനാണ്‌ ഈ തീരുമാനത്തിൽ എത്തിയത്‌. 1996 മുതൽ സിപിഐ എം തനിച്ച്‌ മത്സരിച്ച്‌ ജയിക്കുന്ന മണ്ഡലമാണ്‌ കുൽഗാം. ജമ്മു -കശ്‌മീർ ജനതയെ അപമാനിച്ച ബിജെപിക്ക്‌ ചുട്ട മറുപടി നൽകാൻ മതനിരപേക്ഷ പാർടികളുടെ വിപുലമായ കൂട്ടായ്‌മ വേണമെന്ന നിലപാട്‌ സിപിഐ എം സ്വീകരിച്ചു.

ബിജെപി എങ്ങനെയാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌
പിൻവാതിൽ വഴിയായിരുന്നു അവരുടെ നീക്കങ്ങൾ. അവർ അധികാരം ദുർവിനിയോഗിച്ചു. ജനങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിച്ചു. പഴയകാല നിഴൽസഖ്യ കക്ഷികൾക്കൊപ്പം ജമ്മു -കശ്‌മീർ ജമാഅത്തെ ഇസ്ലാമി, എൻജിനിയർ റഷീദിന്റെ അവാമി ഇത്തെഹാദ്‌ തുടങ്ങി പുതിയ നിഴൽ പങ്കാളികളെയും അവർ കണ്ടെത്തി.
ജമാഅത്തെ ഇസ്ലാമി നേരത്തേ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നില്ല. 1972ൽ ഞാൻ ജയിലിലായിരുന്നു. നാഷണൽ കോൺഫറൻസ്‌ നിരോധിക്കപ്പെട്ടു. അക്കൊല്ലം  തെരഞ്ഞെടുപ്പിൽ മത്സരിച്ച ജമാഅത്തെ ഇസ്ലാമിക്ക്‌ അഞ്ച്‌ സീറ്റ്‌ കിട്ടി. ഇതിൽ രണ്ടെണ്ണം കുൽഗാം മേഖലയിൽനിന്നായിരുന്നു. 1977ൽ അവർക്ക്‌ ഒരു സീറ്റ്‌ കിട്ടി. 1987ലും ഇതായിരുന്നു സ്ഥിതി. 1996ലെ തെരഞ്ഞെടുപ്പിൽ അവർ എൻസിക്കും സിപിഐ എമ്മിനും എതിരായ നിലപാട്‌ സ്വീകരിച്ചു. പിന്നീട്‌ അവർ പിഡിപിയെ പിന്തുണച്ചു. ഇപ്പോൾ ആദ്യമായി ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടു. എന്നിരുന്നാലും അവർ കേന്ദ്രസർക്കാരുമായി കൂടിയാലോചനകൾ നടത്തി. ഇക്കാര്യം മാധ്യമങ്ങളിൽ വന്നതാണ്‌. ഒടുവിൽ അവർ സ്വതന്ത്രരായി മത്സരിക്കാൻ സമ്മതിച്ചു, നിരോധനം ഔപചാരികമായി നീക്കിയിട്ടില്ല.

ജമാഅത്തെ ഇസ്ലാമി മത്സരിച്ച സീറ്റുകളിലൊന്ന്‌ കുൽഗാമാണ്‌, അവിടെ അവർ എല്ലാ ശേഷിയും ഉപയോഗിച്ച്‌ പ്രചാരണം നടത്തി; ഇതര സ്ഥലങ്ങളിൽ അവർ മത്സരത്തെ ഗൗരവത്തോടെ എടുത്തില്ല. സിപിഐ എം സ്ഥാനാർഥിയായി ഞാൻ മത്സരിച്ച കുൽഗാമിൽ കേന്ദ്രസർക്കാർ ജമാഅത്തെ ഇസ്ലാമിയെ പ്രോത്സാഹിപ്പിക്കുകയും സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുകയും ചെയ്‌തു. ജമാഅത്തെ ഇസ്ലാമി സിപിഐ എമ്മിനെ നേരത്തേതന്നെ എതിർക്കുന്നവരാണ്‌, അവർ ‘ജിഹാദികൾ’ എന്ന്‌ വിളിക്കപ്പെടുന്നവരുടെ ഭാഗമായിരുന്നു. അവർ ഭരണഘടനയെ തള്ളിപ്പറയുകയും തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നവരെ ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നവരായിരുന്നു. 1989 മുതൽ അവർ ജമ്മു -കശ്‌മീരിനെ മോചിപ്പിക്കുമെന്നും പാകിസ്ഥാനിൽ കൂട്ടിച്ചേർക്കുമെന്നും പറഞ്ഞുവന്നു.  ‘ഇന്ത്യൻ അധിനിവേശം’ എന്ന വാദവും  അവർ ഏറ്റെടുത്തു. ഇപ്പോൾ ‘യുടേൺ’ (വിപരീതദിശ) എടുത്തിരിക്കുകയാണ്‌ അവർ. ദശകങ്ങളായി ജമ്മു- കശ്‌മീരിൽ നടത്തിയ രക്തച്ചൊരിച്ചിലിന്‌ ജമാഅത്തെ ഇസ്ലാമി സമാധാനം പറയണം. ഹീനകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇപ്പോൾ നിലപാട്‌ മാറ്റം ഏതു സാഹചര്യത്തിലാണെന്നും എന്തുതരം സമ്മർദങ്ങളാണ്‌ നേരിടേണ്ടിവന്നതെന്നും ജനങ്ങളോട്‌ വിശദീകരിക്കണം.

ബിജെപിയുടെ ഈ ഇരട്ടത്താപ്പ് 
ജനവിധിയെ ബാധിക്കുമോ
സിപിഐ എം, എൻസി, ജമ്മു -കശ്‌മീർ പിഡിപി അടക്കമുള്ള മുഖ്യധാരാ പാർടികളെ കേന്ദ്രസർക്കാർ വേട്ടയാടുകയാണ്‌. ഈ പാർടികൾ രക്തച്ചൊരിച്ചിലിന്റെ ഇരകളാണ്‌. മറുവശത്ത് വിഘടനവാദികളെ കേന്ദ്രം പ്രീണിപ്പിക്കുകയും ചെയ്യുന്നു. റിപ്പബ്ലിക്കിനെതിരെ ‘ജിഹാദ്‌’ നടത്തിയവരുമായി കേന്ദ്രം പരസ്യമായി കൈകോർത്തു. രാജ്യത്തെ ജനങ്ങളും ജനാധിപത്യശക്തികളും ഇത്‌ കാണുന്നുണ്ട്‌. ജമാഅത്തെ ഇസ്ലാമിയും ഇന്നത്തെ കേന്ദ്രസർക്കാരും അവരുടെ ഇരുകൂട്ടരുടെയും ഇരട്ടത്താപ്പ്‌ വിശദീകരിക്കണം.

കാലങ്ങളായി എടുത്തുവരുന്ന സുസ്ഥിരനിലപാടും കുൽഗാമിൽ നടത്തിയ വികസനപ്രവർത്തനങ്ങളും തൊഴിലാളികളുടെ പ്രശ്‌നങ്ങളും ജനാധിപത്യപരമായ വിഷയങ്ങളുമാണ്‌  മതനിരപേക്ഷ കൂട്ടായ്‌മ തെരഞ്ഞെടുപ്പിൽ പ്രചരിപ്പിച്ചത്‌. കുൽഗാം മണ്ഡലം വൻതോതിൽ ശ്രദ്ധയാകർഷിച്ചു.  മതം രാഷ്‌ട്രീയ ആയുധമായി  ഉപയോഗിക്കുന്നവർക്കെതിരെ പ്രചാരണം ശക്തമായി നടത്തി. ജമാഅത്തെ ഇസ്ലാമിയുടെയും ബിജെപിയുടെയും സമാന്തര അജൻഡ വിശദീകരിച്ചു. കഴിഞ്ഞ നാല്‌ തവണ ജയിച്ചെങ്കിലും  ഈ തെരഞ്ഞെടുപ്പ്‌ പുതിയ അനുഭവമായിരുന്നു; ആകർഷകവും. പ്രചാരണത്തിൽ മികച്ച ജനപങ്കാളിത്തം ഉണ്ടായി. കശ്‌മീരിന്റെ മൊത്തം ഫലത്തിനായി കാക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top