03 November Sunday

മുഹറം ; 
വഴിത്തിരിവുകളുടെ മാസം

ഡോ. ഹുസൈൻ രണ്ടത്താണിUpdated: Tuesday Jul 16, 2024

 

ഇസ്ലാമിക കലണ്ടറിലെ (ഹിജ്റ) ആദ്യ മാസമാണ് മുഹറം. വിശുദ്ധം,  നിരോധിക്കപ്പെട്ടത് എന്നൊക്കെയാണ് പദത്തിന് അർഥം. ഇസ്ലാമിക യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളിലൊന്നാണ് മുഹറം. ചന്ദ്രോദയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാകയാൽ ഹിജ്റ വർഷത്തിന് സൂര്യ വർഷത്തേക്കാൾ ഏകദേശം പതിനൊന്ന്‌ ദിവസം കുറവുണ്ടാകും. നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് ഈ മാസം സാക്ഷ്യം വഹിച്ചു. ആഷൂറാ എന്നറിയപ്പെടുന്ന  മുഹറം മാസത്തിലെ പത്താം ദിവസമാണ് ഈ ചരിത്രമുഹൂർത്തങ്ങളത്രയും സംഭവിച്ചത് എന്നതാണ് കൗതുകകരം. ഈജിപ്തിലെ ഏകാധിപതിയായിരുന്ന ഫറവോയ്‌ക്കെതിരെ പ്രവാചകൻ മൂസ നടത്തിയ യുദ്ധം വിജയിച്ചത് ഈ മാസത്തിലാണ്. ഫറവോയും കൂട്ടരും ചെങ്കടൽ മുറിച്ചു കടക്കവെ മുങ്ങിമരിച്ച ദിവസം. അതോടെ ഫറവോയുടെ സ്വേച്ഛാധിപത്യം അവസാനിക്കുകയും ഇസ്രായീല്യരും പ്രവാചകൻ മൂസയും രക്ഷപ്പെടുകയും ചെയ്തു. നോഹ (നൂഹ്‌ നബി) യുടെ കാലത്തെ വെള്ളപ്പൊക്കത്തെക്കുറിച്ച് മിക്ക വേദഗ്രന്ഥങ്ങളിലും പരാമർശമുണ്ട്‌.  അധർമകാരികളായ നോഹയുടെ ജനം വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ചു. നോഹയും അനുയായികളും ജീവജാലങ്ങളും പ്രത്യേക പെട്ടകത്തിൽ കയറി രക്ഷപ്പെട്ടു. ഈ സംഭവവും മുഹറം പത്താം ദിവസമാണ് നടന്നത്. പ്രവാചകൻ ജോസഫിനെ (യൂസുഫ്) ഫറവോയുടെ സേനാധിപനായ പോതിഫർ (അസീസ്) തെറ്റിദ്ധാരണയിൽ ജയിലിലിട്ടു. തന്റെ ഭാര്യ സുലൈഖയ്‌ക്ക് സുമുഖനായ യൂസുഫിൽ പ്രണയം ജനിച്ചു. അദ്ദേഹത്തെ പ്രാപിക്കാൻ കഴിയാത്തതിന്റെ രോഷത്താൽ സുലൈഖ മാനഭംഗം ആരോപിച്ച് ജയിലിലാക്കിയതാണ്. അസീസിന് പിന്നീട് തെറ്റ്‌ ബോധ്യപ്പെട്ടു. മുഹറം പത്തിനാണ് യൂസുഫിനെ ജയിൽ മുക്തനാക്കിയത്.

ഇങ്ങനെ ചരിത്രത്തിലെ പല വഴിത്തിരിവുകൾക്കും സാക്ഷ്യം വഹിച്ചതിനാൽ മുഹറം മാസവും അതിലെ പത്താം തീയതിയും മുസ്ലിങ്ങൾ പുണ്യദിവസമായി ആചരിക്കുന്നു. മുഹമ്മദ് നബിയുടെ ആഗമനത്തിന് മുമ്പും മറ്റ്‌ സെമിറ്റിക് സമുദായങ്ങൾക്ക് മുഹറം പുണ്യമാസം തന്നെയായിരുന്നു. പത്താം ദിവസം ജനങ്ങൾ നോമ്പനുഷ്ഠിച്ച് ദൈവത്തോട് നന്ദി പറയണമെന്നാണ് ചട്ടം.  അതേദിവസം വേദപാരായണം വർധിപ്പിക്കുകയും ദാനധർമങ്ങൾ അധികരിപ്പിക്കുകയും ചെയ്യുന്നത് പുണ്യമായി കരുതുന്നു.

ഈ മാസത്തിന്റെ  മറ്റൊരു പ്രത്യേകത ഹിജ്റ വർഷത്തിന്റെ ആരംഭം കുറിക്കുന്നു എന്നുള്ളതാണ്. പ്രവാചകൻ മക്കയിൽനിന്ന്‌ മദീനയിലേക്ക് നടത്തിയ പ്രസിദ്ധമായ പ്രയാണ (ഹിജ്റ)ത്തെ  അനുസ്മരിച്ചാണ് ഹിജ്റ വർഷം ആരംഭിക്കുന്നത്.  മക്കയിൽ വധഭീഷണിവരെ നേരിട്ട മുഹമ്മദ് നബിയും അനുയായികളും ഉപദ്രവം സഹിക്ക വയ്യാതായപ്പോൾ മക്ക വിടാൻ തീരുമാനിക്കുന്നു. ആയിടയ്‌ക്ക് മദീനയില ജനം നബിയെ സ്വീകരിക്കാൻ തയ്യാറാകുന്നു. പ്രവാചകനും സഖാക്കളും മദീനയിലേക്ക് യാത്രയായി. അവിടെ പരസ്പരം കലഹിച്ചിരുന്ന ജനങ്ങളെ ഒരുമിപ്പിച്ച് ഖിലാഫത് എന്ന ഭരണകൂടത്തിന് ബീജാവാപം നൽകി. മദീനയിൽനിന്നാണ്‌ ഇസ്ലാം ലോകത്തിന്റെ നാനാ ഭാഗത്തേക്കും പ്രചരിച്ചത്.

കർബല

മുഹറം മാസം പത്തിന് നടന്ന പ്രധാന സംഭവമാണ് കർബലയിലെ കൂട്ടക്കൊല. മധ്യ ഇറാഖിലുള്ള കർബല എന്ന സ്ഥലത്ത് വച്ച് ഏകാധിപതിയും മുസ്ലിം ഖലീഫയുമായ മുആവിയയുടെ മകൻ യസീദിനെതിരെ ക്രി.വർഷം 680ൽ നടന്ന യുദ്ധത്തിൽ പ്രവാചകന്റെ പൗത്രൻ ഹസ്രത് ഹുസൈനും കൂട്ടരും വീരമൃത്യു വരിച്ചു. ഇസ്ലാമിലെ ജനാധിപത്യ വ്യവസ്ഥയായ ഖിലാഫതിനെ അട്ടിമറിച്ച് ദമാസ്കസിൽ രാജാധിപത്യം കൊണ്ടുവന്ന്‌ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിച്ച യസീദിനെതിരെ നടന്ന യുദ്ധമാണിത്. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസത്തിലാണ് യസീദ് ഈ ക്രൂരകൃത്യം നടത്തിയതെന്നുകൂടി പ്രസ്താവ്യമാണ്. യസീദ് സുഖലോലുപനും വംശചിന്ത ഉയർത്തിപ്പിടിക്കുന്നയാളുമാണ്. പ്രവാചകന്റെ കുടുംബമായ ഹാഷിം വംശത്തെ യസീദ് തെല്ലും അംഗീകരിച്ചില്ല. ഹാശിമികളെ പല ദ്രോഹങ്ങളും ഏൽപ്പിച്ച് നാടുകടത്തി. നബിയുടെ പിതൃവ്യ പുത്രൻ ഹസ്രത് അലിയോടും കുടുംബത്തോടും കുടുംബപരമായിത്തന്നെ ശത്രുതയിലാണ് യസീദ്. അതോടൊപ്പം ഇസ്ലാമിന്റെ ജീവിതശൈലി അദ്ദേഹം പരസ്യമായി നിരാകരിക്കുകയും ചെയ്തു.

യസീദിനെക്കുറിച്ച് ഇസ്ലാമിക പണ്ഡിതൻ ഇബ്നു കീർ പറയുന്നത് ജീർണിച്ച ജീവിതശൈലി നയിച്ചയാളാണ് എന്നാണ്. പല കൊലപാതകങ്ങളിലും ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. അൽ–- സുയൂത്തിയുടെ അഭിപ്രായത്തിൽ പ്രവാചകന്റെ നിരവധി അനുചരന്മാരും അവരുടെ കുട്ടികളും കൊല്ലപ്പെട്ടതിനു പിന്നിൽ യസീദിന്റെ കരങ്ങളുണ്ടായിരുന്നു. ഇങ്ങനെയുള്ള ഒരാൾ, അയാൾ ആരുടെ മകനായാലും ഖലീഫയായി അംഗീകരിക്കാൻ കഴിയില്ലെന്ന നിശ്ചയ ദാർഢ്യമാണ് ഹസ്രത് ഹുസൈനും അനുയായികളും കൈക്കൊണ്ടത്‌. സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ മുമ്പിൽ സത്യം തുറന്നു പറയാനും ആയുധമെടുക്കാനും ഹസ്രത് ഹുസൈൻ തയ്യാറായി. യുദ്ധത്തിൽ യസീദിന്റെ പട്ടാളം ഹസ്രത് ഹുസൈനെയും കുടുംബത്തെയും ക്രൂരമായി വധിച്ചു. ഹുസൈന്റെയും അനുയായികളുടെയും തല വെട്ടി കുന്തത്തിൽ ഉയർത്തിപ്പിടിച്ച് ജാഥയായി യസീദിന്റെ പക്കലെത്തിച്ചു. ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ദിവസംകൂടിയാണ് മുഹറം പത്താം നാൾ.

‘രക്തസാക്ഷി മരിച്ചവനല്ല. അവൻ ദൈവത്തിന്റെ പക്കൽ ജീവിക്കുന്നവനാണ്. ദൈവമാണ് അവനെ സംരക്ഷിക്കുന്നത്’ എന്നാണ് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നത്. മരണത്തെ ഭയപ്പെടുകയല്ല; നേരിടുകയാണ് വേണ്ടതെന്നും  മരണം സ്ത്രീകൾക്ക് മാല എന്ന പോലെ ജീവിതത്തിന്റെ അലങ്കാരമാണെന്നും ഹസ്രത് ഹുസൈൻ പറഞ്ഞു. അപമാനത്തേക്കാളും നല്ലത്‌ അഭിമാനത്തോടെയുള്ള മരണമാണ്. രക്തസാക്ഷിത്വത്തിന് തയ്യാറുള്ളവരാരോ അവർ കൂടെ വരിക. അല്ലാത്തവർക്ക് പിന്തിരിയാം–- എന്നാണ് ഹുസൈൻ തന്റെ യുദ്ധത്തിനു പോകും മുമ്പ് കൂടെ നിന്നവരോട് പറഞ്ഞത്‌.  യുദ്ധത്തിന് പുറപ്പെടും മുമ്പ് അദ്ദേഹം യോദ്ധാക്കളോട് ചോദിച്ചു: “സത്യം അവഗണിക്കപ്പെടുകയും അസത്യം വിജയിക്കുകയും ചെയ്യുന്നത് നിങ്ങൾ കാണുന്നില്ലേ. അതിനാൽ തങ്ങൾക്കേറ്റവും പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ജീവിതത്തെ സമർപ്പിക്കാൻ തയ്യാറായി നിങ്ങൾ മുന്നോട്ടു വരിക”. നാലായിരത്തിലധികം വരുന്ന യസീദിന്റെ സൈന്യത്തെ നേരിടാൻ ചെറിയൊരു സൈന്യമേ ഹസ്രത് ഹുസൈന്റെ പക്കലുള്ളൂ. എന്നിട്ടും നിശ്ചയദാർഢ്യത്തോടെ അവർ പൊരുതി മരിച്ചു. സ്ത്രീകളും കുട്ടികളും ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. പ്രത്യേകിച്ചും ഹുസൈന്റെ സഹോദരി സൈനബ. അവർ യുദ്ധത്തിന്റെ മുമ്പിൽത്തന്നെ നിലയുറപ്പിച്ചു.

രക്തസാക്ഷികളെ യഥാവിധി സംസ്കരിക്കാൻപ്പോലും യസീദിന്റെ പട്ടാളം സമ്മതിച്ചില്ല. തല കുന്തത്തിൽ നാട്ടി തലസ്ഥാനത്തേക്ക് കൊണ്ടുപോയി. ശരീരങ്ങൾ ആ മരുഭൂമിയിൽ പക്ഷിമൃഗാദികൾക്ക് ഭക്ഷണമായി. യുദ്ധത്തിൽ ഹുസൈനോടൊപ്പം അനുഗമിച്ച സ്ത്രീകളും കുട്ടികളും പട്ടാളത്തിന്റെ ക്രൂരതയിൽ നിന്നൊഴിവായി. എന്നിട്ടും സ്വേച്ഛാധിപത്യത്തോട് രാജിയാകാൻ ഇവരാരും തയ്യാറായില്ല. കൂട്ടക്കൊലയാണ് കർബലയിൽ അരങ്ങേറിയത്. തോമസ് കാർലൈൽ  എഴുതിയതുപോലെ വിശ്വാസവും നിശ്ചയദാർഢ്യവുമാണ് ഹുസൈനെയും കൂട്ടരെയും തങ്ങൾ എണ്ണത്തിൽ കുറവാണെന്നറിഞ്ഞിട്ടും പൊരുതാൻ പ്രേരിപ്പിച്ചത്. മരണത്തെ അവരാരും ഭീകരമായി കണ്ടില്ല.

ഷിയ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം, ഇസ്ലാമികപ്രവാചകനായ മുഹമ്മദ് നബിയുടെ ചെറുമകനും മൂന്നാമത്തെ ഷിയാ ഇമാമുമായ ഹസ്രത് ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന അഷൂറ ഒരു വിലാപദിനമാണ്. ഹുസൈനോടുള്ള വിലാപം അടിച്ചമർത്തലിനെതിരായ പ്രതിഷേധ പ്രകടനമായും ദൈവത്തിനായുള്ള പോരാട്ടമായും ഗണിക്കുന്നു. വിലാപസമ്മേളനങ്ങൾ, ഘോഷയാത്രകൾ, നാടകീയമായ പുനരാഖ്യാനങ്ങൾ എന്നിവയിലൂടെ വർഷംതോറും ഷിയ വിഭാഗം ആഷൂറ ആചരിക്കുന്നു. അന്ന്‌ ആത്മപീഡനത്തിന്റെ ദിവസമാണ്. ചങ്ങലകൾ കൊണ്ടടിച്ചും ആയുധങ്ങൾകൊണ്ടും അവർ ശരീരത്തിൽ മുറിവുകളേൽപ്പിക്കുന്നു. ശവമഞ്ചത്തിന്റെ രൂപങ്ങൾ ചുമന്ന്‌ പ്രകടനങ്ങൾ നടത്തുന്നു. സുന്നി മുസ്ലിങ്ങൾ നോമ്പെടുത്തും ദാനധർമങ്ങൾ ചെയ്തും ഖുർആൻ പാരായണം ചെയ്തും ഈ ദിവസം ആചരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top