23 December Monday

പോർമുഖം ചുവപ്പിച്ച ശങ്കരയ്യ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവായിരുന്ന എൻ ശങ്കരയ്യ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌  ഇന്ന് ഒരു വർഷം തികയുന്നു. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വേരുപിടിപ്പിച്ച മുൻനിര നേതാക്കളിൽ ഒരാളാണ്‌ ശങ്കരയ്യ. ഉജ്വലമായ പോരാട്ടങ്ങളിലൂടെയാണ്‌ സഖാവ്‌ നേതൃനിരയിലേക്ക്‌ ഉയർന്നത്‌. 1964 ഏപ്രിലിൽ അവിഭക്‌ത കമ്യൂണിസ്റ്റ്‌ പാർടിയുടെ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു.

1922 ജൂലൈ 15നാണ്‌ ശങ്കരയ്യ ജനിച്ചത്‌. ചെറുപ്പംമുതൽതന്നെ സാധാരണ ജനതയുടെ പ്രശ്‌നങ്ങളിൽ സഖാവിന്റെ ശ്രദ്ധ പതിഞ്ഞു. മധുരയിലെ പ്രശസ്‌തമായ അമേരിക്കൻ കോളേജിൽ ഇന്റർമീഡിയറ്റിന്‌ പഠിക്കുമ്പോൾത്തന്നെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും പൊതുപ്രവർത്തനത്തിലും ആകൃഷ്‌ടനായി. മധുരയിൽ വിദ്യാർഥിയായിരിക്കുന്ന കാലത്ത്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. മദ്രാസ് സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിക്കുകയും ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്‌തു. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർടിയിലൂടെ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. 1940ൽ തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പാർടി യൂണിറ്റ്‌ രൂപീകരിച്ചപ്പോൾ ശങ്കരയ്യ പാർടി അംഗമായി.

1944ൽ കമ്യൂണിസ്റ്റ് പാർടിയുടെ മധുര ജില്ലാസെക്രട്ടറിയായി. 1954ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. തുടർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, തമിഴ്നാട് സംസ്ഥാന സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം, അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. ജനശക്തി വാരികയുടെയും സിപിഐ എം മുഖപത്രമായ തീക്കതിരിന്റെയും പത്രാധിപരായി. മൂന്നുവട്ടം തമിഴ്നാട് നിയമസഭാംഗമായിരുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനം താങ്ങും തണലുമാകണമെന്ന കാഴ്ചപ്പാടോടെ അവസാനനാളുകൾവരെ പ്രവർത്തിച്ച മാതൃകാ കമ്യൂണിസ്റ്റായിരുന്നു ശങ്കരയ്യ. ആ ഓർമകൾ എന്നും നമ്മെ മുന്നോട്ട്‌ നയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top