നീളൻവരാന്തയുള്ള ഓടുമേഞ്ഞ ഉയരം കുറഞ്ഞ കെട്ടിടങ്ങൾ. മൺകട്ടയിൽ ഉയർന്ന ചുവരിൽ കാലം നൽകിയ പരിക്കുകൾ. തല തട്ടാതെ വേണം ഉള്ളിലേക്ക് കയറാൻ. പച്ചമണ്ണിൽ പലക തല്ലുന്ന ശബ്ദം, കറങ്ങുന്ന ചക്രത്താളം. കന്യാകുമാരി ജില്ലയിൽ നാഗർകോവിലിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരെ ചുങ്കൻകടൈ എന്ന ഈ ഗ്രാമത്തിൽനിന്നാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ ഏറ്റവും കൂടുതൽ മൺപാത്രങ്ങൾ എത്തുന്നത്. കളിമണ്ണിൽ കൈവിരുതുകൊണ്ട് ഉപജീവനംതേടുന്ന മനുഷ്യരുടെ നാട്.
‘നീണ്ട നേരം വേലൈ പാക്കിറ മനിതൻ കൈയുക്ക് കഴൈപ്പ് ഏർപ്പെടും. റോബോ കൈ കഴൈക്കാത്’, നിലത്തിരിക്കുന്ന റേഡിയോയിൽ മനുഷ്യനും റോബോട്ടുകളും തമ്മിലുള്ള താരതമ്യ വിവരണം. എഫ്‌എം ചാനലിൽ കുട്ടികൾക്കുള്ള പരിപാടി. ഇതൊന്നും ശ്രദ്ധിക്കാതെ പലകയും കല്ലും ഉപയോഗിച്ച് കലത്തിന്റെ മൂട് തട്ടുകയാണ് അറുപത്തിയഞ്ചുകാരിയായ ശ്രീമതി. മുട്ടിന് വേദനയുള്ളതിനാൽ വാതിൽക്കൽ കാലുനീട്ടിയിരിപ്പാണ്. പന്ത്രണ്ടാം വയസ്സിൽ അമ്മ ലക്ഷ്‌മിയിൽനിന്നാണ് മണ്ണിനെ പാത്രമാക്കുന്ന ആദ്യപാഠങ്ങൾ പഠിച്ചത്. മണ്ണെടുക്കാനും കലംതല്ലാനും ചായം പൂശാനുമെല്ലാം പിന്നെ ഓരോ ഘട്ടങ്ങളായി പഠിച്ചു. സ്‌കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ശ്രീമതിക്ക് അടുത്തിടെ സാക്ഷരതാ പദ്ധതിയിൽ പേര് എഴുതാൻ പഠിച്ചതിന്റെ സന്തോഷം. കുഞ്ഞിലേ സ്‌കൂളിൽ ചേർത്തെങ്കിലും മാനസിക പ്രശ്‌നമുള്ള അച്ഛൻ ഒരു ദിവസം പുസ്‌തകങ്ങളെല്ലാം എടുത്ത് കത്തിച്ചു. പിന്നെ സ്‌കൂളിൽ പോയില്ല. കളിമണ്ണിലേക്ക് ജീവിതം പറിച്ചുനട്ടു. പതിനേഴാം വയസ്സിൽ മറ്റൊരു ഗ്രാമത്തിലേക്കാണ് കല്യാണം കഴിപ്പിച്ചയച്ചെതെങ്കിലും മൺപാത്രനിർമാണം ഉപേക്ഷിക്കാതെ ഇവിടെത്തന്നെ തുടർന്നു. രണ്ട് മക്കളെ വളർത്തിയത് ഈ ജോലി കൊണ്ടുതന്നെ. കുലാല സമുദായക്കാരായ ഇവരുടെ കുലത്തൊഴിലാണ് മൺപാത്രനിർമാണം. ഇവിടെയുള്ള എല്ലാവരും അടുത്ത ബന്ധുക്കളാണ്.
പിറന്തതിലിരുന്തേ ഇതില് താൻ
ചുങ്കൻകടൈയിൽ നിന്ന് ഒരു കിലോമീറ്റർ മാറി തിരുമലൈ നഗറിലാണ് എല്ലാവരും താമസം. വെട്ടം വീഴുമ്പോഴേ പുരുഷന്മാരെല്ലാം എത്തും. സ്‌ത്രീകൾ മിക്കവരും വീട്ടുജോലികൾ തീർത്ത് കുട്ടികളെയും സ്‌കൂളിൽ അയച്ചാകും വരിക. ഇവിടെയെത്തി ജോലികളിൽ സഹായിച്ചശേഷം സ്‌കൂളിൽ പോകുന്ന കുട്ടികളുമുണ്ട്. ഓരോ കുടുംബത്തിനും പ്രത്യേക ഇടമുണ്ട്. ഉച്ചഭഷണം ഉണ്ടാക്കുന്നതൊക്കെ ഇവിടെയാണ്. ആണുങ്ങളാണ് ചക്രം കറക്കി കളിമൺ പാത്രങ്ങൾ മെനയുന്നത്. ചുവട് ഭാഗം പലകയും പ്രത്യേക തരം കല്ലും ഉപയോഗിച്ച് തട്ടി രൂപപ്പെടുത്തുന്നതും ചെമ്മണ്ണിന്റെ നിറം നൽകുന്നതും സ്‌ത്രീകളാണ്. പാത്രങ്ങൾ വെയിലത്ത് ഉണക്കിയെടുക്കുന്നതും മണലരിക്കുന്നതും കൂടുതലായും സ്‌ത്രീകളാണ്. ചൂളയിൽ ചുട്ടെടുക്കുന്നത് പുരുഷന്മാർ. ഓരോ ഘട്ടവും സൂക്ഷ്‌മതയോടെ, ഓരോ അടരും അനായാസമായി നിമിഷനേരത്തിലാണ് പൂർത്തിയാകുന്നത്. ‘പിറന്തതിലിരുന്തേ ഇതില് താൻ. പഠിച്ചതും വളർന്തതും എല്ലാം ഇതിലേ’, മുപ്പത്തിയെട്ടുകാരനായ രാജേഷിന്റെ വാക്കുകളിൽ എല്ലാമുണ്ട്. ചെറുപ്പത്തിലേ കണ്ടുവളരുന്നത് ഈ തൊഴിലിടത്തിലെ കാഴ്‌ചകളാണ്. കാലമുരുളുന്നതനുസരിച്ച് ഇതായിത്തീരും അവരുടെ ലോകം. പാരമ്പര്യമായി കൈമാറിക്കിട്ടിയ തൊഴിൽ അടുത്ത തലമുറയിലേക്ക് പകരും. മറ്റു തൊഴിലുകൾ ചെയ്യുന്നവരും നിരവധിയുണ്ട്.
വെറുംമണ്ണ് പാത്രങ്ങളാകുന്നു
കളിമണ്ണ് ചക്രങ്ങളിൽ മെനഞ്ഞെടുക്കുന്നത് മുതൽ ചൂളയിൽ നിന്ന് കലങ്ങളും പാത്രങ്ങളുമായി പുറത്തു വരുന്നതുവരെ പരമ്പരാഗത രീതിതന്നെയാണ്. യന്ത്രസഹായം ഒന്നോ രണ്ടോ കാര്യങ്ങൾക്ക് മാത്രം. കളിമണ്ണ് ഉപയോഗിച്ചാണ് നിർമാണം. മണ്ണ് എടുക്കുന്നതിന് പെർമിറ്റ് ലഭിക്കാൻ വലിയ പ്രയാസമാണെന്ന് കുമാരസ്വാമി പറഞ്ഞു. ചുങ്കൻകടൈയിൽ തുടക്കം മുതൽ ഉള്ളയാളാണ് കുമാരസ്വാമി. അപൂർവം വയലുകളിലും കുളങ്ങളിലുമാണ് കളിമൺ നിക്ഷേപം ഉള്ളത്. പെർമിറ്റ് ലഭിച്ചാൽ ഒരു വർഷത്തേക്കുള്ള മണ്ണ് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സംഭരിക്കും. ഒരുലോഡ് മണ്ണ് എത്തിക്കുന്നതിന് 5000 രൂപയാണ് ചെലവ്. നിലവിൽ വിശ്വാസപുരത്തുനിന്നാണ് മണ്ണ് എടുക്കുന്നത്. മുമ്പ് തോവാളയിൽ നിന്നായിരുന്നു. ആവശ്യമായ കളിമണ്ണ് തലേന്ന് വെള്ളം നനച്ചിടും. ഇതും മണലും ചേർത്ത് ചവുട്ടി കുഴച്ചെടുക്കുന്നതാണ് ആദ്യഘട്ടം. ഉറപ്പ് കിട്ടാനാണ് മണൽ ചേർക്കുന്നത്. പ്രത്യേക യന്ത്രത്തിൽ ഇത് അരച്ചെടുക്കും. ഒന്നുകൂടി കുഴച്ചശേഷമാണ് ഉപയോഗിക്കുക. ചക്രത്തിൽ കറങ്ങുന്ന കളിമണ്ണിൽ ആദ്യം പാത്രത്തിന്റെ ഉള്ള് രൂപപ്പെടുത്തും. തുടർന്ന് വിരലുകളും കൈയും ഉപയോഗിച്ച് രൂപം നൽകും. വക്ക് ചെറിയ തുണി കൊണ്ട് മിനുസപ്പെടുത്തും. പിന്നെ ചുവടു തട്ടിയടച്ച്, ചെമ്മണ്ണ് നൽകി, വെയിലത്തുണക്കി ചൂളയിലേക്ക്.
എല്ലാം ‘തലൈവർ’
തമിഴ്‌നാട് ഖാദി ബോർഡിന്റെ സൊസൈറ്റിക്കു കീഴിലാണ് ചുങ്കൻകടൈയിലെ മൺപാത്ര ഗ്രാമം. തൊഴിലാളികൾ തലൈവർ എന്നു വിളിക്കുന്ന ഹരിഹരനാണ് നേതൃത്വം. പണിയെടുക്കുന്ന എല്ലാവരും ചേർന്നാണ് തലൈവരെ തെരഞ്ഞെടുക്കുന്നത്. തിങ്കൾ മുതൽ ശനി വരെയാണ് ഇവിടെ ജോലി. ഒരു കുടുംബം വർഷം 35,000 രൂപ സൊസൈറ്റി ഓഫീസിൽ അടയ്‌ക്കണം. അഞ്ചു തവണയായി കൊടുത്താൽ മതി. ജോലിക്ക് ആവശ്യമായ വെള്ളം, വൈദ്യുതി, വിറക് തുടങ്ങിയ ചെലവിനുള്ളതാണ് തുക. നിർമിക്കുന്ന പാത്രങ്ങൾ പുറമേയുള്ള കച്ചവടക്കാർക്ക് നേരിട്ട് വിൽക്കാം. ഇടനിലക്കാരില്ല. അന്നന്നത്തെ കാര്യം കഴിഞ്ഞ് പോകുമെന്നല്ലാതെ ഇപ്പോൾ വലിയ വരുമാനമില്ല. ‘നമുക്ക് ഇഷ്‌ടമുള്ളപ്പോൾ വരാം. അല്ലാത്തപ്പോൾ അവധി ആക്കാം. ആരോടും മറുപടി പറയണ്ട. ഈ പണി നമ്മളല്ലാതെ വേറാരും ചെയ്യില്ല. പാരമ്പര്യമായി ചെയ്യണതല്ലേ’, തെളിഞ്ഞ മലയാളത്തിൽ കുമാരസ്വാമി പറഞ്ഞു. ലോറിയിൽ പാത്രങ്ങളുമായി കേരളത്തിൽ എത്തി കുട്ടയിലാക്കി നടന്നു വിൽപ്പന നടത്തുന്നവരും ഉണ്ട്.
അതുക്കപ്പുറം ഇല്ല
‘ഒരു പത്ത് വർഷം അപ്പടിയേ പോകും, അതുക്കപ്പുറം ഇല്ല’, ചെറിയൊരു കലം നിർമിക്കുന്നതിനിടെ തുളസി പറഞ്ഞു. ‘ഈ പണി ചെയ്യാൻ ആളില്ല. പുതിയ ആളുകൾക്ക് ശെരിയാകില്ല’. പത്താം വയസ്സിൽ ജോലി തുടങ്ങിയതാണ് തുളസി. പഠിക്കാൻ പോയില്ല. തുടക്കത്തിൽ അറുപതിലധികം കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് പലരും മറ്റു ജോലികൾ തേടി. നിലവിൽ 35 കുടുംബങ്ങളുണ്ട്. തുളസിയുടെ ഭാര്യ കല. പതിനൊന്നിലും ഒൻപതിലും പഠിക്കുന്ന മദനും മദീസും ആണ് മക്കൾ. മക്കളിലൂടെ ഇവർ സ്വപ്നം കാണുന്നത് അടുത്ത തലമുറയുടെ മറ്റൊരു ജീവിതം. സ്റ്റീൽ പാത്രങ്ങളും അലുമിനിയം പാത്രങ്ങളുമെല്ലാം കടകളിൽ സുലഭമാണെങ്കിലും മൺപാത്രങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞിട്ടില്ലെന്ന് തുളസി പറഞ്ഞു. എല്ലാ ദിവസവും ജോലി ഉണ്ടാകും. മഴക്കാലത്ത് മാത്രമാണ് പ്രയാസം.
മറ്റു ജോലികൾക്ക് പോകുന്നവരും ഒഴിവുള്ളപ്പോൾ ഇവിടെ പണിക്ക് എത്തും. ചെറുപ്പത്തിലേതന്നെ പാത്രം അടുക്കാനും മണ്ണ് കുഴയ്‌ക്കാനുമെല്ലാം പഠിച്ചിട്ടുള്ളതിനാൽ അവധി ദിവസങ്ങളിൽ ഇവിടെ എത്താറുണ്ടെന്ന് സുജിത് പറഞ്ഞു. തിരുനെൽവേലിയിൽ ഹെൽത്ത് ഇൻസ്‌പെക്‌ടറായി ജോലി ചെയ്യുകയാണ് ഈ ഇരുപത്തിയെട്ടുകാരൻ. അച്ഛൻ ശ്രീകരനെയും അമ്മ അംബികയെയും സഹായിക്കാൻ എത്തിയതായിരുന്നു സുജിത്.
ചുങ്കൻകടൈയെ നിർമിച്ച മിഷനറി
ഐക്കാനം കുളത്തിന് തീരത്തുള്ള ഈ ഗ്രാമം ഒറ്റതിരിഞ്ഞു കിടക്കുകയായിരുന്നു. ചോർന്നൊലിക്കുന്ന പുല്ലു മേഞ്ഞ ഒറ്റമുറി വീടുകളുടെ പരാധീനതകളിൽ മൺപാത്രങ്ങൾ ഉണ്ടാക്കി വിറ്റിരുന്നവർ. 1950ൽ മിഷനറി പ്രവർത്തനങ്ങൾക്കായി തമിഴ്‌നാട്ടിൽ എത്തിയ ബെൽജിയം സ്വദേശി ഫാ. ജെയിംസ് ടോംബർ ആണ് ഇന്ന് കാണുന്ന ചുങ്കൻകടൈയുടെ ശിൽപ്പി. ബാബുജി എന്നായിരുന്നു ആളുകൾ വിളിച്ചിരുന്നത്. 1975ലാണ് അദ്ദേഹം ചുങ്കൻകടൈയിൽ എത്തിയത്. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞ ഫാ. ടോംബർ മൺപാത്ര ജോലി ചെയ്യുന്ന ഓരോ കുടുംബത്തിനും തിരുമലൈയിൽ നാലു സെന്റ് ഭൂമി വീതം വാങ്ങി അതിൽ വീട് നിർമിച്ചു നൽകി. ആദ്യം വീടിനോട് ചേർന്ന് തന്നെയായിരുന്നു മൺപാത്രങ്ങൾ ഉണ്ടാക്കിയത്. സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ 1982ൽ ഫാ. ടോംബർ ചുങ്കൻകടൈയിൽ രണ്ടേക്കറോളം സ്ഥലം വാങ്ങി. ഇന്നു കാണുന്ന കെട്ടിടങ്ങളും മൺപാത്രനിർമാണത്തിന് വേണ്ട സാമഗ്രികളുമെല്ലാം സ്ഥാപിച്ചു.
പോട്ടേഴ്‌സ് കോ ഓപറേറ്റീവ് സൊസൈറ്റി എന്ന പേരിൽ സൊസൈറ്റി സ്ഥാപിച്ചാണ് സ്ഥലം രജിസ്റ്റർ ചെയ്‌തത്. അതിനാൽ ആരുടെയും പേരിൽ ഉടമസ്ഥാവകാശം ഇല്ല. എത്രകാലം വേണെമെങ്കിലും ഇവർക്കും ഇവരുടെ തലമുറകൾക്കും ഇവിടെ ജോലിചെയ്യാം. മറ്റെന്തെങ്കിലും സംരംഭങ്ങൾ തുടങ്ങാനോ വേറെ ആർക്കെങ്കിലും കൈമാറാനോ കഴിയില്ല.
വിദേശിയായതിനാൽ ഫാ. ജെയിംസ് ടോംബറിനോട് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തമിഴ്‌നാട് സർക്കാർ നിർദേശിച്ചു. എന്നാൽ അദ്ദേഹത്തെ അയക്കാൻ തൊഴിലാളികൾ തയ്യാറായില്ല. ഈ മണ്ണിൽ തന്നെ മരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും. 2002 ഒക്‌ടോബർ 10ന് കോട്ടൂരിൽ വച്ചായിരുന്നു മരണം. ആഗ്രഹപ്രകാരം ചുങ്കൻകടൈയിലെ തിരുമലൈ ആശ്രമത്തിലാണ് ഫാ. ടോംബറിനെ സംസ്കരിച്ചത്. എല്ലാ വർഷവും ഒക്‌ടോബർ 10ന് ഇവർ അനുസ്‌മരണ ദിനം ആചരിക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്നാരും ജോലിക്കിറങ്ങില്ല. ചുങ്കൻകടൈയിൽ ഈ മിഷനറിയുടെ ഓർമയ്‌ക്കായി ഒരു സ്‌മാരകമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..